'ഒരു കുറ്റവാളി സംഭവസ്ഥലത്തേക്ക് എന്തെങ്കിലുമൊന്ന് കൊണ്ടുവരും. പോകുമ്പോള്‍ എന്തെങ്കിലും അവശേഷിപ്പിക്കും'- ഡോ. എഡ്മണ്ട് ലൊക്കാര്‍ഡ്, ഫ്രഞ്ച് ഫൊറന്‍സിക് ശാസ്ത്രജ്ഞന്‍


നോവായിരുന്നു നിര്‍ഭയ. ഡല്‍ഹിയില്‍ ബസിനുള്ളില്‍ പിച്ചിച്ചീന്തപ്പെട്ടവള്‍. പെരുമ്പാവൂരിലെ പെണ്‍കുട്ടിയും തീവണ്ടിയില്‍ ആക്രമിക്കപ്പെട്ട് ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയും നീറുന്ന ഓര്‍മകളാണ്. അതിക്രൂരമായി ജീവനെടുത്തപ്പോഴും സത്യത്തിന്റെ ഒരു അടയാളം അവിടെ ബാക്കി നിന്നിരുന്നു. നഖങ്ങള്‍ക്കിടയില്‍ ജനിതകതന്മാത്രകളായി അവ ഒളിച്ചിരുന്നു. ഡി.എന്‍.എ. എന്ന പേരില്‍ ആ തെളിവുകള്‍ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി. സംശയങ്ങള്‍ക്ക് നിവാരണമുണ്ടാക്കി. സാഹചര്യത്തെളിവിനപ്പുറം രക്തംമുതല്‍ മുടിവരെ ശാസ്ത്രതെളിവായി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഡി.എന്‍.എ. പ്രൊഫൈലിങ് അഥവാ ഡി.എന്‍.എ. ഫിഗര്‍പ്രിന്റിങ് സത്യമുദ്രയാവുകയാണ്.

കൊലപാതകം, ബലാത്സംഗം തുടങ്ങി പിതൃത്വപരിശോധനയ്ക്കടക്കം ഡി.എന്‍.എ. സാംപിള്‍ ഉപയോഗിക്കുന്നു. ഡി.എന്‍.എ. എന്ന ചുറ്റുഗോവണിയുടെ സത്യം ആര്‍ക്കും ഒളിപ്പിക്കാനാകില്ല.

കരഞ്ഞുണങ്ങിയ കണ്ണുകള്‍

തീവണ്ടിയില്‍വെച്ച് ആക്രമിക്കപ്പെടുകയും പിന്നീട് മരിക്കുകയുംചെയ്ത പെണ്‍കുട്ടി. പെരുമ്പാവൂരിലെ മറ്റൊരു പെണ്‍കുട്ടി, കേരളം കണ്ട അതിക്രൂരമായ കൊലപാതകങ്ങള്‍. ദൃക്സാക്ഷികളില്ലാത്ത രണ്ടുകേസിലും പോലീസ് ആശ്രയിച്ചത് ശാസ്ത്രീയ തെളിവുകളെയായിരുന്നു. ഇരുകേസിലും ഡി.എന്‍.എ.ഫലം നിര്‍ണായകമായി. നിയമത്തിന്റെ നൂലിഴയിലൂടെ വധശിക്ഷയില്‍നിന്ന് ഒരു കേസിലെ പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെട്ടെങ്കിലും ഡി.എന്‍.എ. കൃത്യമായ സത്യം രേഖപ്പെടുത്തിയിരുന്നു. ഡി.എന്‍.എ. പരിശോധിച്ചത് തിരുവനന്തപുരം ഫൊറന്‍സിക് ലാബിലായിരുന്നു; മുന്‍ സംസ്ഥാന ഫൊറന്‍സിക് ഡയറക്ടര്‍ ഡോ. ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍.

2011 ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ചരയുടെ എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറിലെ ലേഡീസ് കമ്പാര്‍ട്ട്മെന്റിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ട്രാക്കിലേക്ക് തലയിടിച്ചുവീണ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗംചെയ്തു. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ക്കണ്ട പുരുഷബീജവും നഖത്തിനുള്ളില്‍നിന്ന് കിട്ടിയ തൊലിയും ഗോവിന്ദച്ചാമിയുടേതാണെന്ന് ഡി. എന്‍.എ. പരിശോധന തെളിയിച്ചു. അയാളുടെ ബീജത്തിന്റെ സാന്നിധ്യം ഇരയുടെ ശരീരത്തിലും വസ്ത്രത്തിലും കണ്ടെത്തി.

