ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ഫാസിസ്റ്റുമുഖമായ സംഘപരിവാര്‍ ശക്തികള്‍ രണ്ടാമതും രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഒരു പുതിയ കീഴാളരാഷ്ട്രീയത്തിന്റെ അനിവാര്യതയിലാണ് നാം എത്തിനില്‍ക്കുന്നത്. ഇന്ത്യന്‍ കീഴാളജനാധിപത്യത്തിന്റെ ശക്തികളെ ഏറ്റെടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് കഴിയാതെപോയതിന്റെ കാരണങ്ങളിലേക്കു നമുക്ക് കടന്നുചെല്ലേണ്ടിയിരിക്കുന്നു.മാര്‍ക്സ് പില്‍ക്കാലത്ത് തള്ളിക്കളഞ്ഞ, അനിവാര്യമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതും ഏകരേഖീയവുമായ (leniar) ചരിത്രപുരോഗതിയെക്കുറിച്ചുള്ള സങ്കല്പത്തില്‍ അടിയുറച്ച ഒന്നായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം.

ഈ സങ്കല്പമനുസരിച്ച് വിപ്ലവത്തിന്റെ മുന്നണിപ്പടയെന്ന് കരുതപ്പെടുന്ന നാഗരികതൊഴിലാളിവര്‍ഗമൊഴികെ മറ്റെല്ലാ കീഴാളജനവിഭാഗങ്ങളും വിപ്ലവകരമായ കര്‍തൃത്വത്തിലേക്ക് ഉയരാത്ത വര്‍ഗങ്ങളാണ്. അവര്‍ മുന്നണിയിലുള്ള പരിഷ്‌കൃതവിപ്ലവശക്തികള്‍ക്ക് രാഷ്ട്രീയമായ ഒരു ബാധ്യതയാണ്. അതുകൊണ്ടുതന്നെ വിപ്ലവകരമായ ആത്മബോധത്തിലേക്ക് ഉയരാത്ത കീഴാളജാതികളിലും വര്‍ഗങ്ങളിലും പെട്ടവര്‍ക്ക് ഒരു സ്വതന്ത്രരാഷ്ട്രീയ ശക്തിയായി മാറാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചില്ല. ചുരുക്കത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരകാലത്ത് ഉയര്‍ന്നുവന്ന കീഴാളരാഷ്ട്രീയ മഹാശക്തിയെ, യഥാര്‍ഥ ഇന്ത്യയുടെ രാഷ്ട്രീയ ഇച്ഛയെ അവര്‍ അവഗണിച്ചു. ഗാന്ധിജിയെയും അംബേദ്കറെയും അവര്‍ ശത്രുക്കളായി കണ്ടു. യൂറോകേന്ദ്രിതത്വം വിട്ട് പില്‍ക്കാലത്ത് ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കകളിലെയും കറുത്തവര്‍ അടക്കമുള്ള കീഴാളജനതയുടെ വിമോചകമായ സമാന്തര ബദല്‍രാഷ്ട്രീയാധികാരത്തിന്റെ ശക്തികളെ തിരിച്ചറിഞ്ഞ മാര്‍ക്സിനെ, സ്റ്റാലിന്റെ നേതൃത്വം മറച്ചുപിടിച്ച മാര്‍ക്സിനെ അവര്‍ക്ക് കാണാനേ കഴിയുമായിരുന്നില്ല.

അംബേദ്കറെയും ഗാന്ധിജിയെയും തെറ്റായി വായിച്ചപ്പോള്‍

ഇതില്‍നിന്ന് തെളിയുന്നത് ഗാന്ധിജിക്കുശേഷം അനാഥമാക്കപ്പെട്ട ഇന്ത്യന്‍ കീഴാളജനാധിപത്യരാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് രൂപംനല്‍കേണ്ട പുതിയ രാഷ്ട്രീയവ്യവഹാരം മാര്‍ക്സിന്റെയും ഗാന്ധിജിയുടെയും അംബേദ്കറിന്റെയും അടിസ്ഥാന കീഴാള രാഷ്ട്രീയവീക്ഷണങ്ങളെ മുന്‍നിര്‍ത്തിയുള്ളതാവണമെന്നാണ്. കമ്യൂണിസ്റ്റുകാര്‍ പണ്ട് കരുതിയതുപോലെ ഗാന്ധിജി ഇന്ത്യന്‍ മുതലാളിവര്‍ഗത്തിന്റെ പ്രതിനിധിയോ നേതാവോ ആയിരുന്നില്ല.

