യനാട് ജില്ലാജയില്‍ സന്ദര്‍ശനത്തിനുപോയ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനോട് അവിടത്തെ അന്തേവാസി ചോദിച്ചു 'സര്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്?' ഞങ്ങള്‍ എന്നയാള്‍ പറഞ്ഞതില്‍ നിന്ന് അയാളും കുടുംബവുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് മനസ്സിലായ ഉദ്യോഗസ്ഥന്‍ അയാളുടെ കേസ് വിവരങ്ങള്‍ അന്വേഷിച്ചു. പോക്സോയും ഗാര്‍ഹികപീഡനവും. ഗോത്രവിഭാഗത്തില്‍ നിന്നുള്ള അയാളും മകനും ഭാര്യയും വിചാരണത്തടവിലാണ്. സംഭവം ഇങ്ങനെയാണ്. ഗോത്രാചാരപ്രകാരം പ്രായപൂര്‍ത്തിയാവുക എന്നത് പെണ്‍കുട്ടിയ്ക്ക് ആര്‍ത്തവം ആരംഭിക്കുക എന്നതാണ്. പതിനഞ്ച് -പതിനാറ് വയസ്സില്‍ ആര്‍ത്തവമാരംഭിച്ചാല്‍ അവരുടെ രീതികള്‍ പ്രകാരം ഉടന്‍ തന്നെ വിവാഹവും നടക്കും. അങ്ങനെ വിവാഹം കഴിപ്പിച്ചതാണ് അയാളുടെ മകനെയും സുഹൃത്തിന്റെ മകളെയും. പെണ്‍കുട്ടിയ്ക്ക് പതിനാറ് വയസ്സാണ്. താമസിയാതെ ഗര്‍ഭിണിയുമായി. വീട്ടില്‍ ചില വാക് തര്‍ക്കങ്ങളുണ്ടായപ്പോള്‍ മകന്‍ തന്റെ ഭാര്യയായ പെണ്‍കുട്ടിയെ തല്ലി. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് നടക്കുന്നത് അറസ്റ്റ് ആണ്. പെണ്‍കുട്ടിയുടെ ഭര്‍ത്താവും അച്ഛനും അമ്മയുമെല്ലാം അറസ്റ്റിലായി. കേസാവട്ടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതും. പെണ്‍കുട്ടിയുടെ പേരും വയസ്സും റെക്കോഡ് ചെയ്യപ്പെട്ടപ്പോഴാണ് നിയമപരമായി പ്രായപൂര്‍ത്തിയായിട്ടില്ല എന്നു മനസ്സിലായി ഡോക്ടര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്ത്യയിലൊട്ടാകെയുള്ള ഗോത്രവിഭാഗക്കാരില്‍ ഇത്തരത്തില്‍ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അവര്‍ അവരുടെ ആചാരങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുക. പതിനെട്ട് വയസ്സാവാതെ വിവാഹം കഴിപ്പിച്ചയക്കാന്‍ പാടില്ല എന്ന നിയമാവബോധം അവരില്‍ എത്താത്തിടത്തോളം കാലം പോക്സോ കേസുകള്‍ ഇവിടെ ചാര്‍ത്തപ്പെട്ടുകൊണ്ടേയിരിക്കും. നിയമം അറിയില്ലായിരുന്നു എന്നത് കോടതിയ്ക്കുമുന്നിലെ ന്യായീകരണമല്ല. അതിനാല്‍ത്തന്നെ സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്കിടയില്‍ ഇന്ത്യന്‍ ശിക്ഷാനിയമങ്ങള്‍ പരിചിതമാക്കേണ്ടതുണ്ട്. നിയമാവബോധമാണ് ആദ്യം നടത്തേണ്ടത്. 

