ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെ മാറ്റി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്യിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചടിയാണ്. തന്നെ വധിക്കാൻ ഇന്ത്യൻ രഹസ്യപോലീസ് ശ്രമിക്കുന്നുവെന്ന് സിരിസേന ആരോപിച്ചതിന് രണ്ടു ദിവസത്തിനുശേഷമാണ് പ്രധാനമന്ത്രിയെ മാറ്റിയത്. ഇന്ത്യ സന്ദർശിച്ചതിനുശേഷം റനിൽ തിരിച്ചു കൊളംേബായിൽ എത്തിയതും ഈയിടെയാണ്. ഇന്ത്യയോട് ഏറ്റവുമധികം സൗഹൃദം പുലർത്തിയിരുന്ന ശ്രീലങ്കൻ നേതാവാണ് റനിൽ. സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം പാർട്ടിയും റനിലിന്റെ യുണൈറ്റഡ് നാഷണൽ പാർട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനുശേഷമാണ് രാജപക്‌സെയെ സിരിസേന പ്രധാനമന്ത്രിയാക്കിയത്.

ഭരണഘടനാപ്രതിസന്ധി

സിരിസേനയുടെ തീരുമാനം ശ്രീലങ്കയിൽ ഒരു ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. രാജപക്‌സെയ്ക്കും സിരിസേനയ്ക്കും കൂടി 95 സീറ്റുകൾ മാത്രമുള്ളപ്പോൾ റനിലിന് 106 സീറ്റുകൾ പാർലമെന്റിൽ ഉണ്ടെന്നതിനാൽ പുതിയ പ്രധാനമന്ത്രിയുടെ നിയമനം നിയമവിരുദ്ധമായി തീർന്നിരിക്കുകയാണ്. താൻ ഇപ്പോഴും പ്രധാനമന്ത്രിയാണെന്ന് റനിൽ പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. ഭരണഘടനയുടെ ഭൂരിപക്ഷമില്ലാത്ത ഒരുവ്യക്തിയെ പ്രധാനമന്ത്രിയാക്കുന്നത് തികച്ചും നിയമവിരുദ്ധമാണ് എന്ന് അദ്ദേഹം വാദിക്കുന്നു. ഫെബ്രുവരിയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്‌സെ വലിയ വിജയം നേടിയതോടെയാണ് ശ്രീലങ്കയിൽ അരക്ഷിതാവസ്ഥ ഉണ്ടാകാൻ തുടങ്ങിയത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷം കൂടിയുണ്ടെങ്കിലും രാജപക്‌സെയും സംഘവും അധികാരം ആഗ്രഹിച്ചു തുടങ്ങി. ഇന്ത്യയുടെ കാര്യത്തിൽ സിരിസേനയും റനിലും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് സിരിസേന രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയത്.

അടുത്തയാഴ്ച പാർലമെന്റിൽ ഭൂരിപക്ഷം സ്ഥാപിക്കുമെന്ന് സിരിസേന പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ ലഭിച്ച വാർത്തയ്ക്കനുസരിച്ച് സിരിസേന പാർലമെന്റ് മരവിപ്പിച്ചു. അതോടെ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗം അടയുന്നതുകൊണ്ട് മറ്റൊരു ആഭ്യന്തരയുദ്ധത്തിലേക്ക് ശ്രീലങ്ക നീങ്ങാനുള്ള സാധ്യത ശക്തമാണ്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഭരണഘടനയനുസരിച്ച് പ്രവർത്തിക്കണമെന്നും അമേരിക്ക സിരിസേനയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യ ഇതുവരെ അവിടത്തെ സ്ഥിതിഗതികൾ ശ്രദ്ധിക്കുന്നു എന്നുമാത്രമാണ് പ്രതികരിച്ചിട്ടുള്ളത്.

