2020 ഒക്ടോബര്‍ രണ്ടിനും നവംബര്‍ അഞ്ചിനും ഇടയിലുള്ള 34 ദിവസത്തിനിടെ കേരളത്തില്‍ മൂന്നു വ്യാപാരികള്‍ ജീവനൊടുക്കി. രണ്ടു മരണം നടന്നത് നവംബര്‍ അഞ്ചിന്. തൃശ്ശൂര്‍ കണ്ടശ്ശാംകടവിലെ കായവ്യാപാരി വടക്കേത്തല ചക്കനാത്ത് പൗലോസാ(58)ണ് നവംബര്‍ അഞ്ചിന് ആത്മഹത്യചെയ്ത ഒരു വ്യാപാരി. നേന്ത്രക്കായയ്ക്കുള്ള വിലക്കുറവും സാമ്പത്തിക ബാധ്യതയുംമൂലം നട്ടംതിരിയുന്നതിനിടെയാണ് 700 രൂപയില്‍ താഴെയുള്ള കെട്ടിടവാടക 3000 രൂപയാക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പെട്ടെന്നുണ്ടായ തിരിച്ചടികളില്‍ പിടിച്ചുനില്‍ക്കാനാകാതെ കിണറ്റില്‍ച്ചാടി ആത്മഹത്യചെയ്തു. അന്നുതന്നെയാണ് മലപ്പുറം എടക്കര പാലേമാട്ടെ വ്യാപാരി വര്‍ഗീസ് (52) കടമുറിയില്‍ ജീവന്‍ അവസാനിപ്പിച്ചത്.

കഷ്ടി ഒരുമാസംമുമ്പ് ഒക്ടോബര്‍ രണ്ടിന് പുന്നയൂര്‍കുളം ആല്‍ത്തറയില്‍ ലോട്ടറിക്കട നടത്തിയിരുന്ന ചൊവ്വല്ലൂര്‍ സി.എ. ജോസഫ് ജീവനൊടുക്കി. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഉണ്ടായ സാമ്പത്തിക ബാധ്യതകളാണ് തീരുമാനത്തിനു പിന്നിലെന്നാണ് അറിഞ്ഞത്.

2020 ജനുവരിയില്‍ ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡിനു സമീപം കടനടത്തിയിരുന്ന മുഹമ്മദ് ആസിഫിനെ കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കാണുന്നത് ദുര്‍ഗന്ധം പുറത്തുവന്നശേഷമാണ്. കടബാധ്യതകളെല്ലാം എഴുതിവെച്ചാണ് അദ്ദേഹം മരിച്ചത്. ജൂലായ് 20-ന് ചങ്ങനാശ്ശേരി കട്ടച്ചിറ സിബി തോമസ് (53) ജീവനൊടുക്കിയതും കടബാധ്യതമൂലമാണ്. പെയിന്റുകട നടത്തുകയായിരുന്നു. വാടകവീട്ടിലാണ് അന്ത്യമുണ്ടായത്.

