ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച പരമോന്നത നീതിപീഠത്തിന്റെ സുപ്രധാനവിധിയിലേക്ക് നയിച്ചത് 12 വര്‍ഷത്തെ 'സംഭവബഹുല'മായ നിയമപോരാട്ടം. ശക്തമായ വാദപ്രതിവാദങ്ങള്‍ കോടതിക്കകത്ത് നടക്കുമ്പോള്‍ അതിലേറെ ചൂടേറിയ ചര്‍ച്ചകളും വിവാദങ്ങളും പുറത്തുണ്ടായി. ഹര്‍ജിക്കാരുടെ വിശ്വാസ്യത മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമാറ്റംവരെ ചോദ്യംചെയ്യപ്പെട്ട കേസില്‍ ഒട്ടേറെ 'ട്വിസ്റ്റു'കളും കണ്ടു. വിവിധ ബെഞ്ചുകള്‍ക്കുമുമ്പാകെ 20 ദിവസത്തോളം വാദംനടന്നു. ഒടുവില്‍ ഭരണഘടനാ ബെഞ്ചിനുമുമ്പില്‍ എട്ടുദിവസം സുദീര്‍ഘമായ വാദം. ഒടുവിലാണ് വിധിയുണ്ടായത്.
Read :ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി..
ആദ്യ വഴിത്തിരിവ്
2006-ലാണ് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്റെ സെക്രട്ടറി ഭക്തി പസ്രീജ സേത്തി സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കാന്‍ നിയമപിന്‍ബലം നല്‍കുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം(ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം.
ആദ്യവര്‍ഷം ഹര്‍ജിയില്‍ കാര്യമായി ഒന്നും സംഭവിച്ചില്ല. എന്നാല്‍, 2007-ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടുമായി സത്യവാങ്മൂലം നല്‍കി. ഒരേമതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് അതില്‍ വ്യക്തമാക്കി. ഈ വിഷയം പഠിക്കാന്‍ കമ്മിഷനെ വെക്കണമെന്നും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സീസണ്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. പിന്നീട് എട്ടുവര്‍ഷത്തോളം കേസില്‍ കാര്യമായൊന്നും സംഭവിച്ചില്ല. 2016-ലാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ കേസ് എത്തിയത്. അപ്പോഴേക്കും കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
Read: മാറിയത് നൂറ്റാണ്ടുകള്‍ നീണ്ട കീഴ് വഴക്കം, നിയമപോരാട്ടം നീണ്ടത് 12 വര്‍ഷം
ഹര്‍ജിക്കാര്‍ക്ക് ഭീഷണി
ഇതിനിടെ ഹര്‍ജിക്കാരായ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനെതിരേ വ്യാപക പ്രചാരണങ്ങളാരംഭിച്ചു. നൗഷാദിനെതിരേ ഭീഷണി ഉയരുന്നതായി അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. നൗഷാദിന് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
2006-ല്‍ ഹര്‍ജി നല്‍കുമ്പോള്‍ നൗഷാദായിരുന്നില്ല സംഘടനയുടെ പ്രസിഡന്റ്. 2014-ലാണ് നൗഷാദ് സ്ഥാനമേറ്റെടുത്തത്. ഭക്തി പസ്രീജയ്ക്ക് പുറമേ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേമ കുമാരി, അല്‍ക്ക ശര്‍മ്മ, സുധ പാല്‍ എന്നിവരാണ് കേസിലെ പരാതിക്കാര്‍. ഇവരാകട്ടെ, ഇത്രയും വൈകാരിക വിഷയമാണ് ശബരിമലയെങ്കില്‍ പിന്‍മാറാന്‍വരെ തയ്യാറാണെന്നും അറിയിച്ചു.
