പ്രവാസികളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് മലപ്പുറം. നൂറുവീടെടുത്താല്‍ 42 വീടുകളിലും വിദേശത്തുള്ളവരോ പ്രവാസം കഴിഞ്ഞ് മടങ്ങിവന്നവരോ ഉണ്ടാകും. മലപ്പുറത്തെ വിദ്യാഭ്യാസ മേഖലയിലെ അസാധാരണമായ ഒരു മാറ്റം ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ കണ്ടു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് കൂട്ടത്തോടെ കുട്ടികള്‍ ടി.സി. വാങ്ങി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരുന്നു. 17,182 കുട്ടികളാണ് ഇങ്ങനെ മാറിയത്.

എന്താണ് കാരണമെന്ന് അണ്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ രക്ഷിതാക്കളോട് തിരക്കാന്‍ തുടങ്ങി. സ്‌കൂള്‍ മാറിയ 98 ശതമാനം കുട്ടികളുടെയും രക്ഷിതാക്കള്‍ പ്രവാസികള്‍. സാമ്പത്തികപ്രതിസന്ധിയായിരുന്നു സ്‌കൂള്‍ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസുപോലും അധികച്ചെലവായി പ്രവാസികള്‍ കാണാന്‍ തുടങ്ങി. അതിനാല്‍ മക്കളെ ഫീസ് വേണ്ടാത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്തു.

കോവിഡ് കാലത്തെ തൊഴില്‍നഷ്ടവും മടങ്ങിവരവും തിരിച്ചുപോകാനാകാത്ത സാഹചര്യവുമെല്ലാം പ്രവാസികളെ അത്രമേല്‍ ഉലച്ചുകളഞ്ഞതായി അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മുജീബ് പൂളയ്ക്കല്‍ പറയുന്നു. അസോസിയേഷന്റെ കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ 50 ശതമാനവും പ്രവാസികളാണ്. അതുവരെ പഠിച്ച സ്‌കൂളിനെയും അധ്യാപകരെയും കൂട്ടുകാരെയും വിട്ട് പുതിയൊരു സ്‌കൂളില്‍ മക്കളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ക്കും മനസ്സുണ്ടായിട്ടല്ല. പക്ഷേ, നിവൃത്തിയില്ല. തിരിച്ചുപോകാന്‍ കഴിഞ്ഞാല്‍, നല്ലൊരു ജോലികിട്ടി സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ തിരിച്ചു വീണ്ടും ചേര്‍ക്കാമെന്നാണ് മിക്കവരും പറയുന്നതെന്ന് മുജീബ് പറഞ്ഞു.

NRIകഴിഞ്ഞ അധ്യയനവര്‍ഷം അവസാനിച്ചപ്പോള്‍ വലിയൊരു വിഭാഗത്തിനും ഫീസ് കുടിശ്ശികയായിരുന്നു. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ഫീസ് 70 ശതമാനം കുറച്ചിട്ടുപോലും ഇതാണവസ്ഥ. തത്കാലത്തേക്ക് ഫീസ് ഒഴിവാക്കിത്തരാമെന്ന് പല മാനേജ്മെന്റുകളും നിലപാടെടുത്തെങ്കിലും കാര്യമുണ്ടായില്ല. ഇളവുനേടി എത്രകാലം മുന്നോട്ടുപോകാന്‍? സ്‌കൂള്‍ മാറ്റമെന്ന തീരുമാനത്തിലേക്ക് അവരെ നയിച്ചത് ഈ അനിശ്ചിതത്വമാണ്.

അത്രയ്ക്കുണ്ട് ദാരിദ്ര്യം

മലപ്പുറത്തെ സ്‌കൂള്‍മാറ്റം ഒരു ചൂണ്ടുപലകയാണ്. പ്രവാസികളുടെ മടങ്ങിവരവ് അവരുടെ സാമ്പത്തികസ്ഥിതിയുടെ അടിവേരുവരെ ഇളക്കിയെന്നതിന്റെ വ്യക്തമായ സൂചന.

