ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ ഗുജറാത്തിലെ  നർമദാ ജില്ലയിലെ കെവാഡിയയിൽ ഒക്ടോബർ 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ‘ഏകതാപ്രതിമ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമ തലയുയർത്തുമ്പോൾ ചൈനയിലെ ഹെനാനിൽ 128 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയുടെ റെക്കോഡ് തലകുനിക്കും. എട്ടുമീറ്റർ  ഉയരമുള്ള ശിരസ്സ് സ്ഥാപിച്ചതോടെ അവസാനവട്ട മിനുക്കുപണികളിലാണ് തൊഴിലാളികൾ. പട്ടേലിന്റെ ജന്മദിനമാണ്‌ ഒക്ടോബർ 31.

കാഴ്ചകൾ

153 മീറ്റർ ഉയരത്തിൽ, ഉടുപ്പിന്റെ മുകളിലെ രണ്ടാമത്തെയും  മൂന്നാമത്തെയും ബട്ടണുകൾക്ക് ഇടയിൽ കാഴ്ചക്കാർക്ക് ഗാലറി ഉണ്ടാകും. ഒരേസമയം 200 പേർക്ക് നിൽക്കാം. വേഗമുള്ള ലിഫ്റ്റുകളിലാണ് ഇവിടെയെത്തിക്കുക. വിന്ധ്യ, ശതപുര മലനിരകൾ, 212 കിലോമീറ്റർ ദൂരത്തിൽ പരന്നുകിടക്കുന്ന സർദാർ സരോവർ ഡാം എന്നിവ കാണാം. പുഴയിൽ വെള്ളമുള്ളപ്പോൾ ബോട്ടിലെത്താനും സൗകര്യമുണ്ട്. പൂന്തോട്ടം,  ഫുഡ്‌കോർട്ടുകൾ, ത്രിനക്ഷത്ര ഹോട്ടൽ എന്നിവ സമീപത്ത് സജ്ജം.

ചൈനീസ് ബന്ധം - പൂർണമായും ഭാരതത്തിൽ നിർമിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്‌. എന്നാൽ, ഇത്രയും ഉയരത്തിൽ  വെങ്കലപ്രതിമ നിർമിച്ച് പരിചയം ഇവിടെ ആർക്കും ഉണ്ടായിരുന്നില്ല. ചൈനയിലെ ജിയ്ങ്ക്‌സിയിലെ ടിക്യു ആർട്ട്‌  ഫൗണ്ടറിക്ക് എൽ ആൻഡ് ടി കരാർ നൽകി. പുറമേയ്ക്കുവേണ്ട വെങ്കലം അയ്യായിരത്തോളം പാളികളാക്കി ചൈനയിൽനിന്ന് കപ്പലിൽ കൊണ്ടുവന്ന് പൊതിയുകയായിരുന്നു. 200 ചൈനീസ്‌ തൊഴിലാളികൾ ജോലിചെയ്തുവരുന്നു.

ഉരുക്കുമുഴുവൻ രാജ്യത്തിലെ ഗ്രാമങ്ങളിൽനിന്ന് സമാഹരിക്കാൻ ആയിരം ട്രക്കുകൾ വിട്ടെങ്കിലും 135 ടൺ മാത്രമാണ് കിട്ടിയത്‌. അത് അടിത്തറ   നിർമിക്കാൻ ഉപയോഗിച്ചു. രാജ്യത്തെ അഞ്ച് എണ്ണക്കമ്പനികൾ 147 കോടിരൂപ  സംഭാവന നൽകിയതിനെ സി.എ.ജി. വിമർശിക്കുകയും ചെയ്തു.

നിർമാണത്തുടക്കം - നാട്ടുരാജ്യങ്ങളെ ഏകീകരിക്കാൻ നേതൃത്വം നൽകിയ ഗുജറാത്തിയായ പട്ടേലിന്റെ സ്മാരകമായി പ്രതിമ നിർമിക്കുമെന്ന് 2010-ൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 2013  ഒക്ടോബറിൽ തറക്കല്ലിട്ടു. 2014 ഒക്ടോബറിൽ കരാർ നൽകി. 2015 ഡിസംബറിൽ മുഴുവൻസമയ നിർമാണം തുടങ്ങി. സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണമാണ് 182 മീറ്ററായി ഉയരം നിശ്ചയിക്കാൻ കാരണം. 

നിർമാണസാമഗ്രികൾ

സിമന്റ് -90,000 ടൺ, ഉരുക്ക് -25,000 ടൺ, വെങ്കലം-1850 ടൺ. ജോലിക്കാർ -2400. മണിക്കൂറിൽ 220 കിലോമീറ്റർ വേഗമുള്ള കാറ്റിനെയും 12 കിലോമീറ്റർ സമീപം റിക്ടർ സ്കെയിലിൽ 6.5 വരെയുള്ള ഭൂകമ്പത്തെയും അതിജീവിക്കാനുള്ള ശേഷി പ്രതിമയ്ക്കുണ്ട്.

patel statueസ്ഥലം : അഹമ്മദാബാദിൽനിന്ന്‌ 200 കിലോമീറ്റർ അകലെ, വഡോദര-നർമദ ഡാം ഹൈവേയിൽ കെവാഡിയയിൽ. സർദാർ സരോവർ ഡാമിന്‌ താഴെ,  നദിയിലെ സാധു ബേത് എന്ന ചെറുദ്വീപിൽ

സവിശേഷത: തലയുയർത്തി നടക്കാനൊരുങ്ങുന്ന പട്ടേലിന്റെ രൂപം. 163 മീറ്റർ ഉയരമുള്ള അണക്കെട്ടിന് അഭിമുഖം. കോൺക്രീറ്റ് ഭിത്തിയിൽ ഉരുക്ക് ചട്ടക്കൂടിനുപുറമേ വെങ്കലപാളികൾ പൊതിഞ്ഞിരിക്കുന്നു. പട്ടേൽ മ്യൂസിയത്തിന് മുകളിലാണ് നിർമാണം. പാലങ്ങളിലൂടെ ഇവിടെയെത്താം. ഏഴുകിലോമീറ്റർ അകലെ നിന്നേ പ്രതിമ കാണാം. 

patel statue

നിർമാതാക്കൾ:  സർദാർ വല്ലഭ്‌ഭായ് പട്ടേൽ രാഷ്ട്രീയ ഏകതാ ട്രസ്റ്റ് എന്ന സർക്കാർ ട്രസ്റ്റ്. കരാറുകാരുടെ കൺസോർഷ്യത്തിൽ ലാർസൺ ആൻഡ് ടർബ്രോ, ബുർജ് ഖലീഫയുടെ നിർമാതാക്കളായ ടർണർ കൺസ്ട്രക്‌ഷൻസ്,  മിഷേൽ ഗ്രേവ്‌സ് ആർക്കിടെക്‌ചർ.

ശിവജി വെല്ലുവിളിക്കും:  മഹാരാഷ്ട്രയിൽ ശിവജി പ്രതിമ നിർമിച്ചുകഴിഞ്ഞാൽ അതാവും ഉയരത്തിൽ മുന്നിൽ. നിലവിൽ രാജ്യത്തെ ഏറ്റവും ഉയരമുള്ള പ്രതിമ ആന്ധ്രയിൽ വിജയവാഡയിലെ ആഞ്ജനേയ പ്രതിമയാണ് 
41 മീറ്റർ