''രാഷ്ട്രീയക്കാര്‍ ഒന്നും ഈട ബെര്ത്തില്ലപ്പാ'' -കാസര്‍കോട് നഗരസഭ 36-ാം വാര്‍ഡിലെ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ സുജാത, സുശീല, ലക്ഷ്മി, ബേബി, ഭാനു, ഷൈജ, നിമ്മി എന്നിവരുടേതാണ് ഈ പരാതി. ആണുങ്ങള്‍ക്ക് ജോലിയും വരുമാനവും കുറഞ്ഞതോടെ സ്ത്രീകള്‍ ജോലിക്കിറങ്ങുന്നു, മീന്‍വില്‍പ്പനയും അടുക്കളപ്പണിയും. സ്വകാര്യധനകാര്യസ്ഥാപനങ്ങളില്‍നിന്ന് പണം കടമെടുക്കുന്നു. പലരുടേയും പൊന്ന് പണയത്തിലാണ്.

പത്ത് സ്ത്രീകളുള്ള ഗ്രൂപ്പിന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഒരാള്‍ക്ക് 20,000 രൂപവെച്ച് വായ്പനല്‍കും. ആഴ്ചയില്‍ 430 രൂപവെച്ച് 52 ആഴ്ചകൊണ്ട് തിരിച്ചടയ്ക്കണം. 23,000-ത്തോളം രൂപ. അടച്ചില്ലെങ്കില്‍ ജപ്തിനോട്ടീസ്. കുടുംബശ്രീ, രൂപതകള്‍, മഠങ്ങള്‍ എന്നിവയും പലിശവ്യവസ്ഥയോടെ വായ്പകള്‍ നല്‍കുന്നു. വര്‍ഷങ്ങളോളമായി ഇങ്ങനെ കടത്തിലാണ് പലയിടത്തും ജീവിതം. സര്‍ക്കാര്‍ വായ്പപദ്ധതിയുള്ളതൊന്നും പലര്‍ക്കും അറിയില്ല. കൃത്യമായി പറഞ്ഞുകൊടുക്കാന്‍ ആരുമില്ല.

കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ കരിക്കാടി ചെമ്മീന്‍ തൊലിയുരിക്കുകയാണ് എലിസബത്ത്, സ്റ്റെല്ല, വിക്ടോറി എന്നിവര്‍. ഹാര്‍ബറില്‍നിന്ന് ഒരു പെട്ടിക്ക് 2000 മുതല്‍ 4000 രൂപവരെ കൊടുത്ത് വാങ്ങുന്ന ചെമ്മീന്‍ തൊലിയുരിച്ച് സ്വകാര്യകമ്പനിക്ക് നല്‍കിയാല്‍ കിലോക്ക് 250 മുതല്‍ 320 രൂപവരെ ലാഭം കിട്ടും. കയറ്റുമതി കമ്പനികള്‍ക്കായി കൂന്തള്‍ തൊലിയുരിക്കുന്ന മേരിക്ക് 250 രൂപയാണ് ഒരുദിവസം കിട്ടുന്നത്.

സ്ത്രീകള്‍ ജീവിതോപാധിക്കായി വഴിയരികിലും ഹാര്‍ബര്‍, ചന്ത പരിസരങ്ങളിലും മീന്‍വില്‍ക്കാനിരിക്കുന്നു. എന്നാല്‍, പോലീസും ഉദ്യോഗസ്ഥരും കോവിഡ് നിയന്ത്രണങ്ങള്‍ പറഞ്ഞ് വില്‍പ്പന തടയുന്ന സംഭവം ആറ്റിങ്ങലിലും കരമനയിലും പാരിപ്പള്ളിയിലും അടുത്തിടെ ഉണ്ടായി.

