കാശത്തോളം സ്വപ്‌നം കാണണം, അതിന് മേലേ പറക്കാൻ ശ്രമിക്കണം. ജെ.ആർ.ഡി ടാറ്റയുടെ കാര്യത്തിൽ അത് ശരിയായിരുന്നു. 15ാം വയസ്സിൽ കുഞ്ഞു ടാറ്റ കണ്ട ആ വലിയ സ്വപ്‌നമാണ് ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ എയർ ഇന്ത്യയായി പിന്നീട് പരിണമിച്ചത്. ആ എയർ ഇന്ത്യയുടെ ചിറകിലേറിയാണ് നമ്മൾ ഇന്ത്യക്കാർ ലോകം കണ്ടത്. 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് വടക്കൻ ഫ്രാൻസിലെ ബൊളോയിനിലുള്ള ഒരു ബീച്ച് റിസോർട്ടിൽ അവധി ആഘോഷിക്കാൻ പോയ രണ്ട് കുട്ടികൾ ഒരു ചെറു വിമാനത്തിൽ ഉല്ലാസയാത്ര നടത്തുന്നു. അതിലൊരാൾ ആദ്യമായി ഇംഗ്ലീഷ് ചാനലിന് കുറുകെ വിമാനം പറത്തിയ ലൂയിസ് ബ്ലേറിയറ്റിന്റെ മകൻ, രണ്ടാമൻ ഇന്ത്യയിലെ മുൻനിര വ്യവസായി ആർ.ഡി ടാറ്റയുടെ മകൻ ജഹാംഗീർ. 15ാമത്തെ വയസ്സിൽ നടത്തിയ ആ ആകാശയാത്രക്ക് ശേഷം ജഹാംഗീർ ഒരു തീരുമാനമെടുത്തിരുന്നു. ഭാവിയിൽ ഒരു പൈലറ്റാവണം, അതൊരു കരിയറായി തിരഞ്ഞെടുക്കണം. ഒമ്പതു വർഷം കടന്നു പോയി.. 24ാമത്തെ വയസ്സിൽ, മുംബൈ ഫ്‌ളൈയിംഗ് ക്ലബ്ബിൽ നിന്ന് രാജ്യത്തെ ഒന്നാമനായി  ജഹാംഗീർ പൈലറ്റ് ലൈസൻസ് നേടി പുറത്തിറങ്ങി. ആ ജഹാംഗീർ രത്തൻജി ദാദാബോയ് ടാറ്റയാണ് ഇന്ത്യയിൽ ആദ്യത്തെ വിമാനക്കമ്പനി തുടങ്ങിയ ജെ.ആർ.ഡി ടാറ്റ. ആ ടാറ്റാ എയർ സർവീസസാണ് പിന്നീട് എയർ ഇന്ത്യയായത്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം സർക്കാർ ഏറ്റെടുത്ത ആ വിമാനക്കമ്പനിയാണ് പലപേരുകളും പല രൂപങ്ങളും കടന്ന് ഒടുവിൽ ടാറ്റയിലേക്ക് തന്നെ തിരികെയെത്തിയിരിക്കുന്നത്. 

Air India
Air India Flight | Courtesy - Airindia official FB Page

രാജ്യത്ത് മാത്രമല്ല, ലോകത്തിനാകെ മാതൃകയാവാൻ എയർ ഇന്ത്യക്ക് കഴിഞ്ഞെങ്കിൽ, അശോക ചക്രമുള്ള ആ ലോഗോയും 'മഹാരാജ'യും ഇന്ത്യക്കാരന്റെ സ്വകാര്യ അഹങ്കാരമായെങ്കിൽ, നമ്മൾ ഇന്ത്യക്കാർ അത്രയേറെ കടപ്പെട്ടിരിക്കുന്നത് ജെ.ആർ.ഡി ടാറ്റയോടാണ്. 90- നോടടുക്കുന്ന ഇന്ത്യൻ വ്യോമയാന ചരിത്രം ചില നന്ദികേടിന്റെ കഥകൾ കൂടെ നമ്മളോട് പറയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് എയർ ഇന്ത്യ ടാറ്റയിലേക്ക് തിരിച്ചുപോകുമ്പോൾ ചരിത്രത്തിലെ മറ്റൊരു കാവ്യനീതിയായി ലോകം അതിനെ നോക്കിക്കാണുന്നത്. 

ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്ത്യൻ വിമാനക്കമ്പനി

Maharaja

ഇന്ത്യയിലെ ഒന്നാം തരം വ്യവസായ കുടുംബത്തിൽ നിന്നുള്ളയാൾ എന്നത് വിമാനക്കമ്പനി തുടങ്ങാനുള്ള നീക്കത്തിൽ ജെആർഡി ടാറ്റക്ക് അത്ര അനുകൂലമായിരുന്നില്ല. ടാറ്റാ സൺസിന്റെ അന്നത്തെ ചെയർമാനായിരുന്ന ദൊറാബ് ടാറ്റക്ക് അതിനോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും അന്നത്തെ രണ്ടുലക്ഷം രൂപ എന്ന ഇൻവെസ്റ്റ്‌മെന്റിൽ ടാറ്റ വിമാനക്കമ്പനിയുമായി മുന്നോട്ട് പോയി. 

ബ്രിട്ടീഷ് കമേഴ്ഷ്യൽ വിമാന കമ്പനിയായ ഇംപീരിയൽ എയർവേയ്‌സിനും ടാറ്റ സൺസിന്റെ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റിനും വേണ്ടി വ്യോമ മെയിലുകൾ എത്തിക്കാനുള്ള കരാർ 1932 ൽ ഏപ്രിലിൽ ടാറ്റ എയർസർവീസ് സ്വന്തമാക്കി. ബ്രിട്ടന്റെ മൂന്ന് സീറ്റുകളുള്ള ഒറ്റ എൻജിൻ വിമാനമായ ഡി ഹവില്ലാന്റ് പസ് മോത്തിലാണ് മെയിലുകൾ കൊണ്ടുപോവാൻ തിരഞ്ഞെടുത്തത്. അങ്ങനെ 1932 ഒക്ടോബർ 15 ന് കറാച്ചിയിൽ നിന്ന് ബോംബെയിലേക്ക് 25 കിലോഗ്രാം ലോഡുമായി ടാറ്റ എയർ സർവീസസ് തങ്ങളുടെ ആദ്യ ഔദ്യോഗിക സർവീസ് നടത്തി. 

വിമാനം പറത്തിയത് ജെആർഡി ടാറ്റയായിരുന്നു. ഒപ്പമുണ്ടായിരുന്നത് മുൻ റോയൽ എയർഫോഴ്‌സ് പൈലറ്റായിരുന്ന നെവിൽ വിൻസെന്റ്. ജുഹു ബീച്ചിലെ മണ്ണിട്ട ചെറിയ എയർസ്ട്രിപ്പിൽ വിമാനം നിലം തൊട്ടപ്പോൾ ഇന്ത്യൻ വ്യോമയാന ചരിത്രം തുടങ്ങുകയായിരുന്നു. അങ്ങനെ രാജ്യത്ത് ആദ്യമായി കാറോടിച്ച വനിത സൂസൻ ബ്രിയറിന്റെ മകൻ ആദ്യമായി വിമാനം പറത്തിയ ആളായി. 

JRD
ടാറ്റയുടെ ആദ്യ വിമാനയാത്ര

പക്ഷേ ചരിത്രപുരുഷനാവാനുള്ള ആ അവസരം ടാറ്റ വേണ്ടെന്നുവെച്ചു.. ആദ്യ വിമാനം പറത്തിയതിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹം നെവിൻ വിൻസന്റിന് നൽകി. കാരണം രണ്ടു വർഷം മുമ്പ് ഇന്ത്യയിൽ വിമാന കമ്പനി തുടങ്ങണമെന്ന ലക്ഷ്യവുമായി ഇന്ത്യയിലെത്തിയ അദ്ദേഹത്തിന് ടാറ്റയുടെ ഈ സംരംഭത്തിന് പിന്തുണ നൽകുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. 

