എന്തുകൊണ്ട് ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇടതുപക്ഷം ദുര്‍ബലമാവുന്നു എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. സാമ്പത്തികമായും സാംസ്‌കാരികമായും രാഷ്ട്രീയപരമായും പിന്നാക്കാവസ്ഥയില്‍നില്‍ക്കുന്ന കോടിക്കണക്കിനു ജനങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. സ്വാഭാവികമായും ഇടതുപക്ഷത്തിന് അനുയോജ്യമായ രാഷ്ട്രീയസാഹചര്യം. മുന്‍കാലങ്ങളെക്കാള്‍ ദുരിതംപേറുന്ന കര്‍ഷകരുടെയും അസംഘടിതമേഖലയിലെ തൊഴിലാളികളുടെയും എന്തിന്, ഓട്ടോമേഷന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അതിപ്രസരം കാരണം തൊഴില്‍നഷ്ടം അനുഭവിക്കുന്ന സോഫ്റ്റ്വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും മറ്റനേകം പേരുടെയും കഥകള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പക്ഷേ, ഇടതുപക്ഷം ഒരു ഇലക്ടറല്‍ ശക്തി എന്നനിലയില്‍ വീണ്ടും വീണ്ടും ചുരുങ്ങി.

മതവും മാര്‍ക്‌സിസവും

ഇതൊരു വൈരുധ്യമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഇതിനുള്ള പ്രധാന കാരണം ലോകപ്രശസ്ത മാര്‍ക്‌സിസ്റ്റ് പണ്ഡിതനും എഴുത്തുകാരനുമായ പെറി ആന്‍ഡേഴ്സണ്‍ തന്റെ 'ഇന്ത്യന്‍ ഐഡിയോളജി' (മാര്‍ക്‌സിന്റെ 'ജര്‍മന്‍ ഐഡിയോളജി' എന്ന ഗ്രന്ഥത്തില്‍നിന്നാണ് തലവാചകം ഉരുത്തിരിഞ്ഞത്) എന്ന പുസ്തകത്തില്‍ പണ്ടേ സൂചിപ്പിച്ചിട്ടുണ്ട്. മതം ഒരു ഘടകമായിരുന്ന ദേശീയപ്രസ്ഥാനങ്ങളുള്ള രാജ്യങ്ങളില്‍ ഇടതുപക്ഷം അല്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍ണായകശക്തിയാവില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ടോം നയേന്‍ എന്ന പണ്ഡിതനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റുചിലര്‍  ഇസ്രയേല്‍, അള്‍ജീരിയ, ഇന്ത്യ  എന്നീ രാജ്യങ്ങളെ ഉദാഹരണങ്ങളായിക്കാട്ടി ഈ വാദം ആവര്‍ത്തിച്ചിട്ടുണ്ട്. 'ഹിന്ദു സ്‌പെസിഫിക്കേഷന്‍സ്' ഉള്ള കോണ്‍ഗ്രസ് ദേശീയത എന്നാണ് ഗാന്ധിജിയുടെ വരവിനുശേഷമുള്ള ദേശീയപ്രസ്ഥാനത്തെപ്പറ്റി ആന്‍ഡേഴ്സണ്‍ പറഞ്ഞത്. ആ രാഷ്ട്രീയപ്രവണത മരിക്കുന്നില്ല എന്നും ആന്‍ഡേഴ്സണ്‍ അവകാശപ്പെടുന്നു. ഈയര്‍ഥത്തില്‍ ഗാന്ധിജിയെ തള്ളിപ്പറയുന്ന സംഘ് പ്രവര്‍ത്തകരും നേതാക്കളും ഒരുപക്ഷേ, എത്രമാത്രം അവര്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നതു വിസ്മരിക്കുന്നു. 

