നമേഖലയിലെ മൂലധനക്കൊള്ളക്കെതിരേയുള്ള ജനകീയ പ്രതിരോധത്തിന്റെ പ്രതീകമായി വളരുകയാണ് മാനാത്തുപാടത്തെ പ്രീതാഷാജി. 1993-ൽ രൂപമെടുത്ത റിക്കവറി ഓഫ് ഡെബ്റ്റ്‌സ് ഡ്യു ടു ബാങ്ക് ആൻഡ്‌ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് മുതൽ 2016-ൽ പ്രാബല്യത്തിൽ വന്ന ഇൻസോൾവൻസി ആൻഡ്‌ ബാങ്ക്‌റപ്റ്റ്‌സി കോഡ് വരെ, ആഗോളീകരണ നയങ്ങളെ പിൻപറ്റി രാജ്യത്ത് നടപ്പാക്കിയ ജനവിരുദ്ധനിയമങ്ങൾക്കെതിരേ ഏറ്റവും ശക്തവും തീവ്രവുമായ പ്രക്ഷോഭത്തിനാണ് 2018 ജൂലായ്‌ 9-ാം തീയതി കേരളം സാക്ഷ്യംവഹിച്ചത്. യാദൃച്ഛികമെങ്കിലും പ്രീതയുടെ വസ്തുബാങ്കിൽ പണയപ്പെടുത്തി മറ്റൊരാൾ വായ്പയെടുത്തതും 1993-ൽ തന്നെയായിരുന്നു. അന്നെടുത്ത കേവലം രണ്ടുലക്ഷം രൂപയുടെ വായ്പ ഇപ്പോൾ രണ്ടുകോടി എഴുപതുലക്ഷം രൂപയോളം കുടിശ്ശികയായി മാറിയെന്ന വാദമുയർത്തിയാണ് ബാങ്ക് ജപ്തി നടപടികളിലേക്കും തുടർന്ന് ലേലത്തിലേക്കും നീങ്ങിയത്. 1993-ൽ വായ്പ നൽകിയത് ലോർഡ് കൃഷ്ണാ ബാങ്കായിരുന്നു. ആ ബാങ്കാകട്ടെ 2007-ൽ സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബിലും തുടർന്ന് 2008-ൽ എച്ച്.ഡി.എഫ്.സി. ബാങ്കിലും ലയിച്ചു.