വനിതാജയിലുകളിലെ പിടിച്ചുപറി കേസുകള്‍ വിശകലനം ചെയ്യുമ്പോള്‍ പ്രതികളുടെ കുടുംബപശ്ചാത്തലം കൂടി വിലയിരുത്തേണ്ടതുണ്ട്. അടിസ്ഥാനപരമായ വിദ്യാഭ്യാസമില്ലായ്മയാണ് ഇവിടെ പ്രശ്നം. തങ്ങളുടെ താല്‍ക്കാലിക നിവൃത്തികള്‍ക്കായി അന്യന്റെ മുതല്‍ മോഷ്ടിക്കാന്‍ പാടില്ല എന്ന അവബോധം വന്നുചേരേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ്. അത് നിഷേധിക്കപ്പെട്ട ഒരു വിഭാഗമാണ് പിടിച്ചുപറിക്കേസുകളില്‍ ഏറിയ പങ്കും കയ്യാളിയിരിക്കുന്നത്. 

പോക്സോയ്ക്ക് തൊട്ടുതാഴെയെന്ന മട്ടിലാണ് സ്ത്രീകളുടെ മയക്കുമരുന്നു വ്യാപാരം ഉപയോഗം കടത്തല്‍ എന്നിവയുള്ളത്. ഈയിടെ വന്നുചേര്‍ന്നിരിക്കുന്ന കേസുകളില്‍ ഏറിയ പങ്കും നാര്‍ക്കോട്ടിക്സാണ്. വിദ്യാസമ്പന്നരായ ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് ഭൂരിഭാഗവും. ലഹരി ഒരു സാമൂഹികവിപത്തായി മാറുന്നതിന്റെ സൂചനയാണിത്. ആധുനികസാങ്കേതിക സംവിധാനത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് പ്ലസ്ടു മുതല്‍ പിഎച്ച്ഡി വരെയുള്ള കോഴ്സുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നാര്‍ക്കോട്ടിക്സ് കേസില്‍ പെട്ട് വന്നുംപോയുമിരിക്കുന്നു. വിദ്യാഭ്യാസമുണ്ടായിട്ടും അതിന്റെ യഥാര്‍ഥ പ്രായോഗികവശം അറിയാതെ പോയ ഒരു കൂട്ടര്‍!

കുറവല്ല ലെസ്ബിയന്‍ പ്രണയങ്ങള്‍

സ്വവര്‍ഗലൈംഗികത ജയിലുകളില്‍ സ്വാഭാവികമാണ്. തിഹാര്‍ പോലുള്ള ജയിലുകളില്‍ സഹതടവുകാരില്‍ നിന്നും ലൈംഗികചൂഷണം നേടിടേണ്ടി വന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തിഹാറിലെ മുന്‍ ജയില്‍ സൂപ്രണ്ട് സുനില്‍ ഗുപ്ത അദ്ദേഹത്തിന്റെ ബ്ലാക് വാറണ്ട് എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗവും ജയിലുകളില്‍ സാധാരണമാണ്. രണ്ട് വനിതാ തടവുകാര്‍ തമ്മില്‍ പതിവില്‍ കവിഞ്ഞ സ്‌നേഹം പ്രകടിപ്പിക്കപ്പെടുമ്പോള്‍ സഹതടവുകാരാണ് ജയില്‍ അധികാരികളെ അറിയിക്കുന്നത്. അവരുടെ പ്രണയം മറ്റുള്ളവരുടെ പോരാകുന്ന ഘട്ടമെത്തുമ്പോള്‍ പരമാവധി ചെയ്യാനുള്ളത് രണ്ട് സെല്ലുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ്.

