ദൂരദര്‍ശന്റെ പ്രതാപകാലം നൊസ്റ്റാള്‍ജിയയായി കൊണ്ടുനടക്കാത്ത മലയാളിയില്ല. ഇത്തവണ മികച്ച സീരിയലുകള്‍ക്ക് പുരസ്‌കാരമില്ലെന്ന് ജൂറി പ്രഖ്യാപിച്ചപ്പോഴും പലരും ദൂരദര്‍ശന്‍കാലത്തെ അയവിറക്കി. എന്തുകൊണ്ട് അന്നുണ്ടായിരുന്ന നിലവാരം ഇന്നത്തെ സീരിയലുകള്‍ക്കില്ലെന്നും ചോദ്യമുയര്‍ന്നു. 

Dinesh Panicker
ദിനേശ് പണിക്കര്‍

left quotes iconദൂരദര്‍ശന്‍കാലത്ത് ആഴ്ചയില്‍ ഒരു എപ്പിസോഡ് എന്ന നിലയിലായിരുന്നു സീരിയല്‍ ചിത്രീകരിച്ചിരുന്നത്. ദൂരദര്‍ശനില്‍നിന്ന് ഒരു എപ്പിസോഡിന് അന്നു നല്‍കിയിരുന്ന പ്രതിഫലം ഇന്ന് പല ചാനലുകളും നല്‍കുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും വളരെ മികച്ചതായിരുന്നു. തന്നെയുമല്ല, ആഴ്ചയില്‍ ഒരു എപ്പിസോഡ് എന്ന രീതിയിലായതിനാല്‍ സമയമെടുത്ത് ചെയ്യാനും സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു.  ഇന്ന് തിങ്കള്‍ മുതല്‍ ശനി വരെ സീരിയല്‍ ടെലികാസ്റ്റ് ചെയ്യുന്നു. കഴിയുമെങ്കില്‍ ചാനല്‍ ഞായറാഴ്ചകളിലും പുനഃസംപ്രേഷണം ചെയ്യും. ഇത്തരം അവസ്ഥയില്‍ ചാനലിന് വേണ്ടത് ഡെയ്‌ലി എപ്പിസോഡുകളാണ്. അതിനു പിന്നിലെ ശ്രമകരമായ ജോലിയെ പറ്റി ആരും ചിന്തിക്കുന്നില്ല. നേരത്തേ പറഞ്ഞ പോലെ 25 വര്‍ഷം മുമ്പ് ഒരു എപ്പിസോഡിന് നല്‍കിയിരുന്ന പ്രതിഫലം പോലും ഇപ്പോള്‍ ചാനല്‍ കൊടുക്കുന്നില്ല. എത്രയൊക്കെ പറഞ്ഞാലും ഇതൊരു ബിസിനസ്സാണല്ലോ, അതുകൊണ്ട് ഒരു ദിവസം എടുക്കാന്‍ കഴിയുന്നത്ര എപ്പിസോഡുകള്‍ ചിത്രീകരിക്കാright quotes iconന്‍ നിര്‍മാതാവും നിര്‍ബന്ധിതനാകും. ഡിഡിയിലെ ക്ലാസ് സീരിയലുകള്‍ ഇപ്പോള്‍ കാണാനില്ലെന്ന് പറഞ്ഞാല്‍ അടുത്ത കാലത്ത് നല്ല സീരിയലുകള്‍ അമൃത ടിവി കാണിച്ചിരുന്നു പക്ഷേ എത്രപേര്‍ കണ്ടു എന്നുകൂടി ചിന്തിക്കണം. -നിര്‍മാതാവും അഭിനേതാവുമായ ദിനേശ് പണിക്കര്‍ പറയുന്നു. 

