കോവിഡ് കാരണം അടച്ചിട്ടശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറന്നു​. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ വിദ്യാര്‍ഥികള്‍ വിഷമിക്കും. മുഴുവന്‍ കൂട്ടുകാരെയും ഒരേസമയം ക്ലാസില്‍ കാണില്ല. കുശലം പറയുന്നതിനും കുസൃതികാട്ടുന്നതിനും കൂട്ടംകൂടുന്നതിനുമെല്ലാം വിലക്കുകളുണ്ട്. ഒന്നരവര്‍ഷംമുമ്പത്തെ കാലം അതായിരുന്നില്ല. അക്കാലം വിസ്മൃതമായെന്നു കരുതുകവയ്യ. അധ്യാപക-വിദ്യാര്‍ഥി ബന്ധത്തില്‍ വന്നുചേര്‍ന്ന അപചയങ്ങളും വിദ്യാര്‍ഥികളെ തെറ്റായ വഴികളിലേക്ക് വീഴ്ത്തുന്ന ഭൗതികസാഹചര്യങ്ങളും യാഥാര്‍ഥ്യമായി നമ്മുടെ മുന്നിലുണ്ട്. പല ദുരനുഭവങ്ങളും സഹിച്ച കാലം. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ചര്‍ച്ചചെയ്ത് പരിഹാരം കാണേണ്ട ചില വിഷയങ്ങള്‍ അവതരിപ്പിക്കുകയാണ് ഇവിടെ...


അധ്യായം ഒന്ന്‌


2021 സെപ്റ്റംബര്‍ എട്ട്. കാസര്‍കോട്ടെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനി വീട്ടില്‍ ജീവനൊടുക്കി. സാമൂഹികമാധ്യമത്തിലൂടെ ഒരധ്യാപകന്‍ വിദ്യാര്‍ഥിനിയുമായി ചാറ്റിങ് നടത്തിവരുന്നത് മാതാപിതാക്കളും സ്‌കൂളിലെ മറ്റുള്ളവരും അറിഞ്ഞതാണ് കാരണം. ഒളിവില്‍പ്പോയ പ്രതിയെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈയില്‍നിന്ന് സെപ്റ്റംബര്‍ 19-ന് അറസ്റ്റുചെയ്തു. കോവിഡ് കാലം അടച്ചിടലിന്റെ കാലമായിട്ടുകൂടി ഉണ്ടായ ആശാസ്യമല്ലാത്ത സംഭവം. 2020-ല്‍മാത്രം 324 കുട്ടികള്‍ വിവിധ കാരണത്താല്‍ ആത്മഹത്യചെയ്‌തെന്നാണ് പോലീസ് കണക്ക്. 2021-ല്‍ ജൂലായ് 31 വരെ 53 കുട്ടികളും ജീവനൊടുക്കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുണ്ടായിരുന്ന കാലത്തിന്റെ ബാക്കിപത്രമാണിത്.

ഇഴമുറിയുന്ന ബന്ധം

ഒന്നേമുക്കാല്‍ വര്‍ഷത്തെ അടച്ചിടലിനുശേഷം നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന വാര്‍ത്തവന്നശേഷമുണ്ടായ ചില സംഭവങ്ങളും വരാനിരിക്കുന്ന കാലത്തിന്റെ കരുതലിനുള്ള സൂചനകളാണ്. സെപ്റ്റംബര്‍ 18-ന് നടന്ന കോവിഡ് അവലോകനയോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. അതിനുശേഷംവന്ന രണ്ട് കോടതിവിധികളും ശ്രദ്ധേയമാണ്. ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയെ വിനോദയാത്രയ്ക്കിടെ പീഡിപ്പിച്ചതിന് കുന്നംകുളം പോക്‌സോ കോടതി സെപ്റ്റംബര്‍ 24-ന് ഒരു അധ്യാപകന് 29 വര്‍ഷം കഠിനതടവ് വിധിച്ചു. സെപ്റ്റംബര്‍ 30-ന് തിരുവനന്തപുരത്തുനിന്ന് മറ്റൊരു കോടതിവിധിയുണ്ടായി. 2005 ജനുവരി 18-ന്, ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്നതിന് മൂന്നാംക്ലാസുകാരനുനേരെ എറിഞ്ഞ പേന കുട്ടിയുടെ കണ്ണില്‍ക്കൊണ്ട് കാഴ്ചനഷ്ടപ്പെട്ട സംഭവത്തില്‍ മലയിന്‍കീഴ് സ്‌കൂളിലെ അധ്യാപിക ഷെറീഫ ഷാജഹാന് ഒരു വര്‍ഷം കഠിനതടവും മൂന്നുലക്ഷംരൂപ പിഴശിക്ഷയും വിധിച്ച സംഭവമാണിത്.

2017 ഒക്ടോബര്‍ 20-ന് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ സ്‌കൂള്‍കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവം കേരളത്തെ ഇളക്കിമറിച്ച ഒന്നായിരുന്നു.

ഗൗരി നേഹയുടെ അനിയത്തിയെ ആണ്‍കുട്ടികളുടെ ഇടയ്ക്കിരുത്തി ശിക്ഷിച്ചിടത്തുനിന്നാണ് തുടക്കം. അനിയത്തിയെ ആശ്വസിപ്പിക്കുന്നതിന് ചേച്ചി ഗൗരി ഇടയ്ക്കിടെ എട്ടാംക്ലാസിലേക്കുപോകും. അതവിടെ ഒരു കുട്ടിക്കലഹത്തിന് കാരണമായി. തുടര്‍ന്ന് ഗൗരിയെ ഒരു അധ്യാപിക പ്രിന്‍സിപ്പലിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടയിലാണ് ശിക്ഷഭയന്ന് അവള്‍ കുതറിയോടിയതും അടുത്ത കെട്ടിടത്തില്‍നിന്ന് ചാടിയതും. സംഭവത്തിനുശേഷം മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും അധ്യാപകരെ നിര്‍ത്തിപ്പൊരിച്ചു.

കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ ആ സ്‌കൂളില്‍ കേക്കുമുറിച്ച് ആഘോഷിച്ചു. അതും വലിയ ചര്‍ച്ചയായി. ആഘോഷത്തിന് നേതൃത്വംനല്‍കിയ പ്രിന്‍സിപ്പലിനെ നീക്കി. നഷ്ടം ഗൗരിയുടെ കുടുംബത്തിനുമാത്രം. അച്ഛന്‍ പ്രസന്നകുമാറിന്റെ കച്ചവടം തകര്‍ന്നു. കടവിറ്റ് ഇപ്പോള്‍ അവര്‍ തിരുവനന്തപുരത്താണ്. മകളുടെ ഓര്‍മകളില്‍നിന്ന് ഒളിച്ചോടാനുള്ള പാഴ്ശ്രമമെന്നുപറയുമ്പോഴും ആ കണ്ഠം ഇടറുന്നുണ്ടായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും കോവിഡിന്റെമറവില്‍ ഒന്നും നടക്കുന്നില്ല.

സാഹചര്യങ്ങളും സമ്മര്‍ദങ്ങളും

2018 ഫെബ്രുവരി 3. കേരളം വീണ്ടും ഞെട്ടി. അന്നാണ് അഷ്ടമുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ശ്രീദേവി ആത്മഹത്യചെയ്തത്. ജനുവരി 29-ന് ഒരു വിദ്യാര്‍ഥിനി കൊണ്ടുവന്ന മദ്യക്കുപ്പി ക്ലാസില്‍ സംസാരവിഷയമായി. സംഭവം പ്രിന്‍സിപ്പലിന്റെ മുന്നിലെത്തി. രക്ഷിതാക്കളെ വിളിപ്പിച്ചശേഷം മൂന്നുപെണ്‍കുട്ടികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. അതിനുശേഷം ഒരു വിദ്യാര്‍ഥിനിയുടെ ബന്ധുവായ പോലീസുകാരന്‍ സംഭവത്തില്‍ ഇടപെട്ടത് ടീച്ചര്‍ക്ക് വലിയ മാനസികപ്രയാസമുണ്ടാക്കിയെന്ന് അവരുടെ ഭര്‍ത്താവ് അപ്പുക്കുട്ടന്‍പിള്ള പറഞ്ഞു. എന്തായാലും മാനസികസമ്മര്‍ദം താങ്ങാനാകാതെ ശ്രീദേവി ടീച്ചര്‍ ജീവിതം അവസാനിപ്പിച്ചു.

കാലം കുറച്ചു മുന്നോട്ടുപോയി. ശ്രീദേവിയുടെ മരണത്തില്‍ ഇന്ന് ഒരു കേസുപോലുമില്ല. നഷ്ടം അവരുടെ കുടുംബത്തിനുമാത്രം. കേസുണ്ടായിരുന്നെങ്കില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തപ്പെടേണ്ടത് എന്തായാലും വിദ്യാര്‍ഥികളിലല്ല. കാരണം, അവരല്ല പിന്നില്‍ കളിച്ചത്. ഒരു ആത്മഹത്യക്കുറിപ്പുപോലും എഴുതിവെക്കാതെ ആ അധ്യാപിക ജീവിതത്തില്‍നിന്ന് ഒളിച്ചോടിയത് ഇടയില്‍ കളിച്ചവര്‍ക്ക് അനുഗ്രഹമായി. മരണത്തിന്റെ യഥാര്‍ഥകാരണം കണ്ടെത്താന്‍ ടീച്ചര്‍ അംഗമായ സംഘടനപോലും രംഗത്തുവന്നില്ലെന്ന് അപ്പുക്കുട്ടന്‍പിള്ള കുറ്റപ്പെടുത്തുന്നു.

ഏറെ പഴയതല്ലാത്ത രണ്ടുസംഭവങ്ങള്‍ പറഞ്ഞത് കോവിഡ്കാലത്തിന് തൊട്ടുമുമ്പ് വിദ്യാലയങ്ങളിലെ ഗുരു-ശിഷ്യ ബന്ധം ഏതുവരെയെത്തിയിരുന്നുവെന്ന് സൂചിപ്പിക്കാന്‍മാത്രം.

ഒടുവില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച 2019-20 അധ്യയനവര്‍ഷത്തിലും ഒരുപാട് അനിഷ്ടസംഭവങ്ങളുണ്ടായി. അതില്‍ പ്രധാനപ്പെട്ടതാണ് സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഷഹ്ല ഷെറിന്‍ ക്ലാസ്മുറിയില്‍വെച്ച് പാമ്പുകടിയേറ്റുമരിച്ച സംഭവം. പാമ്പുകടിയേറ്റുവെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഷഹ്ലയുടെ ഉപ്പ വരാന്‍ കാത്തിരുന്നു. കുറച്ചെങ്കിലും നേരത്തേ കുഞ്ഞിന് മതിയായ ചികിത്സ നല്‍കിയിരുന്നെങ്കില്‍ ഇന്നവള്‍ നമ്മോടൊപ്പം ഉണ്ടായേനെ.

വീഴ്ചകള്‍ സംഭവിക്കും. അത് പാഠമാണ്. ശരിയെന്തെന്നറിഞ്ഞുവേണം മുന്നോട്ടുപോകേണ്ടത്. പരസ്പരം താങ്ങാകേണ്ടവര്‍ ശത്രുക്കളാകരുത്. എങ്കിലും അകല്‍ച്ചവരുന്നു.


