സിംബാബ്‌വെക്കാരിയായ സമ വിയ്യൂര്‍ വനിതാ ജയിലില്‍ എത്തിയിട്ട് നാലുമാസം കഴിഞ്ഞു. സമയുടെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. നിരോധിക്കപ്പെട്ട മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ നിന്നാണ് സമ പിടിയിലാകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്താന്‍ സുരക്ഷിതമാര്‍ഗം എന്ന നിലയിലാണ് സിംബാബ്‌വെയില്‍ നിന്നും ഇന്ത്യയിലെത്തിയത്. എളുപ്പം കടമ്പകള്‍ കടക്കാം എന്ന ധാരണയില്‍ കേരളത്തിലെ വിമാനത്താവളവും തിരഞ്ഞെടുത്തു. ജയിലില്‍ വന്നനാള്‍ തൊട്ട് സമ അധികൃതരുമായി നിസ്സഹകരണത്തിലാണ്. ഫിലീപ്പീനിയായ ബ്ലസിക്കയും നേപ്പാളുകാരായ അമ്മയും മകളുമെല്ലാമുള്ള 'വിദേശസെല്ലി'ലാണ് സമയെ പാര്‍പ്പിച്ചത്. സമയുടെ പ്രധാന പ്രതിസന്ധി ഭാഷയായിരുന്നു. അവള്‍ പറയുന്നത് മനസ്സിലാക്കിയെടുക്കാന്‍ അധികൃതര്‍ക്കും അധികൃതരുടെ ഇന്ത്യന്‍ ഇംഗ്ലീഷിലുള്ള മറുപടി സമയ്ക്കും മനസ്സിലാകാതെ വന്നപ്പോള്‍ പിന്നെ പ്രശ്‌നങ്ങളും പരിഹാരങ്ങളും ഇരുകൂട്ടരും പരസ്പരം എഴുതിക്കൊടുത്ത് വായിച്ച് മനസ്സിലാക്കി. സമയുടെ ബെഡ്ഡും കോട്ടുമായിരുന്നു ആദ്യത്തെ പ്രശ്‌നം. സാധനങ്ങള്‍ ഒതുക്കിവെക്കാന്‍ ഒരു കോട്ടുകൂടി അനുവദിച്ചുകൊടുത്തപ്പോള്‍ പിന്നെ ഏകാന്തതയ്ക്ക് ഭംഗം വരുന്നു എന്ന പരാതിയായി. ഇത് ഇന്ത്യയാണ്, ജയിലാണ് താനിവിടെ നാര്‍ക്കോട്ടിക് കേസില്‍ അകത്താണ് എന്ന തിരിച്ചറിവ് സമയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നു ചുരുക്കം. വിദേശികളായ തടവുകാര്‍ക്ക് സ്വാഭാവികമായും സംഭ്രമം ഉണ്ടാകും എന്നകാര്യം പരിചയസമ്പന്നരായ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാവുന്നതിനാല്‍ അവര്‍ സമയെ യാഥാര്‍ഥ്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പരിഭ്രമത്തിനും പരാതിയ്ക്കുമുള്ള പരിഗണനയെന്നവണ്ണം ചൂടുവെള്ളവും മറ്റ് സൗകര്യങ്ങളും കൊടുത്തതോടെ തദ്ദേശീയരായ ജയില്‍ നിവാസികള്‍ അടങ്ങിയിരുന്നില്ല. തുടങ്ങി പ്രതിഷേധം. എല്ലാവര്‍ക്കും ചൂടുവെള്ളം വേണം. സമയ്ക്ക് എന്തെല്ലാം കൊടുക്കുന്നുണ്ടോ അതെല്ലാം തങ്ങള്‍ക്കും വേണം എന്നായി. അടിസ്ഥാനസൗകര്യങ്ങളിലെ അതൃപ്തിക്കുപുറമേ സമയുടെ ഭക്ഷണകാര്യത്തിലും ചെറിയൊരു വിട്ടുവീഴ്ച ചെയ്തിരുന്നു. ജയില്‍ ഭക്ഷണവുമായി ഒരുതരത്തിലും സമരസപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ വയറിന്റെ അസ്വസ്ഥതകള്‍ കാണിച്ച് ജയില്‍ ഡോക്ടറെക്കൊണ്ട് ബ്രഡ് 'പ്രിസ്‌ക്രൈബ്' ചെയ്യിച്ചിരുന്നു സമ. അന്തോവാസികളുടെ ഡയറ്റ് ചാര്‍ട്ടില്‍ വ്യത്യാസം വേണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി വേണം.

