വലോകക്രമത്തിലെ ബാങ്കിങ് അടിമുടി മാറിക്കഴിഞ്ഞു. ഇനിയൊരു മാറ്റം തത്കാലം സാധ്യമല്ല എന്നാണ് വിദഗ്ധതമതം. എന്നാല്‍, മനുഷ്യവിഭവശേഷിയെ ക്രിയാത്മകമായി മാറ്റുന്നതിനുപകരം അതിനെ തകര്‍ക്കുന്ന സമീപനം വിപരീതഫലമാണ് സൃഷ്ടിക്കുക എന്നത് വ്യക്തം. പുതിയ കാലത്തിനു യോജ്യമായ പരിശീലനവും സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള'സ്ട്രസ് ബസ്റ്റര്‍' പദ്ധതികളും തൊഴില്‍ നിയമനവും സര്‍വോപരി 'ഹീലിങ് ടച്ചും' ആണ് അടിയന്തരമായ ആവശ്യം. നൂതന ബാങ്കിങ് രീതികളുമായി പൊരുത്തപ്പെടാനുള്ള പരിശീലനമോ പഠനരീതികളോ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്. വ്യത്യസ്ത വിദ്യാഭ്യാസ മേഖലകളില്‍നിന്ന് തിരഞ്ഞെടുപ്പുകിട്ടി വരുന്നവരെ ശാസ്ത്രീയമായ ഓറിയന്റേഷനുകള്‍ ഇല്ലാതെ ഒറ്റയടിക്ക് സമ്മര്‍ദത്തിലാഴ്ത്തിയാല്‍ ഫലം വിപരീതമായിരിക്കും. ടാര്‍ഗറ്റുകള്‍ തികയ്ക്കാനുള്ള യാന്ത്രികവും ഭീഷണവുമായ തൊഴില്‍സമീപന രീതിയില്‍ നിന്നുമാറി കുറച്ചുകൂടി പ്രൊഫഷണലായ രീതികള്‍ അവലംബിക്കേണ്ടതാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. ഇതില്‍ ന്യായമുണ്ടുതാനും. മള്‍ട്ടി ടാസ്‌കിങ് ജോലികളില്‍ എല്ലാവരും ശോഭിക്കില്ല എന്നവശം കണക്കിലെടുത്ത് തൊഴില്‍രീതിയില്‍ മാറ്റം വരുത്തണമെന്നും അവര്‍ പറയുന്നു. കടുത്ത യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് മത്സരാധിഷ്ഠിതമായ ലോകത്തെ ബാങ്കിങ് സംവിധാനവുമായി മുന്നോട്ടുപോവാന്‍ കൂട്ടായ യത്‌നമാണ് ആവശ്യം. അതിന് മാനേജ്മെന്റും ജീവനക്കാരും സംഘടനകളും ഒരുമിച്ചിരിക്കണം. ഇതുസംബന്ധിച്ച് ബാങ്കിങ് മേഖലയില്‍ നിന്നുള്ളവരുടെ നിര്‍ദേശങ്ങളും പ്രതികരണങ്ങളും.

