ദ്രവീകൃത ഇന്ധനം വലിയ അളവിൽ കൈകാര്യം ചെയ്യുന്ന ഏതൊരു പ്രദേശത്തെയും പോലെ കേരളവും മറൈൻ എണ്ണച്ചോർച്ചാ സാധ്യതയുള്ള പ്രദേശമാണ്. കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ വന്നാൽ എണ്ണച്ചോർച്ച  തടയുക എന്നത് ദുഷ്‌കരമായി തീരുകയും വലിയ പാരിസ്ഥിതിക- സാമ്പത്തിക പ്രത്യാഘാതങ്ങൾ  സൃഷ്ടിക്കുകയും ചെയ്യും. അടുത്തിടെ കൊച്ചുവേളിയിലുണ്ടായ എണ്ണച്ചോർച്ചയുടെ പശ്ചാത്തലത്തിൽ അത്തരം ഒരു സാഹചര്യം കൈകാര്യം ചെയ്യാൻ കേരളം എത്രത്തോളം സജ്ജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ടീം പരിശോധിക്കുന്നു. 

കേരളത്തിൽ അടുത്തിടെ നടന്ന മറൈൻ ഓയിൽ സ്പില്ലാണ് തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിലേത്. 2021 ഫെബ്രുവരി 10-ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഇത് സംഭവിച്ചത്. 60 കിലോ ലിറ്റർ സംഭരണശേഷിയുള്ള സ്റ്റോറേജ് ടാങ്കിൽനിന്ന് ബോയ്ലറിലേക്ക് ഫർണസ് ഓയിൽ കൊണ്ടുപോകുന്ന പൈപ്പ്ലൈനിലാണ് ചോർച്ച  ഉണ്ടായത്. രാവിലെ എട്ടു മണിയോടെ ചോർച്ചയുടെ ഉറവിടം കണ്ടെത്തിയെങ്കിലും അതിനകം 4,750 ലിറ്റർ ഫർണസ് ഓയിൽ കൊച്ചുവേളി മുതൽ വടക്കോട്ട് നാലു കിലോ മീറ്ററോളം ഒഴുകി. തീരപ്രദേശത്ത് എണ്ണ ഒഴുകിപ്പോയതിൻറെ പാടുകളും ദൃശ്യമായിരുന്നു. 

Titanium
തിരുവനന്തപുരം, കൊച്ചുവേളിയിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ ടൈറ്റാനിയം ലിമിറ്റഡ്

40-45 ടൺ ടൈറ്റാനിയം ഡയോക്സൈഡ് ആണ് കമ്പനി പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഏഴ് വ്യത്യസ്തമായ രാസപദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിൽ ആയിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഒരു എണ്ണ ച്ചോർച്ച (ഓയിൽ സ്പിൽ) ഉണ്ടായാൽ അത് ചെറുക്കാൻ ട്രാവൻകൂർ ടൈറ്റാനിയത്തിന് കൃത്യമായ ഒരു കണ്ടിൻജൻസി പ്ലാൻ ഇല്ല. മുന്നെ സൂചിപ്പിച്ച ചോർച്ച അന്വേഷിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് ഈ വസ്തുത അംഗീകരിക്കുന്നു.  

'ഒരു ഓയിൽ സ്പിൽ ഉണ്ടാകുമ്പോൾ, അതിൻറെ സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അതിനു ഓയിൽ സ്പിൽ കണ്ടിൻജൻസി പ്ലാൻ കൂടിയേ തീരൂ. ഓയിൽ സ്പിൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ, കണ്ടിൻജൻസി  പ്ലാനിൻറെ ഗുണമേന്മയും, ക്ലീൻ അപ്പ് ഓപ്പറേഷൻറെ  (Clean up operations)  ഏകോപനവും അതിന്റെ പല ഘടകങ്ങളും വലിയ പങ്ക് വഹിക്കുന്നു.' ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പറയുന്നു. 