കോവിഡ് കാലത്ത് പ്രവാസികള്‍ മടങ്ങിയെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പണം അയക്കല്‍ കുത്തനെ കുറഞ്ഞതായി വിദേശനാണ്യ വിനിമയ കമ്പനികള്‍ പറയുന്നു. 40 ശതമാനം ഇടിവാണുണ്ടായത്. 2020 ഡിസംബറിലെ കണക്കനുസരിച്ച് 2.27 ലക്ഷംകോടി രൂപയായിരുന്നു സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസി നിക്ഷേപം. കോവിഡ് കാലമായിട്ടും മുന്‍വര്‍ഷത്തെക്കാള്‍ 14 ശതമാനം കൂടുതലായിരുന്നു ഇത്. പ്രവാസം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ തങ്ങളുടെ സമ്പാദ്യം നാട്ടിലെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായിരുന്നു ഈ വര്‍ധനയ്ക്കുകാരണം.

NRI

മലപ്പുറം ജില്ലയിലെ മാത്രം പ്രവാസിനിക്ഷേപം 1.33 ലക്ഷംകോടി രൂപവരും. എന്നാല്‍, ഈ വര്‍ഷത്തെ മാര്‍ച്ച് പാദ കണക്കെടുപ്പില്‍ ഇതു കുത്തനെ കുറഞ്ഞ് 1.24 ലക്ഷംകോടിയായി. മൂന്നുമാസത്തിനിടെ 9000 കോടി രൂപയുടെ കുറവ്. പ്രവാസികളുടെ മടങ്ങിവരവ് ബാങ്ക് നിക്ഷേപങ്ങളിലേക്കും പടര്‍ന്നുതുടങ്ങിയെന്നു ചുരുക്കം.

കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനത്തോളംവരും പ്രവാസികളുടെ നിക്ഷേപം. അതുകൊണ്ടുതന്നെ പ്രതിസന്ധി അവരില്‍മാത്രം ഒതുങ്ങുന്നതാകില്ലെന്ന് തീര്‍ച്ച. പ്രവാസികള്‍ അയക്കുന്ന പണംകൊണ്ട് പിടിച്ചുനില്‍ക്കുന്ന സംസ്ഥാനത്ത് അവരുടെ മടങ്ങിവരവ് സൃഷ്ടിക്കുന്ന ആഘാതം ചില്ലറയായിരിക്കില്ല.

എണ്ണംകുറയുന്ന പ്രവാസികള്‍

ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണം തുടങ്ങിയശേഷം വിദേശത്തു ജോലിയുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞുവരുന്നതായാണ് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്.) റിപ്പോര്‍ട്ട് പറയുന്നത്. ഈ രംഗത്ത് ആഴത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള ഡോ. ഇരുദയ രാജന്റെയും ഡോ. കെ.എസ്. സക്കറിയയുടെയും നേതൃത്വത്തിലായിരുന്നു 2019-ല്‍ പുറത്തിറങ്ങിയ ഈ പഠനം. 2013-നെ അപേക്ഷിച്ച് 2018-ല്‍ എത്തുമ്പോള്‍ പ്രവാസികളുടെ എണ്ണത്തിലുണ്ടായ കുറവ് 2,78,488 ആണ്. കോവിഡ് കാലത്തെ മടങ്ങിവരവുകൂടിയാകുമ്പോള്‍ ഇതിന്റെ വ്യാപ്തി ഇനിയുംകൂടും. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണംചെയ്തില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനെത്തന്നെ ഇത് അപകടത്തിലാക്കുമെന്ന് ഡോ. ഇരുദയ രാജന്‍ പറയുന്നു.

