നിതാജയിലുകളിലെ ജീവിതങ്ങളെ തേടി ആദ്യം പോയത് വിയ്യൂർ ജയിലിലേക്കായിരുന്നു. മൊബൈൽ ഫോൺ, സ്പൈക്യാം, റെക്കോർഡർ തുടങ്ങിയ സംവിധാനങ്ങളെന്തെങ്കിലും ശരീരത്തിൽ ഒളിച്ചുകടത്തുന്നുണ്ടോ എന്ന പരിശോധനയ്ക്കുശേഷമാണ് സൂപ്രണ്ട് ശകുന്തളാദേവിയുടെ മുറിയിലേക്ക് പ്രവേശനം ലഭിച്ചത്.  ജീവപര്യന്തം തടവുകാർ, അതിൽകുറഞ്ഞ തടവുകാർ, വിചാരണത്തടവുകാർ, പരോളുകാർ, കുട്ടികൾ, അമ്മമാർ തുടങ്ങി അന്തേവാസികളെ പലവിഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള വിശദാംശങ്ങളും മറ്റും ലഭിച്ചതിനുശേഷം നിലവിലുള്ള തടവുകാരുടെ മാനസികവും ആരോ​ഗ്യപരവുമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചായിരുന്നു അറിയേണ്ടത്. കേരളത്തിലെ വനിതാജയിലുകളിൽ ഏറ്റവും കൂടുതൽ മാനസികാസ്വാസ്ഥ്യമുള്ള വനിതാ തടവുകാർ താമസിക്കുന്നത് വിയ്യൂർ ജയിലിലാണ്. ജയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുന്നവരുണ്ട്, കഴിക്കാൻ വിസമ്മതിക്കുന്നവരുണ്ട്. ജീവപര്യന്തം ശിക്ഷയിലേക്ക് പലരും എത്തിച്ചേർന്നത് ഇത്തരം മാനസികാസ്വാസ്ഥ്യങ്ങളിലൂടെയുമാണ്.

സഹോദരനെ ആസിഡൊഴിച്ചുകൊന്ന കേസിൽ പതിനാലര വർഷമായി തടവുശിക്ഷയനുഭവിച്ചുവരുന്ന ലിസി ചാക്കോ തന്റെ അമ്മ മരണപ്പെട്ടതും രണ്ടാമത്തെ സഹോദരൻ രണ്ട് വർഷം മുമ്പ് ആക്‌സിഡന്റിൽ മരിച്ചതും അറിഞ്ഞത് അടുത്തിടെ ഉപയോഗിക്കാൻ തുടങ്ങിയ ഫോൺ ബന്ധത്തിലൂടെയാണ്. അലൻ ഗ്രൂപ് സ്ഥാപിച്ച ഫോണ്‍ സംവിധാനം എല്ലാ ജയിലുകളിലുമുണ്ട്. ഓരോ അന്തേവാസിക്കും പ്രത്യേക സ്മാർട് കാർഡുകൾ ജയിലിൽ നിന്നും കൊടുക്കും. തടവുകാർക്ക് പ്രധാനപ്പെട്ടതെന്നു തോന്നുന്ന മൂന്ന് നമ്പറുകളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വിളിക്കാം. ഒരു ദിവസം ശിക്ഷാ തടവുകാരാണെങ്കിൽ പിറ്റെ ദിവസം വിചാരണത്തടവുകാർക്കാണ് വിളിക്കാനുള്ള അനുമതി. ജയിൽ അധികൃതർ തടവുകാരാട് പറയുന്നത് വിളിക്കുന്ന നമ്പറുകളിൽ ഒന്ന് തീർച്ചയായും കേസ് വാദിക്കുന്ന വക്കീലിനെയാവണം എന്നാണ്. കഴിഞ്ഞ പതിനാലുവർഷക്കാലം ബന്ധുക്കളുമായി യാതൊരു ബന്ധവും പുലർത്താതെ, സന്ദർശകരായി ആരുമില്ലാതെ ജയിലിൽ കഴിഞ്ഞ ലിസി ബന്ധുക്കളുടെ സ്വരം കേട്ടപ്പോൾ മുതൽ തിരികെ വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹത്തിലാണ്. പതിനാല് വർഷം തടവ് അനുഭവിച്ചതിനാൽ ജയിൽ റിവ്യൂ കമ്മറ്റിയ്ക്ക്‌ മുമ്പാകെ ലിസിയുടെ വിടുതൽ കാര്യം പരിഗണനയിൽ വെച്ചു. ലിസിയുടെ പരോളുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചപ്പോൾ കിട്ടിയ മറുപടി പക്ഷേ വീട്ടുകാർ ലിസിയെ ഏറ്റെടുക്കാൻ തയ്യാറല്ല എന്നാണ്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ കൊലപാതകക്കേസിൽ അകത്താകുമ്പോൾ തകരാറിലായ മാനസികാരോഗ്യം കൂടിയാണ് പ്രശ്‌നം.