gandhi

ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യഭരണകൂടത്തിനെതിരേ ഇന്ത്യയില്‍ നയിച്ച വിപ്ലവം ഇന്ത്യന്‍ മുതലാളിവര്‍ഗത്തെ സഖ്യകക്ഷിയായി മുന്നില്‍നിര്‍ത്തിക്കൊണ്ടുള്ള ഇന്ത്യന്‍ കീഴാളജനതയുടെ ജനകീയജനാധിപത്യവിപ്ലവമായിരുന്നു. ഗാന്ധിജിയുടെ വിപ്ലവകാരിത്വം കമ്യൂണിസ്റ്റുകാരായ ഹോചിമിനും ചെഗുവേരയും ആഴത്തില്‍ തിരിച്ചറിഞ്ഞിരുന്നു. ഗാന്ധിജിയുടെ അഹിംസ ഏത് ആയുധശക്തിയെയും അതിവര്‍ത്തിക്കുന്ന സാമൂഹികമായ ധാര്‍മികശക്തിയുടെ അപ്രതിരോധ്യവും വിധ്വംസകവുമായ പ്രകാശനമാണെന്ന് ഇന്ന് വ്യക്തമാണ്.

Ambedkar

അംബേദ്കര്‍ നയിച്ച ജാതിവിമോചനസമരം തൊഴിലാളിവര്‍ഗസമരത്തിന് വിരുദ്ധമാകും എന്നതുകൊണ്ടാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അംബേദ്കറെ ഒരു കൊടിയ ശത്രുവായിക്കണ്ടത്. എസ്.എ. ഡാങ്കെ ബോംബെയില്‍ ഒരു തിരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിച്ചത് 'നിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്തില്ലെങ്കിലും അംബേദ്കര്‍ക്ക് വോട്ടുചെയ്യരുത്' എന്നാണ്. അത്രയ്ക്കായിരുന്നു ശത്രുത. വര്‍ഗസമരത്തിന്റെ പേരില്‍ ജാതിപ്രശ്നത്തെ അവഗണിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അംബേദ്കറും എതിരായിരുന്നു. അംബേദ്കര്‍ ഒരിക്കലും ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധനായിരുന്നില്ല. അംബേദ്കറുടെ മരണശേഷം രണ്ടായി തിരിഞ്ഞ അനുയായികളില്‍ ഒരു വിഭാഗമാണ് അംബേദ്കറെ ഒരു തികഞ്ഞ കമ്യൂണിസ്റ്റുവിരുദ്ധനായി ചിത്രീകരിച്ചത്. യഥാര്‍ഥത്തില്‍, വര്‍ഗത്തെ ഒരു സാമ്പത്തികഗണം മാത്രമായിക്കണ്ട കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യന്‍ ജാതിവ്യവസ്ഥയിലടങ്ങിയിരിക്കുന്ന വര്‍ഗസമരത്തെ കാണാന്‍ കഴിയാതെപോകുന്നു എന്നതായിരുന്നു അംബേദ്കറെ അവരില്‍നിന്ന് അകറ്റിയത്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഈ കൊടിയ വീഴ്ച സ്റ്റാലിനെത്തന്നെ നേരിട്ട് ബോധ്യപ്പെടുത്താന്‍ അംബേദ്കര്‍ ശ്രമിച്ചിരുന്നു. റഷ്യയിലെ കീഴാളരില്‍ നിന്നും റഷ്യയുടെ നേതാവായി ഉയര്‍ന്നുവന്ന സ്റ്റാലിനെ ഒരു മാര്‍ക്സിസ്റ്റെന്നനിലയില്‍ അംബേദ്കര്‍ അനുഭാവപൂര്‍വം പരിഗണിച്ചിരുന്നു. സ്റ്റാലിന്‍ മരിച്ചദിവസം ആ ദുഃഖവാര്‍ത്ത കേട്ട് അംബേദ്കര്‍ ഉപവാസമനുഷ്ഠിക്കുകയുണ്ടായത്രേ.
അംബേദ്കര്‍ ഒരിക്കലും ജാതിയെയും വര്‍ഗത്തെയും പരസ്പരം വര്‍ജിക്കുന്ന വിപരീതങ്ങളായി പ്രതിഷ്ഠിച്ചിരുന്നില്ല. ജാതിസമരത്തിന്റെ പേരില്‍ വര്‍ഗസമരത്തെ തള്ളിക്കളഞ്ഞിട്ടില്ല. 'അടഞ്ഞ വര്‍ഗമാണ് ജാതി' (caste is enclosed class) എന്നാണ് അംബേദ്കര്‍ പറഞ്ഞത്. പിന്നീട് വര്‍ഗരാഷ്ട്രീയത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും പേരില്‍ കമ്യൂണിസ്റ്റുകാരും ജാതിരാഷ്ട്രീയക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന കാലം വന്നപ്പോഴാണ് ജാതിയും വര്‍ഗവും പരസ്പരവിരുദ്ധങ്ങളാണെന്ന് ഉറപ്പിക്കപ്പെട്ടത്. അതിനാല്‍ പുതിയ കീഴാളരാഷ്ട്രീയവ്യവഹാരത്തെ സംബന്ധിച്ചിടത്തോളം വര്‍ഗത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റുകളും സ്വത്വവാദികളും പുലര്‍ത്തുന്ന യാന്ത്രികധാരണയെ ഇവിടെ പൊളിച്ചുകളയേണ്ടതായിവരുന്നു.

