നിയമവിരുദ്ധ പ്രവര്‍ത്തന നിയമം (Unlawful Activities Prevention Act) അഥവാ യു.എ.പി.എ. മലയാളികള്‍ക്ക് സുപരിചിതമായിരിക്കുന്ന കാലഘട്ടം കൂടിയാണിത്. ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭംഗം വരുത്തുന്ന രീതിയില്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങളെയാണ് യു.എ.പി.എയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാതി, മതം, പ്രാദേശികതാവാദം, തീവ്രവാദം, സാമ്പത്തിക ക്രയവിക്രയം എന്നിവയിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ യു.എ.പി.എ. ചുമത്തിയാണ് ജയിലിലടക്കുക.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങളില്‍ പ്രധാനമാണ് മതസ്വാതന്ത്ര്യം. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും തന്റെ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ മതസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത കാരണത്താലാണ് കാസര്‍കോടുകാരിയായ അധ്യാപിക മുഹ്‌സിന കേരളത്തിലെ മൂന്നു വനിതാ ജയിലുകളിലും മാറിമാറി താമസിച്ചു കൊണ്ടിരിക്കുന്നത്. മുഹ്‌സിന തന്റെ മതസ്‌നേഹം അതിതീവ്രമായി പ്രചരിപ്പിക്കുകയും മതാന്ധത കാരണം ഐ.എസ്.ഐ.എസ്. പോലുള്ള ഭീകരസംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ആളുകളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഒത്താശകള്‍ ചെയ്തു കൊടുത്തു എന്നുമാണ് കേസ്. മുഹ്‌സിന നല്ല വിദ്യാഭ്യാസം നേടിയ ആളാണ്. ലോകത്ത് തന്റെ മതത്തില്‍ മാത്രമേ ദൈവസാന്നിധ്യമുള്ളൂ എന്നു വിശ്വസിക്കുന്ന ആളാണ്. 

മതതീവ്രവാദത്തിന്റെ കേരളാബന്ധം അന്വേഷിച്ചിറങ്ങിയ എന്‍.ഐ.എ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മുഹ്‌സിനയെ പിടികൂടിയിരുന്നു. മുഹ്‌സിന്‍ ജോലി ചെയ്തിരുന്ന കാസര്‍കോട്ടെ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു മതതീവ്രവാദം പ്രവര്‍ത്തിച്ചിരുന്നത്. വിയ്യൂര്‍ വനിതാ ജയിലില്‍ തടവിലായപ്പോള്‍ സഹതടവുകാരുമായി സംഘര്‍ഷമായി. മുഹ്‌സിന ദൈവഭക്തിയും അന്യമതക്കാരോടുള്ള സ്പര്‍ധയുമായിരുന്നു കാരണം. താന്‍ ചെയ്തത് തെറ്റല്ലെന്നും പുണ്യമായ ദൈവികപ്രവൃത്തിയാണെന്നും മുഹ്‌സിന ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. സഹതടവുകാരികളോട് നിരന്തരം മതപരിവര്‍ത്തന കാര്യങ്ങള്‍ സംസാരിക്കുന്ന മുഹ്‌സിന ഒരു തവണ ടോയ്‌ലറ്റ് ക്ലീനിങ് ദ്രാവകം എടുത്തു കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പിന്നീട് വിയ്യൂരിലെ ടെറസ് പച്ചക്കറിത്തോട്ടത്തില്‍നിന്നു താഴേക്കുചാടി. ഇപ്പോള്‍ കണ്ണൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

യു.എ.പി.എ. ചുമത്തി ഏഴു വര്‍ഷം തടവാണ് കോടതി മുഹ്‌സിനയ്ക്ക്‌ വിധിച്ചിരിക്കുന്നത്. നിലവില്‍ ഭര്‍ത്താവും മൂന്നു വയസ്സുള്ള കുഞ്ഞുമായി കഴിഞ്ഞുവരവേയാണ് തീവ്രവാദബന്ധമുള്ള യുവാവുമായി മുഹ്‌സിന പ്രണയത്തിലാവുന്നത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുഞ്ഞിനെയും കൊണ്ട് കാമുകനോടൊപ്പം അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്. യു.എ.പി.എയോടൊപ്പം ജെ.ജെ. ആക്ടും ചുമത്തപ്പെട്ടു. മുഹ്‌സിന തടവിലായപ്പോള്‍ കുഞ്ഞിന്റെ സംരക്ഷണം ഭര്‍ത്താവ് ആവശ്യപ്പെട്ടു. കോടതി ഇടപെടലില്‍ കുഞ്ഞിനെ ഭര്‍ത്താവിന് ലഭിച്ചു. തടവുകാലം പൂര്‍ത്തിയായാല്‍ മുഹ്‌സിനയുടെ പുനരധിവാസം ഏതു വിധത്തിലായിരിക്കും നടക്കുക എന്നത് ചിന്തിക്കേണ്ടതു തന്നെയാണ്. 