നെഹ്രുവില്‍ തട്ടിനിന്ന വളര്‍ച്ച

ആന്‍ഡേഴ്സണ്‍ പറഞ്ഞത് ഖണ്ഡിക്കാനാവില്ലെങ്കിലും സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യദശകങ്ങളില്‍ കമ്യൂണിസം പെട്ടെന്നുതന്നെ ഇന്ത്യയില്‍ വളര്‍ന്നിരുന്ന. ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ  മുംബൈമുതല്‍ ഹിന്ദുസംസ്‌കാരത്തിന്റെ നാഡീകേന്ദ്രമെന്നു പറയപ്പെടുന്ന വാരാണസിവരെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്നു. ഒരുകാലത്ത് മുംബൈ നഗരം കമ്യൂണിസ്റ്റുകാരുടെ തട്ടകമായിരുന്നു. അതുപോലെ കേരളവും ബംഗാളും ആന്ധ്രയും ബിഹാറുമല്ലാതെ മറ്റുപല സംസ്ഥാനങ്ങളിലും കമ്യൂണിസത്തിന്റെ സ്വാധീനം ശക്തമായിരുന്നു. മാത്രമല്ല, തിരിഞ്ഞുനോക്കുമ്പോള്‍, ഇടതുപക്ഷ അനുഭാവിയായ ജവാഹര്‍ലാല്‍ നെഹ്രുവിനുപകരം വേറെയാര് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്നിരുന്നെങ്കിലും കമ്യൂണിസ്റ്റുകള്‍ കൂടുതല്‍ ശക്തിപ്രാപിച്ചേനെ.

A great judge of characters എന്നനിലയില്‍ ഗാന്ധിജിയുടെ കുശാഗ്രബുദ്ധി ഇതില്‍നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ കമ്യൂണിസ്റ്റുകള്‍ ശക്തിപ്രാപിച്ചപ്പോള്‍ അതിനാനുപാതികമായി ഇന്ത്യയില്‍ അവര്‍ക്കു വളര്‍ച്ചയുണ്ടായില്ല. കാരണം നെഹ്രു ഇടതുപക്ഷ അനുഭാവിയാണ് എന്ന വിശ്വാസം ജനങ്ങളില്‍ ദൃഢമായിരുന്നു എന്നതുകൊണ്ടുകൂടിയാണ്. 
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ക്കും വളരാനുള്ള സാഹചര്യം ധാരാളമുണ്ടായിരുന്നു. വിഭജനത്തിന്റെ അനന്തരഫലം മതപരമായ ധ്രുവീകരണത്തിന് അനുകൂലമായിരുന്നു. തടസ്സമായത് നെഹ്രു തന്നെ. അദ്ദേഹത്തിന്റെ രാഷ്ട്രീയരീതികള്‍ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നകാര്യം അദ്ദേഹം കോണ്‍ഗ്രസ് ഇതരപ്രസ്ഥാനങ്ങള്‍ക്ക് വളരാനുള്ള രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും അതില്‍ വളരെയധികം വിജയിക്കുകയും ചെയ്തു എന്നതാണ്. അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും, (ഇ.എം.എസ്. സര്‍ക്കാരിനെ 1959-ല്‍ പിരിച്ചുവിട്ട വികലമായ നയം മാറ്റിവെച്ചാല്‍.)

പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ ചില മേഖലകളില്‍ അധികാരത്തില്‍വന്ന ഇന്ത്യന്‍ കമ്യൂണിസത്തെ എതിര്‍ക്കാനുള്ള എല്ലാ ശക്തിയും നെഹ്രുവിന്റെ കോണ്‍ഗ്രസിനുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യങ്ങള്‍ മുഴുവന്‍തന്നെ കടമെടുത്ത പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. അന്തര്‍ദേശീയതലത്തില്‍ സോവിയറ്റ് യൂണിയനുമായുള്ള ബന്ധവും നെഹ്രൂവിയന്‍ സോഷ്യലിസവും കമ്യൂണിസ്റ്റുകള്‍ക്കു മറികടക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും അനുകൂലമായ ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസ് വീണ്ടും വളര്‍ന്നു. കമ്യൂണിസ്റ്റ് പ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുകയും ചെയ്തു. പക്ഷേ, ചില സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ വേരുറപ്പിക്കുകയും അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് അധികാരത്തില്‍വരുകയും ചെയ്തു. അവിടങ്ങളില്‍ നേരത്തേയുള്ള നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഇളക്കിമറിച്ച വളക്കൂറുള്ള മണ്ണിലാണ് കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ ആശയങ്ങള്‍ നട്ടുവളര്‍ത്തി പടര്‍ന്നുപന്തലിച്ചത്. ഒരുപക്ഷേ, അവിടങ്ങളിലെ ജനസംഖ്യാസംബന്ധമായ പ്രത്യേകതകള്‍ കാരണമായിരിക്കാം അത്തരം വളര്‍ച്ചയുണ്ടായത്. 

ക്ഷയിപ്പിച്ച പിളര്‍പ്പ്

1964-ലെ പിളര്‍പ്പ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സാരമായി ബാധിച്ചു. നെഹ്രു എന്ന തടസ്സം മാറിക്കിട്ടിയപ്പോഴേക്കും പാര്‍ട്ടിയുടെ ശക്തി പൊടുന്നനെ ക്ഷയിച്ചു. കമ്യൂണിസ്റ്റുകളില്‍ ഒരുവിഭാഗം കോണ്‍ഗ്രസിന് അനുകൂലമായി നിലകൊണ്ടു. രാഷ്ട്രീയപരമായി തങ്ങള്‍ക്കനുകൂലമായ കാലാവസ്ഥയെ പരമാവധി മുതലെടുത്തു മുന്നേറുക എന്ന തന്ത്രം ഭാഗികമായി പരാജയപ്പെട്ടു. കോണ്‍ഗ്രസാകട്ടെ വീണ്ടും ശക്തിയാര്‍ജിക്കാന്‍ ആ അവസരം ഉപയോഗിക്കുകയും ചെയ്തു. 

അക്കാദമിയയുടെ ചുമതലകള്‍ വലതുകമ്യൂണിസ്റ്റുകള്‍ക്കു നല്‍കുകയും അതില്‍ കടന്നുകയറ്റം ഉണ്ടാവില്ല എന്ന അലിഖിത യോജിപ്പില്‍ എത്തുകയും ചെയ്തു. രാഷ്ട്രീയരംഗത്ത് ശക്തിയായ മുന്നേറ്റം നടത്തേണ്ട കാലഘട്ടത്തില്‍ കമ്യൂണിസ്റ്റുകള്‍ ചേരിതിരിഞ്ഞുനിന്നു. സി.പി.എം. എന്ന കോണ്‍ഗ്രസ് വിരുദ്ധ കമ്യൂണിസ്റ്റുകള്‍ക്ക് പശ്ചിമബംഗാള്‍, കേരളം, പിന്നീട് ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വളരാന്‍ സാധിച്ചെങ്കിലും ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ബദലായി വളരാനുള്ള ആദ്യസന്ദര്‍ഭം നഷ്ടമായി.

