30 വര്‍ഷംനീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ തുടങ്ങിയ 'ബിസിനസ്' ആക്രിക്കട. മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂരിലെ വീരാന്‍ഹാജിയെന്ന അറുപതുകാരനാണ് ആക്രിക്കട സംരംഭമാക്കി മാറ്റിയത്. കോവിഡ്കാലത്ത് ജോലി നഷ്ടമായതോടെ ആറുമാസംമുമ്പായിരുന്നു പ്രവാസം അവസാനിപ്പിച്ചുള്ള അദ്ദേഹത്തിന്റെ മടക്കം.

എന്താണ് ഈ പ്രായത്തില്‍ ഇങ്ങനെയൊരു ബിസിനസ് തിരഞ്ഞെടുക്കാന്‍ കാരണമെന്നുചോദിച്ചാല്‍ വീരാന്‍ഹാജി ആക്രിക്കടയുടെ സാമ്പത്തികശാസ്ത്രം വിശദീകരിക്കും. ഒന്ന്, അധികം മുതല്‍മുടക്കുവേണ്ടാ. വായ്പകളൊന്നും തങ്ങളെപ്പോലുള്ള സാധാരണ പ്രവാസിക്ക് അത്ര എളുപ്പംകിട്ടില്ല. പുതിയൊരു സംരംഭം തുടങ്ങി പച്ചപിടിക്കാന്‍ ഏറെക്കാലം പിടിക്കുകയുംചെയ്യും. കുെറക്കാലം അതിന്റെ പിന്നാലെ നടക്കേണ്ടിവരും. ഈ പ്രായത്തില്‍ അത് സാധ്യവുമല്ല. കൂടുതല്‍ ബാധ്യതകളൊന്നുമില്ലാത്ത ഒരു സംരംഭമെന്നനിലയിലാണ് നാട്ടുകാരനും സുഹൃത്തുമായ മുസ്തഫയ്‌ക്കൊപ്പം ആക്രിക്കച്ചവടത്തിനുകൂടിയത്.

മുസ്തഫ ചില്ലറക്കാരനല്ല. പ്രവാസിയായ അദ്ദേഹത്തിന് ആക്രിക്കടബിസിനസില്‍ 17 വര്‍ഷത്തെ അനുഭവപരിചയമുണ്ട്. 18 വര്‍ഷം അബുദാബിയിലെ കൂള്‍ബാറില്‍ ജോലിക്കാരനായിരുന്നു മുസ്തഫ. 2004-ല്‍ കൂള്‍ബാര്‍ ഉള്‍പ്പെടുന്ന കച്ചവടകേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ഇതോടെ ജോലി നഷ്ടപ്പെട്ടു. വീട്ടിലെ അത്യാവശ്യകാര്യങ്ങളൊക്കെ ചെയ്തുതീര്‍ത്തു. കാര്യമായി ഒന്നും സമ്പാദിക്കാനായില്ല. ബിസിനസ് സ്വപ്നങ്ങളുമായി നാട്ടിലേക്ക്. മുതല്‍മുടക്ക് തടസ്സമായതോടെയാണ് നിക്ഷേപം ആവശ്യമില്ലാത്ത ആക്രിക്കട തുടങ്ങുന്നത്. പഴയ പ്ലാസ്റ്റിക്കും കുപ്പിയുമൊക്കെ ശേഖരിക്കാനായി കുറച്ച് നാടോടികുടുംബങ്ങളെ ഏര്‍പ്പാടാക്കി. 'പ്രവാസി' എന്ന് ആക്രിക്കടയ്ക്ക് പേരുംകൊടുത്തു. ഇപ്പോള്‍ ആദ്യസ്ഥലത്തുനിന്ന് മാറി തൃപ്പാലൂര്‍ എന്ന സ്ഥലത്താണ് കച്ചവടം. കടത്തിലുള്ള പ്രവാസിക്ക് വായ്പ നല്‍കുന്നതിനപ്പുറം ഇത്തരം വ്യത്യസ്തമായ സൂക്ഷ്മസംരംഭങ്ങള്‍ കണ്ടെത്തി പ്രവാസികള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനാകണം സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നാണ് മുസ്തഫയുടെയും വീരാന്‍ഹാജിയുടെയും പക്ഷം.