കൊല്ലം ശക്തികുളങ്ങര ഹാർബറിൽ കരിക്കാടി ചെമ്മീൻ തൊലിയുരിക്കുന്ന എലിസബത്ത്, സ്റ്റെല്ല, വിക്ടോറി
കൊല്ലം ശക്തികുളങ്ങര ഹാർബറിൽ കരിക്കാടി ചെമ്മീൻ തൊലിയുരിക്കുന്ന
എലിസബത്ത്, സ്റ്റെല്ല, വിക്ടോറി | ഫോട്ടോ: അജിത്ത് പനച്ചിക്കൽ

കാസര്‍കോട് ഹൊസബെട്ടു മത്സ്യഗ്രാമത്തിലെ കോളനിയില്‍ 500 വീടുകളിലെ സ്ത്രീകള്‍ പലരും ബീഡിതെറുത്താണ് കുടുംബം പോറ്റുന്നത്. 1000 ബീഡി തെറുത്തുനല്‍കിയാല്‍ 200 രൂപ കിട്ടും.

ലക്ഷ്യം കൂടുതല്‍ ഉയരം

കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ എന്ന കായികമുദ്രാവാക്യം പ്രാവര്‍ത്തികമാക്കുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുതുതലമുറ. മൂന്നുവര്‍ഷംമുമ്പ് സന്തോഷ് ട്രോഫി മത്സരത്തിന് വിവിധ ടീമുകള്‍ക്കായി ഒമ്പതുപേരാണ് പൊഴിയൂര്‍ മേഖലയില്‍നിന്ന് അണിനിരന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഇവിടെനിന്നുള്ള ഫുട്ബോള്‍ കളിക്കാരുണ്ട്.

ദേശീയ കായികമേളയില്‍ സമ്മാനിതരായ വി.ഡി. അഞ്ജലി, ആന്‍സി സോജന്‍, പി.ഡി. അഞ്ജലി, അതുല്യ എന്നിവര്‍ തൃശ്ശൂര്‍ നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചവരോ പഠിക്കുന്നവരോ ആണ്.

കായികമേഖലയില്‍ മാത്രമല്ല, മറ്റു വിഷയങ്ങള്‍ പഠിച്ച് ജോലിനേടുന്നതിലേക്കും പുതുതലമുറ തിരിയുന്നു. ആര്‍മിയില്‍, നേവിയില്‍, സ്വകാര്യബാങ്കുകളില്‍, വിദേശത്തൊക്കെ ജോലിനേടിയവര്‍ ഏറെ.

മീന്‍പിടിത്തവും ബന്ധപ്പെട്ട ജോലികളുമായി അധികകാലം മുന്നോട്ടുപോവാനാവില്ല എന്ന തോന്നല്‍കൂടിയാവാം മറ്റുമേഖലകളിലേക്ക് തിരിയാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്നത്. ഫിഷറീസ് സ്‌കൂളുകളിലെ മറൈന്‍ ഫിഷറീസ് സീഫുഡ് പ്രൊസസിങ്, അക്വാകള്‍ച്ചര്‍, മറൈന്‍ ടെക്നോളജി തുടങ്ങിയ കോഴ്സുകള്‍ പഠിക്കാന്‍ കുട്ടികള്‍ കുറവ്. കണ്ണൂര്‍ അഴീക്കല്‍ ഗവ. റീജണല്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അപേക്ഷ ക്ഷണിച്ചിട്ട് കുട്ടികളെ കിട്ടാനില്ല. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസി(കുഫോസ്)ല്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണമുണ്ട്.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് അടക്കമുള്ള മത്സരപരീക്ഷകള്‍ക്ക് വിദ്യാതീരം പദ്ധതിയിലൂടെ ഫിഷറീസ് വകുപ്പ് പരിശീലനം നല്‍കുന്നു. ലംപ്സം ഗ്രാന്റ് നല്‍കുന്നു. കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും നടത്തുന്നു.

 

