ര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന നളിനി എന്ന അമ്പത്തിമൂന്നുകാരി ശിക്ഷയുടെ ആറ് വര്‍ഷം പിന്നിട്ടു. പതിനാറാം വയസ്സില്‍ വിവാഹിതയായതാണ് നളിനി. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. രണ്ട് ആണ്‍മക്കളുണ്ട്. അവരും കൂലിപ്പണിക്കുപോകുന്നവരാണ്. തലയില്‍ കല്ലുകൊണ്ട് അടിച്ചാണ് അമ്മായിഅമ്മയെ നളിനി കൊലപ്പെടുത്തിയത്. നളിനിയെ വിവാഹം ചെയ്തുകൊണ്ടുവരുമ്പോള്‍ പ്രായം പതിനെട്ടായിട്ടില്ല. നളിനിയുടെ നല്ലകാലത്തെ ദാമ്പത്യജീവിതത്തില്‍ സൈ്വര്യമോ സമാധാനമോ അവര്‍ നല്‍കിയിരുന്നില്ലത്രേ. അമ്മയ്ക്ക് വയസ്സായപ്പോള്‍ ഭക്ഷണം തരുന്നില്ല, വേണ്ടുംവിധം പരിപാലിക്കുന്നില്ല എന്ന് നിരന്തരമായി അയല്‍പക്കക്കാരോട് പരാതി പറഞ്ഞുകൊണ്ടിരുന്നു. അയല്‍ക്കാരികള്‍ അത് നളിനിയോടും പറഞ്ഞു. വയസ്സായതോടെ തന്നെ അടുക്കളയില്‍ കയറ്റുന്നില്ല എന്നതായിരുന്നു അമ്മയുടെ മുഖ്യപരാതി. അത്രയും കാലം താന്‍ കയ്യാളിയ അടുക്കളഭരണം മരുമകള്‍ കയ്യേറിയതോടെയാണ് വീടിനകത്തെ പ്രശ്‌നങ്ങള്‍ വേലികടന്ന് അയല്‍പക്കങ്ങളിലേക്ക് പടരാന്‍ തുടങ്ങിയത്. തനിക്ക് മതിയായ സംരക്ഷണം തരുന്നില്ലെന്നും പറഞ്ഞ് വാര്‍ഡ് മെമ്പറുടെയടുത്തും പോയി. മെമ്പര്‍ മധ്യസ്ഥം പറഞ്ഞതോടെ നളിനിയ്ക്ക് നാണക്കേടായി. അമ്മായി അമ്മയും മരുമകളും തമ്മില്‍ വാക് തര്‍ക്കവും പിടിവലിയും പതിവായി. ഒരു ദിവസം കയ്യില്‍ കിട്ടിയ കല്ലെടുത്ത് നളിനി ആഞ്ഞടിച്ചു. 

തലയടിച്ചുവീണതാണ് എന്നു പറഞ്ഞുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ അമ്മ മരിച്ചു. മരണത്തില്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. നളിനിയെ മാറ്റി നിര്‍ത്തി വിശദമായി ചോദ്യം ചെയ്തതോടെ അവര്‍ കുറ്റമേറ്റു. അനവധി വര്‍ഷങ്ങളുടെ സഹനമാണ്, സങ്കടമാണ്, അതിജീവനമാണ് ഒരു കല്ലില്‍ തീര്‍ന്നുപോയത്. ഭര്‍ത്താവിനും മക്കള്‍ക്കും നാട്ടില്‍ തലയുയര്‍ത്തി നടക്കാന്‍ സാധിക്കാത്തവിധം ഒരു കുടുംബം തകര്‍ന്നുപോയതിന്റെ ആകുലതകളാണ് നളിനിയില്‍ വിഷാദരോഗമായി പരിണമിച്ചത്. നളിനി, ഭര്‍ത്താവിനെയും മക്കളെയും ഫോണില്‍ ബന്ധപ്പെടാറുണ്ട്. ആദ്യമായി ജാമ്യം അനുവദിച്ചുകിട്ടിയപ്പോള്‍ അവര്‍ പോകാന്‍ കൂട്ടാക്കിയില്ല. 