രണ്ട് തടവുകാരികള്‍ തമ്മില്‍ പ്രണയമാകുമ്പോള്‍ പൊസ്സസ്സീവ്‌നെസ് വളരെയധികമാകുകയും അത് സഹതടവുകാരില്‍ അഹസ്യതയുളവാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരം ബന്ധങ്ങള്‍ വളരെ പെട്ടെന്നുതന്ന അധികാരികള്‍ക്കുമുമ്പില്‍ ചോര്‍ത്തപ്പെടും. വ്യക്തിസ്വാതന്ത്ര്യങ്ങള്‍ റദ്ദുചെയ്യപ്പെടുന്നതിനെയാണ് ജുഡീഷ്യല്‍ കസ്റ്റഡി എന്നു നിര്‍വചിക്കുന്നതിനാല്‍ തന്നെ ഇത്തരം പ്രവണതകളും തടസ്സപ്പെടുത്താറാണ് പതിവ്. സ്‌നേഹിക്കുമ്പോള്‍ പരിസരം മറന്ന് സ്‌നേഹിക്കുകയും വഴക്കിടുമ്പോള്‍ ജയില്‍പോലും മറന്ന് വഴക്കിടുകയും ചെയ്യുന്ന വനിതാതടവുകാര്‍ പത്തുപേര്‍ നൂറു പുരുഷതടവുകാര്‍ക്ക് തുല്യമാണെന്ന് വിയ്യൂര്‍ വനിതാജയില്‍ സൂപ്രണ്ട് പറയുന്നു.  

ആര്‍ത്തവം, വ്യക്തിശുചിത്വം, അമിതവൃത്തി

ആര്‍ത്തവകാലങ്ങള്‍ ശുചിത്വമുള്ളതാക്കാന്‍ സാനിറ്ററി നാപ്കിന്നുകളും സോപ്പുകളും  ജയിലില്‍ നിന്നും നല്‍കുന്നുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യമുള്ള തടവുകാരികള്‍ പലപ്പോഴും പ്രശ്‌നക്കാരാവുന്നത് ആര്‍ത്തവവേളയിലാണ്. നാപ്കിന്നുകള്‍ ഉപയോഗിക്കാന്‍ തയ്യാറാവാതെ, വ്യക്തിശുചിത്വം പാലിക്കാതെ, മറ്റുതടവുകാര്‍ക്കും ജയില്‍ അധികൃതര്‍ക്കും പരമാവധി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ഇവര്‍. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പാഡ് ഉടുപ്പിക്കേണ്ടി വന്നാലും കൃത്യമായ ഇടവേളകളില്‍ മാറ്റിയുടുക്കാന്‍ തയ്യാറാവില്ല. തന്നാലാവും വിധം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു ഇവര്‍. മൂഡ് സ്വിങ്, വിഷാദം, ചിന്ത പോലുള്ള പ്രശ്‌നങ്ങളും ഈ സമയങ്ങളില്‍ അവരെ കൂടുതല്‍ അലട്ടും. അത് ഉള്‍ക്കൊള്ളാതെയാണ് സഹതടവുകാരുടെ പെരുമാറ്റമുണ്ടാകുക. അപ്പോള്‍ പ്രകോപിതരാവുക സ്വാഭാവികമാണ്. സഹതടവുകാരുടെ വസ്ത്രങ്ങളും മറ്റും നശിപ്പിക്കുക, അസഭ്യവര്‍ഷം ചൊരിയുക, അക്രമം കാണിക്കുക തുടങ്ങിയ പെരുമാറ്റങ്ങള്‍ രൂക്ഷമാകുന്നതും ആര്‍ത്തവവേളയിലാണ്. സാനിറ്ററി നാപ്കിന്നുകള്‍ കൊണ്ട് ടോയ്്‌ലറ്റുകള്‍ ബ്ലോക്കാവുന്ന അവസ്ഥ വനിതാജയിലുകളില്‍ സാധാരണമാണ്. ഉപയോഗശേഷം പാഡ് കരിച്ചുകളയാനുള്ള ഇന്‍സര്‍നേറ്ററുകള്‍ ഓരോ വനിതാജയിലുകളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും എളുപ്പമാര്‍ഗമെന്ന രീതിയില്‍ ക്ലോസറ്റിലിടും, അല്ലെങ്കില്‍ അശ്രദ്ധമൂലം ക്ലോസറ്റില്‍ വീണുപോകും.

