താഷ്‌കെന്റില്‍വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യസമ്മേളനംനടന്ന് 80 വര്‍ഷമാകുന്നതേയുള്ളൂ. പാര്‍ട്ടിയുടെ നാലംഗ കേരളഘടകം ഔപചാരികമായി നിലവില്‍വന്ന് 82 വര്‍ഷവും. എന്നാല്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭകാലംതൊട്ടുതന്നെ അതിനൊരു മലയാളി ബന്ധമുണ്ട്. 

നമ്പ്യാരും സുഹാസിനിയും

തലശ്ശേരി സ്വദേശിയായ അറത്തില്‍ കണ്ടോത്ത് നാരായണന്‍ നമ്പ്യാര്‍ എന്ന എ.സി.എന്‍. നമ്പ്യാരിലൂടെയാണ് ആ ബന്ധം. കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ മകനായ എ.സി.എന്‍. വിവാഹംചെയ്തത് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നായകനും വിപ്ലവകാരിയുമായ ഹരീന്ദ്രനാഥ ചതോപാധ്യായയുടെയും സരോജിനി നായിഡുവിന്റെയും സഹോദരിയായ സുഹാസിനിയെയാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആദ്യ വനിതാ അംഗം. 

ലണ്ടനിലും ബെര്‍ലിനിലുമെല്ലാം താമസിച്ച് സാമൂഹികപ്രവര്‍ത്തനത്തിലേര്‍പ്പെട്ട എ.സി.എന്‍. നമ്പ്യാര്‍ കമ്യൂണിസ്റ്റ് സംഘടനകളുമായി അടുത്തുബന്ധപ്പെട്ടിരുന്നു. എ.സി.എന്‍. നമ്പ്യാരുമായുള്ള വിവാഹബന്ധം ഒഴിവായശേഷവും സുഹാസിനി, സുഹാസിനി നമ്പ്യാരായി അറിയപ്പെട്ടു. 

ACN NAMBIARതൊള്ളായിരത്തി ഇരുപതുകളുടെ അവസാനം വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം മദിരാശിയില്‍ ഡോ. ആനക്കര വടക്കത്ത് ലക്ഷ്മിയുടെ വീട്ടില്‍ സുഹാസിനി ഒളിവില്‍ക്കഴിയുന്നു. മീററ്റ് ഗൂഢാലോചനക്കേസില്‍ പോലീസ് തിരയുന്നുവെന്ന് വ്യക്തമായതിനാലായിരുന്നു ഒളിവ്. ബോള്‍ഷെവിക് വിപ്ലവത്തെയും ലെനിനെപ്പറ്റിയും കമ്യൂണിസത്തെപ്പറ്റിയും റഷ്യന്‍ അനുഭവം വിവരിച്ച് ലക്ഷ്മിയുടെ മനംകവര്‍ന്ന സുഹാസിനി ലക്ഷ്മിയെ  ഇടത്തോട്ടേക്ക് നയിക്കുകയായിരുന്നു-ഐ.എന്‍.എ.യില്‍ വനിതാ റെജിമെന്റിന്റെ നേതൃത്വത്തിലെത്തുന്നതിനും അങ്ങനെ ക്യാപ്റ്റന്‍ ലക്ഷ്മിയാകുന്നതിനും  ആത്യന്തികമായി കമ്യൂണിസ്റ്റാവുന്നതിനുമുള്ള പ്രചോദനം. 

എ.സി.എന്‍. നമ്പ്യാരാകട്ടെ   തിരുവിതാംകൂര്‍കാരനായ ചെമ്പകരാമന്‍പിള്ളയോടൊപ്പം ജര്‍മനിയില്‍ ലീഗ് എഗെയിന്‍സ്റ്റ് ഇംപീരിയലിസത്തിന്റെ പ്രവര്‍ത്തകനായി കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് രഹസ്യമായി പ്രവര്‍ത്തിച്ചു. പിന്നീട് സുഭാഷ്ചന്ദ്ര ബോസിന്റെ വലംകൈയായിത്തീര്‍ന്ന അദ്ദേഹം ഐ.എന്‍.എ.യുടെ പ്രധാന ചുമതലക്കാരനായിരുന്നു. സ്വാതന്ത്ര്യാനന്തരം ജവാഹര്‍ലാല്‍ നെഹ്രു ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തി ആദ്യം സ്വിറ്റ്‌സര്‍ലന്‍ഡിലും പിന്നീട് ജര്‍മനിയിലും  അംബാസഡറാക്കി. 

 കമ്യൂണിസത്തിന്റെ പിച്ചവെപ്പ്

1912-ല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാള്‍ മാര്‍ക്‌സിന്റെ ലഘുജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെയാണ് കമ്യൂണിസം എന്ന് ഇവിടെ കുറച്ചുപേരെങ്കിലും കേള്‍ക്കുന്നത്. അതിനടുത്തവര്‍ഷങ്ങളില്‍ കമ്യൂണിസവുമായും സോഷ്യലിസവുമായും ബന്ധപ്പെട്ട ലേഖനങ്ങള്‍ രാമകൃഷ്ണപിള്ള പ്രസിദ്ധപ്പെടുത്തി. സഹോദരന്‍ അയ്യപ്പനാകട്ടെ സോവിയറ്റ് വിപ്ലവത്തെക്കുറിച്ച് ലേഖനം എഴുതുകയും ചെയ്തു. കെ. രാമകൃഷ്ണപിള്ളയുടെ മകള്‍ കെ. ഗോമതിയുടെ ഭര്‍ത്താവായ ബാരിസ്റ്റര്‍ എ.കെ. പിള്ളയുടെ സോഷ്യലിസ്റ്റ് ലേഖനങ്ങളും ശ്രദ്ധിക്കപ്പെട്ടു.എങ്കിലും കമ്യൂണിസ്റ്റുകാരനെന്ന് പരസ്യമായി അവകാശപ്പെടാന്‍ ആരെങ്കിലും രംഗത്തുവരുകയോ കമ്യൂണിസ്റ്റ് സംഘടനയുണ്ടാവുകയോ ചെയ്യുന്നതിന് പിന്നെയും സമയമെടുത്തു. കേരളത്തില്‍ സ്വാതന്ത്ര്യസമരം ശക്തിപ്രാപിക്കുന്നത് 1930-ലെ ഉപ്പുസത്യാഗ്രഹത്തോടെയാണ്. അതിന് നേതൃത്വം നല്‍കിയവരില്‍ പി. കൃഷ്ണപിള്ള, കെ.പി. ഗോപാലന്‍, മൊയാരത്ത് ശങ്കരന്‍, കെ. മാധവന്‍, എന്‍.സി. ശേഖര്‍ തുടങ്ങിയവര്‍ പിന്നീട് കമ്യൂണിസ്റ്റ് നേതാക്കളായി.

ശേഖറും വേദാന്തവും

കേരളത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സംഘടന ഉണ്ടാകുന്നത് തിരുവനന്തപുരത്ത് എന്‍.സി. ശേഖറിന്റെ നേതൃത്വത്തിലാണ് -1931ല്‍. അതിന് പ്രചോദനമായതാകട്ടെ കണ്ണൂര്‍ ജയിലും. 1930 ഏപ്രിലിലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട കാല്‍നടജാഥയിലെ അംഗങ്ങളായിരുന്നു പൊന്നറ ശ്രീധറും എന്‍.പി. കുരിക്കളും എന്‍.സി. ശേഖറും. ജാഥ എറണാകുളത്തെത്തിയതോടെ പെട്ടെന്ന് കോഴിക്കോട്ടെത്തണമെന്ന നിര്‍ദേശം കിട്ടിയതിനാല്‍ തീവണ്ടിയില്‍ ആദ്യം കോഴിക്കോട്ടേക്കെത്തുകയായിരുന്നു. പിന്നീട് പയ്യന്നൂരിലെത്തി ഉപ്പുകുറുക്കി. 1929-ല്‍ കേസരി എ. ബാലകൃഷ്ണപിള്ളയുടെ അനുഗ്രഹാശിസ്സുകളോടെ തിരുവനന്തപുരത്ത് രൂപവത്കരിച്ച യൂത്ത് ലീഗിന്റെ നേതാക്കളായിരുന്നു മൂവരും. 

nc shekarകോഴിക്കോട്ടുനടന്ന ഒന്നാം നിയമലംഘന സമരവുമായി ബന്ധപ്പെട്ട് 1930 മധ്യത്തില്‍ എന്‍.സി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടയ്ക്കപ്പെട്ടു. 1930-ലെ നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് കണ്ണൂര്‍ ജയിലിലടയ്ക്കപ്പെട്ട തമിഴ്നാട് സ്വദേശി വേദാന്തമാണ് എന്‍.സി.യോട് കമ്യൂണിസത്തെക്കുറിച്ച് പറയുന്നത്.  മുംബൈയില്‍ ടെക്സ്റ്റൈല്‍ തൊഴിലാളിയായിരുന്ന വേദാന്തം കോണ്‍ഗ്രസ് നേതാവായിരിക്കെത്തന്നെ അവിടത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ ആളുമായിരുന്നു. വേദാന്തത്തില്‍നിന്നും മീററ്റ് ഗൂഢാലോചനക്കേസില്‍പ്പെട്ട് തടവിലായവരില്‍നിന്നും കിട്ടിയ വിവരങ്ങളും രേഖകളുമാണ് കേരളത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് വിജ്ഞാപനം അച്ചടിച്ച് പ്രസിദ്ധപ്പെടുത്താനും കമ്യൂണിസ്റ്റ് ലീഗ് രൂപവത്കരിക്കാനും എന്‍.സി. ശേഖറിനും കൂട്ടര്‍ക്കും സഹായകമായത്. കമ്യൂണിസ്റ്റ് വിജ്ഞാപനവും കര്‍മപരിപാടിയും കേസരി ബാലകൃഷ്ണപിള്ളയുടെ മേല്‍നോട്ടത്തില്‍ തര്‍ജമചെയ്ത് പുളിമൂട്ടിലെ ശാരദ പ്രസ്സില്‍ അച്ചടിക്കുകയായിരുന്നു. യൂത്ത് ലീഗിലെ പൊന്നറ വിഭാഗം കമ്യൂണിസ്റ്റ് ലീഗില്‍ ചേര്‍ന്നില്ല. തിരുവനന്തപുരത്തെ കമ്യൂണിസ്റ്റ് ലീഗ് ഒരു പാര്‍ട്ടിയായി വികസിച്ചതുമില്ല. 

