രാത്രിയേറെ വൈകിയും അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ ബാങ്ക് ശാഖകള്‍ക്കകത്ത് വെളിച്ചംകാണുന്നത് നാം കണ്ടിട്ടുണ്ടാകും. വൈകിയും ജോലിതീര്‍ക്കാന്‍ കഴിയാത്ത ഏതോ ഹതഭാഗ്യനായ മാനേജര്‍ ടാര്‍ജറ്റുകളുമായി മല്‍പ്പിടിത്തംനടത്തുകയാകും ആ നേരത്തും ബാങ്കിനുള്ളില്‍. വര്‍ക്ക്‌മെന്‍ കേഡറിലുള്ള ക്ലറിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് നിയമപ്രകാരമുള്ള ജോലിസമയം പാലിക്കാമെങ്കില്‍ ഓഫീസര്‍ കേഡറിലുള്ള ജീവനക്കാര്‍ക്ക് ക്ലിപ്തമായ ജോലിസമയമില്ല. രാവിലെ എട്ടരയോടെ ബാങ്കിലെത്തിയാല്‍ രാത്രി ഒമ്പതുമണിവരെയെങ്കിലും ബ്രാഞ്ചിലുണ്ടാകും ഭൂരിഭാഗം മാനേജര്‍മാരും. ചുരുക്കത്തില്‍ ബാങ്ക് എപ്പോള്‍ ആവശ്യപ്പെടുന്നോ ആ സമയത്തെല്ലാം ഓഫീസര്‍ കേഡറിലുള്ളവര്‍ ബാങ്കിലുണ്ടായിരിക്കണം. ഇതോടെ ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് നഷ്ടപ്പെട്ട അവസ്ഥയിലാണ് ബാങ്ക് ഓഫീസര്‍മാരുടെ ജീവിതം.

തടവിലാക്കപ്പെട്ട ജീവിതം

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ സമ്മര്‍ദം കുറയ്ക്കാനായി എന്തെങ്കിലും വിനോദത്തിന് സമയംകണ്ടെത്താനോ ആകാതെ വരുന്നതോടെ വിഷാദാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ ഒട്ടേറെ. ജോലിസുരക്ഷയെക്കരുതി ആരും തുറന്നുപറയാറില്ല.

Banks

''ജോലിത്തിരക്കും സമ്മര്‍ദവുംകാരണം മക്കളുടെ വിദ്യാഭ്യാസംപോലും ശ്രദ്ധിക്കാന്‍പറ്റാതായി. പലപ്പോഴും ബ്രാഞ്ചിലെ ജോലി കഴിഞ്ഞെത്തുമ്പോള്‍ ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. മുന്‍പ് ചെറിയരീതിയിലെങ്കിലും അവരെ പഠിപ്പിക്കാനും ഒപ്പമിരിക്കാനും കഴിഞ്ഞിരുന്നു. അന്നൊക്കെ നല്ല മാര്‍ക്കുവാങ്ങിയിരുന്നു മകന്‍. ഒന്നുരണ്ടുവര്‍ഷങ്ങളായി ഒരുദിവസംപോലും മകനൊപ്പം അവനെ പഠിപ്പിക്കാനിരുന്നിട്ടില്ല. അത്രയും പ്രഷറുമായാണ് വീട്ടിലെത്തുന്നത്. മകന്റെ മാര്‍ക്കുകള്‍ ഇപ്പോള്‍ ഒറ്റയക്കങ്ങളിലേക്കുവരെയെത്തി. വീട്ടിലും ഓഫീസിലും പരാജയപ്പെട്ടുപോകുന്നതുപോലെയാണ് ഇപ്പോള്‍ തോന്നുന്നത്'' -എറണാകുളത്ത് ജോലിചെയ്യുന്ന ബാങ്ക് മാനേജരുടെ വാക്കുകള്‍.

എംപ്ലോയി-കസ്റ്റമര്‍ അനുപാതം

''അവധിയുടെ കാര്യവും ഇതുപോലെത്തന്നെ. 30 മുതല്‍ 90 ദിവസംവരെ ഒരുദിവസംപോലും അവധിയെടുക്കാതെ പണിയെടുത്ത മാനേജര്‍മാരുണ്ട്. അവധിദിവസങ്ങളില്‍പ്പോലും ഓഫീസില്‍വരേണ്ടിവരുന്നതും സാധാരണം. അവധിദിവസങ്ങളില്‍ ജോലിചെയ്യുന്നതിന് കോമ്പന്‍സേറ്ററി ഓഫിന് വ്യവസ്ഥയുണ്ടെങ്കിലും അത് കിട്ടാറില്ലെന്നതാണ് ഭൂരിഭാഗം ഓഫീസര്‍മാരുടെയും അനുഭവം. ലീവ് കിട്ടാന്‍ നേരത്തേ അനുവാദം ചോദിക്കണം. അഞ്ചുതവണ ലീവ് ചോദിക്കുമ്പോള്‍ ഒരുതവണ കിട്ടും എന്നതാണ് അവസ്ഥ. അതും നെഗറ്റീവ് റിമാര്‍ക്‌സോടുകൂടി!'' -മറ്റൊരു മാനേജരുടെ അനുഭവം.

