തിരുവനന്തപുരം വനിതാജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ അന്നത്തെ പത്രങ്ങളില്‍ നിന്നും 'ഹാനികരമായ' വാര്‍ത്തകള്‍ വെട്ടിമാറ്റുന്ന തിരക്കിലായിരുന്നു അവര്‍. ജയിലില്‍ വെച്ച് മരണമടഞ്ഞ സ്റ്റാന്‍സ്വാമിയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്നാരോപിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ സത്യാഗ്രഹം, അനന്തുവെന്ന കാമുകന്‍ ബന്ധുക്കളുടെ സൃഷ്ടിയാണെന്ന് അറിയാതെ രേഷ്മ, സ്വപ്നാനായരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും തുടങ്ങിയ വാര്‍ത്തകള്‍ക്കുമേല്‍ കത്രിക വീണിരിക്കുന്നു. തങ്ങളെക്കുറിച്ച് പൊതുമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ലോകം അറിയുന്നതും തടവുകാരെ വലിയ മാനസികാഘാതത്തിലേക്കാണ് നയിക്കുക എന്ന് വെല്‍ഫെയര്‍ ഓഫീസര്‍. തടവുകാര്‍ക്കുള്ള മാനുഷിക പരിഗണനകള്‍ തന്നെയാണ് ജയിലിന്റെ ധാര്‍മികതയും.

ലോക്ഡൗണിനുശേഷം പൊതുജീവിതം സാധാരണമായിക്കൊണ്ടിരുന്ന കാലയളവില്‍ വനിതാജയിലുകളില്‍ ഏറ്റവും കൂടുതല്‍ റിമാന്റുകാര്‍ വന്നത് നാര്‍കോട്ടിക്‌സ്‌ കേസുകളില്‍ പെട്ടാണ്. റിമാന്റിലാക്കപ്പെടുന്നവരുടെ പ്രായം പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിലാണെന്നതും മെഡിസിന്‍, എഞ്ചിനീയറിങ്, എല്‍.എല്‍.ബി പോലുള്ള വിഷയങ്ങള്‍ പഠിക്കുന്നവരുമാണെന്നതാണ് മറ്റൊരു വസ്തുത. മയക്കുമരുന്നുകള്‍ അളവില്‍ കൂടുതല്‍ ഉപയോഗിച്ചതിന് അറസ്റ്റിലായ വനിതകളില്‍ ഹൈപ്രൊഫൈലുകാര്‍ ആയിരുന്നു അധികവും. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും സ്വയംപര്യാപ്തത നേടിയ വനിതകളായിരുന്നു ഇവരില്‍ ഭൂരിഭാഗവും. അല്ലാത്തവരാകട്ടെ കാരിയര്‍മാരായി പോകവേയാണ് പിടിക്കപ്പെട്ടത്. വിലകൂടിയ കാറുകളില്‍ നല്ലരീതിയില്‍ വസ്ത്രം ധരിച്ച് കുടുംബസമേതമുള്ള യാത്രയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവരില്‍ തൊണ്ണൂറുശതമാനത്തിന്റെയും മയക്കുമരുന്നുകടത്ത്. എളുപ്പമാര്‍ഗത്തിലൂടെ കണ്ണടച്ചുതുറക്കും മുമ്പേ പണക്കാരാവുക, ആര്‍ഭാടജീവിതം നയിക്കുക എന്നതിനപ്പുറത്തെ ലക്ഷ്യങ്ങളൊന്നും ഇവര്‍ക്കില്ല. ജയില്‍ സംവിധാനം ഒരിക്കല്‍ അനുഭവിച്ചുകഴിഞ്ഞാല്‍ പിന്നെ തിരികെ വരാതിരിക്കാനുള്ള വഴികളാണ് റീഹാബിലിറ്റേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും ഇതെത്രകണ്ട് ഫലപ്രദമാണ് എന്നാണ് നാം പരിശോധിക്കേണ്ടത്. ഇത്രയും നാള്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവയിലേക്കുള്ള കൃത്യമായ പരിഹാരമാര്‍ഗങ്ങളും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. 

ആദ്യമായി ജയിലെത്തുമ്പോള്‍

കുറ്റവിചാരണയും അന്വേഷണവും വാദപ്രതിവാദങ്ങളുമെല്ലാം ജയിലിനുപുറത്താണ്. ആദ്യമായി ജയിലെത്തുമ്പോള്‍ അനുഭവപ്പെടുന്ന ഭയവും അരക്ഷിതാവസ്ഥയും മാനസികപിരിമുറുക്കങ്ങളും മറ്റും ഇല്ലാതാക്കുകയും ജയില്‍ എന്ന സംവിധാനവുമായി സമരസത്തിലെത്താന്‍ തടവുകാരിയെ സഹായിക്കുക എന്നതാണ് ജയില്‍ അധികൃതര്‍ കൊടുക്കുന്ന പ്രഥമ പരിഗണന. തടവിലാകുന്നവരില്‍ ഭൂരിഭാഗവും അമ്മമാര്‍ ആയതിനാല്‍ തന്നെ അവര്‍ക്ക് മക്കളുമായും വീടുമായും ഉള്ള ബന്ധത്തില്‍ ഇടര്‍ച്ച സംഭവിക്കാതിരിക്കാനായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഫോണ്‍ മുഖേനയും ആഴ്ചയില്‍ ഒരു തവണ വീഡിയോ കോള്‍ മുഖേനയും വീട്ടുകാരുമായി ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്. പലപ്പോഴും വൈകാരികമായി പെരുമാറുന്ന വീട്ടുകാരെ അനുനയിപ്പിക്കുകയും തടവിലിരിക്കുന്നവരുടെ മാനസികമായ സാഹചര്യം പറഞ്ഞുബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് ജയില്‍ അധികൃതര്‍.