ശാസ്ത്രീയ സംവിധാനം വേണം

ഞങ്ങളൊക്കെ ജോലിചെയ്തിരുന്ന കാലത്തുള്ള സ്ഥിതിയല്ല ഇന്ന്. ഒന്നാമതായി റിക്രൂട്ട്മെന്റ് കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണത്തില്‍ വല്ലാത്ത കുറവുണ്ടായി. അതേസമയം, ജോലിസമ്മര്‍ദം കൂടുന്നുമുണ്ട്. പരമ്പരാഗത ബാങ്കിങ് സംവിധാനത്തിനുപുറമേ ഒട്ടേറെ അനുബന്ധ ജോലികള്‍ ബാങ്ക് ജീവനക്കാര്‍ക്ക് ചെയ്യേണ്ടിവരുന്നുണ്ട്. മ്യൂച്വല്‍ ഫണ്ട്, കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങി പല ഉത്പന്നങ്ങളും ടാര്‍ഗറ്റ് അനുസരിച്ചു വിപണനം ചെയ്യേണ്ടതായുണ്ട്. പുതിയ കാലത്ത് ടെക്നോളജിയുടെ വലിയൊരു സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. എന്നാലും പല കാരണങ്ങള്‍കൊണ്ടും ജോലിഭാരം കൂടുകയാണ്. നമ്മുടെ സമ്പദ്ഘടന വലിയൊരു വെല്ലുവിളി നേരിടുന്ന കാലമാണിത്. നോട്ടുനിരോധനത്തില്‍നിന്ന് തുടങ്ങിയ തളര്‍ച്ച കോവിഡിനുശേഷം വല്ലാതെ കൂടിയിരിക്കുന്നു. ഇതിന്റെയെല്ലാം സമ്മര്‍ദം മറ്റു മേഖലകളെക്കാള്‍ കൂടുതല്‍ പ്രതിഫലിക്കുക ബാങ്കിങ് രംഗത്താണ്. കൃഷി, ചെറുകിട വ്യവസായരംഗംമുതല്‍ വാഹനവായ്പ, ഭവനവായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ പലതും ഇക്കാലത്ത് കുടിശ്ശികയാകുകയാണ്. കുറെ സൗജന്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതിനൊക്കെയും റിക്കവറി ടാര്‍ഗറ്റുകളുമുണ്ട്.

കൃത്യമായ ജോലിസമയമില്ലാത്ത ഓഫീസര്‍മാരുടെ കാര്യം കഷ്ടമാണ്; ഈ സമ്മര്‍ദം കൂടുകയേ ഉള്ളൂ. എഴുത്തുകാരനെന്ന നിലയില്‍ക്കൂടി പറഞ്ഞാല്‍ സ്വന്തം മനസ്സിനെ നിയന്ത്രിക്കുകയെന്നത് എളുപ്പമല്ല. സ്വയം ജീവനൊടുക്കാന്‍ ഒരു മാനേജര്‍ ബാങ്ക് കെട്ടിടംതന്നെ തിരഞ്ഞെടുത്തുവെന്നത് ഏറ്റവും ദുഃഖകരമായ അവസ്ഥയാണ്. സമ്മര്‍ദം ആവുന്നത്ര സ്വയം കൈകാര്യം ചെയ്യാന്‍ പരിശ്രമിക്കേണ്ടി വരും മേലധികാരികളും ഇതിനെ അനുഭാവപൂര്‍വം കാണേണ്ടതുണ്ട്. ജീവനക്കാരുടെ പ്രത്യേകിച്ചും വനിതകളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയണം. സമയോചിതമായ കൗണ്‍സലിങ്ങും സഹായകമാണ്. കുടുംബവും മുതിര്‍ന്നവരും നല്‍കുന്ന പിന്തുണയും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. - സേതു (എഴുത്തുകാരന്‍, എസ്.ഐ.ബി. മുന്‍ ചെയര്‍മാന്‍)

വേണം സ്‌ട്രെസ് മാനേജ്‌മെന്റ് 

തൊഴിലിടത്തെ സമ്മര്‍ദം കാരണമുള്ള ആത്മഹത്യയെന്നത് സങ്കടകരവും ഏതുനിലയ്ക്കും ഒഴിവാക്കപ്പെടേണ്ടതുമാണ്. ജോലിഭാരം കുന്നുകൂടുന്നത് ഒഴിവാക്കാന്‍ ആദ്യപടി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്നതാണ്. സൗഹൃദപരവും ജീവനക്കാരെ ചേര്‍ത്തുപിടിക്കുന്നതുമായ ഒരു മാനേജ്മെന്റ് സൗകര്യം വേണം. ജീവനക്കാര്‍ക്ക് സ്ട്രെസ് മാനേജ്മെന്റില്‍ മികച്ചപരിശീലനം നല്‍കണം. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ സ്‌നേഹപൂര്‍ണമായ കരുതല്‍ ജീവനക്കാര്‍ക്കും വേണം. ട്രേഡ് യൂണിയനുകള്‍ ഇക്കാര്യങ്ങളില്‍ ഉത്തരവാദിത്വപൂര്‍ണമായ ഇടപെടല്‍ നടത്തുകയും വേണം. - എസ്.രാമകൃഷ്ണന്‍(ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ അംഗം.) 

നവയാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടണം

പൊതുമേഖലാ ബാങ്കുകളില്‍ താരതമ്യേന സൗമ്യമായ സമീപനമാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ജോലിയുടെ ഭാഗമായി മേലധികാരികള്‍ മോശപ്പെട്ട ഭാഷയോ പെരുമാറ്റമോമൂലം സമ്മര്‍ദംചെലുത്താന്‍ ശ്രമിച്ചാല്‍ അത് ശരിയല്ല. അതില്‍ പ്രതികരിക്കണം. അതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ ഓഫീസിനകത്തും പുറത്തും ഉണ്ടുതാനും.

കൂടാതെ, പല ബാങ്കുകളിലും കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സംവിധാനം ഓഫീസര്‍ മാനേജര്‍ തസ്തികയില്‍ 'ജോലിസമ്മര്‍ദം' അനുഭവപ്പെടുന്ന വ്യക്തികള്‍ക്ക് നല്‍കിവരുന്നു. സുഹൃത്തുക്കളോടും കുടുംബത്തിലും ഈ സമ്മര്‍ദത്തെക്കുറിച്ച് സംസാരിക്കുക. എങ്ങനെ മാനസികമായി തളരാതെ നില്‍ക്കാം എന്നുനോക്കുക.

ആദ്യമേതന്നെ എടുക്കാന്‍ പറ്റാത്ത ഭാരം ആണെങ്കില്‍, അത് മനസ്സിലാക്കി പ്രൊമോഷനും മറ്റും പോകാതിരിക്കുക. ഓരോ വ്യക്തിക്കും തന്നെക്കൊണ്ട് എന്ത് ജോലിയൊക്കെ ചെയ്യാന്‍ പറ്റും എന്നൊക്കെ ഒരു ധാരണവേണം. അത് മനസ്സിലാക്കി മാത്രം ജോലിസ്ഥലത്തു പ്രൊമോഷന് പോവുക. പദവികളോടൊപ്പം സമ്മര്‍ദവും വരും.

സമ്മര്‍ദത്തോടു പൊരുത്തപ്പെടാന്‍ പരമാവധി ശ്രമിച്ചിട്ടും ശരിയാവുന്നില്ലെങ്കില്‍, ഇതുമൂലം ഉണ്ടാകുന്ന മാനസികപ്രശ്‌നങ്ങള്‍ ഒരു 'മെഡിക്കല്‍' പ്രശ്‌നമാണ് എന്നകാര്യം മനസ്സിലാക്കുക. മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഡോക്ടര്‍മാരെ സമീപിക്കുക. സ്ഥിരവരുമാനംപോലും ഇല്ലാതെ ജീവിതത്തോട് പടവെട്ടുന്നവര്‍, ദൈനംദിന വേതനത്തിനു ജോലിചെയ്യുന്നവര്‍, ചെറുകിട കച്ചവടവും കൃഷിയും മറ്റുമായി ഉപജീവനം നടത്തുന്ന എത്രയോ കോടി ആള്‍ക്കാര്‍ ഉള്ള നമ്മുടെ രാജ്യത്തില്‍, നാം ചര്‍ച്ചചെയ്യുന്ന 'സമ്മര്‍ദം' തികച്ചും ആപേക്ഷികമാണ്. ജോലിസമ്മര്‍ദവും ടാര്‍ഗറ്റും ഒക്കെ ലഘൂകരിക്കണം എന്നൊക്കെ നമുക്ക് പറയാമെങ്കിലും സമൂഹത്തിലും സ്ഥാപനങ്ങളിലും ഈ സമ്മര്‍ദം കൂടുകയേയുള്ളൂ.

