ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട തിരിച്ചടി മുമ്പ് അവര്‍ നേരിട്ട തിരിച്ചടികളുമായി താരതമ്യം ചെയ്യാവുന്നതല്ല. 2004-ലുണ്ടായ തിരിച്ചടി സീറ്റുകളുടെ കാര്യത്തില്‍ രൂക്ഷം തന്നെയായിരുന്നെങ്കിലും അന്ന് അടിത്തറ നഷ്ടപ്പെട്ടിരുന്നില്ല. തിരിച്ചുവരവിനുള്ള സാധ്യത എല്ലായിടത്തും ഉണ്ടായിരുന്നുതാനും. എന്നാല്‍, ഇപ്പോള്‍ സ്ഥിതി ഏറെ വ്യത്യസ്തമാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും തിരിച്ചുവരാനാകാത്തവിധം ഇടതുപക്ഷം തകര്‍ന്നിരിക്കുന്നു. കേരളത്തിലേറ്റ പ്രഹരം ഗൗരവമുള്ളതാണെങ്കിലും അടിത്തറ നഷ്ടപ്പെട്ടിട്ടില്ല. തിരിച്ചുവരവിനുള്ള സാധ്യതയുണ്ടെന്നര്‍ഥം. 

ഇന്ത്യയിലെ ഇടതുപക്ഷത്തെക്കുറിച്ചുള്ള പരിശോധന ആഗോളതലത്തില്‍ ഇടതുപക്ഷം എത്തിനില്‍ക്കുന്ന അവസ്ഥയുമായി ബന്ധിപ്പിച്ചുകൊണ്ടുമാത്രമേ സാധ്യമാകൂ.  സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ച കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗൗരവമേറിയ പുനരന്വേഷണങ്ങള്‍ക്ക് വഴിവെച്ചു. സ്വകാര്യസ്വത്ത് ഇല്ലായ്മചെയ്ത് മുഴുവന്‍ ഉത്പാദനോപാധികളും പൊതു ഉടമസ്ഥതയിലാക്കുന്നത് സമ്പത്തിന്റെ പൂര്‍ണമായ കേന്ദ്രീകരണത്തിലേക്കും അതുവഴി രാഷ്ട്രീയാധികാര കേന്ദ്രീകരണത്തിലേക്കും നയിക്കുന്നു എന്നാണ് ഇത്തരം അന്വേഷണങ്ങള്‍ തെളിയിച്ചത്. സ്വകാര്യസ്വത്ത് ഇല്ലായ്മ ചെയ്യുകയല്ല അതിനുമുകളില്‍ ജനാധിപത്യപരമായ സാമൂഹികനിയന്ത്രണം കൊണ്ടുവരുകയാണ് വേണ്ടതെന്നുമുള്ള ബദല്‍രാഷ്ട്രീയം ഉയര്‍ന്നുവരുകയും ചെയ്തു. ചൈനയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ തുടരുന്നുണ്ടെങ്കിലും സ്വകാര്യസ്വത്തും തുറന്ന വിപണിയും വ്യാപകമായി പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അവര്‍ പിടിച്ചുനില്‍ക്കുന്നത്.

ഉറച്ച നിലപാടില്ലാത്ത നേതൃത്വം

മുതലാളിത്തത്തിന്റെ വിപണിയും സ്വകാര്യസ്വത്തും പൂര്‍ണമായി തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു സോഷ്യലിസ്റ്റ് ബദല്‍ നിലവിലില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രായോഗികമായി ഒരു ബദല്‍ സോഷ്യലിസ്റ്റു സാമ്പത്തികശാസ്ത്രം തങ്ങളുടെ മുന്നിലില്ലെന്ന് ബംഗാളില്‍ തുടര്‍ച്ചയായി മുപ്പത്തഞ്ചുവര്‍ഷം ഭരിച്ച ഇടതുമുന്നണിയുടെ അവസാന മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ തുറന്നുപറയുകയുണ്ടായി. തീക്ഷ്ണമായ അനുഭവങ്ങളില്‍നിന്നു രൂപംകൊണ്ട ആത്മാര്‍ഥമായ സ്വയംവിമര്‍ശനമായിരുന്നു അത്. പക്ഷേ, അതുമനസ്സിലാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിനേതൃത്വങ്ങള്‍ തയ്യാറായില്ല. അവരതിന് പ്രാപ്തരുമല്ല. 

ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ കമ്യൂണിസ്റ്റ് നേതൃത്വങ്ങളുടെ പരാജയം ഒരു തുടര്‍ക്കഥയാണ്. 1942-ല്‍ ക്വിറ്റ് ഇന്ത്യാസമരം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോള്‍ രണ്ടാം ലോകയുദ്ധത്തില്‍ സോവിയറ്റ് യൂണിയനും ബ്രിട്ടനും സഖ്യശക്തികളായതിന്റെപേരില്‍ ഇവിടെ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന് പിന്തുണ നല്‍കിയത് ആത്മഹത്യാപരമായിരുന്നു. 1947-ല്‍ പി.സി. ജോഷിയുടെ നേതൃത്വത്തില്‍, നെഹ്രു സര്‍ക്കാരിന് പിന്തുണ നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി 1948-ല്‍ കൊല്‍ക്കത്ത തീസിസിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ വിപ്ലവത്തിന് തയ്യാറെടുക്കുകയാണ് ചെയ്തത്.