മാവോയിസ്റ്റ് ഷൈനയ്ക്കും രൂപേഷിനും ജാമ്യം ലഭിച്ചിട്ട് അധികനാളുകളായിട്ടില്ല. എങ്കിലും അവരുടെ പിന്‍ഗാമികള്‍ സജീവമാണ് ജയിലുകളില്‍. കഴിഞ്ഞ മാസം സത്യമംഗലം കാട്ടില്‍നിന്നു പോലീസ് പിടികൂടിയ നളിനി കര്‍ണാടകക്കാരിയാണ്. ഭര്‍ത്താവ് തൊട്ടടുത്ത് സെന്‍ട്രല്‍ ജയിലിലുണ്ട്. വയനാട് പരിധിയില്‍ വരുന്ന സത്യമംഗലം കാട്ടില്‍നിന്നാണ് നളിനിയെയും ഭര്‍ത്താവിനെയും പിടികൂടിയത്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തര്‍ക്കുന്ന തരത്തിലുള്ള സായുധ രാഷ്ട്രീയതീവ്രവാദമായിട്ടാണ് മാവോയിസത്തെ മുദ്രകുത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇത് രാജ്യദ്രോഹമായി മാറുന്നു.

വിദ്യാസമ്പന്നരും അല്ലാത്തവരുമായ സ്ത്രീകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. പോലീസ് നടത്തുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരില്‍ സ്ത്രീകളുള്‍പ്പെടുന്നു. സ്ത്രീകള്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുമ്പോള്‍ സ്വാഭാവികമായും കുട്ടികളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഐ.എസ്.ഐ.എസ്. മതവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി അഫ്ഗാനിസ്താനിലെത്തുകയും വിവാഹിതയാവുകയും ഒരു കുഞ്ഞിന്റെ അമ്മയാവുകയും ചെയ്ത തിരുവനന്തപുരത്തുകാരി യുവതിയ്ക്കുവേണ്ടി നടത്തിയ ചാനല്‍ചര്‍ച്ചകളുടെ ചൂടാറിയിട്ടില്ല ഇപ്പോഴും. 

കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ലിങ് ആക്ടിവിറ്റീസ് ആക്ട് അഥവാ കോഫെപോസ നിയമം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1974-ല്‍ നിലവില്‍ വന്ന നിയമമാണിത്. വിദേശ കറന്‍സികള്‍ വില്‍ക്കുന്നതും വാങ്ങുന്നതും സംബന്ധിച്ചുള്ള നിയന്ത്രണവും കള്ളക്കടത്തുകള്‍ തടയുന്നതിനുമാണ് കോഫെപോസ നിയമം പ്രാബല്യത്തിലാക്കിയത്. വിദേശരാജ്യങ്ങളില്‍നിന്നു സാധനങ്ങള്‍ നിയമാനുസൃതമല്ലാതെ കടത്തിക്കൊണ്ടുവരിക, കള്ളക്കടത്ത് സാധനങ്ങള്‍ സൂക്ഷിക്കുക, അവ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുക, നിലവിലുള്ള ഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുക തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ ഇന്ത്യയിലെവിടെവെച്ചും കോഫെപോസ ചുമത്തി അറസ്റ്റ് ചെയ്യാവുന്നതാണ്. 