ഹര്‍ജിക്കാര്‍ പിന്‍മാറിയാലും അമിക്കസ്‌ക്യൂറിയെവെച്ച് കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
Read:ആചാരത്തില്‍ കോടതിക്ക് ഇടപെടാനാവില്ല, വിധിയില്‍ വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര
അഞ്ചംഗ ബെഞ്ചിലേക്ക്
ആചാരങ്ങളില്‍ കോടതി ഇടപെടുന്നതിന്റെ യുക്തി പലതവണ ചോദ്യംചെയ്യപ്പെട്ടു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോര്‍ഡിനുവേണ്ടി കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വിഷയം അഞ്ചംഗ ബെഞ്ചിലെത്തി. കേസ് ഭരണഘടനാബെഞ്ച് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിലപാട് മാറ്റി. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ആദ്യ സത്യവാങ്മൂലത്തിലെ നിലപാടാണ് തങ്ങള്‍ക്കെന്ന് ഇടതുസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിനുകീഴില്‍ വരുന്ന ദേവസ്വം ബോര്‍ഡ് തിരിച്ചുള്ള നിലപാടുതന്നെ തുടര്‍ന്നു.
ക്ഷേത്രപ്രവേശനവിലക്ക് അയിത്തത്തിന് കീഴില്‍ വരുമെന്നുവരെ ഹര്‍ജിയെ അനുകൂലിക്കുന്നവര്‍ വാദിച്ചു. അതേസമയം, നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ അവകാശങ്ങള്‍, ആചാരങ്ങളുടെ അനിവാര്യത എന്നിവ ചൂണ്ടിക്കാട്ടി എതിര്‍വാദവുമുണ്ടായി. ഇതിനുശേഷമാണ് സുപ്രധാനമായ വിധിയെഴുതിയത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്ക്; നാള്‍വഴി
- 1951 മേയ് 18: 10 വയസ്സിനും 55 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അറിയിപ്പ്
- 1952 നവംബര്‍ 24 : ബോര്‍ഡ് സെക്രട്ടറിയെ പിന്തുണച്ച് ക്ഷേത്രാധികാരികളുടെ വിളംബരം
- 1965: കേരള പൊതു ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരം നിരോധനം
- 1981 നവംബര്‍ 22: സ്ത്രീകള്‍ വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വീണ്ടും അഭ്യര്‍ഥന പുറപ്പെടുവിച്ചു
- 1991 സ്ത്രീപ്രവേശനം നിഷേധിച്ചത് ഹൈക്കോടതി ശരിവെച്ചു
- 2006 ജൂണ്‍ 27: 1987 ഏപ്രിലില്‍ ശബരിമല സന്ദര്‍ശിച്ചെന്നും വിഗ്രഹം സ്പര്‍ശിച്ചെന്നുമുള്ള നടി ജയമാലയുടെ വെളിപ്പെടുത്തല്‍, വിവാദം
- 2006 എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍
- 2008 മാര്‍ച്ച് 7: സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ചിന്റെ പരിഗണനയ്ക്ക്
- 2016 ഫെബ്രു. 5: സ്ത്രീകള്‍ക്കുള്ള വിലക്ക് തുടരണമെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.
- ഫെബ്രുവരി 12: സ്ത്രീകളെ വിലക്കുന്നതിനെതിരേ വീണ്ടും സുപ്രീംകോടതി പരാമര്‍ശം. ആത്മീയത പുരുഷന്‍മാര്‍ക്ക് മാത്രമുള്ളതാണോയെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്. അഡ്വ. രാജു രാമചന്ദ്രന്‍ അമിക്കസ്‌ക്യൂറി
- ഏപ്രില്‍ 22 പ്രവേശനനിഷേധം സ്ത്രീകളുടെ അന്തസ്സിന്മേലുള്ള കടന്നുകയറ്റമെന്ന് അമിക്കസ്‌ക്യൂറി
- ജൂലായ് 8: കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് പുനഃസംഘടിപ്പിച്ചു. നിലവിലുള്ള മൂന്നംഗബെഞ്ചില്‍നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫിനെയും ജസ്റ്റിസ് ഗോപാലഗൗഡയെയും മാറ്റി പകരം ജസ്റ്റിസ് ആര്‍. ഭാനുമതിയെയും ജസ്റ്റിസ് സി. നാഗപ്പനെയും ഉള്‍പ്പെടുത്തി
- ജൂലായ് 11: ശബരിമല സ്ത്രീപ്രവേശനത്തില്‍ ഭരണഘടനാപരമായ വിഷയങ്ങളാണ് പരിഗണിക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
- നവംബര്‍ 8: എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
- ഒക്ടോബര്‍ 13: ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.
2018 സെപ്റ്റംബര്‍ 28:പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി
- വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍
- വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍, വിധിയെ എതിര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും
-
തൂലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ മലകയറാന്‍ സ്ത്രീകളെത്തി.
- സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പ്
- മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം,സ്ത്രീകള്‍ നടപ്പന്തല്‍വരെ എത്തി, എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചിറങ്ങി
- വിധിയ്‌ക്കെതിരെ 49 റിവ്യൂ ഹര്‍ജികളും 4 റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 53 ഹര്‍ജികള്‍
-
2018 നവംബര്‍ 13ന് റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍
Read: കോടതി വിധി അംഗീകരിക്കുന്നു, പക്ഷേ നിരാശാജനകം- കണ്ഠരര് രാജീവര്
വിലക്ക് കര്‍ശനമാക്കിയത് ചോറൂണിന്റെ ചിത്രം
ശബരിമലയില്‍ യുവതികള്‍ പോകില്ലെന്നത് അലിഖിതമായ ആചാരമായിരുന്നു. എന്നാല്‍, 1980-കളില്‍ ഇതിന് വലിയ മാറ്റങ്ങള്‍ വന്നു. മണ്ഡല, മകരവിളക്ക് കാലത്തൊഴികെ, ഒറ്റയ്ക്കും കൂട്ടായും യുവതികള്‍ വന്നുതുടങ്ങി.വിലക്ക് കര്‍ശനമായതിന് പിന്നില്‍ '93-ല്‍ നടന്ന ഒരു സംഭവമാണ്. അന്ന് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ചന്ദ്രികക്കുട്ടിയുടെ പേരക്കുട്ടിക്ക് ശബരിമലയില്‍ ചോറൂണ് നടത്തി. അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ യുവതികളും ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ആചാരപരമായ വിലക്കും അത് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും നിലനില്‍ക്കേയായിരുന്നു ഇത്.
അന്ന് കോട്ടയത്തുനിന്ന് ശബരിമലയിലെ ചിത്രങ്ങള്‍ എടുക്കാന്‍ ചെന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എ.പി. ജോയി, യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം പകര്‍ത്തി. തിരിച്ച് പമ്പയിലെ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ ചിലര്‍ തന്നെ സമീപിച്ചെന്ന് ഇപ്പോള്‍ കാലിഫോര്‍ണിയയിലുള്ള ജോയി മാതൃഭൂമിയോട് പറഞ്ഞു. ഫോട്ടോവൈഡ് ഫോട്ടോഗ്രാഫി മാസികയുടെ മാനേജിങ് എഡിറ്ററാണ് ജോയി.
സംഭവം വിവാദമായേക്കുമെന്ന് ഭയമുള്ളവരാണ് രഹസ്യമായി കാണാന്‍ ചെന്നത്. എടുത്ത ചിത്രങ്ങളുടെ നെഗറ്റീവ് അടക്കം തരണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പണവും വാഗ്ദാനം ചെയ്തു. എന്നാല്‍, താന്‍ കോട്ടയത്തുനിന്ന് പത്രക്കാര്‍ക്കൊപ്പം വന്നതാണെന്ന് ജോയി അറിയിച്ചു. ഇതോടെ, ഒരു കാരണവശാലും ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്നായി. ചിത്രം കിട്ടില്ലെന്ന് ബോധ്യമായതോടെ വന്നവര്‍ മടങ്ങി. മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ ചിത്രം അച്ചടിച്ചുവന്നു.
Read More:വിധി ചരിത്ര പ്രാധാന്യമുള്ളത് -തൃപ്തി ദേശായി
കോടതിയിലെ വാദങ്ങള്‍
സ്ത്രീപ്രവേശനം അനുകൂലിച്ചവര്‍
- ആര്‍.പി. ഗുപ്ത
ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍
"ശബരിമലയില്‍ പോകുന്നത് പ്രത്യേകവിഭാഗമല്ല. എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും പോകുന്നവര്‍ തന്നെയാണ് ഇവിടെയെത്തുന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് പി.എസ്.സി.യാണ് നിയമനം നടത്തുന്നത്. എല്ലാ മതത്തിലുമുള്ളവരുടെ നികുതിപ്പണത്തില്‍നിന്നുള്ള സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന ദേവസ്വം ബോര്‍ഡിന് സ്ത്രീപ്രവേശനം വിലക്കാനാവില്ല."