1949-ലാകട്ടെ തെലങ്കാന മോഡല്‍ ജനകീയ യുദ്ധത്തിന്റെ പാത അഖിലേന്ത്യാ പരിപാടിയാക്കി. '51 ആയപ്പോഴേക്കും സ്റ്റാലിന്റെ നിര്‍ദേശപ്രകാരം അജയ്ഘോഷിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. നാലു വര്‍ഷത്തിനുള്ളില്‍ പരസ്പരവിരുദ്ധമെന്നു പറയാവുന്ന നാലു നിലപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്. സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസൃതമായ ഉറച്ച രാഷ്ട്രീയ നിലപാടുകളെടുക്കാന്‍ കഴിവുള്ള ഒരു നേതൃത്വത്തിന്റെ അഭാവമാണ് ഇവിടെയും ദൃശ്യമായത്.

ഈ നേതൃത്വമില്ലായ്മ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലുടനീളം കാണാം. വിവിധ മേഖലകളിലെ പ്രാദേശിക നേതൃത്വങ്ങള്‍ ഇടവേളകളില്‍ സ്വീകരിച്ച ശരിയായ നിലപാടുകളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അങ്ങിങ്ങ് സാമൂഹികാടിസ്ഥാനം സൃഷ്ടിച്ചുകൊടുത്തത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊള്ളുന്നതിന് ഏറെ മുമ്പുതന്നെ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും പ്രത്യേകിച്ചും ട്രേഡ് യൂണിയന്‍ രംഗത്ത് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഗ്രാമാന്തരങ്ങളില്‍ ഉള്‍പ്പെടെ അക്കാലത്ത് ശക്തമായ സ്വാധീനമായിരുന്ന മഹാത്മാ ഫൂലെ പ്രസ്ഥാനത്തിനുനേരെ മുഖംതിരിച്ചുനില്‍ക്കുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്. ഫലമോ? മുംബൈയിലും ചില പ്രധാന നഗരങ്ങളിലും ട്രേഡ് യൂണിയനുകള്‍ മാത്രമായി പ്രസ്ഥാനം ഒതുങ്ങി. തമിഴ്നാട്ടിലും ഇതുതന്നെ സംഭവിച്ചു.

ദ്രാവിഡകഴകം തിളച്ചുനിന്ന കാലത്ത് വര്‍ഗസമരവുമായി അതിനു ബന്ധമൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ അതില്‍നിന്ന് വിട്ടുനിന്നു. അവിടെയും ഇടതുപക്ഷം പട്ടണങ്ങളിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം മാത്രമായി ചുരുങ്ങി.ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ തനതായ രീതിയില്‍, സമഗ്രവും ശാസ്ത്രീയവുമായ വിശകലനങ്ങളിലൂടെ മനസ്സിലാക്കാന്‍ ശ്രമിച്ച ഡോ. അംബേദ്കര്‍ ഇവിടത്തെ വര്‍ണജാതി വ്യവസ്ഥയുടെ സൂക്ഷ്മരൂപങ്ങള്‍ അനാവരണം ചെയ്യുകയുണ്ടായി. വര്‍ഗസമരസിദ്ധാന്തത്തിനു ചേരുന്നതല്ലെന്നു പറഞ്ഞുകൊണ്ട് അംബേദ്കര്‍നിലപാടുകള്‍ തള്ളിക്കളയുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചത്.

അധികാരകേന്ദ്രീകരണം തിരിച്ചടി

ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം അധികാരത്തിലെത്തുന്നത് 1960-കളിലാണ്. '67-ല്‍ അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരത്തിലെത്തി. അടിയന്തരാവസ്ഥയ്‌ക്കെതിരായ ജനവികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് '77-ല്‍ ബംഗാളില്‍ അധികാരത്തില്‍വന്ന സി.പി.എം. തുടര്‍ച്ചയായി 35 വര്‍ഷം ഭരിച്ചത് ഇടതുപക്ഷത്തിന്റെ വലിയ വിജയമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, യാഥാര്‍ഥ്യമതല്ല. ആ അധികാര കേന്ദ്രീകരണം അവരെ തകര്‍ച്ചയിലേക്ക് നയിച്ചു.