'റാണിപത്മിനി' എന്ന സിനിമയില്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തോട് അമ്മായിഅമ്മ  ഡൈനിങ് ടേബിളില്‍ മിണ്ടാതെയിരിക്കുന്ന വൃദ്ധയെ നോക്കിക്കൊണ്ട് പറയുന്ന ഒരു ഡയലോഗുണ്ട്.''വീല്‍ച്ചെയറിലാകുന്നതുവരെ ഇവര്‍ എന്റെ നെഞ്ചത്തൂടായിരുന്നു നടന്നിരുന്നത്!'' തലമുറകളായി കൈമാറി വരുന്ന ഉള്‍പ്പോരുകളിലൊന്നിന്റെ അന്ത്യം ഇവിടെ കൊലപാതകത്തിലായി. 

ഭര്‍തൃമാതാവിന്റെ മരണത്തില്‍ മരുമകള്‍ക്ക് പങ്കുള്ളതുപോലെ തന്നെയാണ് മരുമകളുടെ മരണത്തില്‍ അമ്മായി അമ്മമാരുടെ പങ്കും. വിയ്യൂര്‍ വനിതാജയില്‍ സൂപ്രണ്ടിന്റെ സര്‍വീസ് എക്‌സ്പീരിയന്‍സില്‍ നിന്നും അവര്‍ പങ്കുവെച്ച ഒരു അനുഭവം പറയാം. കണ്ണൂരിലെ ഒരു യാഥാസ്ഥിതിക നായര്‍ കുടുംബത്തിലെ സ്ത്രീയുടെ മകന്റെ ഭാര്യ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ചു. മരിക്കുമ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു അവള്‍. അത്രയും കാലം അമ്മയും മകനും മാത്രമുള്ള ലോകത്തിലേക്കാണ് ഈ പെണ്‍കുട്ടി വിവാഹിതയായി വന്നത്. ഭര്‍ത്താവിന്റെ അമ്മ വളരെ ചെറുപ്പത്തിലേ വിധവയായതാണ്. മകനെ പ്രസവിച്ച് ഏതാനും നാളുകള്‍ക്കുള്ളില്‍ത്തന്നെ ഭര്‍ത്താവ് പനിബാധിച്ചു മരിച്ചുപോയി. സ്വന്തം വീട്ടില്‍ പ്രസവരക്ഷയുമായി കഴിഞ്ഞിരുന്ന അവര്‍ ഭര്‍ത്താവ് മരണപ്പെട്ട വിവരം വളരെ വൈകിയാണ് അറിയുന്നത്. അന്ന് മുതല്‍ അവരുടെ ആകാശവും ഭൂമിയും വെള്ളവും വെളിച്ചവും ഏക മകനാണ്. മകന്റെ പൂര്‍ണസംരക്ഷണവും കടിഞ്ഞാണും അമ്മയുടെ കയ്യിലാണ്. നവവധുവിന് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പോരാത്തതിന് ഏക മകന്റെ വിവാഹം ആര്‍ഭാടമാക്കിയതിന്റെ ഭാഗമായി കടബാധ്യതകളും വന്നുചേര്‍ന്നു. വരന്റെ വീട്ടിലെ വിവാഹകടങ്ങള്‍ തീര്‍ക്കേണ്ട ബാധ്യത സ്വാഭാവികമായും വധുവിന്റെ സ്വര്‍ണത്തിനാണ് വന്നുചേരുക. തന്റെ സ്വര്‍ണത്തിലാണ് അമ്മയുടെയും മകന്റെയും കണ്ണ് എന്നുമനസ്സിലാക്കിയ പെണ്‍കുട്ടി വരനൊപ്പം സ്വന്തം വീട്ടില്‍ വിരുന്നുകൂടാന്‍ പോയപ്പോള്‍ ആഭരണങ്ങള്‍ വീട്ടുകാരെ ഏല്‍പ്പിച്ചു തിരികെ പോന്നു. 