ആര്‍ത്തവകാലത്തെ ശുചിത്വമില്ലായ്മ പോലെ തന്നെ ജയില്‍ അധികൃതര്‍ക്ക് തലവേദയുണ്ടാക്കുന്ന ഒന്നാണ് ചില അന്തേവാസികളുടെ അമിതവൃത്തിയും. മടക്കിയ തുണികള്‍ വീണ്ടും മടക്കിവെക്കുക, പത്തോളം പേര്‍ ഒന്നിച്ചുതാമസിക്കുന്ന സെല്ലില്‍ ബെഡ്ഡില്‍ സഹതടവുകാരികള്‍ വന്നിരുന്നാല്‍ ഷീറ്റ് വൃത്തികേടായി എന്നാരോപിച്ച് പ്രശ്‌നമുണ്ടാക്കുക, ഉപയോഗിക്കുന്ന ഗ്ലാസ്, പ്ലേറ്റ്, സോപ്പ്  തുടങ്ങിയവയുടെ ശുചിത്വത്തില്‍ സദാസംശയം വെച്ചുപുലര്‍ത്തുക, മണിക്കൂറുകള്‍ ഇടവിട്ട് കുളിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ഒബ്‌സസ്സീവ് കംപല്‍സറി ഡിസോര്‍ഡറുകള്‍ ഉള്ള തടവുകാരികള്‍ മറ്റുള്ളവരുമായി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും വാക്കേറ്റത്തിലാണ് അവസാനിക്കാറ്. അമിതവൃത്തിക്കാര്‍ തങ്ങളുടെ സാധനങ്ങള്‍ ഭദ്രമായി എടുത്തുവെക്കുകയും വെച്ചസ്ഥലം മറന്നുപോകുകയും മറ്റുള്ളവര്‍ എടുത്തുവെന്നാരോപിച്ചുള്ള തര്‍ക്കവും സെല്ലുകളില്‍ സാധാരണമാണ്. വര്‍ഷങ്ങളുടെ വാസങ്ങള്‍ കൊണ്ട് ജയില്‍ സ്വന്തമിടമാക്കുന്ന തടവുകാരികള്‍ മേധാവിത്വ സ്വഭാവം വെച്ചുപുലര്‍ത്തുന്നതും ജൂനിയര്‍ തടവുകാരികള്‍ അവര്‍ക്കു വിധേയപ്പെട്ട് കഴിയുന്നതും സിനിമയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ്.

ഗര്‍ഭവും പ്രസവവും ശുശ്രൂഷയും

മോഷണം, മയക്കുമരുന്ന്, കള്ളക്കടത്ത് തുടങ്ങിയ കേസുകളില്‍ സ്ത്രീകള്‍ പിടിക്കപ്പെടുമ്പോള്‍ അവരില്‍ ഇരുപത്തിയഞ്ച് ശതമാനം പേരെങ്കിലും ഗര്‍ഭിണികളുമായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലീസ് കാവലോടെ മികച്ച പരിചരണം അമ്മയ്ക്കും കുഞ്ഞിനും ലഭ്യമാക്കേണ്ടതുണ്ട്. മോഷണശ്രമത്തിന് അകത്താകുമ്പോള്‍ അസം സ്വദേശിനി നീത മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ഇരുപത്തിയൊന്ന് വയസ്സുമാത്രമുള്ള നീതയുടെ അനാരോഗ്യക്കുറവ് മൂലം ദുര്‍ഘടമായിരുന്നു പ്രസവകാലം. സിസേറിയനുശേഷം ആശുപത്രി വിട്ട് അമ്മയും കുഞ്ഞും നേരെ ജയിലിലേക്ക്. സെല്ലിലെ പരിമിതമായ സൗകര്യങ്ങളില്‍ സഹതടവുകാരുടെയും ജയില്‍ അധികൃതരുടെയും സഹായത്താല്‍ നീതയും കുഞ്ഞും അതിജീവിച്ചു. അമ്മയ്ക്കും കുഞ്ഞിനും പ്രത്യേകപോഷകാഹാരങ്ങള്‍ ജയില്‍ അനുവദിക്കുന്നുണ്ട്. എങ്കിലും പ്രസവാനന്തര ശുശ്രൂഷകള്‍ക്കു കേളികേട്ട, പ്രസവം ഒരാഘോഷമാക്കുന്ന സമൂഹത്തിലാണ് ഇത്തരം നിശബ്ദപ്രസവങ്ങള്‍ കൊല്ലം തോറും നടക്കുന്നത്.  