Titanium
ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിന്നുള്ള രാസമാലിന്യം വേളി കടലിലേക്ക് നിർബാധം ഒഴുകുന്ന ദൃശ്യങ്ങൾ

കൃത്യമായ ഒരു കണ്ടിൻജൻസി പ്ലാൻ ഇല്ലാത്തതിനാൽ  പൈപ്പ്ലൈനുകളിലൂടെ സംഭവിക്കുന്ന എണ്ണച്ചോർച്ചകൾ കണ്ടുപിടിക്കാൻ കമ്പനി കാലതാമസമെടുത്തേക്കാം. ഫെബ്രുവരി 21-നു നടന്ന എണ്ണച്ചോർച്ചയുടെ ഉറവിടം ഏറെ വൈകിയാണ് കണ്ടെത്തിയതെന്ന് വേളിയിലും സമീപപ്രദേശങ്ങളിലും ഉള്ളവർ പറയുന്നു.

എന്നാൽ, കമ്പനി അധികൃതർ ഈ വാദങ്ങളെ എതിർത്തു. 'എസ്.ഡി.എം.എയുടെ റിപ്പോർട്ട് പൂർണമായും ശരിയല്ല. ഞങ്ങൾക്ക് ഇത്തരം ദുരന്തസാഹചര്യങ്ങളെ നേരിടാൻ കൃത്യമായ ഒരു എമർജൻസി പ്ലാൻ ഉണ്ട്. അടുത്തിടെയുണ്ടായ എണ്ണച്ചോർച്ച  കൈകാര്യം ചെയ്തതിൽ ചില പാളിച്ചകൾ പറ്റിയിട്ടുണ്ടെങ്കിലും അത്  വളരെ പെട്ടെന്ന് നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സംഭവിച്ച ദുരന്തത്തിൽനിന്ന് പുതിയ പാഠങ്ങൾ  ഉൾക്കൊണ്ട് ഞങ്ങൾ എമർജൻസി പ്ലാൻ നവീകരിക്കുകയും ചെയ്തു.' 

 KMML
കെ.എം.എം.എൽ., ചവറ 

ട്രാവൻകൂർ ടൈറ്റാനിയത്തെപ്പോലെ കേരളത്തിലെ  പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് കെ.എം.എം.എൽ. ടൈറ്റാനിയത്തിനു സമാനമായി ടൈറ്റാനിയം ഡൈ ഓക്സൈഡാണ് ഇവിടെയും ഉത്പാദിപ്പിക്കുന്നത്. റൂട്ടൈൽ ടൈറ്റാനിയം ഡയോക്സൈഡാണ് പ്രധാന ഉത്പന്നം. ചവറ, ആലപ്പാട് കടപ്പുറങ്ങളിൽനിന്നു കരിമണൽ വാരി തീരശോഷണം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം.എം.എല്ലിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാണ്. തീരശോഷണം കൂടാതെ കെമിക്കൽ സ്പിൽ കാരണം സമീപപ്രദേശങ്ങളിലെ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. കമ്പനിക്കടുത്തുള്ള പല പറമ്പുകളും കിണറുകളും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

KMML
കെ.എം.എം.എല്ലിന് സമീപത്തെ തീരക്കടലിന്റെ ഉപഗ്രഹ ചിത്രം

ഫർണസ് ഓയിൽ,  കൽക്കരി, എൽ.പി.ജി., എൽ.എൻ.ജി. എന്നിവയാണ് ഇവിടെ ഉപയോഗിക്കുന്ന പ്രധാന ഇന്ധനങ്ങൾ. അതിനാൽതന്നെ കൊച്ചുവേളിയിലുണ്ടായതുപോലെ ഒരു ഓയിൽ സ്പില്ലിനു സാധ്യത കെ.എം.എം.എല്ലിലുമുണ്ട്. എന്നാൽ, കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ എമർജൻസി പ്ലാൻ തയ്യാറാണെന്നും പെട്രോളിയം എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള പ്ലാനുകൾ തയാറാക്കുകയാണെന്നും അറിയിച്ചു. 