ആഭരണങ്ങള്‍ വീട്ടുകാരെ ഏല്‍പിച്ചത് അമ്മയ്ക്കും മകനും അപമാനമായി. അമ്മയും മകനും ശകാരിക്കുകയും അവളുമായി തര്‍ക്കത്തിലാവുകയും ചെയ്തു. ദിവസങ്ങള്‍ കഴിയുംതോറും ഈ പ്രശ്‌നം പുകഞ്ഞുനീറുക തന്നെയാണ്. അസഹനീയമായപ്പോള്‍ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. മരണമൊഴിയെടുത്തപ്പോള്‍ തനിയെ ചെയ്തതാണ് എന്നാണ് അവള്‍ പറഞ്ഞതെങ്കിലും ആത്മഹത്യാപ്രേരണകുറ്റം പിന്നീട് കോടതിയില്‍ കൊലപാതകമായി മാറി. അമ്മ പ്രതിയും മകന്‍ മാപ്പുസാക്ഷിയുമായി. പതിനേഴ് വര്‍ഷം അവര്‍ ജയിലില്‍ കിടന്നു. പ്രായമായി കാഴ്ച നഷ്ടപ്പെട്ട കാലത്താണ് പുറത്തിറങ്ങിയത്. അതിനിടയില്‍ മകന്‍ വേറെ വിവാഹം കഴിക്കുകയും കുടുംബമാവുകയും ചെയ്തു. മരുമകളെ കൊന്ന അമ്മ എന്ന ഖ്യാതി നാട്ടിലുടനീളമുള്ളതിനാല്‍ പുതിഭാര്യയ്ക്ക് അമ്മയെ തിരികെ കൊണ്ടുവരുന്നതിനോട് താല്‍പര്യമില്ലാതെയായി. അമ്മയെ ഏറ്റെടുക്കാന്‍ വിസമ്മതിച്ച മകന്‍ ഒടുക്കം തലയാട്ടിയത് സ്വത്തുക്കളെല്ലാമുള്ളത് അമ്മയുടെ പേരിലാണ് എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ്. മരുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയ്ക്കും കാലിനുമൊക്കെ അവര്‍ക്കും പൊള്ളലേറ്റിരുന്നു. പുറത്തിറങ്ങി ആറുമാസമേ അവര്‍ ജീവിച്ചുള്ളൂ. പണം, സ്വര്‍ണം തുടങ്ങിയ പ്രലോഭനങ്ങള്‍ക്കുപുറമേ മകനോടുള്ള അമിതവാത്സല്യമാണ് അവരെ അഴിക്കുള്ളിലാക്കിയത്. ഇപ്പറഞ്ഞ കേസിന്റെ ഏറിയും കുറഞ്ഞുമുള്ള വകഭേദങ്ങളാണ് നാളിന്നുവരെ കണ്ടിരിക്കുന്ന അമ്മായിഅമ്മ -മരുമകള്‍ കൊലപാതകങ്ങളില്‍ ഉള്ളത്. 

പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം കൂടി ഈയവസരത്തില്‍ പറയേണ്ടതുണ്ട്. സഹപ്രവര്‍ത്തകനായ ഐ.ടി ഉദ്യോഗസ്ഥനുമായി പ്രണയത്തിലായ യുവതി വിവാഹിതയും മൂന്നുവയസ്സുള്ള പെണ്‍കുഞ്ഞിന്റെ അമ്മയുമാണ്. യുവതി ജോലിക്കുപോകുമ്പോള്‍ മകളെ പരിപാലിച്ചിരുന്നത് ഭര്‍തൃമാതാവാണ്. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്നു. തന്റെ പ്രണയത്തിനും മുന്നോട്ടുള്ള ജീവിതത്തിനും കുഞ്ഞും അമ്മായി അമ്മയും തടസ്സമാണെന്നു മനസ്സിലാക്കിയ യുവതി കാമുകനെ ഉപയോഗിച്ച് രണ്ടുപേരെയും അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയായി യുവാവും കൂട്ടുപ്രതിയായി യുവതിയും അറസ്റ്റിലായി. യുവാവിന് വധശിക്ഷയും യുവതിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കില്ല എന്നതിനാലാണ് യുവതിയ്ക്ക് വധശിക്ഷ ഒഴിവാക്കിയത്. അതേസമയം താമസിക്കുന്ന വീടിന്റെ ഫോട്ടോയും എളുപ്പം രക്ഷപ്പെടാവുന്ന വഴികളും പ്ലാന്‍ ചെയ്തത് യുവതിയാണ്. അറേബ്യയിലെ മുഴുവന്‍ സുഗന്ധലേപനങ്ങളും കൊണ്ട് കഴുകിയാലും കൈകളിലെ പാപക്കറ പോകില്ല-വില്യം ഷേക്‌സ്പിയറിന്റെ ദുരന്തനാടകമായ മാക്ബത്തിലെ ലേഡി മാക്ബത്തിന്റെ ആത്മഗതം ഉദ്ധരിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന യുവതിയുടെ ഒരു മതിലിനപ്പുറത്തെ സെന്‍ട്രല്‍ ജയിലില്‍ ഒന്നാം പ്രതിയുമുണ്ട്. വിവരമോ, വിദ്യാഭ്യാസമോ, പണമോ, പ്രതാപമോ ഇല്ലാത്തതിന്റെ കുഴപ്പമായിരുന്നില്ല ഈ സംഭവം. സാമൂഹ്യവിലക്കുകളില്‍പെട്ടുപോയ പ്രണയത്തെ സഫലീകരിക്കാന്‍ കണ്ടെത്തിയ കടുത്ത പോംവഴികളാണ്. കല്‍പ്പറ്റ നാരായണന്റെ എടമിവിടം എന്ന നോവലില്‍ പ്രധാനകഥാപാത്രമായ സുലഭ യാത്രപോകുന്നത് ഭൂട്ടാനിലേക്കാണ്. വളരെ രസകരമായ ഒരനുഭവം നായിക വായനക്കാരോട് പങ്കുവെക്കുന്നുണ്ട്- ഭൂട്ടാനിലെ സ്ത്രീ- പുരുഷ ബന്ധത്തെപ്പറ്റിയാണത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദാമ്പത്യജീവിതത്തില്‍ നിന്നും പിന്മാറാം. കൊലക്കത്തിയോ ആസിഡോ ഇക്കാരണത്താല്‍ ഒരാളുടെയും ജീവനപഹരിക്കില്ല. ഭാവിയില്‍ മുന്‍ഭാര്യാഭര്‍ത്താക്കന്മാര്‍ കണ്ടുമുട്ടുമ്പോള്‍ നിലവിലുള്ള പങ്കാളിയെ പരിചയപ്പെടുത്തിക്കൊടുക്കുന്നു. തിരിച്ചും പരിചയപ്പെടുന്നു. ജീവിതത്തിന് ഇത്രമേല്‍ നിസ്സാരത കൊടുക്കുന്ന ഒരു ജനത ഇന്ത്യയുടെ വളരെ അയലത്ത് ജീവിക്കുമ്പോള്‍ ഇവിടെയോ?