അധ്യായം രണ്ട് 


2019 മാര്‍ച്ച്, കോഴിക്കോട്ടെ പ്രശസ്തമായ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. പ്ലസ്ടു പരീക്ഷ നേരത്തേ എഴുതിത്തീര്‍ത്ത പെണ്‍കുട്ടി പബ്ലിക് ഫോണിന് അടുത്തെത്തി. ഫോണിന് സമാന്തര കണക്ഷന്‍ ടീച്ചേഴ്സ് റൂമിലുണ്ട്. അബദ്ധത്തില്‍ ഫോണെടുത്ത ഒരു അധ്യാപിക, പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ ക്ഷണിക്കുന്നത് കേള്‍ക്കുന്നു. ഉടനെ കുട്ടിയെ വിളിപ്പിച്ചു. സംഗതി വീട്ടില്‍ പറയരുതെന്ന് അവള്‍ കേണു. കുട്ടിയെ പറഞ്ഞുവിട്ടെങ്കിലും അമ്മയെ അറിയിക്കാമെന്ന് സ്റ്റാഫ്റൂമില്‍ അപ്പോഴുണ്ടായിരുന്നവര്‍ ധാരണയിലെത്തി. അമ്മയെ വിളിച്ചുപറയുന്നത് കുട്ടി കേട്ടു. നേരെ അപ്പുറത്തെ കെട്ടിടത്തിനുമുകളില്‍ക്കയറി ചാടി.

അധ്യാപകര്‍തന്നെ കുട്ടിയെയുംകൊണ്ട് സ്വകാര്യാശുപത്രിയിലേക്ക് ഓടി. നല്ല ചികിത്സച്ചെലവ് വന്നെങ്കിലും ജീവന്‍ രക്ഷിക്കാനായി. വീട്ടുകാര്‍ വിട്ടില്ല. പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അധ്യാപകരെ കുറ്റപ്പെടുത്തിക്കൊണ്ട് പോലീസില്‍ പരാതിയും കൊടുത്തു. ഒടുവില്‍ പി.ടി.എ. ഭാരവാഹികളടക്കം ഇടപെട്ട് ഒത്തുതീര്‍പ്പുചര്‍ച്ച തുടങ്ങി. അവസാനം ചികിത്സച്ചെലവടക്കം ഏഴരലക്ഷംരൂപ കൊടുത്താണ് തീര്‍പ്പാക്കിയത്.

അതിനുശേഷവും വിദ്യാര്‍ഥിനികളെ വിലക്കേണ്ട അവസരങ്ങള്‍ ആ സ്‌കൂളില്‍ വന്നിട്ടുണ്ട്. ഏതെങ്കിലും അധ്യാപകര്‍ക്ക് നിയന്ത്രണംവിടുന്ന അവസ്ഥയുണ്ടെങ്കില്‍ ഉടനെ മറ്റാരെങ്കിലും ഇടപെടും: 'അതേയ്, പത്തുലക്ഷം കൈയിലുണ്ടോ? എങ്കില്‍ മതി ഉപദേശം'. അതോടെ ഗുരു അടങ്ങും.

ഉപദേശിക്കണോ, ശാസിക്കണോ

വിദ്യാര്‍ഥികളെ ഉപദേശിക്കേണ്ട സാഹചര്യം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അധ്യാപകര്‍ക്ക് ആശയക്കുഴപ്പമായിരിക്കുന്നു. ഹൈസ്‌കൂളിലോ ഹയര്‍സെക്കന്‍ഡറിയിലോ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും പ്രായപൂര്‍ത്തിയായ ഒരാളുടെ മാനസികാവസ്ഥയിലേക്ക് വളര്‍ന്നവരാണ്. സൗഹൃദം, ലൈംഗികത തുടങ്ങിയ കാര്യങ്ങളിലൊക്കെ അവര്‍ക്ക് അറിവുണ്ട്; പലര്‍ക്കും നിലപാടുകളുമുണ്ട്.

മക്കളോടെന്നപോലെ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആദ്യം ഉപദേശിക്കും. പിന്നെ വീട്ടില്‍ അറിയിക്കുകയെന്നതുതന്നെയാണ് അധ്യാപകര്‍ ചെയ്യുന്നത്. വീട്ടിലറിയുമ്പോള്‍ രക്ഷിതാക്കളുടെ പ്രതികരണം പലവിധത്തിലായിരിക്കും.

90 ശതമാനം വിദ്യാര്‍ഥികളും മറ്റൊരു സ്‌കൂളില്‍നിന്നാണ് പ്ലസ്ടു പഠിക്കാന്‍ പുതിയ സ്‌കൂളിലെത്തുന്നത്. രണ്ടാമത്, ഒരു ക്ലാസില്‍ അറുപതിലേറെ കുട്ടികളുണ്ട്. പഠിക്കുന്നവരെയും ഉഴപ്പുന്നവരെയും ഒരേപോലെ, ഒരുവഴിക്ക് കൊണ്ടുപോകുക പ്രയാസമാണെന്നാണ് അധ്യാപകരുടെ പൊതുഅഭിപ്രായം.

സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അപൂര്‍വം വിദ്യാലയങ്ങളിലൊന്നായ അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് കവയിത്രികൂടിയായ ആര്‍. ലോപ. ''സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്ന കുട്ടികള്‍ ഹോസ്റ്റലില്‍നിന്ന് പഠിക്കാനെത്തുന്ന സ്‌കൂളാണ് ഞങ്ങളുടേത്. അറുപതില്‍ ഇരുപതോളംപേര്‍ മാത്രമാണ് ഈ ലക്ഷ്യത്തോടെ വരുന്നത്. മറ്റുള്ളവര്‍ അങ്ങനെയല്ല. എല്ലാവരെയും പരമാവധി ഒരുപോലെ കൊണ്ടുപോകുക പ്രയാസമാണ്. എങ്കിലും പഠിക്കാനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കും'' -അനുഭവങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന ഉറച്ചനിലപാടാണ് ലോപയ്ക്കിത്.

സാധാരണപ്രശ്‌നങ്ങള്‍പോലും വഴക്കിലേക്കും വിദ്വേഷത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുന്ന അവസ്ഥയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുണ്ട്. കൗമാരക്കാരനായ വിദ്യാര്‍ഥിയുടെയും ചെറുപ്പക്കാരായ അധ്യാപകരുടെയും 'ഈഗോ'യാണ് കാരണം. വിദ്യാര്‍ഥിയുടെ നിഷേധമറുപടിയില്‍ അപമാനിതനായെന്നുതോന്നുന്ന അധ്യാപകന്‍ ചിലപ്പോള്‍ വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ക്കിടയില്‍വെച്ച് കളിയാക്കും. ചിലപ്പോള്‍ മര്‍ദിക്കും. അതോടെ അവന്റെ മുന്നില്‍ ആ അധ്യാപകന്‍ ശത്രുവായിമാറും.