പിന്നീട് നമ്മൾ കണ്ടത് ടാറ്റയ്‌ക്കൊപ്പം ഇന്ത്യൻ വ്യോമയാന മേഖലയും അതിരുകളില്ലാത്ത ആകാശത്ത് ചിറകുവിരിക്കുന്നതാണ്.   
ഒരൊറ്റ വർഷം കൊണ്ട് ടാറ്റ എയർസർവീസസ് രണ്ടു ലക്ഷത്തി അറുപതിനായിരം കിലോമീറ്റർ താണ്ടി. പ്രധാന ജോലി ബ്രിട്ടീഷ് ഇംപീരിയൽ എയർവേയ്‌സ് അന്നത്തെ ഇന്ത്യയുടെ ഭാഗമായ കറാച്ചിയിലെത്തിക്കുന്ന മെയിലുകൾ ചെന്നൈയും മുംബൈയും അടക്കമുള്ള പ്രധാന പട്ടണങ്ങളിലെത്തിക്കുകയായിരുന്നു. പിന്നാലെ യാത്രാസേവനങ്ങളും ആരംഭിച്ചു. ആദ്യ വർഷത്തിൽ 60,000 രൂപയായിരുന്നു ലാഭം. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ആദ്യത്തെ ആഭ്യന്തര വിമാന സർവീസ്. 1938ലായിരുന്നു മൈൽസ് മെർലിൻ സിക്‌സ് സീറ്റർ വിമാനത്തിന്റ കന്നിയാത്ര.

JRD tata clse up
JRDTATA

അധികം വൈകാതെ ടാറ്റ എയർസർവീസ് ടാറ്റ എയർലൈൻസ് എന്ന് പേരുമാറ്റി. 1940 ഓടുകൂടി ടാറ്റ എയർലൈൻസ് വ്യോമയാന മേഖലയിൽ ചുവടുറപ്പിച്ചു. രണ്ടാം ലോക മഹായുദ്ധ ശേഷം വിമാന സർവീസുകൾ പഴയപടിയായിത്തുടങ്ങിയപ്പോൾ ടാറ്റ എയർവെയ്‌സ് പുതിയ ഒരു ചുവടുകൂടെ വെച്ചു. 

1946 ജൂലായ് 29നാണ് ടാറ്റാ എയർലൈൻസ് പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യുന്നത്. അതിന്റെ പേര് എയർ ഇന്ത്യ എന്നായിരുന്നു. അങ്ങനെ ടാറ്റ എയർലൈൻസ് എയർ ഇന്ത്യ എന്നറിയപ്പെട്ടു തുടങ്ങി. ചരിത്രത്തിലെ എയർ ഇന്ത്യയുടെ ജനനം അവിടെയായിരുന്നു. 

സ്വതന്ത്ര ഇന്ത്യ, എയർ ഇന്ത്യ

ജെആർഡി ടാറ്റ എന്ന മനുഷ്യന്റെ ദീർഘ വീക്ഷണത്തിനൊപ്പം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ സഞ്ചരിച്ചില്ല പിന്നീട്. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാകുമ്പോൾ, ഒരു സർക്കാരുണ്ടാകുമ്പോൾ അതിനൊപ്പം സഞ്ചരിക്കണമെന്ന ജനാധിപത്യ മര്യാദ പക്ഷേ ടാറ്റയും കാണിച്ചു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1948 ൽ എയർ ഇന്ത്യയുടെ 49 ശതമാനം ഓഹരി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. അതോടെ എയർ ഇന്ത്യ രാജ്യത്തിന്റെ ദേശീയ വിമാന സർവീസ് എന്ന പദവിയിലേക്കെത്തിച്ചേർന്നു. പിന്നീട് ഇങ്ങോട്ട് എയർ ഇന്ത്യ വളർച്ചയുടെ പാതയിലായിരുന്നു. 

1948 ജൂൺ എട്ടിന് എയർ ഇന്ത്യയുടെ മലബാർ പ്രിൻസസ് എന്നു പേരിട്ട 'ലോക്കീഡ് കോൺസ്റ്റലേഷൻ' വിമാനം  മുംബയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്നു. അതായിരുന്നു എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര സർവീസ്. പിന്നീടുള്ള രണ്ടുവർഷങ്ങൾക്കുള്ളിൽ കെനിയയിലെ നെയ്‌റോബി മുതൽ റോമും പാരീസും അടക്കമുള്ള ലോകത്തിലെ പല നഗരങ്ങളിലേക്കും എയർ ഇന്ത്യ വിമാനങ്ങൾ പറന്നു. 