ആത്മഹത്യയില്‍ അഭയംതേടുന്ന വ്യാപാരികള്‍

ഏഴുമാസത്തിനിടെ രണ്ടു വ്യാപാരികളാണ് ഇടുക്കി വാഗമണിനടുത്ത് ഉപ്പുതറയില്‍ ജീവനൊടുക്കിയത്. ഏഴ് കിലോമീറ്ററിനുള്ളില്‍വരുന്ന പ്രദേശങ്ങളാണ് ചപ്പാത്ത് ടൗണും ശാസ്താംകണ്ടവും. 2019 ഒക്ടോബര്‍ 18-ന് ചപ്പാത്ത് ടൗണിലെ വ്യാപാരി കുറിപ്പാളവിള സജീവി(42)നെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. 2020 മേയ് 27-ന് ശാസ്താംകണ്ടത്ത് അറഞ്ഞനാല്‍ ദിലീപി(51)ന്റെ അന്ത്യവും വ്യത്യസ്തമായിരുന്നില്ല. 2019 ജൂലായ് ഒന്നിന് കൊല്ലത്തെ റേഷന്‍ വ്യാപാരിയായ കുന്നത്തൂര്‍ കിഴക്ക് മലയിലഴികത്ത് വീട്ടില്‍ അജിത്ത് പ്രസാദ് (52) റേഷന്‍കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു. ആയിടെ സഹകരണബാങ്കില്‍നിന്ന് 1.20 ലക്ഷം രൂപയുടെ കുടിശ്ശികയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. കടം കൊടുത്തവരില്‍നിന്നു പണം കിട്ടിയതുമില്ല. ജൂലായ് 14-ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് മൂവ്വാറ്റുപുഴ നേതാവ് കെ.ടി. ബിജു ജീവനൊടുക്കിയത് ചെറിയൊരു കടബാധ്യതയുടെ പേരിലാണ്.

ഒക്ടോബര്‍ ആറിന് മലപ്പുറം പള്ളിക്കല്‍ബസാറിലെ തുണിവ്യാപാരി പി. വിശ്വനാഥന്‍ ജീവനൊടുക്കി. നവംബര്‍ 14-ന് വൈക്കത്തെ വ്യാപാരിയായ ബിജു, മറ്റൊരു വ്യാപാരിയുടെ വീട്ടില്‍ച്ചെന്ന് പെട്രോള്‍ ഒഴിച്ചു സ്വയംകത്തിച്ചു മരിച്ചു. പണമിടപാടു സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നു. നവംബറില്‍ തന്നെയാണ് മലപ്പുറം വാണിയമ്പലത്ത് വി.ടി. രാധാകൃഷ്ണന്‍ കടമുറിയില്‍ ജീവിതം അവസാനിപ്പിച്ചത്.

വിഷമകാലഘട്ടം

2018 വ്യാപാരികളെ സംബന്ധിച്ചിടത്തോളം വളരെ വിഷമകാലഘട്ടമായിരുന്നു. നോട്ടുനിരോധനം കഴിഞ്ഞ് ജി.എസ്.ടി. വന്നതിനുശേഷമുള്ള കാലഘട്ടം. വാറ്റ് കുടിശ്ശികയുടെ പേരില്‍ വ്യാപകമായി അശാസ്ത്രീയമായി നോട്ടീസ് അയച്ചിരുന്നത് അവരെ മാനസിക സമ്മര്‍ദത്തിലാക്കി. ആ വര്‍ഷം ഫെബ്രുവരി 23-ന് രണ്ടുവ്യാപാരികള്‍ സാമ്പത്തിക ബാധ്യതകളിന്മേലുള്ള തുടര്‍നടപടികള്‍ ഭയന്ന് ജീവനൊടുക്കിയത് യാദൃച്ഛികമാണ്. ആ സംഭവങ്ങളാകട്ടെ കേരളത്തെ ഉലയ്‌ക്കേണ്ടതായിരുന്നെങ്കിലും പ്രാദേശിക വാര്‍ത്തകള്‍ മാത്രമായിമാറി. ആലപ്പുഴ ചാരുംമൂട് ഉളവുക്കാട്ടെ പൊയ്കയില്‍ ബിജുരാജ് (38) വാണിജ്യനികുതി വകുപ്പില്‍നിന്നു കുടിശ്ശിക അടയ്ക്കാന്‍ നോട്ടീസ് കിട്ടിയപ്പോള്‍ കിടപ്പുമുറിയില്‍ ജീവനൊടുക്കുകയായിരുന്നു. റബ്ബര്‍ വ്യാപാരിയായ ബിജുരാജ് റബ്ബര്‍ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് കച്ചവടം നിര്‍ത്തിയതാണ്. അപ്പോഴാണ് പഴയ വ്യാപാരത്തിന്റെ നികുതി അടച്ചില്ലെന്നു കാണിച്ചുള്ള കുടിശ്ശിക നോട്ടീസ് ലഭിച്ചത്. സ്വര്‍ണവ്യാപാരിയായ വിയ്യൂര്‍ പാടൂക്കാട് എടത്തറ വീട്ടില്‍ ജയപ്രകാശന്‍ (47) നോട്ടുനിരോധനത്തിനുശേഷം പ്രതിസന്ധിയിലായിരുന്നു. ബാങ്കില്‍നിന്നു ജപ്തിനടപടി ആരംഭിച്ചതോടെ തകര്‍ന്നുപോയി.