എന്തു ജോലിയും ചെയ്യാം

''എന്തെങ്കിലും ഒരു ജോലി കിട്ടിയാല്‍മതി ചേട്ടാ... ജീവിക്കാനുള്ള പൈസ കിട്ടണം. അത്രയേയുള്ളൂ. ഗള്‍ഫുകാരനല്ലേ, എന്റെ ഇല്ലായ്മ നാട്ടുകാരെ അറിയിക്കാന്‍ കഴിയില്ലല്ലോ?'' -തൃശ്ശൂര്‍ ചാലക്കുടിയിലെ പ്രവാസി കോണ്‍ഗ്രസ് നേതാവ് ജോജു പതിയപറമ്പിലിന്റെ മുന്നിലേക്ക് കൈകൂപ്പിക്കൊണ്ട് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞ വാക്കുകള്‍. ആറുമാസം മുമ്പായിരുന്നു അത്. പ്രവാസികള്‍ക്കായി സംഘടനയുടെ നേതൃത്വത്തില്‍ ജോബ് സെല്‍ തുടങ്ങി. തൊഴില്‍നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഈ സെല്‍.

അവരുടെ വിദ്യാഭ്യാസം, വിദേശത്തു ചെയ്തിരുന്ന തൊഴില്‍, മറ്റ് യോഗ്യതകള്‍ എല്ലാം ഓണ്‍ലൈനായി ശേഖരിച്ചു. അപേക്ഷകര്‍ക്ക് സൗജന്യമായി സ്ഥാപനങ്ങളിലും മറ്റും തൊഴില്‍ നല്‍കുകയായിരുന്നു ലക്ഷ്യം. പരമാവധി 50 അപേക്ഷകര്‍, സംഘാടകര്‍ പ്രതീക്ഷിച്ചത് അത്രമാത്രം. എന്നാല്‍, രണ്ടുദിവസത്തിനിടെയെത്തിയ അപേക്ഷകരുടെ എണ്ണംകണ്ട് സംഘാടകരുടെ കണ്ണുതള്ളി. ജോലി തേടിയെത്തിയത് മുന്നൂറോളം പ്രവാസികള്‍. അതും ചാലക്കുടി പ്രദേശത്തുള്ളവര്‍മാത്രം.

ഇത്രയധികംപേര്‍ക്ക് തൊഴിലൊരുക്കി നല്‍കാന്‍ സാധിക്കാത്തതിനാല്‍ മൂന്നാമത്തെ ദിവസംമുതല്‍ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തി. തൊഴുകൈയോടെ മുമ്പിലെത്തിയ ചെറുപ്പക്കാരനുള്‍പ്പെടെ 28 പേര്‍ക്ക് തൊഴില്‍നല്‍കാനായെന്ന് ജോജു പറയുന്നു. ഡ്രൈവറായും സെയില്‍സ് മാനായുമാണ് കൂടുതല്‍പേരും പോയത്. ചെറുശമ്പളംമാത്രം. എന്നിട്ടും ജോലിക്കായി അവര്‍ കാത്തിരിക്കുന്നു. അത്രയ്ക്കും വഴിമുട്ടിയ അവസ്ഥയിലാണ് വലിയൊരു വിഭാഗം പ്രവാസികളും. പലരും പുറത്തുപറയുന്നില്ലെന്ന് മാത്രം.

പദ്ധതികളെക്കുറിച്ച് അജ്ഞര്‍

കേരളത്തിന് പുറത്തുതാമസിക്കുന്ന മലയാളികളുടെ ക്ഷേമത്തിനായി 1996-ല്‍ സംസ്ഥാനസര്‍ക്കാര്‍ തുടങ്ങിയ പ്രത്യേക വകുപ്പാണ് നോര്‍ക്ക. രാജ്യത്തുതന്നെ ആദ്യമായിരുന്നു പ്രവാസികള്‍ക്കായി ഇങ്ങനെയൊരു ഉദ്യമം. ഒട്ടേറെ പദ്ധതികള്‍ നോര്‍ക്കയും നോര്‍ക്കാ റൂട്സും നടപ്പാക്കിയിട്ടുമുണ്ട്. സംരംഭങ്ങള്‍ക്കായി വായ്പാ പദ്ധതി, തൊഴില്‍നല്‍കാന്‍ ജോബ് സെല്‍, ആശ്വാസമേകാന്‍ ക്ഷേമനിധി, നൈപുണ്യവികസനത്തിന് പരിശീലനം, കൈത്താങ്ങാകാന്‍ സഹായപദ്ധതികള്‍... എല്ലാം നോര്‍ക്കയ്ക്കുണ്ട്. നോര്‍ക്ക വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ഭൂരിപക്ഷം പ്രവാസികളും അജ്ഞരാണ്. എത്തേണ്ടവരിലേക്ക് എത്താത്തതിനാല്‍ മിക്കവയും ലക്ഷ്യംകാണുന്നില്ല. നോര്‍ക്കയുടെ ചില പദ്ധതികളിലക്ക് കണ്ണോടിച്ചാല്‍ അക്കാര്യം വ്യക്തമാകും.

