ക്രിക്കറ്റ്താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത,റിലയന്‍സ്(അഡാഗ്) ചെയര്‍മാന്‍ അനില്‍ അംബാനി, ബാങ്ക് തട്ടിപ്പു നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദി, ഔഷധനിര്‍മാണ കമ്പനിയായ ബയോകോണിന്റെ പ്രൊമോട്ടര്‍ കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ്, ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫിന്റെ ഭാര്യാമാതാവ് അയേഷ, കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ തുടങ്ങി 380 ഇന്ത്യക്കാരുടെ പേരുകളാണ് പാന്‍ഡൊറ രേഖകളിലുളളത്. വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുളളവരാണ്‌ ഇവര്‍. 

ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ സ്വന്തം രാജ്യത്ത് നികുതിവെട്ടിച്ച് വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടെന്ന് പാന്‍ഡൊറ രേഖകള്‍ വെളിപ്പെടുത്തുന്നു. എന്താണ് ഈ പാന്‍ഡൊറ രേഖകള്‍?, ഈ രഹസ്യ രേഖകള്‍ വെളിപ്പെടുത്തുന്നത് എന്ത്? ഇവര്‍ക്കെതിരേ എന്തുനടപടികള്‍ കേന്ദ്രസര്‍ക്കാരിന് കൈക്കൊളളാന്‍ സാധിക്കും?...

പാന്‍ഡൊറ രേഖകള്‍ എന്നാല്‍  

14 ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്ന് ചോര്‍ന്ന 11.9 ദശലക്ഷം രഹസ്യരേഖകളാണ് പാന്‍ഡോറ പേപ്പേഴ്‌സ്. അതിസമ്പന്നര്‍ക്കും കമ്പനികള്‍ക്കും മറ്റുമായി വിദേശത്ത്, പ്രത്യേകിച്ച് നികുതിയില്ലാത്ത ഇടങ്ങളില്‍ കടലാസ് കമ്പനികളും ട്രസ്റ്റുകളും ഫൗണ്ടേഷനുകളും സ്ഥാപിച്ച് സമ്പാദ്യം സൂക്ഷിക്കാന്‍ സൗകര്യം ചെയ്യുന്നവയാണ് ഈ 14 സ്ഥാപനങ്ങള്‍. ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ മാധ്യമസഹകരണമാണ് 'പാന്‍ഡൊറ രേഖകളു'ടെ അന്വേഷണത്തിനായി നടന്നത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്‌സിനു (ഐ.സി.ഐ.ജെ.) വേണ്ടി 117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളില്‍നിന്നുള്ള 600 മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണത്തിന്റെ ഭാഗമായി. 1.2 കോടി രേഖകളാണ് ഇവര്‍ ഒരു കൊല്ലമെടുത്ത് അന്വേഷിച്ചത്. ഇത്രയും വിപുലമായ വിവരശേഖരം പരിശോധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നത് ആദ്യമായാണ്.

പാന്‍ഡൊറ രേഖകള്‍ വെളിപ്പെടുത്തുന്നത്

പ്രത്യക്ഷത്തില്‍ കടുത്ത സുരക്ഷാ നിയമങ്ങള്‍ ഉണ്ടെന്ന് തോന്നുന്ന എന്നാല്‍ നികുതി ആവശ്യങ്ങള്‍ക്കായി പേരിന് നിയന്ത്രണങ്ങളുളള ഇത്തരം ട്രസ്റ്റുകളും ഫൗണ്ടേഷനുകളും എങ്ങനെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഈ രഹസ്യരേഖകള്‍ വെളിപ്പെടുത്തുന്നു. പണത്തിന്റെയും സ്വത്തിന്റെയും ഉടമസ്ഥരാരെന്ന്‌ മറച്ചുവെക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സാധാരണ ഇത്തരം കമ്പനികളുണ്ടാക്കുന്നത്.

മൂന്നുതരം പ്രദേശങ്ങളിലാണ് ഇവ സ്ഥാപിക്കുക.

1. എളുപ്പത്തിൽ കമ്പനികൾ സ്ഥാപിക്കാവുന്നവ

2. കമ്പനികളുടെ ഉടമസ്ഥരാരെന്ന് തിരിച്ചറിയുക പ്രയാസമാക്കുന്ന നിയമങ്ങളുള്ളവ

3. നികുതി തീരേ കുറഞ്ഞതോ ഇല്ലാത്തതോ ആയവ. - കെയ്‌മെൻ ഐലൻഡ്‌സ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, സിങ്കപ്പൂർ, ഹോങ്‌ കോങ്, ബെലിസ് തുടങ്ങിയവ ഇതിലുൾപ്പെടും.