കൃഷ്ണപിള്ളയുടെ അടുപ്പം

ഒന്നാം നിയമലംഘനസമരത്തെത്തുടര്‍ന്നും രണ്ടാം നിയമലംഘനത്തെത്തുടര്‍ന്നും ജയിലിലായ പി. കൃഷ്ണപിള്ള ഉത്തരേന്ത്യന്‍ വിപ്ലവകാരികളില്‍നിന്ന് കമ്യൂണിസത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിലേക്കാകര്‍ഷിക്കപ്പെടുകയും ചെയ്‌തെങ്കിലും പാര്‍ട്ടി രൂപവത്കരണത്തിന് ക്ഷമാപൂര്‍വം കാത്തുനിന്നു. 1928 മുതല്‍ രണ്ടുവര്‍ഷത്തോളം ഉത്തരേന്ത്യയില്‍ താമസിച്ച് ഹിന്ദി പഠിച്ച കൃഷ്ണപിള്ള സോഷ്യലിസത്തിലേക്ക് അവിടെവെച്ചുതന്നെ ആകൃഷ്ടനായിരുന്നു.  

ഇ.എം.എസിനെ ആകര്‍ഷിച്ചതാര്

മീററ്റ് ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട കമലാനാഥ് തിവാരി, ജയ്ദേവ് കപൂര്‍ എന്നിവരും ബംഗാളിലെ തീവ്രവാദിപ്രസ്ഥാനമായ അനുശീലന്‍ ഗ്രൂപ്പിലെ രവീന്ദ്രമോഹന്‍ സെന്‍ ഗുപ്ത, ടി.എന്‍. ചക്രവര്‍ത്തി, രമേഷ് ചന്ദ്ര ആചാര്യ എന്നിവരും ഈ ഘട്ടത്തില്‍ ജയിലിലുണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപവത്കരിക്കുന്നതിന്റെ വിത്തുവിതച്ചവര്‍ ഇവരത്രേ. പില്‍ക്കാലത്ത് ബിഹാറില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി.യായ കമലാനാഥ് തിവാരിയാണ്  ഇ.എം.എസിനെ  കമ്യൂണിസ്റ്റ് ആശയത്തിലേക്ക് ആദ്യം ആകര്‍ഷിക്കുന്നത്. 

കര്‍ഷകസംഘത്തിന്റെ തുടക്കം

ബംഗാളിലെ അനുശീലന്‍ സമിതിയുടെ നേതാക്കളായ സെന്‍ഗുപ്ത, ചക്രവര്‍ത്തി, ആചാര്യ എന്നിവരുടെ പ്രേരണയില്‍ കെ.പി. ഗോപാലന്‍, കെ.പി.ആര്‍. ഗോപാലന്‍, വിഷ്ണുഭാരതീയന്‍, കെ.എ. കേരളീയന്‍ എന്നിവര്‍ കേരളത്തില്‍ അനുശീലന്‍ സമിതിയുടെ ഘടകമുണ്ടാക്കി തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ത്തന്നെ അതില്‍നിന്ന് പിന്മാറുകയായിരുന്നു. ഇവരാണ് 1935-ല്‍ കണ്ണൂര്‍ കൊളച്ചേരിയില്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷകസംഘം രൂപവത്കരിച്ചത്. തുടര്‍ന്ന് മലബാറില്‍ പലയിടത്തും കര്‍ഷകപ്രസ്ഥാനം രൂപപ്പെട്ടു. 

സോഷ്യലിസംവഴി ചുവപ്പിലേക്ക്

1934 മേയിലാണ് കോണ്‍ഗ്രസിനകത്ത് സോഷ്യലിസ്റ്റ് ഗ്രൂപ്പ് പട്നയില്‍വെച്ച് രൂപംകൊള്ളുന്നത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ജയപ്രകാശ് നാരായണനും ജോയന്റ് സെക്രട്ടറിമാരിലൊരാളായി ഇ.എം.എസും തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ കേരളഘടകം കോഴിക്കോട് ടൗണ്‍ഹാളില്‍ സമ്മേളിച്ച് സി.കെ. ഗോവിന്ദന്‍നായര്‍ പ്രസിഡന്റും കൃഷ്ണപിള്ള സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്കരിച്ചു. സാഹിത്യകാരന്‍ പി. കേശവദേവ് തയ്യാറാക്കിയ പ്രമേയമാണ് ആ സമ്മേളനം അംഗീകരിച്ചത്. ആലപ്പുഴയിലെ ട്രേഡ് യൂണിയന്‍ സംഘാടകനുമായിരുന്ന കേശവദേവ് താനാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് എന്ന് നിരന്തരം അവകാശപ്പെടാറുണ്ടായിരുന്നു, പിന്നീട് അതിന്റെ ശത്രുപക്ഷത്തായെങ്കിലും.

സഖാവേ എന്ന വിളി

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ ആലോചനാഘട്ടത്തില്‍ സഹകരിച്ച കെ. കേളപ്പന്‍ പക്ഷേ, തുടക്കത്തിലേതന്നെ  അതില്‍നിന്ന് വിട്ടുനിന്നു. അല്പകാലത്തിനകം സി.കെ.ജി.യും എതിര്‍പക്ഷത്തായി. സി. എസ്.പി.യുടെ ആറു സമ്മേളനങ്ങളില്‍ മൂന്നും നടന്നത് കണ്ണൂരിലും തലശ്ശേരിയിലുമായാണ്. കമ്യൂണിസത്തിലേക്ക് നീങ്ങാനാണ് തീവ്രവാദപരമായ ആശയപ്രചാരണം എന്ന ആക്ഷേപമാണ് കേളപ്പജിക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നത്.

സി.എസ്.പി. കര്‍ഷക-തൊഴിലാളി-അധ്യാപക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുകയും 1936-ല്‍ മദിരാശിയിലേക്ക് എ.കെ.ജി.യുടെ നേതൃത്വത്തില്‍ പട്ടിണിജാഥ നടത്തുകയും ചെയ്തു. കല്യാശ്ശേരിയില്‍നിന്ന് കെ.പി.ആര്‍. ഗോപാലന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് വഴി തലശ്ശേരിയിലേക്ക് നടത്തിയ ജാഥയുടെ വിജയമാണ് മദിരാശി ജാഥയ്ക്ക് പ്രചോദനമായത്. സി.എസ്.പി.ക്കകത്ത് അഭിപ്രായവ്യത്യാസങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയ കാലമാണത്.

ak gopalanസി.എസ്.പി.യില്‍ എ.കെ.ജി.യും സര്‍ദാര്‍ ചന്ദ്രോത്തും കൃഷ്ണപിള്ളയുടെയും കൂട്ടരുടെയും ചില നിലപാടുകള്‍ക്കെതിരായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹമടക്കമുള്ള സഹനസമരങ്ങളിലൂടെ അന്നേക്കുതന്നെ ജനപ്രിയനായകനായിക്കഴിഞ്ഞ എ.കെ.ജി.യുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിച്ച്, അദ്ദേഹത്തെ രൂപവത്കരിക്കാന്‍പോകുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തെത്തിക്കാന്‍ കൃഷ്ണപിള്ള ആസൂത്രണംചെയ്തു. പട്ടിണിജാഥയുടെ മാനേജരായി കെ.പി.ആര്‍. ഗോപാലനെ നിയോഗിച്ചയച്ചതിനുപിന്നില്‍ ആ ലക്ഷ്യമായിരുന്നെന്ന് കേരളത്തിലെ ബോള്‍ഷെവിക്ക് വീരന്‍ എന്ന ലേഖനത്തില്‍ കൃഷ്ണപിള്ള സൂചിപ്പിക്കുന്നുണ്ട്.  

സി.എസ്.പി.യിലെ നേതാക്കളും പ്രവര്‍ത്തകരും പരസ്പരം സഖാവേ എന്ന് വിളിക്കാന്‍തുടങ്ങി. സോഷ്യലിസ്റ്റ് പ്രസ്ഥാനം കമ്യൂണിസ്റ്റും സോഷ്യലിസ്റ്റുമായി പലതായെങ്കിലും മുപ്പതുകളിലെ ആ വിളിപ്പേര് എല്ലാവരും തുടരുന്നു. ഫ്രഞ്ച് വിപ്ലവകാലത്താണ് സോഷ്യലിസ്റ്റുകളും തൊഴിലാളിപ്രസ്ഥാന പ്രവര്‍ത്തകരും പരസ്പരം കോമ്രേഡ് എന്ന് വിളിക്കാന്‍ തുടങ്ങിയത്. റഷ്യന്‍ വിപ്‌ളവകാലത്ത് കമ്യൂണിസ്റ്റുകാര്‍ അതേറ്റുവിളിച്ചു. കോമ്രേഡിന് സഖാവ് എന്ന മലയാളപദം പകരംവെക്കുകയായിരുന്നു ഇവിടെ. കൃഷ്ണപിള്ളയെ എല്ലാവരും സഖാവേ എന്നുവിളിച്ചു. നിസ്വാര്‍ഥമായ സുഹൃദ്ബന്ധം, പ്രായം ഉള്‍പ്പെടെ ഒന്നിലും ഉച്ചനീചത്വമില്ലാത്ത പാരസ്പര്യം എന്ന അര്‍ഥത്തിലാണ് ആ വാക്ക് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ ഉപയോഗിച്ചത്.

വരുന്നു,  കെ. ദാമോദരന്‍

കോണ്‍ഗ്രസിലെ രണ്ടു ചിന്താധാരകളും അന്ന് പുറത്തുവന്നുകൊണ്ടിരുന്നത് 'മാതൃഭൂമി'യിലൂടെയാണ്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി കെ. ദാമോദരന്‍ കാശിയില്‍നിന്ന് എത്തുന്നത് 1936-ലാണ്. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ ദാമോദരന് കാശി വിദ്യാപീഠത്തില്‍ പഠിക്കാന്‍പോകാന്‍ സഹായം നല്‍കിയത് മാതൃഭൂമിയാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പുസ്തകമാക്കി വില്‍ക്കാനായി സൗജന്യമായി അച്ചടിച്ചുകൊടുത്തു. കാശിയിലുള്ള രണ്ടുവര്‍ഷവും മാതൃഭൂമി പത്രത്തിലെയും ആഴ്ചപ്പതിപ്പിലെയും സ്ഥിരം എഴുത്തുകാരനെന്നനിലയില്‍ ചെറിയ സാമ്പത്തികസഹായം ലഭിച്ചുപോന്നു. കാശിയില്‍വെച്ച് ഓംകാര്‍ നാഥ ശാസ്ത്രി എന്ന സഹപാഠിയും സി.പി.ഐ.യുടെ ആയിടെ പുനഃസംഘടിപ്പിച്ച പൊളിറ്റ് ബ്യൂറോയിലെ അംഗവുമായ ആര്‍.ഡി. ഭരദ്വാജുമാണ് ദാമോദരനെ കമ്യൂണിസ്റ്റ് അംഗമാക്കിയത്.