'ദ്രവീകൃത ഇന്ധനം സൂക്ഷിക്കുന്ന ടാങ്കുകൾ കടലിൽനിന്നു മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഒപ്പം വളരെ സുരക്ഷിതമായാണ് ഇന്ധനം പൈപ്പ്ലൈനുകൾ വഴി പ്രൊഡക്ഷൻ യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്നതും. അതിനാൽ ഒരു പ്രത്യേക ഓയിൽ കണ്ടിൻജൻസി പ്ലാൻ തയ്യാറാക്കിയിട്ടില്ല.' അധികൃതർ കൂട്ടിച്ചേർത്തു 

എന്നാൽ, കമ്പനിയിൽനിന്ന് എല്ലാ തരത്തിലുള്ള മാലിന്യങ്ങളും കടലിൽ നിക്ഷേപിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. സമീപകാലത്തെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ കെ.എം.എം.എല്ലിന്റെ മിനറൽ സെപ്പറേഷൻ യൂണിറ്റിന്റെ ചുറ്റുമുള്ള കടലിലെ വെള്ളം തവിട്ടുനിറത്തിലാണ് കാണപ്പെട്ടത്.  

ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ കമ്പനി അധികൃതർ അറിയിച്ചതിങ്ങനെ: 'പി.എച്ച്. മൂല്യം ന്യൂട്രൽ ആക്കിയതിനു ശേഷമാണ് കടലിലേക്ക് മലിന ജലം ഒഴുക്കിവിടുന്നത്. ഇന്ധനമായി ഉപയോഗിക്കുന്ന കൽക്കരിയുടെ ഭാഗങ്ങൾ ജലവുമായി കലരുന്നത് കൊണ്ടാണ് കടലിലെ വെള്ളത്തിൻറെ നിറത്തിൽ മാറ്റം കാണുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇവിടെ പരിശോധനകൾ നടത്താറുണ്ട്. കടൽ വെള്ളത്തിന്റെ പി.എച്ച്. മൂല്യവും അവർ നേരിട്ട് പരിശോധിക്കുന്നുണ്ട് .'
 
ട്രാവൻകൂർ ടൈറ്റാനിയവും കെ.എം.എം.എല്ലും കൂടാതെ ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന നിരവധി കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ കൊച്ചി തുറമുഖത്തിലേതടക്കം നിരവധി വലിയ ഓയിൽ ടാങ്കുകളും കേരളത്തിലുണ്ട്. ഇവിടെയെല്ലാം എണ്ണച്ചോർച്ചയ്ക്ക് സാധ്യതയുമുണ്ട്.

രാജ്യത്തെ മറൈൻ എണ്ണച്ചോർച്ച  നിയന്ത്രിക്കുന്നതിനുള്ള നോഡൽ ഏജൻസി കോസ്റ്റ് ഗാർഡാണ്. എണ്ണച്ചോർച്ച  നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഓയിൽ കണ്ടിൻജൻസി പ്ലാൻ 2015-ൽ കോസ്റ്റ് ഗാർഡ് തയ്യാറാക്കിയിരുന്നു. ഒരു അപകടസമയത്ത് വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള വിശദമായ  മാർഗ്ഗരേഖയാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ അവരുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് ഒരു കണ്ടിൻജൻസി പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. കൂടാതെ തുറമുഖങ്ങളും റിഫൈനറികളും വ്യവസായ സ്ഥാപനങ്ങളും പോലെയുള്ളവ ഫെസിലിറ്റി തലത്തിലും പ്ലാൻ തയ്യാറാക്കണം. ഇത്തരം സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ലകളും കണ്ടിൻജൻസി പ്ലാനുകൾ തയ്യാറാക്കേണ്ടതുണ്ട്.

