ലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് അതുവരെ കാണാത്ത വ്യത്യസ്തമായ ഒരു നീണ്ടചിരിയുമായി വന്ന കലാകാരന്‍. ആ ചിരി കണ്ടാല്‍ മതി ഏത് പിരിമുറുക്കവും ആലുവാപ്പുഴ കടക്കും. ചെറുവേഷങ്ങളിലൂടെ തുടക്കം. പതിയെ മലയാളത്തിലെ ചിരിപ്പടങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി. ഇടയ്ക്ക് തമാശ വിട്ട് സീരിയസായി. മലയാളം വിട്ട് അന്യഭാഷാ ചിത്രങ്ങളുടെ ഭാഗമായി. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ തേടിയെത്തി. ഇടയ്ക്ക് സംവിധായകനുമായി. സലിം കുമാര്‍ എന്ന നടന്‍ മലയാളസിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ട് 25 വര്‍ഷം.

ഫ്‌ളാഷ് ബാക്ക്

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായി 1969 ഒക്ടോബര്‍ 10-ന് ജനനം. സഹോദരന്‍ അയ്യപ്പന്റെ കടുത്ത അനുഭാവിയായിരുന്നു അച്ഛന്‍. സലിം കുമാര്‍ എന്ന പേരിന് പിന്നിലെ കൗതുകം ഇങ്ങനെയാണെന്ന് മുമ്പ് ഒരഭിമുഖത്തില്‍ സലിം കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മിമിക്രിയിലൂടെയായിരുന്നു സലിം കുമാറിന്റെ കലാരംഗത്തേക്കുള്ള പ്രവേശനം. ആദ്യ വേദിയൊരുക്കിയത് കൊച്ചിന്‍ കലാഭവന്‍. ഇടയ്ക്ക് ടെലിവിഷന്‍ ഹാസ്യപരിപാടിയിലും സലിം കൈനോക്കി. നാല് വര്‍ഷത്തോളം കൊച്ചിയിലെ പ്രൊഫഷണല്‍ നാടക ട്രൂപ്പായ ആരതി തിയേറ്റേഴ്‌സുമൊന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.

ചെറുവേഷങ്ങളിലൂടെ സിനിമയിലേക്ക്

സിദ്ദിഖ് ഷമീറിന്റെ സംവിധാനത്തില്‍ 1996-ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലാണ് സലിം കുമാറിന്റെ മുഖം ആദ്യമായി വെള്ളിത്തിര കാണുന്നത്. പിന്നീട് ചെറിയ വേഷങ്ങളില്‍ കുറച്ച് ചിത്രങ്ങള്‍. 2000-ല്‍ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാര്‍ട്ടിന്‍ ടീം സലിമിനെ വിളിക്കാന്‍ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ സമയം തെളിയുകയായിരുന്നു.

പിന്നീടങ്ങോട്ട് ദിലീപ്-ഹരിശ്രീ അശോകന്‍-സലിം കുമാര്‍ ടീം എപ്പോഴെല്ലാം സ്‌ക്രീനില്‍ ഒന്നിച്ചോ അപ്പോഴെല്ലാം തിയേറ്ററില്‍ പൊട്ടിച്ചിരികള്‍ അലയടിച്ചു.  മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, കല്യാണരാമനിലെ പ്യാരി, മായാവിയിലെ ആശാന്‍, തിളക്കത്തിലെ ഓമനക്കുട്ടന്‍ എന്നിവ അതില്‍ ചിലതുമാത്രം.

ലെജന്‍ഡാണ് സലീമേട്ടന്‍ : വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

Vishnu"എനിക്ക് വളരേക്കാലം മുതല്‍ തന്നെ സലീമേട്ടനെ അറിയാം. എന്റെ ആദ്യ സിനിമ എന്റെ വീട് അപ്പൂന്റേം ആണ്. സലീമേട്ടനെ മൂങ്ങാ ചേട്ടാ എന്ന് വിളിക്കുന്ന രംഗമാണ് ആദ്യത്തേത്.  പിന്നെ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് മായാവി എന്ന സിനിമയിലാണ്. ഒറ്റ സീനേ ഉണ്ടായിരുന്നുള്ളൂ ആ സിനിമയില്‍. അത് സലീമേട്ടനെ ചീത്ത വിളിക്കുന്നതായിട്ടായിരുന്നു. പിന്നെ രാപ്പകല്‍ എന്ന സിനിമയില്‍ ഉണ്ടായിരുന്നതും സലീമേട്ടനോടൊപ്പമുള്ള രംഗമായിരുന്നു. ആനവാല്‍ ചോദിക്കുന്ന സീന്‍.

