ത്തുലക്ഷം ജനതയുടെ ആരോഗ്യവും കുടിവെള്ളവുമാണോ  പതിനായിരം കോടി ലാഭം വിദേശത്തേക്ക് കൊണ്ടുപോകുന്ന  കുത്തകക്കമ്പനിയാണോ ജനക്ഷേമസർക്കാരിന്റെ  മുൻഗണനയിലുണ്ടാകുക. തൃശ്ശൂർ ചാലക്കുടിപ്പുഴയോരത്തുള്ള   കാതിക്കുടം എന്ന  ഗ്രാമത്തിലെ ജനത ഒന്നടങ്കം, കളങ്കമാക്കപ്പെട്ട  തങ്ങളുടെ ഭൂമിയും കുടിവെള്ളവും ചൂണ്ടിക്കാട്ടി ഈ ചോദ്യം  ഉന്നയിക്കാൻ തുടങ്ങിയിട്ട് നാലുപതിറ്റാണ്ടിലേറെയായി. ഇതുവരെ ജനങ്ങളുടെ മുറവിളിക്ക് അധികാരപ്പെട്ടവരാരും ചെവികൊടുത്തിരുന്നില്ല.

വിഷം കലക്കുന്നവർ

1975-ൽ കാതിക്കുടം ഗ്രാമത്തിൽ പ്രവർത്തനം തുടങ്ങിയ നിറ്റാ ജലാറ്റിൻ  എന്ന വിദേശ മേൽക്കോയ്മയുള്ള കമ്പനിയുടെ മേധാവിത്വത്തിനുമുന്നിൽ അധികാരിവർഗം കണ്ണടച്ചു. പക്ഷേ, ഇന്ന് നാട്ടുകാർ പ്രതീക്ഷയിലാണ്. ചാലക്കുടിപ്പുഴയിലേക്ക് മാലിന്യം ഒഴുക്കാൻ നിറ്റാ ജലാറ്റിൻ ഫാക്ടറിയെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് നാട്ടുകാരുടെ വിശ്വാസം. വാക്ക് ഉത്തരവായി ഇറങ്ങുംവരെ, ഫാക്ടറിയിൽനിന്ന് മാലിന്യം തള്ളൽ നിലയ്ക്കുംവരെ നാട്ടുകാർക്ക് ആശ്വാസമില്ല. കാരണം, അവർ ശ്വസിക്കുന്നത് വിഷമാണ്; കുടിക്കുന്നതും വിഷമാണ്.

കരിഞ്ഞ മാംസം മണക്കുന്ന നാട്ടിലേക്ക് വിവാഹം ആലോചിച്ചുപോലും  ആരും എത്താതെയായി. കല്യാണത്തിന് വിളിച്ചാൽ വരുന്നവർ ഭക്ഷണം കഴിക്കാതെ മൂക്കുപൊത്തി മടങ്ങുന്ന സ്ഥിതിയായി. കേരളത്തിൽ ഏറ്റവുംനല്ല വെള്ളമൊഴുകുന്ന  ചാലക്കുടിപ്പുഴയിൽ കുളിക്കാൻ വയ്യാതായി. കുളിക്കാനിറങ്ങുന്നവർ ത്വഗ്രോഗത്തിനിരയായി.  ഉത്‌പാദനത്തിനായി ചാലക്കുടിപ്പുഴയിൽനിന്ന് വെള്ളമെടുക്കുന്ന ഫാക്ടറി ആ പുഴയിലേക്കുതന്നെ മാലിന്യമൊഴുക്കിയാണ് പ്രകൃതിവരദാനത്തെ  ഒടുക്കാനൊരുങ്ങിയത്. പ്രതിദിനം രണ്ടുകോടി  ലിറ്ററോളം വെള്ളം ഒരു പൈസപോലും നൽകാതെ  പുഴയിൽനിന്ന് എടുക്കുന്നു. അതേ പുഴയിലേക്ക് ഓരോ ദിവസവും 100 ടണ്ണോളം ഖര, രാസ  മാലിന്യങ്ങളാണ് ഫാക്ടറിയിൽനിന്ന്  ഒഴുക്കിയിരുന്നത്.

