പ്രിയപ്പെട്ട മക്കള്‍ക്ക്,

അമ്മ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. പക്ഷേ, അമ്മയ്ക്ക് ജോലി ചെയ്യാനാകുന്നില്ല. പക്ഷേ, അമ്മയ്ക്ക് ജോലിസംബന്ധമായ ഒരുപാട് ഭയങ്ങളുണ്ട്. അതൊന്നും ചെയ്തുതീര്‍ക്കാനാവുന്നില്ല. നിങ്ങളെയും ഒപ്പംകൂട്ടണമെന്നുണ്ട്. പക്ഷേ, അതിനുള്ള ധൈര്യവുമില്ല.

ഒരുപാട് സ്‌നേഹത്തോടെ അമ്മ...

പന്ത്രണ്ടുവയസ്സുകാരിയായ മൂത്തമകളുടെ സ്‌കൂള്‍ ഡയറിയില്‍ ഈ കുറിപ്പെഴുതിവെച്ചാണ് കണ്ണൂര്‍ കൂത്തുപറമ്പിലെ തൊക്കിലങ്ങാടി കനറാ ബാങ്ക് മാനേജരായ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിനി കെ.എസ്. സ്വപ്ന ആത്മഹത്യചെയ്തത്. ഭര്‍ത്താവ് രണ്ടുകൊല്ലംമുമ്പ് മരിച്ച 38-കാരി. അനാഥരായത് പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങള്‍. ബാങ്കിനുള്ളില്‍ത്തന്നെ ജീവനൊടുക്കാന്‍ ആ ജീവനക്കാരിയെ പ്രേരിപ്പിച്ചത് തൊഴില്‍പ്രശ്‌നങ്ങളോ വ്യക്തിപരമായ കാരണങ്ങളോയെന്നത് ഇപ്പോള്‍ തീര്‍ത്തുപറയാനാവില്ല. തൊഴില്‍സമ്മര്‍ദത്തിന് ചെറുതല്ലാത്ത പങ്കുണ്ട് എന്നതിന് ആത്മഹത്യക്കുറിപ്പുതന്നെ തെളിവ്. എന്തായാലും സ്വപ്നയുടെ മരണത്തോടെ ബാങ്കിങ് മേഖലയിലെ ജോലിസമ്മര്‍ദം വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ബാങ്കിങ് രംഗത്ത് ജോലിസമ്മര്‍ദത്താല്‍ ജീവനൊടുക്കുന്നതും വിഷാദത്തിലേക്ക് വീഴുന്നതുമായ ആദ്യത്തെയാളല്ല സ്വപ്ന. ബാങ്കിങ് മേഖലയിലെ ആത്മഹത്യകളെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞാല്‍ രാജ്യത്തുടനീളം ജീവനൊടുക്കിയിട്ടുള്ള ഒട്ടേറെപ്പേരുടെ വാര്‍ത്തകള്‍ നിരനിരയായി മുന്നിലെത്തും. ഭൂരിഭാഗവും യുവാക്കള്‍.

മികച്ച വരുമാനം, ഉന്നതവിദ്യാഭ്യാസം, സമൂഹത്തില്‍ ഉന്നതസ്ഥാനം, പ്രശ്‌നങ്ങളൊന്നുമില്ലാത്ത ജീവിതം-സ്വപ്നയെപ്പോലുള്ള ബാങ്കുദ്യോഗസ്ഥരെക്കുറിച്ച് സമൂഹത്തിനുള്ള പ്രതിച്ഛായ പൊതുവേ ഇങ്ങനെയായിരിക്കും. എന്നിട്ടും അവരെന്തിന് ആത്മഹത്യയിലും കൗണ്‍സലിങ് റൂമുകളിലും അഭയംതേടണം? അതിനുള്ള ഉത്തരംതേടിയാല്‍ കഴിഞ്ഞ കുറച്ചുകൊല്ലങ്ങള്‍കൊണ്ട് മാറിമറിഞ്ഞ ബാങ്കിങ് രീതികളിലേക്ക് കണ്ണുകളെത്തും.