srilanka
റനില്‍ വിക്രമസിംഗെ മൈത്രിപാല സിരിസേനയ്‌ക്കൊപ്പം

റനിലിന്റെ പാർട്ടിയും മറ്റു ചെറിയ പാർട്ടികളും അദ്ദേഹത്തെ പിന്താങ്ങുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിൽ അവതരിക്കപ്പെട്ട ഒരു അവിശ്വാസപ്രമേയത്തെ തോല്പിച്ചതിന്റെ ശക്തിയും റനിലിനുണ്ട്. എന്നാൽ, കൂടുതൽ സമയം ലഭിച്ചാൽ രാജപക്‌സെ അദ്ദേഹത്തിനുള്ള പിന്തുണ വർധിപ്പിക്കും എന്നാണ് റനിലിന്റെ ഭയം.

ചേരിപ്പോരിലെ രാഷ്ട്രീയം

മൂന്നുവർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ സിരിസേന രാജപക്‌സെയെ തോല്പിച്ചപ്പോൾ അതിനുപിറകിൽ ഇന്ത്യയാണെന്ന് പൊതുവേ ധാരണയുണ്ടായിരുന്നു. അതിനുള്ള കാരണം രാജപക്‌സെ ചൈനയുടെ താത്പര്യങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്നു എന്നതാണ്. സിരിസേന ചൈനയിൽനിന്ന് വിട്ടുനിൽക്കുമെന്നും ഇന്ത്യയോടു സഹകരിക്കും എന്നുമായിരുന്നു പ്രതീക്ഷ. പക്ഷേ, സിരിസേന ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയുമാണ് ചെയ്തത്. ഇന്ത്യയോട് സൗഹൃദം പുലർത്തിയതിനാൽ റനിലിനെതിരായി സിരിസേന നീങ്ങുകയും ചെയ്തിരുന്നു. സാമ്പത്തികകാര്യങ്ങളിലും അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വർധിച്ചു വന്നു.
ഭരണഘടനയനുസരിച്ച് രാജപക്‌സെയ്ക്ക് മൂന്നാമതും പ്രസിഡന്റാകാൻ നിവൃത്തിയില്ലാത്തതുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിസ്ഥാനമാണ് ലക്ഷ്യമിട്ടിരുന്നത്. റഷ്യയിൽ പുതിൻ ചെയ്തതുപോലെ പ്രധാനമന്ത്രിയായതിനുശേഷം ഭരണഘടനമാറ്റി പ്രസിഡന്റാകാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രിയാകാൻ ഒരു വർഷംകൂടി കാത്തിരിക്കാതെ തന്നെ അതിനുള്ള കരുനീക്കങ്ങളാണ് ഇന്നത്തെ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സിരിസേനയും രാജപക്‌സെയും തമ്മിലുള്ള സഖ്യം വന്നതോടെ ഇന്ത്യയ്ക്ക് ശ്രീലങ്കയിൽ ഉള്ള സ്വാധീനം നഷ്ടമാകും എന്ന് തീർച്ചയാണ്. അടുത്ത തിരഞ്ഞെടുപ്പിലും സിരിസേനയും രാജപക്‌സെയും ഒന്നിച്ചുനിന്നാൽ റനിലിന് വിജയം ബുദ്ധിമുട്ടാകും. മാലദ്വീപിലും പുതിയ പ്രസിഡന്റ് അധികാരത്തിൽ വരുമെന്ന് തീർച്ചയില്ല ഇതോടെ ചൈനയുടെ ആധിപത്യം ശ്രീലങ്കയിലും മാലദ്വീപിലും ശക്തമാകും. ഇതുകൊണ്ടുണ്ടാകാവുന്ന പ്രശ്‌നങ്ങളെ പ്രത്യക്ഷമായ സംഘട്ടനമില്ലാതെ പരിഹരിക്കുകയാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളി.

ലങ്ക ചരിത്രത്തിലൂടെ
ഹരിമോഹന്‍

'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദ്വീപ്. രാമായണത്തിലെ സുവർണ ലങ്ക. ശ്രീലങ്കയിലെ ഏതൊരു ചലനവും കാലാ കാലങ്ങളിലായി ഇന്ത്യയിൽ  പ്രതിഫലിക്കാറുണ്ട് എന്നത് ചരിത്രം. 1972-വരെ 'സിലോൺ' എന്ന് ഔദ്യോഗികനാമം.