ശിക്ഷ കഴിയുമ്പോള്‍ അമ്മയെ കുടുംബവുമായി ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ കൗണ്‍സിലിങ് ആവശ്യമായി വരുന്നത് ബന്ധുക്കള്‍ക്കാണ്. അച്ഛനെ കൊന്നകുറ്റത്തിന് ജീവപര്യന്തമനുഭവിക്കുന്ന അമ്മയെ മക്കള്‍ സ്വീകരിച്ചുകൊള്ളണമെന്നില്ല. നിരന്തരമായ കൗണ്‍സിലിങ്ങുകളിലൂടെയാണ് ഇത്തരം കേസുകളില്‍ അമ്മയെയും മക്കളെയും ഒന്നിപ്പിക്കുന്നത്. തടവില്‍ കഴിഞ്ഞ പുരുഷന്മാര്‍ പുറത്തിറങ്ങുമ്പോള്‍ കുടുംബം സ്വീകരിക്കുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് തടവുകാരിക്ക് കുടുംബവുമായുള്ള പുന:സമാഗമം.

നിസ്സഹായതയും നിയമക്കുരുക്കും

ജയിലിലകപ്പെട്ടവര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്ന സംഘടനകളുമായി നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട് കേരളത്തിലെ വനിതാജയിലുകള്‍. അമ്മയ്‌ക്കൊപ്പം അകപ്പെട്ടവരെ  കഴിയുന്നതും വേഗം സമൂഹത്തിലേക്കുതന്നെ തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ നടത്തുക, സ്വന്തമായി കേസ് നടത്താന്‍ ശേഷിയില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹായം ലഭ്യമാക്കിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ആശ്രയിച്ചിരിക്കുന്നത് അമ്മ ചെയ്ത കുറ്റത്തിന്റെ കാഠിന്യമനുസരിച്ചാണ്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജയിലില്‍ അകപ്പെടുന്ന കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോള്‍  ചെയ്യാന്‍ കഴിയുന്നതിന്റെ സാധ്യത തേടിപ്പോകുകയാണ് ജയില്‍ അധികൃതര്‍. അമ്മ എന്നത് ഒരേ സമയം പദവിയും ഉത്തരവാദിത്തവുമാണ്. അത് അവനവനും സമൂഹവും സൗഹൃദവും കുടുംബവും ഒന്നുപോലെ കാത്തുസൂക്ഷിച്ചാല്‍ മാത്രമേ മതിയായ തടവുകാരില്ലാത്തതിനാല്‍ മ്യൂസിയങ്ങളായി മാറുന്ന വനിതാജയിലുകള്‍ എന്ന വാര്‍ത്ത ഭാവിയില്‍ നമുക്ക് വായിക്കാന്‍ കഴിയുകയുള്ളൂ.

രണ്ടാമതും അകത്താവാതിരിക്കാന്‍

ഫസ്റ്റ് ടൈം ഒഫന്റര്‍മാരായ വനിതകളെ വിട്ടുകഴിഞ്ഞാല്‍ പ്രൊബേഷണറി ഓഫീസര്‍ കൃത്യമായി അവരെ ഫോളോ അപ് ചെയ്യുകയും രണ്ടാമതൊരു കേസില്‍ അകത്താവാനുള്ള സാഹചര്യമില്ലാതാക്കാനുള്ള മുന്‍കരുതലുകള്‍ കൊടുക്കുകയും വേണം. സമൂഹത്തിനും കുടുംബത്തിനും ഒരുപോലെ കൗണ്‍സിലിങ് ഇക്കാര്യത്തില്‍ ആവശ്യമാണ്. റിലീസാവുന്നവര്‍ക്ക് തൊഴില്‍ഭദ്രതകൂടി ഉറപ്പുവരുത്തണം. അതിനുമുന്നോടിയെന്നവണ്ണമാണ് ജയില്‍ നിന്നും പലതരത്തിലുള്ള ജോലികളും അവരെക്കൊണ്ട് ചെയ്യിക്കുന്നതും കൂലി നല്‍കുന്നതും. കൂര്‍മബുദ്ധിയുള്ളവരും ഏതുതൊഴിലും എളുപ്പം പഠിച്ചെടുക്കാന്‍ കഴിവുള്ളവരുമാണ് മിക്ക തടവുകാരും. ജയിലില്‍ നിന്നും ലഭിക്കുന്ന അത്തരം പരിശീലനങ്ങള്‍ ജീവനോപാധിയാക്കുക. വനിതാശിശുസംരക്ഷണവകുപ്പും സാമൂഹ്യനീതിവകുപ്പും കൂടി ഇത്തരം വനിതകളെ പരിഗണിക്കേണ്ടതുണ്ട്. ദാരിദ്ര്യമാണ് കുറ്റത്തിലേക്കുള്ള എളുപ്പവഴി. ദാരിദ്ര്യത്തെ പഴുതുകളില്ലാതെ അടക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാക്കുക.