അമ്പത്തിനാലുകാരിയായ സുഗന്ധിയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനായിരുന്നു. സുഗന്ധിയുടെ വീട് വലിയൊരു ഇടത്താവളമാണ് ഭര്‍ത്താവിന്റെ കൂട്ടുകാര്‍ക്ക്. ഇറച്ചിയും കള്ളുമായി കൂട്ടുകാര്‍ പലപ്പോഴും ആഘോഷിക്കുന്നത് അവിടെയാണ്. കെട്ടിട നിര്‍മാണത്തൊഴിലാളിയാണ് ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികളുമുണ്ട്. വളരെ വിശ്വസ്തനായ ഒരു കൂട്ടുകാരന്‍ സുഗന്ധിയെ അടുക്കളയില്‍ സഹായിക്കും. ആഘോഷക്കാരുടെ കൂട്ടത്തില്‍ അയാളുണ്ടെങ്കില്‍ സുഗന്ധിയ്ക്ക് അടുക്കളയില്‍ സഹായിയായി നിന്നാല്‍ മതി. മെയിന്‍ പാചകം അയാള്‍ ഏറ്റെടുത്തോളും. മാത്രമല്ല, സുഗന്ധി നിറം മങ്ങിയ നൈറ്റിയിട്ടാല്‍, വൃത്തിയായി മുടി കെട്ടിയില്ലെങ്കില്‍ ഒക്കെ അയാള്‍ നന്നായി ശാസിക്കും. ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയൊഴുകാന്‍ ദിവസങ്ങള്‍ അധികം വേണ്ടിവന്നില്ല. അയാള്‍ വീട്ടിലെ നിത്യസന്ദര്‍ശകനായി. സുഗന്ധിയുടെ വീട് ഒരു തുറന്ന പുസ്തകമായതിനാല്‍ ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും വരികയും പോകുകയും ചെയ്യാം. അത്രയും 'സോഷ്യല്‍' ആണ് ഭര്‍ത്താവ്. അതുകൊണ്ടുതന്നെ കൂട്ടുകാരന്‍ സമയം നോക്കാതെ അടുക്കളയും കിടപ്പറയും ഒരുപോലെ ഉപയോഗിച്ചു. സുഗന്ധിയെയും കൂട്ടുകാരനെയും അവിചാരിതമായി അകത്തുവെച്ച് കണ്ടത് സ്വപ്‌നമോ യാഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാനുള്ള സമയം ഭര്‍ത്താവിന് കിട്ടിയില്ല. പിടിക്കപ്പെട്ട മാത്രയില്‍ത്തന്നെ അപമാനം ഭയന്ന്, ഭാവിയെ ഭയന്ന്, കുടുംബത്തെയും കുട്ടികളെയും നാട്ടുകാരെയും ഭയന്ന് സുഗന്ധിയും കൂട്ടുകാരനും കൂടി കൊന്നുകെട്ടിത്തൂക്കി. അല്പനേരത്തിനുശേഷം കൃത്യമായി പഠിച്ചുവെച്ച തിരക്കഥപ്രകാരം ഭര്‍ത്താവ് സുഗന്ധി തൂങ്ങിയാടുന്നതുകണ്ട് നിലവിളിക്കുന്നു, അയല്‍ക്കാരും നാട്ടുകാരും ഓടിക്കൂടുന്നു. വിവരമറിഞ്ഞ്  കൂട്ടുകാരനും ഓടിയെത്തുന്നു. ജീവിതത്തില്‍ അന്നേവരെ കടബാധ്യതകളില്ലാത്ത, സന്തോഷകരമായി കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോയ സുഗന്ധിയുടെ ഭര്‍ത്താവ് തൂങ്ങിമരിക്കില്ലെന്ന് നാട്ടുകാര്‍ ഉറച്ചുവിശ്വസിച്ചു. അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും. മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പേ ഭാര്യയും കൂട്ടുകാരനും പോലീസ് കസ്റ്റഡിയിലായി. രണ്ടുപേര്‍ക്കും ജീവപര്യന്തമാണ് കോടതി വിധിച്ചത്. 