വിദ്യാര്‍ഥി തല്ലുന്നു, അധ്യാപകരെ!

തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. മൊബൈല്‍ ഫോണില്‍ അധ്യാപകരുടെ മോശം ചിത്രങ്ങളെടുക്കുന്നുവെന്നുവരെ പരാതി ഉയര്‍ന്നിടം. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതുകണ്ട് പ്രിന്‍സിപ്പല്‍ ഫോണ്‍ ആവശ്യപ്പെടുന്നു. കൊടുത്തില്ല. പിടിച്ചെടുക്കാന്‍ നോക്കിയപ്പോള്‍ ഉന്തുംതള്ളുമായി. അതിനിടെ പ്രിന്‍സിപ്പലിനെ തല്ലി. പോലീസില്‍ പരാതിപ്പെടണോ എന്നതില്‍പ്പോലും രണ്ടഭിപ്രായം. ഒടുവില്‍ പേരിനൊരു പരാതി കൊടുത്തു. രാഷ്ട്രീയ ഇടപെടലില്‍ അതങ്ങുതീര്‍പ്പായി.

കോഴിക്കോട് നഗരത്തിലെ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പിന്‍ബെഞ്ചില്‍ ബഹളം. ഒരാളോട് മുമ്പിലെ ബെഞ്ചില്‍ വന്നിരിക്കാന്‍ പറയുന്നു. കേട്ടില്ല. കൈയിലുള്ള വടി ഓങ്ങിയപ്പോള്‍ അത് പിടിച്ചുവാങ്ങി ടീച്ചറെ അടിച്ച് വിദ്യാര്‍ഥി പുറത്തേക്കുപോയി. പോലീസും കേസുമൊക്കെയായെങ്കിലും ടീച്ചര്‍ സ്ഥലംമാറിപ്പോയതോടെ പ്രശ്‌നം തീര്‍ന്നു.

''അധ്യാപകര്‍ക്ക് ആദരവൊന്നും വേണ്ടാ. കുറ്റംചെയ്യുന്ന വിദ്യാര്‍ഥികളെ ഇടപെടലുകളിലൂടെ രക്ഷപ്പെടുത്തുന്ന രാഷ്ട്രീയം എതിര്‍ക്കപ്പെടണം'' -എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മനോജ് പറഞ്ഞു.

2019 പരീക്ഷക്കാലത്ത് ഒരു മാസത്തിനിടെ മൂന്ന് വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് അധ്യാപകര്‍ മര്‍ദനത്തിനിരയായത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കൊല്ലത്തെ ഒരു എയ്ഡഡ് സ്‌കൂളില്‍ പ്ലസ്വണ്‍ പരീക്ഷയെഴുതാന്‍വന്ന വിദ്യാര്‍ഥിയോട് തൊപ്പി ഊരിവെക്കാന്‍ പറഞ്ഞതിനാണ് അധ്യാപകനെ മുഖത്തിടിച്ചുവീഴ്ത്തിയത്. രക്തം വാര്‍ന്ന് അവശനായ അധ്യാപകനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു.

ഇടുക്കിയിലെ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളില്‍ യൂണിഫോം ധരിക്കാതെ ഹാള്‍ടിക്കറ്റ് വാങ്ങാന്‍വന്നത് ചോദ്യംചെയ്തതിനാണ് അധ്യാപകനെ ചെവിചേര്‍ത്ത് അടിച്ചത്. കാസര്‍കോട് ജില്ലയില്‍ മോഡല്‍ പരീക്ഷയ്ക്കിടെ കോപ്പിയടി തടയാന്‍ ശ്രമിച്ചതിന് അധ്യാപകനെ ക്രൂരമായി മര്‍ദിച്ചു.

മൂന്നുസംഭവങ്ങളിലും പോലീസ് കേസെടുത്തെങ്കിലും നടപടിയൊന്നുമായില്ല. ഏറ്റവും ഖേദകരമായ വസ്തുത കുട്ടികള്‍ ഈ മൂന്ന് അധ്യാപകരോടും മാപ്പുപോലും പറഞ്ഞില്ലെന്നതാണ്. രണ്ടുപേര്‍ സര്‍ക്കാര്‍സ്‌കൂള്‍ അധ്യാപകരാണ്. ഒരാള്‍ രണ്ടുവര്‍ഷത്തേക്ക് അവധിയെടുത്ത് സ്ഥലം വിട്ടു. മറ്റൊരാള്‍ സ്ഥലംമാറ്റം വാങ്ങിപ്പോയി. എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിമാത്രം ടി.സി. വാങ്ങിപ്പോയി.

ഇതില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുവേ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പൊടുന്നനെയുണ്ടാകുന്ന പ്രശ്‌നങ്ങളേറെയും.

അധ്യാപകന്റെ വിദ്യാര്‍ഥിയുമായുള്ള ബന്ധത്തിലെ പവിത്രതയില്ലായ്മയ്ക്ക് തെളിവാണ് വര്‍ധിച്ചുവരുന്ന പോക്‌സോ കേസുകള്‍. അധ്യാപകരെ കുടുക്കാനും മനഃപൂര്‍വം ഇത്തരം കേസുകള്‍ കെട്ടിച്ചമയ്ക്കുന്നു. അതിസങ്കീര്‍ണമായ അത്തരം പോക്‌സോകേസുകളിലേക്ക് നാളെ.

