ഇടതുപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ തുടങ്ങിയിട്ട് അത്രയധികം കാലമായിട്ടില്ല. ഇക്കാലത്തിനിടയില്‍ അവര്‍ പരാജയം രുചിക്കുന്നത് ആദ്യമായിട്ടുമല്ല. എങ്കിലും നടപ്പു ലോക്സഭയിലെ അവരുടെ അംഗബലം ചരിത്രത്തിലെ ഏറ്റവും ചെറുതാണ്. അതുപോലെ, പശ്ചിമബംഗാളില്‍നിന്ന് ലോക്സഭയിലേക്ക് ഒരൊറ്റ ഇടതുപ്രതിനിധിപോലുമില്ലാത്തതും ചരിത്രത്തില്‍ ഒരുപക്ഷേ, ആദ്യമായിരിക്കും. കേരളത്തില്‍ ഇടതുപാര്‍ട്ടികളുടെ സ്ഥിതി പശ്ചിമബംഗാളിലേതുപോലെ മോശമല്ല എന്നാണ് ഞാന്‍ കരുതുന്നത്. സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളില്‍ ഒരെണ്ണംമാത്രമേ ഇടതുമുന്നണിക്ക് ലഭിച്ചിട്ടുള്ളൂ എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ ഇതു പറയുന്നത്. 1984-ല്‍ ഇന്ദിരാവധത്തെത്തുടര്‍ന്നുള്ള സഹതാപതരംഗത്തില്‍പ്പോലും ഇടതിന് ഇത്ര പ്രഹരമുണ്ടായിട്ടില്ല. 

വ്യത്യസ്ത കാരണങ്ങള്‍

ബംഗാളില്‍ ഇടതുപക്ഷം സമ്പൂര്‍ണനാശം നേരിട്ടതിന്റെ കാരണങ്ങളും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി പരാജയപ്പെട്ടതിന്റെ കാരണങ്ങളും വ്യത്യസ്തമാണ്. സംസ്ഥാനത്ത് ഇടതുമുന്നണി പരാജയപ്പെട്ട ചില മണ്ഡലങ്ങളില്‍ വോട്ടുവ്യത്യാസം വലുതാണെങ്കില്‍ മറ്റു ചിലതില്‍ അങ്ങനെയല്ല. ഉദാഹരണത്തിന്, പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥി പരാജയപ്പെട്ടത് ഒറ്റ നിയമസഭാ മണ്ഡലത്തിലെ ഭീമമായ വോട്ടുവ്യത്യാസംകൊണ്ടാണ്; അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെക്കാള്‍ വോട്ട് സി.പി.എം. സ്ഥാനാര്‍ഥിക്കായിരുന്നു. ഈ പൊതുതിരഞ്ഞെടുപ്പിലെ ഫലവും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരിണതിയും ഒരുപോലെയാവണമെന്നില്ല എന്നര്‍ഥം.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തും എന്നു തീര്‍ത്തുപറയുകയല്ല. ഇടതുമുന്നണിയിലെ ചില ഘടകകക്ഷികള്‍ അപ്പോഴേക്ക് വഴിപിരിഞ്ഞുപോയിക്കൂടെന്നില്ല. സി.പി.ഐ.യും എന്‍.സി.പി.യും ആര്‍.എസ്.പി.യുടെ പാത പിന്തുടര്‍ന്നാല്‍ സി.പി.എമ്മിന് വലിയ ആഘാതമാവുമത്. സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടിപ്രശ്‌നങ്ങളും പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ. 