 •  1948-ൽ ശ്രീലങ്കയ്ക്കു ബ്രിട്ടന്റെ ഡൊമിനിയൻ പദവി ലഭിച്ചു. സേനാനായകെ ആദ്യ പ്രധാനമന്ത്രിയായി. ഇന്ത്യക്കാരായ തമിഴ് തോട്ടംതൊഴിലാളികളുടെ വോട്ടവകാശം സേനാനായകെ റദ്ദാക്കി.
 •  1948 ഫെബ്രുവരി നാലിനു ശ്രീലങ്ക കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നു സ്വതന്ത്രമായി.
 •  1956-ലെ തിരഞ്ഞെടുപ്പിൽ സോളമൻ ഭണ്ഡാരനായകെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്.എൽ.എഫ്.പി.)), ഫിലിപ്പ് ഗുണവർധനയുടെ 'വിപ്ലവകാരി ലങ്കാ സമസമാജ പാർട്ടി', എന്നിവയുൾപ്പെട്ട സഖ്യമായ മഹാജന ഏക്സാത്ത് പെരമുനയ്ക്കു വിജയം. ഭണ്ഡാരനായകെ പ്രധാനമന്ത്രിയായി. സിംഹളയെ ഏകഭാഷയായി പ്രഖ്യാപിച്ചു.

srilanka
#ജനസംഖ്യയില്‍ 74 ശതമാനം പേര്‍ സിംഹളര്‍
ഭൂരിഭാഗവും ബുദ്ധമതവിശ്വാസികള്‍

#പ്രധാന ന്യൂനപക്ഷം തമിഴ് വംശജര്‍

#തലസ്ഥാനം കൊളംബോ
#ഔദ്യോഗികഭാഷകള്‍ സിംഹള, തമിഴ്
#ജനസംഖ്യ 20,277,597
#നാണയം ശ്രീലങ്കന്‍ രൂപ