നെഹ്‌റുവും ടാറ്റയും

ഇന്ത്യ ജവഹർലാൽ നെഹറുവിന്റെ നേതൃത്വത്തിൽ ജൈത്രയാത്ര തുടങ്ങിയ കാലം. നയങ്ങളും പദ്ധതികളും പുതിയതായി. പ്രധാന മേഖലകൾ ദേശസാൽക്കരിക്കണമെന്ന ആവശ്യം നടപ്പായിത്തുടങ്ങി. പക്ഷേ ജെ.ആർ.ഡി ടാറ്റയുടെ പദ്ധതികൾക്ക് അത് തിരിച്ചടിയായി തീർന്നു. 1953 ൽ എയർ കോർപ്പറേഷൻ ആക്ട് നടപ്പാക്കി എയർ ഇന്ത്യയിൽ നിന്നും ടാറ്റ സൺസിൽ നിന്നും ഭൂരിഭാഗം ഓഹരികളും സർക്കാർ ഏറ്റെടുത്തു. എന്നാൽ ദേശസാൽക്കരണത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്ന ജെആർഡി ടാറ്റയോട് ഈ കാര്യം വേണ്ടവിധം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നില്ല. അതിലുള്ള നീരസം അദ്ദേഹം പിന്നീട് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

PIB
ജവഹർലാൽ നെഹറുവും ജെആർഡി ടാറ്റയും | Pic Courtesy : PIB

തന്റെ ഉറ്റ ചങ്ങാതി നെഹ്‌റു തന്നെ പിന്നിൽ നിന്ന് കുത്തി എന്നായിരുന്നു പെട്ടെന്നുള്ള തീരുമാനത്തെ കുറിച്ച് ജെ.ആർ.ഡി ടാറ്റ തന്റെ ഡയറിയിൽ കുറിച്ചതെന്ന് ആർ.എം.ലാലയുടെ 'ബിയോണ്ട് ദ് ലാസ്റ്റ് ബ്ലൂ മൗണ്ടെയ്ൻ' എ ലൈഫ് ഓഫ് ജെ.ആർ.ഡി ടാറ്റ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. നെഹ്‌റുവും ടാറ്റയും തമ്മിലുള്ള പല പിണക്കങ്ങൾക്കും ഇത് വഴിവച്ചു എന്ന് പലരും പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. 

ഇന്ത്യൻ വ്യോമയാനമേഖലയ്ക്ക് ടാറ്റ നൽകിയ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ട് ദേശസാൽക്കരണത്തിന് മുന്നോടിയായി നെഹ്‌റു ജെ.ആർ.ഡി ടാറ്റയ്ക്ക് ഒരു കത്തെഴുതിയിരുന്നു. തങ്ങളോട് ആലോചിക്കാതെ സർക്കാർ എടുത്ത തീരുമാനത്തിൽ കടുത്ത നിരാശ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ടാറ്റ മറുപടി നൽകിയത്. വ്യോമയാന മേഖലയിൽ പ്രവർത്തിച്ച് പരിചയമില്ലാത്ത ഇന്ത്യൻ സർക്കാരിന് ഫലപ്രദമായ വ്യോമ ഗതാഗത സംവിധാനം ഉറപ്പുവരുത്താൻ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നിട്ടും ജെആർഡി ടാറ്റ  കമ്പനിയുടെ ചെയർമാനായി തുടരണമെന്ന നെഹറു സർക്കാരിന്റെ  ആവശ്യത്തെ അദ്ദേഹം തള്ളിക്കളഞ്ഞില്ല. 

പിന്നീട് 1978 വരെ എയർ ഇന്ത്യയുടെ ചെയർമാനായി ജെ.ആർ.ഡി ടാറ്റ തുടർന്നു. ഈ കാലഘട്ടത്തിലാണ് എയർ ഇന്ത്യ ലോകപ്രശസ്തിയിലേക്ക് ഉയരുന്നത്. നല്ല ഉപഭോക്തൃ സേവനവും സാങ്കേതിക വിദ്യയിലെ മുന്നേറ്റവും അനുകൂലഘടകങ്ങളായിരുന്നു. അതിനിടെ എയർ ഇന്ത്യ ഇന്റർനാഷണൽ എന്ന് കമ്പനിയുടെ പേര് മാറ്റിയിരുന്നു. എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകളും, അതിന് കീഴിൽ ഇന്ത്യൻ എയർലൈൻസ് എന്നൊരു ഉപസ്ഥാപനം രൂപീകരിച്ച് ആഭ്യന്തര സർവീസുകളും കൈകാര്യം ചെയ്തു തുടങ്ങി. യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതു മാത്രമല്ല, മികച്ച വിമാനങ്ങളും എയർ ഇന്ത്യയുടെ ചിഹ്നമേന്തി ആകാശത്ത് പറന്നു. 