ഒരു ലക്ഷം രൂപ മുതലാണ് ഇന്ന് ഒരു എപ്പിസോഡിന് ചാനല്‍ നല്‍കുന്നത്. സീരിയലിന്റെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ചുരുങ്ങിയ ബജറ്റായതിനാല്‍ ഒരു ദിവസം ഒന്നോ രണ്ടോ ചിലപ്പോള്‍ മൂന്നുവരെയോ എപ്പിസോഡുകള്‍ ചിത്രീകരിച്ചുകൊണ്ടാണ് നിര്‍മാതാക്കള്‍ ഇതിനെ മറികടക്കുന്നത്. 15-20 ദിവസങ്ങള്‍ക്കുളളില്‍ ഒരു മാസത്തേക്കുളള ഇരുപ്പത്തിയഞ്ചോളം എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സാധാരണ ശ്രമിക്കുന്നത്. ഔട്ട്‌ഡോര്‍ ഷൂട്ട് വേണ്ടി വരുമ്പോള്‍ സിനിമയ്ക്ക് നല്‍കുന്ന അതേ വാടകനിരക്ക് തന്നെയാണ് സീരിയലുകള്‍ക്കും നല്‍കേണ്ടിവരുന്നത്. സ്വാഭാവികമായും ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ കുറയുകയും വീടിന്റെ നാലു ചുമരിനുളളിലേക്ക് ഷൂട്ടിങ് ചുരുക്കുകയും ചെയ്യും. സീരിയലുകളുടെ ദൃശ്യങ്ങളില്‍ മികവ് കുറയുന്നതായുളള ആരോപണം വരുന്നത് ഇതുകൊണ്ടാണെന്നും ദിനേശ് പണിക്കര്‍ ചൂണ്ടിക്കാട്ടി. 

ശരിക്കും നിലവാരത്തകർച്ച ഉണ്ടോ? ശുദ്ധീകരിക്കേണ്ടത് പ്രേക്ഷകരെയോ? | സീരിയസാവണോ സീരിയലുകള്‍ 01

ജൂറിയുടെ തീരുമാനം തെറ്റോ തിരുത്തോ? | സീരിയസാവണോ സീരിയലുകള്‍ 02

ഉത്രയെ കൊന്നതും കുഞ്ഞിനെ കൊല്ലുന്നതും സീരിയൽ കണ്ടാണോ? | സീരിയസാവണോ സീരിയലുകള്‍ 03

ദൂരദര്‍ശന്‍ കാലം മികച്ച ഉളളടക്കങ്ങളുളള സീരിയലുകളുടെ കൂടി കാലമായിരുന്നു. അന്ന് മിനിസ്‌ക്രീനില്‍ മത്സരം കുറവാണ്. മികച്ച ഉളളടക്കമുളള സീരിയലുകള്‍ കണ്ടിരിക്കാനുളള ക്ഷമയും പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ഇന്ന് പ്രേക്ഷകന്റെ കൈയിലിരിക്കുന്ന റിമോട്ടിലാണ് ചാനലിന്റെയും സീരിയലിന്റെയും ഭാവി. ടി.ആര്‍.പി. റേറ്റിന് പിറകേ പോകാത്ത, ഉളളടക്കത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത വിരലിലെണ്ണാവുന്ന ചാനലുകള്‍ മാത്രമാണ് നമുക്ക് മുന്നിലുളളത്. "ഞാന്‍ അഭിനയിച്ച സീരിയലുകളില്‍ എനിക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു ഗീരീഷ് കോന്നി സംവിധാനം ചെയ്ത സായ്‌വിന്റെ മക്കള്‍. ഷമ്മി തിലകനാണ് സായ്വിന്റെ കഥാപാത്രം ചെയ്തത്. എന്തൊരു മനോഹരമായ സീരിയലായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു മനുഷ്യന്‍ എന്തെല്ലാം നെഗറ്റീവ് ചെയ്യാന്‍ പാടില്ലെന്ന് വ്യക്തമായി മനസ്സിലാക്കുന്ന, നന്മകള്‍ മാത്രം ഉളള ഒരു സീരിയല്‍. ഞാനതില്‍ ഒരു പുരോഹിതനായിട്ടാണ് വേഷമിട്ടിരുന്നത്. പക്ഷേ അത് 100 എപ്പിസോഡ് പോലും പൂര്‍ത്തിയാക്കിയില്ല. അത്തരം സീരിയലുകള്‍ ആളുകള്‍ക്ക് വേണ്ട. നമ്മള്‍ ഒരു പ്രൊഡക്ട് എടുക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്? പൊതുജനത്തിന് അവര്‍ ആവശ്യപ്പെടുന്ന സാധനം തന്നെയാണ് നമ്മള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. എന്ത് വേണ്ടെന്ന് അവര്‍ തെളിയിച്ചുകഴിഞ്ഞു. ബിസിനസ് ചെയ്യുന്ന ആരെങ്കിലും കാശുമുടക്കി നഷ്ടത്തിലേക്ക് പോകുമോ/" സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് ദിനേശ് പണിക്കര്‍ ചോദിച്ചു. 