തുടക്കം കോഴിക്കോട്ട്

ദാമോദരന്‍ 1936-ല്‍ തിരിച്ചെത്തുമ്പോഴേക്കും സി.എസ്.പി. ഇവിടെ ശക്തമായ പ്രവര്‍ത്തനം നടത്തുകയായിരുന്നു. സി.പി.ഐ. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശാനുസരണം കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ദാമോദരന്‍, കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും എന്‍.സി. ശേഖറിന്റെയും അടുത്ത സഹപ്രവര്‍ത്തകനായി. സി.പി.ഐ. കേരളഘടകം രൂപവത്കരിക്കാന്‍ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ പി. സുന്ദരയ്യയും എസ്.വി. ഘാട്ടെയും കോഴിക്കോട്ടെത്തി ഈ നാല്‍വര്‍സംഘവുമായാണ് കൂടിയാലോചനകള്‍ നടത്തിയത്. ഒടുവില്‍ 1937-ല്‍ കോഴിക്കോട്ട് പാളയത്ത് ചേര്‍ന്ന യോഗത്തില്‍ ഇവര്‍ നാലുപേരും ചേര്‍ന്ന് കേരളഘടകം രൂപവത്കരിച്ചു.  സി.എസ്.പി. സംസ്ഥാന സെക്രട്ടറിയായ കൃഷ്ണപിള്ള സി.പി.ഐ. യുടെയും സംസ്ഥാന സെക്രട്ടറി. രഹസ്യമായി സി.പി.ഐ.യും പരസ്യമായി സി.എസ്.പി.യും.

പാട്ടബാക്കി സൃഷ്ടിച്ച നാമ്പുകള്‍

ജീവല്‍സാഹിത്യപ്രസ്ഥാനം, കര്‍ഷകപ്രസ്ഥാനം എന്നിവ വഴി കമ്യൂണിസ്റ്റ് ആശയപ്രചാരണം നടന്നു. വള്ളത്തോളിന്റെ കവിതകള്‍ (പാവങ്ങള്‍ തന്‍ പ്രാണ മരുത്തുവേണം പാപപ്രഭുക്കള്‍ക്കിഹ പങ്കവീശാന്‍), ജി. ശങ്കരക്കുറുപ്പിന്റെ കവിതകള്‍ (ജന്മസിദ്ധമാം പദം പുണ്യലബ്ധമെന്നോര്‍ത്ത് വന്‍മദം ഭാവിക്കുന്നോരുന്നത നക്ഷത്രമേ -വെമ്പുക, വിളറുക, വിറകൊള്ളുക നോക്കൂ നിന്‍ പുരോഭാഗത്തതാ ധീരതേജസ്സാം നാളെ) എന്നിവയെല്ലാം പുരോഗമനചിന്തകള്‍ക്ക് ആവേശം നല്‍കി.

ജന്മിത്തത്തിനെതിരേ കേരളത്തില്‍ സമരം തുടങ്ങുകയോ ജീവല്‍സാഹിത്യപ്രസ്ഥാനം തുടങ്ങുകയോ ചെയ്യുന്നതിനുമുമ്പാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍'' എന്ന ആഹ്വാനവുമായി വാഴക്കുല എന്ന കവിത ഉള്‍പ്പെടെയുള്ള രക്തപുഷ്പങ്ങള്‍ എന്ന സമാഹാരവുമായെത്തുന്നത്.  

മാതൃഭൂമി ആഴ്ചപ്പതിപ്പ് ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആശയങ്ങളുടെ വേദിയായി. പൊന്നാനി കര്‍ഷകസമ്മേളനത്തിനായി കെ. ദാമോദരന്‍ എഴുതിയ പാട്ടബാക്കി നാടകം മൂന്നുലക്കത്തിലായി ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടുത്തി. ഇതെല്ലാം സൃഷ്ടിച്ച ഉണര്‍വിലേക്ക് കമ്യൂണിസ്റ്റ് ആശയങ്ങളുടെ വേര് ആഴ്ന്നിറങ്ങി.

പാറപ്രത്ത് മുളച്ച തീപ്പൊരി

സി.എസ്.പി.ക്കാര്‍ക്കാണ് കെ.പി.സി.സി.യില്‍ ഭൂരിപക്ഷമെന്നതിനാല്‍ എതിര്‍വിഭാഗം നേതൃത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. 1939-ല്‍ ബക്കളത്തുചേര്‍ന്ന പത്താം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ കേളപ്പന്‍-സി.കെ.ജി. വിഭാഗം പങ്കെടുക്കാതിരുന്നത് ഇടതുവിഭാഗത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിന് സഹായകമായി. അതേവര്‍ഷം ജൂണില്‍ മൂന്നുദിവസമായി തലശ്ശേരിയില്‍നടന്ന സി.എസ്.പി. ആറാം സമ്മേളനം കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തില്‍ നിര്‍ണായകമായി. മാതൃഭൂമിയുടെ മുന്‍ പത്രാധിപര്‍ പി. നാരായണന്‍ നായരുടെ അധ്യക്ഷതയിലായിരുന്നു സമ്മേളനം. കൃഷ്ണപിള്ളയും ഇ.എം.എസും ദാമോദരനും അവതരിപ്പിച്ച രേഖകള്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രകടനമായിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം ഡിസംബറില്‍ പിണറായി പാറപ്രത്തുനടന്ന സി.എസ്.പി. നേതൃയോഗമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിമാറാന്‍ തീരുമാനിച്ചത്. കെ.പി. ഗോപാലന്‍ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ 90 നേതാക്കളാണ് പങ്കെടുത്തത്.

ആദ്യരക്തസാക്ഷികള്‍

പാറപ്രം സമ്മേളനത്തിനുശേഷം രണ്ടാഴ്ചകഴിഞ്ഞ് പറശ്ശനിക്കടവില്‍ച്ചേര്‍ന്ന യോഗം കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കൃഷ്ണപിള്ളയെ തിരഞ്ഞെടുത്തു. 1940 ജനുവരി 26-ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ചുമരെഴുത്തിലൂടെയാണ് പാര്‍ട്ടി രൂപവത്കരിച്ചതായി വിജ്ഞാപനം ചെയ്തത്. എന്നിട്ടും പുറമേയ്ക്ക് കെ.പി.സി.സി.യായിത്തന്നെയാണ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്, കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസിഡന്റും കെ. ദാമോദരന്‍ സെക്രട്ടറിയുമായ കെ.പി.സി.സി. ഇവരാണ് 1940 സെപ്റ്റംബര്‍ 15-ന് മര്‍ദനപ്രതിഷേധദിനമായും വിലക്കയറ്റവിരുദ്ധദിനമായും ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. വാസ്തവത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പരസ്യപ്രകടനമായിരുന്നു അത്.

പ്രതിഷേധദിനത്തില്‍ തലശ്ശേരിയില്‍ നടത്തിയ റാലിക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അബു, ചാത്തുക്കുട്ടി എന്നിവര്‍ രക്തസാക്ഷികളായി. കീച്ചേരിയില്‍ റാലി നിരോധിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെ.പി.ആര്‍. ഗോപാലന്റെ നേതൃത്വത്തില്‍ മൊറാഴയില്‍ പൊതുയോഗം ചേര്‍ന്നു. വിഷ്ണുഭാരതീയനായിരുന്നു അധ്യക്ഷന്‍. അവിടെയുമെത്തിയ പോലീസ്, റാലിയില്‍ പങ്കെടുത്തവരെ ലാത്തിച്ചാര്‍ജ് ചെയ്തു. ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി. സബ് ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണമേനോന്‍, കോണ്‍സ്റ്റബിള്‍ ഗോപാലന്‍  എന്നിവര്‍ കൊല്ലപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് മലബാറിലാകെ പോലീസ് നടപടികളുണ്ടായി. കടുത്ത മര്‍ദനത്തിന്റെ നാളുകള്‍. കെ.പി.ആര്‍. ഗോപാലനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. അറാക്കല്‍ കുഞ്ഞിരാമന്‍ അടക്കമുള്ളവരെ ജീവപര്യന്തം ശിക്ഷിച്ചു. കെ.പി.ആറിനെ തൂക്കുമരത്തില്‍നിന്ന് രക്ഷിക്കാന്‍ നടത്തിയ പ്രചാരണവും സമരങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യാപനത്തിന് സഹായകമായി.

1940 സെപ്റ്റംബര്‍ സംഭവങ്ങള്‍ക്ക് ആധാരമായ പ്രസ്താവന ഇറക്കിയതിന്റെപേരില്‍ കെ. ദാമോദരനെ അറസ്റ്റുചെയ്ത് അഞ്ചുവര്‍ഷം ജയിലിലടച്ചു. ഈ സംഭവങ്ങളുടെപേരില്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള കെ.പി.സി.സി. കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു. അതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന സ്വത്വത്തോടെയുള്ള പ്രവര്‍ത്തനമായി.

കയ്യൂര്‍ പടര്‍ത്തിയ വികാരം

1941 മാര്‍ച്ച് 28-ന്റെ കയ്യൂര്‍ സംഭവത്തെ തുടര്‍ന്ന് കര്‍ഷകസംഘം പ്രവര്‍ത്തകരായ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പൊടോര കുഞ്ഞമ്പുനായര്‍, അബൂബക്കര്‍ എന്നിവരെ തൂക്കിക്കൊല്ലാന്‍ വിധിച്ച സംഭവം കെ.പി.ആര്‍ ഗോപാലനെ തൂക്കാന്‍ വിധിച്ച സംഭവം പോലെത്തന്നെ ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശ്രദ്ധ കേരളത്തിലേക്കാകര്‍ഷിച്ചു. ഒരാഴ്ച മുമ്പ് കയ്യൂരില്‍ നടന്ന പോലീസ് മര്‍ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ  ജാഥക്കിടയിലേക്ക് മര്‍ദനത്തില്‍ പങ്കാളിയായ പോലീസുകാരന്‍ സുബ്ബരായന്‍ എത്തിയതാണ് കയ്യൂരിലെ സംഭവത്തിനിടയാക്കിയത്. പോലീസുകാരനെ ജാഥയുടെ മുന്നില്‍ കൊടി പിടിപ്പിച്ച് നടത്തുകയും ആ സമയത്ത് എതിരെ കര്‍ഷകരുടെതന്നെ മറ്റൊരു ജാഥ വരികയും ഭീതി കാരണം പോലീസുകാരന്‍ രക്ഷപ്പെടാന്‍ പുഴയിലേക്ക് ചാടുകയുമായിരുന്നു. സുബ്ബരായന്റെ മരണത്തെ തുടര്‍ന്ന് ചാര്‍ജ് ചെയ്യപ്പെട്ട  കയ്യൂര്‍ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ 1943 മാര്‍ച്ച് 29-ന് പുലര്‍ച്ചെ കണ്ണൂര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റി. ഈ സംഭവങ്ങള്‍ ഉണ്ടാക്കിയ വൈകാരികാന്തരീക്ഷവും പ്രതിഷേധവും കേരളത്തിലാകെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം വ്യാപിക്കുന്നതില്‍ സ്വാധീനശക്തിയായി.