ജെറ്റ് സാങ്കേതിക വിദ്യയിലേക്ക് കടന്ന ആദ്യ ഏഷ്യൻ വിമാനക്കമ്പനി എയർ ഇന്ത്യയായിരുന്നു. 1960 ഫെബ്രുവരിയിലായിരുന്നു എയർ ഇന്ത്യയിലേക്ക് ആദ്യ ബോയിങ് 707 വിമാനം എത്തിയത്. തൊട്ടടുത്ത മെയ്മാസം എയർ ഇന്ത്യയുടെ ന്യൂയോർക്ക് ഫ്‌ളൈറ്റ് സർവീസ് ആരംഭിച്ചു... രണ്ടു വർഷത്തിനുള്ളിൽ എയർ ഇന്ത്യ ലോകത്തിലെ ആദ്യത്തെ ജെറ്റ് വിമാനങ്ങൾ മാത്രമുപയോഗിക്കുന്ന വിമാനക്കമ്പനി എന്ന ബഹുമതി സ്വന്തമാക്കി. പിന്നീട് ബോയിങ്ങുകളുടെ വിവിധ മോഡലുകളും എയർബസുമൊക്കെ എയർ ഇന്ത്യയുടേതായി. 

ഒരു നന്ദികേടിന്റെ കഥ 

1978 ലെ പുതുവത്സര ദിനം,
ഇന്ത്യക്കാർ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. മുംബൈ ബാന്ദ്ര തീരത്തു നിന്നും മൂന്നു കിലോമീറ്റർ അകലെ, കടലിൽ എയർ ഇന്ത്യയുടെ സ്വന്തം ബോയിങ് 747 ഫ്ളൈറ്റ് തകർന്നു വീണിരിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 213 പേരും കൊല്ലപ്പെട്ടു. മുംബൈയിലെ സാന്താക്രൂസ് വിമാനത്താവളം,  ഇന്നത്തെ ഛത്രപതി ശിവജി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്കുള്ള AI 855 എന്ന വിമാനം പറന്നുയർന്ന ഉടനായിരുന്നു ആ അപകടം. 

JRD Tata
ജെആർഡി ടാറ്റ എയർ ഇന്ത്യ ജീവനക്കാർക്കൊപ്പം

എയർ ഇന്ത്യ വിമാനങ്ങളുടെ വലിയ ദുരന്തങ്ങളിലൊന്ന് എന്ന തരത്തിൽ മാത്രമല്ല ആ സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ തലയെടുപ്പുള്ള ഒരു മനുഷ്യനോട് രാജ്യം കാണിച്ച നന്ദികേട് എന്ന നിലയിൽ കൂടിയാണ്. 

ആ വിമാന അപകടം പൈലറ്റിന്റെ പിഴവുകൊണ്ടായിരുന്നു എന്നാണ് പിന്നീടു നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത്. ആ വിവരം പുറത്തുവന്ന് വൈകാതെ തന്നെ മൊറാർജി ദേശായി സർക്കാർ നടപടിയെടുത്തു. എയർ ഇന്ത്യയുടെ ചെയർമാൻസ്ഥാനത്തു നിന്നും ജെആർഡി ടാറ്റയെ പുറത്താക്കി. 

ആ ദുരന്ത വാർത്ത മാധ്യമങ്ങളറിയുമ്പോൾ അദ്ദേഹം ജംഷഡ്പുരിലായിരുന്നു. ഇതേക്കുറിച്ച് എന്തു തോന്നുന്നു എന്ന് ചോദിച്ച സുഹൃത്തിനോട് ടാറ്റ പറഞ്ഞ മറുപടി പിന്നീട് പലരും ഓർത്തെടുക്കുന്നുണ്ട്. നിങ്ങളുടെ ഇഷ്ടപ്പെട്ട കുഞ്ഞിനെ നിങ്ങളുടെ കൈയിൽ നിന്നും തട്ടിയെടുക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്ന ആ വികാരമാണ് ഇപ്പോൾ എനിക്കും എന്നായിരുന്നു ആ മറുപടി. 