നിഷ്‌ക്രിയമായ സാമ്പത്തിക വിഭജനമല്ല വര്‍ഗം

വ്യത്യസ്തഘടകങ്ങളെ ആശ്രയിച്ച് മനുഷ്യരെ പല വര്‍ഗങ്ങളായി തിരിക്കാം, നിറത്തെയോ വംശത്തെയോ ഭാഷയെയോ രാജ്യത്തെയോ മുന്‍നിര്‍ത്തി മനുഷ്യരെ വിഭജിക്കുന്നതുപോലെ. ഇങ്ങനെ വസ്തുവിഭജനത്തിന്റെ മാതൃകയിലുള്ള നിഷ്‌ക്രിയമായ ഒരു സാമ്പത്തികവിഭജനമല്ല വര്‍ഗം. വര്‍ഗം ഒരു സാമ്പത്തികഗണം മാത്രമായിരിക്കുമ്പോള്‍ അത് മറ്റ് പലതരത്തിലുള്ള വിഭജനങ്ങളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ ഇത്തരത്തില്‍, മനുഷ്യരുടെ സാമ്പത്തികനിലയെ മാത്രം ആശ്രയിച്ചു നടത്തുന്ന മറ്റൊരു മനുഷ്യവിഭജനമല്ല മാര്‍ക്സ് പറയുന്ന 'വര്‍ഗം', വര്‍ഗം ക്രിയാത്മകമായ ഒരു രാഷ്ട്രീയപരികല്പനയാണ്. ഒരു നിഷ്‌ക്രിയ സാമ്പത്തികഗണമല്ല. വര്‍ഗങ്ങള്‍ നിലവില്‍ വരുന്നത് സമരത്തിലൂടെയാണ്. അതിനാല്‍ വര്‍ഗം ഒരു രാഷ്ട്രീയപ്രയോഗമാണ്. 

മുന്‍കൂര്‍ നിലനില്‍ക്കുന്ന സാമ്പത്തികവിഭാഗങ്ങളുടെ യാന്ത്രികമായ ഏറ്റുമുട്ടലല്ല വര്‍ഗസമരം. ജനവിഭാഗങ്ങള്‍ അവരുടെ അവകാശത്തിനും അധികാരത്തിനുംവേണ്ടി സമരം ചെയ്യുമ്പോഴാണ് വര്‍ഗങ്ങള്‍ ഉണ്ടാവുന്നത്. ആ സമരം സാമ്പത്തികചൂഷണത്തിന് എതിരേയെന്നപോലെ വംശീയമായ അടിച്ചമര്‍ത്തലിനോ ജാതീയമായ പീഡനത്തിനോ ലിംഗപരമായ വിവേചനത്തിനോ ഒക്കെ എതിരേയുള്ള സമരമാകാം. സമരത്തിലൂടെ ഈ സമരവിഭാഗങ്ങളെല്ലാം അധീശവ്യവസ്ഥയ്ക്കെതിരേ പൊരുതുന്ന വര്‍ഗങ്ങളായി മാറുകയാണ്. ഇതിനര്‍ഥം സ്വത്വം വര്‍ഗത്തില്‍ ലയിക്കുന്നു എന്നല്ല; സ്വത്വം സമരശക്തിയായി ഉയരുന്നു എന്നാണ്. അതിനാല്‍ വര്‍ഗവും ജാതിയും വിരുദ്ധങ്ങളല്ല.