വേണ്ടാ, ചൂരല്‍

സ്‌കൂളുകളില്‍ ചൂരല്‍ വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്ന് മുന്‍ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. എങ്കിലും ചൂരല്‍ ഇന്നും അധ്യാപകര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ചെയര്‍മാന്‍ ചിരിച്ചു. എന്നിട്ടുപറഞ്ഞു: ''അധ്യാപകരില്‍നിന്ന് കുട്ടികള്‍ നിയമം പഠിക്കണമെന്നാണ് പറയുന്നത്. എന്നാലിപ്പോള്‍ അധ്യാപകര്‍ കുട്ടികളില്‍നിന്ന് നിയമം പഠിക്കുകയാണ്''.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വിദ്യാര്‍ഥികളെ അധിക്ഷേപിക്കുന്നതും തല്ലുന്നതും തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അതിന് കടകവിരുദ്ധമായി ഹൈക്കോടതി വിധിയുണ്ടെങ്കിലും ഈ ശിക്ഷ നിലനില്‍ക്കും. കുഴപ്പക്കാരായ കുട്ടികളെ കൈകാര്യംചെയ്യാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ സ്വീകരിക്കുകയേ രക്ഷയുള്ളൂ. പോലീസുപോലും മൂന്നാംമുറ ഒഴിവാക്കി ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുകയാണെന്ന വസ്തുത അധ്യാപകര്‍ മനസ്സിലാക്കണം. അദ്ദേഹം പറഞ്ഞു.


അധ്യായം മൂന്ന്‌


2020 റിപ്പബ്ലിക്ദിനത്തില്‍ 'മാതൃഭൂമി' പത്രത്തിന്റെ ഒന്നാംപേജില്‍ ഒരു ചരിത്രവിധിയുടെ വാര്‍ത്തയുണ്ടായിരുന്നു: 'വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രഥമാധ്യാപകന് 20 വര്‍ഷം തടവ്' എന്നാണ് തലക്കെട്ട്. കാസര്‍കോട്ടാണ് സംഭവം. സര്‍ക്കാര്‍സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ്മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് പ്രഥമാധ്യാപകനായ പി. രാജന്‍നായര്‍ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി ണ്ടപി.എസ്. ശശികുമാര്‍ 20 വര്‍ഷം തടവും 25,000 രൂപ പിഴശിക്ഷയും വിധിച്ചത്. ഈ വിധി ചരിത്രപ്രാധാന്യം നേടിയത് കുട്ടിക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നതിലൂടെയാണ്. ഇരയെ പുനരധിവസിപ്പിക്കണമെന്ന ചട്ടപ്രകാരം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന സംസ്ഥാനത്തെ ആദ്യവിധികൂടിയാണിത്.

2021 ഒക്ടോബര്‍ 11. അതായത് ഈ മാസം. കണ്ണൂര്‍ ചൊക്ലിയില്‍ പ്ലസ്വണ്‍ പരീക്ഷയെഴുതിയിരുന്ന 18 കഴിഞ്ഞ ഒരു വിദ്യാര്‍ഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് കോഴിക്കോട് കായക്കൊടി സ്വദേശി അജിത്തിനെതിരേ പോലീസ് കേസെടുത്തു. അതിക്രമം കാണിച്ച അജിത്ത് ഇപ്പോള്‍ ഒളിവിലാണ്.

ചൈല്‍ഡ്ലൈന്‍ റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്തെ സ്‌കൂളുകളിലെ ശരാശരി 1300 വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ശാരീരികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ചൈല്‍ഡ്ലൈന്റെ റിപ്പോര്‍ട്ട്. കുറ്റംചെയ്യുന്നവരില്‍ ശരാശരി എട്ടുശതമാനം പേര്‍ അധ്യാപകരാണെന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ബാലാവകാശ കമ്മിഷന്റെ 2019-ലെ വാര്‍ഷികറിപ്പോര്‍ട്ട് പ്രകാരം കുട്ടികളെ പീഡിപ്പിച്ചതിന് ആകെ 4054 കേസുകളാണുള്ളത്. പീഡിപ്പിച്ചവരില്‍ 20 ശതമാനം പേര്‍ കുട്ടികള്‍ക്ക് പരിചയമുള്ളവരാണ്. പ്രതിചേര്‍ക്കപ്പെട്ട 816 പേരില്‍ 167 പേര്‍ അധ്യാപകരാണ്.

തലശ്ശേരിയിലെ ഒരധ്യാപകനെതിരേ ലൈംഗികപീഡനാരോപണം ഉയര്‍ന്നപ്പോള്‍ പരാതിപ്പെട്ട വിദ്യാര്‍ഥിനിയെ പോലീസ് മാനസികമായി വല്ലാതെ പ്രയാസപ്പെടുത്തിയതും ഒടുവില്‍ ഏറെനാളത്തെ രാഷ്ട്രീയസമരങ്ങള്‍ക്കൊടുവില്‍ അധ്യാപകനെതിരേ കുറ്റപത്രം തയ്യാറാക്കിയതും ഈയിടെയാണ്.

കോഴിക്കോട്ടെ ഒരു സര്‍ക്കാര്‍ പ്രൈമറിസ്‌കൂള്‍ അധ്യാപകന്‍ കഴിഞ്ഞവര്‍ഷമാദ്യം തീവണ്ടിക്കുമുന്നില്‍ ചാടിമരിച്ചു. ആദ്യം പഠിപ്പിച്ച സ്‌കൂളില്‍ വിദ്യാര്‍ഥിനികളോട് തെറ്റായരീതിയില്‍ പെരുമാറിയതിന് ശിക്ഷയെന്നോണം കോഴിക്കോട് നഗരത്തിലെ സ്‌കൂളിലേക്ക് സ്ഥലംമാറ്റപ്പെട്ട വ്യക്തിയായിരുന്നു. പുതിയ സ്‌കൂളിലും അതേതെറ്റ് ചെയ്‌തെന്ന പരാതിയുണ്ടായി. ഒരേ കുറ്റം രണ്ടുതവണ ചെയ്താലുള്ള ശിക്ഷ അറിയാവുന്നതുകൊണ്ട് സ്വയംശിക്ഷിച്ചു.