കരുതിയിരിക്കണം ഹാബിച്വല്‍ ഓഫന്റര്‍മാരെ

പതിനാല് കേസുകള്‍വരെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട തടവുകാരികളെ കൃത്യമായി പഠിക്കേണ്ടതുണ്ട്. 'കുറ്റവാസന' എന്ന മാനസികപ്രശ്നത്തെ കൂടി പരിഗണിക്കേണ്ടതും അത്തരം ആളുകളെ നിരന്തരം നിരീക്ഷിക്കുകയും തിരുത്തുകയും ചെയ്തുകൊണ്ടാവണ ജയില്‍സംവിധാനത്തിന്റെ റീഹാബിലിറ്റേഷന്‍ പ്രക്രിയകള്‍ നടത്തേണ്ടത്. കുറ്റകൃത്യങ്ങളോടും കേസുകളോടും ജയിലിനോടും നിസംഗ മനോഭാവം കാണിക്കുകയും നിരന്തരം തലവേദനകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവരുടെ മാനസികനില കൃത്യമായി പരിശോധിക്കപ്പെടുകയും സമൂഹത്തിലേക്കിറങ്ങിയാല്‍ അന്യജീവനും സ്വത്തിനുഭീഷണിയാവുന്നവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ സംരക്ഷിക്കേണ്ടതുമാണ്. വനിതകളുടെ കാര്യത്തില്‍ മോഷണക്കുറ്റമാണ് ഹാബിച്വല്‍ ഒഫന്ററുകാര്‍ക്കെതിരെ ഉണ്ടാവാറ്. സഹതടവുകാരെ ഇത്തരം കാര്യങ്ങള്‍ക്കു പ്രോത്സാഹിപ്പിക്കുക, തങ്ങളുടെ സംഘത്തില്‍ കണ്ണിചേര്‍ക്കുക തുടങ്ങിയ നീക്കങ്ങള്‍ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാം.

ഇത്രയേ ഉള്ളൂ ശിക്ഷ എന്ന മനോഭാവമാണ് ഹാബിച്വല്‍ ഒഫന്റര്‍മാരെ സൃഷ്ടിക്കുന്നത്. ഒരു വ്യക്തി രണ്ടാമതും കുറ്റകൃത്യങ്ങളില്‍ അകപ്പെടുമ്പോള്‍ നിലവിലുള്ള ശിക്ഷാനിയമങ്ങളുടെ പരിധിയ്ക്കകത്തുനിന്നും ഇവരെ ശിക്ഷിച്ചിട്ടു ഫലമില്ല. ഹാബിച്വല്‍ ഒഫന്റര്‍മാര്‍ക്ക് പ്രത്യേക ശിക്ഷ തന്നെ കൊടുക്കണ്ടേതുണ്ട്. കുറ്റകൃത്യത്തിന്റെ കാഠിന്യം കുറവാണെന്നു കരുതി പേരിനുശിക്ഷിച്ചിട്ടുകാര്യമില്ല. ഹാബിച്വല്‍ ഒഫന്റര്‍മാര്‍ സമൂഹത്തിന് ഭീഷണിയായിക്കരുതിക്കൊണ്ടുള്ള നിയമനിര്‍മാണമാണ് ആവശ്യം.

സുരക്ഷിതരാണ് കുഞ്ഞുങ്ങള്‍; അമ്മയും

കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ കുടുംബം തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അവര്‍ സുരക്ഷിതരാണ് എന്ന വിശ്വാസം അമ്മത്തടവുകാരിലുളവാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബാലഭവനുകളില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും ലഭിക്കുന്നുണ്ടെന്ന് തടവില്‍ കഴിയുന്ന അമ്മയ്ക്ക് ബോധ്യപ്പെടണം. കുഞ്ഞ് അമ്മയെ കാണണമെന്ന് ആവശ്യപ്പെടുമ്പോള്‍ ജയില്‍ സൂപ്രണ്ടുമായി ബന്ധപ്പെട്ട് കാണാനുള്ള സൗകര്യം കുഞ്ഞിന് ഒരുക്കിക്കൊടുക്കണം. അമ്മയും കുഞ്ഞും തമ്മില്‍ മാനസികാകല്‍ച്ച വരാതെ കാത്തുസൂക്ഷിക്കേണ്ടുന്ന ഉത്തരവാദിത്തം കൂടി ബാലഭവനുകള്‍ക്കുണ്ട്. ശിക്ഷാകാലാവധി കഴിഞ്ഞിറങ്ങുന്ന അമ്മയ്ക്കും കുഞ്ഞിനും ഒന്നിച്ചുകഴിയാനുള്ള സാഹചര്യമില്ലെങ്കില്‍ അമ്മ മഹിളമന്ദിരത്തിലും കുഞ്ഞ് ബാലഭവനിലും തുടരാം. സര്‍ക്കാര്‍ ചെലവില്‍ കുഞ്ഞിന് വിദ്യാഭ്യാസം നേടുകയും ചെയ്യാം. പതിനെട്ടുവയസ്സുവരെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഠനവും താമസവും ഒരുക്കുക. തുടര്‍ന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള സംവിധാനം സ്പോണ്‍സര്‍മാര്‍ മുഖേന നടപ്പിലാക്കുന്നു. അതേസമയം കുടുംബം ഏറ്റെടുക്കുന്നതുവരെ മഹിളാമന്ദിരങ്ങളില്‍ തുടരാനുള്ള സൗകര്യം സ്ത്രീകള്‍ക്കുണ്ട്.

