സോവിയറ്റ് യൂണിയന്‍ തകരുകയും ബാള്‍ക്കനൈസേഷന്‍ (വിഘടിക്കുന്ന പ്രദേശങ്ങള്‍) എന്ന സംഭവവികാസം അരങ്ങേറുകയും ചെയ്യുന്നതിന് സമാന്തരമായാണ് ഇന്ത്യയില്‍ ലാല്‍ കൃഷ്ണ അദ്വാനി രഥയാത്രനടത്തി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ മുന്നേറ്റത്തിന് തുടക്കംകുറിച്ചത്. ഇടക്കാലത്ത് വി.പി. സിങ് ജനമോര്‍ച്ചയായി മുന്നോട്ടുവരികയും കമ്യൂണിസ്റ്റുകള്‍ ബി.ജെ.പി.യെപ്പോലെതന്നെ അതുമായി സഹകരിക്കുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസിതര രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളായി ബി.ജെ.പി.-ആര്‍.എസ്.എസ്. മാറിക്കഴിഞ്ഞിരുന്നു. 1991-ല്‍ രാജീവ് ഗാന്ധി വധത്തിനുശേഷം കോണ്‍ഗ്രസ് തിരിച്ചുവന്നു. പിന്നീട് 1996-ല്‍ മതേതരകക്ഷികളുടെ സര്‍ക്കാര്‍ അധികാരത്തില്‍വന്നു. അന്ന് സി.പി.എം. നേതാവായ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദേശം പാര്‍ട്ടിതന്നെ നിരസിച്ചു. ചരിത്രപരമായ വിഡ്ഢിത്തം എന്നാണ് ബസു ആ തീരുമാനത്തെപ്പറ്റി പിന്നീടു പറഞ്ഞത് എന്നത് ഓര്‍ക്കേണ്ടതാണ്.    

കോണ്‍ഗ്രസിന് ബദല്‍ എന്ന ചരിത്രദൗത്യം ചെറിയതോതിലെങ്കിലും ഏറ്റെടുക്കാനുള്ള മനോധൈര്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാട്ടിയില്ല. അപ്പോഴേക്കും ലോകമാകെ കമ്യൂണിസത്തിന്റെ പറുദീസകള്‍ പലയിടങ്ങളിലും തകര്‍ന്നുമണ്ണടിഞ്ഞിരുന്നു. ബുള്ളറ്റിനു പകരം ബാലറ്റിലൂടെയാണ് അധികാരത്തിലേക്ക് വന്നതെങ്കിലും പ്രസക്തിനഷ്ടപ്പെട്ട രാഷ്ട്രീയപ്രസ്ഥാനം എന്ന മോശം പേര് ഇന്ത്യയിലും ലഭിച്ചു. പിന്നാലെ കേന്ദ്രഭരണയോഗ്യതയുള്ള പാവങ്ങള്‍ക്കുവേണ്ടിയുള്ള പാര്‍ട്ടി എന്ന പേര് നേടിയെടുക്കാനുള്ള സാഹചര്യവും നഷ്ടമാക്കി. 

പ്രത്യയശാസ്ത്ര വാശികള്‍

1998-ല്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. അധികാരത്തില്‍വന്നു. 1999-ല്‍ മറ്റൊരു തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുകയും അഞ്ചുവര്‍ഷത്തോളം ഭരിക്കുകയും ഹിന്ദുത്വവാദികള്‍ അവരുടെ ദീര്‍ഘകാലാധിഷ്ഠിതമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകുകയും ചെയ്തു. ഈ ഭരണത്തിലാണ് ഇസ്ലാമോഫോബിയ അവര്‍ പ്രമാണീകരിച്ചത്. ഹിന്ദുത്വരാഷ്ട്രീയത്തിന് വിശ്വാസ്യതയും ഒരുവിഭാഗം ജനങ്ങളില്‍നിന്ന് നിര്‍ലോഭമായ പ്രോത്സാഹനവും കിട്ടിയത് ഈ കാലത്താണ്. എന്നാല്‍, പ്രത്യയശാസ്ത്രപരമായ വാശികാരണം കേന്ദ്രഭരണത്തിന്റെ ഭാഗമാകാന്‍ പിന്നീടും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അവരുടെ രാഷ്ട്രീയലക്ഷ്യങ്ങളെ ദേശീയതലത്തില്‍ ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നതിനും അംഗീകാരം നേടുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. 