എന്നാൽ, കേരളത്തിന് ഒരു സംസ്ഥാനതല ഓയിൽ കണ്ടിൻജൻസി പ്ലാൻ നിലവിലില്ല. ചോർച്ച നിയന്ത്രിക്കുന്നതിനും കടലിൽ എണ്ണ പടരുന്നത് തടയാനും സഹായിക്കുന്ന നിരവധി ഉപകരണങ്ങളുണ്ട്. സംസ്ഥാനവും ബന്ധപ്പെട്ട  സ്ഥാപനങ്ങളും തുറമുഖ അതോറിറ്റികളും ഇത്തരത്തിലുള്ള ഉപകരണങ്ങൾ കൈവശം വയ്ക്കേണ്ടതാണ്. പക്ഷേ  ഇങ്ങിനെയുള്ള  ഉപകരണങ്ങൾ സംസ്ഥാന സർക്കാരിൻറെ കൈവശമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കൊച്ചി, കൊല്ലം പോർട്ട് ട്രസ്റ്റുകളുടെ കൈവശവും കൊച്ചി കോസ്റ്റ് ഗാർഡ്, റിഫൈനറി എന്നിവരുടെ കൈവശവും ഉപകരണങ്ങൾ ലഭ്യമാണ്. വിഴിഞ്ഞത്തെ മൈനർ പോർട്ടുൾപ്പെടെ സംസ്ഥാനത്തെ ഇതര പോർട്ടുകളിൽ പലതിനും വ്യക്തമായ കണ്ടിൻജൻസി പ്ലാനോ ഉപകരണങ്ങളോ  ഇല്ല എന്നതും വസ്തുതയാണ്.

Kochi Port
കൊച്ചി തുറമുഖം 
 
കേരളത്തിൽ ഓയിൽ സ്പിൽ നടക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖവും പരിസരവും. കൊച്ചി പോർട്ടിൽ നങ്കൂരമിടുന്ന കപ്പലുകൾ, പൈപ്പ്ലൈനുകൾ എന്നിവയിൽ നിന്നുണ്ടാവുന്ന എണ്ണച്ചോർച്ച വൈറ്റില, ഫോർട്ട് കൊച്ചി അടക്കം നഗരത്തിൻറെ ജനനിബിഡമായ ഭാഗങ്ങളെ പരോക്ഷമായി ബാധിക്കാം. കൊച്ചി പോർട്ടിന് ഓയിൽ സ്പിൽ നേരിടാൻ വിശദമായ ഒരു കണ്ടിൻജൻസി പ്ലാനുണ്ട്. ഇതിനോടകം തന്നെ ചെറുതും വലുതുമായ ഒട്ടേറെ ഓയിൽ സ്പില്ലുകൾ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ അവർ കൃത്യമായി നേരിട്ടിട്ടുമുണ്ട്. 

'പോർട്ട് ട്രസ്റ്റിന്റെ പ്ലാൻ ഒരു ലോക്കൽ കണ്ടിൻജൻസി പ്ലാൻ ആണ്. പക്ഷേ അത് തയ്യാറാക്കിയിരിക്കുന്നത് ദേശീയ തലത്തിലുള്ള കണ്ടിൻജൻസി പ്ലാൻ അനുസരിച്ചാണ്. എല്ലാ സംസ്ഥാനങ്ങളുടെയും തീരങ്ങളിലെ എണ്ണച്ചോർച്ച  സംബന്ധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്  മലിനീകരണ നിയന്ത്രണ ബോർഡുകളാണ്. നോഡൽ ഏജൻസിയായ കോസ്റ്റ് ഗാർഡും ഇതിനു വേണ്ട സഹായങ്ങൾ നൽകുന്നു. ഇവരോട് ചേർന്നാണ് പോർട്ട് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. സംസ്ഥാന കണ്ടിൻജൻസി പ്ലാൻ നിർമ്മിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഞങ്ങളോട് ചില സാങ്കേതിക സഹായങ്ങൾ ആവശ്യപ്പെട്ടിരുന്നു, അത് ഞങ്ങൾ നൽകുകയും ചെയ്തു.' 