ലിസിയുടെ പ്രണയത്തെച്ചൊല്ലിയുള്ള തർക്കത്തിലാണ് സഹോദരൻ കൊല്ലപ്പെട്ടത്. കമിതാവ് വേറെ വിവാഹം കഴിച്ചതും അമിത മദ്യപാനം കാരണം കരൾരോഗം ബാധിച്ച് മരണപ്പെട്ടതും ലിസി അറിഞ്ഞത് അടുത്തിടെയാണ്. പതിനാലുവർഷത്തെ ജയിൽ ജീവിതത്തിനിടയിൽ മാനസികാരോഗ്യവും തകർന്നു. പുറത്തിറണമെങ്കിൽ മെന്റൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പക്ഷേ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താൻ ലിസി തയ്യാറല്ല. ഫലം തനിക്കനുകൂലമല്ലാതിരിക്കുമോ എന്ന ഭയമാണ് കാരണം. ലിസി ജയിലിലാകുമ്പോൾ വീട് നോക്കിയിരുന്ന സഹോദരനാണ് വാഹനാപകടത്തിൽ മരണപ്പെട്ടിരിക്കുന്നത്. അന്യമതക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കുകയും രണ്ട് മക്കളോടൊപ്പം ലിസിയ്ക്കു കൂടി അവകാശമുള്ള വീട്ടിലാണ് ഇവർ കഴിഞ്ഞു വന്നിരുന്നത്. സഹോദരനൻ ന്യമതക്കാരിയെ വിവാഹം കഴിച്ചു എന്നത് ലിസി അംഗീകരിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെ ഏറ്റെടുക്കാൻ ഉത്തരവാദപ്പെട്ടവർ വരാതെ വിടില്ല എന്ന നിലപാടിലാണ് ജയിലധികൃതർ. 

അമ്പത്തിരണ്ട് വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതയായി തന്നെ തുടരേണ്ടി വന്ന മോളി തനിക്ക് പിൻ​ഗാമികളില്ലാത്തതിനാൽ കുടുംബവിഹിതമായ സ്വത്തുകൂടി സഹോദരൻ തട്ടിയെടുക്കുമോ എന്ന ആധിയിൽ പത്തുവയസ്സുകാരനായ മരുമകനെ കഴുത്തറുത്ത് കൊന്നു.  മോളിയ്ക്കിപ്പോൾ അറുപത് വയസ്സായി. ജയിൽ സൂപ്രണ്ടിൻെറ മുറിയിലേക്ക് ചായയും ബിസ്കറ്റുമായി  മോളി വന്നു. നിറഞ്ഞ പുഞ്ചിരിയോടെ ഒരു കപ്പ് ചായ നീട്ടി. വനിതാജയിലിൽ തടവുപുള്ളികൾക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വെള്ള മുണ്ടും ഇറക്കമുള്ള ജമ്പറും മാറിലെ തോർത്തുമാണ് മോളിയിലുള്ള ഏക അപരാധം എന്നു തോന്നിപ്പോകും അവരുമായി സംസാരിക്കുമ്പോൾ. എന്നാലും അതൊരു കുഞ്ഞല്ലായിരുന്നോ എന്ന കേൾവിക്കാരുടെ സങ്കടത്തെ താനങ്ങനെ ചെയ്തിട്ടേയില്ല എന്ന ന്യായീകരണത്തോടെ മോളി നേരിടുന്നു. ജയിൽ സൈക്യാട്രിസ്റ്റ് കുറിച്ചുകൊടുത്ത മരുന്നുകൾ സ്ഥിരമായി കഴിക്കുന്നതോടൊപ്പം പ്രമേഹത്തിനുള്ള മരുന്നുകൾ കൂടി ഇപ്പോൾ അവർ കഴിക്കാൻ തുടങ്ങിയിരിക്കുന്നു.

