മുന്നേറുകയാണ്‌ പുതിയ റഷ്യ. പുതിന്റെ റഷ്യ. ലോകകപ്പ് ഫുട്‌ബോളും അത് തെളിയിക്കുന്നു. ഓരോ റൗണ്ടിലും അട്ടിമറികൾ. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ കടലിലെറിഞ്ഞ് ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിച്ച വിസ്മയനിമിഷങ്ങൾ. മാത്രമല്ല ക്വാർട്ടർഫൈനലിലേക്ക റഷ്യ കുതിച്ചെത്തുകയും ചെയ്തു. 

സർവത്ര സമാധാനമുള്ള രാജ്യങ്ങളൊന്നും ലോകത്തിലില്ല. എന്തെങ്കിലും അസ്വസ്ഥതകൾ സ്വാഭാവികം. റഷ്യയിലും തത്‌കാലം അത്രയേയുള്ളൂ. ലോകകപ്പ് റിപ്പോർട്ടിങ്ങിനായ് റഷ്യയിലെ വിവിധ നഗരങ്ങളിലൂടെ 37 ദിവസമായി സഞ്ചരിക്കുന്നു. റഷ്യ ഭദ്രമെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. വ്ളാദിമിർ പുതിൻ എന്ന ശക്തനായ നേതാവ് റഷ്യയെ വീണ്ടും ഉയർത്തിയിരിക്കുന്നു. എക്കാലവും പരീക്ഷണങ്ങൾക്ക് വിധേയമായ നാട് ഇന്ന് സുസ്ഥിരമായിരിക്കുന്നു. ജനങ്ങൾ സുരക്ഷിതരായി പാർക്കുന്നു. വീണ്ടും വീണ്ടും പുതിനെ അവർ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നു. പുതിന്റെ ഭൂരിപക്ഷങ്ങൾ ഉയർന്നുകൊണ്ടേയിരിക്കുന്നു. റഷ്യക്കാർക്ക് പുതിനെ വേണം.

  • മിണ്ടിപ്പോകരുത്

പക്ഷേ, ചില മറുവശങ്ങളുണ്ട്. അതുകൂടി അറിയണം. ലോകകപ്പ് ഫുട്‌ബോൾ, ഒരു ഇൻഡയറക്ട് ഫ്രീകിക്കിലൂടെ  റഷ്യയിലെത്തുമ്പോൾ, ഇവിടത്തെ നയതന്ത്രകാലാവസ്ഥ കലുഷിതമായിരുന്നു. റഷ്യയിലെ മുൻ മിലിട്ടറി ഇന്റലിജൻസ് ഓഫീസറും ബ്രിട്ടന്റെ മുൻ ചാരനുമായ സെർജി സ്‌ക്രിപാലിനെയും മകൾ യൂലിയയെയും ഇംഗ്ലണ്ടിൽവെച്ച് വിഷംകൊടുത്ത് വധിക്കാൻ ശ്രമിച്ചത് പുകയുകയാണ്. യൂലിയ കഷ്ടിച്ച് രക്ഷപ്പെട്ട് സംസാരിക്കാമെന്ന അവസ്ഥയിലായി. സെർജിയുടെ അവസ്ഥ മോശമായി തുടരുന്നു. സംഭവത്തിനുപിന്നിൽ റഷ്യയാണെന്ന് ബ്രിട്ടൻ ആരോപിക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പും ലോകകപ്പും നടക്കുന്ന സമയത്ത് ഈ ആരോപണം വ്ളാദിമിർ പുതിനെ പ്രതിരോധത്തിലാക്കി. നയതന്ത്രപ്രതിനിധികളെ ബ്രിട്ടനും റഷ്യയും പരസ്പരം  പുറത്താക്കി. തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ പുതിൻ വീണ്ടും പ്രസിഡന്റായി. എന്നാൽ, ലോകകപ്പിനുമേൽ ഈ സംഭവം ഒരു കരിനിഴലായി. ബ്രിട്ടന്റെ മന്ത്രിമാരോ രാജകുടുംബാംഗങ്ങളോ ആരും ലോകകപ്പിനെത്തിയില്ല. റഷ്യയിലേക്ക് പോകരുതെന്ന് ഇംഗ്ലീഷ് ആരാധകരോടും സർക്കാർ അഭ്യർഥിച്ചു. നയതന്ത്രപ്രതിനിധികളെ റഷ്യയിലേക്ക് അയക്കാതെ ഐസ്‌ലൻഡും ബ്രിട്ടന്‌ പിന്തുണ നൽകി.