കുടുംബം എന്ന എക്സ്‌ക്ലൂസീവ് സര്‍ക്കിള്‍

അച്ഛന്‍,അമ്മ, മക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു എക്സ്‌ക്ലൂസീവ് സര്‍ക്കിള്‍ ആണ് കുടുംബം. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആ വലയത്തിനപ്പുറത്താണ്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുവാനും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുമുള്ള വേദിയാണത്. ആ വേദി നഷ്ടപ്പെടുന്നതിന്റെ പരിണിതഫലമാണ് കുറ്റകൃത്യങ്ങള്‍. അച്ഛന്‍, അമ്മ, മക്കള്‍ ബന്ധത്തില്‍ ഒരാളുടെ അഭാവമുണ്ടായാല്‍ അത് മറ്റൊന്നിനെക്കൊണ്ടും പരിഹരിക്കപ്പെടാനാവുന്നതല്ല. ഈ റോളുകള്‍ അന്യരിലേക്കെത്തിച്ചേരുന്നതില്‍ മുതിര്‍ന്നവര്‍ക്കാണ് പങ്കുള്ളത്. സോഷ്യല്‍മീഡിയക്കാലത്തെ വിവാഹേതരബന്ധങ്ങളും തുടര്‍ന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും കുടുംബം എന്ന എക്സ്‌ക്ലൂസീവ് സര്‍ക്കിളിലെ വിള്ളലുകളാണ്. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാത്ത, കുടുംബബന്ധങ്ങള്‍ തകരാത്ത, പരസ്പരം മാനിക്കുന്ന വ്യക്തിത്വം കാത്തുസൂക്ഷിക്കുക. വനിതാജയിലുകളില്‍ കഴിയുന്ന തൊണ്ണൂറ് ശതമാനം പേരും കുടുംബം എന്ന എക്സ്‌ക്ലൂസീവ് സര്‍ക്കിളിന് പുറത്തായവരാണ്.

വിദ്യാഭ്യാസത്തോടൊപ്പം നിയമാവബോധവും

പ്രാഥമികവിദ്യാഭ്യാസതലം മുതല്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും അവ ലംഘിച്ചാലുള്ള പ്രത്യഘാതങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തേണ്ടതുണ്ട്. നിയമം ലംഘിക്കുമ്പോള്‍ ആദ്യം പറയുക അങ്ങനെ ചെയ്യരുതെന്ന് അറിയില്ലായിരുന്നു എന്നാണ്. ഈ അറിവുകൂടി നല്‍കലാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം. അന്യന്റെ ജീവനെയും സ്വത്തിനെയും അഭിമാനത്തെയും ബഹുമാനിക്കാനും  സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണെന്ന അവബോധമാണ് വിദ്യാഭ്യാസത്തിലൂടെ നല്‍കേണ്ടത്. 'അങ്ങനെ അയാള്‍ വലിയ ധനികനായി, സുഖമായി ജീവിച്ചു' എന്നൊക്കെ അവസാനിക്കുന്ന കുട്ടിക്കഥകള്‍ മാറട്ടെ, പകരം കരുണയും അന്തസ്സും ലളിതജീവിതവും സന്ദേശങ്ങളാവുന്ന കഥകള്‍ കുട്ടികള്‍ വായിച്ചുവളരട്ടെ.

സജീവമാകണം തുടര്‍വിദ്യാഭ്യാസപദ്ധതികള്‍

കണ്ണൂര്‍ സെന്‍ട്രല്‍ജയിലിലെ അന്തേവാസികള്‍ക്കായി ഇംഗ്ലീഷ് സ്പീക്കിങ് കോഴ്സ് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം തുടങ്ങിയത്‌ ശ്രദ്ധേയമാണ്. അത്തരം കോഴ്സുകള്‍ വനിതാജയിലുകളിലും നടപ്പിലാക്കണം. പരമ്പരാഗത രീതിയിലുള്ള തൊഴിലധിഷ്ഠിതകോഴ്സുകള്‍ക്കു പുറമേ വര്‍ത്തമാനകാലജീവിതത്തിനുതകുന്ന കോഴ്സുകളും അന്തേവാസികള്‍ക്ക് ലഭ്യമാക്കണം. എഴുത്ത്, വായന,സംസ്‌കാരം എന്നിവയിലേക്ക് അന്തേവാസികളുടെ ശ്രദ്ധ തിരിക്കുകയും മെച്ചപ്പെട്ട ജീവിതസാഹചര്യത്തിലേക്ക് അവരെ കൈപിടിച്ചുനടത്തുകയും ചെയ്യേണ്ടതുണ്ട്. കേരളത്തിലെ വനിതാജയിലുകളിലെ എഴുപത് ശതമാനം പേരും പത്തോ അതിനുതാഴെയോ വിദ്യാഭ്യാസനിലവാരമുള്ളവരാണ്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ ചെയ്യാന്‍ പാടുള്ളതെന്ത് പാടില്ലാത്തതെന്ത് എന്നതിനെക്കുറിച്ചുള്ള അവബോധമാണ് ആദ്യം സൃഷ്ടിക്കേണ്ടത്. ഇല്ലായ്മകളെയും തടസ്സങ്ങളെയും  കുറ്റകൃത്യങ്ങളിലൂടെ നികത്തുന്ന പ്രവണതയ്ക്കെതിരെയുള്ള അവബോധമാണ് അവരിലുണ്ടാക്കിയെടുക്കേണ്ടത്.

ശീലിക്കണം മെന്‍സ്ട്രല്‍ കപ്പുകള്‍

വ്യക്തിശുചിത്വവും ആരോഗ്യവും സംരക്ഷിക്കുന്നതിനായി ആര്‍ത്തവകാലങ്ങള്‍ അസ്വസ്ഥതകള്‍ നിറഞ്ഞതാവാതിരിക്കാന്‍ വനിതാജയിലുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എളുപ്പം ഉപയോഗിക്കാവുന്നതും മലിനീകരണം ഒട്ടും ഇല്ലാത്തതുമായ മെന്‍സ്ട്രല്‍ കപ്പുകള്‍ തടവുകാരികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ വിതരണം ചെയ്യുകയും അവയുടെ ഉപയോഗത്തെക്കുറിച്ച് ബോധവതികളാക്കുകയും വേണം. വിചാരണത്തടവുകാര്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് അനുവദിക്കാന്‍ സര്‍ക്കാര്‍ഫണ്ടില്‍ തടസ്സങ്ങളുണ്ടെങ്കില്‍ സ്വന്തം ചിലവില്‍ വാങ്ങിക്കുകയോ, സന്നദ്ധസംഘടനകളുടെ സഹായം തേടുകയോ ചെയ്യാവുന്നതുമാണ്. പെരിമെനപ്പോസ് കാലങ്ങളില്‍ മതിയായ ചികിത്സയും ഇവര്‍ക്കായി ഒരുക്കണം. 