എന്നാല്‍, മൂന്നുദിവസത്തിനിടെയുണ്ടായ ഒരു ആത്മഹത്യശ്രമവും ഒരു ആത്മഹത്യയും കോളിളക്കം സൃഷ്ടിച്ചു. വാറ്റ് കുടിശ്ശിക നോട്ടീസ് ലഭിച്ച ജീവന്‍ ആര്‍. കുറുപ്പ് ഒക്ടോബര്‍ 24-ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. കുടിശ്ശിക ഈടാക്കല്‍ നടപടിക്കെതിരേ ഒക്ടോബര്‍ 29-ന് സമരം നടത്താന്‍ അന്നുതന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനിച്ചു. സമരത്തിന് തലേന്ന് പത്തനംതിട്ടയിലെ റബ്ബര്‍ വ്യാപാരിയായ മാത്യു ദാനിയേല്‍ ആത്മഹത്യചെയ്തു. പിറ്റേന്നുതന്നെ ധനമന്ത്രി കുടിശ്ശിക പിരിക്കല്‍ ഉത്തരവ് നിര്‍ത്തിവെച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ഉസ്മാന്‍ കോയ, 2018 ഏപ്രില്‍ 30-ന് അദ്ദേഹത്തിന്റെ ശ്രമഫലമായുണ്ടായ വ്യാപാരി സംഘടനാ ഓഫീസില്‍ ജീവനൊടുക്കി. സാമ്പത്തിക ബാധ്യതയായിരുന്നു കാരണം.

പെരുകിക്കയറുന്ന കടം

വടകരയിലെ അനാദി അഥവാ പലചരക്ക് കച്ചവടക്കാരനായിരുന്നു അശോകന്‍. 2018 ജൂണ്‍ 26-ന് വീട്ടില്‍ തൂങ്ങിമരിച്ചു. മൊത്തക്കച്ചവടവും ചില്ലറക്കച്ചവടവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു. മരണശേഷം കടബാധ്യതയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഏതാണ്ട് ഒരു കോടിയിലേറെ രൂപയുടെ ബാധ്യത. വീടടക്കം പണയംവെച്ചതായിരുന്നു. മഞ്ചേരിയിലെ രണ്ടു വ്യാപാരികള്‍ മൂന്നുമാസത്തിനിടയ്ക്ക് ജീവനൊടുക്കിയതും 2018-ല്‍. സ്റ്റേഷനറി കച്ചവടക്കാരനായ ഫിറോസാണ് ആദ്യം മരിച്ചത്. സെപ്റ്റംബറില്‍ കെ. മുഹമ്മദും ആത്മഹത്യചെയ്തു. മലപ്പുറം ഐക്കരപ്പടി വെണ്ണായൂരിലെ പ്രവീണ്‍കുമാര്‍ നവംബര്‍ 14-ന് കടയില്‍ ജീവനൊടുക്കി. സാമ്പത്തികബാധ്യതയാണ് മരണകാരണം.

നോട്ട് നിരോധനത്തിന്റെ ആദ്യ രക്തസാക്ഷി ഇടുക്കി മുരിക്കാശ്ശേരിയിലെ വ്യാപാരിയായ രമണ(60)നായിരിക്കണം. നോട്ടുനിരോധനംവന്ന് രണ്ടാഴ്ചയ്ക്കകം നവംബര്‍ 20-നാണ് രമണന്‍ കടയില്‍ തൂങ്ങിമരിച്ചത്.

