ട്ടക്കുളങ്ങര വനിതാജയില്‍ സൂപ്രണ്ട് സോഫിയാബീവി വന്നയുടന്‍ നല്ല തിരക്കിലായിരുന്നു. ആറ് ജാമ്യം, മൂന്ന് വിചാരണകൾ. രണ്ടുപേര്‍ക്ക് ബ്ലീഡിങ് അധികമായതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ട്.  തിരക്കുകള്‍ക്കിടയില്‍ ആദ്യം പരിഗണിച്ചത് കഞ്ചാവുകേസില്‍ ജാമ്യം കിട്ടിയ കായംകുളത്തുകാരി പെണ്‍കുട്ടിയുടെ വിടുതല്‍ കാര്യങ്ങളായിരുന്നു. തൊട്ടുമുമ്പിലെ കസേരയില്‍ ഇരുത്തിക്കൊണ്ട് സോഫിയാബീവി പെണ്‍കുട്ടിയോട് പറഞ്ഞതിലായിരുന്നു ശ്രദ്ധ മുഴുവന്‍ ; ''ഇനി ഈ വഴിക്ക് വരരുത്. ആറുമാസം ഇവിടെ കിടന്നപ്പോള്‍ മനസ്സിലായ ജീവിതത്തെക്കാളും കൂടുതല്‍ പുറത്തെത്തിയാല്‍ തിരിച്ചറിയാനുണ്ട്. സൗഹൃദങ്ങളിലെ അപകടങ്ങള്‍ തിരിച്ചറിയാന്‍ ശ്രദ്ധിക്കണം. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കണം.'' കരുതലോടെയുള്ള ആ വാക്കുകളില്‍ നല്ല കര്‍ശന നിര്‍ദ്ദേശം തന്നെയുണ്ടായിരുന്നു. പെണ്‍കുട്ടി നിശബ്ദയായി തലയാട്ടിക്കൊണ്ട് പുറത്തുകടക്കാനുള്ള വ്യഗ്രതയിലാണെന്നു മനസ്സിലായപ്പോള്‍ സോഫിയാബീവി എഴുന്നേറ്റ് അവളോടൊപ്പം നടന്നു. ആരാണ് കൂട്ടിക്കൊണ്ടുപോകാന്‍ വന്നത്, ബന്ധമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ പെണ്‍കുട്ടിയുടെ മാതൃസഹോദരന്റെ ഭാര്യയോട് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ബന്ധുവിനെ കണ്ടയുടന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി അടുത്തേക്കോടിയപ്പോള്‍ ഗാര്‍ഡ്റൂമില്‍ നിന്നും പോലീസുകാരന്‍ ഉറക്കെ വിളിച്ചുപറഞ്ഞു; ''നാടകവും കെട്ടിപ്പിടുത്തവുമൊക്കെ കോംപൗണ്ടിന് പുറത്ത്.'' അയാള്‍ക്കിതൊരു നാടകമായിട്ടാണ് തോന്നിയിരിക്കുന്നത്!  