അറിവില്ലായ്മയ്ക്ക് നിയമത്തിനുമുന്നില്‍  ഇളവില്ല- ഋഷിരാജ് സിങ്

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വനിതാ ജയിലുകളില്‍ ജനസംഖ്യ കുറവാണ് എന്നതുതന്നെ കേരളവിദ്യാഭ്യാസസമൂഹത്തിന് ആശ്വസിക്കാം. വനിതജയിലുകളിലും ജില്ലാജയിലുകളിലുമായി ശിക്ഷയിലും വിചാരണയിലുമായി കഴിയുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുനൂറ്റി അമ്പതില്‍ കവിഞ്ഞിട്ടില്ല. അവരില്‍ത്തന്നെ മുപ്പത് ശതമാനം പേര്‍ അന്യസംസ്ഥാനക്കാരും വിദേശികളുമാണ്. കുടുബത്തിലും സമൂഹത്തിലും എത്രകണ്ട് പാവമായിരുന്നാലും ശരി കുറ്റം ചെയ്യുന്നവര്‍ നിയമവിധേയമായി ശിക്ഷിക്കപ്പെടും. ഇവിടെ പ്രബുദ്ധകേരളവും നിയമവും കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത് പിന്നോക്കാവസ്ഥയിലുള്ള സമൂഹത്തില്‍ നിയമാവബോധം വളര്‍ത്തിയെടുക്കുക എന്നതാണ്. പ്രത്യേകിച്ചും ആദിവാസികളിലും മറ്റ് ഗോത്രവിഭാഗങ്ങളിലും.  ഉദാഹരണത്തിന് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിപ്പിക്കുന്ന സമൂഹം ഇന്ത്യയിലൊട്ടാകെയുണ്ട്. വര്‍ഷങ്ങളായി അതു തുടരുന്നുമുണ്ട്. അത് നിയമപരമായി തെറ്റാണെന്നും ശിക്ഷിക്കപ്പെടുമെന്നും അവര്‍ അറിയുന്നില്ലെങ്കില്‍ നിയമം കൊണ്ട് എന്ത് ഗുണമാണ് സമൂഹത്തിനുള്ളത്? പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിപ്പിച്ചയക്കുമ്പോള്‍ പോക്സോ പ്രകാരം മാതാപിതാക്കള്‍ ജയിലിലടക്കപ്പെടും. വരനും ബന്ധുക്കളും  എല്ലാവരും അകത്താവും. മതിയായ വിദ്യാഭ്യാസമോ നിയമാവബോധോ ഇല്ലാത്തവര്‍ പോക്സോ എന്താണെന്നുതന്നെ അറിഞ്ഞെന്നുവരില്ല. അത്തരം കേസുകളില്‍ അവരെ സംബന്ധിച്ചിടത്തോളം ഒരു കല്യാണം കഴിച്ചതിന് അകത്തായി എന്നുമാത്രമേ ചിന്തിക്കുകയുള്ളൂ. പോക്സോ കേസുകളില്‍ അകത്താവുന്നവരില്‍ പന്ത്രണ്ട് ശതമാനത്തോളം ഇത്തരത്തിലുള്ളവരാണ്. അറിവില്ലായ്മ നിയമത്തിനുമുന്നില്‍ ഒഴിവുകഴിവല്ല- Ignorance of Law is not an Excuse. അതുകൊണ്ടുതന്നെ അറിവില്ലായ്മകൊണ്ട് അകത്താവുന്നതില്‍ സമൂഹത്തിനു പങ്കുണ്ട്. ഓരോ ഇന്ത്യന്‍ പൗരനിലും നിയമാവബോധം വളര്‍ത്തിയെടുക്കുക എന്നതും സാമൂഹ്യസുരക്ഷാമിഷനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.  

വേണം അതിവേഗ കോടതികള്‍ പോലുള്ള സംവിധാനങ്ങള്‍

അഡ്വ. സുനില്‍ഗുപ്ത, സുപ്രീംകോടതി അഭിഭാഷകന്‍, മുന്‍ലീഗല്‍ ഓഫീസര്‍, തിഹാര്‍ജയില്‍

പുരുഷന്‍ തടവിലാക്കപ്പെടുന്നതിലും പതിന്മടങ്ങ് ആഘാതം സ്ത്രീ അകത്താവുമ്പോള്‍ സമൂഹത്തിലും കുടുംബത്തിലും സംഭവിക്കുന്നുവെങ്കില്‍ അതിനുള്ള പോംവഴിയാണ് ആദ്യം വേണ്ടത്. നിലവില്‍ പത്തൊമ്പതിനായിരം സ്ത്രീകളാണ് ഇന്ത്യയിലെ വിവിധ ജയിലുകളില്‍ തടവിലുള്ളത്. അതില്‍ അറുപത്തിയഞ്ച് ശതമാനവും വിചാരണത്തടവുകാരാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കാനായി സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് പോലൊരു സംവിധാനം സ്ത്രീകള്‍ പ്രതികളാവുന്ന കേസുകള്‍ പരിഗണിക്കാനും വേണം.