സി.പി.എമ്മിന് ഭരിക്കാന്‍ സാധ്യതകിട്ടിയതും നിരസിച്ചതും എന്നാല്‍, ബി.ജെ.പി. ഭരിച്ചതും ഒരു മഴവില്ലുസഖ്യത്തിലാണ്. അല്ലാതെ തങ്ങള്‍ക്കുമാത്രം ഭൂരിപക്ഷമുള്ള സഖ്യത്തിലല്ല. 2004-ലും കേന്ദ്രഭരണത്തില്‍ പങ്കാളിയാവാനുള്ള അവസരം തള്ളി സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം വീണ്ടും അതിന്റെ ജനിതകമായ ഹ്രസ്വദൃഷ്ടി തെളിയിച്ചു. കോണ്‍ഗ്രസിനു പിന്തുണ പിന്‍വലിച്ച് 2008-ല്‍ പുറത്തുപോയ ഇടതുപക്ഷത്തിന് 2011 ആയപ്പോഴേക്കും പശ്ചിമബംഗാളില്‍ ഭരണം നഷ്ടപ്പെട്ടു. ബംഗാളിലെ ശക്തിയാണ് ദേശീയതലത്തില്‍ സി.പി.എമ്മിനും മറ്റ് ഇടതുകക്ഷികള്‍ക്കും തലയെടുപ്പുനല്‍കിയത്. ബംഗാളില്ലാത്ത ഇടതുപക്ഷം പതുക്കെപ്പതുക്കെ രാഷ്ട്രീയമുഖ്യധാരയില്‍നിന്ന് പിന്തള്ളപ്പെട്ടു.     

മുദ്രാവാക്യങ്ങള്‍ തട്ടിയെടുക്കുമ്പോള്‍

2014-ല്‍ അഴിമതികളുടെപേരില്‍ കോണ്‍ഗ്രസ് വിചാരണചെയ്യപ്പെടുകയും പരിഷ്‌കര്‍ത്താവ് എന്ന ലേബലില്‍ നരേന്ദ്രമോദി ബി.ജെ.പി.യുടെ അനിഷേധ്യനേതാവായി മാറുകയും ചെയ്തു. തുടര്‍ന്ന് പടിപടിയായി ബി.ജെ.പി.യും അതിന്റെ തലതൊട്ടപ്പനായ ആര്‍.എസ്.എസും ഇടതുപക്ഷത്തിന്റെയും അതുപോലെ കോണ്‍ഗ്രസിന്റെയും മുദ്രാവാക്യങ്ങള്‍ അവരുടേതാക്കിമാറ്റി. വര്‍ഗസമരച്ചുവയുള്ള നടപടിയായാണ് അവര്‍ നോട്ടുഅസാധുവാക്കലിനെ മുന്നോട്ടുവെച്ചത്. പണക്കാരന്റെ കണ്ണീര്‍ കാണാം എന്ന വ്യാമോഹം പാവപ്പെട്ടവനില്‍ ജനിപ്പിച്ചു. ആഭ്യന്തരയുദ്ധകാലത്ത് റൊമാനോവ് രാജവംശത്തിന്റെ തകര്‍ച്ച റഷ്യന്‍ ബോള്‍ഷെവിക്കുകള്‍ക്കനുകൂലമായി ജനവികാരം തിരിച്ചുവിട്ടിട്ടുണ്ട്. 

അധികാരത്തിലെത്തിയ നാള്‍മുതല്‍ ഭരണത്തേക്കാള്‍ കൂടുതല്‍ പ്രചാരണത്തില്‍ ശ്രദ്ധവെച്ച ബി.ജെ.പി. മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ഗോസംരക്ഷകരെയും പോഷകസംഘടനകളെയും അഴിച്ചുവിട്ടു. പാകിസ്താനെതിരായ മുദ്രാവാക്യങ്ങള്‍ തീവ്രമായരീതിയില്‍ ഹിന്ദുത്വധ്രുവീകരണത്തിനുവേണ്ടി ഉപയോഗിച്ചു. മോദിയെ ഒരു സൈന്യാധിപന്‍ എന്നമട്ടില്‍ ചിത്രീകരിച്ചു. അങ്ങനെ ഇടതുസാമ്പത്തിക നയവും  വലതുപക്ഷരാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി അസാമാന്യകൗശലത്തോടെ സംഘടിതമായ പ്രവര്‍ത്തനം നടത്തി.

2013-ല്‍ ലോകപ്രസിദ്ധ സാമ്പത്തികശാസ്ത്രജ്ഞനായ ജഗദീഷ് ഭഗവതി മോദിയെപ്പറ്റി പറഞ്ഞത് സാമ്പത്തിക നവീകരണവാദി എന്നാണ്. എന്നാല്‍, ബി.ജെ.പി. ഇന്ന് അഹങ്കരിക്കുന്നത് അദ്ദേഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെച്ചൊല്ലിയാണ്, അല്ലാതെ വികസനത്തെപ്പറ്റിയല്ല. കേരള മോഡലിന് പകരം (reditsribution oriented) ഗുജറാത്ത് മോഡല്‍ (growth oriented) എന്ന മുദ്രാവാക്യമാണ് ആദ്യകാലങ്ങളില്‍ മോദിയുടെ അഭ്യുദയകാംക്ഷികള്‍ ഉയര്‍ത്തിയത്. ഇന്നിപ്പോള്‍ സാമ്പത്തികമായി ഒരു പ്രച്ഛന്ന കേരള മോഡലാണ് മോദി ആഘോഷിക്കുന്നത്. വികലമായ നയങ്ങള്‍മൂലം ജോലി അനുപാതം  മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കുറവാണ്. അത് ഏകാധിപത്യ പ്രവണതയുള്ള കേന്ദ്രീകൃതമായ ഭരണകൂടത്തിന് ശക്തിപകരും എന്നത് പ്രസക്തമാണ്. മറ്റാരോ കാരണം അവര്‍ക്ക് ജോലിനഷ്ടപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇത് ഉപയോഗപ്പെടും.