പുഴയിൽ മാത്രമല്ല, സമീപത്തെ കിണറുകളിലും വെള്ളത്തിൽ അമ്ലാംശം കൂടി. പുഴയോരത്തെ  പ്രശ്നം മെല്ലെ സമീപസ്ഥലങ്ങളിലേക്കും തുടർന്ന് സമീപ പഞ്ചായത്തുകളിലേക്കും പടർന്നു. കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളമാണ് തങ്ങൾ  കുടിക്കുന്നതെന്ന് അറിഞ്ഞപ്പോൾ കമ്പനിക്ക് അനുകൂലമായി നിന്നവരുപോലും കളംമാറി. കമ്പനിക്ക് അനുകൂല നിലപാടെടുത്ത രാഷ്ട്രീയകക്ഷികളുടെ പ്രാദേശികനേതാക്കൾപോലും  പാർട്ടിനിലപാടുകൾക്ക് എതിരായി. വിഷലിപ്തമേഖലയിലെ  രാഷ്ട്രീയകക്ഷികളെല്ലാംതന്നെ ശത്രുത മറന്ന് ഒന്നായി. ആരാധനാലയങ്ങളിലും  സംഘടനകളിലും ജലാവബോധ പ്രചാരണം  സക്രിയമായി. അങ്ങനെ നാട്ടിലെ എല്ലാ  കിണറിലെയും വെള്ളം പരിശോധിക്കാൻ തയ്യാറായി. ഇതേവരെ അയ്യായിരത്തിൽപരം കിണറുകളിലെ വെള്ളം പരിശോധിച്ചു. അതിൽ 4700-ഓളം  എണ്ണത്തിൽ കുടിവെള്ളയോഗ്യമല്ലാത്തത്ര അമ്ലാംശം കണ്ടെത്തി.

കമ്പനിക്ക് അനുകൂലറിപ്പോർട്ടിടാൻ തയ്യാറായെത്തുന്ന ഉദ്യോഗസ്ഥ,  അന്വേഷണസംഘത്തിന് മുന്നിൽ നാട്ടുകാർ മറ്റൊരു തെളിവും നിരത്തിയില്ല. കുടിവെള്ളത്തിന്റെ  പരിശോധനാഫലം മാത്രം മുന്നോട്ടുവെച്ചു. അവർക്ക് കമ്പനിക്ക് അനുകൂല റിപ്പോർട്ട് നൽകാൻ വയ്യെന്ന അവസ്ഥയായി. ഒടുവിൽ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തി. ജനപക്ഷത്തിന് അനുകൂലമായ  തീരുമാനം എടുക്കേണ്ടിവന്നു മുഖ്യമന്ത്രിക്ക്. നിറ്റാ ജലാറ്റിൻ കമ്പനിയിലെ മാലിന്യം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കാൻ അനുവദിക്കില്ലെന്ന്  മുഖ്യമന്ത്രി അറിയിച്ചു. ഇതായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുടെ തീരുമാനം  ഔദ്യോഗിക ഉത്തരവായി ഇറങ്ങാത്തതിനാൽ ഫാക്ടറിയിൽനിന്ന് ഇപ്പോഴും നിർബാധം മാലിന്യം ചാലക്കുടിപ്പുഴയിലേക്ക് തള്ളിക്കൊണ്ടിരിക്കുന്നു.