ഈ നവയാഥാര്‍ഥ്യത്തോട് പൊരുത്തപ്പെട്ടുജീവിക്കാന്‍ നാം സ്വയം പാകപ്പെടണം. ഒരു പക്ഷേ, ഇനിവേണ്ടത് പരീക്ഷകളില്‍ മാര്‍ക്ക് നേടുന്നതിനെക്കാളേറെ നമുക്കു വേണ്ടത് സമ്മര്‍ദം നേരിടാന്‍ മാനസികശേഷി വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പുകളാണ്. - ആദികേശവന്‍(ചീഫ് ജനറല്‍ മാനേജര്‍, എസ്.ബി.ഐ) 

ജീവനക്കാര്‍ക്കൊപ്പം നില്‍ക്കും 

വെറും സേവനങ്ങള്‍ അല്ലെങ്കില്‍ ഇടപാടുകള്‍ എന്ന പഴയ സംവിധാനത്തില്‍നിന്ന് ബാങ്കിങ് ഒരുപാട് മാറിക്കഴിഞ്ഞു. ഇപ്പോള്‍ സെയില്‍സ് അല്ലെങ്കില്‍ പ്രോഡക്ട് അടിസ്ഥാനമാക്കിയുള്ളതാണ് ബാങ്കിങ് സംവിധാനം. പ്രത്യേകിച്ചും സ്വകാര്യബാങ്കുകളില്‍ എല്ലാവരും തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനാണ് പ്രഥമപരിഗണന കൊടുക്കുന്നത്. എല്ലാവര്‍ക്കും ടാര്‍ഗറ്റുകളുണ്ടാകും. അതുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടെന്നത് ശരിതന്നെയാണ്. പണ്ട് ജോലി തീര്‍ക്കുക എന്നതിനെക്കുറിച്ചായിരുന്നു ടെന്‍ഷനെങ്കില്‍ ഇന്ന് ഈ ഉത്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ടാണ്. കാരണം, ഇന്ന് സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോലി സാങ്കേതികവിദ്യ ഏറ്റെടുത്തുകഴിഞ്ഞു. എത്രയാണ് നിങ്ങള്‍ വിറ്റത്, നിങ്ങളെത്ര ടാര്‍ഗറ്റുകള്‍ തികച്ചു എന്നതാണ് ഏറ്റവും താഴെത്തട്ടുമുതല്‍ മാനേജര്‍മാര്‍ വരെയുള്ളവരുടെ മികവ് അളക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡം. 

ജീവനക്കാര്‍ക്കൊപ്പം മാനേജ്മെന്റും നില്‍ക്കുക എന്നതാണ് പരിഹാരം. സാഹചര്യങ്ങള്‍ വളരെ മാറിക്കഴിഞ്ഞു. ഉത്പന്നങ്ങളെയും മറ്റു വരുമാന മാര്‍ഗങ്ങളെയും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. സമ്മര്‍ദം കുറയ്ക്കാന്‍ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കാനാവണം. എല്ലാവര്‍ക്കും മാര്‍ക്കറ്റിങ്ങില്‍ ശോഭിക്കാനായെന്നു വരില്ല. അങ്ങനെയുള്ളവര്‍ മോശക്കാരെന്നല്ല. പകരം അവര്‍ മികച്ചതാകുന്ന മറ്റ് ഏരിയകളുണ്ടാകും. അഡ്മിനിസ്ട്രേഷന്‍, ഐ.ടി. തുടങ്ങിയവ. ടാര്‍ഗറ്റുകളുടെ വെല്ലുവിളി സ്വീകരിക്കാനാകാത്തവരെ ബാക്കപ്പ് സംവിധാനങ്ങളിലേക്ക് പരിഗണിച്ചാണ് പെട്ടെന്നൊരു പരിഹാരം ഞങ്ങള്‍ കാണുന്നത്. - ജെ.കെ.ശിവന്‍(മാനേജിങ് ഡയറക്ടര്‍, ധനലക്ഷ്മി ബാങ്ക്) 