തിരുവല്ലയിലെ ഇരുപത്തിയഞ്ചുകാരി സമീറ മീൻമുറിച്ചുകൊണ്ടിരിക്കെയാണ് ഭർതൃസഹോദരിയായ അസ്മ റബ്ബർപാലിൽ ഉറയൊഴിക്കാൻ വെച്ചിരുന്ന ആസിഡ് തലയ്ക്കുമുകളിലൂടെ എടുത്തുകമഴ്ത്തിയത്. ഇരുന്ന ഇരിപ്പിൽത്തന്നെ സമീറ മരിച്ചുപോയി. രണ്ടു പിഞ്ചുകുഞ്ഞുങ്ങളാണ് സമീറയ്ക്കുണ്ടായിരുന്നത്. അസ്മയെ പത്തൊമ്പതാം വയസ്സിൽ വിവാഹം കഴിപ്പിച്ചയച്ചിരുന്നെങ്കിലും ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് തന്നെ തിരികെ പോന്നു. ഇടയ്ക്കിടെയുണ്ടാകുന്ന അടുക്കള ബഹളങ്ങളിലൊന്നാണ് കൊലപാതകത്തിൽ കലാശിച്ചത്. ജീവപര്യന്തം തടവുശിക്ഷയുടെ ആറുവർഷം പിന്നിട്ടു അസ്മ. സ്ഥിരം പരാതിക്കാരിയാണ്. ആദ്യം ബഹളം വെക്കുക പിന്നീട് കാര്യം പറയുക എന്നതാണ് അസ്മയുടെ രീതി. അവർക്ക് മാനസികമായി നല്ല അസ്വസ്ഥതയുണ്ടെന്ന് മനസ്സിലായ ജയിൽ സൂപ്രണ്ട് ശകുന്തള പലതവണ അവരെ  സൈക്യാട്രിസ്റ്റിനെ കാണിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.  കുറിച്ചുകൊടുക്കുന്ന മരുന്നുകൾ കഴിക്കില്ല. സ്വസ്ഥമായി ഇരിക്കില്ല എന്നതുമാത്രമല്ല, സഹതടവുകാർക്കുകൂടി സ്വസ്ഥതയും സ്വൈര്യവും നൽകാൻ തയ്യാറാവാതെ അസ്മ ജയിൽ സെല്ലിൽ വിശ്രമമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. ഊർജം മുഴുവൻ ശകാരവർഷങ്ങളിൽ ചിലവഴിച്ച് ആകെ എല്ലും തോലുമായ രൂപമായി മാറി അവർ. 
 
ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാവാത്ത മകളെ പണം വാങ്ങി പീഡനത്തിനിരയാക്കാൻ ബലമായി പിടിച്ചുവെച്ചുകൊടുക്കുമ്പോൾ മകൾ കൊല്ലപ്പെട്ട കേസിലാണ് നാൽപത്തിയെട്ടുകാരിയായ ആയിഷ തടവിലായത്. പോക്സോ ഉൾപ്പെടെയുള്ള കേസുകൾ തലയിലായതിൻെറ ആകുലതകളൊന്നും അസ്വസ്ഥതയുള്ള മനസ്സിലില്ല. ജയിൽഭക്ഷണമാണ് ആയിഷയുടെ പ്രശ്നം. വീട്ടിൽ സ്ഥിരമായി ആളുകൾ വരികയും തന്നെയും മകളെയും  കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുമ്പോൾ നല്ല ഭക്ഷണമായിരുന്നു കിട്ടിയിരുന്നത് എന്ന് എപ്പോഴും സഹതടവുകാരോട് ആയിഷ പറയും. ആരോ​ഗ്യപൂർണമല്ലാത്ത മനസ്സിനെയാണ് മാംസഭോഗികൾ മുതലെടുത്തത്. ഭക്ഷണവും പുതുവസ്ത്രങ്ങളുമായിരുന്നു പ്രലോഭനങ്ങൾ. ആയിഷയുടെ മാനസികനില ഇടയ്ക്കിടെ ജയിൽ അധികൃതർക്ക് തലവേദനയാവാറുണ്ട്. 