ചാലക്കുടിപ്പുഴയെ മരിക്കാൻ വിടണോ

മുഖ്യമന്ത്രിയുടെ വാക്ക് ജനങ്ങൾ വിശ്വസിച്ചു. കാതിക്കുടത്ത് നിറ്റാ ജലാറ്റിൻ ഫാക്ടറിക്കുമുന്നിൽ  നടന്നിരുന്ന പ്രതിഷേധങ്ങൾ അവർ നിർത്തി. ഫാക്ടറിയിൽനിന്ന് വമിക്കുന്ന ദുർഗന്ധം കാറ്റിൽ പറന്നുനടക്കുന്നുണ്ട്. പക്ഷേ, പണ്ടത്തെയത്ര രൂക്ഷമല്ലെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ ഫാക്ടറിയിൽ  നൂതനസംവിധാനങ്ങൾ സ്ഥാപിച്ച് ദുർഗന്ധവ്യാപനം ഒരുപരിധിവരെ തടഞ്ഞിട്ടുണ്ട്. മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത് തുടരുന്നുണ്ടെങ്കിലും ഇതിനുമുൻപ്‌  സംസ്കരണം നടത്തുന്നുണ്ട്. പക്ഷേ,  നാട്ടുകാരുടെ ആവശ്യം ഇതല്ല. സംസ്കരിച്ചും അല്ലാതെയും ഒരു ഗ്രാം മാലിന്യംപോലും  പുഴയിലൊഴുക്കരുത്. റീസൈക്കിൾ ചെയ്ത് സീറോ ഡിസ്ചാർജ് ഉറപ്പാക്കി കുടിവെള്ളസമാനമായ പാഴ്ജലമാണ് പുഴയിലേക്ക് ഒഴുക്കുന്നതെന്നാണ് കമ്പനിയധികൃതർ പറയുന്നത്. അവരോട് നാട്ടുകാർ ചോദിക്കുന്നത്‌ ഇതാണ്, ഈ വെള്ളം നിങ്ങളുടെ ഫാക്ടറിയിൽത്തന്നെ ഉത്‌പാദനത്തിന്  ഉപയോഗിച്ചുകൂടേ. അങ്ങനെ ചാലക്കുടിപ്പുഴയിൽനിന്ന് വെള്ളമെടുക്കുന്നതും പാഴ്ജലം ഒഴുക്കുന്നതും ഒഴിവാക്കിക്കൂടേ.

അവിടെയാണ് ചാലക്കുടിപ്പുഴയിലെ വെള്ളത്തിന്റെ മഹിമ അറിയേണ്ടത്. കേരളത്തിൽ ഏറ്റവും മികച്ച  പി.എച്ച്. മൂല്യമുള്ള ജലം ചാലക്കുടിപ്പുഴയിലേതാണ്. ഈ വെള്ളമുപയോഗിച്ച് നിർമിക്കുന്ന ജലാറ്റിന് രാജ്യാന്തരവിപണിയിൽ വൻ ഡിമാന്റാണ്. ഇത് മനസ്സിലാക്കിയാണ് ജപ്പാൻ കമ്പനിയായ നിറ്റാ ജലാറ്റിൻ  മോഹനവാഗ്ദാനങ്ങൾ നൽകിയും സംസ്ഥാനസർക്കാരിന്  ഓഹരിപങ്കാളിത്തം ഉറപ്പാക്കിയും ചാലക്കുടിപ്പുഴയോരത്ത് ഫാക്ടറി സ്ഥാപിച്ചത്.

നിറ്റാ ജലാറ്റിൻ കമ്പനിക്ക് കേരളത്തിനുപുറമേ  മഹാരാഷ്ട്ര ചന്ദ്രാപുരിലും ഗുജറാത്തിലും ഫാക്ടറികളുണ്ട്. പക്ഷേ, അവിടെ നിർമിക്കുന്ന ജലാറ്റിന് മാർക്കറ്റ് കുറവാണ്. ഗുണമേന്മയില്ലാത്തതാണ് കാരണം. അമേരിക്കയുൾപ്പെടെ മുപ്പതോളം രാജ്യങ്ങളിലേക്ക് കയറ്റിയയയ്ക്കുന്ന ജലാറ്റിൻ കേരളത്തിൽ ഉത്‌പാദിപ്പിക്കുന്നതാണ്. ഏറ്റവുമധികം ഉത്‌പാദനം  നടത്തിയതും കേരളത്തിൽത്തന്നെ.

ഉന്നതരുടെ ഒത്താശ

കേരള സർക്കാരിന് 51 ശതമാനം ഓഹരിപങ്കാളിത്തത്തോടെ തുടങ്ങിയതായിരുന്നു കാതിക്കുടത്തെ ഫാക്ടറി. സ്വകാര്യവത്കരണനയം  വന്നതോടെ സംസ്ഥാനസർക്കാരിന്റെ ഓഹരി 34 ശതമാനമായി. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ് ഓഹരിയെടുത്തിരിക്കുന്നത്.