ലോകത്തെ അറിയപ്പെടുന്ന മനസ്സുകളിൽ ഏറ്റവും ദുരൂഹമായത് പുതിന്റേതാണ്.

അതിനിടെയാണ്, സിറിയയിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ബോംബാക്രമണം. സിറിയയിലെ അസദ് സർക്കാരിന്റെ പിന്തുണക്കാരനായ പുതിൻ ഇതിന്റെ ക്ഷോഭത്തിലാണ്. ചുരുക്കത്തിൽ അമേരിക്കയും യൂറോപ്പുമായുള്ള റഷ്യയുടെ ബന്ധം സംഘർഷഭരിതം.
 2000-ത്തിലാണ് വ്ളാദിമിർ പുതിൻ ആദ്യമായി റഷ്യയുടെ പ്രസിഡന്റാവുന്നത്. അക്കാലത്ത്‌ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ആധിപത്യം ചെലുത്തിയിരുന്ന പുത്തൻപണക്കാർക്കെതിരേയാണ് പുതിൻ ആദ്യം തിരിഞ്ഞത്.


ആദ്യ ഇര ‘എൻ.ടി.വി.’ ഉടമ വ്ളാദിമിർ ഗുസിൻസ്കിയായിരുന്നു. 2000 ജൂണിൽ വഞ്ചനക്കേസിൽ ഗുസിൻസ്കിയുടെമേൽ കുറ്റം ചുമത്തപ്പെട്ടു. അദ്ദേഹം നാടുവിട്ടു.മാധ്യമരംഗത്തെ പ്രഗല്ഭനും രാഷ്ട്രീയദല്ലാളുമായ ബോറിസ് ബെർസോവ്‌സ്കിയുടേതായിരുന്നു അടുത്ത ഊഴം. പുതിനെ അധികാരത്തിലെത്താൻ സഹായിച്ചവനെങ്കിലും പിന്നീട് ശത്രുവായി. പുതിനെ വിമർശിച്ച് അപ്രീതിക്കിരയായ ബെർസോവ്‌സ്കി ബ്രിട്ടനിൽ അഭയംതേടി. എന്നാൽ, അവിടെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ അദ്ദേഹത്തെ കണ്ടെത്തി. 

ഒരുകാലത്ത് ലോകത്തെ വലിയ സമ്പന്നരിലൊരാളായിരുന്നു എണ്ണക്കമ്പനി ഉടമയായ മിഖായിൽ ഖോർഡോർക്കോവ്‌സ്കി. പുതിൻ അഴിമതിക്കാരനാണെന്ന് പറഞ്ഞതോടെ അദ്ദേഹം അനഭിമതനായി. നികുതിവെട്ടിപ്പുകേസിൽ പിടികൂടിയ ഖോർഡോർക്കോവ്‌സ്കി തടവറയിലായി.
മോസ്കോയിൽ ഒരു നിയമസ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു സെർഗി മാഗ്നിറ്റ്‌സ്കി. 2008-ൽ റഷ്യൻ നികുതി ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് 230 കോടി ഡോളർ വെട്ടിച്ചത് മാഗ്നിറ്റ്‌സ്കി കണ്ടെത്തി. നോട്ടപ്പുള്ളിയായി മാറിയ അദ്ദേഹത്തെ നികുതിവെട്ടിപ്പ് എന്ന കള്ളക്കേസിൽ കുടുക്കി പിടികൂടി. കസ്റ്റഡിയിലിരിക്കെ, 2009 നവംബറിൽ, 37-ാം വയസ്സിൽ മാഗ്നിറ്റ്‌സ്കി കൊല്ലപ്പെട്ടു. ക്രൂരമായ പീഡനമേറ്റാണ് അദ്ദേഹം മരിച്ചതെന്ന് വീട്ടുകാർ ആരോപിക്കുന്നു.

ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി.) മുൻ ഓഫീസർ അലക്സാണ്ടർ ലിറ്റ്വിനെങ്കോയെ 2006-ൽ ലണ്ടനിൽ മരിച്ചനിലയിൽ കണ്ടെത്തി. മാരകമായ പൊളോണിയം ശരീരത്തിൽ ചെന്നായിരുന്നു ദുരൂഹമരണം.സമ്പന്നരും രാഷ്ട്രീയക്കാരും മാത്രമല്ല, മാധ്യമപ്രവർത്തകരും അനിഷ്ടത്തിനിരയായി. പ്രതിപക്ഷപത്രമായ ‘നൊവായ ഗെസറ്റെ’യുടെ റിപ്പോർട്ടർ അന്ന പോളിറ്റോവ്‌സ്കായ 2006-ൽ കൊല്ലപ്പെട്ടു. പുതിന്റെ കടുത്ത വിമർശകരായ ഈ പത്രത്തിലെ നാല് റിപ്പോർട്ടർമാരാണ് 2000-ത്തിനുശേഷം കൊല്ലപ്പെട്ടത്.