വിയ്യൂരിലെ ശിക്ഷാതടവുകാരിൽ പത്തിൽ എട്ടുപേരും മാനസികമായി അസ്വസ്ഥതയുളളവരാണ്. തിരുവനന്തപുരത്ത് ശിക്ഷാതടവിൽ ഒരാളും റിമാന്റിൽ രണ്ടുപേരും സൈക്യാട്രിക് ട്രീറ്റ്‌മെന്റിൽ ഉള്ളവരാണ്. കണ്ണൂരിൽ ശിക്ഷാതടവുകാരിൽ രണ്ടുപേരും റിമാന്റ പ്രതികളിൽ മൂന്നുപേരും സൈക്യാട്രിക് ട്രീറ്റ്‌മെന്റിൽ കഴിയുന്നുണ്ട്. 

ജയിലിൽ പ്രവേശിക്കപ്പെടുമ്പോൾ തന്നെ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്നവരും എന്നാൽ അതുവരെ മരുന്നുകൾ കഴിക്കാത്തവരുമാണ് പകുതിയിലധികം പേരും. മെന്റൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി ഹാജരാക്കുമ്പോഴാണ് പ്രശ്‌നം മനസ്സിലാവുന്നത്. ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ ജയിലിലെത്തിയ നാൽപ്പത്തൊമ്പതുകാരിയുടെ തൈറോയ്ഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് അവരുടെ കൃത്യത്തിനു പിന്നിലെ ഹോർമോൺ പങ്കാളിത്തം മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ജയിൽ സൂപ്രണ്ട് പറയുന്നു. നവജാതശിശുക്കളെ കൊലപ്പെടുത്തുന്ന അമ്മമാരിൽ പോസ്റ്റ്പാർട്ടം സൈക്കോസിസ് ലക്ഷണങ്ങളും കാണാറുണ്ട്. സ്വാതന്ത്ര്യങ്ങളെല്ലാം തന്നെ റദ്ദുചെയ്യപ്പെട്ട് ജയിൽ സെല്ലുകളിലേക്ക് ജീവിതം ചുരുങ്ങുമ്പോൾ വിഷാദരോഗം പോലുള്ള പ്രശ്‌നങ്ങൾ വരാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് ജയിൽ പലതരം ജോലികളും ഉത്തരവാദിത്തങ്ങളും അന്തേവാസികളെ ഏൽപ്പിക്കുന്നത്. വളരെ ക്രിയേറ്റീവായിട്ടുള്ള കഴിവുകളുള്ളവരാണ് താൻ ജോലി ചെയ്ത ജയിലുകളിലെയെല്ലാം തടവുകാർ എന്ന് കണ്ണൂർ വനിതാജയിൽ സൂപ്രണ്ട്  ഒ.വല്ലി പറയുന്നു. കളിപ്പാട്ട നിർമാണങ്ങളും നെറ്റിപ്പട്ട നിർമാണങ്ങളും പോലുള്ള സമയമെടുക്കുന്ന ജോലികൾ വളരെ പെട്ടെന്നു തന്നെ മന:പ്പാഠമാക്കാനുള്ള കഴിവുകൾ ഇവർക്കുണ്ട്. ഇത്തരം കഴിവുകൾ നെഗറ്റീവായി ഉപയോഗിക്കുന്നതിന്റെ പരിണിതഫലമാണ് കുറ്റവും ശിക്ഷയും. യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങളും പെരിമെനപ്പോസ് വിഷമതകളും ആർത്തവകാലത്തെ പ്രശ്‌നങ്ങളുമാണ് വനിതാജയിലുകളിലെ ആരോഗ്യസംബന്ധമായ മറ്റുപ്രശ്നങ്ങളിൽ അധികവും.
 
