ലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന പ്രതിഷേധസമരം പതിമൂന്ന് ദിവസം പിന്നിടുകയാണ്. സഹനം ആയുധമാക്കി നിശ്ശബ്ദവിപ്‌ളവം നടത്തിവന്നവര്‍ സഭയുടെ മറകള്‍ ഭേദിച്ച് പുറത്തുവന്നതിന് ചരിത്രപരം എന്ന് തന്നെയാണ് വിശേഷണം. കൊന്തചൊല്ലിയും ബൈബിള്‍ വായിച്ചും പ്രാര്‍ഥനയില്‍ മുഴുകിയും ധ്യാനനിമഗ്ധരായി കഴിയുന്ന കന്യാസ്ത്രീ സമൂഹം തെരുവിലിറങ്ങി ഉറച്ച ശബ്ദത്തില്‍ മുദ്രാവാക്യം മുഴക്കുന്നത് പക്ഷേ ഇതാദ്യമായല്ല!! 

1965 മാര്‍ച്ച് 10, അന്ന് അമേരിക്കയിലെ അലബാമയിലുള്ള സെല്‍മയിലേക്ക് ആ ആറ് കന്യാസ്ത്രീകള്‍ വിമാനം ഇറങ്ങുമ്പോള്‍ അവര്‍ക്ക് അറിയില്ലായിരുന്നു തങ്ങളുടെയും തങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്വാസസമൂഹത്തിന്റെയും വിധി തന്നെ മാറ്റിമറിക്കാനുള്ള യാത്രയാണ് അതെന്ന്. വോട്ടവകാശം സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാനായിരുന്നു ആ കന്യാസ്ത്രീകളുടെ യാത്ര. ഒരര്‍ഥത്തില്‍ അവര്‍ ആ പ്രതിഷേധസമരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളില്‍ ആറ് പേര്‍ മാത്രമായിരുന്നു. പക്ഷേ, ദേശീയമാധ്യമങ്ങളിലടക്കം സമരം ശ്രദ്ധിക്കപ്പെടാന്‍ അത് ധാരാളമായിരുന്നു.

അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് വേണ്ടി നടന്ന പോരാട്ടങ്ങളില്‍ സുവര്‍ണ അധ്യായമായി മാറിയ ഒന്നായിരുന്നു ആ സെല്‍മ-മോണ്ട്‌ഗോമറി പദയാത്ര. തങ്ങള്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അത് മറ്റാരും അനുവദിച്ചുനല്‍കേണ്ട ഔദാര്യമല്ലെന്നും ഉറക്കെ പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന ആ പ്രതിഷേധസമരത്തിന് ചുക്കാന്‍ പിടിച്ചത് സാക്ഷാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആയിരുന്നു. പീഡനവും കൊലപാതകവുമടക്കം നിരവധി ദുരന്തങ്ങളിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും പ്രതിഷേധം ഒരു ഘട്ടത്തിലും അക്രമാസകത്മായില്ല. മൂന്ന് ദിവസം കൊണ്ട് 87 കിലോമീറ്റര്‍ ദൂരമാണ് അവര്‍ വിജയകരമായി പിന്നിട്ടത്. പ്രതിഷേധ സമരങ്ങളുടെ വിജയമായിരുന്നു കറുത്തവര്‍ഗക്കാര്‍ക്കും വോട്ടവകാശം ഉറപ്പാക്കിക്കൊണ്ട് 1965 ഓഗസ്റ്റ് ആറിന് അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയ നിയമം.

അന്നുവരെ വിദ്യാഭ്യാസം,ആരോഗ്യം. സാമൂഹ്യസേവനം എന്നീ മേഖലകളില്‍ പരിമിതപ്പെട്ടു പോയ കത്തോലിക്കാ വിഭാഗത്തിലെ കന്യാസ്ത്രീകള്‍ക്ക് പുതിയൊരു ഊര്‍ജം പകരുന്നതായിരുന്നു സെല്‍മ-മോണ്ട്‌ഗോമറി പദയാത്ര. പൊതുപ്രവര്‍ത്തനരംഗത്ത് തങ്ങള്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്നും അവരെക്കൊണ്ട് ചിന്തിപ്പിക്കാനും അതിനുള്ള ആത്മബലം പകരാനും ആ പ്രതിഷേധത്തിനായി. 