വയറിന്റെ അസ്വസ്ഥതകള്‍ മാറുന്നതുവരെ ലഘുഭക്ഷണം എന്ന നിര്‍ദ്ദേശത്തോടെ ഡോക്ടര്‍ ബ്രഡ് എഴുതിക്കൊടുത്തു. സമ ബ്രഡ് കഴിക്കുന്നത് കണ്ടതോടെ കുറച്ച് വിദേശിത്തടവുകാരികള്‍ക്കും ചില തദ്ദേശീയരായ തടവുകാര്‍ക്കും പ്രശ്‌നം തുടങ്ങി. കരയുന്ന കുട്ടിക്ക് പാലുണ്ട് എന്നുമനസ്സിലാക്കിയ അവര്‍ സൂപ്രണ്ടിന് പരാതി കൊടുത്തു. സൂപ്രണ്ട് സമയെ വിളിപ്പിച്ചു ആരോഗ്യസ്ഥിതിയൊക്കെ അന്വേഷിക്കുകയും കേസിന്റെ നിജസ്ഥിതിയെക്കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കുകയുമാണ് ചെയ്തത്. ചുരുക്കിപ്പറഞ്ഞാല്‍ അടുത്തകാലത്തൊന്നും പുറംലോകം കാണാമെന്നു കരുതണ്ട. കുറ്റം ഗൗരവമുള്ളതാണ്. വിചാരണ കഴിഞ്ഞാല്‍ നേരെ ശിക്ഷാ തടവിലേക്കാണ്. കാലാകാലം ബ്രഡ് തരാന്‍ കഴിയില്ല. ജയില്‍ മെനുവിലേക്ക് മാറിയേ മതിയാകൂ. സമ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ പ്രതിഷേധിച്ചു. വിശന്നിരിക്കുകയല്ലാതെ നിവൃത്തിയില്ല എന്നു മനസ്സിലാക്കിയപ്പോള്‍ ആദ്യമാദ്യം ചപ്പാത്തി, പിന്നെ ചോറ്, കറി എന്ന മട്ടില്‍ കേരളാജയില്‍ ഭക്ഷണവുമായി സമ പൊരുത്തപ്പെട്ടു. ഭക്ഷണം, ഉറക്കം പിന്നെ സഹതടവുകാരുമായി കലഹം എന്ന രീതിയില്‍ സമയുടെ ദിനങ്ങള്‍ കടന്നുപോകുകയാണ്. തന്റെ സെല്ലില്‍ത്തന്നെ കഴിയുന്ന ബംഗ്ലാദേശുകാരി കുടുംബത്തിലെ കുഞ്ഞിന് ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് അധികം ജയില്‍ അധികൃതര്‍ നല്‍കിയപ്പോള്‍ നേരെ പോയി സമയും കൈനീട്ടി. നിയമം നിയമമാണെങ്കില്‍ ഒരു കുഞ്ഞിനുവേണ്ടിയും ഇളവ് പാടില്ല എന്നതാണ് സമയുടെ തത്വം. 

അതിര്‍ത്തികടന്ന് കേരളത്തില്‍ ജോലി തേടി വരികയും മതിയായ രേഖകളില്ലാതെ അറസ്റ്റിലാവുകയും ചെയ്ത ബംഗ്‌ളാദേശുകാരായ അമ്മയും പത്തൊമ്പതും നാലും വയസ്സുള്ള പെണ്‍മക്കളും മകളുടെ ഒന്നരവയസ്സുള്ള മകനും ഉള്‍പ്പെടുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ വിയ്യൂരില്‍ ഒന്നരവര്‍ഷമായി റിമാന്റില്‍ കഴിയുന്നു. കുടുംബത്തിലെ പുരുഷന്മാരെല്ലാം തൊട്ടടുത്തുതന്നെയുള്ള സെന്‍ട്രല്‍ ജയിലില്‍ ഉണ്ട്. ബംഗ്ലാദേശില്‍ നിന്നും കുടുംബാംഗങ്ങള്‍ വന്ന് തങ്ങളെ ജാമ്യത്തില്‍ കൊണ്ടുപോകുമെന്ന പ്രതീക്ഷയില്ല. നാല് വര്‍ഷമായി അതിര്‍ത്തി കടന്നെത്തിയ നേപ്പാളുകാരിയും കൈക്കുഞ്ഞും ഇതേ അവസ്ഥയില്‍ വിയ്യൂരില്‍ റിമാന്റില്‍ തുടരുന്നു. നിലവില്‍ വിയ്യൂരില്‍ മാത്രമാണ് വിദേശതടവുകാരുള്ളത്. 