ഈ സംഭവത്തോട് ചേര്‍ത്തുവായിക്കേണ്ട സംഗതിയാണ് കുടുംബം എന്ന എക്‌സ്‌ക്ലൂസീവ് സര്‍ക്കിള്‍. അച്ഛന്‍, അമ്മ. മക്കള്‍ എന്നിവര്‍ മാത്രമടങ്ങുന്നതാണ് ഈ എക്‌സ്‌ക്ലൂസീവ് കുടുംബവലയം. വളരെ സുതാര്യമായ കൊടുക്കല്‍ വാങ്ങലുകള്‍ അവിടെയുണ്ടായിരിക്കണം. കുടുംബത്തെ ഒരു വൃത്തമായി സങ്കല്പിച്ചുകൊണ്ട് അച്ഛന്‍ നിര്‍ത്തുന്നിടത്തുനിന്ന് അമ്മയും അമ്മ നിര്‍ത്തുന്നിടത്തുനിന്ന് മക്കളും പൂരിപ്പിച്ച് പൂര്‍ണമാക്കേണ്ടുന്ന വൃത്തമാണത്. അമ്മൂമ്മ, അപ്പൂപ്പന്‍, ആന്റിമാര്‍, അമ്മാവന്‍മാര്‍ തുടങ്ങിയ ബന്ധങ്ങള്‍ ഈ എക്‌സ്‌ക്ലൂസീവ് സര്‍ക്കിളിന്റെ പുറംകവചമായ മറ്റൊരു വൃത്തമായിരിക്കണം. അവര്‍ എക്‌സ്‌ക്ലൂസീവ് സര്‍ക്കിളുമായി നേരിട്ട് ബന്ധമുള്ളതും എന്നാല്‍ നിശ്ചിത അകലത്തില്‍ തുടരുന്നതുമാണ്. ബന്ധുവലയത്തിന്റെയും പുറമേയുള്ള വലയത്തിലാണ് കൂട്ടൂകാര്‍, സഹപാഠികള്‍, സാമൂഹിക ബന്ധങ്ങള്‍ തുടങ്ങിയവ ഉള്ളത്. ഈ സര്‍ക്കിളിന് എക്‌സ്‌ക്ലൂസീവ് സര്‍ക്കിളുമായി നേരിട്ട് ബന്ധമില്ല. ബന്ധുവലയവും കടന്നാണ് അവര്‍ എക്‌സ്‌ക്ലൂസീവ് കുടുംബവലയത്തിനടുത്തെത്തുന്നതും ഇടപഴകുന്നതും. അതിനാല്‍ത്തന്നെ അവരുടെ പ്രവേശനാനുമതി പലപ്പോഴും ഉമ്മറമോ, സ്വീകരണമുറിയോ മാത്രമായി പരിമിതപ്പെടുന്നു. സന്ദര്‍ശനസമയം അലിഖിതമായി നിശ്ചയിക്കപ്പെടുന്നു. അന്യരുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അസമയം എന്നൊരു സമയകാഴ്ചപ്പാട് വരുന്നത് അങ്ങനെയാണ്. കുടുംബം എന്ന സംവിധാനത്തെ പടുത്തുയര്‍ത്തിക്കഴിഞ്ഞാല്‍ അത് പൂര്‍ത്തിയാക്കുക എന്നതാണ് ഓരോ കുടുംബാംഗത്തിന്റെയും ഉത്തരവാദിത്തം. അവിടെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, മാതാപിതാക്കള്‍- കുട്ടികള്‍ വ്യത്യാസമില്ലാതെ വലുതും ചെറുതുമായ ഇടപെടലുകള്‍ ഉണ്ടാകും. കുടുംബവലയത്തില്‍ വിള്ളലുകള്‍ വരുമ്പോള്‍ പരസ്പരം ബന്ധിപ്പിക്കാനാവാതെ, ആശയവിനിമയം നടത്താനാകാതെ വിള്ളല്‍ വലുതാവുന്നു. വിള്ളല്‍ വീണ വൃത്തത്തിലേക്ക് ക്ഷണിക്കപ്പെടുന്നവര്‍ക്ക് നമ്മുടെ കുടുംബവലയം പൂര്‍ത്തിയാക്കുകയല്ല ലക്ഷ്യം പകരം സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണമാണ്. പണമായും ലൈംഗികതയായും ആ താല്‍പര്യങ്ങള്‍ വളരുമ്പോള്‍ സമൂഹത്തില്‍ മറപിടിച്ചുനിര്‍ത്തിയിരിക്കുന്നത് ഭാര്യ, ഭര്‍ത്താവ്, മക്കള്‍ പദവികളാണ്. ആ പദവി സംരക്ഷണമാണ് സുഗന്ധിയെ ജീവപര്യന്തത്തിലേത്തിച്ചത്.