ദുരൂഹതകൾ നിറഞ്ഞരീതി

പ്രീതയുടെ വസ്തു പണയപ്പെടുത്തി എടുത്ത വായ്പ പിന്നീട് ബാങ്ക് കൈകാര്യം ചെയ്ത രീതി ദുരൂഹതകൾ നിറഞ്ഞതാണ്. ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങളും ഇതുയർത്തുന്നുണ്ട്. 1993-ൽ എടുത്ത വായ്പ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ തുടർന്നുള്ള കാൽനൂറ്റാണ്ട് ബാങ്ക് എന്തുചെയ്യുകയായിരുന്നുവെന്നതാണ് സുപ്രധാനമായ ആദ്യത്തെ ചോദ്യം. വെറും രണ്ടുലക്ഷം രൂപയുടെ വായ്പ എങ്ങനെ രണ്ടുകോടി എഴുപതുലക്ഷം രൂപയായി ഇക്കാലംകൊണ്ട് വർധിച്ചുവെന്ന ചോദ്യവും നിർണായകമാണ്. വായ്പക്കാരൻ വായ തിരിച്ചടയ്ക്കാതിരുന്നപ്പോൾ ജാമ്യക്കാരിയായ പ്രീതയുടെ ഭർത്താവ് ഒരു ലക്ഷം രൂപ തിരിച്ചടച്ചുവെന്നും ബാക്കി കുടിശ്ശിക അടച്ചുതീർക്കാൻ സന്നദ്ധത അറിയിച്ചുവെന്നും വാർത്തയുണ്ട്. എന്നാൽ, ബാങ്ക് ആ വാഗ്ദാനം ചെവിക്കൊള്ളുകയോ വായ്പ തീർക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയോ ചെയ്തില്ല. ദേശീയ പാതയിൽനിന്ന് ഏറെയകലെയല്ലാതെ, എല്ലാ സൗകര്യങ്ങളും ലഭ്യമായ ഒരു ആവാസകേന്ദ്രത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നതെന്ന കാര്യം പരിഗണിക്കുമ്പോൾ ബാങ്ക് വായ്പ തിരിച്ചുപിടിക്കുന്നതിൽ കാണിച്ച അനാസ്ഥ മനഃപൂർവമായിരുന്നില്ലെന്ന് കരുതാൻ കഴിയില്ല. വിശേഷിച്ചും കിട്ടാക്കടങ്ങളായി മാറുന്ന വായ്പകളുടെ ഈടായി നൽകുന്ന വസ്തുവകകൾക്കുവേണ്ടി ഒരു പ്രത്യേക വിപണിയും അതിനെ ചുറ്റിപ്പറ്റി കൊഴുത്തുവളരുന്ന ഒരു മാഫിയയും ആധിപത്യം പുലർത്തുന്ന കൊച്ചി പോലെ ഒരു നഗരത്തിൽ.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പ്രീതാഷാജിയുടെ പ്രശ്നം ഒറ്റപ്പെട്ട ഒന്നല്ല. ഇന്ത്യൻ ബാങ്കിങ്‌ സംവിധാനത്തിൽ കടന്നുകയറി പിടിമുറുക്കിയ ആഗോള മൂലധനത്തിന്റെ അടങ്ങാത്ത ദുരയുടെയും കച്ചവടതാത്‌പര്യങ്ങളുടെയും എണ്ണമറ്റ ഇരകളിൽ ഒരാൾ മാത്രമാണ് പ്രീത. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്‌കരിക്കാനുള്ള നിർദേശം മുന്നോട്ടുവെച്ച നരസിംഹം കമ്മിറ്റി തന്നെയാണ് ധനകാര്യസ്ഥാപനങ്ങളുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ പ്രത്യേകനിയമവും സംവിധാനവും ഏർപ്പെടുത്തണമെന്ന ശുപാർശയും നൽകിയത്. ഇത് യാദൃച്ഛികമായിരുന്നില്ല. സ്വകാര്യവത്‌കരണത്തോടൊപ്പം കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ പ്രത്യേക സംവിധാനവും വേണമെന്ന നിർദേശത്തിനുപിന്നിൽ ഒളിച്ചിരുന്നത് ഇന്ത്യൻ ബാങ്കുകളുടെ മേൽ കണ്ണുവെച്ച് തക്കം പാർത്തിരുന്ന വിദേശ സ്വകാര്യമൂലധനത്തിന്റെ കുടിലതാത്‌പര്യങ്ങൾ തന്നെയായിരുന്നു. 

കിട്ടാക്കടങ്ങളാണോ ലക്ഷ്യം

ഈ നിർദേശങ്ങളെ പിൻപറ്റിയാണ് 1993-ൽ റിക്കവറി ഓഫ് ഡെബ്റ്റ്‌സ് ഡ്യു ടു ബാങ്ക് ആൻഡ്‌ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് (ഡി.ആർ.ഡി. നിയമം) നിലവിൽ വന്നത്. തുടർന്നുവന്ന സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്‌സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇൻററസ്റ്റ്‌ ആക്ട് 2002 (സർഫാസി നിയമം), ഇൻസോൾവൻസി ആൻഡ് ബാങ്കറപ്റ്റസി കോഡ് 2016 (ഐ.ബി.സി. കോഡ്) എന്നിവയും ഇതേ മൂശയിൽ വാർന്നു പിറന്നതു തന്നെയാണ്. ധനകാര്യസ്ഥാപനങ്ങളുടെ കാര്യക്ഷമതയും മത്സരശേഷിയും ലാഭക്ഷമതയും മെച്ചപ്പെടുത്തുകയാണ് ഈ നിയമങ്ങളുടെയെല്ലാം അവതാരോദ്ദേശ്യമായി വർണിക്കപ്പെട്ടിരുന്നത്. എന്നാൽ, ഈ പരമ്പരയിലെ ആദ്യത്തെ നിയമത്തിന്റെ രജതജൂബിലി വേളയിൽ ഇന്ത്യൻ ബാങ്കുകൾ കിട്ടാക്കടങ്ങളുടെ നിലയില്ലാക്കയത്തിൽ കൈകാലുകളിട്ടടിച്ച് നിലനില്പിനായി വെപ്രാളപ്പെടുന്നുവെന്നത് പഠനാർഹമായ ഒരു വിരോധാഭാസമാണ്. 1990-കളുടെ തുടക്കത്തിൽ നരസിംഹം കമ്മിറ്റിയും മറ്റും പൊതുമേഖലാ ബാങ്കുകളുടെ കെടുകാര്യസ്ഥതയെ പഴിച്ചിരുന്നത് അവ നൽകിയിരുന്ന ചെറുകിട വായ്പകൾ തിരിച്ചടയ്ക്കപ്പെടുന്നില്ലെന്ന പേരിലായിരുന്നു. 