കണ്ണൂരിലെ ഒരു മലയോര സ്‌കൂളില്‍ ഒരു കായികാധ്യാപകന്റെ പീഡന കഥ വാര്‍ത്തയായപ്പോള്‍ 1098 എന്ന ചൈല്‍ഡ്ലൈന്‍ ടോള്‍ഫ്രീ നമ്പറിലേക്ക് ഒരു ഫോണ്‍ വന്നു. കാനഡയില്‍ നിന്നായിരുന്നു വിളി. മുമ്പും ഇതേ സ്‌കൂളില്‍ ഈവിധം പീഡനമുണ്ടായിരുന്നു എന്നുപറയാന്‍.

കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യസ്‌കൂള്‍ അധ്യാപകന്‍ ഒരു വിദ്യാര്‍ഥിക്ക് മോശംസന്ദേശം അയച്ചുകൊടുത്തുവെന്ന കുറ്റത്തിന് പോക്‌സോ കേസില്‍ കുടുങ്ങി. ഈ സംഭവം പലവിധത്തില്‍ പ്രാധാന്യമുള്ളതാണ്. അധ്യാപകന്‍ പൊതുവേ കര്‍ക്കശക്കാരനത്രേ. അതിനാല്‍ ശത്രുക്കളുണ്ട്. വിദ്യാര്‍ഥികള്‍ക്കും ദേഷ്യമാണ്. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ചുമതലയുമുണ്ട്. സാധാരണ അത്തരം കാര്യങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ അധ്യാപകര്‍ കുട്ടികളെ ഏല്‍പ്പിക്കാറുമുണ്ട്. അങ്ങനെ ഏല്‍പ്പിച്ചപ്പോള്‍ ആരോ 'പണി' കൊടുത്തതാണെന്നാണ് ഒരു വാദം. മറ്റൊന്ന് അതല്ലെന്നും. എന്തായാലും ഫോണില്‍നിന്ന് സന്ദേശം അയച്ചുവെന്നത് തെളിവുള്ള കാര്യം. കുറച്ചുദിവസം അധ്യാപകന്‍ ജയിലില്‍ കിടന്നു. കേസ് ഒന്നുമായിട്ടില്ല.

വ്യാജകേസുകളില്‍ കുടുങ്ങുന്നവര്‍

പീഡനത്തിന്റെ പേരില്‍ അധ്യാപകരെ കുടുക്കുന്ന സംഭവങ്ങളും കുറവല്ല. കണ്ണൂരിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ കൂടെവന്ന സഹോദരിയുടെ വേഷത്തെക്കുറിച്ച് ഒരു ഹെഡ്മിസ്ട്രസ് ചോദ്യം ചെയ്തതിന്റെ പേരില്‍ അതുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു അധ്യാപകനെ പോക്‌സോ കേസില്‍ കുടുക്കി. ആദ്യസംഭവം സംബന്ധിച്ച് പോലീസ് വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പോയപ്പോഴാണ് അധ്യാപകന്‍ മുമ്പ് തെറ്റായവിധം ശരീരസ്പര്‍ശം നടത്തിയെന്ന ആരോപണം പെണ്‍കുട്ടി ഉന്നയിച്ചത്. ഉടനെ അധ്യാപകനെ പ്രതിയാക്കി കേസെടുത്തു.

അധ്യാപകന്‍ വഴക്കുപറഞ്ഞാല്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ചൈല്‍ഡ്ലൈനില്‍ വിളിച്ചുപറയുന്നത് പതിവായിരിക്കയാണെന്ന് കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോഷി ആന്റണി പറഞ്ഞു. പല അധ്യാപകരും ആശങ്ക പ്രകടിപ്പിച്ച കാര്യമാണിത്. പലപ്പോഴും ഇതിനു വേദിയായി പറയുക ശൗചാലയമായിരിക്കും. അങ്ങനെ സംഭവമില്ലെങ്കിലും അതു തെളിയിക്കേണ്ട ബാധ്യത അധ്യാപകന്റേതാണ്.

പരാതിപറയുമ്പോള്‍ സ്ഥലവും സമയവുമെല്ലാം ഇര കൃത്യമായി പറയണം. കഥ ചമയ്ക്കുന്നവര്‍ക്ക് അക്കാര്യം എളുപ്പമാണ്. എന്നാല്‍, അങ്ങനെയൊരു സംഭവമില്ലെന്ന് അധ്യാപകന്‍ തെളിയിക്കണമെങ്കില്‍ വല്ലാതെ കഷ്ടപ്പെടും. ഇനി പണം കൊടുത്ത് തീര്‍പ്പാക്കിയ മറ്റൊരുസംഭവം. അതും കോഴിക്കോട്ടാണ്. ഒരു ബാലികയുടെ രക്ഷിതാക്കള്‍ അധ്യാപകനെതിരേ പീഡന പരാതിയുമായി എത്തുന്നു. കേട്ടവര്‍ക്ക് ആര്‍ക്കും വിശ്വാസമായില്ല. പക്ഷേ, കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നതിന് മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. വന്‍തുക കൊടുത്തു പ്രശ്‌നം തീര്‍പ്പാക്കി. ഇല്ലെങ്കില്‍ സംഗതി പോക്‌സോ കേസാണ്. തടവും ശിക്ഷയും മാത്രമല്ല, മാനവും പോകും.

ചൈല്‍ഡ്ലൈന്‍ കൗണ്‍സലര്‍മാരെ ഭയക്കുന്നവരാണ് അധ്യാപകരില്‍ ഭൂരിഭാഗവും. കാരണം, അവര്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുമാത്രം കാര്യങ്ങള്‍ കാണുന്നുവെന്നതാണ് പൊതുധാരണ. വിദ്യാര്‍ഥികള്‍ പറയുന്ന തെറ്റായ കാര്യങ്ങള്‍ പോലും അധ്യാപകര്‍ തെളിയിക്കണമെന്നതും ഇരുകൂട്ടരും തമ്മിലുള്ള രമ്യത ഇല്ലാതാക്കുന്നു.