ഇപ്രകാരം ചെയ്യുന്നതിലൂടെ പണം, ഷെയര്‍ഹോള്‍ഡിങ്ങുകള്‍, റിയല്‍ എസ്‌റ്റേറ്റ്, കല, വിമാനം, യാനങ്ങള്‍, മറ്റുനിക്ഷേപങ്ങള്‍ എന്നിവ കടക്കാരില്‍ നിന്നും നിയമത്തിന് മുന്നില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കും. 

രേഖകളിൽ ആരെല്ലാം

90 രാജ്യങ്ങളിലെ 330 രാഷ്ട്രീയക്കാർ, ഫോബ്‌സ് പട്ടികയിലുള്ള 130 കോടീശ്വരർ, രാജകുടുംബാംഗങ്ങൾ, സെലിബ്രിറ്റികൾ, മതനേതാക്കൾ, ലഹരി ഇടപാടുകാർ.

ഇന്ത്യക്കാർ 380

പാൻഡൊറ രേഖകളിൽ പേരുള്ള 380 ഇന്ത്യക്കാരിൽ 60 പേരുടെ വിവരങ്ങൾ കണ്ടെത്തിയെന്ന് ‘ഇന്ത്യൻ എക്സ്‌പ്രസ്’. ഇതുവരെ പുറത്തുവിട്ട പേരുകളിൽ ചിലത്:

 • സച്ചിൻ തെണ്ടുൽക്കർ ,ക്രിക്കറ്റ് താരം, രാജ്യസഭ മുൻ എം.പി.
 • കിരൺ മജുംദാർ ഷാ ,ഔഷധനിർമാണ കമ്പനിയായ ബയോകോണിന്റെ പ്രൊമോട്ടർ 
 • ലളിത് ഖൈതാൻ, അഭിഷേക് ഖൈതാൻ -റാഡികോ ഖൈതാൻ കമ്പനിയുടെ ഉടമകൾ 
 • നീരാ റാഡിയ, കോർപ്പറേറ്റ് ഇടനിലക്കാരി 
 • ജാക്കി ഷ്‌റോഫ് , ബോളിവുഡ് നടൻ
 • വിനോദ് അദാനി, വ്യവസായി
 • ഇക്ബാൽ മിർച്ചി , അധോലോക കുറ്റവാളി
 • പൂർവി മോദി ,വ്യവസായി, നീരവ് മോദിയുടെ സഹോദരി
 • സമീർ ഥാപ്പർ ,വ്യവസായി
 • സതീഷ് ശർമ , മുൻകേന്ദ്രമന്ത്രി 
 • രാകേഷ് കുമാർ ലൂംബ , ലഫ്. ജനറൽ (റിട്ട.) 

പാനമ രേഖകളും പാന്‍ഡൊറ രേഖകളും 

ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐ.സി.ഐ.ജെ.) 2016ല്‍ പുറത്തുവിട്ട 'പാനമ രേഖക'ളുടെ തുടര്‍ച്ചയാണ് 'പാന്‍ഡൊറ പേപ്പേഴ്‌സ്'. നികുതിവെട്ടിച്ചുള്ള അതിസമ്പന്നരുടെ വിദേശസമ്പാദ്യത്തിന്റെ വിശദാംശങ്ങള്‍ പാനമ രേഖകളിലൂടെ പുറത്തുവന്നതോടെ പല രാജ്യങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ക്കശമാക്കി. ഇതോടെ ഒട്ടേറെപ്പേര്‍ തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തി. പലരും രാജ്യങ്ങള്‍ മാറ്റി നിക്ഷേപിച്ചു. 

വിദേശത്ത്‌ നിക്ഷേപിക്കൽ എളുപ്പമോ?