പ്രസവശേഷമുള്ള അദ്യത്തെ നാളുകളില്‍ കുളിക്കാനും തുണികള്‍ അലക്കാനും ഭക്ഷണം എടുത്തുതരാനും മറ്റും തടവുകാരിയെ സഹായിക്കാനായി ഒരോ ജയിലിലെയും പ്രായമായ തടവുകാരി മുന്നോട്ടുവരും. അങ്ങനെയാരും തയ്യാറാവുന്നില്ലെങ്കില്‍ പറ്റിയ ആളെ തിരഞ്ഞെടുത്ത് അവരെ മാനസികമായി അതിനു തയ്യാറാക്കുകയാണ് പതിവ്. ഇരുപത്തിയെട്ടുദിവസമാണ് ഇത്തരം സഹായങ്ങള്‍ നിര്‍ബന്ധപൂര്‍വം ചെയ്യിപ്പിക്കുക. ആളുകള്‍ തിങ്ങിപ്പാര്‍ക്കാത്ത സെല്ലിലേക്കാണ് അമ്മയെയും കുഞ്ഞിനെയും മാറ്റുന്നത്. ചൂടുവെള്ളം ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കുക, അമ്മയുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുക, സമയാസമയം അമ്മയെയും കുഞ്ഞിനെയും ഡോക്ടറെ കാണിക്കുക, മരുന്നുകള്‍ ലഭ്യമാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളെല്ലാം ജയില്‍ നിര്‍വഹിക്കുന്നുണ്ട്. ജയില്‍പരിധിക്കപ്പുറത്തെ ചെലവുകള്‍ വരുമ്പോള്‍ ഇത്തരം തടവുകാര്‍ക്ക്് പണത്തിനായി വീട്ടുകാരെ ആശ്രയിക്കേണ്ടി വരുന്നു. വീട്ടില്‍ നിന്നും പണം ലഭിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടാവാറുമില്ല. പ്രസവസമയമടുക്കുമ്പോള്‍ മോഷണം നടത്തി ജയിലിലെത്തുകയും സര്‍ക്കാര്‍സംരക്ഷണത്തില്‍ പ്രസവിക്കുകയും ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ജാമ്യം ലഭിച്ച് പുറത്തുപോകുകയും ചെയ്യുന്ന നാടോടി സ്ത്രീകളും വിയ്യൂര്‍ ജയിലിലെ സ്ഥിരം കാഴ്ചയാണ്. മതിയായ ഭക്ഷണവും പരിചരണവും വിശ്രമവും ഇവരെ സംബന്ധിച്ചിടത്തോളം സൗജന്യമായി ലഭിക്കുന്നത് ജയിലിലാണ്.