മാവേലിക്കരയിലെ റിട്ട.അധ്യാപകദമ്പതികളുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്നത് ഉത്തര്‍പ്രദേശുകാരായ സൂര്യയും സുസ്മിതയുമായിരുന്നു. ഇരുപത്തിയഞ്ചും പത്തൊമ്പതും വയസ്സുള്ള നവദമ്പതികള്‍. അവരുടെ വിനീതവിധേയമായ സ്വഭാവത്തില്‍ ആകൃഷ്ടരായ അധ്യാപക ദമ്പതികള്‍ സുസ്മിതയെ വീട്ടുജോലിക്ക് നിര്‍ത്തി. വൃത്തിയും വെടിപ്പുമുള്ള സുസ്മിത ജോലികളെല്ലാം ഏറ്റെടുത്തു ചെയ്തു. വാടകയിനത്തില്‍ കടുംപിടുത്തങ്ങളൊന്നും കാണിക്കാതെ അധ്യാപകദമ്പതികള്‍ അവരെ സഹായിക്കുകയും ചെയ്തു. നിര്‍മാണത്തൊഴിലാളിയായ സൂര്യ ഒരു ദിവസവും മുടക്കാതെ ജോലിക്കുപോകുകയും കിട്ടുന്നതെല്ലാം സമ്പാദിച്ചുകൂട്ടുകയും ചെയ്യുന്നയാളാണ്. ഒരു സുപ്രഭാതത്തില്‍ വാടകക്കെട്ടിടത്തിലെ തങ്ങളുടേതായ സാധനങ്ങളെല്ലാം വാരിക്കെട്ടി നാട്ടിലേക്ക് പോകാന്‍ ധൃതിപ്പെടുന്ന സൂര്യയെയും സുസ്മിതയെയും കണ്ട് കാര്യമന്വേഷിച്ചപ്പോള്‍ നാട്ടില്‍ അമ്മ മരിച്ചുവെന്നാണ് മറുപടി പറഞ്ഞത്. അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകന്‍ വീട്ടിലെത്തി അലമാര തുറന്നുനോക്കിയപ്പോഴാണ് പണവും സ്വര്‍ണവും മോഷ്ടിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും അന്യസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം സൂചിപ്പിക്കുകയും ചെയ്തു. പോലീസ് എത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞനിലയില്‍ പണവും ആഭരണവും കണ്ടെത്തുകയും ചെയ്തു. സൂര്യയെ തിരുവനന്തപുരം ജില്ലാജയിലിലും സുസ്മിതയെ അട്ടക്കുളങ്ങരയിലേക്കും മാറ്റി. വിചാരണ നടന്നുകൊണ്ടിരിക്കേയാണ് സുസ്മിത ഗര്‍ഭിണിയാണ് എന്നറിയുന്നത്. ചെറിയപ്രായത്തില്‍ ഗര്‍ഭിണിയായതും കുഞ്ഞിന്റെ വളര്‍ച്ചക്കുറവും കാരണം സുസ്മിതയുടെ ഗര്‍ഭകാലം പകുതി ആശുപത്രിവാസവും പകുതി തടവറയിലുമൊതുങ്ങി. പ്രസവിക്കാന്‍ മതിയായ ആരോഗ്യമില്ലാത്തതിനാല്‍ സിസേറിയന്‍ ചെയ്യേണ്ടി വന്നു. സിസേറിയന്‍ കഴിഞ്ഞ് നാല്‍പതു ദിവസത്തെ വിശ്രമശേഷമാണ് അമ്മയും കുഞ്ഞും ആരോഗ്യം വീണ്ടെടുത്തത്. ഗര്‍ഭകാലത്തെ ശാരീരികാസ്വസ്ഥതകള്‍ കാരണം കോടതിയില്‍ വിചാരണയ്ക്കായി ഹാജരാവാന്‍ പറ്റിയിരുന്നില്ല. സൂര്യയാവട്ടെ അതിനിടയില്‍ കുറ്റമേറ്റുപറഞ്ഞ് ജാമ്യം കിട്ടി തടിയൂരിക്കഴിഞ്ഞിരുന്നു. സുസ്മിതയുടെ ജാമ്യാപേക്ഷ പരിശോധിച്ച കോടതി