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത് വിദ്യാസമ്പന്നരായ സ്ത്രീകളെ തടവിലേക്ക് നയിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാവുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്ന കേസില്‍, പ്രധാനമായും സ്വര്‍ണക്കടത്ത് കേസില്‍, തടവിലാക്കപ്പെടുന്ന സ്ത്രീകളും കുറവല്ല. കപ്പല്‍ മാര്‍ഗവും വിമാനത്താവളങ്ങളിലൂടെയും മറ്റും അനധികൃതമായി സ്വര്‍ണം കടത്തുന്ന കാരിയര്‍മാരില്‍ വലിയൊരുവിഭാഗം സ്ത്രീകളാണ് ഇപ്പോഴുള്ളത്. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന പഴഞ്ചൊല്ലാണ് അന്വര്‍ഥമാകുന്നത്. പിടിക്കപ്പെടുമ്പോള്‍ രണ്ടു തരത്തിലും സ്ത്രീകള്‍ ഭീഷണി നേരിടുന്നു- ഒന്ന് നിയമപരമായ ശിക്ഷയാണെങ്കില്‍ മറ്റേത് കള്ളക്കടത്ത് മാഫിയയുടെ പീഡനമാണ്. കുടുംബസുരക്ഷയെക്കരുതി കുറ്റം സ്വയം ഏറ്റെടുക്കുന്നു. സ്വര്‍ണക്കടത്തില്‍ വിചാരണത്തടവിലാവുന്ന സ്ത്രീകളുടെ കുടുംബസംരക്ഷണം  മാഫിയക്കാര്‍ ഏറ്റെടുക്കുകയാണ് പതിവ്. അക്ഷരാര്‍ഥത്തില്‍ ഒരു ചാവേറ് കളി! ഭാര്യയും ഭര്‍ത്താവും കണ്ണികളാവുന്ന സ്വര്‍ണക്കടത്ത് കേസുകളും കുറവല്ല. മക്കളുടെ വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി സ്വര്‍ണക്കടത്ത് മാഫിയയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച വയനാട്ടുകാരി ചെന്നുപെട്ടത് വന്‍ചതിക്കുഴിയിലാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പോലീസില്‍ കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയാകാനും തയ്യാറായി.

ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ തിരിച്ചുവരവ് പ്രയാസമാണ്. കള്ളക്കടത്ത് മാഫിയയുടെ എല്ലാ രഹസ്യങ്ങളും കോഡുകളും ചാനലുകളും അറിയാവുന്നവര്‍ പിന്‍മാറുമ്പോള്‍ അത് മാഫിയകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്നു. അതുകൊണ്ടുതന്നെ പോലീസ് പിടിയിലായാല്‍ സ്ത്രീകള്‍ കുറ്റമേല്‍ക്കുന്നു. കോഫെപോസയുടെ പരിധി കടന്നുകൊണ്ടുള്ള സ്വര്‍ണക്കടത്ത് സംഭവിക്കുമ്പോഴാണ് യു.എ.പി.എ. കൂടി ചുമത്തപ്പെടുന്നത്. അപ്പോള്‍ കേസിന്റെ ഗൗരവം മാറുന്നു. ദേശീയ കുറ്റാന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌മെന്റ് ഡയറക്ടേറ്റും കേസില്‍ നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടാകുന്നു. സ്വര്‍ണക്കടത്തില്‍ കാരിയര്‍മാരായി ഉപയോഗിക്കപ്പെടുന്ന സ്ത്രീകളില്‍ അധികവും  കുടുംബസ്ഥരും തികച്ചും സാധാരണമായ ചുറ്റുപാടില്‍ നിന്നുള്ളവരുമാണ്. വിജയകരമായി കടത്ത് പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷന്‍ തുക തങ്ങള്‍ അത്രയും കാലം അധ്വാനിച്ചതിലും ഇരട്ടിയാവുന്നതിനാല്‍ റിസ്‌ക് ഏറ്റെടുക്കാന്‍ പ്രവാസിസ്ത്രീകള്‍ തയ്യാറാവുന്നു. പിടിക്കപ്പെട്ടാല്‍ നിയമസഹായം വാഗ്ദാനം ചെയ്യപ്പെടുമെങ്കിലും പലപ്പോഴും അങ്ങനെ സംഭവിക്കാറില്ല. ജയില്‍ അധികൃതര്‍ മുന്‍കയ്യെടുത്താണ് ലീഗല്‍ സര്‍വീസസ് അതോറിറ്റികളുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങാനുള്ള സഹായം ചെയ്തുകൊടുക്കുന്നത്. 

* ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പേര് യഥാര്‍ഥമല്ല

(തുടരും)

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights : Akathanu amma Series on Women jails in Kerala part 7