മറുമരുന്നുണ്ടോ?

ഈ രാഷ്ട്രീയ കാലാവസ്ഥയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് പ്രയോഗിക്കാവുന്ന ഒരു മറുമരുന്നില്ല. മാത്രമല്ല അനുകൂലതരംഗങ്ങള്‍ ഉള്ളപ്പോള്‍പ്പോലും രാഷ്ട്രീയസ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്ന ഇടതുകക്ഷികള്‍ നാളിതുവരെയില്ലാത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസും ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസും ശ്രദ്ധകൊടുത്തത് രണ്ടുവാക്കില്‍ പറയാം: അര്‍ഥസംബന്ധിയായ സന്ദിഗ്ധതകള്‍ ('semantic quibbles'). അതാണ് പാര്‍ലമെന്റില്‍  വെറും മൂന്നുസീറ്റുള്ള പാര്‍ട്ടിയായി സി.പി.എമ്മിനെ മാറ്റിയത്.

പലയിടങ്ങളിലും കര്‍ഷകര്‍ക്കും ദളിതര്‍ക്കുംവേണ്ടി ജനകീയപ്രക്ഷോഭങ്ങള്‍ നടത്തിയത്  ഇടതുപക്ഷം എന്നത് ശരിതന്നെ. പക്ഷേ, അതിന്റെ ഫലം ഉടനെയൊന്നും ലഭിക്കില്ല. നിരന്തരമായ അത്തരം സമരങ്ങളിലൂടെ മാത്രമേ ജനപിന്തുണയാര്‍ജിച്ച് ഇടതുപക്ഷത്തിന് മുന്നേറാന്‍ പറ്റുള്ളൂ. 

കമ്യൂണിസ്റ്റുകാര്‍ ജാതി എന്ന സംഭവം വേണ്ടത്ര മനസ്സിലാക്കിയില്ല,  യൂറോകേന്ദ്രിതമായ സമീപനമാണ് മുന്‍കാലനേതാക്കള്‍ക്ക് എന്നതൊക്കെ തുച്ഛമായ തര്‍ക്കങ്ങളായാണ് തോന്നുന്നത്. യഥാര്‍ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാതെ ദൂരെനിന്നുമാത്രം കാര്യങ്ങള്‍ നോക്കിക്കാണുന്ന പ്രവണതയാണ് തിരിച്ചടിയായത് എന്നത് തീര്‍ച്ച. ദേശീയനേതൃത്വം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരല്ല. ഡല്‍ഹിയില്‍ കമ്യൂണിസ്റ്റുകാര്‍  ദശകങ്ങളായി ചെയ്യാത്തതാണ് ആം ആദ്മി പാര്‍ട്ടി ചെയ്തത് എന്ന് വിസ്മരിക്കരുത്.  ലോകമെമ്പാടുമുള്ള വലതുപക്ഷപ്രസ്ഥാനങ്ങളുടെ വേലിയേറ്റം മറ്റൊരു വലിയ പ്രതിസന്ധിതന്നെയാണ്. അതിനുസമാനമായ ചായ്വുകള്‍ ഇന്ത്യയില്‍ പലയിടത്തും പ്രകടമാണ് എന്നതാണ് ബി.ജെ.പി.യുടെ വിജയം തെളിയിക്കുന്നത്.

എന്നാല്‍, ലോകത്തിന്റെ പലയിടങ്ങളിലും വലതുപക്ഷശക്തികള്‍ അവരുടെ കോട്ടകളില്‍തന്നെ പിന്നോട്ടുപോവുന്നതും ദൃശ്യമാണ്. തുര്‍ക്കിയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് പ്രതീക്ഷയുടെ കിരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതിനര്‍ഥം ജനങ്ങളുടെ പ്രാഥമിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സന്ധിയില്ലാത്ത പോരാട്ടത്തിന് കമ്യൂണിസ്റ്റുകാര്‍ തയ്യാറാവുകയും കൂടുതല്‍ രാഷ്ട്രീയ മെയ്വഴക്കം സ്വായത്തമാക്കുകയും ചെയ്താല്‍ അവരുടെ പ്രസക്തി ചോദ്യംചെയ്യപ്പെടില്ല എന്നതാണ്.     
      

(ഓപ്പണ്‍ മാസികയുടെ എക്‌സിക്യുട്ടീവ് എഡിറ്ററും രാഷ്ട്രീയനിരീക്ഷകനുമായ ലേഖകന്‍ കണ്ണൂര്‍: ഇന്‍സൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്‌സ്, വാര്‍ റൂം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്)

Content Highlights: ullekh np writes about what happened to left parties in india