മണി ഹയ്‌സ്റ്റ് ഉള്‍പ്പടെയുളള വെബ് സീരീസുകളുടെ വിജയം

മിനിസ്‌ക്രീന്‍ സീരിയലുകളോടുളള നീരസം വെബ്‌സീരീസുകളോട് മലയാളികള്‍ക്കില്ല. മണി ഹയ്‌സ്റ്റ്, ഡാര്‍ക്ക്, ഗെയിം ഓഫ് ത്രോണ്‍സ്, ഫാമിലി മാന്‍, ആര്യ തുടങ്ങി കേരളത്തിലെ യുവത്വം ആഘോഷമാക്കിയ നിരവധി സീരീസുകളുണ്ട്. ഓരോ സീസണു വേണ്ടിയും അവര്‍ അക്ഷമയോടെ കാത്തിരിക്കുന്നുണ്ട്. ഈ സീരിസുകള്‍ക്ക് ലഭിച്ച യുവജനപിന്തുണ എന്തുകൊണ്ട് മലയാളം സീരിയലുകള്‍ക്കില്ല? ഉളളടക്കത്തിലെ പുതുമ, ആഖ്യാനരീതി, ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിങ്, കാസ്റ്റിങ് തുടങ്ങി കാരണങ്ങള്‍ നിരവധി. അല്പമൊന്ന് മാറിചിന്തിക്കാന്‍ ചാനലുകളും സീരിയല്‍ പ്രവര്‍ത്തകരും തീരുമാനിച്ചാല്‍ വിശാലമായ വിജയസാധ്യകളുളള ഒരു ഡിജിറ്റല്‍ ലോകമാണ് അവര്‍ക്ക് മുന്നിലുളളത്. 

left quotes iconറീജണല്‍ ഭാഷകളിലുളള ലോകോത്തര സീരിസുകള്‍ വരുന്നുണ്ട്. ഉദാഹരണത്തിന് സ്പാനിഷ് സീരിയലാണ് മണി ഹയിസ്റ്റ്. തുടക്കത്തില്‍ വന്‍ഫ്ളോപ്പായിരുന്നു അത്. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് സാധ്യതകള്‍ മനസ്സിലാക്കി, പഠനം നടത്തി അതിന് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ നല്‍കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അവതരിപ്പിച്ച് വന്‍വിജയം നേടി. ഈ തലത്തിലേക്ക് എത്തിക്കാനാവുന്ന ഇഷ്ടംപോലെ കഥകളുണ്ട് മലയാളത്തില്‍, ഇഷ്ടം പോലെ ലൊക്കേഷനുകളും അഭിനേതാക്കളുമുണ്ട്. പക്ഷേ മലയാളത്തില്‍ അതിനുളള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല.

Vayalar Madhavan kutty
വയലാര്‍ മാധവന്‍കുട്ടി

ചാനലുകളില്‍ നിന്നുതന്നെയാണ് അത് തുടങ്ങേണ്ടത്. ചാനലുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുണ്ട്. അത് മുന്നില്‍ കണ്ട് പരീക്ഷണാര്‍ഥം ഒന്നോ രണ്ടോ സീരീസുകള്‍ ആരംഭിക്കണം. എന്നാല്‍ മാത്രമേ നെറ്റ്ഫ്‌ളിക്‌സ് പോലുളള അന്താരാഷ്ട്ര ഇടങ്ങളില്‍ മലയാളം സീരീസുകള്‍ക്ക് മാര്‍ക്കറ്റ് കിട്ടൂ. റിലീസ് ചെയ്യുന്നത് ചാനലിലും തുടര്‍ന്ന് അവരുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും കാണാം എന്ന രീതിയില്‍ ചെയ്യാവുന്നതേയുളളൂ. എച്ച്.ബി.ഒ. ചെയ്യുന്നത് കണ്ടിട്ടില്ലേ. ഗെയിംright quotes icon ഓഫ് ത്രോണ്‍സ് ആദ്യം റിലീസ് ചെയ്യുന്നത് ചാനലിലല്ലേ. പിന്നീട് അത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്നു. അത് വന്‍വിജയമായില്ലേ, ഗംഭീരമായതോടെ ചാനലില്‍ മാത്രമല്ല തിയേറ്ററില്‍ കൂടി റിലീസ് വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ട സീരീസാണ് ഗെയിം ഓഫ് ത്രോണ്‍സ്. - വയലാര്‍ മാധവന്‍കുട്ടി പറയുന്നു. 