അമ്മയും കുഞ്ഞും തലവേദനയാകുമ്പോള്‍

ഒന്നരവയസ്സുകാരിയായ കുഞ്ഞിന് കുളിക്കാന്‍ ചൂടുവെള്ളം കൊടുത്തതിന്റെ പേരില്‍ ജയില്‍ അധികൃതര്‍ പക്ഷപാതപരമായി പെരുമാറുന്നു എന്ന പരാതിയുമായി പ്രതിഷേധിച്ച തടവുകാരികള്‍ക്കിടയിലാണ് നേപ്പാള്‍ സ്വദേശിനി നജ്മയ്ക്ക് ആറുവയസ്സുവരെ കുഞ്ഞിനെ വളര്‍ത്തേണ്ടത്. പലപ്പോഴും മുള്‍മുനയില്‍ നിന്നുവേണം കുഞ്ഞിനെ വളര്‍ത്താന്‍. മോശം വാക്കുകളും പ്രവൃത്തികളും എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ വളരുമ്പോള്‍ നല്ലതേത് ചീത്തയേത് എന്ന് കുഞ്ഞ് അറിയാതെ പോകുന്നു. കുഞ്ഞുങ്ങളെ കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള അമ്മമാര്‍ക്ക് ചെറിയ ജോലികള്‍ നല്‍കുമ്പോള്‍ അതും തടവുകാരികള്‍ ചോദ്യം ചെയ്യും. കുഞ്ഞിന് ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് നല്‍കിയപ്പോള്‍ തനിക്കെവിടെ എന്നു ചോദിക്കുന്നു മുതിര്‍ന്നവര്‍. മാനസികമായി ഇനിയും പക്വതയാര്‍ജിച്ചിട്ടില്ലാത്തവര്‍ എങ്ങനെയാണ് തങ്ങള്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം തിരിച്ചറിയുക?

അധ്വാനശേഷിയും സൂക്ഷ്മതയും

വിയ്യൂര്‍ വനിതാ ജയിലിന്റെ പ്രവേശന കവാടത്തിന് വലത്തുഭാഗത്തായി മനോഹരമായൊരു കുളമുണ്ട്. ആമ്പലും പലതരം മീനുകളും ഉള്ള മുട്ടറ്റം വെള്ളമുള്ള കൃത്രിമക്കുളം നിര്‍മിച്ചത് അന്തേവാസികളാണ്. സൂപ്രണ്ട് യൂട്യൂബില്‍ കാണിച്ചുകൊടുത്തു എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്. അത് കൃത്യമായി മനസ്സില്‍ ഒപ്പിയെടുത്ത് രണ്ടാഴ്ചത്തെ അധ്വാനം കൊണ്ട് മനോഹരമായ കുളമൊരുങ്ങി. വിശ്രമവേളകളില്‍ അന്തേവാസികള്‍ അതിനടുത്ത് വന്നിരിക്കാറുണ്ട്. അതുപോലെ തന്നെയാണ് തിരുവന്തപുരം വനിതാജയിലിലെ നെറ്റിപ്പട്ട നിര്‍മാണപ്രവര്‍ത്തനങ്ങളും. ഒരുപാട് സമയമെടുത്ത് അതിസൂക്ഷമതയോടെ ചെയ്യേണ്ട ജോലിയാണ് നെറ്റിപ്പട്ട നിര്‍മ്മാണം. ഒരൊറ്റ തവണയേ അന്തേവാസികള്‍ക്കു കാണിച്ചുകൊടുക്കേണ്ടി വന്നുളളൂ. ഉദാഹരണത്തിലും മികച്ച നെറ്റപ്പട്ടങ്ങള്‍ അവിടെ നിരന്നുകഴിഞ്ഞു. 

