ര്‍ജസംരക്ഷണത്തിന് പ്രസക്തിയേറുന്നത് അത് ഏറ്റവും എളുപ്പമായ ഒരു പരിഹാരമാര്‍ഗമാണ് എന്നതുകൊണ്ടുമാത്രമല്ല. ഉത്പാദനം കുറച്ചുകൊണ്ട്, വിഭവങ്ങളുടെ ഉപഭോഗം കുറച്ചുകൊണ്ട്, ചാക്രിക സാമ്പത്തികശാസ്ത്രചിന്തകളുടെ ചുവടുപിടിച്ചുകൊണ്ട് സുസ്ഥിര വികസനത്തിനുള്ള പാതകള്‍ തുറക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. ഊര്‍ജ കാര്യക്ഷമതാവര്‍ധനയ്ക്കാണ് അടുത്തകാലത്തായി നാം കൂടുതല്‍ പ്രാധാന്യംകൊടുത്തിരുന്നത്. ഇത് ഊര്‍ജച്ചെലവ് കുറയ്ക്കാന്‍ ഇടയാക്കുകയും തത്ഫലമായി ഉപഭോഗം കൂട്ടുകയും ചെയ്യുന്ന പുതിയ ചില പ്രതിഭാസങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു (rebound effect അല്ലെങ്കില്‍ Jevons Parado). ഇത് നമ്മുടെ വീടുകളില്‍ത്തന്നെ കാണാവുന്നതാണ്.

ഒരു മുറിയില്‍ ഒരു 100 വാട്ടിന്റെ ബള്‍ബ് ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്താണ് 40 വാട്ടിന്റെ ട്യൂബ് ലൈറ്റുകള്‍ ഊര്‍ജകാര്യക്ഷമതാമന്ത്രവുമായി വിപണി കൈയടക്കിയത്. അത് പിന്നെ സി.എഫ്.എലിലേക്കും എല്‍.ഇ.ഡി.യിലേക്കും പരിണമിച്ചപ്പോള്‍ ബള്‍ബുകളുടെ എണ്ണം ഇരട്ടിയായി എന്ന് കാണാവുന്നതാണ്. അപ്പോഴും വൈദ്യുതിബില്‍ത്തുകയില്‍ വര്‍ധനയുണ്ടായില്ല. എങ്കിലും ഈ ബള്‍ബുകള്‍ നിര്‍മിക്കാനാവശ്യമായ അസംസ്‌കൃതവസ്തുക്കളും അവ നിര്‍മിക്കാനാവശ്യമായ ഊര്‍ജവും വര്‍ധിക്കുകയും അവയുണ്ടാക്കിയ മലിനീകരണപ്രശ്‌നങ്ങള്‍ കണക്കില്‍പ്പെടാതെ പോവുകയും ചെയ്തു. മലിനീകരണത്തില്‍ ഫ്‌ളൂറസന്റ് ട്യൂബുകളിലെ മെര്‍ക്കുറിയുടെകൂടെ വൈദ്യുതിയുടെ ഗുണമേന്മയെ ബാധിക്കുന്ന പവര്‍ ഫാകൂര്‍, ഹാര്‍മോണിക്ട് എന്നിവയുംപെടും.

കല്‍ക്കരിയുപയോഗിച്ച് ഒരു താപനിലയത്തില്‍ വൈദ്യുതിയുണ്ടാക്കിയാല്‍ ആ താപനിലയത്തിന്റെ കാര്യക്ഷമത 28 മുതല്‍ 35 ശതമാനംമാത്രമേയുള്ളൂ എന്നതിനാല്‍ ഒരു യൂണിറ്റ് പ്രാഥമിക ഊര്‍ജത്തില്‍നിന്ന് നമുക്ക് ലഭിക്കുക 0.35 യൂണിറ്റ് ഊര്‍ജംമാത്രമായിരിക്കും. ഈ ഊര്‍ജം നീണ്ട പ്രസരണവിതരണ ശൃംഖലയിലൂടെ കടന്നുവന്ന് നമ്മുടെ വീട്ടിലെത്തുമ്പോള്‍ അതിന്റെ 20 ശതമാനത്തിനടുത്ത് വീണ്ടും നഷ്ടപ്പെടും. ബാക്കിമാത്രമേ ഉപഭോക്താവിനടുത്തെത്തുന്നുള്ളൂ എന്ന് സാരം. അതായത്, ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കാതിരിക്കുന്നത് ഏകദേശം നാലുയൂണിറ്റ് പ്രാഥമിക ഊര്‍ജം ലാഭിക്കുന്നതിനുതുല്യമാണ്.