എന്നാല്‍ വെബ്‌സീരീസ് എടുക്കാനുളള ബജറ്റ് മലയാളം ഇന്‍ഡസ്ട്രിക്കില്ലെന്ന നിലപാടാണ് ദിനേശ് പണിക്കരുടേത്. 'മലയാളത്തിനുളള ലിമിറ്റേഷന്‍സ് മനസ്സിലാക്കണം. ഫാമിലി മാന്‍ എന്ന സീരീസെല്ലാം സിനിമയെ വെല്ലുന്ന രീതിയിലാണ് മേക്കിങ്. കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചമാണ്. പക്ഷേ ലക്ഷങ്ങളും കോടികളുമാണ് ഫണ്ട്, ആ ഒരു ഫണ്ട് ഇവിടെ കേരളത്തില്‍ ഉണ്ടാക്കാന്‍ ചാനലിന് സാധിക്കുമെങ്കില്‍, അതിന് സ്വീകാര്യമായ ബിസിനസ് ഇവിടെ നടക്കുമെങ്കില്‍ തീര്‍ച്ചയായും മലയാളം ഇന്‍ഡസ്ട്രിയും പുരോഗമിക്കും. എല്ലാ ദൃശ്യാവിഷ്‌കാരങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നല്‍കാനുളള ബൃഹത്തായ അവാര്‍ഡ് നിര്‍ണയ നടപടികളിലേക്ക് ചലച്ചിത്ര അക്കാദമി ചുവടുവെക്കുന്നത് ശുഭസൂചനയായി തന്നെ കാണണം. 

സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമോ? 

സ്ത്രീകളെയും കുട്ടികളെയും സീരിയലുകളില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന ജൂറിയുടെ അഭിപ്രായപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമോ എന്ന ചോദ്യം ഉയര്‍ന്നത്. നിലവില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ചാനലുകള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീരിയലുകള്‍ ഉള്‍പ്പടെ ഈ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ചിത്രീകരിക്കുന്നതെന്നും സീരിയല്‍ പ്രവര്‍ത്തകര്‍ പറയുന്നു. 

"നിര്‍മാതാക്കളും ചാനലും കൃത്യമായ സെന്‍സര്‍ഷിപ്പ് നടത്തിയിട്ടാണ് സീരിയല്‍ ജനത്തിന് മുന്നിലെത്തുന്നത്. അതിനാല്‍ സീരിയലില്‍ സെന്‍സര്‍ഷിപ്പിന് വേണ്ട സംഭവം ഉണ്ടെന്ന് തോന്നുന്നില്ല. തന്നെയുമല്ല സീരിയലിനെ സംബന്ധിച്ചിടത്തോളം സെന്‍സറിങ്ങ് പ്രായോഗികമല്ല. 25 മിനിട്ട് ഒരു എപ്പിസോഡിന് ദൈര്‍ഘ്യമുളള നാല്‍പതോളം സീരിയലുകള്‍ ബോര്‍ഡ് മെമ്പേഴ്‌സ് എവിടെ ഇരുന്ന് കാണും. മറിച്ച് പരിമിതികള്‍ നിശ്ചയിച്ച് ചാനലിനെ അറിയിക്കുന്നതായിരിക്കും ഉചിതം."  ദിനേശ് പണിക്കര്‍ പറയുന്നു.  