നിര്‍ഭയ സംഭവത്തോടാണ് പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ വധം താരതമ്യംചെയ്തത്. കൊലയാളിയുടെ ഡി.എന്‍.എ. വിവരങ്ങള്‍ പോലീസിനുലഭിച്ചത് നിര്‍ണായക വഴിത്തിരിവായി. പെണ്‍കുട്ടിയുടെ കൈവിരലില്‍നിന്ന് ലഭിച്ച രക്തക്കറയിലെ ഡി.എന്‍.എ.യും വസ്ത്രത്തില്‍നിന്ന് ലഭിച്ച ഉമിനീരിലെ ഡി.എന്‍.എ.യും തമ്മില്‍ ഘടനയില്‍ സാമ്യമുണ്ടെന്ന ഫലം മുന്നോട്ടുനയിച്ചു.

അന്വേഷണം മറുനാട്ടുകാരിലേക്കും അസം സ്വദേശിയായ അമീറുളിലേക്കും നീണ്ടു. പിടിയിലായ അമീറുളിന്റെ ഡി.എന്‍.എ. സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. പ്രതി ഇയാള്‍തന്നെയെന്ന് തെളിഞ്ഞു. ഇയാളില്‍നിന്ന് ശേഖരിച്ച മൂന്ന് ഡി. എന്‍.എ. സാംപിളുകളും ഒന്നാണെന്ന് തിരുവനന്തപുരം ഫൊറന്‍സിക് ലാബ് ഉറപ്പിച്ചു.

ഇരുകേസിലും വഴിത്തിരിവായത് ഡി.എന്‍.എ. ആയിരുന്നുവെന്ന് ഡോ. ആര്‍.ശ്രീകുമാര്‍ പറഞ്ഞു. ശിക്ഷാവിധികളില്‍ ഏറെയും ഡി.എന്‍.എ. പ്രധാന തെളിവായി മാറിക്കഴിഞ്ഞു.

13 വര്‍ഷം 'ഒളിച്ചിരുന്ന' കൊലയാളി

കട്ടപ്പനയിലെ അമ്പതുവയസ്സുകാരിയെ ബലാത്സംഗംചെയ്തുകൊന്ന പ്രതി 'ഒളിച്ചിരുന്നത്' 13 വര്‍ഷം. 2008 ഓഗസ്റ്റിലാണ് കാഞ്ചിയാര്‍ കൈപ്പറ്റയിലെ 50 വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല. 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണം നീണ്ടു. പിന്നീട് ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി. പി.കെ. മധുവും സംഘവും അന്വേഷണം ഏറ്റെടുത്തു. ഇടുക്കി ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ഷിന്റോ പി. കുര്യനും ടീമും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിച്ചു.

സ്ത്രീയുടെ വസ്ത്രത്തില്‍നിന്ന് ശുക്ലം കിട്ടിയിരുന്നു. ഇതിന്റെ ഡി.എന്‍.എ. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ എത്തിച്ചു. പ്രതി ഗിരീഷ് ഉള്‍പ്പെടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 19 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. അവരുടെ രക്തസാംപിളില്‍നിന്ന് ഡി.എന്‍.എ. എടുത്തു. അതിലൊന്ന് സ്ത്രീയില്‍നിന്ന് കിട്ടിയ ഡി.എന്‍.എ.യുമായി യോജിച്ചു. അത് കല്‍ക്കൂന്തല്‍ ഈട്ടിത്തോപ്പ് പതാലിപ്ലാവില്‍ ഗിരീഷിന്റെ(38)തായിരുന്നു. ബലാത്സംഗത്തിനിടെ എതിര്‍ത്ത സ്ത്രീയെ പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. പ്രതിയെ പിടിച്ചപ്പോള്‍ ബാക്കി 18 പേര്‍ സംശയത്തിന്റെ മുള്‍മുനയില്‍നിന്ന് രക്ഷപ്പെട്ടു.

കുറ്റവാളി കാമുകനല്ല

ഡി.എന്‍.എ. വഴിത്തിരിവായപ്പോള്‍ കാമുകന്‍ കുറ്റവിമുക്തനായി. പത്തനംതിട്ടയില്‍ 2019-ല്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിയിച്ചത് ക്രൈംബ്രാഞ്ചിന്റെ ശാസ്ത്രീയാന്വേഷണമായിരുന്നു. നിലവില്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂം എ.സി.പി.യും നേരത്തേ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായിരുന്ന ആര്‍.പ്രതാപന്‍ നായരാണ് അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 2019 ഡിസംബര്‍ 15-നാണ് പത്തനംതിട്ട കോട്ടാങ്ങല്‍ പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. കൂടെത്താമസിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. പക്ഷേ, കേസ് മുന്നോട്ടുപോയില്ല. 2021 ഫെബ്രുവരിയില്‍ ആര്‍. പ്രതാപന്‍നായര്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യായി പത്തനംതിട്ടയില്‍ എത്തി ശാസ്ത്രീയരീതിയില്‍ അന്വേഷണം തുടങ്ങി. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സാംപിളുകള്‍ പരിശോധനക്കയച്ചു. ഇതിലൊന്നില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് സംശയിക്കപ്പെട്ടവരുടെ രക്തസാംപിളുകള്‍ ശേഖരിച്ചു. ലാബ് പരിശോധനയില്‍ പുരുഷബീജം കാമുകന്റേതാണെന്ന് കണ്ടെത്തി. കേസ് വീണ്ടും നിന്നു.