ഇനിയാ പെണ്‍കുട്ടി അനുഭവിക്കാന്‍ പോകുന്ന കുടുംബദുരന്തങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട് വിഷയത്തിലേക്കു കടന്ന സോഫിയാബീവി കെട്ടഴിച്ചുതന്ന കഥകളില്‍ മയക്കുമരുന്നും പോക്സോയും എക്കാലത്തേക്കാളും ഉയര്‍ന്ന നിരക്കില്‍ തന്നെയുള്ളതായിരുന്നു. കുടുംബത്തിലേക്കുള്ള വഴി കൊട്ടിയടയ്ക്കപ്പെട്ടെങ്കില്‍, പുറത്തിറങ്ങി എന്നറിഞ്ഞാല്‍ അവളെ ജയിലിലേക്ക് നയിച്ച സൗഹൃദം സെന്റിമെന്റ്സ് കഥകളുമായി അടുത്തുകൂടുമെന്നും കിട്ടിയ ശിക്ഷകളെല്ലാം മറന്ന് അവള്‍ സഹാനുഭൂതി കാണിക്കുമെന്നും വീണ്ടും ജയിലിലേക്കുള്ള വഴി പരിചിതമാകുമെന്നും അവര്‍ പറഞ്ഞപ്പോള്‍ ഇരുപത്തിയെട്ട് വര്‍ഷത്തെ ജയില്‍ സേവനത്തിനിടയില്‍ എത്രകണ്ടിരിക്കുന്നു ഇത്തരം കേസുകള്‍ എന്ന നിസ്സാരതയേക്കാളും ആ പെണ്‍കുട്ടി തിരികെ എത്തിപ്പെടുമോ എന്ന ആകുലതയായിരുന്നു പങ്കുവെച്ചത്. അമ്മ അകത്തും കുഞ്ഞ് പുറത്തുമായി കഴിയുന്ന അവസ്ഥകളില്‍ ഏറ്റവും വേദനാജനകമായിട്ടുള്ളത് കുഞ്ഞിന്റെ ജയില്‍ സന്ദര്‍ശനമാണെന്ന് അവര്‍ പറയുന്നു. അമ്മയും കുഞ്ഞും ഒരുപോലെ വാവിട്ടു കരയുന്ന വേള. ജയില്‍നിയമപ്രകാരം ആറുവയസ്സുവരെ അമ്മയ്ക്കൊപ്പം കുഞ്ഞിനും ജയിലില്‍ കഴിയാമെങ്കിലും കുഞ്ഞിനെ ബന്ധുക്കളെ ഏല്‍പ്പിക്കുകയാണ് പതിവ്. ജയില്‍ അന്തരീക്ഷം ഒരു കുഞ്ഞിന്റെ മാനസിക-ശാരീരിക വളര്‍ച്ചാഘട്ടങ്ങളെ ബാധിക്കും എന്നത് മുന്‍കൂട്ടി കണ്ടിട്ടാണ് കുഞ്ഞിനെ ബന്ധുക്കള്‍ക്ക് കൊടുക്കാന്‍ ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ അന്യസംസ്ഥാനക്കാരുടെയും വിദേശികളുടെയും ഗര്‍ഭിണികളായ കുറ്റവാളികളുടെയും കാര്യത്തില്‍ കുഞ്ഞുങ്ങൾ മ്മയ്ക്കൊപ്പം ജയിലില്‍ കഴിഞ്ഞേ മതിയാകൂ. 

വയനാട്ടില്‍ നിന്നും വലിയ അളവില്‍ മയക്കുമരുന്നുമായാണ് ആന്ധ്രാ സ്വദേശിനിയായ ജയ പോലീസ് പിടിയിലാവുന്നത്. ടൂറിസ്റ്റ് ബസ്സില്‍ ബാംഗ്ലൂരില്‍ നിന്നും യാത്രയാരംഭിച്ച ജയ മയക്കുമരുന്നു ലോബിയുടെ കാരിയറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് വയനാട് ചെക്പോസ്റ്റില്‍ വെച്ചാണ് ജയ അറസ്റ്റിലാവുന്നത്. അറസ്റ്റിലാകുമ്പോള്‍ ഗര്‍ഭിണിയായിരുന്നു ഈ ഇരുപത്തിയാറുകാരി. ആദ്യം വയനാട് ജില്ലാജയിലിലെ വനിതാ സെല്ലില്‍ പാര്‍പ്പിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ പൂര്‍ണസുരക്ഷാസന്നാഹങ്ങളോടെ പ്രസവം. ആശുപത്രിവാസം കഴിഞ്ഞപ്പോള്‍ അമ്മയും കുഞ്ഞും നേരെ ജയിലിലേക്ക്. വിചാരണത്തടവില്‍ രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞിനോടൊപ്പമാണ് ജയ കണ്ണൂര്‍ വനിതാജയിലിലെത്തിയത്. ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് കേരളത്തിലെ നിശാപാര്‍ട്ടികളിലേക്കെത്തിക്കുന്നവരുടെ സംഘത്തിലെ കണ്ണിയാണ് ജയ. മുഴുവന്‍ പ്രതികളെയും പിടികൂടാനായെങ്കില്‍ മാത്രമേ കോടതിനടപടികള്‍ പുരോഗമിക്കുകയുള്ളൂ. വിചാരണ കഴിഞ്ഞാലും ശിക്ഷ ഉറപ്പിക്കാവുന്ന കുറ്റമാണ്. ശിക്ഷാത്തടവുകാരുടെയും റിമാന്റുപ്രതികളുടെയും ഇടയില്‍ വളരുന്ന ഒന്നരവയസ്സുകാരിയുടെ സെല്ലിനപ്പുറത്തെ കാഴ്ചകളിലെ അത്ഭുതമെന്നത് പന്ത്രണ്ടോളം പശുക്കളുള്ള കണ്ണൂര്‍ ജയിലിലെ ഡെയറിഫാം മാത്രമാണ്. അമ്മയ്ക്കും മകള്‍ക്കും മാത്രമറിയാവുന്ന ഭാഷയില്‍ കേരളത്തിന്റെ വടക്കേയറ്റത്ത് വന്‍മതിലുകള്‍ക്കുള്ളിലെ പരിമിതമായ സ്ഥലത്ത് ഭാഷയറിയാതെ, ഭക്ഷണവും കാലാവസ്ഥയും ശീലിച്ചു ജയയും കുഞ്ഞും. 