സാമൂഹികവും കുടുംബപരവുമായ പരിഗണനകള്‍ നല്‍കിക്കൊണ്ട് കേസില്‍ പെട്ടെന്ന് തീര്‍പ്പുകല്‍പ്പിക്കുകയാണ് വേണ്ടത്. ഭരണഘടനാലംഘനമാണ് ഏത് കുറ്റകൃത്യവും. അതിന് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കണം. അതേസമയം കേസിലെ തീര്‍പ്പുകല്‍പ്പിക്കലുകളുടെ വേഗതയാണ് അനിവാര്യം. ജയിലില്‍ വളരെക്കാലം കഴിയേണ്ടിവരുമ്പോള്‍ അവിടെ ഒരു ഗ്യാങ് രൂപപ്പെടുകയും പുറത്തിറങ്ങുമ്പോള്‍ ഈ ഗ്യാങ് കൂടുതല്‍ പ്രശ്നക്കാരായി മാറുകയും ചെയ്യുന്ന അവസ്ഥ തടവുകാര്‍ക്കിടയില്‍ കണ്ടിട്ടുണ്ട്. അത്തരം പ്രവണതകളെ തടയാനുള്ള വഴിയും അതിവേഗകോടതികളുടെ ഇടപെടലുകള്‍ മാത്രമാണ്.

ധൃതികൂട്ടണോ തടവിലിടാന്‍?

സോഫിയാബീവി, സൂപ്രണ്ട്, തിരുവനന്തപുരം വനിതാജയില്‍

ആദ്യമായി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടുപോകുന്നവരെ, പ്രത്യേകിച്ചും അമ്മമാരാണെങ്കില്‍, നേരിട്ട് തടവിലാക്കാതെ നല്ലനടപ്പിനുവിടുക എന്ന പരിഗണയും കോടതിയക്ക് കൈക്കൊള്ളാം. ഈ നല്ലനടപ്പ് തീരുമാനിക്കേണ്ടത് കുറ്റകൃത്യത്തിന്റെ കാഠിന്യവും അമ്മയുടെ ശാരീരിക മാനസികാരോഗ്യവും കോടതിയ്ക്ക് ബോധ്യപ്പെട്ടതിനുശേഷമാകണം. മക്കളുടെ വിദ്യാഭ്യാസത്തിനോ ജോലിചെയ്യുന്നതിനോ മക്കളെ വളര്‍ത്തുന്നതിനോ തടസ്സമാവാതെ, എന്നാല്‍ പ്രൊബേഷന്‍ ഓഫീസറുടെ പൂര്‍ണഉത്തരവാദിത്തത്തില്‍ കുഞ്ഞ് വലുതാകുന്നതുവരെ അമ്മയ്ക്ക് കേസിനെയും ജയിലിലെയും അതിജീവിക്കാവുന്നതാണ്.

നല്ലനടപ്പിനുവിടുമ്പോള്‍ അനുസരിക്കേണ്ടതായിട്ടുള്ള എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നു എന്ന് പ്രൊബേഷണറി ഓഫീസറും സമയാസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫസ്റ്റ് ടൈം ഒഫന്റര്‍മാരായ അമ്മമാരെ അവരുടെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലവും കേസിന്റെ ഗൗവരവും ഉള്‍ക്കൊണ്ടതിനുശേഷം മതി ഇത്തരം നല്ലനടപ്പുകള്‍. പിഞ്ചുകുഞ്ഞുങ്ങളുള്ള അമ്മമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാവുന്നതിനുപകരം കൊണ്ടുവരേണ്ടത് നല്ലനടപ്പുകളാണ്. കുറ്റകൃത്യത്തില്‍പ്പെട്ട അമ്മമാര്‍ക്ക് ഒരുപരിധിവരെ ഇത് ആശ്വാസമാകും.

വീടും കുടുംബവും അമ്മയ്ക്ക് അന്യം നിന്നുപോകാതെ, എന്നാല്‍ നിരന്തരം നിരീക്ഷിക്കപ്പെട്ടുകൊണ്ട്, പരിമതമായ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് അമ്മ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍പീനല്‍കോഡുപ്രകാരം ആണും പെണ്ണുമില്ല, നിയമം മാത്രമേയുള്ളൂ, എങ്കിലും കുഞ്ഞിന്റെ ആശ്രയം എന്നത് അമ്മ മാത്രമാകുന്ന സാഹചര്യം കൂടി പരിഗണിക്കപ്പെടണം. കുറ്റകൃത്യങ്ങളില്‍പെട്ടുപോകുന്ന വനിതകളുടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷിക്കാനും കൂടുതല്‍ വനിതാപോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കണം. ഏറ്റുപറച്ചിലിനേക്കാള്‍ വലുതാണ് തുറന്നുപറച്ചില്‍. അമ്മമാരുടെ തുറന്നുപറച്ചിലുകള്‍ കോടതിയോടൊപ്പം സമൂഹവും തുറന്ന ചെവിയോടെ കേള്‍ക്കുക.