 •  തമിഴ് വിഭാഗത്തിനു കൂടുതൽ അവകാശങ്ങൾ നൽകാനുള്ള ഭണ്ഡാരനായകെയുടെ ശ്രമം യു.എൻ.പി.എതിർത്തു. യു.എൻ.പി.നേതാവ് ജെ.ആർ. ജയവർധന നടത്തിയ കാൻഡി മാർച്ച് 1958-ലെ കലാപങ്ങൾക്കു കാരണമായി.
 •  1959 സെപ്റ്റംബറിൽ ഭണ്ഡാരനായകെ വധിക്കപ്പെട്ടു. 1960 ജൂലായിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭണ്ഡാരയുടെ ഭാര്യ സിരിമാവോ പ്രധാനമന്ത്രിയായി. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും അവരാണ്.
 •  1972-ൽ ശ്രീലങ്ക റിപ്പബ്ലിക്കായി. സിംഹളയെ ഔദ്യോഗികഭാഷയായി തീരുമാനിച്ചു. ഇത്തരം തമിഴ് വിരുദ്ധ നടപടികളുടെ ഫലമായി അതേവർഷം വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്ന സായുധതീവ്രവാദ വിപ്ലവസംഘടന പിറന്നു.
 •   1977-ലെ തിരഞ്ഞെടുപ്പിൽ യു.എൻ.പി. അധികാരത്തിലെത്തി. ജെ.ആർ. ജയവർധന പ്രധാനമന്ത്രിയായി. സർക്കാർ പല പദ്ധതികളിലൂടെയും കൊളംബോയിലെ തമിഴരെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു. അതോടെ തമിഴർ നാടുവിടാൻ തുടങ്ങി. സിരിമാവോയുടെ പൗരാവകാശങ്ങൾ നിയമത്തിലൂടെ റദ്ദാക്കിയ ജയവർധന ശ്രീലങ്കയെ പ്രസിഡൻഷ്യൽ റിപ്പബ്ലിക്കാക്കി. സിംഹളീസ് ഒൺലി ആക്ട് എന്ന നിയമം കൊണ്ടുവന്നു തമിഴർ സർവകലാശാലകളിലും സർക്കാർ ഉദ്യോഗങ്ങളിലും പ്രവേശിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തി.
 •  തമിഴ് ജനത പ്രക്ഷോഭം തുടങ്ങി. വടക്കൻ പ്രദേശങ്ങളിൽ തമിഴ് തീവ്രവാദി സംഘടനകളും പട്ടാളവും തമ്മിൽ ഏറ്റുമുട്ടൽ. അതിന്റെ ഫലമായി കൊളംബോയിൽ തെരുവിലിറങ്ങിയ തമിഴരെ
 • 1983 ജൂലായിൽ സിംഹളർ കൂട്ടക്കൊല ചെയ്തു. മൂവായിരത്തിലധികം തമിഴർ കൊല്ലപ്പെട്ടു.
 •  തുടർന്നു തമിഴ് ജനത സർക്കാരിനെയും സിംഹളരെയും ശത്രുവായിക്കണ്ടു. തമിഴ്‌നാട്ടിൽനിന്നു ശ്രീലങ്കൻ തമിഴർക്കു സഹായം ലഭിച്ചു. തമിഴ് മേഖലകളിൽ ജയവർധന രൂപവത്കരിച്ച സിംഹള കോളനികൾ തമിഴർ ആക്രമിച്ചു. സർക്കാർ തിരിച്ചടിച്ചു. വിഷയം ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങി. രാജീവ്ഗാന്ധി  ശ്രീലങ്കയിലേക്കു സൈന്യത്തെ അയച്ചു. അതിനിടെ 1989-ൽ രണസിംഗെ പ്രേമദാസ പ്രധാനമന്ത്രിയായി.  മനുഷ്യാവകാശലംഘനത്തിന്റെ പേരിൽ ഇന്ത്യൻ സേനയ്‌ക്കെതിരേ രൂക്ഷമായ വിമർശനങ്ങളും പ്രക്ഷോഭങ്ങളും തമിഴ് വംശജർ പ്രകടിപ്പിച്ചു. വി.പി. സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ സൈന്യത്തെ തിരികെവിളിച്ചു. തുടർന്നു നടന്ന ഗൂഢാലോചനകളുടെ ഫലമായി 1991-ൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടയിൽ തമിഴ്പുലികൾ നടത്തിയ ചാവേറാക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. 1993-ൽ ശ്രീലങ്കൻ പ്രസിഡന്റ് പ്രേമദാസയും ഒരു ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
chandrika kumaratunge
ചന്ദ്രിക കുമാരതംഗെ മുന്‍ യുഎന്‍ സെക്രട്ടറി കോഫി അന്നാനൊപ്പം/ഫയല്‍ചിത്രം
 