പ്രസവം ജയിലിലാകുമ്പോള്‍

തടവുകാരി ഗര്‍ഭിണിയാണെന്നു ശാസ്ത്രീയമായി ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് പ്രത്യേക ഡയറ്റ് ചാര്‍ട്ട് ഡോക്ടര്‍ നിര്‍ദ്ദേശപ്രകാരം ലഭ്യമാക്കിത്തുടങ്ങും. സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ കൃത്യമായ ഇടവേളകളില്‍ കാണിക്കുകയും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുകയും വേണം. പ്രസവസമയത്ത് ജയില്‍ ജീവനക്കാരുടെ പൂര്‍ണമായ സേവനവും ആശുപത്രി ജീവനക്കാരികളില്‍ ഒരാളെ സമയബന്ധിതമായി കൂടെ നിര്‍ത്തുകയും ചെയ്യുന്നുണ്ട്. പ്രസവശേഷം തിരികെ ജയിലില്‍ എത്തുമ്പോള്‍ മുതലാണ് പ്രശ്നം തുടങ്ങുന്നത്. ആളുകള്‍ പൊതുവേ കുറഞ്ഞ സെല്ലുകളിലേക്ക് അമ്മയെയും കുഞ്ഞിനെയും മാറ്റുന്നു. പരസഹായമില്ലാതെ നിസ്സഹായയാകുന്ന അമ്മയ്ക്ക് അത്യാവശ്യം സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ജയിലിലെ മുതിര്‍ന്ന തടവുകാരികളില്‍ ഒരാളെ മാനസികമായി തയ്യാറാക്കുകയാണ് ജയില്‍ അധികൃതര്‍ പതിവായി ചെയ്യുക. പത്തും പന്ത്രണ്ടും വര്‍ഷമായി ജീവപര്യന്തമുനുഭവിക്കുന്ന തടവുകാരികള്‍ സഹായികളായി നില്‍ക്കും. കുളിക്കാനുള്ള ചൂടുവെള്ളം, സമയാസമയം ഭക്ഷണം, കുഞ്ഞിന്റെ തുണികള്‍ അലക്കല്‍, കുളിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് അവര്‍ സഹായം ചെയ്തുകൊടുക്കുക. പ്രസവനാള്‍ തൊട്ടുള്ള ഇരുപത്തിയെട്ട് ദിവസമാണ് ഇത്തരത്തില്‍ അമ്മയെ തടവുകാരികൾ സഹായിക്കുക. കുഞ്ഞിന് കൃത്യസമയത്ത് വാക്സിനുകള്‍ ലഭ്യമാക്കുക, പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിയ്ക്കും ആരോഗ്യത്തിനും മറ്റു തകരാറുകള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുക, പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക, കൈക്കുഞ്ഞുള്ള അമ്മമാരെ ജയില്‍ജോലികളില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ജയില്‍ അധികൃതര്‍ ചെയ്യുന്നുണ്ട്. എന്നിരിക്കിലും അമ്മയുടെയോ സഹതടവുകാരുടെയോ മാനസികാരോഗ്യം തകരാറിലാണെങ്കില്‍ കുഞ്ഞിന് ജീവഹാനി വരെ സംഭവിക്കാം. അത്തരം സാഹചര്യങ്ങളെ കൂടി ഗൗരവമായി കണക്കിലെടുത്തുകൊണ്ടുവേണം ഓരോ കുഞ്ഞിനെയും ജയിലില്‍ അന്തരീക്ഷത്തില്‍ വളര്‍ത്താനുള്ള സാഹചര്യം ഒരുക്കേണ്ടത് എന്നതും അധികൃതര്‍ക്ക് വെല്ലുവിളിയാണ്.

