പ്രതിസന്ധികളുടെ തിരയിലും ചുഴിയിലും പെട്ടുഴലുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി ശുപാര്‍ശകളും നിര്‍ദേശങ്ങളും അനവധി

2018-ല്‍ കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) തീരദേശ സമൂഹത്തിനായി ശുപാര്‍ശചെയ്ത സമഗ്രവികസന പാക്കേജില്‍ പറയുന്നവയിങ്ങനെ:

• അടിസ്ഥാന സൗകര്യവികസനം, തീരസുരക്ഷ, ക്ഷേമനടപടികള്‍, ഖരമാലിന്യപരിപാലനം, സംരംഭകത്വ പ്രോത്സാഹനം, പാര്‍പ്പിടം എന്നിവയില്‍ സമുദായ - സാമൂഹിക സംഘടനകളുടെ പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തണം.

• വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികളും സംരംഭങ്ങളും കൃത്യമായി സംയോജിപ്പിക്കണം.

• പാരിസ്ഥിതികവും സമുദ്രപരവുമായ മാറ്റങ്ങളെക്കുറിച്ചും തീരദേശ മണ്ണൊലിപ്പിനെക്കുറിച്ചും തീരവാസികളുടെ ജീവിതത്തില്‍ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ദീര്‍ഘകാല ചലനാത്മകപഠനം വേണം.

• തീരദേശങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകസ്‌കൂളുകള്‍ സ്ഥാപിക്കണം.

• ഗതാഗതസൗകര്യം മെച്ചപ്പെടുത്താന്‍ തീരദേശങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി.യും ഫിഷറീസ് വകുപ്പും പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തണം.

• മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഡീസലിന് പ്രത്യേക സബ്സിഡി വേണം.

• വിദ്യാഭ്യാസപദ്ധതിയില്‍ 'ഫിഷറീസ്' ഉള്‍പ്പെടുത്തണം.


വേണം പ്രത്യേക ഭവനപദ്ധതി| ടി.എന്‍. പ്രതാപന്‍ (മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍)

• പുനര്‍ഗേഹം പദ്ധതിപ്രകാരമുള്ള തുക 25 ലക്ഷമാക്കണം. തീരഭൂമി അവരില്‍ത്തന്നെ നിലനിര്‍ത്തണം. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമുണ്ടായിരുന്ന ഭവനപദ്ധതി ലൈഫ് മിഷനില്‍ ലയിപ്പിച്ചതിനാല്‍ ഉണ്ടായ നഷ്ടം നികത്താന്‍ അവര്‍ക്കായി പ്രത്യേക ഭവനപദ്ധതിയുണ്ടാക്കണം.

• മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനസബ്സിഡി നല്‍കണം.

• പിടിക്കുന്ന മത്സ്യത്തിന് പ്രത്യേക ഇന്‍സെന്റീവ് നല്‍കണം

• മത്സ്യബന്ധനത്തിനുപോകാന്‍ കഴിയാത്ത ദിനങ്ങളില്‍ ഒരാള്‍ക്ക് 500 രൂപവീതം നല്‍കുന്ന മണിബാക്ക് പദ്ധതിവേണം.

• സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍വിമന്‍ (SAF) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭിക്കത്തക്കവിധത്തില്‍ പരിഷ്‌കരിക്കണം

• സര്‍ക്കാര്‍പദ്ധതികള്‍ പരിശോധിക്കുന്നതിന് മത്സ്യത്തൊഴിലാളി പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാന-ജില്ലാ-ഗ്രാമ തല സമിതികള്‍വേണം. മത-സാമുദായിക-രാഷ്ട്രീയ സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ?െഡവലപ്മെന്റ് പ്രോഗ്രാം ഉണ്ടാക്കണം.

• മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പരിശോധനയ്ക്കുശേഷം യഥാര്‍ഥ മത്സ്യത്തൊഴിലാളിക്കുമാത്രമേ അംഗത്വം നല്‍കാവൂ. ഇന്‍ഷുറന്‍സ്, സഹായപദ്ധതികള്‍ പരിഷ്‌കരിക്കണം. കയറ്റുമതിക്കാരില്‍നിന്ന് സെസ് പിരിക്കണം.

• ആഴക്കടല്‍ മത്സ്യബന്ധനനയം മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയാവണം. അതിനായി അവരെ പരിശീലിപ്പിക്കണം. യാനങ്ങള്‍ സബ്സിഡിനിരക്കില്‍ നല്‍കണം. ടൂറിസംപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തീരദേശജനതയ്ക്ക് തൊഴില്‍ ഉറപ്പുവരുത്തണം.

• കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ച് പഠിക്കാന്‍ ഉടനെ ഒരു കമ്മിഷനെ നിയമിക്കണം.

മണ്ഡല്‍കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കണം|(വി. ദിനകരന്‍ ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി)

• മത്സ്യത്തൊഴിലാളികളെ പട്ടികജാതിയിലോ വര്‍ഗത്തിലോ ഉള്‍പ്പെടുത്തണമെന്ന മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കണം.

• പുനര്‍ഗേഹം പദ്ധതിപ്രകാരം അനുവദിക്കുന്ന തുക 25 ലക്ഷമാക്കണം. സ്ഥലത്തിന്റെ അവകാശം മത്സ്യത്തൊഴിലാളിക്കു തന്നെയാവണം. തീരദേശത്തിനടുത്തുതന്നെ പുനരധിവസിപ്പിക്കണം.

• മത്സ്യക്കയറ്റുമതിയില്‍നിന്നുള്ള വരുമാനത്തിന്റെ പത്തുശതമാനം മത്സ്യത്തൊഴിലാളികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കണം.

• ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് തണല്‍പദ്ധതി പ്രകാരം പ്രതിവര്‍ഷം 1350രൂപ ലഭിച്ചിരുന്നത് തുക വര്‍ധിപ്പിച്ച് നടപ്പാക്കണം.

• മത്സ്യബന്ധന ഉപകരണങ്ങളുടെ രജിസ്ട്രേഷന്‍, ലൈസന്‍സ് ഫീസുകള്‍ കുറയ്ക്കണം.

• തീരദേശ പരിപാലനനിയമം നടപ്പാക്കുമ്പോള്‍ തീരവാസികളെ പൂര്‍ണമായും ഒഴിവാക്കി ഭൂപടം തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കണം. കരിമണല്‍ ഖനനം നിര്‍ത്തലാക്കണം.

• ഇന്‍ഷുറന്‍സ് പദ്ധതികളിലെ പ്രീമിയം തുക സര്‍ക്കാര്‍ അടയ്ക്കണം. മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിനും ആനുകൂല്യം നല്‍കണം. ക്ഷേമനിധിബോര്‍ഡ് അംഗങ്ങള്‍ക്ക് ഡെത്ത് കം റിട്ടയര്‍മെന്റ് ആനുകൂല്യവും രണ്ട് പെന്‍ഷനുള്ള അര്‍ഹതയും നല്‍കണം. മുഴുവന്‍ മത്സ്യബന്ധന ഉപകരണങ്ങളും സര്‍ക്കാര്‍ പ്രീമിയം അടച്ച് ഇന്‍ഷുര്‍ ചെയ്യണം.

Fisherman

Content Highlights: Problem faces by fisherman community