നിലവിലെ അവസ്ഥ പരിഗണിച്ച് ജാമ്യം നല്‍കിയെങ്കിലും സൂര്യ നാടുവിട്ടിരുന്നു. നിരവധി തവണ അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുക്കം സുസ്മിതയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ വിവരങ്ങള്‍ ധരിപ്പിച്ച ശേഷം അവളുടെ ബന്ധുക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും പോലീസ് അകമ്പടിയോടെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലെയ്ബിയന്‍ പ്രണയത്തിലാവുകയും കേരളത്തിലെത്തി പെണ്‍കുട്ടിയുടെ വീട്ടില്‍ ഇരുപതോളം ദിവസം താമസിക്കുകയും ഒടുക്കം പെണ്‍കുട്ടിയോടൊപ്പം നാടുവിടുന്നനതിനിടയില്‍ പിടിയിലാവുകയും ചെയ്തത് ജാര്‍ഖണ്ഡുകാരിയാണ്. കുന്നംകുളത്ത് വീട്ടുവേലക്കാരിയായിരുന്ന ഛത്തീസ്ഗഢുകാരിയായ ജയന്തി നാട്ടില്‍പോയി ഗര്‍ഭിണിയായി തിരിച്ചുവരികയുംവീട്ടുകാര്‍ അറിയാതിരിക്കാനായി പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്നുകളയുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നു. ബസില്‍ യാത്രചെയ്യവേ പ്രസവിക്കുകയും പെണ്‍കുഞ്ഞായതിനാല്‍ വഴിവക്കില്‍ ഉപേക്ഷിക്കുകയും ചെയ്ത പശ്ചിമബംഗാളുകാരി ഹസീനാബീവി, ഭിക്ഷാടനത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പത്തുവര്‍ഷത്തെ തടവ് അനുഭവിക്കുന്ന ആന്ധ്രാപ്രദേശുകാരി, രണ്ടാം ഭര്‍ത്താവിലുണ്ടായ കുഞ്ഞിനെ പ്രസവിച്ചയുടന്‍ കൊലപ്പെടുത്തി റോഡരികില്‍ കുഴിച്ചുമൂടിയ ഉത്തര്‍പ്രദേശുകാരി, നാര്‍കോട്ടിക് കേസില്‍ കണ്ണൂരില്‍ റിമാന്റിലായ ആന്ധ്രാക്കാരിയും കുഞ്ഞും, വീട്ടുജോലിക്കിടെ മോഷണശ്രമം നടത്തുകയും കണ്ടുപിടിക്കപ്പെട്ടപ്പോള്‍ വീട്ടമ്മയെ കൊല്ലുകയും ചെയ്ത തമിഴ്‌നാട്ടുകാരി തുടങ്ങി ഇരുപതോളം അന്യസംസ്ഥാനക്കാരും വിദേശവനികളും കേരളത്തിലെ ജയിലുകളില്‍ ശിക്ഷാതടവുകാരായിട്ടും റിമാന്റ് പ്രതികളായിട്ടും വന്നുംപോയിമിരിക്കുന്നു. കോവിഡ് കാലത്ത് യാത്രാവിലക്കുകള്‍ കര്‍ശനമാക്കിയപ്പോല്‍ അന്യസംസ്ഥാനതടവുകാരുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. പക്ഷേ ഇപ്പോള്‍ ഭിക്ഷാടനം സജീവമാവുകയും മാലമോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പിടിക്കപ്പെട്ട് കേരളത്തിലെ വനിതാ ജയിലുകളില്‍  അന്യഭാഷാതടവുകാര്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. 