നിക്ഷേപങ്ങളുടെയും നിക്ഷേപകരുടെയും വിവരം അതിരഹസ്യമാക്കിവെക്കുന്ന ഏതെങ്കിലും രാജ്യത്ത് ഒരു കടലാസ് കമ്പനി തുടങ്ങുകയാണ് ആകെ വേണ്ടത്. കടലാസ് കമ്പനിയെന്നാൽ പേരുമാത്രമേയുണ്ടാകൂ. ഓഫീസോ ജീവനക്കാരോ ഉണ്ടാവില്ലെന്നുസാരം. ഇങ്ങനെ കമ്പനി തുടങ്ങാൻ പക്ഷേ, പണമെറിയണം. ഇവ സ്ഥാപിക്കുന്നതിനും പണം മുടക്കുന്നയാൾക്കായി നടത്തിക്കൊണ്ടുപോകുന്നതിനുംമാത്രമായി സ്ഥാപനങ്ങളുണ്ട്.

വിദേശത്ത് ഒളിപ്പിച്ചത് എത്രപണം

ഇതിന്റെ കൃത്യമായ കണക്കെടുപ്പ് അസാധ്യം. എന്നാൽ, 5.6 ലക്ഷം കോടി ഡോളർ (417 ലക്ഷം കോടി രൂപ) മുതൽ 32 ലക്ഷം കോടി ഡോളർ (2383.42 ലക്ഷം കോടിരൂപ) വരെയുണ്ടാകാം എന്നാണ് ഐ.സി. ഐ.ജെ.യുടെ വലയിരുത്തൽ. ഈ നിക്ഷേപങ്ങൾമൂലം ലോകത്തെ സർക്കാരുകൾക്കെല്ലാംകൂടി നികുതിയിനത്തിൽ വർഷാവർഷം നഷ്ടമാകുന്ന 60,000 കോടി ഡോളറാണെന്ന് അന്താരാഷ്ട്ര നാണയനിധി.

രേഖകളിലുള്ള വിദേശികൾ

 • ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ
 • ലെബനൻ പ്രധാനമന്ത്രി നജീബ് മികാറ്റി, അനന്തരാവകാശി ഹസൻ ദിയാബ്, കേന്ദ്ര ബാങ്ക് ഗവർണർ റിയാദ് സലാമെഹ്
 • പാകിസ്താൻ ധനമന്ത്രി ഷൗക്കത്ത് തരിൻ, ജലവിഭവമന്ത്രി മൂനിസ് ഇലാഹി, മുൻ ധനമന്ത്രി വഖാർ മസൂദ് ഖാൻ
 • ചെക് പ്രധാനമന്ത്രി ആന്ദ്രേയ് ബബിസ്
 • അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്
 • കെനിയൻ പ്രസിഡന്റ് ഉഹുരു കെനിയാറ്റ
 • ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ
 • റഷ്യൻ പ്രസിഡന്റിന്റെ പ്രചാരണവിഭാഗം മേധാവി കോൺസ്റ്റന്റിൻ എൺസ്റ്റ്
 • യുക്രൈൻ പ്രസിഡന്റ് വൊളോദിമിൻ സെലെൻസ്കി

എന്താണ് ട്രസ്റ്റ്

ഈ സംവിധാനത്തില്‍ ട്രസ്റ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്നാംകക്ഷി വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ വേണ്ടി അവരുടെ ആസ്തികള്‍ കൈവശം സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണഗതിയില്‍ അടുത്തതലമുറയിലേക്ക് കൈമാറുന്നത്, പിന്തുടര്‍ച്ച ആസൂത്രണത്തിനാണ് ഉപയോഗിക്കുന്നത്. വലിയ ബിസിനസ്സ് പാരമ്പര്യമുളള കുടുംബങ്ങളെ അവരുടെ സ്വത്തുക്കള്‍- നിക്ഷേപങ്ങള്‍, ഷെയര്‍ ഹോള്‍ഡിങ്ങുകള്‍, ഭൂമി തുടങ്ങിയവ ഏകീകരിക്കുന്നതിനുമെല്ലാം സഹായിക്കുന്നു. വിദേശരാജ്യങ്ങളില്‍ രൂപീകരിക്കുന്ന ട്രസ്റ്റുകള്‍ അവ പ്രര്‍ത്തിക്കുന്ന രാജ്യങ്ങളിലെ സ്വകാര്യതാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ രഹസ്യസ്വഭാവം വാദ്ഗാനം ചെയ്യുന്നതാണ് പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.  

മൂന്നുപ്രധാന കക്ഷികളാണ് ഈ ട്രസ്റ്റില്‍ ഉള്‍പ്പെടുന്നത്. 