എന്റെ തുടക്കസമയത്ത് വര്‍ഷത്തിലൊരിക്കല്‍ ഒരു സീന്‍ അല്ലെങ്കില്‍ ഒരു ഷോട്ട് ഒക്കെയാണ് കിട്ടാറുണ്ടായിരുന്നത്. അതെല്ലാം സലീമേട്ടന്റെ കൂടെ ആയിരുന്നു എന്നുള്ളതുകൊണ്ട് അവയെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതാണ് സന്തോഷമുള്ള കാര്യം. അതിന് ശേഷം ആദ്യമായി തിരക്കഥയെഴുതിയ സിനിമ അമര്‍ അക്ബര്‍ അന്തോണിയില്‍ സലീമേട്ടന് നല്ലൊരു വേഷം എഴുതിയിരുന്നു. അന്ന് പക്ഷേ അദ്ദേഹത്തിന്റെ ശാരീരിക അസ്വസ്ഥതകള്‍ വെച്ച് ചെയ്യാന്‍ പറ്റാതാവുകയായിരുന്നു. ആ വേഷമാണ് പിന്നീട് സാജു നവോദയ (പാഷാണം ഷാജി) ചെയ്ത ദുരന്തം പറയുന്ന കഥാപാത്രം. ഇക്കാര്യം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല.

സത്യത്തില്‍ സലീമേട്ടന്‍ ഒരു ലെജന്‍ഡാണ്. ഒരിക്കലും മടുക്കില്ല. കുതിരവട്ടം പപ്പുവിനെ പോലെയൊക്കെ.  ഞങ്ങളുടെ ആദ്യ തിരക്കഥ മുതല്‍ സലീമേട്ടന്‍ ഇല്ലാതെ ഒന്നും എഴുതിയിട്ടില്ല. രണ്ടാമത്തെ തിരക്കഥ എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയൊക്കെ ശരിയായി. അതാണ് കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ചെയ്തത്. യമണ്ടന്‍ പ്രേമകഥയിലും നല്ലൊരു വേഷമായിരുന്നു. പുതുതായി എഴുതിയ തിരക്കഥയിലും ഉഗ്രന്‍ വേഷമാണ് സലീമേട്ടന്.''


ട്രാക്ക് മാറ്റി സീരിയസാവുന്നു

കോമഡി ചെയ്ത് വിജയിക്കുന്നവര്‍ക്ക് സീരിയസ് വേഷങ്ങള്‍ എളുപ്പത്തില്‍ വഴങ്ങും എന്നൊരു ചൊല്ലുണ്ട് സിനിമാ രംഗത്ത്. സലിം കുമാറിന്റെ കാര്യത്തില്‍ അത് അച്ചട്ടായിരുന്നു. 2004-ല്‍ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലത്തിലായിരുന്നു സലിംകുമാറിലെ നടന്റെ മറ്റൊരുമുഖം പ്രേക്ഷകര്‍ കണ്ടത്.

അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ഒരു തമാശപോലും പറയാതെ നടന്‍ എന്ന രീതിയില്‍ നിറഞ്ഞാടിയ സലിം കുമാര്‍ കഥാപാത്രം ഇറങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2005-ല്‍ ബാബു ജനാര്‍ദനന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിലെ സാമുവലിന്റെ വേദന അതേ തീവ്രതയോടെ പ്രേക്ഷകരും അനുഭവിച്ചു.

2010-ല്‍ പുറത്തിറങ്ങിയ ആദാമിന്റെ മകന്‍ അബുവിലൂടെ വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കാനാവുമെന്ന് വീണ്ടും സലിംകുമാര്‍ തെളിയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാടിലെ ലോനപ്പന്‍ ആദ്യം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. ദീപു കരുണാകരന്റെ ഫയര്‍മാനിലെ നരേന്ദ്രന്‍ ആചാരിയാകട്ടെ അല്പം ദുരൂഹതനിറഞ്ഞ കഥാപാത്രവുമായി. അതിനിടെ ധനുഷിനൊപ്പം തമിഴില്‍ മാരിയാനിലും സലിംകുമാര്‍ വേഷമിട്ടു.