വര്‍ഗമെന്ന പരികല്പന ഇങ്ങനെ ഒരു സാമ്പത്തികഗണമെന്നതിനുപരി ഒരു ക്രിയാത്മകരാഷ്ട്രീയപ്രയോഗമെന്നനിലയില്‍ മനസ്സിലാക്കപ്പെടുകയാണെങ്കില്‍ അത് നിശ്ചയമായും വര്‍ഗത്തിന്റെയും ജാതിയുടെയും മറ്റും വിരുദ്ധതയിലൂടെ ഇക്കാലമത്രയും ഇന്ത്യന്‍ കീഴാളജനതയെ ഭിന്നിപ്പിച്ച് നിര്‍വീര്യമാക്കി നിര്‍ത്തിയിരുന്ന രാഷ്ട്രീയവ്യവഹാരങ്ങളെയെല്ലാം കലഹരണപ്പെടുത്തുകതന്നെ ചെയ്യും. പുതിയ സമരങ്ങളെ സാധ്യമാക്കുന്ന ഒരു നൂതന കീഴാളജനാധിപത്യ രാഷ്ട്രീയ വ്യവഹാരത്തിന് വഴിതുറക്കുകയും ചെയ്യും.ഈ പ്രസ്താവത്തിന്റെ പൊരുള്‍ വ്യക്തമാവണമെങ്കില്‍ സ്വത്വവര്‍ഗ വിരുദ്ധതയുടെ പഴയ രാഷ്ട്രീയവ്യവഹാരംകാരണം ഇന്ത്യയുടെ ചരിത്രത്തെതന്നെ വഴിതിരിക്കുമായിരുന്ന കീഴാളമുന്നേറ്റങ്ങള്‍ എങ്ങനെ ശിഥിലമായിപ്പോയി എന്ന് കണ്ടാല്‍ മതി. സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കീഴാളരാഷ്ട്രീയമുന്നേറ്റമായിരുന്നു മണ്ഡല്‍-ദളിത് പ്രസ്ഥാനങ്ങളിലൂടെ തൊണ്ണൂറുകളില്‍ സംഭവിച്ചത്.

ഇന്ത്യന്‍ഭരണവര്‍ഗങ്ങളെ ഞെട്ടിച്ച ഈ മുന്നേറ്റത്തെ വഴിതിരിച്ചുവിടുന്നതിനും തകര്‍ക്കുന്നതിനുംവേണ്ടിയാണ് സംഘപരിവാര്‍ ആക്രമണോത്സുകമായ ഹിന്ദുവര്‍ഗീയ വികാരത്തിന് തീ കൊളുത്തിയത്. അദ്വാനിയുടെ രഥയാത്രയില്‍ തുടങ്ങി ബാബറി മസ്ജിദിന്റെ തകര്‍ച്ച വരെ എത്തുന്ന വൈകാരികസംഭവങ്ങളിലൂടെ എല്ലാ കീഴാളരാഷ്ട്രീയമുന്നേറ്റങ്ങളും ശിഥിലമാവുകയായിരുന്നു. ഇന്നിപ്പോള്‍ ആ പ്രസ്ഥാനങ്ങളില്‍ നിന്നുയര്‍ന്നുവന്ന പല കീഴാളവിഭാഗങ്ങളും ബി.ജെ.പി.ക്കൊപ്പമാണ്. മാത്രമല്ല, ആദിവാസികളുടെയും ദളിതരുടെയും പിന്നാക്കജാതികളുടെയും ഇടയിലേക്ക് സംഘപരിവാര്‍ ചിട്ടയായ കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 

മണ്ഡല്‍-ദളിത് പ്രസ്ഥാനങ്ങളിലൂടെ ഉയര്‍ന്നുവന്നത് ഇന്ത്യന്‍വര്‍ഗസമരത്തിന്റെ സവിശേഷരൂപംതന്നെയാണെന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍,  സ്വത്വരാഷ്ട്രീയം ജാതിഗോത്രപരമായ സ്വത്വങ്ങളില്‍തന്നെ എന്നേക്കുമായി സ്വയം തളഞ്ഞുനില്‍ക്കാനുള്ള ഒരു രാഷ്ട്രീയമല്ലെന്നും അത് വിമോചനത്തിലേക്കുള്ള വര്‍ഗസമരത്തിന്റെ അനിവാര്യമായ ആദ്യചുവട് മാത്രമാണെന്നും സ്വത്വരാഷ്ട്രീയക്കാരും അന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറിപ്പോവുമായിരുന്നു. സംഘപരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടക്കുന്നതിനുള്ള കവാടങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുമായിരുന്നു.