കടമൊഴിയാതെ വീണ്ടും

അക്കരെനാടുകളില്‍ ജോലിതേടിപ്പോകുന്നവരില്‍ 80 ശതമാനവും ഇടത്തരം കുടുംബങ്ങളോ അതില്‍ത്താഴെയുള്ളവരോ ആണ്. സ്വന്തമായൊരു വീടാണ് ആദ്യസ്വപ്നം. വരുമാനം കിട്ടിത്തുടങ്ങുമ്പോഴേ വീടുനിര്‍മാണത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങും. വായ്പയെ ആശ്രയിച്ചാകും പണി പൂര്‍ത്തിയാക്കുന്നത്. പ്രവാസം അവസാനിപ്പിക്കാതിരിക്കുന്നതും ബാധ്യതകളുടെ കെട്ടുപാടുകള്‍കൊണ്ടാണ്. പ്രവാസികളുടെ കടബാധ്യതയില്‍ 2011-നെ അപേക്ഷിച്ച്, 46.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ് സി.ഡി.എസിന്റെ കണക്ക്. നിതാഖാതും കോവിഡുപോലുള്ള അപ്രതീക്ഷിത തിരിച്ചടികളും അവരുടെ പ്രവാസജീവിതത്തിന് വിരാമമിടും.

അപ്പോഴും പ്രവാസകാലത്ത് എടുത്ത ബാധ്യതകള്‍ ബാധ്യതകളായി നിലനില്‍ക്കും. നാട്ടിലെത്തുമ്പോള്‍ കുടുംബംപോറ്റാനൊരു വരുമാനം ചോദ്യചിഹ്നമാകും. ഈടുവെക്കാന്‍ കൂടുതലൊന്നുമില്ലാത്തതിനാലും ഒരു കടംകൂടി വരുത്തിവെക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടും വലിയ മുതല്‍മുടക്കില്ലാത്ത സംരംഭം തുടങ്ങാനാകും ആദ്യശ്രമം. പ്രവാസി തട്ടുകടകള്‍മുതല്‍ പ്രവാസി ആക്രിക്കടവരെ ഇതിന്റെ സാക്ഷ്യം.

ഒരു ബാധ്യതകൂടി വയ്യ

മലപ്പുറം പൊന്നാനിയില്‍ ദേശീയപാതയിലൂടെ യാത്രചെയ്യുമ്പോള്‍ റോഡരികില്‍ മാസ്‌കും സാനിറ്റൈസറും വില്‍ക്കുന്ന ഒരു മധ്യവയസ്‌കനെ കാണാം. പേര് സൈനുദ്ദീന്‍. പ്രവാസിയായിരുന്നു.

എറണാകുളത്തുനിന്നും കോഴിക്കോട്ടുനിന്നും മാസ്‌കും സാനിറ്റൈസറും മൊത്തമായി വാങ്ങും. പിന്നെ ദേശീയപാതയോരത്ത് വില്‍ക്കും. ഇടയ്ക്ക് കടകളിലും വീടുകളിലും കയറിയും കച്ചവടം. ദിവസം എല്ലാ ചെലവുംകഴിഞ്ഞ് കുടുംബംപോറ്റാനുള്ള തുക കിട്ടും.