സംഗീതാധ്യാപകന്റെ ആത്മഹത്യ: സത്യം എന്താണ്

പോക്‌സോ കേസ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നതിന്റെ യഥാര്‍ഥവസ്തുത പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന ഒരു കേസ് ഇപ്പോള്‍ പോലീസിന്റെ മുന്നിലുണ്ട് -ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംഗീതാധ്യാപകന്‍ നരേന്ദ്രബാബുവിന്റെ ആത്മഹത്യ.

14 വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയെന്നതിന് നരേന്ദ്രബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തനിക്കെതിരേ സ്‌കൂളിലെ സീനിയര്‍ സൂപ്രണ്ട്, കൗണ്‍സലര്‍, ഡ്രൈവര്‍ എന്നിവര്‍ പ്രതികാരം ചെയ്യുകയാണെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചാണ് 2020 ഫെബ്രുവരി 20-ന് നരേന്ദ്രബാബു ജീവനൊടുക്കിയത്. വൈക്കത്തുള്ള വീടിനടുത്തുള്ള വോളിബോള്‍ കോര്‍ട്ടിലെ നെറ്റില്‍ ഒട്ടിച്ച അഞ്ചുപേജ് കത്തില്‍ താന്‍ ഏങ്ങനെയാണ് ബലിയാടാക്കപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. കുട്ടികളുടെ മൊഴിപ്രകാരം നരേന്ദ്രബാബുവിനെതിരായ കുറ്റം അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം. എന്നാല്‍, നരേന്ദ്രബാബു ആരോപിച്ച കാര്യങ്ങളില്‍ അന്വേഷണം നടന്നിട്ടുമില്ല

C J John

സ്‌നേഹം, കരുതല്‍, അറിവ് എന്നിവകൊണ്ട് വിദ്യാര്‍ഥികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ചവരാണ് പഴയ അധ്യാപകര്‍. ഇന്ന് ആ ബന്ധം വളരെ ഔപചാരികമായി മാറി. മാതാപിതാക്കളുടെ മേല്‍ അധികാരം സ്ഥാപിച്ചെത്തുന്ന വിദ്യാര്‍ഥി, അധീശത്വഭാവം കാണിക്കുന്ന അധ്യാപകരെ വെറുക്കുന്നു. അതേസമയം, വിഷയത്തിലെ അവഗാഹവും പഠിപ്പിക്കുന്നതില്‍ വൈഭവവുമുള്ളവരെ അവര്‍ക്കിഷ്ടവുമാണ്.-ഡോ. സി.ജെ. ജോണ്‍


അധ്യായം നാല്


ജനുവരി വിദ്യാര്‍ഥികളുടെ ഇഷ്ടപ്പെട്ട മാസമാണ്. വേര്‍പിരിയലിനുമുമ്പുള്ള പഠനയാത്ര, ആഘോഷങ്ങള്‍ തുടങ്ങിയവ നടക്കുന്ന മാസം. എന്നാല്‍, എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഇത് വിശ്രമമില്ലാത്ത കാലമാണെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ.എസ്. രഞ്ജിത്ത് വെളിപ്പെടുത്തുന്നു.

2020 ജനുവരിയിലെ ഒരു ദിനം. എറണാകുളത്തെ ഒരു സ്‌കൂളില്‍നിന്നു ഫോണ്‍ വരുന്നു, പെണ്‍കുട്ടികളടക്കം മദ്യപിച്ച് പ്രശ്‌നമാണെന്ന്. വനിതാ ഗാര്‍ഡിനെയും കൂട്ടി സ്‌കൂളിലെത്തുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് ബോധമില്ല. അന്വേഷണത്തില്‍ ആണ്‍കുട്ടികളോടൊപ്പം ശീതളപാനീയത്തില്‍ മദ്യംകലര്‍ത്തി കുടിച്ചതാണെന്ന് വ്യക്തമായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പഠനയാത്രയ്ക്കുപോകുന്ന വിദ്യാര്‍ഥികളുടെ കൈയില്‍ മദ്യമുണ്ടെന്ന് ഒരു രക്ഷിതാവിന് വിവരം കിട്ടി. അധ്യാപകര്‍ ബസുകള്‍ പരിശോധിച്ചപ്പോള്‍ ആറ് ഫുള്‍ബോട്ടില്‍.

Dataകോഴിക്കോട് നഗരത്തിലെ ഒരു ഗേള്‍സ് സ്‌കൂളിലെ മൂന്നു കുട്ടികള്‍ മദ്യപിച്ച് കുഴഞ്ഞുവീണപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്നു പറഞ്ഞ് തലയൂരിയതും 2020-ല്‍ നടന്ന സംഭവം.

തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ ഒരു ആറാംക്ലാസുകാരന്‍ എക്‌സൈസ് വകുപ്പ് സൈക്കോളജിസ്റ്റ് ഡോ. എസ്. ലിഷയുടെ മുന്നിലെത്തി. വായിനകത്ത് ചുണ്ടിനും പല്ലിനുമിടയില്‍വെക്കുന്ന ലഹരിപദാര്‍ഥം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് ഏറെ സംസാരിച്ചശേഷമാണ് അവന്‍ പറഞ്ഞത്. അമ്മയില്ലാതെ വളരുന്നതിന്റെ കഥയും.

ലഹരിയുടെ വലയം

സ്‌കൂളാവശ്യത്തിനുപയോഗിക്കാവുന്ന ചില സാധനങ്ങള്‍ മണത്ത് ലഹരിയുടെ മായികലോകത്തെത്തുന്നവരും ഏറെയാണ്. നാവില്‍ ഒട്ടിക്കുന്ന സ്റ്റാമ്പിനും നല്ല ഡിമാന്‍ഡാണ്. കഞ്ചാവ്, എം.ഡി.എം.എ., ഫാര്‍മസികളില്‍ സുലഭമായ 15-ഓളം മരുന്നുകള്‍ എന്നിവയും ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ഉപയോഗിച്ചുവരുന്നു. ചൈനയില്‍നിന്നുള്ള ലൈറ്റ് സിഗററ്റുകളും ഇപ്പോള്‍ വിപണിയിലുണ്ട്. പ്രത്യേക രുചികളിലുള്ള അവയോട് വിദ്യാര്‍ഥിനികള്‍ക്കും പ്രിയമത്രേ.