ഫാക്ടറിക്കുനേരെ പ്രതിഷേധം തുടങ്ങിയ കാലത്ത് കോർപ്പറേഷനിൽ പ്രധാന പദവി വഹിച്ചിരുന്ന ഒരാൾ കാവുകളുടെ പഠനവുമായി ബന്ധപ്പെട്ട്  ചാലക്കുടിയിലെത്തി. അവിടെ ചാലക്കുടിപ്പുഴയോരത്തെ കാവുകൾ കാണാൻ ബോട്ടിൽ സഞ്ചരിച്ച ഇയാൾ നിറ്റാ ജലാറ്റിൻ ഫാക്ടറി പുഴയിൽനിന്ന് വെള്ളമെടുക്കുന്ന  സ്ഥലത്തെത്തിയപ്പോൾ  അവിടെയുണ്ടായിരുന്നവരോട്‌ കടവിന്റെ ആഴവും വേനലിലെ ജലലഭ്യതയും ചോദിച്ചറിഞ്ഞു. പിന്നീട് മടങ്ങി. ഇതിനുശേഷമാണ് അതിരപ്പിള്ളി  ജലവൈദ്യുതപദ്ധതിയുടെ ആലോചന നടക്കുന്നത്. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാകാതിരിക്കാൻ ഇദ്ദേഹം സമരസമിതിക്കാർക്ക് സർവപിന്തുണയും രഹസ്യമായി പ്രഖ്യാപിച്ചു. കേന്ദ്രത്തിൽ ഉന്നതബന്ധങ്ങളുണ്ടായിരുന്ന ഇയാൾ ഇടപെട്ട് പദ്ധതിക്കെതിരായ റിപ്പോർട്ട് കേന്ദ്രത്തിൽനിന്ന് പുറപ്പെടുവിച്ചു.

അതിരപ്പിള്ളി പദ്ധതിവന്നാൽ ചാലക്കുടിയിലേക്ക് വെള്ളമൊഴുക്ക് കുറയുമെന്നും അത് നിറ്റാ ജലാറ്റിൻ കമ്പനിയുടെ വെള്ളമെടുപ്പിനെ ബാധിക്കുമെന്നും കണ്ടാണ് അതിരപ്പിള്ളി പദ്ധതിക്കെതിരേ  കേന്ദ്രത്തെക്കൊണ്ട്‌ നിലപാട് എടുപ്പിച്ചതെന്നാണ് നാട്ടുകാർ കരുതുന്നത്. കാവുകാണാനായി  ചാലക്കുടിപ്പുഴയിലൂടെ യാത്രചെയ്തത് നിറ്റാ ജലാറ്റിൻ കമ്പനിയുടെ ജലലഭ്യത ഉറപ്പാക്കാനായിരുന്നെന്നും നാട്ടുകാർ വിശ്വസിക്കുന്നു.

നിർബാധം കമ്പനി

കേരളത്തിൽ ഏറ്റവും ജലലഭ്യതയുള്ളതും  ഗുണമേന്മയുള്ള വെള്ളമുള്ളതുമായ ചാലക്കുടിപ്പുഴ  നോട്ടിഫൈ ചെയ്യാത്ത നദിയാണ്. പഞ്ചായത്ത് രാജ് നിയമപ്രകാരം പുഴയുടെയും പുഴയിലെ വെള്ളത്തിന്റെയും ഉടമസ്ഥാവകാശം  പഞ്ചായത്തിനാണ്. ഇവിടെനിന്ന് വെള്ളമെടുക്കാൻ  പഞ്ചായത്തിന്റെ അനുമതിവേണം. എന്നാൽ, നിറ്റാ ജലാറ്റിൻ ഫാക്ടറി വെള്ളമെടുക്കുന്നത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ. പഞ്ചായത്തുകളിൽ ഫാക്ടറി തുടങ്ങാൻ പഞ്ചായത്തിന്റെ അനുമതിവേണം. കാടുകുറ്റി പഞ്ചായത്തിലാണ് നിറ്റാ ജലാറ്റിൻ ഫാക്ടറി. പത്തുവർഷമായി പഞ്ചായത്ത് ഫാക്ടറിയുടെ ലൈസൻസ് പുതുക്കിനൽകിയിട്ടില്ല. മാലിന്യം പുഴയിലേക്ക് തള്ളാൻ ആരും അനുമതി നൽകിയിട്ടില്ല.