ജയിലിലെ സൈക്യാട്രിസ്റ്റിൻെറ ചികിത്സയെ അവഗണിക്കുന്നവർ തങ്ങളുടെ മാനസികാസ്വാസ്ഥ്യം കൂടിയ നിലയിൽ പ്രകടിപ്പിക്കുമ്പോൾ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാതെ നിവൃത്തിയില്ല. ഇത്തരത്തിൽ മൂന്ന് വനിതാതടവുകാർ കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലും രണ്ട് പേർ തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിലും വർഷങ്ങളായി ചികിത്സയിലാണ്. 

സമൂഹത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ് ജയിൽ. അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും ജയിലിലും കാണാം. സ്‌കീസോഫ്രീനിയ,ബൈപോളാർ അഫക്ടീവ് ഡിസോർഡർ എന്നിവയാണ് പ്രധാനമായും മാനസികരോഗവുമായി ബന്ധപ്പെട്ട് ജയിലുകളിൽ കാണാൻ കഴിയുക. വൃത്തിബോധമില്ലാതെ, വസ്ത്രം ധരിക്കാതെ, ഉറങ്ങാതെ,ഭക്ഷണം കഴിക്കാതെ, സ്വയം സംസാരിിച്ചുകൊണ്ടിരിക്കുന്ന സ്ഥലകാലവ്യക്തിബോധമില്ലാതെ പെരുമാറുന്നവരെയാണ് സ്‌കീസോഫ്രീനിയവിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. ചിലസമയങ്ങളിൽ അക്രമാസക്തരുമായേക്കാം. ഭക്ഷണത്തിനുപകരം സ്വന്തം മലം വരെ കഴിക്കുന്ന അവസ്ഥയിലേക്ക് ഇവർ പോകുന്നു. അത്തരം സന്ദർഭങ്ങളിൽ നിർബന്ധമായും മരുന്നുകൾ കൊടുക്കേണ്ടതും മാനസികാരോഗ്യകേന്ദ്രങ്ങളിൽ കിടത്തി ചികിത്സിക്കേണ്ടതുമാണ്. കുറ്റവാസനയും ഇത്തരം മാനസികരോഗങ്ങളോട് വളരെ അടുത്തിരിക്കുന്നതിനാൽ സ്വാഭാവികമായും ജയിലിനകത്താവും. കുറ്റകൃത്യങ്ങൾക്കുമുമ്പ് ഇത്തരക്കാർ ചികിത്സതേടിയിട്ടുണ്ടെങ്കിൽ അവർക്ക് ശിക്ഷാഇളവുകൾ ലഭിക്കുന്നു. തങ്ങളുടേതായ സങ്കല്പങ്ങളുമായി മറ്റൊരുലോകത്ത് ജീവിക്കുന്നവരാണ് ബൈപോളാർ അഫക്ടീവ് ഡിസോർഡർ ഉള്ളവർ.അമിതമായ സൗന്ദര്യബോധം, അമാനുഷികശക്തിയുണ്ടെന്ന് സ്ഥാപിക്കുക തുടങ്ങിയൊക്കെ ഇവരിൽ കാണാം. ബൈപോളാർ അഫക്ടീവ് ഡിസോർഡറിന്റെ നേർവിപരീദമാണ് വിഷാദരോഗം. നിസ്സഹായത, സ്വയം അവമതിപ്പില്ലായ്മ, നിരാശ- ഇവ മൂന്നുംകൂടി മനസ്സിനെ സങ്കീർണമാക്കുമ്പോൾ സ്വാഭാവികമായും വിഷാദരോഗത്തിലേക്കെത്തുന്നു. ജയിലുകളിൽ സംഭവിക്കുന്നത് അതാണ്. വിഷാദം മൂർഛിക്കുമ്പോൾ ആത്മഹത്യയിലേക്കാണ് നയിക്കപ്പെടുന്നത്. 