- ഇന്ദിര ജെയ്‌സിങ് (ഹാപ്പി ടു ബ്ലീഡ്)
"ഭരണഘടന നിലവില്‍വരുന്നതിനു മുമ്പുതന്നെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നു. ഒരുവിഭാഗം സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മ കല്പിക്കലാണ്. ശബരിമലയില്‍ പോകുന്നത് പ്രത്യേക വിഭാഗമാണെങ്കില്‍പ്പോലും സ്ത്രീകളെ അതില്‍നിന്നു വിലക്കാനാവില്ല. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്കു ശുദ്ധിയില്ലെന്ന് പറയുന്നത് അയിത്തം കല്പിക്കലാണ്."
- രാജു രാമചന്ദ്രന്‍ (അമിക്കസ് ക്യൂറി)
"ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ ആര്‍ത്തവത്തിന്റെ പ്രായപരിധിയിലുള്ളവരല്ലെന്ന് ഉറപ്പുനല്‍കേണ്ട അവസ്ഥയാണ്. അശുദ്ധിയുടെപേരില്‍ വിലക്കേര്‍പ്പെടുത്തുന്നത് തൊട്ടുകൂടായ്മയുടെ കീഴില്‍ വരുന്നതാണ്. ദളിതരോടുള്ള വിവേചനത്തിന്റെ അതേഫലമാണ് ഇതുണ്ടാക്കുന്നത്."
- ജയ്ദീപ് ഗുപ്ത (സംസ്ഥാന സര്‍ക്കാര്‍)
"കേരള പൊതു ആരാധനാസ്ഥല (പ്രവേശനം) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ആരേയും പ്രത്യേകമായി വിലക്കുന്നില്ല. ചില ആചാരങ്ങള്‍ക്കാണ് ഇളവുനല്‍കുന്നത്. ഏത് ആചാരമാണെന്നു വ്യക്തമല്ല. ഇപ്പോഴത്തെ വിലക്കിന് ഭരണഘടനാ സാധുതയുണ്ടോയെന്ന് പരിശോധിക്കണം."
Read InDepth: ശബരിമല സ്ത്രീപ്രവേശനവിധി; സുപ്രീംകോടതി നിരീക്ഷണങ്ങള്‍
കോടതിയിലെ വാദങ്ങള്‍
എതിര്‍ത്തവര്‍
- അഭിഷേക് മനു സിങ്വി (ദേവസ്വം ബോര്‍ഡ്)
"നൈഷ്ഠികബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനാണ് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ വിലക്കുന്നത്. ശാരീരികമായ പ്രത്യേകതകള്‍ കാരണം 41 ദിവസത്തെ വ്രതമെടുക്കാന്‍ സ്ത്രീകള്‍ക്കാവില്ല. ക്ഷേത്രത്തിന്റെ ചരിത്രവും പ്രതിഷ്ഠയുടെ പ്രത്യേകതയും കാരണമാണ് പ്രത്യുത്പാദനശേഷിയുള്ള പ്രായത്തില്‍ സ്ത്രീകളെ വിലക്കുന്നത്. അത് ലിംഗവിവേചനമല്ല. പ്രത്യേക വിശ്വാസിസമൂഹമാണ് ശബരിമലയിലേത്."
- കെ. പരാശരന്‍ (എന്‍.എസ്.എസ്.)
"നൈഷ്ഠികബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്‍ പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളുടെ സാന്നിധ്യം ആഗ്രഹിക്കുന്നില്ല. പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളുടെ സാന്നിധ്യം പ്രതിഷ്ഠയുടെ വ്രതത്തെ ബാധിക്കും. പൊതുസ്വഭാവമുള്ള ഹിന്ദു ആരാധനാലയങ്ങള്‍ ഹിന്ദുക്കളിലെ എല്ലാ വിഭാഗത്തിനും തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 25(2)(ബി) വകുപ്പിന്റെ പരിധിയില്‍വരുന്ന വിഷയമല്ലിത്. ഹിന്ദുക്കളിലെ ജാതിവിവേചനം മാത്രം ഉദ്ദേശിച്ചുള്ളതാണ് 25(2)(ബി)."