മാതാപിതാക്കളും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. സൗദിയിലായിരുന്നു സൈനുദ്ദീന്‍ ഏറെക്കാലം. ഡ്രൈവറായും എ.സി. മെക്കാനിക്കായുമൊക്കെ ജോലിചെയ്തു. നിതാഖാത്ത് പിടിമുറുക്കിയപ്പോള്‍ ജോലി പ്രതിസന്ധിയിലായി. നാലുവര്‍ഷംമുമ്പ് നാട്ടിലേക്കുമടങ്ങി. പ്രവാസിപുനരധിവാസമെന്ന മോഹനവാഗ്ദാനങ്ങള്‍ ഏറെ അലയടിച്ചിരുന്ന കാലം. തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാരുകള്‍ പല വായ്പപ്പദ്ധതികളും പ്രഖ്യാപിച്ചുകൊണ്ടിരുന്നു. പക്ഷേ, സൈനുദ്ദീന്‍ വായ്പയെടുക്കാനൊന്നും നിന്നില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് സൈനുദ്ദീന് രണ്ടാണ് ഉത്തരം. ഒന്ന്്, അപേക്ഷിച്ചാല്‍ വായ്പകിട്ടില്ലെന്ന ഉറപ്പ്. എത്രയെത്ര നൂലാമാലകള്‍ കഴിയണം? എത്ര ബാങ്കുകള്‍ കയറിയിറങ്ങണം? അതിന് കാത്തുനിന്നാല്‍ കുടുംബം പട്ടിണിയാകും. നിലവില്‍ ചെറിയ ചില വായ്പകള്‍ ബാങ്കുകളില്‍നിന്നെടുത്തത് ബാധ്യതയായി തലയ്ക്കുമുകളിലുണ്ട്. ഒരുകടംകൂടി തലയിലേറ്റാന്‍ വയ്യ -ഇതാണ് രണ്ടാമത്തെ കാര്യം.

സര്‍ക്കാര്‍ സബ്സിഡിക്കും വായ്പയ്ക്കും കാത്തുനില്‍ക്കാതെ സൈനുദ്ദീന്‍ സ്വന്തംവഴി നോക്കി. ആദ്യം എക്‌സിബിഷനില്‍ സ്റ്റാളുകളിട്ട് കളിപ്പാട്ടവും ചെരിപ്പും ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന. കോവിഡ് വന്നതോടെ എക്‌സിബിഷന്‍ നിലച്ചു; ആ തൊഴിലും. അപ്പോഴും സൈനുദ്ദീന്‍ സര്‍ക്കാരിനെയോ നോര്‍ക്കയെയോ സമീപിച്ചില്ല. മാസ്‌കും സാനിറ്റൈസറും വിറ്റ് പുതിയൊരു തൊഴില്‍മേഖലയിലേക്ക്.

തിരിച്ചുപോകാന്‍ കഴിയാത്തവര്‍

കോവിഡ്കാലത്ത് മടങ്ങിയെത്തിയ പ്രവാസികളില്‍ ഭൂരിപക്ഷത്തിനും ഇനി തിരിച്ചുപോക്ക് വളരെ പ്രയാസമായിരിക്കുമെന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം മേധാവി ഡോ. എസ്. ഷിബിനു പറയുന്നു. മടങ്ങിയെത്തിയവരെ മൂന്നായി തരംതിരിക്കാം. വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴില്‍മേഖലയില്‍ ജോലിചെയ്തവരാണ് ഒന്നാമത്തെ വിഭാഗം. കഫറ്റേരിയ, റെസ്റ്റോറന്റ് തുടങ്ങിയിടങ്ങളില്‍ ജോലിചെയ്തവര്‍. മാറിയ സാഹചര്യത്തില്‍ അവരുടെ മടങ്ങിപ്പോക്കാകും ഏറെ ദുഷ്‌കരം. തിരിച്ചുവന്നവരിലേറെയും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. കൂടുതല്‍ 40 വയസ്സിനുമേലുള്ളവര്‍. ചെറുപ്പക്കാരായ, വൈദഗ്ധ്യമുള്ള തൊഴില്‍ചെയ്തിരുന്നവരാണ് രണ്ടാമത്തെത്. വിമാനവും മറ്റുമില്ലാത്തതിനാല്‍ മടങ്ങിപ്പോകാന്‍ കാത്തിരിക്കുന്നവരാണ് ഈ കൂട്ടത്തിലുള്ളത്. സമ്പാദ്യമുണ്ട്, ഇവിടെയെത്തി എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് അറിയാത്ത പ്രവാസികളാണ് മൂന്നാമത്തെ വിഭാഗം. ഇവരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കാനുള്ള നയമാണ് വേണ്ടത്.