ബന്ധങ്ങളൊന്നും തന്നെ അവിഹിതമല്ലെന്നിരിക്കേ, ഒന്നിലധികം പങ്കാളികളുമായി തുടരുന്ന ബന്ധത്തെ നമുക്ക് വിവാഹേതരബന്ധമെന്ന് വിളിക്കാം. ഇത്തരത്തില്‍ വിവാഹേതരബന്ധങ്ങള്‍ക്ക് തടസ്സം വരാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള തത്രപ്പാടില്‍ എളുപ്പം ഒഴിവാക്കാനാവുന്ന ബന്ധത്തില്‍ ആദ്യത്തെ ലിസ്റ്റില്‍ പെട്ടതാണ് മക്കള്‍. മലപ്പുറത്തുകാരിയായ നാല്‍പ്പത്തിരണ്ടുകാരി ജമീല എട്ടും പത്തു വയസ്സുള്ള രണ്ടു മക്കളെയാണ് കിണറ്റിലെറിഞ്ഞുകൊന്നത്. ഒന്ന് ആണും മറ്റേത് പെണ്ണുമായിരുന്നു. മക്കള്‍ കിണറ്റില്‍ വീണു എന്നലമുറയിട്ടുകരഞ്ഞ ജമീല പക്ഷേ മനോനിലവിട്ട് താന്‍ തന്നെയാണ് അത് ചെയ്തതെന്ന് വിളിച്ചുപറഞ്ഞു. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ നിത്യസന്ദര്‍ശകനായ സുഹൃത്തുമായി ഒന്നിച്ചു താമസിക്കാന്‍ മക്കള്‍ തടസ്സമായതിനാലാണ് കിണറ്റിലെറിഞ്ഞത്. കണ്ണൂര്‍ ജയിലില്‍ നാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ ജമീലയെ വീട്ടുകാരും ഭര്‍ത്താവും ഉപേക്ഷിച്ചു. പ്രണയം നടിച്ചയാളുടെ അഡ്രസ് പോലുമില്ലാതായി. വിഷാദരോഗത്തിന്റെ മൂര്‍ധന്യതയിലേക്ക് വീഴുമ്പോള്‍ ജമീല മൗനിയാകും. ഡോക്ടര്‍ നല്‍കുന്ന മരുന്നുകള്‍ കുറേ കഴിക്കും കഴിക്കാതിരിക്കും. കണ്ണൂര്‍ ജയിലില്‍ തൂങ്ങിമരിച്ച യുവതിയെയും ഈയവസരത്തില്‍ ഓര്‍ക്കട്ടെ, ഇഷ്ടമുള്ള ജീവിതം നയിക്കാനായി മക്കളെയും സ്വന്തം മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ യുവതി ജയിലിലെ പശുക്കള്‍ക്ക് പുല്ല് പറിക്കാന്‍ പോയപ്പോഴാണ് തൂങ്ങി മരിച്ചത്. തിരിച്ചറിവുകള്‍ നഷ്ടപ്പെടുമ്പോള്‍ വേണ്ടപ്പെട്ടവരുടെ ജീവന്‍ കവര്‍ന്നെടുക്കാനും അതുവഴി സ്വാതന്ത്ര്യം ലഭിക്കുമെന്നും സ്ത്രീകള്‍ വിശ്വസിച്ചുപോകുന്നതെന്തുകൊണ്ടാണ്? അകത്തെത്തിയിട്ട് മതിയോ പുനരധിവാസം?  

(തുടരും)

*ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ഥമല്ല 

 

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights : Akathanu Amma series on  women jails in kerala  part 6