കോവിഡ് 5000: തിരിച്ചെത്തിയ പ്രവാസികള്‍ക്ക് 5000 രൂപ സഹായധനം. അപേക്ഷിച്ചവര്‍ 1.75 ലക്ഷംപേര്‍മാത്രം. കോവിഡ് കാലത്ത് തിരിച്ചെത്തിയവരില്‍ 15 ശതമാനംമാത്രമാണ് അപേക്ഷകര്‍.

സാന്ത്വനം: തിരികെ വരുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്സ് നടപ്പാക്കുന്ന ദുരിതാശ്വാസപദ്ധതി. ചികിത്സാസഹായം, മരണാനന്തരസഹായം, വിവാഹസഹായധനം, അംഗവൈകല്യ പരിഹാര ഉപകരണങ്ങള്‍ എന്നിവ നല്‍കും. ഒരുലക്ഷം രൂപവരെ കിട്ടും. 2020-'21-ല്‍ അപേക്ഷകര്‍ 4445 പേര്‍.

ക്ഷേമബോര്‍ഡ് സഹായം: കോവിഡ് ബാധിച്ച പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് 10,000 രൂപ നല്‍കുന്ന പദ്ധതി. 2020-'21 കാലത്ത് ഗുണഭോക്താക്കള്‍ 757 മാത്രം. ചെലവഴിച്ചത് 75 ലക്ഷംരൂപ.

നാട്ടില്‍ നല്ലൊരു ബിസിനിസുകാരനായി പേരെടുക്കണമെന്ന ആഗ്രഹം മിക്ക പ്രവാസികള്‍ക്കുമില്ല. അത്യാവശ്യം ജീവിച്ചുപോകാന്‍ പറ്റുന്ന ഒരു വരുമാനമുണ്ടാകണം. അത്രമാത്രം. എന്നാല്‍, അക്കാര്യത്തില്‍ അധികൃതര്‍ക്ക് മൗനം. അതേക്കുറിച്ച് നാളെ...

മലപ്പുറം ജില്ലയിലെ മാത്രം പ്രവാസിനിക്ഷേപം 1.33 ലക്ഷംകോടി രൂപവരും. എന്നാല്‍, ഈ വര്‍ഷത്തെ മാര്‍ച്ച് പാദ കണക്കെടുപ്പില്‍ ഇതു കുത്തനെ കുറഞ്ഞ് 1.24 ലക്ഷംകോടിയായി. മൂന്നുമാസത്തിനിടെ 9000 കോടി രൂപയുടെ കുറവ്

ഗുണംചെയ്യുന്ന പദ്ധതികള്‍

ഒട്ടേറെ പദ്ധതികള്‍ നോര്‍ക്ക ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. എല്ലാം പ്രവാസികള്‍ക്ക് ഏറെ ഗുണംചെയ്യുന്നവ. പല പദ്ധതികളും പ്രവാസികളിലേക്കെത്തുന്നില്ലെന്നതാണ് പ്രധാന പരിമിതി. 30 ശതമാനം ആളുകളിലേക്കുമാത്രമേ ഇവയെത്തുന്നുള്ളൂ. ഇവ മറികടക്കാനായാല്‍ പ്രവാസിക്ഷേമരംഗത്ത് നോര്‍ക്കയ്ക്ക് അദ്ഭുതങ്ങള്‍ കാണിക്കാനാകും.-കെ.സി. സജീവ് തൈക്കാട്,നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