ആ വലിയ ദുരന്തത്തിന് ഉത്തരവാദിയായി കണ്ട്, ചെയർമാനെ പുറത്താക്കിയത് അത്ര വലിയ കുറ്റമൊന്നുമല്ല എന്ന് വാദിക്കുന്നവരുണ്ടാവാം. അവർക്ക് മറുപടിയായി ആ വാർത്തക്ക് ലണ്ടനിൽ നിന്ന് പുറത്തിറങ്ങിയ ഡെയ്​ലി ടെലഗ്രാഫിന്റെ തലക്കെട്ട് തന്നെ ധാരാളം മതിയാകും. 'Unpaid Air India Chief Is Sacked by Desai'

കാൽ നൂറ്റാണ്ടോളം നയാപൈസ പ്രതിഫലം വാങ്ങാതെ കമ്പനിയുടെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു ജെ.ആർ.ഡി ടാറ്റ. 

ഡെആർഡി ടാറ്റ അന്ന് പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ   കൈയിൽ വളർന്ന കുഞ്ഞ് തന്നെയായിരുന്നു എയർ ഇന്ത്യ.  ലാഭം മാത്രം ആഗ്രഹിക്കുന്ന വെറുമൊരു വ്യവസായിയുടെ മനസ്സായിരുന്നില്ല ജെ.ആർ.ഡി ടാറ്റയ്ക്ക്. യാത്രക്കാരുടെ കപ്പുകളിൽ ചായ പാകർന്നൊഴിക്കുന്നതു മുതൽ എയർഹോസ്റ്റസിന്റെ ഹെയർ സ്‌റ്റൈലിൽ വരെ അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. വിമാനത്തിനകത്ത് വൃത്തിഹീനമായി കിടക്കുന്ന ഏതെങ്കിലും കണ്ടാൽ അത് സ്വയം വൃത്തിയാക്കിക്കൊണ്ട് അദ്ദേഹം തൊഴിലാളികളെ അമ്പരപ്പിച്ചു. ഒരിക്കൽ തന്റെ ഷർട്ടിന്റെ കൈ തെറുത്തുകയറ്റി ക്യാബിൻ ക്രൂവിനൊപ്പം ടോയ്‌ലെറ്റ് വൃത്തിയാക്കാൻ വരെ ടാറ്റ തയ്യാറായി. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തു നിന്നും പുറത്താക്കിയപ്പോൾ അത്രയേറെ ചെറുത്തുനിൽപ്പുകളും രാജിയുമൊക്കെയുണ്ടായത്.

അതറിയാവുന്നതുകൊണ്ടാണ് 1980ൽ ഇന്ധിരാഗാന്ധി അധികാരത്തിൽ മടങ്ങിയെത്തിയപ്പോൾ ടാറ്റയെ വീണ്ടും എയർ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവത്. അത് ചെയർമാൻ സ്ഥാനത്തേക്കായിരുന്നില്ല എന്നുമാത്രം. 1986 വരെ എയർ ഇന്ത്യയുടെ ബോർഡ് അംഗമായി അദ്ദേഹം തുടർന്നു. ആ വർഷം പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു തീരുമാനമെടുത്തു. എയർ ഇന്ത്യയുടെ അമരക്കാരനായി ടാറ്റ സൺസിലെ പിന്മുറക്കാരൻ രത്തൻ ടാറ്റയെ രാജിവ് നിയമിച്ചു. 

നഷ്ടക്കണക്കുകളുടെ നവലിബറൽ കാലം

ബോയിങ്ങും, എയർബസുമടക്കം ലോകോത്തര നിലവാരത്തിലുള്ള വിമാനങ്ങൾ, ലോകത്തെ നമ്പർ വൺ നഗരങ്ങളിലേക്ക് നോൺ സ്‌റ്റോപ്പ് സർവീസുകൾ, രാജ്യമെങ്ങും ബഹുനില കെട്ടിടങ്ങൾ, ഓഫീസുകൾ... എയർ ഇന്ത്യ എന്ന വലിയ വിമാനക്കമ്പനിക്ക് മേൽ കരിനിഴൽ വീണു തുടങ്ങിയത് സ്വകാര്യ മേഖലയ്ക്കു വേണ്ടി ഇന്ത്യൻ വ്യോമയാന രംഗം തുറന്നു കൊടുത്തതോടെയാണ്. ചുരുങ്ങിയ നിരക്കിൽ നിരവധി സ്വകാര്യ കമ്പനികൾക്ക് സർവീസ് തുടങ്ങാൻ അവസരമൊരുങ്ങിയതു മാത്രമല്ല, എമിറേറ്റ്‌സും, ഖത്തർ എയർ വേയ്‌സും അടക്കം വിദേശ കമ്പനികൾക്ക് ഇന്ത്യ നഗരങ്ങളിൽ നിന്ന് ഇഷ്ടം പോലെ സർവീസുകൾ നടത്താമെന്നായതും വലിയ തിരിച്ചടിയായിരുന്നു. 