എസ്.പി.എമ്മിൽ (സിംഗിൾ പോയിൻറ് മൂറിങ്)  എണ്ണച്ചോർച്ചയുണ്ടായാൽ ആദ്യ നടപടിയെടുക്കേണ്ടത് ബി.പി.സി.എൽ. ആണ്. ഇതിനുവേണ്ടി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ രണ്ടു ചെറുകപ്പലുകൾ എസ്.പി.എമ്മിനടുത്ത് ബി.പി.സി.എൽ. ലഭ്യമാക്കിയിട്ടുണ്ട്. പോർട്ടിൽനിന്ന് ഒരു മണിക്കൂർ വേണ്ടി വരും എസ്.പി.എമ്മിൽ എത്താൻ. അതുകൊണ്ട് ഒരു ഇനിഷ്യൽ റെസ്പോൺസിന് വേണ്ടി മാത്രമാണ് ഈ സജ്ജീകരണം. ഇതിനകം പോർട്ടിന്റെ ടീം  അവിടെ എത്തും. എണ്ണയുടെ വ്യാപ്തി വളരെ കൂടുതലാണെങ്കിൽ കോസ്റ്റ് ഗാർഡിനെ വിളിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെടുന്ന പരിശീലന പരിപാടികൾ  ഓരോ മൂന്ന് മാസത്തിലും ഞങ്ങൾ നടത്താറുണ്ട്.  ഓയിൽ സ്പിൽ ഉണ്ടായാൽ സംഭവിക്കുന്ന പരിസ്ഥിതി നാശം തടയാൻ വേണ്ട പ്രവർത്തനങ്ങളിലും ഞങ്ങൾ ഉൾപ്പെടാറുണ്ട്. പക്ഷേ ഇതിൽ ഞങ്ങൾക്ക് ഡൊമൈൻ എക്സ്പീരിയൻസ് ഇല്ല. അതിനാൽ ഇതുമായി ബന്ധപ്പെട്ട സംഘടനകൾ, സ്ഥാപനങ്ങൾ, വന്യജീവി വകുപ്പ് എന്നിവരുടെ സഹായം തേടാറുണ്ട്.

ജോസഫ് ജെ. ആലപ്പാട്ട്
(പോർട്ട് ഡെപ്യൂട്ടി കൺസെർവേറ്റർ)

എണ്ണച്ചോർച്ചയുടെ ഉറവിടം കണ്ടുപിടിക്കുക എന്നുള്ളതാണ് ആദ്യ പടി. ഉറവിടം അടച്ചു കഴിഞ്ഞാൽ ചോർന്ന എണ്ണ നീക്കം ചെയ്യാൻ എളുപ്പമാണ്. ഒരു ഓയിൽ ടാങ്കറിലാണ് ചോർച്ചയുണ്ടാകുന്നതെങ്കിൽ  എത്രയും പെട്ടന്ന് അതിലെ എണ്ണ മറ്റ് ഓയിൽ ടാങ്കറുകളിലേക്ക് മാറ്റുക എന്നതാണ് ആദ്യ നടപടി. അതുവഴി എണ്ണച്ചോർച്ച മാത്രമല്ല, അത് കടലിൽ കൂടുതൽ കലരുന്നതും ഒഴിവാക്കാം. അതോടൊപ്പം ഓയിൽ സ്പിൽ ഉണ്ടാകുന്ന പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ക്ലീനിങ് സ്ട്രാറ്റജിയെ സ്വാധീനിക്കും.  

വേലിയേറ്റവും വേലിയിറക്കവും എണ്ണച്ചോർച്ചയെ സ്വാധീനിക്കും. ടൈഡൽ എബ് (Tidal Ebb) സമയങ്ങളിൽ ചോർച്ച സംഭവിച്ചാൽ വലിയ പ്രശ്നങ്ങളുണ്ടാവില്ല. കാരണം, എണ്ണ തീരങ്ങളിലേക്ക് വരില്ല. അതോടൊപ്പം പരക്കുന്ന എണ്ണ കരയെ ബാധിക്കുന്നില്ലെങ്കിൽ നൂറു ശതമാനം ക്ലീൻ ചെയ്യേണ്ടതില്ല. 