എന്തൊക്കെയായാലും അമേരിക്ക 'ആരെടാ'എന്ന് ചോദിച്ചാൽ, 'എന്തെടാ' എന്ന് ചോദിക്കാൻ ചങ്കുറപ്പുള്ള ഒരു ഭരണകുടം റഷ്യക്കുണ്ട്.  

പുതിനെതിരേ ആക്ഷേപഹാസ്യം അവതരിപ്പിച്ചെന്ന കുറ്റത്തിന് സ്ത്രീപക്ഷ സംഗീതസംഘത്തിലെ രണ്ട് വനിതകൾ ജയിലിലായി. പുതിൻവിരുദ്ധപ്രക്ഷോഭം നടത്തിയ ഇടതുപക്ഷനേതാവ് സെർഗി ഉദാൽസോവ് വീട്ടുതടങ്കലിലായി. പ്രതിപക്ഷത്തെ മുതിർന്നനേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ബോറിസ് നെമറ്റ്‌സോവിനെ ഇടയ്ക്കിടെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. മുൻ ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവും പുതിന്റെ രാഷ്ട്രീയശത്രുക്കളുടെ മുൻനിരയിലാണ്.

ഇങ്ങനെയൊക്കെയുള്ള റഷ്യയിൽനിന്നാണ് അലക്സി നവാൾനി എന്ന ഹീറോയുടെ വാർത്ത പുറത്തുവരുന്നത്. പുതിനെതിരായ പ്രതിപക്ഷപ്രക്ഷോഭത്തിന്റെ മുൻനിരനേതാവായ നവാൾനിയെ തടിമോഷണക്കേസിലാണ് ആദ്യം പെടുത്തിയത്. കോടതി അഞ്ചുവർഷത്തെ തടവിന് വിധിക്കുകയും ചെയ്തു. എന്നാൽ, സ്വന്തം രാജ്യത്തും പാശ്ചാത്യരാജ്യങ്ങളിലുംനിന്നുയർന്ന കഠിനമായ എതിർപ്പുകളെത്തുടർന്ന് ക്ഷണത്തിൽ നവാൾനിയെ വിട്ടയച്ചു.  ‘‘നവാൾനിക്കെതിരേ നടന്നത് വെറും രാഷ്ട്രീയവിചാരണ മാത്രമാണ്. പൂർണവിധേയൻമാർക്കുമാത്രമേ ഇവിടെ നിലനിൽപ്പുള്ളൂ എന്ന് സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകുകയാണ് ക്രെംലിൻ ചെയ്തത്. നിങ്ങൾക്ക് മോഹങ്ങളുണ്ടാകാനോ അധികാരത്തിനുവേണ്ടി ശ്രമിക്കാനോ അവകാശമില്ലെന്ന സന്ദേശം’’ -മോസ്കോയിലെ രാഷ്ട്രീയവിശകലന വിദഗ്ധ ലിലിയ ഷെവ്ത്‌സോവ നിരീക്ഷിക്കുന്നു. ഒരു റഷ്യൻ മണ്ടേലയായി നവാൾനി ഉയരുകയാണെന്നാണ് ബി.ബി.സി. റിപ്പോർട്ടറുടെ സാക്ഷ്യം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നവാൾനിയുടെ മോഹങ്ങൾ ഫലിച്ചിട്ടില്ല. 2024 വരെ പുതിൻതന്നെ റഷ്യ ഭരിക്കും. ജനാധിപത്യം വേരുറയ്ക്കാത്ത രാജ്യത്ത് പ്രതിപക്ഷപ്രക്ഷോഭങ്ങളുടെ ഗതിയെന്താകുമെന്ന് നിർണയിക്കാനാവില്ല.