 •   1994-ൽ സോളമൻ- സിരിമാവോ ദമ്പതിമാരുടെ മകളും ശ്രീലങ്കാ ഫ്രീഡം പാർട്ടി നേതാവുമായ ചന്ദ്രിക കുമാരതുംഗ പ്രധാനമന്ത്രിയും തുടർന്നു പ്രസിഡന്റുമായി.
 •  2001-ൽ ചന്ദ്രിക കുമാരതുംഗയ്ക്കു പരാജയം. റനിൽ വിക്രമസിംഗെ അധികാരത്തിലെത്തി.
 •  2005-ൽ വിക്രമസിംഗയെ പരാജയപ്പെടുത്തി മഹിന്ദ രാജപക്‌സെ പ്രസിഡന്റ് സ്ഥാനത്തേക്ക്. പ്രഭാകരന്റെ ആഹ്വാനത്തെത്തുടർന്നു തമിഴ് വംശജർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതാണു തോൽവിക്കു പ്രധാനകാരണം.
 •  രാജപക്‌സെയുടെ കാലത്തു ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടു. 2009-ൽ പ്രഭാകരനടക്കമുള്ള എൽ.ടി.ടി.ഇ. നേതൃത്വത്തെയാകെ ഉന്മൂലനം ചെയ്തുകൊണ്ടാണ് രാജപക്‌സെ സിംഹളരെ തൃപ്തിപ്പെടുത്തിയത്. തമിഴർക്കെതിരേ നടന്ന യുദ്ധക്കുറ്റങ്ങളിൽ നടപടിയെടുക്കാൻ രാജപക്‌സെ തയ്യാറായില്ല. ആഭ്യന്തരയുദ്ധത്തിൽ നാല്പതിനായിരം തമിഴർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.
 •   2015 ജനുവരിയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രാജപക്‌സെയെ അട്ടിമറിച്ച് മൈത്രിപാല സിരിസേന അധികാരത്തിലേക്ക്. ന്യൂനപക്ഷവിഭാഗങ്ങളൊക്കെ സിരിസേനയ്ക്ക് അനുകൂലമായി നിലകൊണ്ടു. രാജപക്‌സെയെ താഴെയിറക്കിയതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപണം.
 •   2018 ഒക്ടോബർ 26- റനിൽ വിക്രമസിംഗയെ രാഷ്ട്രീയ നീക്കത്തിലൂടെ അട്ടിമറിച്ച്  മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിപദത്തിലേക്ക്.

പ്രധാന രാഷ്ട്രീയപ്പാർട്ടികൾ

 •   ശ്രീലങ്ക ഫ്രീഡം പാർട്ടി
 •  യുണൈറ്റഡ് നാഷണൽ പാർട്ടി
 •  ഓൾ സിലോൺ മക്കൾ കോൺഗ്രസ്
 •  സിലോൺ വർക്കേഴ്‌സ് കോൺഗ്രസ്
 •  കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക
 •  ഡെമോക്രാറ്റിക് ലെഫ്റ്റ് ഫ്രണ്ട്
 •  ഡെമോക്രാറ്റിക് പീപ്പിൾസ് ഫ്രണ്ട്
 •  ഡെമോക്രാറ്റിക് പീപ്പിൾസ്
 • ലിബറേഷൻ ഫ്രണ്ട്
 •  ജനതാ വിമുക്തി പെരമുനമഹാജന
 •  ഏക്‌സാത്ത് പെരമുന
 •  നാഷണൽ ഫ്രീഡം ഫ്രണ്ട്
 •  നാഷണൽ യൂണിയൻ ഓഫ് വർക്കേഴ്‌സ്
 •  ശ്രീലങ്ക മുസ്ലിം കോൺഗ്രസ്
 •  യു.പി. കൺട്രി പീപ്പിൾസ് ഫ്രണ്ട്

മുന്നണികൾ

 •  തമിഴ് നാഷണൽ സഖ്യം
 •  യുണൈറ്റഡ് നാഷണൽ
 •  ഫ്രണ്ട് ഫോർ ഗുഡ് ഗവേണൻസ്
 •  യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ്

ഹമ്പൻടോട്ട തുറമുഖം

humban totta port

ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതയിൽ സ്ഥിതിചെയ്യുന്ന തുറമുഖം. 99 വർഷത്തെ പാട്ടത്തിന് തുറമുഖം ചൈനയ്ക്കു കഴിഞ്ഞവർഷം കൈമാറി. നഷ്ടത്തിലായതിനെത്തുടർന്നാണു കൈമാറ്റം. തുറമുഖം ചൈന സൈനികത്താവളമാക്കുമെന്ന് യു.എസ്. ആശങ്ക പ്രകടിപ്പിച്ചു. തന്ത്രപ്രധാന മേഖലയായ തുറമുഖം ചൈനയ്ക്കു കൈമാറിയതിൽ ഇന്ത്യയ്ക്കും ആശങ്ക.