അമ്മയും കുഞ്ഞും അന്യഭാഷാതടവുകാരായാല്‍ 

ഒന്നര വയസ്സുകാരനായ ഇഷാന്‍ വിയ്യൂരിലെ വനിതാജയിലില്‍ അമ്മയ്‌ക്കൊപ്പം അകത്താണ്. ബംഗ്ലാദേശുകാരിയായ അമ്മയോടൊപ്പം ഇഷാന്റെ അമ്മൂമ്മയും അവരുടെ നാലുവയസ്സുകാരിയായ മകള്‍ നമിതയും വിയ്യൂരിലുണ്ട്. ഇഷാന്റെ അച്ഛനും മുത്തച്ഛനും അമ്മാവന്‍മാരും ഒരു മതില്‍ അപ്പുറത്തുള്ള സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. മതിയായ രേഖകളില്ലാതെ രാജ്യാതിര്‍ത്തി കടന്ന് ജോലിതേടി കേരളത്തിലെത്തിയതാണ് ഇഷാന്റെ കുടുംബം. ഭാഷയറിയില്ല, ജാമ്യം ലഭിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒരു രേഖകളും കയ്യിലില്ലാത്തതാണ് പ്രശ്‌നം. ബംഗ്‌ളാദേശിലുള്ള തങ്ങളുടെ ബന്ധുക്കള്‍ക്ക് ഇന്ത്യയിലെത്തി കേസുനടത്തി രക്ഷപ്പെടുത്തിയെടുക്കാന്‍ ശേഷിയുമില്ല. ഒന്നരവര്‍ഷം കഴിഞ്ഞു റിമാന്റിലായിട്ട്. റിമാന്റ് നീണ്ടുപോകുകയാണെങ്കില്‍ അമ്മമാര്‍ക്കൊപ്പം അധികകാലം കഴിയാന്‍ നമിതയ്ക്കും ഇഷാനും സാധിക്കില്ല. കുഞ്ഞുങ്ങള്‍ക്ക് ആറുവയസ്സുകഴിഞ്ഞാല്‍ ഏറ്റെടുക്കാന്‍ ഉത്തരവാദപ്പെട്ട ബന്ധുക്കള്‍ വന്നിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജുവനൈല്‍ ഹോമുകളെ ആശ്രയിക്കേണ്ടിവരും. സമാനമായ അനുഭവമാണ് നേപ്പാളുകാരിയായ ഭാവരൂപയും കുഞ്ഞ് ദിത്യയും അനുഭവിക്കുന്നത്. എറണാകുളത്തുനിന്നാണ് ഇവര്‍ പിടിയിലായത്. ഭര്‍ത്താവ് ധ്യാന്‍ബഹാദൂര്‍ തൊട്ടടുത്ത സെന്‍ട്രല്‍ ജയിലിലും തടവിലായി. അന്യഭാഷാ തടവുകാര്‍ അകത്താവുമ്പോള്‍ ഒരു കുടുംബമൊന്നാകെയാണ് പലപ്പോഴും ഉള്‍പ്പെടുന്നത്.  

അമ്മയ്ക്കൊപ്പം അകത്താവുമ്പോള്‍

പിടിക്കപ്പെടുമ്പോള്‍ ഗര്‍ഭിണികളായിരിക്കുന്നവരും കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറല്ലാത്തവരുമാണ് തങ്ങളുടെ കുഞ്ഞുങ്ങളെയും ജയില്‍ അന്തരീക്ഷത്തില്‍ വളര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നത്. അമ്മയ്ക്കൊപ്പം അകത്താവുന്നവരില്‍ വലിയൊരു വിഭാഗം നാടോടികളും അന്യസംസ്ഥാനക്കാരും അയല്‍രാജ്യങ്ങളില്‍ നിന്നും അനധികൃതമായി എത്തിപ്പെട്ടവരുമാണ്. കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് നിരന്തരം ഡോക്ടര്‍മാരുടെ സേവനങ്ങളും ആവശ്യമായി വരുന്നു. അമ്മയ്‌ക്കൊപ്പം അകത്താവുന്ന കുഞ്ഞുങ്ങളുടെ പ്രായം കണക്കിലെടുത്തുകൊണ്ട് പ്രത്യേക ക്രഷ് സംവിധാനങ്ങള്‍ ഓരോ വനിതാ ജയിലിലുമുണ്ട്. പക്ഷേ കുഞ്ഞുങ്ങളുമായി വിനോദത്തിലേര്‍പ്പെടാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല പലപ്പോഴും അമ്മമാര്‍. ഒരു കുഞ്ഞിന്റെ പ്രാഥമിക മാനസിക-ശാരീരിക വളര്‍ച്ചാഘട്ടങ്ങള്‍ ജയില്‍വാസത്തിലൂടെ കടന്നുപോകുമ്പോള്‍ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളുമുണ്ട്. അമ്മയ്ക്കും കുഞ്ഞിനുമായി പ്രത്യേക സെല്‍ സംവിധാനങ്ങളില്ല. സഹതടവുകാരുടെ മാനസികമായ ആരോഗ്യപ്രശ്നങ്ങള്‍ കുഞ്ഞിന് ഹാനികരമായി ഭവിക്കാന്‍ സാധ്യതയേറെയാണ്. നാല് വയസ്സുമുതല്‍ കിന്റര്‍ഗാര്‍ട്ടണ്‍ സമ്പ്രദായത്തിലേക്ക് കുഞ്ഞിനെ കൊണ്ടുവരണം. ജയിലില്‍ അനുവദിക്കപ്പെട്ട ഭക്ഷണക്രമങ്ങള്‍ക്കുപുറമേയുള്ള ആഹാരങ്ങള്‍ കുഞ്ഞിനു ലഭ്യമാകണമെങ്കില്‍ അമ്മ ജോലി ചെയ്യണം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ജോലി ചെയ്യാന്‍ പരിമിതികളുണ്ട്. ജയില്‍ സംവിധാനത്തില്‍ തങ്ങളുടെ ശൈശവവും ബാല്യത്തിന്റെ ആദ്യവര്‍ഷങ്ങളും ചിലവഴിക്കപ്പെടുന്ന കുട്ടികള്‍ പിന്നീട് നേരിടേണ്ടിവരുന്ന മാനസികപ്രശ്‌നങ്ങളും അനവധിയാണ്. 

