''രു ന്യൂനമര്‍ദ മുന്നറിയിപ്പ് മതി. ഉടനെ ഞങ്ങ കൂടും കുടുക്കയുമെടുത്തോടും'' എറണാകുളം ചെല്ലാനത്ത് കടലേറ്റം തകര്‍ത്തെറിഞ്ഞ തീരത്തിരുന്ന് കൈതവളപ്പില്‍ ജോഷി പറഞ്ഞു. കേരളത്തില്‍ ഏതു ചുഴലിക്കാറ്റും ആദ്യം ബാധിക്കുന്ന മേഖലകളിലൊന്നാണ് ചെല്ലാനം. 17 കിലോമീറ്റര്‍ ദൂരമുള്ള ഇവിടെ മൂന്നരക്കിലോമീറ്റര്‍ ഒഴികെ കടലേറ്റ ഭീഷണിയിലാണ്. കിഴക്ക് വേമ്പനാട്ടുകായലിനും കടലിനുമിടയില്‍ 250 മീറ്റര്‍ വീതിയിലാണീദേശം. 2005-ല്‍ മിനിഹാര്‍ബര്‍ വന്നതോടെ കടലേറ്റത്തിന്റെ ആഘാതം കൂടി. നാട്ടുകാരുടെ പ്രതിഷേധവും സമരവും ശക്തമായി. ടൗട്ടേ ചുഴലിക്കാറ്റില്‍ ചെല്ലാനത്ത് 70 വീടുകള്‍ പൂര്‍ണമായും 96 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ''നഷ്ടപരിഹാരമായി ചിലര്‍ക്ക് 95,000 രൂപ കിട്ടി, ചിലര്‍ക്ക് 75,000 രൂപ കിട്ടി, ചിലര്‍ക്കാകട്ടെ ഒന്നും കിട്ടിയില്ല'' -കോണ്‍ഗ്രസ് ചെല്ലാനം മണ്ഡലം പ്രസിഡന്റ് തോമസ് ഗ്രിറ്റി ദ ഗ്രെയ്റ്റ് പറഞ്ഞു.

ചെല്ലാനത്ത് കടല്‍ഭിത്തിയുംകടന്ന് തിരമാലകളെത്തുന്നു. വലുപ്പം കുറഞ്ഞ കരിങ്കല്ലുകള്‍ക്ക് അലകളെ പ്രതിരോധിക്കാനാവുന്നില്ല. വലിയ ജിയോ ബാഗുകള്‍ നിരത്തി. അതുകടന്നും തിരമാലകള്‍ കരയിലേക്ക്. ഈ പരാജയങ്ങള്‍ക്കുശേഷം ടെട്രാപോഡുകള്‍ നിരത്താനിരിക്കുകയാണിവിടെ. 344 കോടിയുടെ ചെല്ലാനം തീരസംരക്ഷണ പദ്ധതിയാണ് ജലസേചനവകുപ്പ് പ്രഖ്യാപിച്ചത്.

കടലേറ്റം തുടര്‍ന്നാല്‍ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും. കടലിനാലും കായലിനാലും ചുറ്റപ്പെട്ട ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതകൂടിയ പഞ്ചായത്തുകളിലൊന്നാണ് അഞ്ചുതെങ്ങ്. മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന സോണ്‍ ഒന്നില്‍പ്പെടുന്നയിടം. 600 മീറ്റര്‍ ആയിരുന്നു തീരത്തിന്റെ വീതി. ഇപ്പോള്‍ ചിലയിടത്ത് ഇത് 20 മീറ്റര്‍, ഏറ്റവും കൂടിയ വീതിയാകട്ടെ 150 മീറ്ററും. കര കുറഞ്ഞുവരാന്‍ കാരണമായി സെയ്ന്റ് പീറ്റേഴ്സ് ഫൊറോന ചര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ആന്റണി ആന്‍ജെങ്കോ ചൂണ്ടിക്കാട്ടുന്നത് ഹാര്‍ബറുകളെയാണ്. 2000-ല്‍ മുതലപ്പൊഴി ഹാര്‍ബര്‍ വന്നതോടെയാണ് കടലേറ്റത്തിന്റെയും തിരശോഷണത്തിന്റെയും ആക്കംകൂടിയത്. തീരശോഷണത്തില്‍ ഇപ്പോള്‍ ഇവിടെ 344 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 740 വീടുകള്‍ ഭാഗികമായും.