വേണ്ടത് മാന്‍ പവര്‍ പ്ലാനിങ്

ബാങ്ക് ലയനങ്ങള്‍, സാങ്കേതിക പ്രശ്‌നങ്ങള്‍കാരണം ഇടപാടുകാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇവയുടെയെല്ലാം ഫലവും പ്രതികരണവും ശാഖകളില്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് അവിടെ ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാരാണ്. അശാസ്ത്രീയമായ മാന്‍ പവര്‍ പ്ലാനിങ്ങാണ് ഈ സമ്മര്‍ദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ലാഭത്തില്‍ മാത്രം, പ്രത്യേകിച്ചും 'മറ്റു വരുമാന സ്രോതസ്സുകള്‍' എന്നതിലൂന്നിയുള്ള ബിസിനസ് പ്ലാനിങ്ങാണ് ഇന്ന് പൊതുമേഖലാ മാനേജ്മെന്റുകളടക്കം ശ്രദ്ധിക്കുന്നത്. പേഴ്സണല്‍, ബിസിനസ് ഇന്‍സെന്റീവ് എന്ന ഘടകങ്ങള്‍ കൂടിച്ചേരുമ്പോള്‍ വല്ലാത്ത പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ശാസ്ത്രീയമായ മാന്‍ പവര്‍ പ്ലാനിങ് നടപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. നേരത്തേ ഒരു ഓഫീസര്‍ക്ക് നാലു ക്ലാര്‍ക്ക് എന്ന ക്രമീകരണം ഉണ്ടായിരുന്നിടത്ത് ഇന്ന് അര ക്ലാര്‍ക്ക് എന്നതാണ് സ്ഥിതി. ഇത് പരിശോധിക്കപ്പെടണം, ഒപ്പം വ്യക്തിഗത ഇന്‍സെന്റീവ് സമ്പ്രദായം ബാങ്കിങ് മേഖലയില്‍ അവസാനിപ്പിക്കണം. - എ.രാഘവന്‍(ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍, കേരള സര്‍ക്കിള്‍)

സമഗ്രമായ മാറ്റം വരുത്തണം 

മതിയായ ജീവനക്കാരില്ലാത്തതുമുതല്‍ ബാങ്ക് ഉള്ളടക്കത്തില്‍ വന്ന മൗലിക മാറ്റങ്ങള്‍വരെയുള്ള കാരണങ്ങള്‍ പ്രതിപാദിക്കാനാകും. അതാകട്ടെ, കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കുമൊക്കെ മുകളില്‍നിന്ന് കെട്ടിയിറക്കിയ ചേരുവമാറ്റങ്ങളുടേതാണ്. ഫെയര്‍ ആന്‍ഡ് ലൗലി പ്രയോഗം കണക്കേ ഉപരിതലത്തില്‍ ശാഖയുടെയോ വ്യക്തിയുടെയോ കുറവുകളായി വിലയിരുത്തിപ്പോകുന്നത് യഥാര്‍ഥ പ്രശ്‌നപരിഹാരത്തിന് പര്യാപ്തമാകില്ല. ഇടപാടുകാരെയും ജീവനക്കാരെയും വിശ്വാസത്തിലെടുത്ത് ഇന്ത്യന്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സമഗ്രമായ ഒരു ബാങ്കിങ് നയമാണ് ആവിഷ്‌കരിക്കേണ്ടത്. ഇന്ത്യയിലെ ബാങ്കുകളില്‍ ജനങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള സമ്പാദ്യമായ 151 ലക്ഷം കോടി രൂപയെന്നത് നാടിന്റെ ജി.ഡി.പി.തുകയ്ക്ക് തുല്യമായ അമൂല്യവിഭവമാണ്. ലോകത്തിനു തന്നെ മാതൃകയായ ഇന്ത്യന്‍ പൊതുമേഖലാ ബാങ്കിങ് രീതികളെ രാജ്യ പുരോഗതിക്കായി വിനിയോഗിക്കാനുള്ള തുറന്നമനസ്സാണ് അധികാരികളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. - ടി.നരേന്ദ്രന്‍( ബെഫി സംസ്ഥാന പ്രസിഡന്റ്) 

                                                                                                                                                                                            (അവസാനിച്ചു)

 

Content Highlights:Special Series on work pressure in Banks