  •   പ്രതാപം തിരിച്ചുപിടിച്ച സാർ

ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്നു എന്ന്‌ വിമർശിക്കുമ്പോഴും പുതിൻ റഷ്യയുടെ പകരക്കാരനില്ലാത്ത നേതാവാണെന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ട്. ബോറിസ് യെൽത്‌സിന്റെ കാലത്ത് കുത്തഴിഞ്ഞുകിടന്ന റഷ്യയെയാണ് പുതിന് കിട്ടിയത്. രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിക്കാൻ പുതിന് കഴിഞ്ഞു.  ചെച്‌നിയയിൽ വിമതരെ തുരത്തി വിജയംനേടി. ലോകത്തിനുമുന്നിൽ റഷ്യയുടെ പ്രതാപം തിരിച്ചുപിടിച്ചു. കെ.ജി.ബി. മുൻ ഓഫീസറും ജൂഡോ ബ്ലാക്ക്‌ബെൽറ്റുമായ പുതിന്റെ കാർക്കശ്യങ്ങൾ റഷ്യയെ ശക്തമാക്കി എന്നാണ് ഒരു പക്ഷമുള്ളത്. 

നവാൾനിക്കും സംഘത്തിനും എത്രമാത്രം പുതിന്റെ  കോട്ടയിൽ വിള്ളലുകളുണ്ടാക്കാൻ കഴിയുമെന്നാണ് ചോദ്യം. ഗാരി കാസ്പറോവ് ഇങ്ങനെ എഴുതുന്നു: ‘‘ജനകീയപ്രക്ഷോഭങ്ങളിൽ ഏറ്റവും ഉയർന്നുകേട്ടത് ‘പുതിൻ കള്ളനാണ്’ എന്ന മുദ്രാവാക്യമാണ്. റഷ്യയിൽ പ്രതിപക്ഷനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ജീവന് എപ്പോഴും ഭീഷണിയാണ്. നവാൾനിയുടെ മുന്നേറ്റത്തിന് ശക്തമായ ജനപിന്തുണയുണ്ട്. യഥാർഥമാറ്റത്തിലേക്ക് വഴിതുറക്കുകയാണെന്ന പ്രതീക്ഷയുണരുന്നു.’’

കരിങ്കടലിന്റെ തീരത്ത് പുതിന് ഒരു ആഡംബരക്കൊട്ടാരമുണ്ട്. പൊതുമുതൽ ധൂർത്തടിച്ചാണ്, നീന്തൽക്കുളവും മൂന്ന് ഹെലിപ്പാഡുകളുമുള്ള ഈ രഹസ്യക്കൊട്ടാരം നിർമിച്ചിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്. പുതിന്റെ സ്വകാര്യാവശ്യങ്ങൾക്കുവേണ്ടിയാണ് ഇത് ഉപയോഗിക്കുന്നതെന്ന് കരുതുന്നു. സാർ ചക്രവർത്തിമാർക്ക് ഇണങ്ങുന്ന ഈ കൊട്ടാരത്തിൽ സംഭവിക്കുന്നതെന്തെന്ന് ആർക്കും അറിയില്ല. പുതിന്റെ മനസ്സുപോലെ ഈ കൊട്ടാരവും ദുരൂഹമായി തുടരുന്നു. 

ശക്തമായ  നേതൃത്വം റഷ്യയെ ആഭ്യന്തരയുദ്ധങ്ങളിൽനിന്നും വൈദേശികഭീഷണികളിൽനിന്നും രക്ഷിക്കുന്നു.  അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിൽ റഷ്യ സ്വാധീനംചെലുത്തിയെന്നത് സത്യമോ ആരോപണമോ ആകാം. എങ്കിലും ഡൊണാൾഡ് ട്രംപ് എന്ന വികൃതിയായ, സ്ഥിരതയില്ലാത്ത മനുഷ്യൻ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോൾ, പുതിൻ ഒന്ന് പുഞ്ചിരിക്കുന്നുണ്ടാവില്ലേ.

 ട്രംപ് അധികാരത്തിലേറുമ്പോൾ, ലോകത്തെ ഒന്നാമത്തെ ശക്തനായ നേതാവിന്റെ പരിവേഷം താൻ ആർജിക്കുന്നത് പുതിൻ ആസ്വദിക്കുന്നുണ്ടാവും.  പുതിൻ കെട്ടിപ്പൊക്കിയത് ഒരു നവീന റഷ്യയെയാണ്. പുതിനെതിരേ ശബ്ദങ്ങൾ ഇല്ലെന്നല്ല; എതിർശബ്ദമുയർത്തുന്നവർ കാണാമറയത്തേക്ക്‌ പറന്നകലുന്നുണ്ട്. എന്തൊക്കെയായാലും വ്ളാദിമിർ പുതിൻ എന്ന വൻമതിലിൽ റഷ്യ സുരക്ഷിതമായി കഴിയുന്നു.