2018-ലെ എക്‌സൈസ് കണക്കുപ്രകാരം 3.40 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകളില്‍നിന്നു പിടിച്ചതെന്ന വസ്തുത (പട്ടിക-1) ഇതിനുപിന്നിലുള്ള മാഫിയ എത്രത്തോളം വിപുലമാണെന്നു വ്യക്തമാക്കും. റിട്ട. ഐ.പി.എസ്. ഓഫീസര്‍ എന്‍. രാമചന്ദ്രന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തില്‍ ആശങ്കപ്രകടിപ്പിച്ച് എഴുതിയ കത്ത് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അതുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ പോലീസ് പിടിച്ച ലഹരിക്കേസുകളെക്കുറിച്ച് ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചു. 2019 ഒക്ടോബര്‍വരെയുള്ള കണക്കാണ് അതിലുള്ളത്.

ലഹരിയുടെ ലോകത്തുനിന്നും തിരിച്ചുവരാനാകാതെ ആത്മഹത്യചെയ്യുന്ന വിദ്യാര്‍ഥികളുണ്ട്. അതൊന്നും എവിടെയും രേഖപ്പെടുത്തുന്നുപോലുമില്ല. സ്വകാര്യമാനസികാരോഗ്യകേന്ദ്രങ്ങളിലും ലഹരിമുക്ത കേന്ദ്രങ്ങളിലും ചികിത്സയില്‍ കഴിയുന്നവരും ഏറെയാണ്. അവരില്‍ പെണ്‍കുട്ടികളുമുണ്ട്. വിമുക്തി പദ്ധതിയുടെ ഭാഗമായി ക്ലാസെടുത്തു കഴിഞ്ഞാല്‍ ചിലര്‍ വിളിച്ച് അവരുമായി ബന്ധമുള്ളവരുടെ ലഹരിക്കഥകള്‍ പറയാറുണ്ടെന്നാണ് എറണാകുളത്തെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ജെ. ധന്യ പറഞ്ഞത്.

ലഹരിമാര്‍ഗം തേടുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം തകര്‍ന്ന കുടുംബപശ്ചാത്തലത്തില്‍നിന്നോ സമ്പന്ന കുടുംബപശ്ചാത്തലത്തില്‍നിന്നോ വരുന്നവരാണെന്ന് എക്‌സൈസ് വകുപ്പിന്റെ സൈക്കോളജിസ്റ്റായ ഡോ. എസ്. ലിഷ.

ഇങ്ങനെ മതിയോ

നന്നായി പഠിക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അധ്യാപകരോട് അപ്രിയമുണ്ടാകില്ല. അധ്യാപകര്‍ക്ക് പ്രിയവും ഇക്കൂട്ടരോടാകും. 50-60 കുട്ടികളുള്ള ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നകാര്യം എന്താണെന്നുപോലും തിരിച്ചറിയാനാകാതെ ഇരിക്കുന്ന വിദ്യാര്‍ഥികളാണ് ഭൂരിപക്ഷവും. അവരാണ് ലഹരിയുടെയോ വികൃതിയുടെയോ ലോകത്തിലേക്ക് തിരിയുന്നത്.

''ഒരു കുട്ടി എഴുത്തും വായനയും അറിയാതെ പത്താംക്ലാസിലെത്തിയിട്ടുണ്ടെങ്കില്‍ പ്രതി കുട്ടിയല്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മാര്‍ക്ക് വാങ്ങലാണെന്നു കരുതുന്ന പൊതുസമൂഹമാണ്. പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ഒരു വിദ്യാര്‍ഥി നേടിയ ജ്ഞാനമല്ല, പരീക്ഷിക്കപ്പെടുന്നത്. അവന്റെ വിവരമാണ്. കേവലമായ മാര്‍ക്കിനപ്പുറം കുട്ടിയുടെ കഴിവുതെളിയിക്കാനുള്ള സംവിധാനമില്ലെന്നത് ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പോരായ്മയാണ്'' -കെ.എസ്.ടി.എ. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍ പറഞ്ഞു.

ബാലാവകാശത്തെ അധ്യാപകര്‍ വല്ലാതെ ഭയപ്പെടുന്നുണ്ടെന്നത് മറ്റൊരു സത്യം. 60 കുട്ടികളുള്ള ഒരു ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ എല്ലാ കുട്ടികളും കാലത്ത് ഒമ്പതുമുതല്‍ വൈകീട്ട് 4.40 വരെ അധ്യാപകര്‍ പറയുന്നതുകേട്ട് അടങ്ങിയൊതുങ്ങി ഇരിക്കുമെന്ന് കരുതുകവയ്യ. അങ്ങനെയുള്ള അവസ്ഥയിലുള്ള ചെറിയ കുസൃതികളാണ് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെടുന്നത്. അത് സ്‌കൂളിന്റെ മതില്‍ക്കെട്ടിന് പുറത്തുപോകില്ലെന്ന നില വരണം. അതിന് അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരവിശ്വാസത്തോടെ നിലക്കൊള്ളണം. രണ്ടുതട്ടിലായാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. പ്രശ്‌നങ്ങള്‍ സംഘടനാ രാഷ്ട്രീയത്തിന്റെ അളവുകോലുപയോഗിച്ച് കൈകാര്യം ചെയ്യുന്നതും ഇല്ലാതാകണം. വിദ്യാര്‍ഥിരാഷ്ട്രീയം ഇല്ലാതാകുന്നതും സ്‌കൂളുകളിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.

15,892 സ്‌കൂളുകളിലായി 47.38 ലക്ഷം വിദ്യാര്‍ഥികളും 1.65 ലക്ഷം അധ്യാപകരുമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. പാഠം പഠിച്ചും തെറ്റുകള്‍ തിരുത്തിയും കോവിഡ്- 19 പോലുള്ള പ്രതിസന്ധികള്‍ തരണംചെയ്തും അവര്‍ ഒറ്റക്കെട്ടായി മുന്നേറുകതന്നെവേണം.