വൈകിയിട്ടില്ല ഇനിയും

ഇനിയും വൈകിയിട്ടില്ല. വി. കല്യാണം വിവക്ഷിച്ചതുപോലെ, ഇന്ത്യന്‍ കീഴാളജനതയ്ക്ക് വര്‍ഗജാതി വൈരുധ്യത്തെ മറികടന്നുകൊണ്ട് ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ക്കെതിരേ ശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയും. ഈ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ മാര്‍ക്സും ഗാന്ധിയും അംബേദ്കറും അവര്‍ക്കൊപ്പമുണ്ടാകും. ഈ മാര്‍ക്സ്, തൊഴിലാളിവര്‍ഗ മുന്നണിപ്പടയെ മാത്രം വിപ്ലവവര്‍ഗമായി കണ്ട ഒരു മാര്‍ക്സ് ആയിരിക്കില്ല. അമേരിക്കന്‍ അടിമത്തവിരുദ്ധ ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത്, കറുത്തവരുടെ അധ്വാനത്തിന്റെ മോചനമാണ് യൂറോപ്പിലെ വെളുത്ത തൊഴിലാളിവര്‍ഗത്തിന്റെ വിമോചനത്തിന് മുന്നുപാധി എന്നുപറഞ്ഞ മാര്‍ക്സ് ആണ്. അങ്ങനെ ലോകമെമ്പാടുമുള്ള കറുത്തവരെ വിപ്ലവശക്തിയായി അംഗീകരിച്ച മാര്‍ക്സ് ആണ് ഈ പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ അവരോടൊപ്പമുണ്ടാവുക. 

അതുപോലെതന്നെ സ്വാതന്ത്ര്യലബ്ധിയുടെ ആഘോഷങ്ങളില്‍നിന്ന് വിട്ടുനിന്നുകൊണ്ട് ഇന്ത്യന്‍ കീഴാളജനതയുടെ വിമോചനത്തിനായി പുതിയ സമരപദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്ന ഗാന്ധി ഈ മുന്നേറ്റങ്ങള്‍ക്കുപിന്നില്‍ ഒരു മഹാശക്തിയായിത്തന്നെ വര്‍ത്തിക്കും. ഗാന്ധിയോടൊപ്പം പുതിയ സമരപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നവരില്‍ ഒരാള്‍ റാം മനോഹര്‍ ലോഹ്യയാണ്. ഗാന്ധി മരിച്ചതിനുശേഷം, ഗാന്ധിയുടെ സ്ഥാനം ഏറ്റെടുത്തുകൊണ്ട് പുതിയ സമരങ്ങളുടെ നേതൃത്വത്തിലേക്ക് വരാന്‍ അംബേദ്കറെ ലോഹ്യ ക്ഷണിക്കുകയുണ്ടായി. ആ ക്ഷണം സ്വീകരിച്ച അംബേദ്കര്‍, മരണം തടഞ്ഞില്ലായിരുന്നെങ്കില്‍ നിശ്ചയമായും പുതിയ സമരമുഖത്തേക്ക് എത്തുമായിരുന്നു. കാരണം അവസാനകാലത്ത്, ഇന്ത്യന്‍ മേലാളവര്‍ഗങ്ങള്‍ക്കുകീഴില്‍ കീഴാളജാതികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിത്തീരുന്നതുകണ്ട് അംബേദ്കര്‍ വളരെയേറെ ദുഃഖിതനും ഹതാശനുമായിരുന്നു. അതിനാല്‍ വരാന്‍പോകുന്ന കീഴാളശക്തികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനൊപ്പം ലോഹ്യയുടെ ക്ഷണം സ്വീകരിച്ച അംബേദ്കറും ഉണ്ടാവും. അങ്ങനെ ഇവരെയൊക്കെ പരസ്പരം അകറ്റിനിര്‍ത്തിയ പഴയ രാഷ്ട്രീയവ്യവഹാരങ്ങളുടെ സ്ഥാനത്ത് ഇവരുടെയൊക്കെ അടിസ്ഥാനരാഷ്ട്രീയ പ്രതീക്ഷകളെ ഉള്‍ക്കൊള്ളാന്‍പോന്ന ഒരു ബദല്‍രാഷ്ട്രീയവ്യവഹാരം ഇന്ത്യയുടെ വീണ്ടെടുപ്പിനായി ഇന്ന് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു എന്നുതന്നെ പറയാം.

(രാഷ്ട്രീയ ചിന്തകനും സാഹിത്യ വിമര്‍ശകനുമാണ് ലേഖകന്‍) 

Content Highlights: b rajeevan writes about what happened to left politics and how can overcome the crisis