ആറുവയസ്സിനുശേഷം കുഞ്ഞിനെ ബന്ധുക്കള്‍ ഏറ്റെടുക്കുകയോ സര്‍ക്കാര്‍ സംരക്ഷണത്തിലേക്ക് മാറ്റുകയോ ചെയ്യുമ്പോള്‍ കഠിനമായ ഒറ്റപ്പെടലും വിഷാദവും അമ്മയില്‍ വന്നുചേരുന്നു. തന്റെ കുഞ്ഞ് സുരക്ഷിതമായിരിക്കുമോ എന്ന അമിതമായ ഉത്കണ്ഠ ഉറക്കില്ലായ്മയിലേക്കാണ് നയിക്കുന്നത്. അതുവരെ അമ്മയും കുഞ്ഞും മാത്രമായിരുന്ന ലോകത്തുനിന്നും രണ്ടുപേരും ഒരുപോലെ പറിച്ചുനടപ്പെടുമ്പോള്‍ ഇതേ മാനസികാവസ്ഥകള്‍ കുഞ്ഞിനെയും ബാധിക്കുന്നുണ്ട്.

 ജുവനൈല്‍ ജസ്റ്റിസ് ആക്ടും സോഷ്യല്‍മീഡിയക്കാലത്തെ അമ്മത്തടവുകാരും

ജയില്‍ വെല്‍ഫെയര്‍ ഓഫീസറുമായി സംസാരിച്ചിരിക്കുമ്പോള്‍, ഫേസ്ബുക്കിലെ അജ്ഞാതകാമുകനോടൊപ്പം പോകാന്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ പ്രമാദമായ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട യുവതിയും അട്ടക്കുളങ്ങരയിലെ വിചാരണത്തടവുകാരിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. താന്‍ കബളിപ്പിക്കപ്പെട്ടതോ, ബന്ധുക്കളായ യുവതികളാണ് ഫേക്ക്അഡ്രസ്സിലൂടെ കാമുകനായി വന്നതെന്നോ അറിയാതെ ജയിലില്‍ ഇരിക്കുമ്പോള്‍ ആദ്യമായി അകപ്പെട്ടതിന്റെ അന്ധാളിപ്പിലാണ്. അവളെ മാനസികമായി സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും കൗണ്‍സിലിങ്ങുകളും നല്‍കിവരികയാണ് വെല്‍ഫെയര്‍ ഓഫീസര്‍. ഇരുപത്തിയഞ്ചുവര്‍ഷമായി ജയില്‍ സേവനത്തിലുള്ള അവര്‍ സംസാരിച്ചതെറെയും സോഷ്യല്‍മീഡിയക്കാലത്തെ അമ്മമാരെക്കുറിച്ചായിരുന്നു. പത്തൊമ്പതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ അമ്മമാരുമാണ് അടുത്തകാലത്തെ കുട്ടികളുടെ അവകാശലംഘന നിയമപ്രകാരം തടവിലാക്കപ്പെട്ടിരിക്കുന്നത്. നാളെ എന്തുസംഭവിക്കും എന്നതിനെക്കുറിച്ചു ചിന്തിക്കാതെ ഈയാംപാറ്റകളെപ്പോലെ പറന്നുവീഴുന്ന പ്രണയ-ലൈംഗിക ചതിക്കുഴികള്‍ ചെന്നവസാനിക്കുന്നത് ജയിലിലാണ്. അത്തരത്തിലുള്ള അമ്മമാരെ കൗണ്‍സില്‍ ചെയ്യുമ്പോള്‍ മാതൃവികാരത്തേക്കാള്‍ കൂടുതല്‍ അവരുടെ ആകുലതകള്‍ തല്‍ക്കാലികമായി ചെന്നെത്തിയ ബന്ധങ്ങളെപ്പറ്റിയാണ്. ഇത്തരം നൈമിഷിക ബന്ധങ്ങളുടെ കാര്യത്തില്‍ കേരളം ഒട്ടും പിറകിലല്ലെന്ന വസ്തുത നിരത്തുന്നത് വനിതാജയിലുകളിലെ കണക്കുകളാണ്. 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ ഇരുപത്തിരണ്ടുകാരിയും ഒരുവയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ നിഷ ആറുമാസം തടവുശിക്ഷ അനുഭവിക്കുന്നത് കുഞ്ഞിന് അമ്മയെന്ന അവകാശം നിഷേധിക്കപ്പെട്ടതിനാണ്. സോഷ്യല്‍മീഡിയക്കാലത്ത് വിവാഹേതരപ്രണയബന്ധങ്ങള്‍ കൂടുകയും കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാതെ ഉപേക്ഷിച്ചുപോകുകയും ചെയ്യുമ്പോള്‍ സ്ത്രീയ്ക്കും പുരുഷനുമെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ശിക്ഷിക്കുന്നുണ്ട്. അബ്കാരി നിയമം ശക്തമായ കാലത്ത് കൈക്കുഞ്ഞുങ്ങളുമായി തടവിലാക്കപ്പെടുന്ന സ്ത്രീകളെയായിരുന്നു നാം കണ്ടിരുന്നതെങ്കില്‍ സോഷ്യല്‍ മീഡിയക്കാലത്ത് തികച്ചും അരക്ഷിതമായ ചുറ്റുപാടിലേക്ക് സ്വന്തം മക്കളെ ഇട്ടെറിഞ്ഞുപോകുന്ന അമ്മമാരുടെ എണ്ണം ഇതിനെ കവച്ചുവെക്കുന്നു. കൊലപാതകക്കേസുകളില്‍ തടവുശിക്ഷയനുഭവിക്കുന്നവരുടെ പ്രായം മുപ്പത്തിയഞ്ചിനും അറുപതിനും ഇടയിലാകുമ്പോള്‍ ജെ.ജെ ആക്ട് പ്രകാരം തടവിലാകുന്നവര്‍ പത്തൊമ്പതിനും മുപ്പതിനും മധ്യേയുള്ളവരാണ്. പത്താംക്ലാസിനുമുകളില്‍ വിദ്യാഭ്യാസമുള്ളവരുമാണ് ഇവര്‍. സ്ത്രീകള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ പോക്സോയും ജെ.ജെ.ആക്ടും ഭീതിതമായ രീതിയിലുള്ള വര്‍ധനവിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. 