ബൈപോളാര്‍, സ്‌കീസോഫ്രീനിയ, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്

ജോര്‍ജ് ചാക്കോ, കണ്‍സല്‍ട്ടന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആന്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍,ജില്ലാജയില്‍ എറണാകുളം

സമൂഹത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ് ജയില്‍. അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും ജയിലിലും കാണാം. സ്‌കീസോഫ്രീനിയ,ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍ എന്നിവയാണ് പ്രധാനമായും മാനസികരോഗവുമായി ബന്ധപ്പെട്ട് ജയിലുകളില്‍ കാണാന്‍ കഴിയുക. വനിതാജയിലുകളിലെ കൊലപാതകക്കേസുകളില്‍ മിക്കവയും അഭിമാനവുമായി ബന്ധപ്പെട്ടതാണ്. തന്നോടുതന്നെയുള്ള അവമതിപ്പ് നഷ്ടപ്പെടുന്നസാഹചര്യത്തിലാണ് അപമാനബോധം വരുന്നത്. വിവാഹേതരബന്ധത്തിലോ വിവാഹപൂര്‍വബന്ധത്തിലോ ജനിക്കുന്ന കുഞ്ഞിനെ കൊലചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം അതാണ്. പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് നവജാതശിശുവിനൊപ്പം തന്നെ അമ്മയില്‍ വന്നുചേരുന്ന ഒരു മാനസികരോഗമാണ്. ലോകത്ത് എല്ലാ ജീവികളും തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നുണ്ട്. അത് പ്രകൃതിനിയമമാണ്. കുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കുക എന്നത് ഒരു മാനസികരോഗം തന്നെയാണ്. കുഞ്ഞിനെ കഴുത്തുഞെരിച്ചോ, എറിഞ്ഞോ കൊന്നതിനുശേഷം ജീവപര്യന്തം കൊടുത്തതുകൊണ്ടുകാര്യമില്ല. രോഗം പ്രസവത്തോടെ തിരിച്ചറിയപ്പെടുകയും ചികിത്സകൊടുക്കുകയും വേണം. അത്തരമൊരു ചികിത്സാസാഹചര്യത്തിലേക്ക് നമ്മള്‍ എത്തിയിട്ടില്ല. അതേസമയം സമൂഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന അമ്മമാര്‍ നേരിടുന്നത് മാനസികാരോഗ്യപ്രശ്‌നങ്ങളാണ്. മാനസികരോഗം വര്‍ഷങ്ങള്‍കൊണ്ട് ചികിത്സിച്ചുമാറ്റുന്നതാണെങ്കില്‍ കൃത്യമായ സൈക്കോതെറാപ്പികളിലൂടെ മറികടക്കാവുന്നതാണ് മാനസികാരോഗ്യപ്രശ്‌നങ്ങള്‍. തനിക്കുമുമ്പിലുള്ള പ്രശ്‌നത്തെ എത്രയും പെട്ടെന്ന് ഇല്ലാതാക്കുന്ന ധൃതിയാണ് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത ഗര്‍ഭത്തേക്കാള്‍ സമൂഹത്തെ ഭയക്കുന്നത് നിസ്സഹായതയാണ്. നിസ്സഹായത അവമതിപ്പില്ലായ്മയിലേക്കും നിരാശയിലേക്കും നയിക്കപ്പെടുന്നതോടെ മാനസികാരോഗ്യപ്രശ്‌നമാവുന്നു. പക്ഷേ കോടതിയെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യവതിയാണ് പ്രതി. അമ്മയാണോ, കുട്ടിയാണോ,ഭര്‍ത്താവാണോ എന്നതല്ല പ്രശ്‌നം, ഒരാളുടെ ജീവനെടുക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലാത്തിടത്തോളം കാലം ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥരാവുന്നു. അഭിമാനപ്രശ്‌നം എന്ന മാനസികാരോഗ്യപ്രശ്‌നത്തോടെ ജയിലിലെത്തുന്നവര്‍  വിഷാദരോഗത്തിലേക്കെത്താനുള്ള സാധ്യതയും കൂടുതലാണ്. നാല്‍പത് ശതമാനം മരുന്നും അറുപത് ശതമാനം സൈക്കോതെറാപ്പികളുമാണ് ഇത്തരം അവസ്ഥകളെ മറികടക്കാനുള്ള പരിഹാരമായി നിംഹാന്‍സ് നിര്‍ദ്ദേശിക്കുന്നത്. അത് എല്ലാ ജയിലുകളിലും പ്രാവര്‍ത്തികമാവുന്നുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

വേണം കൃത്യമായ മാനസികാപഗ്രഥനം

ഡോ. സജീവ് -കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍

അക്രമാസക്തരായ വനിതാ കുറ്റവാളികള്‍ പുരുഷന്മാരേക്കാള്‍ തികച്ചും വ്യത്യസ്തമായ ഒരു കുറ്റകൃത്യ പാറ്റേണ്‍ ആണ് പ്രകടപ്പിക്കുന്നത്. സ്ത്രീകളുടെ ഇരകള്‍ പലപ്പോഴും അവരുമായി അടുപ്പമുള്ള ആളുകളാണ്, കുറ്റകൃത്യം പരസ്പര സംഘര്‍ഷത്തിന്റെ ഫലമാണ് - ഇതില്‍ മാതാപിതാക്കള്‍, ഭര്‍ത്താക്കന്മാര്‍, കാമുകന്‍മാര്‍, അതുപോലെ കുട്ടികള്‍ എന്നിവരാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. വീടുകളില്‍ കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത സ്ത്രീയിലാണ് പുരുഷനേക്കാള്‍ കൂടുതല്‍. അത്തരം കുറ്റകൃത്യങ്ങളില്‍ പലപ്പോഴും സ്ത്രീ ഇരയായി തിരഞ്ഞെടുക്കുന്നത് പുരുഷനെയാണ്. വനിതാകുറ്റവാളികളില്‍  അധികവും മദ്ധ്യവയസ്‌കരും വിവാഹിതരും കുട്ടികളുള്ളവരുമാണ്. അവര്‍ നിലവില്‍ പീഡനത്തിനിരയായവരും ബാല്യകാലങ്ങളില്‍ ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്കും ഇരകളായവരുമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ ശാരീരികവും മാനസികവുമായ അനാരോഗ്യങ്ങള്‍ അനുഭവിക്കുന്നവരുമാണ്.