മൂലധനതാത്‌പര്യവും സർഫാസിയും

അതെ, അതുതന്നെയാണ് സത്യം. ബാങ്ക് വായ്പകൾ തിരിച്ചുപിടിക്കുന്നതിനുവേണ്ടിയെന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത് യഥാർഥത്തിൽ മൂലധന താത്‌പര്യങ്ങൾ വളർത്തുന്നതിനുള്ള സംവിധാനങ്ങളായിരുന്നു. ധനകാര്യസ്ഥാപനങ്ങളുടെ താത്‌പര്യങ്ങൾപോലും ഈ നിയമങ്ങളും അവ നടപ്പാക്കുന്നതിനുവേണ്ടി രൂപവത്‌കൃതമായ സ്ഥാപനങ്ങളും പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത. തന്നെയുമല്ല, നാടിന്റെ ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനാദത്തമായ അവകാശങ്ങളെയുംപോലും പലപ്പോഴും അവ കവർന്നെടുക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന് സർഫാസിനിയമം തന്നെ എടുക്കുക. അതിന്റെ സുപ്രധാനമായ അവതാരോദ്ദേശ്യം തന്നെ എ. ആർ.സി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അസറ്റ് റീകൺസ്ട്രക്‌ഷൻ കമ്പനികളുടെ രൂപവത്‌കരണവും പ്രവർത്തനവുമാണ്. നിയമത്തിന്റെ ആദ്യത്തെ പന്ത്രണ്ട് വകുപ്പുകളിൽ പത്തെണ്ണവും പ്രതിപാദിക്കുന്നത് എ.ആർ.സി.കളുടെ പ്രവർത്തനത്തെ സംബന്ധിച്ചാണ്. ബാങ്കുകളിലെ കിട്ടാക്കടങ്ങൾ ഏറ്റെടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് എ.ആർ.സി.കൾ ഉദ്ദേശിക്കപ്പെടുന്നതെന്നാണ് നിയമം പറയുന്നത്. എന്നാൽ, കുത്തക മൂലധനത്തിന് ലാഭകരമായ ഒരു വിപണി തുറന്നുകൊടുക്കുകയാണ് സർഫാസി നിയമം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എ.ആർ.സി. റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന കാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്. ആഗോളീകരണം അവലംബിച്ചു പോരുന്ന പ്രാകൃത മൂലധന സമാഹരണത്തിന്റെ ഏറ്റവും പ്രകടമായ ഒരു രൂപമാണ് ഈ അസറ്റ് റീകൺസ്ട്രക്‌ഷൻ കമ്പനികളും അവയ്ക്ക് അരുനിൽക്കുന്ന സർഫാസി നിയമവും. അതിനവർ സ്വീകരിക്കുന്ന മാർഗം ചരക്കുവത്‌കരണത്തിന്റേതാണ്. 