അമ്മ ചെയ്ത കുറ്റത്തിന്റെ കാഠിന്യമറിയാത്ത കുഞ്ഞുങ്ങള്‍ പക്ഷേ അമ്മയെ കാണുമ്പോള്‍ തന്നെ കൈനീട്ടുന്നു. എന്നാല്‍ തിരികെ കുടുംബത്തിലേക്കു പോകാന്‍ തയ്യാറാവാത്തവണ്ണം മനസ്സുറപ്പുള്ളവരായി മാറുന്നു സോഷ്യല്‍മീഡിയക്കാലത്തെ അമ്മമാര്‍. മക്കള്‍ക്ക് നീതി നിഷേധിക്കപ്പെട്ടോ ഇല്ലയോ എന്നത് അവരുടെ പ്രശ്നമേ അല്ലാതായി മാറുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ജയില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പോക്സോ കേസുകളിലും ജുവനൈല്‍ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്ന വനിതകളുടെ എണ്ണത്തിൽ. വര്‍ഷാവര്‍ഷം മുപ്പത് ശതമാനത്തോളം വര്‍ധനവാണ് കണ്ടുവരുന്നത്.

കുഴല്‍പ്പണം, സ്വര്‍ണക്കടത്ത്‌, എന്‍ഫോഴ്സ്മെന്റ്

അധ്യാപികയായ രശ്മിയുടെ ശരീരത്തില്‍ നിന്നും മൂന്നുലക്ഷം രൂപയാണ് എന്‍ഫോഴ്സ്മെന്റ് ടീം വീട്ടില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ പിടിച്ചെടുത്തത്. ഭര്‍ത്താവിന്റെ ഇടപാടുകള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കുഴല്‍പ്പണം ഭാര്യയുടെ ശരീരത്തില്‍ ഒളിപ്പിച്ചു. കള്ളപ്പണം കൈവശം വെച്ചതിന് രശ്മി വിചാരണത്തടവിലുമായി. പലതവണ ജാമ്യാപക്ഷേ നല്‍കിയെങ്കിലും കുഴല്‍പ്പണസംഘത്തിലെ മുഴുവന്‍പേരെയും പിടികൂടിയാലേ കോടതിയില്‍ കേസ് പരിഗണിക്കുകയുള്ളൂ. പത്തും പന്ത്രണ്ടും വയസ്സുള്ള രശ്മിയുടെ മക്കള്‍ അമ്മയ്ക്കു വന്നുപെട്ട ദുരിതം കാരണം ബന്ധുക്കളുടെ വീട്ടിലാണ് കഴിയുന്നത്. ഊര്‍ജസ്വലയായി ജയിലിലെ ബേക്കറി നിര്‍മാണ യൂണിറ്റുകളിലും മറ്റും ഓടിനടക്കുകയാണ് രശ്മി. അകത്താക്കപ്പെട്ടതിനെക്കുറിച്ച് ചിന്തിച്ചാല്‍ പിന്നെ കുടുംബം തകരുമെന്നാണ് പറയുന്നത്. അതുവരെ രശ്മി ജീവിച്ചിരുന്ന സുഖസൗകര്യങ്ങളില്‍ നിന്നും മാറിക്കൊണ്ട് ആശുപത്രി വാര്‍ഡിലെ കട്ടില്‍വാസത്തെ ഓര്‍മിപ്പിക്കുന്ന സെല്ലും വളരേ പരിമിതമായ ഭക്ഷണ-വസ്ത്ര സൗകര്യങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയാതെയാകുന്നു ഇവര്‍ക്ക്. പ്രമാദമായ സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ട വിചാരണത്തടവുകാരിയും കൂടത്തായ് കൊലപാതകസീരീസിലെ പ്രതിയും വര്‍ധിച്ച തോതിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തങ്ങള്‍ അതുവരെ ജീവിച്ച സാമൂഹിക-സാമ്പത്തികാന്തരീക്ഷത്തില്‍ നിന്നുള്ള പറിച്ചുനടല്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെയാവുന്നു ഇവര്‍ക്ക്. സാമ്പത്തികമായി ഉയര്‍ന്ന പിന്‍ബലമുള്ള തടവുകാരികളുടെ മക്കള്‍ ബന്ധുക്കളാല്‍ സംരക്ഷിക്കപ്പെടുമ്പോള്‍ നിസ്സഹായരായ കുഞ്ഞുങ്ങള്‍ ചോദ്യചിഹ്നമാകുന്നത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്കാണ്. തടവുകാരികളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ്. അപ്പോള്‍ ഏക അത്താണിയാവുന്ന അമ്മ അകത്താവുന്നതോടെ മക്കള്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയാവുന്നു. 

പോക്സോ, അതിര്‍ത്തിത്തര്‍ക്കം; അമ്മയ്ക്കൊപ്പം അകത്താവുന്ന മക്കള്‍

കാസര്‍കോഡുകാരി പെണ്‍കുട്ടി സുഹൃത്തില്‍ നിന്നും ഗര്‍ഭിണിയായ വിവരം അച്ഛനറിയാതിരിക്കാന്‍ അമ്മയും അമ്മൂമ്മയും പെണ്‍കുട്ടിയുടെ സഹോദരിയും പുറത്തുനിന്നുള്ള രണ്ട് ആണ്‍സുഹൃത്തുക്കളുടെ സഹായത്താലാണ് അച്ഛനെ കൊലപ്പെടുത്തിയത്. കൃത്യത്തില്‍ ഉള്‍പ്പെട്ടവരെല്ലാം തന്നെ വിചാരണത്തടവിലായി. ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ സര്‍ക്കാര്‍ സംരക്ഷണത്തിലുമായി. പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. 

മോഷണം, നാര്‍കോടിക്സ്, അതിര്‍ത്തിലംഘനം തുടങ്ങിയ കേസുകളിലാണ് എഴുപത് ശതമാനം അമ്മയും കുഞ്ഞും തടവിലാകുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അമ്മ ചെയ്ത കുറ്റത്തിനാണ് ആറുവര്‍ഷം അകത്തിരിക്കാന്‍ നിര്‍ബന്ധിതരാവുന്നതെങ്കില്‍ അമ്മയോടൊപ്പം അകത്താവുന്ന പ്രായപൂര്‍ത്തിയായ മക്കളും കുറവല്ല. കൊലപാതകം, പോക്സോ, അതിര്‍ത്തിത്തര്‍ക്കം തുടങ്ങിയ കേസുകളിലാണ് മുതിര്‍ന്ന മക്കളും അമ്മമാരും അകത്താവുന്നത്. ഭര്‍ത്താവിന്റെ സഹോദരനുമായുണ്ടായ അതിര്‍ത്തി തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ വിചാരണത്തടവിലായ കണ്ണൂര്‍ക്കാരി ലതികയുടെ ഭര്‍ത്താവും മൂത്തമകനും തൊട്ടടുത്ത് സെന്‍ട്രല്‍ ജയിലില്‍ത്തന്നെയുണ്ട്. ശിക്ഷാത്തടവുകാരും വിചാരണത്തടവുകാരുമായ മുപ്പതു ശതമാനം അമ്മമാര്‍ പേര്‍ ഉറ്റ ബന്ധുക്കളൊപ്പം കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരാണ്. 