കടല്‍വിഴുങ്ങുന്ന മറ്റൊരു ഗ്രാമമാണ് കൊല്ലം ജില്ലയിലെ ആലപ്പാട്. 2004-ലെ സുനാമി കേരളത്തില്‍ ഏറ്റവും നാശം വിതച്ചയിടം. അറബിക്കടലിനും കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയിലെ ഈ തീരത്തിന്റെ വിസ്തൃതി ഇപ്പോള്‍ 7.6 ചതുരശ്രകിലോമീറ്റര്‍. 89.5 ചതുരശ്രകിലോമീറ്റര്‍ ഉണ്ടായിരുന്ന ദേശത്തെ സുനാമിത്തിരകള്‍ നക്കിത്തുടച്ചെടുത്തു. 142 മരണം, ആയിരങ്ങള്‍ക്ക് പരിക്ക്. ഒട്ടേറെപ്പേര്‍ക്ക് കിടപ്പാടം നഷ്ടമായി. ശുദ്ധജലം ഇല്ലാതായി. വെള്ളനാതുരുത്തുകാരായ റാഷ്‌കുമാറും ബൈജുവും പറയുന്നു: ''ഞങ്ങള്‍ കളിച്ചുനടന്നയിടത്താണ് ഇപ്പോള്‍ കടല്‍.''

കരിമണല്‍ ഖനനമാണ് തീരശോഷണത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു. ആലപ്പുഴ തോട്ടപ്പിള്ളി മിനി ഹാര്‍ബര്‍ പ്രദേശത്തും ഖനനമുണ്ട്.

മണ്ണ് അടിഞ്ഞുകൂടി ഹാര്‍ബര്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഹാര്‍ബര്‍ ആഴം വര്‍ധിപ്പിക്കാന്‍ ഇടയ്ക്കിടെ ഡ്രഡ്ജിങ് നടത്തും. അമ്പലപ്പുഴ, പുറക്കാട്, പുന്തല പ്രദേശങ്ങളില്‍ കടല്‍ കയറുന്നു. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ ഈ ദേശത്തെ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം കേന്ദ്രത്തിനോടാവശ്യപ്പെട്ടിട്ടില്ല.

ടൂറിസം വികസനമാണ് ഒഴിവാക്കലിന്റെ പിന്നിലെന്ന് അഖിലകേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (UTUC) സംസ്ഥാന പ്രസിഡന്റ് അനില്‍ ബി. കളത്തില്‍ പറയുന്നു.

ബി.ടി.വി.കൃഷ്ണന്‍
ബി.ടി.വി.കൃഷ്ണന്‍

പ്രതി പുലിമുട്ട്?

ഹാര്‍ബറുകളോടുചേര്‍ന്ന് കടലിലേക്കിറക്കിപ്പണിയുന്ന കരിങ്കല്‍ഭിത്തിയായ പുലിമുട്ടാണ് പലയിടത്തും കടലേറ്റത്തിനും കരരൂപപ്പെടുന്നതിനും കാരണമാവുന്നതെന്ന് തീരവാസികള്‍ പറയുന്നു.

എന്നാല്‍, മാറിവരുന്ന കാലാവസ്ഥയില്‍ ഹാര്‍ബറുകളോടുചേര്‍ന്ന് പുലിമുട്ടുകള്‍ ആവശ്യമാണെന്ന് കേരള ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് റിട്ട. ചീഫ് എന്‍ജിനിയര്‍ ബി.ടി.വി.കൃഷ്ണന്‍ പറയുന്നു. ഹാര്‍ബറുകളില്‍ യാനങ്ങള്‍ സുരക്ഷിതമായി കയറാന്‍ പുലിമുട്ടുകള്‍ വേണം. കടലിലേക്ക് കരിങ്കല്‍ക്കെട്ടുകള്‍ കയറിവരുമ്പോള്‍ കടല്‍ പ്രതികരിക്കുന്നത് സ്വാഭാവികം. മണലിന്റെ ഒഴുക്കിനനുസരിച്ച് ഒരിടത്ത് കരയുണ്ടാവും. മണല്‍ പുലിമുട്ടില്‍തടഞ്ഞ് കരയും കടലേറ്റവുമുണ്ടാവുന്നു. കേരളത്തില്‍ പൂര്‍ത്തിയായതും നിര്‍മാണത്തിലിരിക്കുന്നതുമായ 24 ഹാര്‍ബറുകളില്‍ മിക്കവയിലും ഈ പ്രശ്‌നമുണ്ട്. മണലടിയുന്നത് കാലാകാലങ്ങളില്‍ ഡ്രഡ്ജ് ചെയ്ത് മറുഭാഗത്ത് നിക്ഷേപിക്കുകയാണ് ഇതിനൊരു പരിഹാരം. കടല്‍ഭിത്തികെട്ടുന്നത് തീരശോഷണത്തിന് ഫലപ്രദമായ പരിഹാരമല്ല.മദ്രാസ് തുറമുഖം വന്നപ്പോള്‍ മണലടിഞ്ഞാണ് മറീനബീച്ച് ഉണ്ടായത്, കൃഷ്ണന്‍ പറയുന്നു.