ഗൂഢസംഘങ്ങളുടെ നിഴലുകൾ

ഡി ആർ ടി നിയമപ്രകാരമുള്ള ട്രിബ്യൂണലുകൾ നിലവിൽവന്ന കാലംമുതൽ അവ പ്രവർത്തിക്കുന്ന നഗരങ്ങളിലെല്ലാം സജീവമായി വേരൂന്നിയ റിയൽ എസ്റ്റേറ്റ് മാഫിയകളെക്കുറിച്ച് നാം കേൾക്കാറുണ്ട്. ഡി ആർ ടി നിയമം അനുസരിച്ച് കിട്ടാക്കടമായി മാറുന്ന വായ്പകൾക്ക് ഈടായി നൽകുന്ന വസ്തുവകകൾ ലേലം ചെയ്ത് വില്ക്കാനുള്ള അധികാരം ടിബ്യൂണലിൽ അർപ്പിതമാണ്. ആ ചുമതല നിർവഹിക്കുന്നതിന് റിക്കവറി ഓഫീസർ എന്നൊരു പ്രത്യേക തസ്തികതന്നെ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ സംവിധാനം നിലവിൽ വന്ന കാലം മുതൽ അവിടങ്ങളിലെ റിക്കവറി ഓഫീസർമാരെക്കുറിച്ച് ഒട്ടേറെ ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്. അതെന്തായിരുന്നാലും ചില ബാങ്കുദ്യോഗസ്ഥരും അഭിഭാഷകരും വസ്തുവിന്റെ വിലമതിക്കുന്ന വാല്യൂവർമാരും റിക്കവറി ഏജന്റുമാരും റിയൽ എസ്റ്റേറ്റ് ലോബിയും ചേർന്നുള്ള ഗൂഢസംഘങ്ങൾ ട്രിബ്യൂണലുകൾ പ്രവർത്തിക്കുന്ന മിക്ക നഗരങ്ങളിലും സജീവമായി പ്രവർത്തിക്കുന്നുവെന്നത് അനിഷേധ്യമായ യാഥാർഥ്യമാണ്. ബാങ്കിലെ കുടിശ്ശിക തീർക്കാൻ വേണ്ട തുകയെക്കാൾ അല്പം ഉയർത്തി വില നിശ്ചയിച്ചുകൊണ്ട് ചുളുവിലയ്ക്ക് വസ്തു ലേലം ചെയ്യുന്ന ഏർപ്പാടാണ് ഇക്കൂട്ടർ നടത്തുന്നതെന്നും ലേലത്തിൽ പങ്കെടുക്കാൻ പുറത്തുള്ളവരെ അനുവദിക്കാത്ത രൂപത്തിലാണ് ഇവരുടെ പരസ്പര ധാരണയെന്നും ഒക്കെ പരക്കെ ആരോപണങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. എന്തായാലും വായ്പക്കുടിശ്ശികയുടെ പേരിൽ ലേലം ചെയ്യപ്പെടുന്ന വസ്തുവകകളെ ഒരു വില്പനച്ചരക്കാക്കി മാറ്റുന്നതിൽ മൂലധനം വിജയിച്ചിരിക്കുന്നു. അതിന്റെ ഒരു വിപണിതന്നെ സൃഷ്ടിക്കപ്പെടുകയും റിയൽ എസ്റ്റേറ്റ് വിപണിയുടെ ഒരു മുഖ്യ ഘടകമായി അത് വളരുകയും ചെയ്തിരിക്കുന്നു.

സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടി രൂപയോളമാണ് ഇപ്പോൾ ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ തോത്. എന്നാൽ, ഇതിൽ ഏറിയ പങ്കിനും ഉത്തരവാദികളായ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ആസ്തി ഏറ്റെടുക്കുന്നതിന് ഈ നിയമങ്ങൾ ഫലപ്രദമായി ഉപയോഗിച്ചതായി ഇതുവരെ കേട്ടിട്ടില്ല. നിസ്വരും പാർശ്വവത്‌കൃതരുമായ ജനവിഭാഗങ്ങളാണ് ഈ നിയമങ്ങളുടെ ഇരകളായി തീർന്നവരിൽ മഹാഭൂരിപക്ഷവും. കാർഷിക വായ്പയും ഭവന വായ്പയും വിദ്യാഭ്യാസവായ്പയും മറ്റും തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്ന സാധാരണക്കാരുടെ ഭൂമിയും ഭവനങ്ങളുമാണ് നേരത്തേ സൂചിപ്പിച്ച മാഫിയകളുടെയും അസറ്റ് റീകൺസ്ട്രക്‌ഷൻ കമ്പനികളുടെയും പ്രിയ വിഭവങ്ങളായി മാറുന്നത്.

മനുഷ്യാവകാശത്തിനു വെല്ലുവിളി

ഈ നിയമങ്ങൾ ഉയർത്തുന്ന അടിസ്ഥാനപരമായ ചില ഭരണഘടനാപ്രശ്നങ്ങളും മനുഷ്യാവകാശത്തിനെതിരേയുള്ള വെല്ലുവിളികളും അവഗണിക്കാൻ കഴിയില്ല. അതിക്രമങ്ങളെയും അനീതിയെയും ചോദ്യംചെയ്യാൻ ഭരണഘടന പൗരന് നൽകുന്ന അവകാശത്തെ ഈ നിയമങ്ങൾ പലപ്പോഴും ധ്വംസിക്കുന്നുണ്ട്. കോടതികളുടെ ഇടപെടലുകളില്ലാതെ വായ്പക്കാരുടെ ആസ്തികളിന്മേൽ ധനകാര്യസ്ഥാപനങ്ങൾക്ക് അവകാശം ഉറപ്പിക്കാൻ സഹായിക്കുകയാണല്ലോ സർഫാസി നിയമം ചെയ്യുന്നത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനുള്ള ഏറ്റവും മൗലികമായ കാരണങ്ങൾ പോലും ആരെയും ബോധിപ്പിക്കാൻ ഈ നിയമങ്ങൾ വായ്പക്കാരന് അവസരം നൽകുന്നില്ല.

ബാങ്കിങ് മേഖലയിലെ വിദഗ്ധനാണ് ലേഖകൻ