ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർsabrimala verdict 

 • 1. അയ്യപ്പൻമാർ പ്രത്യേക വിശ്വാസിസമൂഹമല്ല. ഏത് ഹിന്ദുവിശ്വാസികൾക്കും ക്ഷേത്രത്തിൽ പോകാം. മറ്റ് അയ്യപ്പക്ഷേത്രങ്ങളിലൊന്നും വിലക്കില്ല. അതുകൊണ്ടുതന്നെ അയ്യപ്പൻമാർ എന്നത് പ്രത്യേക വിശ്വാസിസമൂഹമല്ല. ശബരിമല ക്ഷേത്രം പൊതുക്ഷേത്രമാണ്. പ്രത്യേക വിശ്വാസം പുലർത്തുന്ന സമൂഹത്തിന്റേതല്ല. അവർ ഹിന്ദുക്കൾ മാത്രമാണ്. ചില ആചാരങ്ങൾ കുറേക്കാലമായി അനുഷ്ഠിക്കുന്നു എന്നതുകൊണ്ട് പ്രത്യേക വിശ്വാസിസമൂഹമായി അയ്യപ്പൻമാരെ കാണാനാവില്ല. 
   
 • 2. മതവിശ്വാസത്തിന് തുല്യ അവകാശം: മതവിശ്വാസം പുലർത്താനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം എല്ലാവർക്കും അവകാശമുണ്ട്. അതിൽ ലിംഗഭേദമില്ല. സ്ത്രീകളെ ഒഴിവാക്കുന്നത് അവർക്ക് അയ്യപ്പനോടുള്ള ഭക്തി പ്രകടിപ്പിക്കാനുള്ള അവകാശം ലംഘിക്കലാണ്. അതിനാൽ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് സ്ത്രീകളുടെ അവകാശത്തിന്റെ വ്യക്തമായ ലംഘനമാണ്. മൗലികാവകാശ ലംഘനത്തിന്റെ പ്രശ്നംവരുമ്പോൾ ഭരണഘടനാ ധാർമികതവെച്ചാണ് അളക്കേണ്ടത്. ഭരണഘടനാ ധാർമികതയുമായി ചേർന്നുപോകുന്നതാവണം പൊതുധാർമികത. 
   
 •  3. സ്ത്രീവിലക്ക് അനിവാര്യമായ ആചാരമല്ല: മതത്തിന്റെ അവിഭാജ്യഘടകം എന്താണെന്ന് കണ്ടെത്തേണ്ടത് അതേ മതത്തിന്റെതന്നെ തത്ത്വസംഹിതകൾ അടിസ്ഥാനമാക്കിയാകണം എന്ന് ശിരൂർ മഠവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ബക്രീദിന് പശുവിനെ ബലികൊടുക്കുന്നത് ഇസ്‌ലാം മതത്തിലെ അവിഭാജ്യമായ ആചാരമല്ലെന്ന് മുഹമ്മദ് ഖുറേശി കേസിൽ സുപ്രീംകോടതി വ്യക്തമാക്കി. 

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശബരിമലയിലെ സ്ത്രീവിലക്ക് അനിവാര്യമായ ആചാരമാണോയെന്ന് പരിശോധിക്കേണ്ടത്. അല്ല എന്നാണ് ഉത്തരം. എഴുതപ്പെട്ട രേഖകളുടെ അഭാവത്തിൽ ശബരിമലയിലെ സ്ത്രീവിലക്ക് അനിവാര്യഘടകമാണെന്ന് കരുതാനാവില്ല. ശബരിമലയിൽ സ്ത്രീകൾ പോയി ആരാധന നടത്തിയാൽ ഹിന്ദുമതത്തിന്റെ സ്വഭാവത്തിൽ എന്തെങ്കിലും അടിസ്ഥാനപരമായ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. അതിനാൽ വിലക്കിന് നിയമസാധുതയില്ല. അത് നിലനിൽക്കുകയുമില്ല. 