പ്രഷര്‍കുക്കര്‍പോലെയോ ഏതുസമയത്തും പൊട്ടിത്തെറിക്കാവുന്ന അഗ്‌നിപര്‍വതംപോലെയോ ആണ് ബാങ്ക് ജീവനക്കാരുടെ ജീവിതം; പ്രത്യേകിച്ച് ഓഫീസര്‍ കേഡറിലുള്ളവര്‍ക്ക്. ബാങ്ക് ജീവനക്കാര്‍ ചുമക്കുന്ന അമിതഭാരം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. എന്നാല്‍, ഇവ ചര്‍ച്ചയാകാന്‍ സ്വപ്നയെപ്പോലുള്ളവരുടെ ജീവത്യാഗമോ മറ്റെന്തെങ്കിലും അനിഷ്ടസംഭവങ്ങളോ ഉണ്ടാകണമെന്നുമാത്രം.

മാറിമറിഞ്ഞ ബാങ്കിങ് രീതി

നിക്ഷേപങ്ങള്‍ സ്വീകരിക്കുക, വായ്പനല്‍കുക (Accepting deposits for the purpose of lending) എന്ന അടിസ്ഥാന ബാങ്കിങ് സങ്കല്പത്തില്‍നിന്ന് ബാങ്കിനെയും അതിന്റെ ഉത്പന്നങ്ങളെയും പ്രമോട്ട് ചെയ്യുകയെന്ന നവതലമുറ ബാങ്കുകളുടെ പാതയിലേക്ക് പൊതുമേഖലാബാങ്കുകളും വഴിമാറിയിട്ട് കാലമേറെയായി. 20 വര്‍ഷത്തിനിടെ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ബാങ്കിങ് മേഖലയിലുണ്ടായത്.

സ്വകാര്യമേഖലയ്ക്ക് സമാനമായി തൊഴില്‍സാഹചര്യങ്ങള്‍ പൊതുമേഖലാബാങ്കുകളിലേക്കും മാറിയത് ജീവനക്കാര്‍ക്കുണ്ടാക്കുന്ന സമ്മര്‍ദം ഭീകരമാണ്. അടിസ്ഥാന ബാങ്കിങ് ബിസിനസിനുപുറമേ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ വിറ്റഴിക്കാന്‍ സ്വകാര്യ കമ്പനികളില്‍നിന്ന് ബാങ്കുകള്‍ കരാര്‍ സ്വീകരിക്കുകയും ആ ഉത്തരവാദിത്വംകൂടി ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്തതാണ് ബാങ്ക് ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കോര്‍ ബാങ്കിങ് ബിസിനസിനെക്കാള്‍ കൂടുതല്‍ ശ്രദ്ധ തേഡ് പാര്‍ട്ടി പ്രോഡക്ടുകള്‍ അല്ലെങ്കില്‍ ക്രോസ് സെല്ലിങ്ങിലേക്ക് ചെലുത്തേണ്ട അവസ്ഥയിലാണ് ബാങ്ക് ജീവനക്കാര്‍. ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ അവസ്ഥയിലേക്ക് ബാങ്ക് മാനേജര്‍മാരും അസിസ്റ്റന്റ് മാനേജര്‍മാരുമെല്ലാം മാറിക്കഴിഞ്ഞെന്ന് എറണാകുളം ജില്ലയിലെ പ്രമുഖ ബാങ്കിലെ മാനേജര്‍ പറയുന്നു.

ഇതിനുപുറമേ, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാന്‍മന്ത്രി മുദ്രാ യോജന, സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി, പ്രധാന്‍മന്ത്രി വയ വന്ദന യോജന, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ പദ്ധതി, പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം മുതലായവ സര്‍ക്കാര്‍പദ്ധതികള്‍, ആധാര്‍, പാന്‍കാര്‍ഡ് എന്നിവ അക്കൗണ്ടുമായി ബന്ധിപ്പിക്കല്‍, പരീക്ഷാ-സര്‍വകലാശാലാ ഫീസുകള്‍ എന്നിവയടക്കം മാനേജര്‍മാരുടെ ഉത്തരവാദിത്വങ്ങളുടെ പട്ടിക നീളുന്നു. ഇവയ്‌ക്കെല്ലാം ടാര്‍ഗറ്റുകളുമുണ്ട്.