ആ ഉത്തരത്തിന് നീണ്ട ചിരിയായിരുന്നു സലിമിന്റെ മറുപടി : ബാബു ജനാര്‍ദനന്‍

Babu Janardhanan"അച്ഛനുറങ്ങാത്ത വീടിലേക്ക് സലിം കുമാര്‍ എത്തുന്നതിന് ഒന്ന് രണ്ട് വിഷയങ്ങളുണ്ട്. കുതിരവട്ടം പപ്പുവിനേപ്പോലെയാണ് എനിക്ക് സലിം കുമാറിനെ തോന്നിയിട്ടുള്ളത്. പപ്പുവേട്ടന് അധികം സീരിയസ് വേഷങ്ങളൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. സലിം കുമാറിനെ ഞാന്‍ പേഴ്‌സണലി തന്നെ കാണുകയായിരുന്നു. ഷൊര്‍ണൂര്‍ റെസ്റ്റ് ഹൗസില്‍ ഈ സിനിമയുടെ കഥ മുഴുവന്‍ ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു ഏത് വേഷമാണ് തന്റേതെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു സാമുവലിന്റേതാണെന്ന്. വളരെ ദീര്‍ഘമായൊരു ചിരിയായിരുന്നു ആദ്യം. എന്നിട്ട് ചോദിച്ചു ചേട്ടനെന്താ ഭ്രാന്തുണ്ടോ എന്ന്. സംവിധായകന്റേയും എന്റേയും കോണ്‍ഫിഡന്‍സാണ് ഇതെന്ന് ഞാന്‍ പറഞ്ഞു. രസകരമായ കാര്യമെന്താണെന്ന് വച്ചാല്‍ സലിം കുമാര്‍ ഈ സിനിമയ്ക്ക് മുമ്പ് മുഴുനീളെ ഒരു സിനിമയില്‍പ്പോലും ഒരു കുഞ്ഞ് ഡയലോഗ് പോലും സീരിയസായി പറഞ്ഞിട്ടില്ല എന്നതാണ്. ഈ കഥ പക്ഷേ സലിം കുമാര്‍ ഒരിടത്തും പറഞ്ഞിട്ടില്ല."

 

പുരസ്‌കാരങ്ങള്‍, സംവിധാന രംഗത്തേക്ക്

2005-ലാണ് സലിംകുമാറിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. അച്ഛനുറങ്ങാത്ത വീടിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു അദ്ദേഹം. 2010-ല്‍ ആദാമിന്റെ മകന്‍ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സലിം കുമാര്‍ സ്വന്തമാക്കി. 2012-ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം അയാളും ഞാനും തമ്മില്‍. 2017-ല്‍ പുറത്തുവന്ന ആദ്യ സംവിധാനസംരംഭമായ കറുത്ത ജൂതന്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അര്‍ഹമായി. 2018-ല്‍ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാര്‍ സംവിധാനം ചെയ്തു.

ട്രോളന്മാരുടെ ആശാൻ

സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ വരാൻ തുടങ്ങിയ കാലം. ഏത് ആശയത്തിനും പറ്റിയ ഒരുമുഖം എന്ന പോലെയാണ് സലിം കുമാർ കഥാപാത്രങ്ങൾ ട്രോൾ സൃഷ്ടാക്കൾക്ക് മുന്നിലെത്തിയത്. മണവാളനും പ്യാരിയും ഓമനക്കുട്ടനും അൽ കമലാസനനും പ്രത്യക്ഷപ്പെടാത്ത ട്രോളുകൾ കുറവ്.

Salim Kumar Trolls

മായാവിയിലെ "ഇതൊക്കെ എന്ത് ?", വൺ മാൻ ഷോയിലെ "അഥവാ ബിരിയാണി കിട്ടിയാലോ", മീശമാധവനിലെ "നന്ദി മാത്രമേ ഉള്ളുവല്ലേ"? പോലുള്ള സംഭാഷണങ്ങൾ നിത്യജീവിതത്തലും നമ്മൾ പറയാൻ തുടങ്ങി. പതിയെ ട്രോൾ എന്ന് കേൾക്കുമ്പോളേ സലിം കുമാറിന്റെ മുഖം മനസിൽ വരുന്ന അവസ്ഥയുമായി.

Salim Kumar Cartoon
സലിംകുമാറിന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍

ഇതെന്ത് മറിമായം? എനിക്ക് പ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാര്‍ക്ക് മൊത്തം പ്രാന്തായാ? - മായാവി

  • പെങ്ങളെ കിട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ? - തിളക്കം
  •  
  • മൈ ബയോളജിക്കല്‍ നെയിം ഈസ് മൈക്കിള്‍ ഏലിയാസ് ജാക്സണ്‍ ഏലിയാസ് വിക്രം ഏലിയാസ് - ചതിക്കാത്ത ചന്തു
  •  
  • പാചകക്കാരനാണല്ലേ? അല്ലാ എറണാകുളം ജില്ലാ കളക്ടര്‍. മിണ്ടാതിരുന്ന് കുത്തിക്കേറ്റെടോ - കല്യാണരാമന്‍
  • അങ്ങ് ദുഫായില്‍ ഈ അബ്ദുള്ളയുടെ ഇടങ്കയ്യാണ് ഞാന്‍ - പുലിവാല്‍ കല്യാണം

 

Content Highlights: Salim Kumar Turns 25 Years in His Acting Career, Salim Kumar Movies, Salim Kumar Biography, Salim Kumar Comedy