മിച്ചിലോട്ട് മാധവന്‍: പാരീസിലെ രക്തസാക്ഷി

ഫ്രഞ്ച് അധീന മയ്യഴിയിലെ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന മിച്ചിലോട്ട് മാധവന്‍ ഉപരിപഠനത്തിനായി പാരീസിലെത്തിയതായിരുന്നു. രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന കാലം. പാരീസ് നാസികള്‍ കൈയടക്കിയ ഘട്ടത്തില്‍ അതിനെതിരേ സര്‍വകലാശാലയിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഒളിപ്പോര് നടന്നു. ഴാങ് പോള്‍ സാര്‍ത്രിന്റെയും മറ്റും  നേതൃത്വത്തില്‍നടന്ന ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തില്‍ പങ്കാളിയായ മാധവന്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. നാസിപ്പട്ടാളം പിടികൂടിയ മാധവനെ കുറേനാള്‍ കാരാഗൃഹത്തിലടച്ചശേഷം വെടിവെച്ചുകൊല്ലുകയായിരുന്നു.

ഉയരും ഞാന്‍ നാടാകെ

ക്വിറ്റിന്ത്യാസമരവും ജനകീയയുദ്ധവും 

1940 സെപ്റ്റംബര്‍ 15-ന്റെ സംഭവങ്ങളും കയ്യൂര്‍ സംഭവവും വ്യാപകമായ മര്‍ദനത്തിനും പീഡനത്തിനും കാരണമായെങ്കിലും പാര്‍ട്ടിക്ക് വലിയ വളര്‍ച്ചയുണ്ടാക്കാന്‍ സഹായകമായി. 1939 സെപ്റ്റംബര്‍ ഒന്നിന് ജര്‍മനി, പോളണ്ടിനെ ആക്രമിച്ചതോടെ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകയുദ്ധത്തില്‍ ആദ്യം സോവിയറ്റ് യൂണിയന്‍ കക്ഷിയായിരുന്നില്ല. ലോകാധിപത്യത്തിനായി ജര്‍മനിയും ഇറ്റലിയും ജപ്പാനും ചേര്‍ന്ന് നടത്തുന്ന യുദ്ധം ലോകത്തിന്റെ സര്‍വനാശത്തിലേക്കെന്ന പ്രതീതിയുണ്ടാക്കി. അതിനെ ചെറുക്കാനാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും അമേരിക്കയുടെയും മറ്റും നേതൃത്വത്തില്‍ സഖ്യശക്തികള്‍ പൊരുതിയത്. സോവിയറ്റ് യൂണിയന്‍ അതില്‍ ചേര്‍ന്നില്ല. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി യുദ്ധത്തിനെതിരേ രാജ്യത്താകെ പ്രചാരണം നടത്തി. ഇക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും പ്രവര്‍ത്തകരെ പരക്കെ  ജയിലിലടയ്ക്കുകയും ചെയ്തു. 

എന്നാല്‍, 1941 മധ്യത്തോടെ എല്ലാം തകിടംമറിഞ്ഞു. അനാക്രമണസന്ധി ലംഘിച്ച് ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയനെ കടന്നാക്രമിച്ചു. അതോടെ  സോവിയറ്റ് യൂണിയനും ബ്രിട്ടന്റെയും അമേരിക്കയുടെയും നേതൃത്വത്തിലുള്ള സഖ്യശക്തികള്‍ക്കൊപ്പം ചേര്‍ന്ന് യുദ്ധത്തിലെ മുന്നണിയായി മാറി. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി യുദ്ധവിരുദ്ധനിലപാട് മാറ്റി ജനകീയയുദ്ധ സിദ്ധാന്തവുമായി രംഗപ്രവേശംചെയ്തത്. നേതാക്കള്‍ ജയിലിലോ ഒളിവിലോ ആയിരുന്നതിനാല്‍ ശരിയായ ആശയവിനിമയം നടത്താന്‍ അവസരം ലഭിക്കാതെ ഒരു നിലപാട് സ്വീകരിക്കാന്‍ നിര്‍ബദ്ധിതമാവുകയായിരുന്നുവെന്ന വിശദീകരണമൊക്കെ പിന്നീടുണ്ടായി. 

സ്വാതന്ത്ര്യമോ ഫാസിസമോ

ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യത്തോടെ കോണ്‍ഗ്രസ് ക്വിറ്റിന്ത്യാസമരത്തിന് ആഹ്വാനംചെയ്ത സമയമായിരുന്നു അത്. തത്കാലം സ്വാതന്ത്ര്യസമരത്തെക്കാള്‍ പ്രധാനം ഫാസിസ്റ്റ്വിരുദ്ധയുദ്ധം വിജയിപ്പിക്കലാണ്, അതോടെ ദേശീയ വിമോചനസമരങ്ങള്‍ക്ക് പുതിയ ആക്കംകിട്ടും എന്നാണ് സി.പി.ഐ. കേന്ദ്രനേതൃത്വം ആ ഘട്ടത്തില്‍ വ്യക്തമാക്കിയത്. അതിനാല്‍, ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തില്‍ ചെറുപ്പക്കാര്‍ ചേരണമെന്ന്  ആഹ്വാനംചെയ്തു. 1942 ജൂലായിയോടെ സി.പി.ഐ.യുടെ നിരോധനം പിന്‍വലിച്ചു. ജയിലിലായിരുന്ന നേതാക്കളും പ്രവര്‍ത്തകരും ജയില്‍മോചിതരായി. വാസ്തവത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യപ്രവര്‍ത്തനം നടത്തുന്നത് അപ്പോള്‍ മുതലാണ്. ഓഫീസുകള്‍ തുറക്കുന്നതും പത്രം തുടങ്ങുന്നതും ആ സന്ദര്‍ഭത്തിലാണ്. കൃഷ്ണപിള്ള തനിച്ചുചെന്ന് ആലപ്പുഴയിലെ കയര്‍ഫാക്ടറിയുടെ കവാടത്തില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തിനും പത്രംനടത്താനും നാണയങ്ങള്‍ക്കായി അഭ്യര്‍ഥനനടത്തുന്ന ഒരു മുഹൂര്‍ത്തത്തെപ്പറ്റി ചരിത്രത്തില്‍ സൂചനയുണ്ട്. 

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ സഹയാത്രികരായ ജയപ്രകാശ് നാരായണും പില്‍ക്കാല സോഷ്യലിസ്റ്റ് നേതാക്കളും ക്വിറ്റിന്ത്യാപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസാകട്ടെ വിദേശത്ത് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും പ്രവാസി ഇന്ത്യന്‍ സര്‍ക്കാരും രൂപവത്കരിച്ച്  പ്രവര്‍ത്തിക്കുന്നു. അതിനിടയിലാണ് പെട്ടെന്ന് പറഞ്ഞുഫലിപ്പിക്കാന്‍പറ്റാത്ത ഒരു സിദ്ധാന്തവുമായി സി.പി.ഐ . ദേശീയനേതൃത്വം എത്തുന്നത്-ജനകീയ യുദ്ധം. ജാപ്പ്വിരുദ്ധറാലികളും മറ്റുമായാണ് സി.പി.ഐ. കേരളത്തില്‍ ഇക്കാലത്ത് നിറഞ്ഞുനിന്നത്. തത്കാലം ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിര്‍ക്കുന്നത് സാര്‍വദേശീയമായി ഹിറ്റ്ലര്‍ക്കും മുസോളിനിക്കും അവരുടെ ലോകനാശകാരിയായ  സമീപനത്തിനും അനുകൂലമാകുമെന്നാണ് സി.പി.ഐ. വിശദീകരിച്ചത്. എന്നാല്‍, വലിയ ഒറ്റപ്പെടലിനും ആക്ഷേപത്തിനും പാത്രമാവുകയായിരുന്നു പാര്‍ട്ടി. ഈ പ്രശ്‌നം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായെന്ന് പിന്നീട് വിലയിരുത്തി. നേതാജിയെ ജാപ്പ് ഏജന്റ് എന്നാക്ഷേപിച്ചതടക്കമുള്ള തെറ്റുകള്‍ പാര്‍ട്ടി പിന്നീട് ഏറ്റുപറഞ്ഞു.

ജന്മിത്തവിരുദ്ധ സമരത്തിലൂടെ ഹൃദയങ്ങളിലേക്ക്

1946-ല്‍നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ മലബാറിലെ ചില പ്രദേശങ്ങള്‍ ഉള്‍പ്പെട്ട തമിഴ്നാട്ടിലെ ഒരു മണ്ഡലത്തില്‍നിന്ന് റെയില്‍വേ തൊഴിലാളിനേതാവായ കടയപ്രത്ത് അനന്തന്‍ നമ്പ്യാര്‍ ജയിച്ചതൊഴിച്ചാല്‍  മലബാറിലെ മറ്റുമണ്ഡലങ്ങളില്‍നിന്ന് ആരെയും ജയിപ്പിക്കാന്‍ സി.പി.ഐ.ക്ക് കഴിഞ്ഞില്ല. എന്നാല്‍, ക്വിറ്റിന്ത്യാസമരകാലത്തെ ഒറ്റപ്പെടലില്‍നിന്ന് വേഗം രക്ഷപ്പെടാന്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞു. കൃഷിഭൂമി കൃഷിക്കാരന് നേടിക്കൊടുക്കുന്നതിനായി ജന്മിത്തവിരുദ്ധ സമരവുമായി മുന്നോട്ടുപോകാനായതാണ് അതിനു കാരണം. രണ്ടാംലോകയുദ്ധത്തിന്റെ അന്ത്യത്തില്‍ കടുത്ത വറുതിയിലായി കേരളം. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ഷകപ്രസ്ഥാനം ആഹ്വാനംചെയ്തു. നാടാകെ പട്ടിണിയിലായപ്പോള്‍ ജന്മിമാര്‍ നെല്ല്  പൂഴ്ത്തിവെക്കുന്നത് വലിയ രോഷത്തിനിടയാക്കി. നെല്ല് പിടിച്ചെടുത്ത് വിതരണംചെയ്യുന്ന സമരവും കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യവുമായുള്ള സമരവും രക്തരൂഷിതമായി. 

കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി തുടങ്ങിയ സമരങ്ങള്‍. ഭക്ഷ്യക്ഷാമത്തിനും കൊടും ദാരിദ്ര്യത്തിനുമൊപ്പം കോളറയും പടര്‍ന്നുപിടിച്ചതോടെ കേരളം ദുരന്തമുഖത്തായി. ഈ സന്ദര്‍ഭത്തില്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടി ത്യാഗപൂര്‍വം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സി.പി.ഐ.ക്ക് ജനമനസ്സില്‍ വേരാഴ്ത്താന്‍ സഹായകമായി. ക്വിറ്റിന്ത്യാസമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ താത്കാലികമായെങ്കിലും സഹായിച്ചെന്ന പ്രചണ്ഡമായ പ്രചാരണത്തെ ഒരുപരിധിവരെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍, ക്വിറ്റിന്ത്യാസമരത്തോട് സ്വീകരിച്ച നിലപാട് രൂക്ഷമായ ഭിന്നത സൃഷ്ടിക്കുകയുണ്ടായി.