നേരം പോക്കിനും വരുമാനത്തിനുമായി നിരവധി ജോലികള്‍ ജയില്‍ അധികൃതര്‍ തടവുകാര്‍ക്ക് നല്‍കാറുണ്ട്്. പാവനിര്‍മാണം, ആഭരണ നിര്‍മാണം തുടങ്ങി വളരെ സൂക്ഷ്മത വേണ്ടുന്ന ജോലികള്‍ എളുപ്പം പഠിച്ചെടുക്കുന്നവരാണ് തടവുകാരികള്‍ എന്ന് കണ്ണൂര്‍ വനിതാജയില്‍ സൂപ്രണ്ട് പറയുന്നു. നിര്‍മിക്കേണ്ട വിധം ഒരിക്കല്‍ കാണിച്ചുകൊടുത്താല്‍ മതി. അതീവജാഗ്രതയും സൂക്ഷ്മബുദ്ധിയുമുളളവരാണ് അധികവും. സമൂഹത്തിന് നല്ലനിലയില്‍ ഉപകാരപ്പെടേണ്ട ഇത്തരം കഴിവുകളാണ് ജയില്‍ മതിലുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയത്. മുന്നിലേക്കെത്തുന്നത് മനുഷ്യരാണ് എന്ന നല്ലബോധത്തോടെയും സഹകരണമനോഭാവത്തോടെയും പെരുമാറിയാലേ അവര്‍ തിരിച്ചും സഹകരിക്കുകയുള്ളൂ. സഹതടവുകാരില്‍ നിന്നും പരിഹാസങ്ങളും ആക്ഷേപങ്ങളും കേള്‍ക്കുമ്പോള്‍ ആദ്യമായി ജയില്‍ അന്തരീക്ഷത്തിലേക്കെത്തുന്നവര്‍ വിഷമത്തിലാകും. അത്തരക്കാരെ ജയില്‍ അന്തരീക്ഷവുമായി ഇണക്കിച്ചേര്‍ക്കേണ്ടതുണ്ട്. നിരന്തരം കൗണ്‍സിലിങ്ങുകളും പരിഗണനയും നല്‍കേണ്ടി വരുന്നുണ്ട് ഇവര്‍ക്ക്. 

മരണം, ആത്മഹത്യാശ്രമം

നാല് വര്‍ഷത്തില്‍ ഒന്ന് എന്ന നിരക്കില്‍ വനിതാജയിലുകളില്‍ മരണങ്ങള്‍ നടക്കുന്നുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മരണം നടക്കുമ്പോള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്കു വിട്ടുകൊടുക്കുകയോ അല്ലെങ്കില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയോ ആണ് പതിവ്. കാന്‍സര്‍, പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, ഹൃദയാഘാതം തുടങ്ങിയ കാരണങ്ങളാണ് മരണത്തിനിടയാക്കുന്നത്. മധ്യവയസ്സില്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന ഗര്‍ഭാശയസംബന്ധമായ അസുഖങ്ങളും സ്തനാര്‍ബുദ ലക്ഷണങ്ങളുമെല്ലാം തടവുകാരികള്‍ക്കുമുണ്ടാകുന്നു. വയസ്സിനനുസൃതമായ മെഡിക്കല്‍ പരിശോധനകളും സ്‌കാനിങ്ങും ബയോപ്‌സിയുമെല്ലാം മുറപോലെ ഇവിടെയും നടത്തപ്പെടുന്നു. ഗുരുതരമായ അസുഖങ്ങള്‍ കണ്ടുപിടിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായ വിദഗ്ധ ചികിത്സയും ഇവര്‍ക്ക് കൊടുക്കുന്നു.

മരണത്തെക്കാള്‍ വെല്ലുവിളിയാണ് ചെറുപ്പക്കാരായ തടവുകാരികളുടെ ആത്മഹത്യാശ്രമങ്ങള്‍. ജയില്‍വാസത്തിന്റെ ഒരു ഭാഗം മാത്രമായി ആത്മഹത്യാശ്രമം മാറുന്നതിനുകാരണം ഇത് സാധാരണമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ശ്രദ്ധകേന്ദ്രീകരിക്കല്‍ പ്രവണതയാണ് പ്രധാനമായും ആത്മഹത്യാശ്രമങ്ങള്‍ക്കു പിന്നില്‍ നടക്കുന്നത്. തീര്‍ത്തും അകപ്പെട്ടുപോയി എന്ന ചിന്ത ആത്മഹത്യയിലേക്കാണ് തടവുകാരിയെ നയിക്കുന്നത്.

(തുടരും)

മുന്‍ഭാഗങ്ങള്‍ വായിക്കാം