നദിയിലേക്കോ നദീതീരങ്ങളിലേക്കോ മാലിന്യം തള്ളുന്നത് നിരോധിച്ച്  2017 ഡിസംബർ  എട്ടിന് കേരള സർക്കാർ ഓർഡിനൻസ്  പുറപ്പെടുവിച്ചതുമാണ്. എന്നാൽ, നിറ്റാ  ജലാറ്റിൻ ഫാക്ടറിയിൽനിന്ന് മാലിന്യം തള്ളൽ അനുസ്യൂതം തുടരുന്നു. ഇപ്പോൾ ചാലക്കുടിപ്പുഴയിൽ  വെള്ളത്തിനുമുകളിൽ പലനിറങ്ങളിലുള്ള  പാടകളാണ്. വെളുത്തും ചുവന്നും പച്ചയായും പാട നിറയുന്നു. 74 ഇനം മത്സ്യങ്ങളുണ്ടായിരുന്ന  ചാലക്കുടിപ്പുഴയിൽ അവശേഷിക്കുന്നത്  വിരലിലെണ്ണാവുന്ന ഇനങ്ങൾമാത്രം. അവയാകട്ടെ മെർക്കുറിയുടെ അംശം ശരീരത്തിലുള്ളതിനാൽ ഭക്ഷ്യയോഗ്യവുമല്ല. പുഴയിലെ വെള്ളത്തിൽ  ടി.ഡി.എസും ക്ലോറൈഡും പതിന്മടങ്ങാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.


എന്തൊരു വിഷം!

മൃഗങ്ങളുടെ എല്ലിൽനിന്ന് ഓസീൻ, ലൈഡ് ഓസീൻ എന്നിവയും കാലിത്തീറ്റയിലും കോഴിത്തീറ്റയിലും കലർത്തുന്ന ഡൈ കാൽസ്യം  ഫോസ്‌ഫേറ്റ് എന്നിവയുമാണ് നിറ്റാ ജലാറ്റിൻ ഫാക്ടറിയിൽ ഉത്‌പാദിപ്പിക്കുന്നത്. ഇതിനായി പ്രതിദിനം 120  മുതൽ 150 ടൺ വരെ എല്ല് ഫാക്ടറിയിലെത്തിക്കുന്നു. വെട്ടി കഷണമാക്കിയ എല്ല് ഹൈഡ്രോക്ലോറിക് ആസിഡിൽ ഒരാഴ്ചയോളം  മുക്കിയിടും. ഇതിൽനിന്ന് ഇറച്ചി വേർപെടും.

എല്ല്, തിളച്ച വെള്ളത്തിലും തണുത്ത വെള്ളത്തിലും കഴുകിയെടുക്കും. അതിലെ മാലിന്യവും ആസിഡും ഇറച്ചിയവശിഷ്ടവും ആസിഡിൽ മുക്കിവയ്ക്കുമ്പോഴുണ്ടാകുന്ന രാസാവശിഷ്ടവും വാതകവും എല്ലാമാണ് ചാലക്കുടിപ്പുഴയിലേക്ക്  പുറന്തള്ളുന്നത്. ഇത് നൂറുടണ്ണോളം വരും. ആസിഡിന്റെ അംശവും രാസമാലിന്യങ്ങളും മണ്ണിനെയും ബാധിക്കുന്നുണ്ട്. ഇതിനാൽ മണ്ണിലെ ജൈവാംശം നഷ്ടപ്പെട്ട് കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. പുഴയിലേക്ക് മാലിന്യം പുറന്തള്ളുന്നത് നിർത്തിയാൽത്തന്നെ പത്തുവർഷത്തോളമെടുക്കും  പുഴയും പരിസരവും പൂർവ സ്ഥിതിയിലാകാൻ.

Contnet Highlights: Kathikudam Nitta Gelatin India Ltd, kathikudam issue, chalakudi kathikudam