തിരുവിതാംകൂറിലെ തുടക്കം

തിരുവിതാംകൂറില്‍ ബ്രിട്ടീഷ് മലബാറില്‍നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായി ഇടപെടാന്‍ കഴിയുന്ന സ്ഥിതിയായിരുന്നില്ല അവിടെ. നിവര്‍ത്തനപ്രക്ഷോഭവും സംയുക്ത രാഷ്ട്രീയസഭയും തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ശക്തിപ്പെടലും സംഭവിച്ചെങ്കിലും മലബാറില്‍ സി.എസ്.പി. നേതൃത്വത്തെ അതേപടി കമ്യൂണിസ്റ്റാക്കിയ തന്ത്രം  തിരുവിതാംകൂറില്‍ നടന്നില്ല. സ്റ്റേറ്റ് കോണ്‍ഗ്രസിലെ കമ്യൂണിസ്റ്റുകാരായ എം.എന്‍. ഗോവിന്ദന്‍ നായരും ടി.വി. തോമസും അടക്കമുള്ള നേതാക്കള്‍ നാല്പതുകളുടെ തുടക്കത്തോടെ പരസ്യമായി സി.പി.ഐ.യിലെത്തി. തൊള്ളായിരത്തിമുപ്പതുകളുടെ രണ്ടാംപാദത്തോടെത്തന്നെ ആലപ്പുഴയില്‍ കയര്‍, വള്ളം തൊഴിലാളികളുടെ ശക്തമായ സംഘടനയുണ്ടാവുകയും 1938-ല്‍ അവകാശസമരം നടക്കുകയും ചെയ്തിരുന്നു. പി. കൃഷ്ണപിള്ള ആലപ്പുഴയില്‍ താമസിച്ച് അതിനെല്ലാം മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. ആര്‍. സുഗതന്‍, കെ.വി. പത്രോസ്, സൈമണ്‍ ആശാന്‍, ടി.വി.തോമസ്, പി.ടി. പുന്നൂസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ മേഖലയില്‍ ട്രേഡ് യൂണിയന്റെയും തുടര്‍ന്ന് സി.പി.ഐ.യുടെയും പ്രവര്‍ത്തനമെത്തി. മലബാറില്‍നിന്ന് എ.വി. കുഞ്ഞമ്പുവടക്കമുള്ള നേതാക്കള്‍ ആലപ്പുഴയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. 

ഈ ഘട്ടത്തിലാണ് അന്ന് 15 വയസ്സുകാരനായ വി.എസ്. അച്യുതാനന്ദന്‍ ട്രേഡ് യൂണിയന്‍  പ്രവര്‍ത്തനത്തിലേക്കും സി.പി.ഐ.യിലേക്കും എത്തുന്നതും കൃഷ്ണപിള്ളയുടെ നിര്‍ദേശാനുസരണം കര്‍ഷകത്തൊഴിലാളി സംഘടനയുണ്ടാക്കുന്നതില്‍ മുഴുകിയതും. 1930-കള്‍തൊട്ടേ പി. കേശവദേവ് പത്രാധിപരായി 'തൊഴിലാളി' എന്ന മാസിക തിരു-കൊച്ചിയില്‍ മാര്‍ക്‌സിസ്റ്റ് ആശയപ്രചാരണം നടത്തുന്നുണ്ടായിരുന്നു. 'മൂലധന'ത്തിന്റെ ഏതാനും അധ്യായങ്ങള്‍ മുപ്പതുകളുടെ ആദ്യം അതില്‍ തര്‍ജമചെയ്ത് പ്രസിദ്ധപ്പെടുത്തി. 

കൊച്ചിരാജ്യത്ത്  കൊച്ചിന്‍ കോണ്‍ഗ്രസിലും പ്രജാമണ്ഡലത്തിലും പ്രവര്‍ത്തിച്ചുകൊണ്ടാണ് കെ.കെ. വാര്യര്‍, സി. അച്യുതമേനോന്‍, 
പി.എസ്. നമ്പൂതിരി, ഇ. ഗോപാലകൃഷ്ണമേനോന്‍ അടക്കമുള്ള നേതാക്കള്‍ കമ്യൂണിസത്തിന്റെ വിത്തുവിതയ്ക്കാന്‍ തുടങ്ങിയത്. പി. നാരായണന്‍ നായരടക്കമുള്ള സി.എസ്.പി. നേതാക്കള്‍ ആ മേഖലയിലെ സമരങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്നു. 

അമേരിക്കന്‍മോഡല്‍ അറബിക്കടലില്‍

punnapra vayalar

തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനായുള്ള സമരംനടക്കെ 'ജനാധിപത്യമൊക്കെയാവാം പക്ഷേ, അമേരിക്കന്‍ മോഡല്‍' എന്നൊരു പ്രഖ്യാപനം ദിവാന്‍ സര്‍ സി.പി.യില്‍ന്നുണ്ടായിന്നു. സ്വാതന്ത്ര്യലബ്ധിയടുത്ത സന്ദര്‍ഭത്തില്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ മറ്റൊരു രാജ്യമായി നില്‍ക്കും. നിയമസഭയോട് പൂര്‍ണ ഉത്തരവാദിത്വമുള്ള എക്‌സിക്യുട്ടീവ് എന്ന ബ്രിട്ടീഷ് സമ്പ്രദായത്തിനുപകരം അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായമുള്ള സ്വതന്ത്ര തിരുവിതാംകൂര്‍. ദിവാന്റെ ഈ വാദത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് തള്ളി. കമ്യൂണിസ്റ്റ് പാര്‍ട്ടിയാവട്ടെ അമേരിക്കന്‍ മോഡലിനും വിട്ടുപോകല്‍ വാദത്തിനുമെതിരേ പ്രത്യക്ഷസമരവുമായി രംഗത്തെത്തി. 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യത്തോടെയായിരുന്നു സായുധസമരം. 

പുന്നപ്രയും വയലാറും

ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും സി.പി. രാമസ്വാമി അയ്യരുടെ മര്‍ദക നയത്തിനെതിരേ സായുധ സമരങ്ങള്‍ നടന്നു. സൈന്യത്തെ വാരിക്കുന്തമെടുത്ത് ചെറുത്തവര്‍ കൂട്ടമായി കൊലചെയ്യപ്പെട്ടു. ആയിരത്തോളം പേര്‍ രക്തസാക്ഷികളായി. നിരവധി പോലീസുകാരും കൊല്ലപ്പെട്ടു. തെലങ്കാനയില്‍ നൈസാം ഭരണത്തിനെതിരേ സി.പി.ഐ.യുടെ നേതൃത്വത്തില്‍ സായുധകലാപം പൊട്ടിപ്പുറപ്പെടുന്ന അതേ സന്ദര്‍ഭത്തിലായിരുന്നു പുന്നപ്ര-വയലാര്‍ സംഭവവും. പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളിമുന്നേറ്റത്തെ കൂട്ടക്കൊലയിലൂടെ അമര്‍ച്ചചെയ്‌തെങ്കിലും അന്തിമപരാജയം ദിവാന്‍ഭരണത്തിനുതന്നെയായിരുന്നു. മുന്‍ തീരുമാനങ്ങളില്‍നിന്ന് പിറകോട്ടുപോകേണ്ടിവന്നുവെന്നുമാത്രമല്ല, ഏതാനും മാസത്തിനകം വെട്ടേറ്റ് സര്‍ സി.പി.ക്ക് അപമാനിതനായി കേരളം വിട്ടുപോകേണ്ടിയും വന്നു.  

കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്ജ്വല സമരകഥ
അറിയാം നിങ്ങള്‍ക്കൊരു കഥയല്ലതു
പൊരുതും മാനവചരിതത്തില്‍
ഉടനീളം ചുടുചോരയിലെഴുതിയ
തുടുതുടു നില്‍ക്കും പരമാര്‍ഥം

എന്ന് വയലാര്‍ അതേക്കുറിച്ച് പാടി.  

ഉയരും ഞാന്‍ നാടാകെ 
പടരും പുത്തനുയിര്‍ 
നാട്ടിന്നേകിക്കൊണ്ടുയരും വീണ്ടും   
 എന്ന് പി.ഭാസ്‌കരനും. 

തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പുന്നപ്ര-വയലാര്‍ നിര്‍ണായകമായി.  

 

''സോവിയറ്റെന്നൊരു നാടുണ്ടത്രേ...''


സ്വന്തം രാജ്യത്തെ യാഥാര്‍ഥ്യങ്ങള്‍ വിലയിരുത്തി ശരിയായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ വന്ന വീഴ്ചകളുടെ പരമ്പരയാണ് നാല്പതുകളില്‍ സംഭവിച്ചത്. ചൂഷണമുക്തവും ജാതിരഹിതവും മതവിദ്വേഷമില്ലാത്തതുമായ സമത്വസുന്ദരമായ ഒരു ലോകം എന്ന ലക്ഷ്യത്തോടെ വൈകാരികമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം. എന്നാല്‍, അതിനുള്ള പരിപാടികള്‍ക്കായി മോസ്‌കോയിലേക്ക് തുടരെ നോക്കിക്കൊണ്ടിരിക്കുന്ന കാലം. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പറ്റിയ ആ തെറ്റ് പിന്നെയും കുറേക്കാലം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 

പാര്‍ട്ടി നേതാവുകൂടിയായ കവി കെ.പി.ജി. എഴുതിയ കവിത വാസ്തവത്തില്‍ കമ്യൂണിസ്റ്റുകാരുടെ അക്കാലത്തെ മൊത്തം വികാരമായിരുന്നു- നാണി എന്ന തൊഴിലാളി സ്ത്രീ സഹപ്രവര്‍ത്തകയോട് പറയുന്ന മട്ടിലാണ് കവിത- ''സോവിയറ്റെന്നൊരു നാടുണ്ടത്രെ, പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം'' എന്നതാണ് നാണിയുടെ ചിന്ത. കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ സ്ഥലങ്ങളെല്ലാം അന്ന് മോസ്‌കോ, കൊച്ചുമോസ്‌കോ എന്നൊക്കെ അറിയപ്പെട്ടു. 