നഷ്ടമായ അവസരങ്ങള്‍

കമ്യൂണിസ്റ്റുകള്‍ക്ക് ആ ദൗത്യം നിറവേറ്റാനായില്ലെങ്കിലും കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം സോഷ്യലിസ്റ്റുകളും ജാതിവിരുദ്ധ സംഘടനകളും കോണ്‍ഗ്രസിനെതിരായ പോരാട്ടം ശക്തമാക്കി. അതിനോട് ചുവടുപറ്റിയാണ് ഹിന്ദുത്വകക്ഷികള്‍ വളര്‍ന്നത്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരായി അവര്‍ നിലയുറപ്പിച്ചപ്പോള്‍ വിഭജിച്ചുനിന്ന കമ്യൂണിസ്റ്റുകള്‍ക്കു നഷ്ടമായത് മറ്റൊരവസരമാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരായ ചെറുത്തുനില്‍പ്പില്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സി.പി.എം. പങ്കാളിയായെങ്കിലും ആ വന്‍ മുന്നേറ്റത്തിന്റെ ചാലകശക്തിയായിമാറാന്‍ അവര്‍ക്കു കഴിഞ്ഞേയില്ല. പിന്നീട് ജനതാപാര്‍ട്ടി എന്നനിലയില്‍ സോഷ്യലിസ്റ്റുകളും ഹിന്ദുത്വവാദികളും കൈകോര്‍ത്ത് കേന്ദ്രഭരണം നടത്തിയപ്പോള്‍ അതില്‍നിന്ന് കമ്യൂണിസ്റ്റുകള്‍ വിട്ടുനിന്നു.

അവര്‍ക്ക് അതിനു കാരണങ്ങളുണ്ടാവാം. പക്ഷേ, കോണ്‍ഗ്രസിനെതിരായ മുഖ്യകക്ഷിയായി ഉയരാനുള്ള ചരിത്രപരമായ കടമ പൂര്‍ത്തീകരിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് വീണ്ടും കഴിഞ്ഞില്ല. അതിനര്‍ഥം അമ്പതുകളില്‍ വളരെയധികം പ്രതീക്ഷയുയര്‍ത്തിയ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എഴുപതുകളുടെ അവസാനമാകുമ്പോഴേക്കും ജീര്‍ണിക്കാന്‍ തുടങ്ങി. ലോകത്തെമ്പാടും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടംനേടിയ കാലഘട്ടമാണ് അത് എന്നോര്‍ക്കണം. ഇടതുപക്ഷചിന്തകള്‍ ഇന്ത്യയിലും തീക്ഷ്ണമായിരുന്നെങ്കിലും പ്രസ്ഥാനം പുരോഗമിച്ചില്ല.

എണ്‍പതുകളുടെ ആരംഭത്തില്‍ ലോകത്ത് പലയിടങ്ങളിലും വലതുപക്ഷപ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടു. അതുവരെ മതേതരത്വം പറഞ്ഞുനടന്ന ഇന്ദിരാഗാന്ധിയടക്കം മൃദുഹിന്ദുത്വരീതി അവലംബിച്ചു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള പരാജയത്തിനുശേഷം തിരിച്ചുവന്ന അവര്‍ 1980-ല്‍ അമ്പലങ്ങളില്‍ കയറിയിറങ്ങി. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി. അതിന്റെ ഏറ്റവും വലിയ ദുരന്തമാണ് പഞ്ചാബ്. സിഖ് വിരുദ്ധ വികാരം കോണ്‍ഗ്രസ് ആളിക്കത്തിച്ചു. തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞ കോണ്‍ഗ്രസിന് വൈകാതെ വലിയ വിലനല്‍കേണ്ടിവന്നു എന്നത് നഗ്‌നസത്യം. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനുശേഷം അധികാരത്തില്‍വന്ന മകന്‍ രാജീവ് ഗാന്ധി വിവേകരഹിതമായ പലതും ചെയ്തുകൂട്ടി. മുസ്ലിം പുരോഹിതവര്‍ഗത്തെ പ്രീണിപ്പിക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുകയും ഹൈന്ദവപ്രീണനം നടത്താന്‍ ബാബറി മസ്ജിദ് പ്രാര്‍ഥനയ്ക്കായി തുറന്നുകൊടുക്കുകയും പിന്നീട് അയോധ്യയില്‍ വെച്ചുതന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 

(ഓപ്പണ്‍ മാസികയുടെ എക്‌സിക്യുട്ടീവ് എഡിറ്ററും രാഷ്ട്രീയനിരീക്ഷകനുമായ ലേഖകന്‍ കണ്ണൂര്‍, ഇന്‍സൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്‌സ്, വാര്‍ റൂം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്)

Content Highlights: ullekh np writes about what happened to left politics