നോട്ടുനിരോധനത്തിനുശേഷം ഈവിധം പലകാരണങ്ങളാല്‍ സാമ്പത്തികബാധ്യതവന്ന ഒട്ടേറെ വ്യാപാരികള്‍ മാനസികവിഷമംമൂലം ഹൃദയാഘാതമുണ്ടായി മരിച്ചിട്ടുണ്ട്. വടകരയില്‍ മാത്രം കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 14 വ്യാപാരികള്‍ അകാലമരണംവരിച്ചുവെന്നാണ് വടകര മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ സലാം പറഞ്ഞത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കകം 13 വ്യാപാരികളാണ് വയനാട്ടില്‍ മാനന്തവാടിയിലും സുല്‍ത്താന്‍ബത്തേരിയിലുമായി മരിച്ചത്. മാനന്തവാടി താലൂക്കില്‍ എട്ടുപേര്‍ നോട്ടുനിരോധനത്തിനുശേഷം മാനസികവിഷമംമൂലം മരിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ. ഉസ്മാനും സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ അഞ്ചുപേര്‍ അകാലത്തില്‍ മരിച്ചെന്ന് കല്പറ്റ യൂണിറ്റ് പ്രസിഡന്റ് ഹൈദ്രുവും വ്യക്തമാക്കി. 13 പേരും 60 വയസ്സിനു താഴെയുള്ളവരും കടബാധ്യത ഉള്ളവരുമായിരുന്നു.

വ്യാപാരമേഖലയില്‍ ദുരന്താന്തരീക്ഷം

വ്യാപാരികള്‍ കടബാധ്യതമൂലം മരിക്കുമോ എന്നത് ആരിലും ആദ്യമുയരുന്ന സംശയമാണ്. എന്നാല്‍, കഴിഞ്ഞ നാലുവര്‍ഷത്തെ സാമൂഹിക സാഹചര്യം അങ്ങനെയൊരു ദുരന്താന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. നാട്ടില്‍ കച്ചവടമൊക്കെ നന്നായി കുറഞ്ഞെന്ന് പുറത്തേക്ക് കണ്ണോടിക്കുന്ന ഏതൊരു സാധാരണക്കാരനും അറിയാം. മനുഷ്യജീവനുകള്‍ക്ക് സ്വയം വിരാമമിടുന്നോളം അത് വളര്‍ന്നിരിക്കുന്നു എന്നത് ഇന്നത്തെ ദുരവസ്ഥ. ആത്മഹത്യപോലും സാധാരണമരണങ്ങളായി ചിത്രീകരിച്ച സംഭവങ്ങളുമുണ്ട്. കാരണം, കടംകൊണ്ടാണ് മരണമെന്ന് പുറംലോകമറിഞ്ഞാല്‍ പിന്നെ വീട്ടുകാര്‍ക്ക് ജീവിക്കാനാവില്ല. അത്രയ്ക്കായിരിക്കും കടംകൊടുത്തവരുടെ സമ്മര്‍ദം.

ദിവസവും നല്ല വസ്ത്രംധരിച്ച് കടകളിലെത്തുന്ന വ്യാപാരികളെല്ലാം സന്തോഷവാന്മാരാണെന്നു കരുതേണ്ട. അവരില്‍ പലരും കടബാധ്യതയുടെ ദുഃഖം പുറത്തറിയിക്കാതെ പ്രതീക്ഷയോടെ ജീവിക്കുന്നവരാണ്. തോല്‍ക്കാന്‍ മനസ്സില്ലാതെ പിടിച്ചുനില്‍ക്കുന്നവര്‍

                                                                                                                                                                                                          (തുടരും)