പ്രത്യയശാസ്ത്രപരമായ സന്ദേഹങ്ങള്‍

പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷത്തിനകം ബോംബെയില്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നെങ്കിലും വ്യക്തമായ പദ്ധതിയുണ്ടായിരുന്നില്ല. വലിയ ആശയക്കുഴപ്പങ്ങളും സംഘടനാപ്രശ്‌നങ്ങളും ഉടലെടുക്കുന്നതിന് ഇത് കാരണമായി. ലോകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം അതത് രാജ്യത്തെ സ്ഥിതിഗതികള്‍ക്കനുസരിച്ച് സ്വന്തം പരിപാടി ആവിഷ്‌കരിച്ച് മുന്നോട്ടുപോകാന്‍ പ്രാപ്തമാണ് അതിനാല്‍ റഷ്യയിലേക്ക് നോക്കേണ്ടെന്ന സൂചനയോടെ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ 1943 മേയില്‍ പിരിച്ചുവിടപ്പെട്ടു. അത് സി.പി.ഐ. അടക്കമുള്ള പാര്‍ട്ടികള്‍ക്ക് വലിയ അടിയായി. ഏതാനും മാസത്തിനകം കേരളത്തിലെ സി.പി.ഐ. സംസ്ഥാന കമ്മിറ്റി സെക്രട്ടറി കൃഷ്ണപിള്ള സ്വന്തം നിലയ്ക്ക് പിരിച്ചുവിട്ടു. പാര്‍ട്ടിയിലാകെ വലിയ അങ്കലാപ്പുണ്ടാക്കിയ ഈ നടപടി കേന്ദ്രനേതൃത്വം ഇടപെട്ട് റദ്ദാക്കുകയായിരുന്നു. പ്രത്യയശാസ്ത്രപരമായ സന്ദേഹങ്ങളും സംഘടനാപ്രശ്‌നവുമാണ് പിരിച്ചുവിടലിന് കാരണമായത്. തര്‍ക്കം തുടര്‍ന്നുകൊണ്ടിരുന്നു. രൂക്ഷമായ അഭിപ്രായവ്യത്യാസം കാരണം മുതിര്‍ന്ന നേതാക്കളായ സി.എച്ച്. കണാരനെയും ടി.കെ. രാജുവിനെയും കൃഷ്ണപിള്ള സസ്‌പെന്‍ഡ് ചെയ്തു. 

മലബാര്‍ മേഖലാ സെക്രട്ടറിയായിരുന്ന കെ. ദാമോദരനെ കേന്ദ്രനേതൃത്വം അറിയാതെ സ്ഥാനത്തുനിന്നുമാറ്റി. അതും അന്ന് കേരളത്തില്‍നിന്നുള്ള ഏക കേന്ദ്ര കമ്മിറ്റി അംഗമായ ഇ.എം.എസ്. ഇടപെട്ട് പിന്‍വലിപ്പിച്ചു.  ഇങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയാണ് നാല്പതുകളില്‍ സി.പി.ഐ. മുന്നോട്ടുപോയത്. എന്നിട്ടും ഉലച്ചിലൊന്നുമില്ലാതെ ബഹുജന പ്രശ്‌നങ്ങളില്‍ ഇടപെട്ടു. നാല്പതുകളുടെ ആദ്യംതന്നെ കോഴിക്കോട്ട് തിരുവണ്ണൂരിലെയും  കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെയും  തൊഴില്‍ശാലകളില്‍ നടന്ന  സമരങ്ങള്‍, ആലപ്പുഴയില്‍ 1938-ല്‍ ആരംഭിച്ചതുപോലുള്ള ട്രേഡ് യൂണിയന്‍ മുന്നേറ്റം മലബാര്‍ മേഖലയിലും ഉണ്ടാക്കി. പാപ്പിനിശ്ശേരി ആറോണ്‍ മില്ലില്‍ 30 തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരേ ഒന്നര മാസത്തോളം നടന്ന സമരത്തിലൂടെയാണ് ഇ.കെ. നായനാരും കാന്തലോട്ട് കുഞ്ഞമ്പുവും അടക്കമുള്ളവര്‍ നേതൃനിരയിലെത്തിയത്.  

കരിവള്ളൂരും കാവുമ്പായിയും

പുന്നപ്ര-വയലാര്‍ സമരത്തിനുശേഷമാണ് മലബാറില്‍ ജന്മിമേധാവിത്വത്തിനെതിരായ കര്‍ഷകസമരങ്ങള്‍ വ്യാപകമായത്. വയലാര്‍ സമരം ചോരയില്‍മുക്കിക്കൊന്നതോടെ ഇനി വലിയ ചെറുത്തുനില്പുകളൊന്നുമുണ്ടാവില്ലെന്ന് അധികാരികള്‍ കരുതിയെങ്കിലും രണ്ടുമാസത്തിനകം ഡിസംബര്‍ 20-ന് കരിവെള്ളൂരില്‍ നെല്ല് കടത്തലിനെതിരേ സമരം നടന്നു. എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലായിരുന്നു സമരം. നാട്ടുകാര്‍ പട്ടിണി കിടക്കെ നെല്ല് പൂഴ്ത്തിവെക്കാനായി കടത്തുമ്പോള്‍ തടയുകയായിരുന്നു. യന്ത്രത്തോക്കുകളുമായി പോലീസ് നേരിട്ടു. 16 വയസ്സുകാരനായ  കീനേരി കുഞ്ഞമ്പുവും തിടില്‍ കണ്ണനും കൊല്ലപ്പെട്ടു. എ.വി. കുഞ്ഞമ്പുവടക്കമുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

1946 മധ്യത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ കാവുമ്പായിയില്‍ പൊനംകൊത്ത് സമരം ആരംഭിച്ചത്. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തരിശുകുന്നിന്‍ചരിവുകളിലെ കാട് തെളിയിച്ച് കൃഷിയിറക്കല്‍. ഈ സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസെത്തി. നാട്ടുകാര്‍ കുന്നില്‍ കയറിനിന്ന് പ്രതിരോധം തീര്‍ത്തു. 1946 ഡിസംബര്‍ 30-ന് കുന്ന് വളഞ്ഞ് പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചു യുവാക്കള്‍ രക്തസാക്ഷികളായി. അറസ്റ്റിലായവരില്‍ രണ്ടു നേതാക്കള്‍ പിന്നീട് സേലം ജയിലിലെ വെടിവെപ്പില്‍ രക്തസാക്ഷികളായി. മലബാറില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കര്‍ഷകസമരങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റുചെയ്ത് സേലം ജയിലിലടയ്ക്ക?െപ്പട്ടവരാണ് 1950 ഫെബ്രുവരി 11-ന് സേലം ജയിലില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട 22-ല്‍ 19-പേരും. ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ളവരായിരുന്നു മറ്റു മൂന്നുപേര്‍. 

നാല്പതുകളുടെ ആദ്യപകുതിയില്‍ത്തന്നെയാണ് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ മേഖലയില്‍ തോല്‍-വിറക് സമരവും(''തോലും വിറകും ഞങ്ങളെടുക്കും കാലന്‍ വന്നു തടുത്താലും'' -ടി.എസ്. തിരുമുമ്പിന്റെ കവിത)  കോഴിക്കോട് ജില്ലയിലെ കൂത്താളിയില്‍ തരിശുഭൂമി പിടിച്ചെടുത്ത് കൃഷി ചെയ്യുന്നതിനായുള്ള സമരവും(''ചത്താലും ചെത്തും കൂത്താളി'' എന്ന മുദ്രാവാക്യത്തോടെ) നടന്നത്. കേരളീയന്‍, എ.വി. കുഞ്ഞമ്പു, എം.കെ. കേളു എന്ന കേളുവേട്ടന്‍ തുടങ്ങിയവര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

രണദിവെ തീസീസ് അഥവാ കൊല്‍ക്കത്ത വ്യാഖ്യാനം

രാജ്യം സ്വതന്ത്രമാകുന്ന ഘട്ടത്തിലും എ.കെ.ജി.യടക്കമുള്ള നേതാക്കളില്‍ പലരും ജയിലിലോ ഒളിവിലോ ആയിരുന്നു. സ്വതന്ത്രമായ  ശേഷം ഏതാനും മാസക്കാലം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍, സി.പി.ഐ.ക്കകത്ത് അതിരൂക്ഷമായ പരിപാടിത്തര്‍ക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. ജനറല്‍ സെക്രട്ടറി പി.സി. ജോഷി റിവിഷനിസ്റ്റാണെന്ന് ആക്ഷേപിച്ചുകൊണ്ട് ബി.ടി. രണദിവെയുടെ നേതൃത്വത്തില്‍ ഉള്‍പ്പാര്‍ട്ടി കാമ്പയിന്‍ ആരംഭിച്ചു. നെഹ്രുവിന്റെ കരങ്ങള്‍ക്ക് ശക്തി പകരുക, പട്ടേലിനെ ഒറ്റപ്പെടുത്തുക എന്ന ഒരു ലൈനാണ് സ്വാതന്ത്യ്രാനന്തരം പി.സി. ജോഷി സ്വീകരിച്ചത്.  ഈ ലൈന്‍ ബൂര്‍ഷ്വാസിയുമായുള്ള ചങ്ങാത്തവും ഒറ്റലുമാണെന്ന് പ്രചരിപ്പിച്ച് പാര്‍ട്ടി നേതൃത്വത്തിനകത്ത് രണദിവെ മേധാവിത്വം നേടുകയായിരുന്നു. 

1948 ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രണദിവെ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം 'റിവിഷനിസ'ത്തിനെതിരായ കടന്നാക്രമണമായിരുന്നു. വലതുവ്യതിയാനം എന്നാക്ഷേപിച്ച് കടുത്ത ഇടതുവ്യതിയാനത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് ആസകലം മുങ്ങുകയായിരുന്നു. ഇന്ത്യയ്ക്ക് ലഭിച്ചത് യഥാര്‍ഥ സ്വാതന്ത്ര്യമല്ല, കേവലം അധികാരക്കൈമാറ്റം മാത്രമാണ് നടന്നതെന്നും രണദിവെ വ്യക്തമാക്കി.  ഇന്ത്യന്‍ ബൂര്‍ഷ്വാസിയും ബ്രിട്ടീഷ് സാമ്രാജ്യത്വവും തമ്മിലുള്ള ഒത്തുതീര്‍പ്പാണ്, ഇത് വഞ്ചനയാണ്, റഷ്യന്‍ വിപ്ലവകാലത്തെ അവസ്ഥയാണിന്ത്യയിലിപ്പോള്‍, അതിനാല്‍ അവിടത്തെ മാതൃകയില്‍ പോരാട്ടം നടത്തി തൊഴിലാളിവര്‍ഗത്തിന് അധികാരം ലഭ്യമാക്കണം എന്ന രണദിവെ തീസിസ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. റിവിഷനിസ്റ്റായി മുദ്രകുത്തി നിലവിലുള്ള ജനറല്‍ സെക്രട്ടറിയായ ജോഷിയെ ഒറ്റപ്പെടുത്തി. കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തി അദ്ദേഹത്തെ മാത്രം തോല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണദിവെ ജനറല്‍ സെക്രട്ടറിയാവുകയും കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് ഇ.എം.എസിന് പുറമേ കൃഷ്ണപിള്ളയെയും കെ.സി. ജോര്‍ജിനെയും ഉള്‍പ്പെടുത്തുകയും ചെയ്തു. കെ.പി.ആര്‍. ഗോപാലനെ കണ്‍ട്രോള്‍ കമ്മിഷനിലും ഉള്‍പ്പെടുത്തി.