വനിതാജയിലുകളിലെ കൊലപാതകക്കേസുകളിൽ അഭിമാനവുമായി ബന്ധപ്പെട്ടതാണ്. തന്നോടുതന്നെയുള്ള അവമതിപ്പ് നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് അപമാനബോധം വരുന്നത്. വിവാഹേതരബന്ധത്തിലോ വിവാഹപൂർവബന്ധത്തിലോ ജനിക്കുന്ന കുഞ്ഞിനെ കൊലചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം അതാണ്. പോസ്റ്റ്പാർട്ടം സൈക്കോസിസ് പ്രസവത്തോടൊപ്പം തന്നെ അമ്മയിൽ വന്നുചേരുന്ന ഒരു മാനസികരോഗമാണ്. ലോകത്ത് എല്ലാ ജീവികളും തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നുണ്ട്. അത് പ്രകൃതിനിയമമാണ്. കുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കുക എന്നത് ഒരു മാനസികരോഗം തന്നെയാണ്. കുഞ്ഞിനെ കഴുത്തുഞെരിച്ചോ, എറിഞ്ഞോ കൊന്നതിനുശേഷം ജീവപര്യന്തം കൊടുത്തതുകൊണ്ടുകാര്യമില്ല. രോഗം പ്രസവത്തോടെ തിരിച്ചറിയപ്പെടുകയും ചികിത്സകൊടുക്കുകയും വേണം. അത്തരമൊരു ചികിത്സാസാഹചര്യത്തിലേക്ക് നമ്മൾ എത്തിയിട്ടില്ല. അതേസമയം സമൂഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന അമ്മമാർ നേരിടുന്നത് മാനസികാരോഗ്യപ്രശ്‌നങ്ങളാണ്. മാനസികരോഗം വർഷങ്ങൾകൊണ്ട് ചികിത്സിച്ചുമാറ്റുന്നതാണെങ്കിൽ കൃത്യമായ സൈക്കോതെറാപ്പികളിലൂടെ മറികടക്കാവുന്നതാണ് മാനസികാരോഗ്യപ്രശ്‌നങ്ങൾ. തനിക്കുമുമ്പിലുള്ള പ്രശ്‌നത്തെ എത്രയും പെട്ടെന്ന് ഇല്ലാതാക്കുന്ന ധൃതിയാണ് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത ഗർഭത്തേക്കാൾ സമൂഹത്തെ ഭയക്കുന്നത് നിസ്സഹായതയാണ്. നിസ്സഹായത അവമതിപ്പില്ലായ്മയിലേക്കും നിരാശയിലേക്കും നയിക്കപ്പെടുന്നതോടെ മാനസികാരോഗ്യപ്രശ്‌നമാവുന്നു. പക്ഷേ കോടതിയെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യവതിയാണ് പ്രതി. അമ്മയാണോ, കുട്ടിയാണോ, ഭർത്താവാണോ എന്നതല്ല പ്രശ്‌നം, ഒരാളുടെ ജീവനെടുക്കാൻ മറ്റാർക്കും അവകാശമില്ലാത്തിടത്തോളം കാലം ശിക്ഷ അനുഭവിക്കാൻ ബാധ്യസ്ഥരാവുന്നു. അഭിമാനപ്രശ്‌നം എന്ന മാനസികാരോഗ്യപ്രശ്‌നത്തോടെ ജയിലിലെത്തുന്നവർ  വിഷാദരോഗത്തിലേക്കെത്താനുള്ള സാധ്യതയും കൂടുതലാണ്. നാൽപത് ശതമാനം മരുന്നും അറുപത് ശതമാനം സൈക്കോതെറാപ്പികളുമാണ് ഇത്തരം അവസ്ഥകളെ മറികടക്കാനുള്ള പരിഹാരമായി നിംഹാൻസ് നിർദ്ദേശിക്കുന്നത്. അത് എല്ലാ ജയിലുകളിലും പ്രാവർത്തികമാവുന്നുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.   

ഈ അന്വേഷണപരമ്പരയിൽ ഉപയോ​ഗിച്ചിരിക്കുന്ന പേരുകൾ യഥാർഥമല്ല

(തുടരും)

മുന്‍ഭാഗങ്ങള്‍ വായിക്കാം

 

Content Highlights :Series on Women Jails in Kerala Part 3