 • 4. ആചാരങ്ങൾക്ക് തുടർച്ചയില്ല: സ്ത്രീകൾക്ക് വിലക്കുള്ളത് മണ്ഡലം, മകരവിളക്ക്, വിഷു ദിവസങ്ങളിൽ മാത്രമാണെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എല്ലാമാസവും അഞ്ചു ദിവസങ്ങളിൽ സ്ത്രീകൾ കുട്ടികളുടെ ചോറൂണിന് ശബരിമലയിൽ പോകാറുണ്ടെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്ത്രീകളെ വിലക്കുന്ന ദേവസ്വം ബോർഡ് വിജ്ഞാപനം വരുംമുമ്പ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ കുട്ടികളുടെ ചോറൂണിന് ശബരിമലയിൽ പോകാറുണ്ടായിരുന്നുവെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങും ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്ത്രീവിലക്കിന് തുടർച്ചയില്ലെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ അനിവാര്യമായ ആചാരവുമല്ല. 
   
 • 5. ചട്ടം നിയമത്തിന് എതിര്: ആർത്തവസമയത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിന് വിലക്കേർപ്പെടുത്തുന്നതിന് നിദാനമായ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ്, പ്രസ്തുത നിയമത്തിന്റെതന്നെ മൂന്നാം വകുപ്പിനും നാലാം വകുപ്പിനും എതിരാണ്. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം ഉറപ്പുനൽകുന്നതാണ് മൂന്നാം വകുപ്പ്. നിയന്ത്രണങ്ങളും ചട്ടങ്ങളും വിവേചനപരമാവരുതെന്ന് നിയമത്തിലെ നാലാം (1) വകുപ്പ് വ്യക്തമാക്കുന്നു. അതിനാൽ ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങൾക്കും ഇടംനൽകുന്നതാവണം ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പിൽ പറയുന്ന ‘ആചാരാനുഷ്ഠാനങ്ങൾ’. 


ജസ്റ്റിസ് ഇന്ദു മൽഹോത്ര (ന്യൂനപക്ഷ വിധി)sabarimala verdict 

 • 1. മതവിശ്വാസം പുലർത്താനുള്ള ഭരണഘടനാപരമായ അവകാശത്തെ മറികടക്കുന്നതല്ല തുല്യതാതത്ത്വം. 
 • 2. വ്യക്തികളുടെയും വിശ്വാസിസമൂഹത്തിന്റെയും മൗലികാവകാശങ്ങളെ ഏകോപിപ്പിക്കുന്നതാവണം മതേതര സമൂഹത്തിലെ ഭരണഘടനാ ധാർമികത. 
 • 3. പ്രത്യേക വിശ്വാസിസമൂഹമാകാൻ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നവരാണ് അയ്യപ്പൻമാർ.  
 • 4. ശബരിമലയിൽ സ്ത്രീകൾക്കുള്ള ഭാഗികമായ വിലക്ക് ഭരണഘടനയിലെ 17-ാം വകുപ്പിന്റെ (അയിത്തം) പരിധിയിൽ വരില്ല.
 •  5. കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് പ്രസ്തുത നിയമത്തിന്റെ മൂന്നാം വകുപ്പിന് എതിരല്ല. കാരണം പ്രത്യേക വിശ്വാസിസമൂഹം നിയന്ത്രിക്കുന്ന ക്ഷേത്രങ്ങൾക്ക് അവരുടെ മതകാര്യങ്ങൾ നിയന്ത്രിക്കാൻ പ്രസ്തുത ചട്ടം ഇളവുനൽകുന്നുണ്ട്. ഇതിനെ പരാതിക്കാർ ചോദ്യം ചെയ്യുന്നുമില്ല. 
 • 6. 1965-ലെ നിയമത്തിന് അനുസൃതമായി തന്നെയാണ് ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പുമുണ്ടാക്കിയിരിക്കുന്നത്. ചരിത്രാതീത കാലംമുതൽ നിലനിന്നുവരുന്ന ആചാരങ്ങളെ അത് അംഗീകരിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ അനിവാര്യമായ ആചാരങ്ങളാണിവയെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. 
 • 7. ഹിന്ദുക്കളുടെ പൊതു ആരാധനാസ്ഥലങ്ങൾ എല്ലാ ഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് നിയമത്തിലെ മൂന്നാം വകുപ്പിൽ പറയുന്നത് എല്ലാ സാഹചര്യങ്ങളെയും ഉദ്ദേശിച്ചല്ല. വിശ്വാസിസമൂഹത്തിന്റെ ക്ഷേത്രങ്ങൾക്ക് അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ അവകാശം നൽകുന്നുണ്ട്. 