കേരളത്തിലെ ഒരു കോടിയിലധികം വരുന്ന ഉപഭോക്താക്കള്‍ എല്ലാദിവസവും 100 വാട്ട് ഊര്‍ജം ഒരു മണിക്കൂര്‍ ലാഭിച്ചാല്‍ അത് 1000MWh വൈദുതി ഉപഭോഗമോ ഏകദേശം 500 ടണ്‍ കല്‍ക്കരിയോ വേണ്ടെന്നുവെക്കുന്നതിനുതുല്യമാണ്. ഇത് ഒട്ടും വിഷമമുള്ള കാര്യമേയല്ല. രണ്ട് 9 വാട്ട് എല്‍.ഇ.ഡി. ബള്‍ബുകള്‍ അഞ്ചരമണിക്കൂര്‍ ഓഫ് ചെയ്താലോ (കാര്‍ പോര്‍ച്ചിലും വരാന്തയിലുംാ ടെറസിലും വീടിനുചുറ്റുമുള്ള ഏതെങ്കിലും രണ്ടുബള്‍ബ്), രണ്ടുഫാനുകള്‍ ഒരുമണിക്കൂര്‍ ഓഫ് ചെയ്താലോ (ഒരു മണിക്കൂര്‍ ഉറക്കം ഫാനില്ലാതെ), ടി.വി. രണ്ടുമണിക്കൂര്‍ വേണ്ടെന്നുവെച്ചാലോ എ.സി.യും മിക്‌സിയും ആറുമുതല്‍ പത്തു മിനിറ്റ് പ്രവര്‍ത്തിപ്പിക്കാതിരുന്നാലോ ലാഭിക്കുന്നത് ഏകദേശം 100 Wh ഊര്‍ജമാണ്. ഇതില്‍ ഒന്നെങ്കിലും ഒരു ദിവസം ചെയ്യാമല്ലോ. വെള്ളം കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് വാട്ടര്‍ പമ്പിന്റെ പ്രവര്‍ത്തനം എട്ടുമുതല്‍ പത്തു മിനിറ്റ് കുറച്ചുകൊണ്ടും ഇത് സാധിക്കും. ഊര്‍ജസംരക്ഷണം പ്രസക്തമാവുന്നത് അത് ഉത്തരവാദിത്വപൂര്‍ണമായ ജീവിതലക്ഷ്യങ്ങളിലേക്ക് വഴിതെളിക്കും എന്നതുകൊണ്ടുകൂടിയാണ്.

കേരളത്തിന് ചില ഹ്രസ്വകാല പരിഹാരമാര്‍ഗങ്ങള്‍

കേരളസംസ്ഥാനത്ത് ദിവസേന ആവശ്യമുള്ള 71 ദശലക്ഷം യൂണിറ്റ് വൈദ്യുതിയില്‍ 34 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതും 37 ദശലക്ഷം യൂണിറ്റ് പുറമേനിന്ന് ലഭിക്കുന്നതുമാണ്. കേന്ദ്ര വൈദ്യുതിനിലയങ്ങളില്‍നിന്നും സ്വകാര്യ നിലയങ്ങളില്‍നിന്നുമായി സംസ്ഥാനത്തിന് ഏകദേശം 2800 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ടതാണ്. ഇതില്‍ കുറവുവന്നിട്ടുണ്ട് എന്നതാണ് കെ.എസ്.ഇ.ബി. നേരിടുന്ന ഒരു പ്രതിസന്ധി. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് വൈകുന്നേരം ആറുമണിമുതല്‍ രാത്രി 11 മണി വരെയുള്ള ഈവനിങ് പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ ഏറ്റവും എളുപ്പവും അഭികാമ്യവുമായ ഒരു മാര്‍ഗം അത്യാവശ്യസേവനങ്ങളല്ലാത്ത ഇടങ്ങളില്‍ താത്കാലികമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക എന്നതാണ്. ഇവര്‍ സ്വന്തമായി ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്നവരാണെങ്കില്‍ (സൗരോര്‍ജം വഴി) ഇളവ് കൊടുക്കാന്‍ തയ്യാറായാല്‍ പുതുക്കാനാവുന്ന സ്രോതസ്സുകളുടെ വ്യാപനം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതിന് പ്രധാനതടസ്സം കെ.എസ്.ഇ.ബി.എലിന്റെ ചില നയങ്ങള്‍തന്നെയാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതിധൂര്‍ത്ത് കഴിഞ്ഞ കുറേക്കാലമായി ഒരു യൂണിറ്റ് വൈദ്യുതിപോലും ഉത്പാദിപ്പിക്കാതെ വലിയ തോതില്‍ ഉപഭോക്താക്കളുടെ പണത്തിന്റെ പങ്കുകൈപ്പറ്റുന്ന എന്‍.ടി.പി.സി.യുടെ കായംകുളം താപവൈദ്യുതിനിലയമാണ്. ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതി രൂപവത്കരണത്തിന്റെ ഒരു മകുടോദാഹരണമാണീ പ്ലാന്റ്. അവര്‍ക്കുവേണ്ട ഇന്ധനമായ നാഫ്തയ്ക്ക് താത്കാലികമായ ചില സഹായങ്ങള്‍ /സബ്സിഡികള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ പൊതുജനത്തെ ബുദ്ധിമുട്ടിക്കാതെ താത്കാലികപരിഹാരം കണ്ടെത്താന്‍ പറ്റും. പ്രവര്‍ത്തിക്കാതെ കിടക്കുന്ന കെ.എസ്.ഇ.ബി.യുടെ ഡീസല്‍ പ്ലാന്റുകള്‍ക്കും ഇത് ബാധകമാണ്. കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും ചുറ്റും കത്തിക്കുന്ന ആഡംബരവെളിച്ചങ്ങള്‍ നിരോധിച്ചും പീക്സമയത്ത് ഊര്‍ജസംരക്ഷണം നടപ്പാക്കാന്‍ പൊതുജനത്തോട് അഭ്യര്‍ഥിച്ചും സമ്മേളനങ്ങളും ആഘോഷങ്ങളും നിയന്ത്രിച്ചും ഊര്‍ജോപഭോഗം കുറയ്ക്കാന്‍ കഴിയും. നിലവിലെ സാഹചര്യത്തില്‍ അണക്കെട്ടുകളില്‍ ഉയര്‍ന്ന ജലശേഖരമുള്ളതിനാല്‍ ജലവൈദ്യുതപദ്ധതികളില്‍നിന്ന് കൂടുതല്‍ അളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയും.

കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു

ഇതില്‍നിന്നെല്ലാം മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാര്യം വൈദ്യുതിക്ഷാമം തത്കാലത്തേക്കെങ്കിലും ഒരു സാങ്കേതികപ്രശ്‌നമല്ല എന്നും തീരുമാനങ്ങള്‍ വേണ്ടരീതിയില്‍, സമൂഹത്തിലെ ഭൂരിപക്ഷത്തിന് പ്രയോജനമായ രീതിയില്‍ കൈക്കൊള്ളാനുള്ള തയ്യാറെടുപ്പുകള്‍ നടത്താത്തതുകൊണ്ടാണെന്നുമാണ്.

ഉത്പാദനം കൂട്ടുക, ഉപഭോഗം നിലനിര്‍ത്തുക എന്ന പഴകിയ സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള നയപരിപാടികളില്‍നിന്ന് മോചിതരായി, ഉപഭോഗവും ഉത്പാദനവും കുറഞ്ഞാലും നിലനില്‍ക്കാം എന്ന പുത്തന്‍ചിന്തകളുടെ (triple bottom line- profit, people, and the planet) അടിസ്ഥാനത്തില്‍ യൂട്ടിലിറ്റി കമ്പനികള്‍ മാറേണ്ടിയിരിക്കുന്നു.

ഊര്‍ജമെന്നത് ഒരു പ്രകൃതിവിഭവമാണെന്ന്, സാമൂഹിക സുരക്ഷാകവചമാണെന്ന് മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ടുമാത്രമാണ് വൈദ്യുതിയുത്പാദന കമ്പനികളുടെ പ്രതിനിധികള്‍, ബദല്‍മാര്‍ഗങ്ങള്‍ അന്വേഷിക്കുന്ന പ്രകൃതിസ്‌നേഹികളെ തീവ്രവാദികളാക്കിമാറ്റുന്നത്, പെട്രോളിയം കമ്പനികള്‍ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്, ഭരണാധികാരികള്‍ നിസ്സംഗതയോടെ ഇതെല്ലാം നോക്കിനില്‍ക്കുന്നത്.

(അവസാനിച്ചു)


കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഊര്‍ജകാര്യക്ഷമതയെക്കുറിച്ചും ഗവേഷണം നടത്തുന്ന ഇക്വിനോക്ട് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ലേഖകന്‍. 2018-'19ല്‍ ഫുള്‍ബ്രൈറ്റ് കലാം ക്ലൈമറ്റ്‌ചേഞ്ച് ഡോക്ടറല്‍ ഫെലോഷിപ്പ് നേടിയ നാല് ഇന്ത്യക്കാരില്‍ ഒരാളാണ്

Content Highlights: Dr. C Jayaraman writes about energy crisis