അന്യസംസ്ഥാനക്കാരില്‍ പലരും തൊഴിലാളികള്‍ ആയതിനാല്‍ അവരുടെ പ്രാദേശികഭാഷയല്ലാതെ ഇംഗ്ലീഷ് പോലുള്ള ഭാഷകള്‍ പറയാനോ മനസ്സിലാക്കാനോ പറ്റില്ല. വിദേശീയര്‍ക്കാവട്ടെ ഇന്ത്യന്‍ ഇംഗ്ലീഷ് മനസ്സിലാകുകയുമില്ല. പിന്നെയെല്ലാം മൗനമായ അഡ്ജസ്റ്റ്‌മെന്റാണ്. നാട്ടിലെ റിമാന്റ്കാരെയും അന്യസംസ്ഥാനക്കാരെയും ഒരുമിച്ചിടുമ്പോള്‍ സ്വാഭാവികമായും പ്രകോപനപരമായ പ്രശ്‌നങ്ങള്‍ സംഭവിക്കാം. നിരന്തരമായി അസുഖങ്ങള്‍ ഉണ്ടെന്നും ഡോക്ടറെ കാണണമെന്നും പരാതി പറയുക, അനുവദിച്ചതിലും അധികം ഫോണ്‍ ഉപയോഗിക്കണമെന്നു ശഠിക്കുക, അത്യാവശ്യമെന്നു ബോധ്യപ്പെട്ട് അത് അനുവദിച്ചുകൊടുത്താല്‍ മറ്റുള്ളവര്‍ അതിന് പരാതി പറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തന്നെ സമയം തികയുന്നില്ല ജയില്‍ അധികൃതര്‍ക്ക്. വീടും നാടും കുടുംബവും അകലെയാണല്ലോ എന്ന മാനുഷിക പരിഗണനയാണ് അവിടെ ജയില്‍ അധികൃതര്‍ നല്‍കുന്നത്. ''കുറ്റവും ശിക്ഷയും കോടതിയാണ് തീരുമാനിക്കുന്നത്. ഇവിടെ വരുന്നവരെ സുരക്ഷിതരാക്കിയിരിക്കുക, അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക, മാസത്തിലൊരിക്കല്‍ ഗൈനക്കോളജിസ്റ്റിനെ വരുത്തുക, സൈക്യാട്രിസ്റ്റിനെ കാണിക്കുക, അല്ലാത്ത അസുഖങ്ങള്‍ക്ക് ജയില്‍ ഡോക്ടറെ കാണിക്കുക, ജയില്‍ജീവിതം മടുപ്പില്ലാതാക്കാന്‍ ജോലി ചെയ്യിക്കുക, വായിക്കാനോ എഴുതാനോ ഉള്ള സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയവയൊക്കെയാണ് മുന്നിലുള്ള മാര്‍ഗങ്ങള്‍. നിയമവിധേയമല്ലാത്തതെല്ലാം ശിക്ഷാര്‍ഹമാണ്. അതില്‍ സ്ത്രീയ്ക്കുമാത്രം ഇളവില്ല''- വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ശകുന്തള പറയുന്നു.

ഇന്ത്യയിലൊട്ടാകെ മുപ്പത്തിയൊന്ന് വനിതാ ജയിലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ജില്ലാ ജയിലുകളിലെയും വനിതാ സെല്ലുകള്‍ കൂടാതെയുള്ള കണക്കാണിത്. മുപ്പത്തിയൊന്നു ജയിലുകളിലായി ഇരുപതിനായിരം തടവുകാരികളുണ്ട്. 4,174 വനിതാ തടവുകാരുമായി ഉത്തര്‍പ്രദേശ് വനിതാ തടവുകാരുടെ കാര്യത്തില്‍ ഒന്നാമതാണ്. 1,753 പേര്‍ മധ്യപ്രദേശിലും 1,569 പേര്‍ മഹാരാഷ്ട്രയിലുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ദക്ഷിണേന്ത്യയിലെ വനിതാ ജയിലുകളെ അപേക്ഷിച്ചുനോക്കുമ്പോള്‍ കേരളത്തിലെ വനിതാജയിലുകളില്‍ ജനസംഖ്യ കുറവാണ് എന്നത് ആശ്വാസകരമായതാണ്. ശിക്ഷാതടവുകാരും വിചാരണത്തടവുകാരുമുള്‍പ്പെടെ മൂന്നു ജയിലുകളിലും ജില്ലാ ജയിലുകളിലുമായി ഇരുനൂറ്റി അമ്പതില്‍ കവിയാതെ അന്തേവാസികളുടെ എണ്ണം നിലനിര്‍ത്തുന്നുണ്ട്. സീസണുകള്‍ക്കനുസരിച്ച് അവരില്‍ ഏറിയും കുറഞ്ഞുമായി അന്യഭാഷാതടവുകാരും ഉള്‍പ്പെടുന്നു. മോഷണശ്രമത്തിന് അകത്താവുന്ന സ്ത്രീകളില്‍ ഏറിയപങ്കും നാടോടി സംഘത്തില്‍പെട്ടവരാണ്. മാലപൊട്ടിക്കലും ഭവനഭേദനവുമാണ് സ്ഥിരം കേസുകള്‍. ഇത്തരത്തില്‍ അകത്താവുന്നവര്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടാല്ലത്തവരാണെങ്കില്‍ മയക്കുമരുന്ന്, കള്ളക്കടത്ത് കേസുകളില്‍ അകപ്പെടുന്ന അന്യഭാഷാവനിതാ തടവുകാര്‍ വിദ്യാസമ്പന്നരും രണ്ടിലധികം വിദേശഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരുമാണ്. ഉടന്‍ പണം എന്ന ആകര്‍ഷണമാണ് അതിര്‍ത്തിയും ഭാഷയും മറക്കാന്‍ ഇത്തരത്തില്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. 

(തുടരും) 

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights :series on women jails in kerala akathanu amma part 5