- കെ. രാമമൂര്‍ത്തി (അമിക്കസ് ക്യൂറി)
"ശബരിമലയിലെ പുരാതനമായ ആചാരങ്ങള്‍ തുടരേണ്ടതുണ്ട്. വിശ്വാസസമൂഹത്തിന് അവരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവകാശമുണ്ടെന്ന് ശിരൂര്‍ മഠത്തിന്റെ കേസില്‍ (1954) ഏഴംഗബെഞ്ച് വിധിച്ചിട്ടുണ്ട്."
Read InDepth: ശബരിമല;വിശ്വാസവും ഭരണഘടനാ തത്ത്വങ്ങളും
ഭരണഘടനാ ബെഞ്ച് പരിഗണിച്ച വിഷയങ്ങള്‍
*ജീവശാസ്ത്രപരമായ പ്രത്യേകതയുടെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് വിവേചനപരമാണോ? ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കും ലിംഗനീതിക്കും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുമുള്ള അവകാശത്തിന്റെ ലംഘനമാണോ? മതവിശ്വാസത്തില്‍ തുല്യതയ്ക്ക് ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണോ?
*ഇത്തരത്തില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനയുടെ പിന്‍ബലമുള്ള 'അനിവാര്യമായ മതാചാര'മാണോ? മതപരമായ കാര്യങ്ങള്‍ സ്വന്തംനിലയില്‍ കൈകാര്യം ചെയ്യുമെന്ന് മതസ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനാകുമോ?
*ശബരിമലയെ പ്രത്യേക വിഭാഗമായി പരിഗണിക്കാമോ?
*കേരള ഹിന്ദു പൊതു ആരാധനാസ്ഥലചട്ടത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം പത്തിനും 50-നുമിടയിലുള്ള സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ 'പ്രത്യേക വിഭാഗ'ത്തിന് അനുമതിയുണ്ടോ? അങ്ങനെയെങ്കില്‍, ലിംഗാടിസ്ഥാനത്തില്‍ നിരോധനമേര്‍പ്പെടുത്തുന്നത് ലിംഗനീതിക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളുടെ ലംഘനമല്ലേ?
*1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പ്, കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശനം) നിയമത്തിനുതന്നെ വിരുദ്ധമാണോ?
Read :ശബരിമലയിലെ സ്ത്രീപ്രവേശം; വിധിയോട് സമ്മിശ്ര പ്രതികരണം
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചതോടെ മണ്ഡലം, മകരവിളക്ക് കാലത്ത് ഒരുക്കേണ്ടത് അധികസൗകര്യം. പെരിയാര്‍ കടുവസങ്കേതത്തില്‍ സ്ഥിതിചെയ്യുന്ന ശബരിമല ക്ഷേത്രത്തില്‍ പുതിയ സാഹചര്യത്തില്‍ 40 ശതമാനംവരെ തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. സ്ഥലപരിമിതി നേരിടുന്ന സന്നിധാനത്ത് അധികമായി വരുന്നവര്‍ക്ക് സൗകര്യമൊരുക്കല്‍ വെല്ലുവിളിയാകും. 45 ദിവസമാണ് മണ്ഡലകാലത്തിന് ഇനി ബാക്കിയുള്ളത്. പ്രളയത്തില്‍ തകര്‍ന്ന പമ്പയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പമാണ് പുതിയ ദൗത്യം ബോര്‍ഡിനും സര്‍ക്കാരിനും മുന്നില്‍വരുന്നത്.
Read:തിരക്ക് 40% വരെ കൂടും;അധിക സൗകര്യമൊരുക്കല്‍ വെല്ലുവിളി
നിരീക്ഷണകേന്ദ്രം ഇല്ലാതാകും
യുവതികള്‍ സന്നിധാനത്തേക്ക് പോകുന്നത് തടയാന്‍ പമ്പയില്‍ സ്ഥാപിച്ച നിരീക്ഷണകേന്ദ്രം ഇനി ഇല്ലാതാകും. വനിതാ പോലീസാണ് ഇവിടെയുണ്ടായിരുന്നത്. തടഞ്ഞുവെയ്ക്കുന്നവരെ ഒപ്പമുള്ളവര്‍ സന്നിധാനത്ത് പോയി മടങ്ങിവരുന്നതുവരെ ഗാര്‍ഡ് റൂമില്‍ താമസിപ്പിക്കുകയാണ് ചെയ്തിരുന്നത്.