 ജസ്റ്റിസ് ചന്ദ്രചൂഡ്sabarimala verdict

 • 1. ആരാധനയിൽനിന്ന്‌ സ്ത്രീകളെ ഒഴിവാക്കുന്നത് മതഗ്രന്ഥങ്ങളിൽ ഉണ്ടെങ്കിൽപ്പോലും അത് ഭരണഘടനാ തത്ത്വങ്ങളായ സ്വാതന്ത്ര്യം, അന്തസ്സ്, തുല്യത എന്നിവയ്ക്ക് കീഴിലേ വരൂ. ഇത്തരം ഒഴിവാക്കലുകൾ ഭരണഘടനാ ധാർമികതയ്ക്ക് എതിരാണ്. 
 • 2. ശബരിമലയിലെ സ്ത്രീവിലക്ക് ഒരു സാഹചര്യത്തിലും അനിവാര്യമായ മതാചാരമല്ല. സ്ത്രീകളുടെ അന്തസ്സിന് കളങ്കമേൽപ്പിക്കുന്നതും തുല്യത ഇല്ലാതാക്കുന്നതുമായ ഒന്നിനും ഭരണഘടനാ സാധുതയുണ്ടാവില്ല. 
 • 3. ആർത്തവത്തിന്റെപേരിൽ സ്ത്രീകളെ ഒഴിവാക്കുന്നത് അയിത്തം തന്നെയാണ്. അത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്. വ്യക്തികളുടെ ശുദ്ധി, അശുദ്ധി എന്നീ സങ്കല്പങ്ങൾക്ക് ഭരണഘടനയിൽ സ്ഥാനമില്ല. 
 • 4. പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ദേവസ്വം ബോർഡ് 1955-ലും 56-ലും ഇറക്കിയ വിജ്ഞാപനങ്ങൾ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന നിയമത്തിലെ മൂന്നാം വകുപ്പിന് എതിരാണ്. ഭരണഘടനാ വിരുദ്ധവുമാണ്. 
 • 5. അയ്യപ്പഭക്തൻമാർ ഭരണഘടനയുടെ 26-ാം വകുപ്പിൽ പറയുന്ന പ്രകാരമുള്ള പ്രത്യേക വിശ്വാസിസമൂഹമല്ല. 


ജസ്റ്റിസ് നരിമാൻsabarimala verdict

 • 1. പത്തിനും അമ്പതിനുമിടയിലെ സ്ത്രീകളെ ശബരിമലയിൽ വിലക്കുന്നത് ആചാരത്തിന്റെ ഭാഗമാണെങ്കിലും, അത് തന്ത്രിയുടെയും വിശ്വാസികളുടെയും ആചാരമാണെങ്കിലും നിയമത്തിന് എതിരാണ്. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കുന്നതാണ് പ്രസ്തുത നിയമത്തിലെ മൂന്നാം വകുപ്പ്. 
 • 2. ആയിരത്തിലേറെ അയ്യപ്പക്ഷേത്രങ്ങളുണ്ട്. അതിനാൽ ശബരിമല ക്ഷേത്രം പ്രത്യേക വിശ്വാസിസമൂഹത്തിന്റേതാണെന്ന് പറയാനാവില്ല. പൊതുവായ വിശ്വാസം, പൊതുവായ സംഘടന, പ്രത്യേക പേര് എന്നിവയുള്ള സമൂഹത്തെ മാത്രമേ പ്രത്യേക വിശ്വാസിസമൂഹമായി കാണാനാവൂ. 
 • 3. പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളുടെ ജൈവികമായ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി വിലക്കേർപ്പെടുത്തുന്നത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വകുപ്പുകൾവെച്ച് നോക്കുമ്പോൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. 
 • 4. ഇരുഭാഗത്തുനിന്നും തെളിവുശേഖരിക്കാതെ ഈ കോടതി ഈ വിഷയത്തിൽ തീരുമാനമെടുക്കരുതെന്ന വാദത്തിന് പ്രസക്തിയില്ല. ഹർജികളിലും സത്യവാങ്മൂലങ്ങളിലും തെളിവുകൾ ധാരാളമുണ്ട്.