ഗുണമായി ഭവിക്കാത്ത ചുഴി

ഇന്ത്യയില്‍ ഇടതുപക്ഷം പ്രതിസന്ധി നേരിടുകയാണെന്നതും അതൊരു അസ്തിത്വപ്രതിസന്ധിയാണ് എന്നതുമാണ് പറയാനുള്ളത്. ഒ.വി. വിജയനെപ്പോലുള്ള മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളുടെ ഒരു തലമുറയെ അസ്തിത്വവാദത്തിലേക്കു തള്ളിവിട്ടതിനു സമാനമായ സാഹചര്യമാണിത്. കേന്ദ്രീകൃത ജനാധിപത്യം എന്നപേരിലറിയപ്പെടുന്ന, അതികര്‍ശനമായി നിയന്ത്രിക്കപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയസംസ്‌കാരത്തിന്റെ പിടിയിലാണ് കേരളത്തിലും പുറത്തും സി.പി.എം. ഇപ്പോള്‍.  അല്‍ബേര്‍ കാമുവിനെയും ജീന്‍ പോള്‍ സാര്‍ത്രിനെയുംപോലുള്ളവര്‍ ഇതിന്റെ അപകടം മനസ്സിലാക്കുകയും വിപ്ലവകരമെന്നതുപോലെ ജനാധിപത്യപരംകൂടിയായ ഒരു സംവാദപദ്ധതിക്കു രൂപംകൊടുക്കുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍, സി.പി.എമ്മില്‍ ഈ പാരമ്പര്യം പിന്‍പറ്റിയ പലരും പാര്‍ട്ടിനേതൃത്വത്തിന്റെ രോഷത്തിനിരയാവുകയാണുണ്ടായത്. പാര്‍ട്ടിക്കുള്ളിലെ പരോക്ഷ ആക്രമണങ്ങള്‍ക്കോ അതല്ലെങ്കില്‍ കാലാകാലങ്ങളില്‍ പാര്‍ട്ടിയുടെ 'വെട്ടിനിരത്തല്‍' നടപടികള്‍ക്കോ ഇക്കൂട്ടര്‍ വിധേയരാക്കപ്പെട്ടു. ധാര്‍ഷ്ട്യമെന്ന് ഇതിനെ വിശേഷിപ്പിക്കാമെങ്കിലും ചിലരെയൊക്കെ തഴയുന്നതും മറ്റു ചിലരെ തട്ടിമാറ്റുന്നതും എല്ലാ രാഷ്ട്രീയകക്ഷികളിലുമുള്ള ഏര്‍പ്പാടാണ്; വിഭാഗീയതപോലെത്തന്നെ.

ച്യുതിയുടെ സൂചനകള്‍

'നിര്‍മാല്യം'പോലുള്ള ചലച്ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തില്‍ ഇന്നു മറ്റൊരുതരം സിനിമയാണ് നമുക്ക് കാണാനാവുന്നത്. രാജ്യത്തിന്റെ സൈനികശേഷിയെ ആഘോഷിക്കുന്നതും നായകബിംബങ്ങള്‍ പീഡകരായ പോലീസുദ്യോഗസ്ഥരുടെ വേഷമാടുന്നതുമൊക്കെയായ ചലച്ചിത്രങ്ങള്‍ ഈ സമൂഹത്തില്‍ ഇടതുപക്ഷത്തിനുണ്ടായ ച്യുതിയുടെ സൂചനയായി വീക്ഷിക്കപ്പെടേണ്ടതുണ്ട്. പശ്ചിമബംഗാളിലെ സി.പി.എം. 1990-കളില്‍ എന്തായിരുന്നുവോ, അതുപോലെയായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിഘടകം. അവസരവാദികള്‍ അത്തരമൊരു സംസ്‌കാരം ഇഷ്ടപ്പെടുകയും പാര്‍ട്ടിപ്രമാണിമാരെ സ്തുതിപാടി വേണ്ടതൊക്കെ നേടുകയുംചെയ്യുന്നു. ഇത്തരക്കാരാണ് കേരളത്തില്‍ ഇടതുപക്ഷം നേരിടുന്ന ഭീഷണി. അതുകൊണ്ടുതന്നെ, പരിഹാരമാര്‍ഗം അതിലളിതമാണ്: പാര്‍ട്ടിക്കകത്ത് നൈതികവും ബൗദ്ധികവുമായ അര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ ആഴം വര്‍ധിപ്പിക്കുകയും തുറസ്സായ സംവാദങ്ങളെ ആഘോഷിക്കുകയുംചെയ്യുക. 