സെല്‍മയിലേക്ക് എത്തിയ വഴി

1964ല്‍ പൗരാവകാശനിയമം പ്രാബല്യത്തിലായെങ്കിലും അലബാമയിലെ പല ഭാഗങ്ങളിലും അവ പ്രാവര്‍ത്തികമായത് വളരെ പതിയെയാണ്. വോട്ടവകാശം സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും ചെയ്തു. ഇതോടെ  പ്രാദേശിക പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിക്കുന്ന അവസ്ഥയുണ്ടായി. സെല്‍മ നഗരത്തില്‍ ഭൂരിപക്ഷവും കറുത്തവര്‍ഗക്കാര്‍ ആയിരുന്നെങ്കിലും വോട്ടര്‍ പട്ടികയുടെ ഭാഗമാകാന്‍ അതില്‍ രണ്ട് ശതമാനത്തിന് മാത്രമേ കഴിഞ്ഞുള്ളു. ഈ സാഹചര്യത്തിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ പദയാത്രയ്ക്കുള്ള ആഹ്വാനം ഉണ്ടാവുന്നത്. (നിരന്തരമായ വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പക്ഷേ പ്രതിഷേധയാത്രയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതുമില്ല.)

വര്‍ഗനീതി ഉറപ്പാക്കാനുള്ള സമരത്തില്‍ പങ്കുചേരണമെന്ന് നാഷണല്‍ കാത്തലിക് കോണ്‍ഫറന്‍സിന്റെ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് മഠങ്ങളില്‍ നിന്നുള്ള ആറ് കന്യാസ്ത്രീകള്‍ പദയാത്രയുടെ ഭാഗമായത്. അവരില്‍ ഒരാള്‍ കറുത്തവര്‍ഗക്കാരിയായിരുന്നു. പ്രതിഷേധസമരങ്ങളില്‍ പങ്കെടുത്തതിന് പിന്നാലെ അവരെല്ലാവരും മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. ഉറച്ച ശബ്ദത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നോട്ട് നീങ്ങിയ അവര്‍ തങ്ങള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സമൂഹത്തിന്റെ മാറ്റത്തിന്റെ മുഖമാകുകയായിരുന്നു.

കാര്യങ്ങള്‍ പിന്നീടൊരിക്കലും പഴയതുപോലെയായില്ല എന്നത് ചരിത്രം. കന്യാസ്ത്രീമഠങ്ങളുടെ ഉള്ളറകളില്‍ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവര്‍ ഇറങ്ങിനടന്നത് അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഭാഗമാകാന്‍ കരുത്തും ആര്‍ജവവും തങ്ങള്‍ക്കുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കൂടിയായിരുന്നു. ആ വഴിയേയാണ് പല കാലങ്ങളിലും പല ഘട്ടങ്ങളിലും നിരവധി കന്യാസ്ത്രീകള്‍ പൊതുജനമധ്യത്തിലേക്കിറങ്ങിവന്ന് സമൂഹത്തിന് വേണ്ടി സംസാരിച്ചിട്ടുളളതും. അങ്ങനെ എല്ലാക്കാലത്തും സമൂഹത്തിനു വേണ്ടി സംസാരിക്കാന്‍ മാത്രമായി തെരുവിലിറങ്ങിയിട്ടുള്ള കന്യാസ്ത്രീ സമൂഹം ഇന്ന് തെരുവില്‍ മുദ്രാവാക്യം മുഴക്കേണ്ടി വന്നത് സ്വന്തം നീതിക്ക് വേണ്ടിയാണ് എന്നത് വിരോധാഭാസമെന്നേ പറയാനുമാവൂ.....!!

Courtesy:GlobalSistersReport

content highlights: Selma to Montgomery marches ,nun's protest , InDepth