അധികാരം നിലനിര്‍ത്താനായി ജനാധിപത്യവിരുദ്ധമായ പലരീതികളും അവര്‍ സ്വീകരിച്ചിരുന്നു. ഒട്ടേറെ ഗ്രാമങ്ങളില്‍ ജനങ്ങളെ വോട്ടുചെയ്യിക്കാറില്ല. അവരുടെ വോട്ട് പാര്‍ട്ടിക്കാര്‍ ചെയ്യും. അധികാരമുപയോഗിച്ച് പോളിങ്ബൂത്തുകള്‍ പിടിച്ചെടുത്താണ് ഇതെല്ലാം ചെയ്തിരുന്നത്. ഈ രീതിയില്‍ അധികാരം ഉറപ്പിക്കപ്പെട്ടതോടെ പ്രാദേശികതലത്തില്‍ പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും പുതിയൊരു അധികാരവര്‍ഗമായി മാറി. ആ അധികാരം തുടര്‍ന്നും നിലനില്‍ക്കുമെന്ന ഉറപ്പ് അധികാര ദുര്‍വിനിയോഗത്തിലേക്ക് നയിച്ചു. ജനങ്ങളുടെ എതിര്‍പ്പിനെ ബലപ്രയോഗത്തിലൂടെ നേരിടാനും തുടങ്ങി.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്നു ലോകത്തെ ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റ്പാര്‍ട്ടികളും സ്വയം ജനാധിപത്യപാര്‍ട്ടികളാകുകയുണ്ടായി. പക്ഷേ, ഇന്ത്യയില്‍ അങ്ങനെയൊന്നുണ്ടായില്ല. ആരംഭത്തില്‍ സി.പി.ഐ. നേതൃത്വത്തില്‍ അങ്ങനെയൊരു ചിന്ത വന്നെങ്കിലും മുന്നോട്ടുപോയില്ല. പക്ഷേ, സി.പി.ഐ. കഴിഞ്ഞ കോണ്‍ഗ്രസില്‍ പാര്‍ട്ടി പരിപാടിയില്‍നിന്നു തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ലക്ഷ്യം എടുത്തുകളയുകയുണ്ടായി. പക്ഷേ, സി.പി.എമ്മില്‍ ഒരനക്കവുമില്ല. തൊഴിലാളിവര്‍ഗ സര്‍വാധിപത്യലക്ഷ്യം നിലനിര്‍ത്തുന്ന ഒരു വിപ്ലവപ്പാര്‍ട്ടിയായി അത് തുടരുന്നു. 

ജനാധിപത്യത്തോട്  മുഖംതിരിച്ച്

ബംഗാളില്‍നിന്നു വ്യത്യസ്തമായി മലയാളിസമൂഹം ജനാധിപത്യവത്കരണത്തിന്റെ പാതയില്‍ മുന്നേറിയ സമൂഹമാണ്. ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങള്‍ അടിയില്‍നിന്നുള്ള ജനാധിപത്യവത്കരണത്തിനാണ് തുടക്കംകുറിച്ചത്. തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍ ഈ പ്രവണത ശക്തമായതുകൊണ്ടാണ് അവിടെ അക്രമരാഷ്ട്രീയത്തിന് വേരോട്ടമില്ലാത്തത്. മലബാറില്‍ അടിത്തട്ടില്‍നിന്നുള്ള ജനാധിപത്യവത്കരണം ദുര്‍ബലമായതുകൊണ്ട് അക്രമരാഷ്ട്രീയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നു. സമീപകാലത്ത് അവിടെ നടന്ന അക്രമസംഭവങ്ങള്‍ ഇടതുപക്ഷരാഷ്ട്രീയത്തെ കൊലപാതകരാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

അക്രമരാഷ്ട്രീയത്തില്‍നിന്നു പൂര്‍ണമായി വിടുതല്‍ നേടിക്കൊണ്ട് ജനാധിപത്യവത്കരണത്തിന്റെ ദിശയില്‍ നീങ്ങാത്തിടത്തോളം കേരളത്തിലും സി.പി.എമ്മിന്റെ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമായിരിക്കും. യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടില്‍ കടിച്ചുതൂങ്ങുന്നിടത്തോളം ഇവിടെ ജനാധിപത്യവത്കരണം സാധ്യമാവുകയുമില്ല. പ്രാദേശിക സംവിധാനങ്ങളിലും സഹകരണ മേഖലയിലുമെല്ലാം അധികാരമുള്ളിടത്തോളം ഇടതുപക്ഷത്തിന്റെ അടിസ്ഥാനം ശക്തം തന്നെയാണ്. പക്ഷേ, 
അവിടെ അപചയസാധ്യത കൂടുതലാണ്. ശബരിമലപോലുള്ള വിഷയങ്ങള്‍ താത്കാലികമാണെങ്കിലും മുകളില്‍ പറഞ്ഞ വിഷയങ്ങള്‍ ഇടതുപക്ഷത്തിന് വെല്ലുവിളിയായി ഉയര്‍ന്നുനില്‍ക്കും.

(സാമൂഹിക - രാഷ്ട്രീയ നിരീക്ഷകനാണ്  ലേഖകന്‍)

Content Highlights: k venu writes about what happened to left politics