ടാര്‍ഗറ്റുകളുടെ ഘോഷയാത്ര

ഒരു ബാങ്ക് മാനേജര്‍ക്ക് ഓരോ മാസവും തികയ്‌ക്കേണ്ട ടാര്‍ഗറ്റുകളുടെ എണ്ണം 28 മുതല്‍ മുപ്പതുവരെയാണ്. ഈ മുപ്പതോളം പാരാമീറ്ററുകളാണ് ഒരു ബാങ്ക് മാനേജരുടെ കാര്യക്ഷമതയും കഴിവും പ്രൊമോഷന്‍ സാധ്യതയും അളക്കുന്ന ഘടകം. യുക്തിക്കുനിരക്കാത്തതും അശാസ്ത്രീയവുമായ ടാര്‍ഗറ്റുകളാണ് തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് വിവിധ ബാങ്കുകളില്‍ മാനേജര്‍പദവി വഹിക്കുന്നവര്‍ ഒരേസ്വരത്തില്‍ പറയുന്നു.

ഇതിനുപുറമേയാണ് ഇന്‍ഷുറന്‍സും മ്യൂച്വല്‍ഫണ്ടും അടക്കമുള്ള തേഡ് പാര്‍ട്ടി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ക്കുമുള്ള ടാര്‍ഗറ്റും. ഓരോ വര്‍ഷവും പൂര്‍ത്തിയാക്കേണ്ട ടാര്‍ഗറ്റുകള്‍, ഓരോ മാസത്തിലും പൂര്‍ത്തിയാക്കേണ്ട ടാര്‍ഗറ്റുകള്‍ എന്നിവയ്ക്കുപുറമേ ഓരോ പ്രത്യേക ഉത്പന്നങ്ങള്‍ക്കുമായുള്ള കാംപെയ്ന്‍ ടാര്‍ഗറ്റുകളും ലോഗിന്‍ ഡേ, മഹാ ലോഗിന്‍ ഡേ എന്ന പേരുകളില്‍ ഒറ്റദിവസംകൊണ്ട് പരമാവധി ബിസിനസ് ലക്ഷ്യമിട്ടുള്ള ടാര്‍ഗറ്റ് ഉത്സവങ്ങള്‍ വേറെയും. പലപ്പോഴും കാമ്പയിന്‍ ടാര്‍ഗറ്റുകള്‍ ഒരു മാസത്തെ ടാര്‍ഗറ്റിനെക്കാള്‍ മുകളിലായിരിക്കുമെന്നതാണ് വസ്തുത.