2007 മുതലാണ് നഷ്ടത്തിലേക്കു കൂപ്പുകുത്താൻ തുടങ്ങിയത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ ശരിയാണെങ്കിൽ, വരുമാനത്തിലെ ഇടിവും നിഷ്‌ക്രിയ ആസ്തികൾ പെരുകിയതും മാനേജ്‌മെന്റിലെ പാളിച്ചയും അന്താരാഷ്ട്ര സർവീസുകൾ നഷ്ടത്തിലായതും ജീവനക്കാരെ വേണ്ടവിധം ഉപയോഗിക്കാത്തതുമൊക്കെയാണ് കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചത്. അതിനിടെ എയർ ഇന്ത്യ എക്‌സ്പ്രസ് എന്നൊരു ഉപവിഭാഗം രൂപീകരിച്ച് വിദേശ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഒരു ബജറ്റ് എയർവേയ്‌സ് രൂപീകരിച്ചെങ്കിലും ഉദ്ദേശിച്ച ഫലമൊന്നും കണ്ടില്ല.

air india express

മോദി സർക്കാർ സ്വകാര്യവൽക്കരണവുമായി വീണ്ടും രംഗത്തെത്തിയപ്പോൾ,  60,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടം. അതിന് മുമ്പ് സർക്കാരുകൾ പുനരുജ്ജീവന പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും എയർ ഇന്ത്യയെ നഷ്ടക്കുഴിയിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞിരുന്നില്ല.  2000 ൽ എയർ ഇന്ത്യയുടെ 60 ശതമാനവും ഇന്ത്യൻ എയർലൈൻസിന്റെ 51 ശതമാനവും ഓഹരികൾ വിൽക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. കടുത്ത ചെറുത്തുനിൽപ്പായിരുന്നു അന്ന് കണ്ടത്. 

2007ൽ ഇന്ത്യൻ എയർലൈൻസിനെ എയർ ഇന്ത്യയിൽ ലയിപ്പിച്ചു. 2012 ലാണ് സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിച്ച സർക്കാർ 30,000 കോടി രൂപയുടെ 10 വർഷത്തെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്.  2017ൽ വീണ്ടും സ്വകാര്യവൽക്കരണത്തിനു തീരുമാനിച്ചു. 76% ഓഹരി വിൽക്കാൻ 2018 ൽ താൽപര്യപത്രം ക്ഷണിച്ചെങ്കിലും ആരും വാങ്ങാൻ തയാറായില്ല. വില്പന പലതവണ അനിശ്ചിതത്വത്തിലായി. പിന്നീടും പലതവണ തീയതി നീട്ടേണ്ടിവന്നു. 

അവസാനം നടന്ന ലേലത്തിൽ രണ്ട് പേർ തമ്മിലായിരുന്നു പ്രധാന മത്സരം. ടാറ്റ സൺസും സ്‌പൈസ് ജെറ്റ് നേതൃത്വം നൽകുന്ന കർസോഷ്യവും തമ്മിൽ. ഒടുവിൽ സർക്കാർ ലേലത്തിൽ ടാറ്റ സൺസ് തന്നെ വിജയിച്ചു. സ്‌പൈസ് ജെറ്റിനേക്കാൾ ഉയർന്ന തുക ക്വോട്ട് ചെയ്താണ് ടാറ്റ വീണ്ടും എയർ ഇന്ത്യയെ കൈപ്പിടിയിലൊതുക്കിയത്.

നിലവിൽ സിംഗപ്പൂർ എയർലൈൻസും ടാറ്റ സൺസും ചേർന്ന് നടത്തുന്ന വിസ്താര വിമാനക്കമ്പനി വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. അതിനിടെയാണ് എയർ ഇന്ത്യയും ടാറ്റയുടെ കൈകളിൽ തിരിച്ചെത്തുന്നത്. 68 വർഷങ്ങൾക്കുശേഷം എയർ ഇന്ത്യ വീണ്ടും പിറന്ന വീട്ടിലേക്ക് തിരികെയെത്തുകയാണ്. ലോകം ഉറ്റു നോക്കുന്നത് ആ തിരിച്ചുവരവാണ്.

Content Highlights: Air India Returns, Tata Sons wins the bid for acquiring Indian national carrier Air India