Kamal
കമല്‍

സെന്‍സറിങ്ങിനോട് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമലും വിയോജിപ്പാണ് പ്രകടിപ്പിച്ചത്. "ഫിലിം അവാര്‍ഡിന് മാനദണ്ഡമായി വെച്ചിരിക്കുന്നത് സെന്‍സറിങ് ആണ്, അതിന് കാരണവുമുണ്ട്. ഒരു വര്‍ഷത്തെ കാലയളവിലുളള സിനിമ എന്ന് അടയാളപ്പെടുത്താന്‍ വേണ്ടിയാണത്. അല്ലെങ്കില്‍ എപ്പോള്‍ പ്രൊഡക്ഷന്‍ തീര്‍ന്നു എന്നുളളത് നിര്‍മാതാവ് പറയുന്ന വാക്കുകളെ വിശ്വസിക്കേണ്ടി വരും അത് പിന്നീട് തര്‍ക്കങ്ങള്‍ക്ക് കാരണമായേക്കാം. ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ സിനിമ ഇത്തവണ സിനിമാ പുരസ്‌കാരത്തിന് അയച്ചിട്ടുണ്ട്. അതുപോലും സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റോടുകൂടി അയച്ചാല്‍ മാത്രമേ സ്വീകരിക്കാന്‍ പറ്റൂ. നമുക്ക് ഒരു കാലയളവ് സ്ഥിരപ്പെടുത്തേണ്ടതുണ്ടല്ലോ. 69-ല്‍ അവാര്‍ഡ് നല്‍കിത്തുടങ്ങിയപ്പോള്‍ മുതലുളള മാനദണ്ഡമാണ് അത്. അതുകൊണ്ടാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് നിഷ്‌കര്‍ഷിച്ചിട്ടുളളത്. സെന്‍സര്‍ ടെലിവിഷന്‍ രംഗത്ത് വേണം എന്നുളളത് ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഒരു കലാസൃഷ്ടിക്ക് സെന്‍സറിങ് ഉണ്ടെങ്കില്‍ മാത്രം അവാര്‍ഡിന് പരിഗണിക്കാവൂ എന്ന അഭിപ്രായം എനിക്കില്ല. അതല്ല അതിന്റെ മാനദണ്ഡം. തന്നെയുമല്ല സെന്‍സര്‍ ചെയ്യപ്പെടുക പ്രായോഗികമല്ല." കമല്‍ പറയുന്നു. 

പുനരുജ്ജീവിപ്പിക്കേണ്ടത് ആര്? 

left quotes iconമികച്ച സീരിയലിന് മാത്രമല്ല, മികച്ച സംവിധായകനും കലാസംവിധായകനും ഇത്തവണ പുരസ്‌കാരമില്ല. ഇത് സര്‍ക്കാര്‍ ഈ മേഖലയ്ക്ക് കൊടുത്തിട്ടുളള ഒരു മുന്നറിയിപ്പാണ്. ഇത് കലയല്ല കലയെ വ്യഭിചരിക്കലാണെന്ന് സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടുതവണ വ്യക്തമാക്കി കഴിഞ്ഞു. അത് ഗൗരവമായി ചിന്തിക്കണം. എന്തുകൊണ്ട് നമുക്ക് അംഗീകാരം ലഭിക്കുന്നില്ല. സര്‍ക്കാരിനോ, ജൂറിയായി വരുന്നവരും കലാകാരന്മാരാണ് അവര്‍ക്കോ നമ്മളോട് യാതൊരു വിരോധവുമില്ല. വാണിങ് ബെല്ലാണ് സര്‍ക്കാര്‍ തന്നിരിക്കുന്നത് നിങ്ങള്‍ പൈസ ഉണ്ടാക്കിക്കോളൂ പക്ഷേ ഞങ്ങള്‍ പുരസ്‌കാരം നല്‍കില്ല. അങ്ങോട്ടും ഇങ്ങോട്ടും വഴക്കു പറയുകയോ പരിഭവിക്കുകയോright quotes icon ദേഷ്യപ്പെടുകയോ അല്ല വേണ്ടത് ഇത് കലയാണ് കലയോടുളള പ്രതിബദ്ധത കലാകാരനും ബിസിനസ്സ് ചെയ്യുന്നവര്‍ക്കും ഉണ്ടാകണം. - വയലാര്‍ മാധവന്‍കുട്ടിയുടെ വാക്കുകള്‍ ഒരു ചൂണ്ടുപലകയാണ്. 

അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പടെ സീരിയലിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു ദിവസം അമ്പതു മുതല്‍ എഴുപതോളം പേരാണ് ജോലി ചെയ്യുന്നത്. ഏകദേശം നാല്‍പതോളം സീരിയലുകളാണ് മലയാളത്തില്‍ ഉളളത്. ഇതിനു പുറമേ ചാനല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സീരിയലുകളുമുണ്ട്. ഡബ്ബിങ്, എഡിറ്റിങ്, മിക്‌സിങ്, മ്യൂസിക് ഉള്‍പ്പടെയുളള സാങ്കേതിക വിഭാഗം വേറെ. ആയിരക്കണക്കിന് പേര്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുന്ന തൊഴില്‍ മേഖലയാണ് സീരിയല്‍. അതിനാല്‍ തന്നെ അധഃപതിച്ചുപോവുകയല്ല, കാലോചിതമായ മാറ്റങ്ങള്‍ക്ക് തയ്യാറായി ഈ മേഖലയിലെ പുനഃരുജ്ജീവനത്തിന് തയ്യാറാവുകയാണ് വേണ്ടത്. 

ടി.ആര്‍.പി. റേറ്റിങ് നോക്കി സീരിയലിന്റെ കഥാഗതി നിയന്ത്രിക്കുന്ന രീതിക്ക് ചാനലുകള്‍ വിരാമമിടുകയാണെങ്കില്‍ മാത്രമേ ഒരു നവീകരണത്തിന് തുടക്കമിടാനാകൂ. കണ്ണീര്‍ പരമ്പരകള്‍ക്ക് അടിമകളായ പ്രേക്ഷകരെ മാറ്റിയെടുക്കേണ്ടത് ചാനലുകളാണ്. യഥാര്‍ഥ സാമൂഹിക പ്രശ്‌നങ്ങളും ജീവിതവും വരച്ചിടുന്ന, സാങ്കേതിക മികവില്‍ സിനിമയോളമോ അതിലുപരിയോ ഉയര്‍ന്ന നിലവാരമുളള സീരിയലുകള്‍ വരണം. മത്സരം മാറ്റിവെച്ച് ചാനലുകള്‍ മുന്‍കൈ എടുക്കണം. 

ഇവര്‍ക്ക് പറയാനുളളത്
Kishor Satya
കിഷോര്‍
സത്യ

സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളില്‍ പ്രൊജക്ടുകള്‍ ഉണ്ടാക്കാനും അത് കാണിക്കാനുളള സൗകര്യം സര്‍ക്കാര്‍ ചെയ്തുതരണം. അവാര്‍ഡ് ചിത്രങ്ങള്‍ കാണിക്കാന്‍ ഇടമുളളത് സര്‍ക്കാര്‍ തിയേറ്ററുകള്‍ പോലെ അത്തരം കലാമൂല്യമുളള സീരിയലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു സൗകര്യം അനുവദിച്ച് തരട്ടേ. അതിനായി സര്‍ക്കാര്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കണം. വിക്ടേഴ്‌സ് ചാനല്‍ പോലെ ഒരു ചാനല്‍ ആരംഭിക്കാമല്ലോ? - കിഷോര്‍ സത്യ 

 
Dinesh Panicker
ദിനേശ്
പണിക്കര്‍
സീരിയല്‍ മേഖല നേരിടുന്ന വെല്ലുവിളികളെ ബുദ്ധിമുട്ടുകളെ കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തണം. സീരിയല്‍ എന്ന് പറയുന്നതിന് എന്തെല്ലാം പരിമിതികളുണ്ടെന്ന് മനസ്സിലാക്കുകയും സഹായിക്കുകയും വേണം.- ദിനേശ് പണിക്കര്‍.
 
ശ്യാമപ്രസാദ്
ശ്യാമ
പ്രസാദ് 
മാറ്റത്തിനായി ഒരു നിര്‍ദേശവുമില്ല, നാശത്തിലേക്കാണ് പോകുന്നത്. കണ്‍സ്യൂമര്‍ കള്‍ച്ചറിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകും എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല. പറ്റുമെങ്കില്‍ സര്‍ക്കാര്‍ അത് കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം. പക്ഷേ അതിന് കൈയടിയില്ല, വോട്ട് ബാങ്കല്ല, അതുകൊണ്ട് നടക്കില്ല. എനിക്ക് യാതൊരു ശുഭാപ്തി വിശ്വാസവുമില്ല. - ശ്യാമപ്രസാദ് 
 

                                                                                                                                                                                                                     (അവസാനിച്ചു)