ചോരുന്ന എണ്ണയുടെ സ്വഭാവവും ക്ലീനിങ് സ്ട്രാറ്റജിയെ ബാധിക്കും. ഉദാഹരണത്തിന് ക്രൂഡ് ഓയിൽ സ്പിൽ ഉണ്ടാകുമ്പോൾ 50 ശതമാനം മാത്രമേ ശുചിയാക്കേണ്ടതുള്ളൂ. ബാക്കി, ടൈഡൽ ഫോഴ്സുകൾ (Tidal forces),  ബാഷ്പീകരണം (Evaporation) എന്നിവ കാരണം കടലിൽനിന്ന് സ്വാഭാവികമായി നീക്കം ചെയ്യപ്പെടും. എന്നാൽ ശുദ്ധീകരിച്ച എണ്ണയാണ്  (Refined oil) പരക്കുന്നതെങ്കിൽ  ബാഷ്പീകരണനിരക്ക് വളരെ കൂടുതൽ ആയിരിക്കും. ഇവ തീരത്തടിഞ്ഞാൽ വലിയ പ്രശ്നങ്ങളുണ്ടാകും.' 

കേരളത്തിന് വേണ്ടി ഒരു ഓയിൽ സ്പിൽ കണ്ടിൻജൻസി പ്ലാൻ തയ്യാറാക്കുന്ന ചുമതല സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനാണ്. പ്രസ്തുത പ്ലാനിനെ പറ്റി  ബോർഡ് അധികൃതർ പറഞ്ഞതിങ്ങനെ: 

'സംസ്ഥാന ഓയിൽ സ്പിൽ കണ്ടിൻജൻസി പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി ഒരു താല്പര്യപത്രം 2016-ൽ ഇറക്കിയിരുന്നു. പക്ഷേ പ്ലാൻ സ്‌കീമിൻറെ അനുമതിക്ക് കാലതാമസം ഉണ്ടായി. അതിനാലാണ് കണ്ടിൻജൻസി പ്ലാൻ വൈകിയത്. വേണ്ട അനുമതികൾ ലഭിച്ചതിനാൽ  പ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ കോസ്റ്റ് ഗാർഡിന്റെ മോക്ക് ഡ്രില്ലുകളിലും പരിശീലന പരിപാടികളിലും ഞങ്ങൾ പങ്കുചേരാറുണ്ട് .'

'നമ്മുടെ അതിർത്തിയോട് ചേർന്ന് അയൽ സംസ്ഥാനങ്ങളിൽ എണ്ണച്ചോർച്ചയുണ്ടായാൽ ഏകോപനം നടത്തുന്നത് കോസ്റ്റ് ഗാർഡാണ്. അക്കാര്യങ്ങൾ നാഷണൽ കണ്ടിൻജൻസി പ്ലാനിൽ വളരെ വ്യക്തമായി നൽകിയിട്ടുണ്ട്.'  മംഗലാപുരം തുറമുഖത്തുണ്ടായേക്കാവുന്ന എണ്ണച്ചോർച്ച കാസറഗോഡ് ജില്ലയെ ബാധിച്ചാൽ അന്തർസംസ്ഥാന ഏകോപനം എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തിന് അവർ മറുപടി നൽകി.