കോറോം - തില്ലങ്കേരി- മുനയന്‍കുന്ന് - ഒഞ്ചിയം - പാടിക്കുന്ന്

സായുധ ചെറുത്തുനില്‍പ്പടക്കം ലക്ഷ്യമിടുന്ന കൊല്‍ക്കത്താ തീസിസ് പാസാക്കി പുറത്തെത്തുമ്പോഴേക്കും വീണ്ടും നിരോധനവും പരക്കെ പോലീസ് നടപടികളുമായി. തുടര്‍ന്ന് മൂന്ന് വര്‍ഷം ഒളിവില്‍ പ്രവര്‍ത്തനം. കൊല്‍ക്കത്താ തീസീസിന്റെ ആവേശത്തിലാണ് പിന്നീട് ജന്മിത്തവിരുദ്ധസമരങ്ങള്‍ ശക്തിപ്പെട്ടത്. 1948-ലെ വിഷുക്കാലത്താണ് കണ്ണൂര്‍ ജില്ലയിലെ കോറോത്തും തില്ലങ്കേരിയിലും നെല്ല് പൂഴ്ത്തിവെക്കുന്നതിനെതിരേ സമരം നടന്നത്. 

ഏപ്രില്‍ 12-ന് കോറോത്ത് വെടിവെപ്പ് നടന്നു. വെടിവെപ്പിലും അതുമായി ബന്ധപ്പെട്ടുണ്ടായ മറ്റ് സംഭവങ്ങളിലുമായി കോറോത്തെ ഏഴ് കര്‍ഷക പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ഏപ്രില്‍ 15-ന് വിഷുനാളില്‍ പട്ടിണി കിടക്കാനാവില്ലെന്ന മുദ്രാവാക്യത്തോടെ തില്ലങ്കേരിയില്‍ പൂഴ്ത്തിവെച്ച നെല്ല് വിതരണം ചെയ്യാനാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കര്‍ഷകപ്രവര്‍ത്തകരെ വെടിവെച്ചു. തില്ലങ്കേരിയില്‍ മാത്രം എട്ടു പേരാണ് രക്തസാക്ഷികളായത്. അതേ വര്‍ഷം മേയ് ഒന്നിന് കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയ്ക്കടുത്ത് മുനയംകുന്നില്‍ നെല്ലെടുപ്പ് സമരം നടത്തിയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ഒളിയിടം വളഞ്ഞ് പോലീസ് നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ രക്തസാക്ഷികളായി. കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകസമരത്തിന് തിരികൊളുത്തിയ കെ.സി. കുഞ്ഞാപ്പുമാസ്റ്ററടക്കം ആറുപേര്‍.

1948 ഏപ്രില്‍ 30-ന് രാത്രി കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് കൊല്‍ക്കത്താ തീസീസ് പഠിപ്പിക്കാന്‍ സി.പി.ഐ. രഹസ്യയോഗം കൂടുന്നതറിഞ്ഞ് പോലീസ് എത്തി. പോലീസിനെ ജനക്കൂട്ടം തടയുകയും വെടിവെപ്പുണ്ടാവുകയും ചെയ്തു. പത്തു പേര്‍ രക്തസാക്ഷികളായി. കൊച്ചിയില്‍ വിശ്വനാഥമേനോന്‍, എന്‍.കെ. മാധവന്‍, എം.എം. ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം നടന്നു(1950 ഫെബ്രുവരി 28). 1950 മേയ് നാലിന് കണ്ണൂര്‍ പാടിക്കുന്നില്‍ രൈരു നമ്പ്യാര്‍, കുട്ട്യപ്പ, ഗോപാലന്‍ എന്നീ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ നിരത്തിനിര്‍ത്തി വെടിവെച്ചുകൊന്നു. 

ഇങ്ങനെ കൊല്‍ക്കത്താ തീസിസും അതിന്റെ അടിസ്ഥാനത്തിലുള്ള സംഭവങ്ങളും നടന്നുകൊണ്ടിരിക്കെയാണ് ആ തീസീസ് തന്നെ ആത്മഹത്യാപരമാണെന്നും വലിയ പാളിച്ചയാണെന്നും വിമര്‍ശമുണ്ടാകുന്നത്. കൊല്‍ക്കത്താ തീസീസ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒളിവിലിരുന്ന് ഏകോപിപ്പിക്കുന്നതിനിടയിലാണ് സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ള 1948 ഓഗസ്റ്റ് 19-ന് ആലപ്പുഴ മുഹമ്മയ്ക്കടുത്ത് കണ്ണര്‍കാട്ടെ ഒരു കുടിലില്‍വെച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ആ വര്‍ഷംതന്നെ മേയ്  12-നാണ് മൊയാരത്ത് ശങ്കരനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ച് തല്ലിയ ശേഷം പോലീസിലേല്‍പ്പിക്കുകയും പോലീസ് തല്ലിക്കൊല്ലുകയും ചെയ്തത്. ഉപ്പ് സത്യാഗ്രഹനായകരിലൊരാളും പത്രാധിപരും കോണ്‍ഗ്രസിന്റെ ചരിത്രകാരനും കൂടിയായിരുന്നു മൊയാരത്ത്.

വിടരുന്ന ചെന്താരകം

സ്റ്റാലിനെ കാണാന്‍ മോസ്‌കോയില്‍

കല്‍ക്കട്ടാ തീസീസിനെതിരേ ഉയര്‍ന്ന ശക്തമായ വിമര്‍ശനം ഒരു വര്‍ഷത്തിനകംതന്നെ രണദിവെയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിലേക്കെത്തിച്ചു.  പി.സി. ജോഷിയെപ്പോലെ ഒറ്റപ്പെട്ട് പുറത്തേക്ക്. പകരം സി. രാജേശ്വരറാവു ജനറല്‍ സെക്രട്ടറിയായി. പരിപാടി എന്താവണമെന്നതിലായി പിന്നെ തര്‍ക്കം. തെലങ്കാന മാതൃകയില്‍ (ചൈനീസ് മാതൃക)  കര്‍ഷകര്‍ ഗ്രാമങ്ങള്‍ പിടിച്ചുപിടിച്ച് രാജ്യമാകെ മോചിപ്പിക്കുന്ന ലൈന്‍ ആന്ധ്രക്കാരായ രാജേശ്വരറാവുവും സുന്ദരയ്യയും ബാസവപുന്നയ്യയും മുന്നോട്ടുവെച്ചു.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉറച്ചുനിന്ന് ഇന്ത്യന്‍വിപ്ലവം യാഥാര്‍ഥ്യമാക്കാമെന്ന് എസ്.എ. ഡാങ്കേ, അജയഘോഷ്, എസ്.വി. ഘാട്ടെ എന്നിവരും. തര്‍ക്കംതീര്‍ത്ത് പരിപാടി തയ്യാറാക്കാന്‍ ഇരുപക്ഷത്തെയും പ്രതിനിധാനം ചെയ്ത് രാജേശ്വരറാവു, ബാസവപുന്നയ്യ, ഡാങ്കേ, അജയഘോഷ് എന്നിവര്‍ സ്റ്റാലിനെ കാണാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെയെല്ലാം കണ്ണുവെട്ടിച്ച് അതിരഹസ്യമായി മോസ്‌കോയിലേക്ക് പോയി.

തെറ്റുതിരുത്തി ജനകീയ ജനാധിപത്യത്തിലേക്ക്

നാലുമാസം അവിടെ താമസിച്ച് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് കമ്യൂണിസ്റ്റ് നേതാക്കളുമായി അവര്‍ ചര്‍ച്ച നടത്തി. റഷ്യന്‍ പാതയോ ചൈനീസ് പാതയോ നോക്കിയല്ല, ഇന്ത്യന്‍ യാഥാര്‍ഥ്യം മനസ്സിലാക്കി നിങ്ങള്‍തന്നെ പരിപാടി തയ്യാറാക്കണമെന്ന ഉപദേശമാണ് സ്റ്റാലിന്‍ നല്‍കിയതെന്ന് പിന്നീട് വ്യക്തമായി. പ്രതിനിധികളായി പോയവര്‍ മോസ്‌കോയില്‍വെച്ച് ചര്‍ച്ച നടത്തിയാണ് 1951-ലെ നയപ്രഖ്യാപനം എന്നറിയപ്പെടുന്ന പരിപാടി തയ്യാറാക്കിയത്.  

ആ വര്‍ഷം ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രത്യേകസമ്മേളനം രണദിവെ തീസീസ് തള്ളിക്കളഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യം പ്രഹസനമാണെന്ന അതിലെ നിരീക്ഷണം തള്ളി എന്നുമാത്രമല്ല ആ തീസീസിലൂടെ പ്രസ്ഥാനത്തിന് വന്‍ തകര്‍ച്ചയുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം ചുമത്തി രണദിവെ അടക്കമുള്ള അഞ്ച് നേതാക്കളെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും മാറ്റുകയും ചെയ്തു. 

ജനകീയ ജനാധിപത്യം കൈവരിക്കാന്‍ പാര്‍ലമെന്ററിയടക്കമുള്ള മേഖലകളുപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ആ സമ്മേളനം നിരോധനം പിന്‍വലിപ്പിച്ച് മുഖ്യധാരാ പ്രവര്‍ത്തനത്തിന് വഴിയൊരുക്കി. കേരളത്തില്‍നിന്ന് ഇ.എം.എസിനും കെ.സി. ജോര്‍ജിനും പുറമേ എന്‍.സി. ശേഖര്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, സി. അച്യുതമേനോന്‍, എന്‍.ഇ. ബാലറാം എന്നിവരാണ് അതില്‍ സംബന്ധിച്ചത്. 

ഉദിച്ചുയരുന്നു ഗൗരിയമ്മ

തിരുവിതാംകൂറില്‍ കല്‍ക്കട്ടാ തീസീസിന് തൊട്ടുമുമ്പ്, അതായത് 1948- ജനുവരിയിലായിരുന്നു തിരഞ്ഞെടുപ്പ്. പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് നേതാക്കളെല്ലാം ഒളിവില്‍. പി. കൃഷ്ണപിള്ളയും ഭാര്യ തങ്കമ്മയും കെ.ആര്‍. ഗൗരിയുടെ വീട്ടില്‍ ഒളിച്ചുതാമസം. ഗൗരിയുടെ സഹോദരന്‍ സുകുമാരന്‍ സമരനേതാക്കളിലൊരാളായിരുന്നു. ആയിടെ മാത്രം വക്കീലായി പ്രാക്ടീസ് തുടങ്ങിയ ഗൗരിയുടെ ശ്രദ്ധ കൂടുതലും പാര്‍ട്ടി പ്രവര്‍ത്തനത്തിലായി. തിരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ ഗൗരി സ്ഥാനാര്‍ഥിയായി. ഗൗരിയും ടി.വി. തോമസും പി.ടി. പുന്നൂസുമടക്കം മത്സരിച്ച 40 സ്ഥാനാര്‍ഥികളും തോറ്റുവെന്ന് മാത്രമല്ല ടി.വി.യും ഗൗരിയുമടക്കം നാലുപേര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത്. കല്‍ക്കട്ടാ തീസീസ് വന്ന് കുറച്ചുനാള്‍ക്കകം ഗൗരിയെ അറസ്റ്റുചെയ്ത് പോലീസ് ലോക്കപ്പിലും പിന്നീട് ജയിലിലുമടച്ചു. കേരളരാഷ്ട്രീയത്തിലെ ഏറ്റവും ഉജ്ജ്വല വനിതാനേതൃത്വത്തിന്റെ ഉദ്ഭവമായി അത്. 