വിഷാദത്തിലേക്ക് വീഴുമ്പോള്‍

പ്രമുഖ ബാങ്കിന്റെ എറണാകുളം ജില്ലയിലെ ഒരു ബ്രാഞ്ചിലേക്ക് മാനേജരായിവന്ന ജീവനക്കാരി ജോലിസമ്മര്‍ദം താങ്ങാനാവാതെ വിഷാദത്തിലേക്ക് വീണുപോയ അനുഭവം പറയുന്നു: ''എറണാകുളം ജില്ലയില്‍, നഗരഹൃദയത്തില്‍ എന്നുപറയാവുന്ന, ഒരാള്‍ക്ക് കുറഞ്ഞത് രണ്ട് ബാങ്ക് അക്കൗണ്ടെങ്കിലുമുള്ള ഏരിയയിലായിരുന്നു ബ്രാഞ്ച്. ജോയിന്‍ ചെയ്തയുടന്‍, ഒരു ദിവസം ആറ് അക്കൗണ്ടുകള്‍ തുറപ്പിക്കണം എന്നതായിരുന്നു ആദ്യംകിട്ടിയ ടാര്‍ജറ്റ്. ഇതുപോലൊരു സ്ഥലത്ത് ദിവസം ഇത്രയും അക്കൗണ്ടുകള്‍ കിട്ടുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളറിയിച്ചെങ്കിലും സ്‌കൂളിലും കോളേജുകളിലുമൊക്കെ ചെന്ന് സംഘടിപ്പിക്കൂവെന്നായിരുന്നു മേലധികാരികളുടെ മറുപടി. ഇതോടെ ഒരക്കൗണ്ടെങ്കിലും എടുക്കുമോയെന്ന് ചോദിച്ച് ഓരോരോ സ്ഥാപനങ്ങള്‍തോറും കയറിയിറങ്ങേണ്ട അവസ്ഥയായി. എന്നിട്ടും ആറ് അക്കൗണ്ടിലേക്ക് ഒരു ദിവസവും എത്താനായില്ലെന്നത് വേറൊരു കാര്യം. ഇതോടെ മനസ്സ് കൈവിട്ടുപോയപോലെയായി. മുഴുവന്‍ നേരവും കരച്ചില്‍. വീട്ടിലാരോടും സംസാരിക്കാതായി. ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് അദ്ദേഹം കൗണ്‍സലിങ്ങിന് കൊണ്ടുപോകുന്നത്. ഒന്നരവര്‍ഷമായി ഡിപ്രഷന് മരുന്നുകഴിക്കുന്നു. ഇപ്പോഴും ബാങ്കില്‍നിന്നുള്ള സമ്മര്‍ദത്തിന് കുറവൊന്നുമില്ല. ഇതെന്റെമാത്രം അനുഭവമൊന്നുമല്ല. ഡിപ്രഷനിലേക്കെത്തിയ ഒരുപാട് സഹപ്രവര്‍ത്തകരെ അറിയാം. ജോലിസുരക്ഷയോര്‍ത്തും ട്രാന്‍സ്ഫര്‍പോലുള്ള പ്രതികാരനടപടികള്‍ ഭയന്നും ആരും പറയാറില്ലെന്നുമാത്രം''.

കണ്ടില്ലെന്നു നടിക്കാനാവില്ല

ഈ സമ്മര്‍ദം യാദൃച്ഛികമല്ല. പൊടുന്നനെയുണ്ടായതുമല്ല. ഇത് ബാങ്കിങ് പരിഷ്‌കരണത്തിന്റെപേരില്‍ സര്‍ക്കാര്‍ തൊണ്ണൂറുകളിലാരംഭിച്ച സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമാണ്. കമ്പോളങ്ങള്‍ക്ക് റാന്‍ മൂളുന്ന ആ നയത്തിന്റെ ബലിയാട് എവിടെയും അധ്വാനിക്കുന്നവരാണ്. അതിന്റെ ഭാഗമായാണ് ബാങ്കുകളില്‍ റിക്രൂട്ട്മെന്റുകള്‍ മരവിക്കപ്പെട്ടത്. ജോലിഭാരം അമിതമായി കൂടുന്നു. ബാങ്കുകള്‍ക്കുമേല്‍ ഇന്‍ഷുറന്‍സിന്റെയും മ്യൂച്വല്‍ ഫണ്ടിന്റെയും എല്ലാം കാര്യസ്ഥപ്പണി ചെയ്യാനുള്ള സമ്മര്‍ദവുമേറിവരുന്നു. ഇതിന്റെയെല്ലാം ഇരകളാണ് ബാങ്ക് ജീവനക്കാര്‍. കണ്ണൂരിലെ ബാങ്ക് ഓഫീസറുടെ ആത്മഹത്യയെത്തുടര്‍ന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് ഞാനയച്ച കത്തിന് ഇതുവരെ പ്രതികരണം കണ്ടില്ല. അതിന് സംഘടിതമായ ജനകീയ സമ്മര്‍ദം ഉയര്‍ന്നുവരണം. -ബിനോയ് വിശ്വം എം.പി.

                                                                                                                                                                                               (തുടരും)