വഴിപാടായി സുനാമി ഫ്‌ളാറ്റുകള്‍

''ഈ കക്കൂസ്വെള്ളോം കുടിക്കാനുള്ള വെള്ളോം കലര്‍ന്ന് കുഞ്ഞുങ്ങക്ക് സൂക്കേട് വരുമോന്നാ പേടി'' -കൊല്ലം മയ്യനാട് തവളക്കുഴി സുനാമി കോളനിയിലെ വീട്ടമ്മമാര്‍ ആശങ്കപ്പെടുന്നു. 2004-ല്‍ സുനാമി വീശിയെറിഞ്ഞ കുടുംബങ്ങളെ പുനരവധിവസിപ്പിച്ചിരിക്കുന്ന ഫ്‌ളാറ്റ്സമുച്ചയങ്ങളിലൊന്നാണിത്. 168 ഫ്‌ളാറ്റുകളില്‍ ഒരു കുടുംബത്തില്‍ ആറോളം പേര്‍. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍. വാടി കടപ്പുറത്തേക്ക് ബസില്‍പ്പോയി കടലില്‍ ജോലിക്കിറങ്ങുന്നു. ഇപ്പോള്‍ കാര്യമായ ജോലിയില്ല. സ്ത്രീകള്‍ കൂലിപ്പണിക്കും വീട്ടുജോലിക്കും മീന്‍കച്ചവടത്തിനും പോയി ജീവിതം കൂട്ടിമുട്ടിക്കുന്നു. സര്‍ക്കാര്‍ തരുന്ന കിറ്റ് ഒരാഴ്ചത്തേക്കുമാത്രം. റേഷനരി കഴിച്ച് എത്രനാള്‍... വിക്ടോറി, ബെല്ല, ജെന്‍സി, സെല്‍വി, സബിത, ലേഖ, ആശ, വിധു എന്നിവര്‍ പരാതികളുടെ കെട്ടഴിക്കുന്നു.

നിറഞ്ഞൊഴുകുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നത് പുറത്തുനിന്ന് വാടകയ്ക്ക് വണ്ടിവിളിച്ച് സ്വന്തം ചെലവിലെന്ന് താമസക്കാരനും സി.പി.എം. അംഗവുമായ അനില്‍കുമാര്‍. മഴവെള്ളസംഭരണിയുണ്ട്, പ്രയോജനമില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിപ്രകാരം വെള്ളമുണ്ട്. പക്ഷേ, പൈപ്പുകള്‍ പൊട്ടി. വീടുകള്‍ ചോരുന്നു. ചുമരുകള്‍ നനഞ്ഞ് വിണ്ടുകീറി. തിരഞ്ഞെടുപ്പു സമയമാവുമ്പോള്‍ രാഷ്ട്രീയക്കാര്‍ വരും. പിന്നെ തിരിഞ്ഞുനോക്കില്ല.

കണ്ണൂര്‍ പഴയങ്ങാടി മാടായി പഞ്ചായത്തിലെ ഏരിപ്ര സുനാമി കോളനിയില്‍ 40 വീടുകളുള്ള ഫ്‌ളാറ്റ് സമുച്ചയത്തിന് പുറത്ത് കല്ലുകൂട്ടി അടുപ്പുണ്ടാക്കിയിരിക്കുന്നു. ഫ്‌ളാറ്റുകളില്‍ ചോര്‍ച്ചയാണ്. ആറുവര്‍ഷമായി അറ്റകുറ്റപ്പണിയൊന്നുമില്ലെന്ന് നിവാസികള്‍. കാസര്‍കോട് കോയിപ്പാടി സുനാമി കോളനിയില്‍ ബാലവാടിയും കളിസ്ഥലവും പുല്ലുനിറഞ്ഞുകിടക്കുന്നു... നിറഞ്ഞൊഴുകുന്ന സെപ്റ്റിക് ടാങ്ക്, വീട് ചോരുന്നു, രാത്രി വെളിച്ചമില്ല...

കേരളത്തിലെ എല്ലാ സുനാമിക്കോളനികളിലും സ്ഥിതി വ്യത്യസ്തമല്ല. കടലിന്റെ വിശാലതയില്‍ വളര്‍ന്ന കടലിന്റെ മക്കളെ ഫ്‌ളാറ്റുകളുടെ ഇടുങ്ങിയ ചുമരുകളിലേക്കൊതുക്കുന്നതിന്റെ മാനസികവ്യഥ എല്ലായിടത്തും പ്രകടം.

സുനാമിയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1440 കോടിരൂപ വകമാറി ചെലവഴിച്ചു എന്ന ആരോപണം ശക്തമാണ്.


അടുത്തത് : പദ്ധതികള്‍, വകുപ്പുകള്‍ സര്‍വത്ര, മെച്ചം തുച്ഛം എന്നത്രേ