തിരഞ്ഞെടുപ്പ്  രാഷ്ട്രീയത്തിന്റെ രുചി

നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ജനകീയ ജനാധിപത്യ മുദ്രാവാക്യവും കൃഷി ഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യവുമായി പാര്‍ട്ടി ഒന്നാം പൊതുതിരഞ്ഞെടുപ്പില്‍ പൂര്‍ണമായും രംഗത്തിറങ്ങി. കോണ്‍ഗ്രസിനോട് വിടപറഞ്ഞ് കെ. കേളപ്പനടക്കമുള്ള നേതാക്കള്‍ രൂപവത്കരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. മലബാറില്‍ കോണ്‍ഗ്രസിന് വലിയ പരാജയമാണുണ്ടായത്. സി.പി. ഐ.-കെ.എം.പി. മുന്നണിയിലെ എ.കെ.ജി.യും കേളപ്പനും കെ.എ. ദാമോദരമേനോനും നെട്ടൂര്‍ പി. ദാമോദരനും എം.പി.മാരായി. തിരുവിതാംകൂറില്‍ മീനച്ചിലില്‍ മത്സരിച്ച പി.ടി. പുന്നൂസിന്റെ ജയവും സി.പി.ഐ.യ്ക്ക് ആശ്വാസമായി. 

ems ministry
സ്ഥാനമേറ്റശേഷം പുറത്തുവരുന്ന ആദ്യ ഇ.എം.എസ്. മന്ത്രിസഭയിലെ അംഗങ്ങള്‍

റഷ്യയോ ചൈനയോ

1946-ലും '48-ലും നടന്ന തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും നേടാനാവാത്ത സി.പി.ഐ. പരാജയപരമ്പരകളെ അതിജീവിച്ച് മുന്നോട്ടേക്ക് കുതിക്കുന്നതിനിടയില്‍ അഭിപ്രായഭിന്നതകള്‍ തലപൊക്കാന്‍ തുടങ്ങി. വില്ലന്മാര്‍ റഷ്യയും ചൈനയും തന്നെ. തെലങ്കാന സമരത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ, പ്രത്യേകിച്ച് നെഹ്രുവിന്റെ നയത്തില്‍ ഇടതനുകൂലപ്രവണതകള്‍ കാണാന്‍ തുടങ്ങിയത് സി.പി.ഐ.യിലെ ഒരു വിഭാഗത്തില്‍ പ്രതീക്ഷയുളവാക്കി. ക്രൂഷ്ചേവും ബുള്‍ഗാനിനും ഇന്ത്യയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനനുകൂല പ്രസ്താവന നടത്തി. 1953-ല്‍ മധുരയില്‍ നടന്ന സി.പി.ഐ. മൂന്നാം കോണ്‍ഗ്രസില്‍ നയപരമായ ഭിന്നതകള്‍ ഉടലെടുത്തു. 

1956-ല്‍ പാലക്കാട്ടുനടന്ന  നാലാം കോണ്‍ഗ്രസില്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് വോട്ടെടുപ്പ് നടന്നു. കോണ്‍ഗ്രസുമായി സഹകരിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തി കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമായ നയപരിപാടി നടപ്പാക്കിക്കണം എന്ന പ്രമേയം വോട്ടിനിട്ട് നിരാകരിക്കുകയായിരുന്നു.  ഈ പ്രശ്‌നങ്ങളും സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അനുകൂല നിലപാടും സി.പി.ഐ.ക്കകത്തെ ഭിന്നത രൂക്ഷമായി വളര്‍ത്തിക്കൊണ്ടിരുന്നു. പാര്‍ട്ടി ആദ്യം അധികാരത്തില്‍ വരുമെന്ന് നിരീക്ഷകരടക്കം കരുതിയ ആന്ധ്രയില്‍ 1956-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയാണുണ്ടായത്.

എന്നാല്‍, ആന്ധ്രയിലെ തിരിച്ചടിയും ജനകീയ ജനാധിപത്യം എന്ന ദീര്‍ഘകാല ലക്ഷ്യംനേടുന്നതിന് താത്കാലികമായി സ്വീകരിക്കേണ്ട അടവിന്റെ കാര്യത്തിലുള്ള ഭിന്നാഭിപ്രായവും കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കത്തെ ബാധിച്ചില്ല. നാല്‍പതുകളില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയത് എന്തിനു വേണ്ടിയായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമമാണ് സി. പി.ഐ. ഒറ്റക്കെട്ടായി നടത്തിയത്. പാര്‍ട്ടിക്കകത്തെ ഭിന്നാഭിപ്രായം പുറത്തറിയിക്കാതിരിക്കാനും സാധിച്ചു.

ചരിത്രമായി മാറിയ സ്ഥാനാരോഹണം

ഐക്യകേരളം രൂപവത്കരിച്ച ശേഷമുള്ള ആദ്യനിയമസഭാ തിരഞ്ഞെടുപ്പും രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പും 1957 ഫെബ്രുവരി 28-നായിരുന്നു. മുന്നണിയല്ലാതെ മത്സരം. 114 മണ്ഡലങ്ങളിലായി 126 പേരെ നിയമസഭയിലേക്കും 17 മണ്ഡലത്തിലായി 18 പേരെ ലോക്സഭയിലേക്കും തിരഞ്ഞെടുക്കണം. ലോക്സഭയിലേക്ക് തിരുവിതാംകൂറില്‍ മികച്ച വിജയം സി.പി.ഐ.ക്കായിരുന്നു. മലബാറില്‍ അത്രതന്നെ വിജയം ലഭിച്ചില്ല. കാസര്‍കോട്ട് എ.കെ.ജി.യുടെ വിജയം ആശ്വാസമായി. 

നിയമസഭയിലേക്ക് 60 സ്വന്തം സ്ഥാനാര്‍ഥികളെയും അഞ്ച് സ്വതന്ത്രരെയും ജയിപ്പിച്ച് ഒറ്റയ്ക്ക് അധികാരത്തിലെത്തുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ലോകത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി എന്ന പ്രചാരണം ലോകത്തെങ്ങുമുണ്ടായി. രാജ്യത്താകെ പുരോഗമന ശക്തികളെ ആവേശം കൊള്ളിക്കുകയും പ്രചോദനമേകുകയും ചെയ്തുകൊണ്ട് '57 ഏപ്രില്‍ അഞ്ചിന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ക്കും പി. കൃഷ്ണപിള്ളയ്ക്കും ആദരാഞ്ജലികളര്‍പ്പിച്ച ശേഷം ഇ.എം.എസ്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. 

അധികാരത്തിലെത്തി ആറാമത്തെ ദിവസമാണ് ഒഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സ്  കൊണ്ടുവന്നത്. രാജ്യത്താകെ വലിയ ചലനം സൃഷ്ടിച്ച സംഭവമായിരുന്നു അത്. ഭൂപരിഷ്‌കരണത്തിലേക്കുള്ള ചുവടുവെപ്പ്. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും കുടിയാന്മാരെയും സംബന്ധിച്ച് ആഹ്ലാദം പകര്‍ന്ന തീരുമാനം.  തുടര്‍ന്ന് രണ്ട് വര്‍ഷത്തിനകം ഭൂപരിഷ്‌കരണനിയമം പാസാക്കി. അടുത്തത് വിദ്യാഭ്യാസനിയമം. സര്‍ക്കാര്‍ സ്‌കൂളുകളിലേതുപോലെ സ്വകാര്യ സ്‌കൂളുകളിലും അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്നതിനും അധ്യാപക നിയമനത്തിന് പൊതുമാനദണ്ഡം കൊണ്ടുവരുന്നതിനുമുദ്ദേശിച്ചുള്ള നിയമം. മാനേജര്‍മാരുടെ അധികാരം കവരുന്നുവെന്ന പേരില്‍ വലിയ എതിര്‍പ്പുണ്ടായി. ഭൂപരിഷ്‌കരണനിയമത്തിനും വലിയ എതിര്‍പ്പ്. അധികാരവികേന്ദ്രീകരണത്തിനായി രണ്ട് ബില്ലുകളും സഭയില്‍ അവതരിപ്പിച്ചു.

വിമോചനസമരം

ബില്‍ പാസാക്കിയ അസംബ്ലിസമ്മേളനം അവസാനിച്ചപ്പോഴേക്കും വിമോചനസമരത്തിന്റെ തുടക്കമായി. 1959 ജൂണ്‍ 13-ന് തുടങ്ങിയ വിമോചനസമരത്തില്‍ അങ്കമാലിയിലടക്കം ഒട്ടേറെ കേന്ദ്രങ്ങളില്‍ പോലീസ് വെടിവെപ്പുണ്ടായി. കുറേയധികം പേര്‍ കൊല്ലപ്പെട്ടു. ഒടുവില്‍ 1959 ജൂലായ് 31-ന് മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിട്ടു. 

തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പുറത്താക്കിക്കാന്‍ നടത്തിയ സമരം കേരളസമൂഹത്തില്‍ വലിയ ജീര്‍ണതയ്ക്ക് തുടക്കം കുറിച്ചുവെന്ന വിമര്‍ശനമാണ് പില്‍ക്കാലത്ത് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഉയര്‍ത്തിയത്. രാഷ്ട്രീയത്തില്‍ വര്‍ഗീയ-സാമുദായിക ശക്തികളുടെ നിരന്തര ഇടപെടലിന് ഇടകൊടുത്തുവെന്നും വിമര്‍ശനമുണ്ടായി. എന്നാല്‍, സംസ്ഥാനത്ത് സെല്‍ ഭരണം അടിച്ചേല്‍പ്പിച്ചതിനെതിരായ ജനരോഷമാണ് വിമോചനസമരത്തിനിടയാക്കിയതെന്നാണ് എതിര്‍വിഭാഗത്തിന്റെ പക്ഷം.  കഷ്ടിച്ച് 28 മാസമേ ഭരണത്തിലിരുന്നുള്ളൂവെങ്കിലും കേരളത്തില്‍ കമ്യൂണിസത്തിന്റെ വേരാഴ്ത്താന്‍ ആദ്യ ഐക്യകേരള സര്‍ക്കാരിന് കഴിഞ്ഞു. 

Content Highlights: communist party history in kerala