1)സെറ്റ്‌ലര്‍- ഒരു ട്രസ്റ്റ് സ്ഥാപിക്കുന്ന വ്യക്തി. 
2)ട്രസ്റ്റീ- സെറ്റലറിന്റെ ആസ്തികള്‍ കൈവശം വെക്കുന്ന ആള്‍
3)ഗുണഭോക്താക്കള്‍- ആസ്തികളുടെ ആനുകൂല്യങ്ങള്‍ ആര്‍ക്കാണോ ലഭിക്കുന്നത് അവര്‍

ട്രസ്റ്റിയെ മേല്‍നോട്ടം വഹിക്കാനും മറ്റുമായി സെറ്റ്‌ലറിന് ഒരു പരിപാലകനെ നിയമിക്കാന്‍ സാധിക്കും. ട്രസ്റ്റിയെ വേണമെങ്കില്‍ പിരിച്ചുവിടാന്‍ പോലും അധികാരമുളള വ്യക്തിയായിരിക്കും പരിപാലകന്‍. 

ട്രസ്റ്റുകള്‍ രൂപീകരിക്കുന്നത് നിയമവിരുദ്ധമോ? 

അല്ല, 1882-ലെ ഇന്ത്യന്‍ ട്രസ്റ്റ്‌സ് നിയമപ്രകാരം ട്രസ്റ്റ് എന്ന ആശയത്തിന് നിയമപരമായ പിന്തുണ നല്‍കുന്നുണ്ട്. മറ്റു നികുതി പരിധികളില്‍ രൂപീകരിക്കുന്ന കടലാസ് ഓഫ്‌ഷോര്‍ ട്രസ്റ്റുകളെയും ഇന്ത്യ അംഗീകരിക്കുന്നുണ്ട്. 

നിയമപരമാണെങ്കില്‍ പിന്നെന്തിന് അന്വേഷണം? 

ട്രസ്റ്റുകളുടെ മറവില്‍ പണം സൂക്ഷിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയും നിയമപരമല്ലാതെ സമ്പാദിക്കുന്ന സ്വത്തുക്കള്‍ സംരക്ഷിക്കുകയും, കുറ്റകൃത്യങ്ങള്‍ക്കോ, രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കോ ആയി ഇവ വിനിയോഗിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെടുന്നതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. 


പാന്‍ഡൊറ രേഖ വെളിപ്പെടുത്തിയ പ്രമുഖരുടെ സാമ്പത്തിക രഹസ്യങ്ങള്‍ 


Sachinസച്ചിന്‍ തെണ്ടുല്‍ക്കര്‍

കരീബിയന്‍ മേഖലയിലെ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ഭാര്യ അഞ്ജലിക്കും ഭാര്യാപിതാവ് ആനന്ദ് മെഹ്തയ്ക്കും സമ്പാദ്യമുണ്ടെന്ന് രേഖകള്‍ പറയുന്നു. 'പാനമ രേഖകള്‍' പുറത്തുവന്ന് മൂന്നുമാസത്തിനുള്ളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സിലെ തന്റെ കമ്പനി പിരിച്ചുവിടാന്‍ നിര്‍ദേശിച്ചെന്ന് 'പാന്‍ഡൊറ രേഖകളെ'ക്കുറിച്ചുള്ള അന്വേഷണത്തിലെ ഇന്ത്യന്‍ പങ്കാളി 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ടുചെയ്തു.

അനില്‍ അംബാനി

Anil Ambaniപാപ്പരെന്ന് ബ്രിട്ടീഷ് കോടതിയില്‍ പ്രഖ്യാപിച്ച വ്യവസായി അനില്‍ അംബാനിക്ക് ജഴ്സി ദ്വീപിലും ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലും സൈപ്രസിലുമായി 18 കമ്പനികളെന്ന് 'പാന്‍ഡൊറ രേഖകള്‍.' 2007-നും 2010-നുമിടയിലാണ് ഈ കമ്പനികള്‍ സ്ഥാപിച്ചത്. ഇതില്‍ ഏഴു കമ്പനികള്‍വഴി 130 കോടി ഡോളര്‍ (9659 കോടി രൂപ) കടമെടുക്കുകയും നിക്ഷേപിക്കുകയും ചെയ്തു.  ജഴ്്സിയില്‍ എട്ടു കമ്പനികളും ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സില്‍ ഏഴും സൈപ്രസില്‍ മൂന്നും കമ്പനികളാണ് അംബാനിക്കുള്ളത്. 2020ഫെബ്രുവരിയില്‍ ചൈനീസ് സര്‍ക്കാരുടമസ്ഥതയിലുള്ള മൂന്നു ബാങ്കുകളുമായി ലണ്ടന്‍ കോടതിയില്‍ കേസ് നടന്നപ്പോള്‍ തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നാണ് അംബാനി അവകാശപ്പെട്ടത്. അംബാനിക്ക് വിദേശത്ത് കമ്പനികളുണ്ടാകാമെന്നും അതേക്കുറിച്ച് വെളിപ്പെടുത്താത്തതാകുമെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ബാങ്കുകള്‍ക്ക് 71.6 കോടി ഡോളര്‍ നല്‍കാന്‍ മൂന്നുമാസത്തിനുശേഷം കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍, അംബാനി പണമടച്ചില്ല. വിദേശത്ത് സമ്പത്തില്ലെന്നും പറഞ്ഞു.