പ്രതികരിച്ചാല്‍ ട്രാന്‍സ്ഫറുണ്ടാകുമെന്ന് ഭയന്ന് പലരും അവധിയില്ലാതെ പണിയെടുക്കാന്‍ തയ്യാറാകുന്നു. തുടര്‍ച്ചയായ ട്രാന്‍സ്ഫറിനെത്തുടര്‍ന്ന് ജോലി മതിയാക്കേണ്ടിവന്ന ഒരാളുടെ അനുഭവം കേള്‍ക്കാം: പ്രമുഖ ബാങ്കിന്റെ തൃശ്ശൂരിലെ ഒരു ശാഖയില്‍ 2012-ല്‍ അസിസ്റ്റന്റ് മാനേജരായി ജോലിയില്‍ പ്രവേശിച്ചതാണ് ഇദ്ദേഹം. 2015-ല്‍ അവിടെനിന്ന് തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റി. 2016-ല്‍ വീണ്ടും തൃശ്ശൂരിലെ ഹെഡ്ഓഫീസില്‍. 2017-ല്‍ മൈസൂരുവിലേക്ക്, 2018-ല്‍ ഹൊസൂരില്‍, 2019-ല്‍ തമിഴ്നാട്ടിലെ ബെല്‍ഗാമില്‍. കുടുംബജീവിതത്തെ ബാധിക്കാന്‍ തുടങ്ങിയതോടെ ഇദ്ദേഹം ജോലി രാജിവെക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളുടെ നിക്ഷേപങ്ങളിലും വായ്പകളിലും പത്തുവര്‍ഷത്തിനിടെ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2011-12-ല്‍ ആകെ നിക്ഷേപം 59.10 ലക്ഷം കോടിയായിരുന്നത് 2020-ല്‍ 151.48 ലക്ഷം കോടിയായി ഉയര്‍ന്നു. അതേസമയം, വായ്പ 46.11 ലക്ഷം കോടിയില്‍നിന്ന് 110.44 ആയി.

കുറഞ്ഞ ജീവനക്കാര്‍, പരമാവധി ജോലി

1970-കള്‍മുതല്‍ എണ്‍പതുകളുടെ മധ്യംവരെ ബാങ്കിങ് മേഖലയുടെ സുവര്‍ണകാലമായിരുന്നു. വലിയ തോതിലുള്ള റിക്രൂട്ട്മെന്റുകളാണ് ഇക്കാലയളവില്‍ നടന്നത്. 1984-ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുകയും സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തത് ബാങ്കിങ് മേഖലയിലും പ്രതിഫലിച്ചു. തൊണ്ണൂറുകളില്‍ നിയമനങ്ങള്‍ നടന്നെങ്കിലും എണ്ണത്തില്‍ കുറവായിരുന്നു. 2001-ല്‍ പൊതുമേഖലാബാങ്കുകളില്‍ സ്വയംവിരമിക്കല്‍ (വി.ആര്‍.എസ്.) സംവിധാനം കൊണ്ടുവന്നതോടെ പിരിഞ്ഞുപോയത് ഒന്നേകാല്‍ ലക്ഷത്തോളം ജീവനക്കാരാണ്. ആ കുറവ് ഇന്നും നികത്താനായിട്ടില്ല. 2008 വരെ ബാങ്കുകളിലേക്ക് റിക്രൂട്ട്മെന്റ് നടന്നില്ല.

ക്ലാര്‍ക്ക്, സബോര്‍ഡിനേറ്റ്സ് ഉള്‍പ്പെടെയുള്ള വര്‍ക്ക് മെന്‍ കേഡര്‍ ജീവനക്കാരുടെ എണ്ണം കുറച്ച് ഓഫീസര്‍മാരുടെ എണ്ണം കൂട്ടാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. മുന്‍പ് ഒരു ഓഫീസര്‍ക്ക് നാലുക്ലാര്‍ക്ക് എന്നതായിരുന്നു അനുപാതമെങ്കില്‍ ഇന്നത് ഒരു ഓഫീസര്‍ക്ക് ഒരു ക്ലാര്‍ക്ക് എന്നതിനെക്കാളും താഴ്ന്നനിലയിലെത്തി. ജീവനക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ബാങ്ക് ശാഖകളുടെയും ബാങ്കില്‍ നടക്കുന്ന ബിസിനസിന്റെയും ബാങ്കിനെ സമീപിക്കുന്ന ഉപഭോക്താക്കളുടെയും എണ്ണത്തില്‍ വന്‍വര്‍ധനയാണുണ്ടായത്. നിക്ഷേപവും വായ്പയും ഇരട്ടിയോളമായിട്ടും തേഡ് പാര്‍ട്ടി സര്‍വീസുകള്‍കൂടി കൈകാര്യം ചെയ്യേണ്ടി വന്നിട്ടും അതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചിട്ടില്ല. സ്വകാര്യ ബാങ്കുകളില്‍ മാര്‍ക്കറ്റിങ്, റിക്കവറി, ബാങ്കിങ് ബിസിനസ് എന്നിവയ്‌ക്കെല്ലാം വെവ്വേറെ വിഭാഗം ജീവനക്കാരുള്ളപ്പോള്‍ പൊതുമേഖലാ ബാങ്കുകളില്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെയെല്ലാം ഉത്തരവാദിത്വം മാനേജര്‍ക്കാണ്.

                                                                                                                                                                                                     (തുടരും)

 

Content Highlights: Special Series on work pressure in Banks by Krishnapriya T Johny