  മുൻഭാഗം വായിക്കാം

കുറ്റവാളികള്‍ക്കൊപ്പം നിര്‍മിതമായ കുട്ടിയുടെ സാമൂഹിക- മാനസികാന്തരീക്ഷം

"ഒരു കുഞ്ഞിന്റെ പ്രഥമ വളര്‍ച്ചാഘട്ടങ്ങള്‍ ജയിലില്‍ കഴിഞ്ഞുപോകുമ്പോള്‍ തുടര്‍നാളുകളില്‍ അത്യന്തം ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. ആറുവയസ്സുള്ള ഒരു കുട്ടിയുടെ സാമൂഹികവും മാനസികവുമായ അന്തരീക്ഷം കുറ്റവാളികള്‍ക്കൊപ്പം നിര്‍മിതമായതാണ്. തടവുകാരുടെ മാനസികവും ബൗദ്ധികവുമായ സമീപനങ്ങള്‍ കുഞ്ഞിന്റെ ഓര്‍മയില്‍ ഫീഡ് ചെയ്യപ്പെട്ടിരിക്കും. തടവറയില്‍ വളര്‍ന്ന കുഞ്ഞിനെ തിരികെ സാമൂഹികജീവിതത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അതുവരെ അവന്‍ ആര്‍ജിച്ച പ്രതിരോധം മാറ്റിയെടുക്കേണ്ടതുണ്ട്. നല്ല ഭാഷയോ,മര്യാദകളോ,സ്നേഹമോ അവന്‍ തടവുസമൂഹത്തില്‍ നിന്നും ആര്‍ജിച്ചിട്ടുണ്ടാവില്ല.

ആറുവയസ്സിനുശേഷമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കല്‍ പലപ്പോഴും ബന്ധുക്കളായിക്കൊള്ളണമെന്നില്ല. സമാനസാഹചര്യത്തിലൂടെ വളര്‍ന്നുവന്നവരെ പാര്‍പ്പിക്കുന്ന ബാലഭവനിലേക്കാവും കുഞ്ഞിന്റെ ട്രാന്‍സ്ഫര്‍. ഇനിയഥവാ ബന്ധുക്കള്‍ ഏറ്റെടുത്താല്‍ തന്നെ ഏതെല്ലാം തരത്തിലുള്ള വേറിട്ടുനിര്‍ത്തലുകള്‍ അവന്‍ നേരിടേണ്ടിവരും എന്നതും കൂടി പരിഗണിക്കേണ്ടതുണ്ട്. സാമ്പത്തികമായും സാമൂഹികമായും നല്ല നിലയിലുള്ളവരായിരിക്കില്ല ഭൂരിഭാഗം ബന്ധുക്കളും. കടമയേറ്റെടുക്കല്‍ എന്ന നിലയിലേക്ക് അമ്മയില്ലാത്ത കുഞ്ഞുകൂടി ബാധ്യതയാവുന്നു. ഇത്തരം സാഹചര്യങ്ങളെല്ലാം കുട്ടിയെ നയിക്കുക തികച്ചും റെബല്‍ ആയ ഒരു മാനസികാന്തരീക്ഷത്തിലേക്കാണ്.

അത്രയും നാള്‍ അമ്മയും കുഞ്ഞും മാത്രമുണ്ടായിരുന്ന ഒരു ലോകത്തില്‍ നിന്നും പറിച്ചുനടപ്പെടുകയും തികച്ചും അപരിചിതമായ സ്ഥലത്ത് എത്തിപ്പെടുകയും ചെയ്യുമ്പോള്‍ കുഞ്ഞ് അത് പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊള്ളണമെന്നില്ല. ആറുവയസ്സില്‍ പുറത്തിറങ്ങിയ കുഞ്ഞും ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്ന അമ്മയും കണ്ടുമുട്ടുന്നത് കാലങ്ങള്‍ക്കുശേഷമായിരിക്കും. രണ്ടുപേരും മാനസികമായും ശാരീരികമായും മാറിയിട്ടുണ്ടാകും. ആറുവയസ്സുവരെയുള്ള ജയില്‍ ജീവിതം ആയുഷ്‌കാല പ്രതിസന്ധിയായി മാറാതിരിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. "- ജോര്‍ജ് ചാക്കോ, കണ്‍സല്‍ട്ടന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആന്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍, ജില്ലാജയില്‍ എറണാകുളം


*ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ഥമല്ല

                                                                                                                                                                                                            (തുടരും)