എന്നാല്‍, യുവതിയുടെ നഖത്തിനിടയില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എ. സാംപിള്‍ അപ്രതീക്ഷിതമായി. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച സാംപിളിലൊന്ന് കാമുകന്റെ സാംപിളുമായി ചേരുന്നതായിരുന്നു. മറ്റൊരു സാംപിള്‍ ഇയാളുടെ സാംപിളുമായി ചേരുന്നതായിരുന്നില്ല.

സംശയത്തിലുള്ളവരുടെ രക്തസാംപിള്‍ അന്വേഷണസംഘം ശേഖരിച്ചു. ഡി.എന്‍.എ. മാച്ചിങ്ങില്‍ യുവതിയുടെ നഖത്തിനിടയിലെ ഡി.എന്‍.എ. തടിക്കച്ചവടക്കാരനായ നസീറിന്റേതാണെന്ന് കണ്ടെത്തി. യുവതിയെ ബലാത്സംഗംചെയ്ത് കെട്ടിത്തൂക്കി കൊന്നതായി കേസ് മാറി. ഇതോടെ കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന നസീറിനെ(39) ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു.

പ്രിയപ്പെട്ട അധ്യാപികയെ കൊന്നവര്‍

നാടൊന്നടങ്കം ഞെട്ടിയ കേസായിരുന്നു കാസര്‍കോട് ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകം. പുലിയന്നൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍നിന്ന് വിരമിച്ച ജാനകിയെ 2017 ഡിസംബര്‍ 13-ന് രാത്രിയാണ് അക്രമിസംഘം കഴുത്തറത്ത് കൊന്നത്. ജാനകിയെ കെട്ടിയിട്ട സെല്ലോടേപ്പില്‍നിന്ന് ലഭിച്ച വിയര്‍പ്പുതുള്ളികളില്‍ നടത്തിയ ഡി.എന്‍.എ. പരിശോധന കേസിലെ പ്രധാന പ്രതിയിലേക്ക് നയിച്ചു. അവരുടെ ഭര്‍ത്താവ് കൃഷ്ണനെ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടില്‍നിന്നും ഡി.എന്‍.എ കിട്ടി. കേസ് തെളിഞ്ഞു.

ഡി.എന്‍.എ. വിപ്ലവം

• ജനിതകതന്മാത്രയായ ഡി.എന്‍.എ.യുടെ (ഡീ ഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ്) ഘടനയിലെ വ്യതിയാനങ്ങള്‍ പരിശോധിച്ച് വ്യക്തികളെ തിരിച്ചറിയുന്ന ഡി. എന്‍.എ. പ്രൊഫൈലിങ് അഥവാ ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങ് ഏറെ മുന്നേറി.

• മനുഷ്യശരീരത്തിലെ കോടാനുകോടി കോശങ്ങളിലെ ക്രോമസോമുകളിലാണ് ഡി.എന്‍.എ. ഉള്ളത്. ഒരു വ്യക്തിയുടെ തലമുടി, തൊലി, ഉമിനീര്‍, രക്തം, ശുക്ലം, അസ്ഥികള്‍ തുടങ്ങിയ എല്ലാ ശരീരകോശങ്ങളിലെയും ഡി.എന്‍.എ. ഒരേ സ്വഭാവമുള്ളതാണ്.

• 1984-ല്‍ ബ്രിട്ടീഷ് ജനിതക ശാസ്ത്രജ്ഞനായ സര്‍ അലക് ജോണ്‍ ജെഫ്രിയാണ് ഈ സങ്കേതികവിദ്യ കണ്ടുപിടിച്ചത്. ഇന്ത്യയില്‍ ഇതിന് പ്രചാരം നേടിക്കൊടുത്തത് ഇന്ത്യയിലെ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. ലാല്‍ജി സിങ് ആണ്.

(തുടരും)

 

Content Highlights: DNA Evidence and crime, How DNA evidence work