എ.കെ. ഗോപാലന്റെ പല ഉത്കൃഷ്ടതകളിലൊന്ന് അദ്ദേഹത്തിന്റെ തുറസ്സായ പ്രകൃതമായിരുന്നു; മറ്റൊന്ന് സത്യസന്ധത. ജീവിതത്തിലുടനീളം അദ്ദേഹം എല്ലാത്തരത്തിലുള്ള വിഭാഗീയതകളെയും എതിര്‍ത്തുപോരുകയുംചെയ്തു. ഇന്ത്യയിലെ (കേരളത്തിലെയും) ഇടതുപക്ഷത്തിന്റെ ഭാവിയെയും പ്രസക്തിയെയുംകുറിച്ചുള്ള ഏതൊരു ചര്‍ച്ചയും തിരഞ്ഞെടുപ്പുജയാപജയങ്ങളില്‍ ഒതുക്കിനിര്‍ത്തേണ്ട ഒന്നല്ല.

പൈതൃകത്തില്‍ തളിര്‍ത്ത പാര്‍ട്ടി

കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്റെ സവിശേഷത അതിന്റെ പൈതൃകമാണ്. അതിന്റെ സ്ഥാപകര്‍ അനുവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയുംചെയ്ത ആശയങ്ങള്‍ക്ക് സോവിയറ്റ് യൂണിയനിലെ മാര്‍ക്‌സിസ്റ്റ് പ്രയോഗങ്ങളുമായോ ചൈനീസ് വിപ്ലവവുമായോ വലിയ സാമ്യങ്ങളുണ്ടായിരുന്നില്ല. ഇന്ത്യയുടെ ദേശീയ, സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക അടിത്തറകളിന്‍മേലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത്. അതിന്റെ സ്ഥാപകര്‍ യഥാര്‍ഥത്തില്‍ ഗാന്ധിയന്‍മാരായിരുന്നു. ജനങ്ങളിലൊരാളായി ജീവിച്ച്, ജനങ്ങളില്‍നിന്നു പഠിക്കുകയെന്നതായിരുന്നു അവരുടെ രാഷ്ട്രീയപ്രയോഗരീതി. ഇതവര്‍ക്ക് സമൂഹത്തിനുമേല്‍ നായകത്വം നേടിക്കൊടുക്കുകയുംചെയ്തു; ശരിയായ ഗ്രാംഷിയന്‍ അര്‍ഥത്തില്‍. 

കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന്റെ ഒരു വശംമാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ചൂഷണങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ സമ്പന്നപൈതൃകം ഇതിന്റെ ഫലമാണ്. വിദ്യാഭ്യാസമേഖലയില്‍ അതുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ബാലവേല നിര്‍ബാധം തുടരുമ്പോള്‍, കേരളത്തില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു. ഇതിനൊക്കെ നാം കടപ്പെട്ടിരിക്കുന്നത് ഇവിടത്തെ കമ്യൂണിസ്റ്റുകാരോടാണ്. കേരളത്തിലെ ജനാധിപത്യസംസ്‌കാരത്തിന്റെ വിലയറിയണമെങ്കില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലൊക്കെ നാമൊന്നു പോയിനോക്കണം. 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച പശ്ചിമബംഗാള്‍ പക്ഷേ, ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശിനെപ്പോലെയോ രാജ്യത്തെ മറ്റേതെങ്കിലും പിന്നാക്കസംസ്ഥാനം പോലെയോ പരിതാപാവസ്ഥയിലാണ്. അത്തരമൊരു അഗ്രസ്ഥാനത്തുനിന്നാണ് കേരളത്തിലെ ഇടതുപക്ഷം സമീപകാലത്തായി പിന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. 

(എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ ലേഖകന്‍ സിക്കിം സര്‍വകലാശാലയില്‍ ചരിത്രവിഭാഗം പ്രൊഫസറാണ്. ഹിന്ദുവില്‍ മുന്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്നു) 

Content Highlights: v krishna ananth writes about what happened to left politics in india