Neeraനീര റാഡിയ

2-ജി സ്‌പെക്ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട കോര്‍പറേറ്റ് ഇടനിലക്കാരിയായ നീര റാഡിയ നേരിട്ട് ബന്ധപ്പെടാത്ത ക്ലൈന്റ് ആണെന്നാണ് പാന്‍ഡൊറ രേഖകള്‍ വ്യക്തമാക്കുന്നത്. ലണ്ടനിലെ സഞ്ജയ് നെവാതിയ വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. മുന്‍ ക്രെഡിറ്റ് സ്വിസ് ബാങ്കറാണ് സഞ്ജയ്. 

കിരണ്‍ മജുംദാര്‍ ഷാ

ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവിന്റെ ട്രസ്റ്റിനെ കുറിച്ചും പാന്‍ഡൊറ രേഖകളില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ വിദേശത്തെ ട്രസ്റ്റ് നിയമപ്രകാരമുള്ളതും സത്യസന്ധവുമാണെന്ന് ബയോകോണ്‍ പ്രൊമോട്ടര്‍ കിരണ്‍ മജുംദാര്‍ ഷാ പറഞ്ഞു. പാന്‍ഡൊറ രേഖകളില്‍ ട്രസ്റ്റിനെ തെറ്റായി പരാമര്‍ശിച്ചിരിക്കുകയാണ്. വാര്‍ത്തകളില്‍ പറയുംപോലെ ട്രസ്റ്റിന്റെ ചുമതല ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

പുര്‍വി മോദി
Nirav

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 11,334 കോടി തട്ടി ഇന്ത്യ വിട്ട നീരവ് മോദിയുടെ സഹോദരിയുടെ പേരും പാന്‍ഡൊറ രേഖകളിലുണ്ട്. 2018 ജനുവരിയില്‍ നീരവ് ഇന്ത്യ വിടും മുമ്പ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡില്‍ നീരവിന്റെ സഹോദരി പുര്‍വി മോദി ഒരു കമ്പനി സ്ഥാപിച്ചതായാണ് വിവരം. സിങ്കപ്പൂരിലെ ട്രൈഡെന്റ് ട്രസ്റ്റ് കമ്പനി വഴി രൂപം നല്‍കിയ ട്രസ്റ്റിന്റെ കോര്‍പറേറ്റ് പ്രൊട്ടക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നതിനാണ് ഇതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

jACKIEജാക്കി ഷ്‌റോഫ് 

ജാക്കിയുടെ ഭാര്യാ മാതാവ് ന്യൂസീലന്‍ഡില്‍ സ്ഥാപിച്ച ട്രസ്റ്റിന്റെ പ്രധാന ഗുണഭോക്താവ് ബോളിവുഡ് താരം ജാക്കി ഷ് റോഫാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ട്രസ്റ്റിന് സംഭാവനകള്‍ നല്‍കിയിട്ടുളളതായും രേഖകളില്‍ പരാമര്‍ശമുണ്ട്. ട്രസ്റ്റിന് സ്വിസ് ബാങ്ക് അക്കൗണ്ടും ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഓഫ്‌ഷോര്‍ കമ്പനി ഉളളതായും വിവരമുണ്ട്. 

 

കേന്ദ്രം പറയുന്നത് 

ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വിവിധ ഏജന്‍സികള്‍ അന്വേഷിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പിലറിയിച്ചു. പ്രത്യക്ഷനികുതി ബോര്‍ഡ്(സി.ബി.ഡി.ടി) ചെയര്‍മാന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും വ്യക്തമാക്കി.

 

Courtesy: Indian Express

Content Highlights: Secret Offshore accounts; 380 Indians named in Pandora Papers