കാഴ്ചപ്പാട് മാറണം

പുതുസംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസികള്‍ മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹോട്ടല്‍ തുടങ്ങി ഒരാള്‍ ലാഭത്തിലായാല്‍ പിന്നെല്ലാവരും ആ വഴി പിന്തുടര്‍ന്ന് ഹോട്ടല്‍ തുടങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. ഉപയോഗപ്പെടുത്താവുന്ന മേഖലകള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. കാര്‍ഷികവിപണനരംഗത്തൊക്കെ വലിയ സാധ്യതകളുണ്ട്. കര്‍ഷകനും കമ്പോളത്തിനുമിടയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സംരംഭങ്ങളൊക്കെ നമ്മുടെ നാട്ടില്‍ കുറവാണ്. അത്തരം സംരംഭങ്ങള്‍ സാധ്യതകളാക്കി മാറ്റാനാകണം. വലിയൊരു വിഭാഗം പ്രവാസികളും ഇത്തരംകാര്യങ്ങളില്‍ അജ്ഞരാണ്. അവര്‍ക്ക് സര്‍ക്കാര്‍ വഴികാണിച്ചുകൊടുക്കണം. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു ഇടപെടല്‍ ഉണ്ടാകുന്നില്ല -സന്തോഷ് ജോര്‍ജ് കുളങ്ങര, സഞ്ചാരി

സുന്ദരമായ സ്വപ്നം

തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം, പൊതുജനങ്ങള്‍ക്കും ആശയം നിര്‍ദേശിക്കാന്‍ സംവിധാനം, ആശയം നടപ്പാക്കാന്‍ ഹാക്കത്തോണ്‍, വിദഗ്ദോപദേശം നല്‍കാന്‍ യുവ ഐ.എ.എസ്. ഓഫീസര്‍, മേല്‍നോട്ടത്തിന് മുഖ്യമന്ത്രി അധ്യക്ഷനായ സ്റ്റിയറിങ് കമ്മിറ്റി....പദ്ധതിയുടെ പേര് 'ഡ്രീം കേരള'. പേരുപോലെതന്നെ സുന്ദരമായ സ്വപ്നപദ്ധതി, പക്ഷേ എങ്ങുമെത്തിയിട്ടില്ല.

2020 ജൂലായ് മൂന്നിനാണ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡ്രീം കേരള പ്രഖ്യാപിച്ചത്. നോര്‍ക്കയുടെ വെബ്സൈറ്റിലൂെട പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. തൊഴില്‍ദാതാവിനുമുണ്ട് രജിസ്ട്രേഷന്‍. പ്രവാസികളെ സഹായിക്കാനായി മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന പദ്ധതിയായിരുന്നു ഇത്. തൊഴില്‍ദാതാക്കളെയും തൊഴില്‍ ആവശ്യമുള്ള പ്രവാസികളെയും കൃത്യമായി ഏകോപിപ്പിക്കുന്നതുള്‍പ്പെടെ ഒട്ടേറെ പുരോഗമന ആശയങ്ങള്‍ ഡ്രീം കേരളയ്ക്കുപിന്നിലുണ്ടായിരുന്നു. വ്യത്യസ്തമായ ആശയങ്ങളും സംരംഭങ്ങളും ചര്‍ച്ചചെയ്ത് നടപ്പാക്കാവുന്ന ഇടം. കോവിഡ് അടക്കമുള്ള പ്രതിബന്ധങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും പദ്ധതിക്ക് വേഗം വന്നിട്ടില്ലിപ്പോഴും. അല്ലാത്തപക്ഷം കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് തൊഴിലവസരമുള്‍പ്പെടെ വലിയനേട്ടമുണ്ടായേനെ.


(വികസനപദ്ധതികള്‍ക്കൊപ്പം പ്രവാസിവിഭവശേഷിയും കൈകോര്‍ത്താല്‍ അടിമുടി മാറും നമ്മുടെ കേരളം. സാധ്യതകളുടെ വലിയൊരു ലോകത്തിലേക്കുള്ള വാതില്‍തുറക്കും. അതേക്കുറിച്ച് നാളെ)