ബാല്യത്തിലെ സമ്മര്‍ദ്ദ ജീവിതസംഭവങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് കുറ്റവാസനയിലേക്ക് നയിക്കുന്നത്. സ്ത്രീകുറ്റവാളികള്‍ പുരുഷന്മാരെക്കാള്‍ പത്തിരട്ടി ബാല്യകാല ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ മദ്യപാനം,അക്രമാസക്തമായ കുടുംബാന്തരീക്ഷം, തുടങ്ങിയവ പുരുഷ കുറ്റവാളികളെക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. കുടുംബസംഘര്‍ഷങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കുറ്റവാസനവളര്‍ത്തുന്നത്. നരഹത്യയും തീവെപ്പും പോലുള്ള അതിക്രമങ്ങള്‍ പലപ്പോഴും മാനസികരോഗത്തിന്റെ ലക്ഷണമായ സൈക്കോട്ടിക്ക് മിഥ്യാധാരണകളില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ ചെയ്തുപോവുന്നതാണ്.

വനിതാ കുറ്റവാളികള്‍ പലപ്പോഴും മാനസികരോഗികള്‍ അല്ലെങ്കില്‍ പ്രശ്നകരമായ വ്യക്തിത്വങ്ങള്‍ ഉള്ളതായി കാണപ്പെടുന്നുണ്ട്. പ്രതികൂലസാഹചര്യങ്ങളും ആഘാതകരമായ സമ്മര്‍ദ്ദവും - ലൈംഗിക പീഡനം മുതല്‍ വൈകാരിക അവഗണനവരെ - ജീവിതസമ്മര്‍ദ്ദം, പ്രത്യേകിച്ച് മാനസികവികാസത്തിന്റെ ഘട്ടങ്ങളിള്‍ അനുഭവിക്കുമ്പോള്‍ ട്രോമ-സ്പെക്ട്രം ക്രമക്കേടുകള്‍ പ്രകടമാകുകയും അവ പിന്നീട് വിഷാദം, ഉത്കണ്ഠ മനോരോഗം എന്നിവ പോലുള്ള മാനസിക രോഗത്തിന് കാരണമാക്കുന്നു. ഇത്തരം കേസുകള്‍ക്ക് മെച്ചപ്പെട്ട മാനസികാരോഗ്യ സേവനം തുടക്കത്തില്‍ തന്നെ ആവശ്യമാണ്. ലിംഗ-നിഷ്പക്ഷ gender neutral സമീപനങ്ങളേക്കാള്‍ ലിംഗനിര്‍ദ്ദിഷ്ടമായ gender specific തന്ത്രങ്ങളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപകാരപ്പെടുക.

ഓക്സിടോസിന്‍, വാസോപ്രെസിന്‍, കോര്‍ട്ടിസോള്‍ പോലുള്ള പെരിഫെറല്‍ സ്റ്റിറോയിഡ് ഹോര്‍മോണുകള്‍ എന്നിവ ലിംബിക് പ്രവര്‍ത്തനത്തിന്റെ പ്രധാന മോഡുലേറ്ററുകളാണ്. അതിന്റെ വേരുകള്‍ക്ക് അനുസൃതമായി അഫിലിയേറ്റീവ് സര്‍ക്യൂട്ടറി സ്ത്രീകളില്‍ പ്രത്യേകിച്ചും ശക്തമാണ്. സാമൂഹിക സമ്മര്‍ദ്ദത്തോടുള്ള പ്രതികരണത്തെ മോഡുലേറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ടുള്ള സമയങ്ങളില്‍, സന്തതികള്‍ക്കും ഇണകള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ അഫിലിയേറ്റീവ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതില്‍ അഫിലിയേഷന്‍, ബോണ്ടിംഗ് എന്നിവയ്ക്കുള്ള ന്യൂറോസര്‍ക്യൂട്ടറി പ്രത്യേകിച്ചും പ്രധാനമാണ്.

വ്യക്തിത്വ വൈകല്യങ്ങളും ചെയ്ത കുറ്റകൃത്യങ്ങളുടെ തരവും ഉപയോഗിക്കുന്ന ലഹരിപദാര്‍ത്ഥവും തമ്മില്‍ ഗണ്യമായ ബന്ധം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യവും ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യവും സ്ത്രീകുറ്റവാളികളില്‍ കൂടുതല്‍ കാണാം. തടവുകാരുടെ പെരുമാറ്റത്തിന്റെ ക്രിമിനോളജിക്കല്‍, സോഷ്യോളജിക്കല്‍ വശങ്ങള്‍ക്ക് പുറമേ തടവുകാരുടെ മാനസികവും പെരുമാറ്റപരവുമായ വശങ്ങളിലേക്കുള്ള ശ്രദ്ധ ആ തടവുകാരെ കൈകാര്യം ചെയ്യുന്നതില്‍ വളരെ പ്രധാനമാണ്. മഹാഭൂരിപക്ഷം വനിതാ തടവുകാരും വിഷാദരോഗത്തിന്റെ പിടിയിലുമാണ്. ആത്മഹത്യ നമ്മുടെ ജയിലുകളില്‍ നിത്യസംഭവമായിട്ടുണ്ട്. ശിക്ഷയേക്കാള്‍ പലര്‍ക്കും മാനസികാരോഗ്യത്തിനുള്ള ചികിത്സയായിരിക്കും തികച്ചും ആവശ്യമായിവരിക. അതിന് എത്രത്തോളം നമ്മുടെ സിസ്റ്റം തയ്യാറാണ്?

(അവസാനിച്ചു)

മുന്‍ഭാഗങ്ങള്‍ വായിക്കാം

 

Content Highlights: Series on Women Jails in Kerala  Akathanu Amma  final part