'ങ്ങ പോകേല. അതുനടക്കേല' -എറണാകുളം ചെല്ലാനത്ത് ടൗട്ടേയില്‍ തകര്‍ന്ന തന്റെ വീടിന്റെ ചുമര്‍ ഇഷ്ടികവെച്ച് പണിയുകയാണ് കല്പണിക്കാരന്‍കൂടിയായ തായമാട്ടുപറമ്പില്‍ ആന്റണി. സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയെയാണ് ആന്റണി നിഷേധിക്കുന്നത്. ആറരസെന്റ് സ്ഥലത്തുണ്ടായിരുന്ന വീട് തകര്‍ന്നു. നഷ്ടപരിഹാരമായി 95,000 രൂപ കിട്ടി. പുനര്‍ഗേഹംപ്രകാരം തരുന്ന 10 ലക്ഷം രൂപയെക്കാള്‍ എത്രയോ അധികമാണ് തന്റെ നഷ്ടമെന്ന് ആന്റണി.

ആന്റണി ഒരു പ്രതിനിധാനചിത്രമാണ്. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയോടുള്ള കേരളത്തിന്റെ പ്രതിഷേധം അതിലുണ്ട്. തീരത്തെ വേലിയേറ്റരേഖയുടെ 50 മീറ്റര്‍ പരിധിക്കകത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനായി ഒന്നാം പിണറായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. സ്ഥലം വാങ്ങാന്‍ ആറുലക്ഷവും വീടുവെക്കാന്‍ നാലുലക്ഷവും നല്‍കും.

മാറ്റിപ്പാര്‍പ്പിക്കേണ്ട 18,685 കുടുംബങ്ങളില്‍ 7716 കുടുംബങ്ങള്‍മാത്രമാണ് ഇപ്പോള്‍ മാറാന്‍ സന്നദ്ധര്‍. 2450 കോടിയുടെ പദ്ധതി. തുകപോരാ, മാറ്റിപ്പാര്‍പ്പിക്കുന്നത് മലയോരത്ത്, അവിടെനിന്നെത്തി കടലില്‍ ജോലിക്കുപോകാനാവില്ല, ഭൂമിയുടെ അവകാശം, മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത് തുടങ്ങി പരാതികള്‍ നീളുന്നു. നിബന്ധനകള്‍ സര്‍ക്കാര്‍ പുതുക്കിക്കൊണ്ടേയിരിക്കുന്നു.

മാറിവരുന്ന നയങ്ങള്‍

1980-ലെ കേരള മറൈന്‍ ഫിഷറീസ്‌ െറഗുലേഷന്‍സ് ആക്ട് പ്രകാരമാണ് കേരളത്തില്‍ മത്സ്യബന്ധനം. നിബന്ധനകളും നിയമലംഘനത്തിന് ശിക്ഷയും പ്രതിപാദിക്കുന്ന നിയമത്തില്‍ കാലാകാലങ്ങളില്‍ ഭേദഗതികള്‍ വരുന്നു. ഇപ്പോള്‍, കേന്ദ്രനയങ്ങള്‍ക്കനുസരിച്ച് മത്സ്യബന്ധനനയം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഉടനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

1970-കളില്‍ വ്യാവസായികവത്കരണത്തെത്തുടര്‍ന്ന് വലിയ ബോട്ടുകളും ചെറുകണ്ണിവലകളും എത്തിയതോടെ പരമ്പരാഗത മീന്‍പിടിത്തക്കാര്‍ക്ക് തൊഴിലും മീന്‍ കിട്ടുന്നതും കുറഞ്ഞു. കാലങ്ങളായി അത് ഏറിവന്നു. 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍ഭാഗം സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. അവിടെ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ചെയ്ത് ലൈസന്‍സെടുത്ത യാനങ്ങള്‍ക്ക് മത്സ്യബന്ധനം നടത്താം. അതൊന്നും നേടാതെ മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രോളിങ് ബോട്ടുകള്‍ തീരത്തെത്തി മീന്‍പിടിക്കുന്നത് പലപ്പോഴും പരമ്പരാഗത തൊഴിലാളികളുമായി സംഘര്‍ഷത്തിനിടയാക്കുന്നു.

രക്ഷ നാംതന്നെ നോക്കണം

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി തീരദേശപോലീസ്, കേന്ദ്ര ഏജന്‍സിയായ കോസ്റ്റ്ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയുണ്ട്; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫിഷറീസ് വകുപ്പും. എന്നാല്‍, പലപ്പോഴും അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരാവുന്നത് മത്സ്യത്തൊഴിലാളികളും നാട്ടുകാരുംതന്നെയാണ്. ബേപ്പൂരിലും വൈപ്പിനിലും വിഴിഞ്ഞത്തും മറൈന്‍ ആംബുലന്‍സ് പുറത്തിറക്കിയത് അടുത്തിടെയാണ്. ആംബുലന്‍സ് ഉദ്ഘാടനത്തിനായി ബേപ്പൂരില്‍ മന്ത്രിമാരായ സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, മുഹമ്മദ് റിയാസ് എന്നിവര്‍ കയറിയിരുന്ന പുതിയ ബോട്ടുതന്നെ സ്റ്റാര്‍ട്ടാകാനും ഓടാനും ഏറെനേരമെടുത്തു. പുതിയ വാഹനത്തിന്റെ സ്ഥിതി ഇതെങ്കില്‍ കേരളത്തിലെ 18 തീരദേശ പോലീസ് സ്റ്റേഷനുകളിലെയും പത്തുവര്‍ഷത്തോളം പഴക്കമുള്ള ബോട്ടുകള്‍കൊണ്ട് എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തും! എന്തായാലും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി 57 നിര്‍ദേശങ്ങളടങ്ങിയ കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

വിനോദത്തിനോ തീരം...

സമുദ്രത്തിന് സമീപത്തെ ജൈവവ്യവസ്ഥകളെ സംരക്ഷിക്കാന്‍ രൂപപ്പെടുത്തിയ കേന്ദ്രനിയമമായ തീരദേശനിയന്ത്രണനിയമപ്രകാരം കേരളം തീരപരിപാലനപദ്ധതി തയ്യാറാക്കിവരുകയാണ്. തീരങ്ങളിലെ കെട്ടിടനിര്‍മാണനിയന്ത്രണങ്ങള്‍ മാറ്റി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി രൂപപ്പെടുത്തി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സമിതിയുണ്ട്. വിവിധവകുപ്പുകള്‍ മേഖലയുടെ ഭൂപടം തയ്യാറാക്കിനല്‍കും. ടൂറിസം വകുപ്പ് ഭൂപടം സമര്‍പ്പിച്ചു. കോവിഡ് മൂലം മറ്റുവകുപ്പുകളുടെ മാപ്പിങ് വൈകുന്നു. തങ്ങളുടെ തീരം വിനോദത്തിനോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍.

കേരളത്തില്‍ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ഏകവകുപ്പാണ് ഫിഷറീസ്. വകുപ്പിന്റെ വിവിധ ഏജന്‍സികളിലൂടെ അടിസ്ഥാനസൗകര്യവികസനം, ക്ഷേമം, വായ്പനല്‍കല്‍ എന്നിവ നടപ്പാക്കുന്നു. എന്നാല്‍, അവയ്‌ക്കൊന്നും ഏകോപനസ്വഭാവമില്ലെന്നാണ് പൊതുവേ പരാതി.

Content Highlights: Problem faces by fisherman community