 

ടൂറിസം വികസന സാധ്യത ഒരുവശത്തും സാധാരണത്തൊഴിലാളികളുടെ ജീവിതവും കടലേറ്റവും മറുവശത്തും എന്നതാണ് കേരളത്തിന്റെ തെക്കേയറ്റത്തെ മത്സ്യഗ്രാമമായ പൊഴിയൂരിന്റെ മുഖം. ടൂറിസം വികസനത്തിന്റെ ഗുണഫലം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് അവരുടെ സങ്കടം. പൊഴിയൂരിലെ 2.2 കിലോമീറ്റര്‍തീരം ഭൂരിഭാഗവും കടലേറ്റഭീഷണിയിലാണ്. നെയ്യാറില്‍നിന്ന് വെള്ളം കയറുമെന്ന ഭീതിവേറെയും. ഓഖിയില്‍ ഇവിടെ 15 പേര്‍ മരിച്ചു. അവരുടെ സ്മരണയ്ക്കായി പണിത കേന്ദ്രത്തിന്റെ മതിലും ഉപകരണങ്ങളും ടൗട്ടേയില്‍ നശിച്ചു. കടല്‍ഭിത്തി തകര്‍ന്നു, റോഡ് ഒലിച്ചുപോയി. 23 വീട് തകര്‍ന്നു. 150 വീടുകള്‍ കേടായി.

വന്‍കിട ടൂറിസം വികസനത്തിനൊപ്പം ഗ്രാമീണ ടൂറിസവും വികസിപ്പിക്കുമെന്ന് കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പൊഴിയൂര്‍ ആറാം വാര്‍ഡ് അംഗം അജിത്ത് പൊഴിയൂര്‍ പറയുന്നു. വിഴിഞ്ഞം തുറമുഖപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടലേറി ശംഖുംമുഖത്തും റോഡ് തകര്‍ന്നു. കാസര്‍കോട് മൂസോടി, അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി, തൃശ്ശൂര്‍ ചാവക്കാട്ടെ കടപ്പുറം... കടലേറുന്നയിടങ്ങള്‍ ഏറെയാണ്.

വലയ്ക്കുന്ന ഇന്ധനവില

ഉത്പാദനമേഖലയായ മത്സ്യബന്ധനത്തെ ഇന്ധനവില ഏറെ ബാധിക്കുന്നു. മൂന്നുമുതല്‍ ഏഴുദിവസം വരെ കടലിലുണ്ടാവുന്ന ഒരു ബോട്ടിന് 3000 ലിറ്റര്‍ ഡീസല്‍ വേണം. വില 2,90,000 രൂപ. മണ്ണെണ്ണയ്ക്ക് മത്സ്യഫെഡ് സബ്സിഡിയുണ്ടെങ്കിലും കിട്ടാന്‍ വൈകുമെന്നതിനാല്‍ 'ബ്‌ളാക്കില്‍' കൂടുതല്‍ വിലകൊടുത്ത് വാങ്ങുന്നു. എങ്ങനെ മീന്‍ കിട്ടിയാലും നഷ്ടം. പ്രാദേശികമായ സംഭരണസംവിധാനങ്ങളില്ലാത്തതിനാല്‍ ബോട്ടിലെത്തിക്കുന്ന മീന്‍ കയറ്റുമതിക്കാര്‍ക്ക് 'കിട്ടിയവിലയ്ക്ക്' വില്‍ക്കേണ്ടിവരുന്നു. ചാകരക്കാലമെന്ന് പറയുന്ന കഴിഞ്ഞമാസങ്ങളില്‍ മീന്‍ കിട്ടിയിട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് വരുമാനമൊന്നുമുണ്ടായില്ല. വന്‍കിടക്കാര്‍ക്കും തരകന്മാര്‍ എന്നുപറയുന്ന ഇടനിലക്കാര്‍ക്കുമിടയില്‍ യഥാര്‍ഥ മത്സ്യത്തൊഴിലാളി പട്ടിണിയുടെ ചുഴിയിലാണ്. കൂട്ടംചേര്‍ന്ന് ചെയ്യേണ്ട മീന്‍പിടിത്തത്തിന് കോവിഡ്നിയന്ത്രണങ്ങളും വടംകെട്ടി. എന്നാല്‍, മീന്‍പിടിത്തക്കാര്‍ക്കും അനുബന്ധതൊഴിലാളികള്‍ക്കും തൊഴില്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്ലെന്നാണ് ഫിഷറീസ് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്.


അടുത്തത് :ചോരുന്ന കോളനി

Content Highlights: Problems faced by fishermen community