വിവിധ കാരണങ്ങൾ മൂലം ഓയിൽ സ്പിൽ കണ്ടിൻജൻസി പ്ലാൻ തയാറാക്കുന്നത് വൈകിയെങ്കിലും സർക്കാർ സംവിധാനങ്ങൾ ഇപ്പോൾ അതിന്റെ പണിപ്പുരയിലാണ്. കോസ്റ്റ് ഗാർഡുമായി ചേർന്ന് നടത്തിയിട്ടുള്ള മോക്ക് ഡ്രില്ലുകളുടെയും പങ്കെടുത്ത പരിശീലനങ്ങളുടെയും പശ്ചാത്തലത്തിൽ എണ്ണച്ചോർച്ച കൈകാര്യം ചെയ്യുന്നതിനെ പറ്റി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കൃത്യമായ ധാരണയുണ്ട്. എന്നാൽ, മാരകമായ അപകടമുണ്ടായാൽ മൊത്തം സർക്കാർ സംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വളരെ മികച്ച ഏകോപനത്തോടുകൂടി പ്രവർത്തിക്കണം. അതിന് ഒരു ഓയിൽ സ്പിൽ കണ്ടിൻജൻസി പ്ലാൻ അനിവാര്യമാണ്. ഒപ്പം ദ്രവീകൃത ഇന്ധനം വലിയ തോതിൽ സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും, വ്യക്തമായ ഫെസിലിറ്റി ലെവൽ കണ്ടിൻജൻസി പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ എന്നും സർക്കാർ ഉറപ്പുവരുത്തുകയും വേണം. 

എന്താണ് ഓയിൽ സ്പിൽ കണ്ടിൻജൻസി പ്ലാൻ?

ആകസ്മികമായി സംഭവിച്ചേക്കാവുന്ന, പരിസ്ഥിതിയ്ക്കും ജീവജാലങ്ങൾക്കും ജലഗതാഗതത്തിനും ഒക്കെ ഹാനികരമായ ഒരു എണ്ണചോർച്ചയെ നേരിടുന്നതിനും നിയന്ത്രിക്കുന്നതിനും നീക്കം ചെയ്യുന്നതിനും വേണ്ട വിശദമായ പദ്ധതിയാണിത്.

എന്താണ് സിംഗിൾ പോയിൻറ് മൂറിങ് അഥവാ എസ്.പി.എം.?

തുറമുഖത്ത് അടുക്കാൻ കഴിയാത്ത വലിയ എണ്ണ ടാങ്കറുകളിൽനിന്ന് എണ്ണ വലിയ ടാങ്കുകളിൽ ശേഖരിച്ചശേഷം പൈപ്പ് ലൈനിലുടെ കൊച്ചി റിഫൈനറിയിൽ എത്തിക്കുന്നതിന് കൊച്ചിക്കടുത്ത പുതുവയ്പിലുള്ള സംവിധാനമാണിത്. പുതുവയ്പിൽ നിന്ന് കടലിൽ 19 കിലോ മീറ്റർ (10 നോട്ടിക്കൽ മൈൽ) ദൂരത്തിൽ 30 മീറ്റർ ആഴമുള്ള സ്ഥലത്താണ് എസ്.പി.എം. സ്ഥിതി ചെയ്യുന്നത്. മൂന്നു ലക്ഷം ടണ്ണോളം കേവുഭാരമുള്ള (DWT - Dead Weitht Tonnage) വലിയ എണ്ണ ടാങ്കറുകളിൽനിന്ന് എണ്ണ ശേഖരിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ടാങ്കറുകളിൽനിന്ന് എണ്ണ 48 ഇഞ്ച് വ്യാസമുള്ള പൈപ്പ്ലൈനിലൂടെ പുതുവയ്പിലുള്ള 80,000 കിലോ ലിറ്റർ വീതം സംഭരണശേഷിയുള്ള നാല് ടാങ്കുകളിലായി സംഭരിക്കുന്നു. തുടർന്ന് അവിടെനിന്ന് പൈപ്പ്ലൈനിലൂടെ റിഫൈനറിയിലെത്തിക്കുന്നു. പുതുവയ്പിൽ 70 ഹെക്ടർ സ്ഥലത്താണ് ഈ സംവിധാനം സ്ഥിതി ചെയ്യുന്നത്.

Content Highlights: Oil Spill in Kerala, Series Part Two | Surakshithamo Navakeralam? 02