1971 ൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സുവര്‍ണ ജൂബിലി രാജ്യം ആഘോഷിക്കവെ ബംഗ്ലാദേശ് യുദ്ധനായകനായ സാം മനേക് ഷായുമായി നടത്തിയ ഒരു പഴയ കൂടിക്കാഴ്ച ഓര്‍ക്കുകയാണ് ലേഖകന്‍.  വിജയിക്കുന്ന യുദ്ധത്തിലേ ഏര്‍പ്പെടാവൂ എന്ന് ശാഠ്യമുള്ള ഇന്ത്യന്‍ കരസേനയുടെ വീരനായകനും രാജ്യത്തിന്റെ ആദ്യഫീല്‍ഡ് മാര്‍ഷലുമായിരുന്നു സാം മനേക് ഷാ.

ബംഗ്ലാദേശ് യുദ്ധത്തിന്റെ സുവര്‍ണജൂബിലി രാജ്യം ആഘോഷിക്കവെ ഓര്‍മയില്‍ നിറയുന്നത് പഴയൊരു യുദ്ധനായകനാണ്. സ്വതന്ത്ര ഇന്ത്യയുടെ ദേശീയഭാവന പിടിച്ചെടുത്ത പോരാളി. 1971 ലെ ഇന്ത്യാ- പാകിസ്താൻ യുദ്ധകാലത്തെ ഇന്ത്യന്‍ കരസേനാമേധാവിയായിരുന്ന സാം മനേക് ഷാ തന്നെ. രാഷ്ട്രാതിര്‍ത്തികള്‍ കാക്കാന്‍ സ്വജീവന്‍ ബലിയര്‍പ്പിക്കുന്ന സൈനികരുടെ നിയോഗത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പഴയൊരു യുദ്ധസന്നാഹത്തിന്റെ കേട്ടും വായിച്ചും അറിഞ്ഞ ചരിത്രം ഓര്‍മ്മ വരുന്നു. യുദ്ധനായകനില്‍ നിന്ന് തന്നെ നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞ അതിര്‍ത്തിയിലെ പടയൊരുക്കത്തിന്റെ കഥ. സൈനികര്‍ വിരമിക്കാറുണ്ടെങ്കിലും ഫീല്‍ഡ് മാര്‍ഷല്‍ വിമുക്തഭടനാവുന്നില്ല. ബാറ്റണും യൂണിഫോമിലെ അഞ്ച് സ്റ്റാറും അവരോടൊപ്പം ജീവിതകാലം മുഴുവനുണ്ടാകും. സൈന്യത്തെ അവര്‍ സേവിച്ചു കൊണ്ടിരിക്കും. ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഓര്‍മയില്‍. അഞ്ച് യുദ്ധങ്ങള്‍ കണ്ട, നാല് പതിറ്റാണ്ടുകള്‍ സൈനിക സേവനം നടത്തിയ സാം ബഹാദൂര്‍ എന്ന് വിളിപ്പേരുള്ള ഫീല്‍ഡ് മാര്‍ഷല്‍ ഹോര്‍മുസ്ജി ഫ്രാമ്ജി ജംഷഡ്ജി മനേക് ഷാ. പട്ടാളക്കാരുടെ പട്ടാളക്കാരനും ബംഗ്ലാദേശ് വിമോചകനായകനുമായി അറിയപ്പെടുന്ന ഇന്ത്യയുടെ  മുന്‍ സൈന്യാധിപന്‍. മനേക് ഷായ്ക്ക് പുറമെ ജനറല്‍ കെ.എം. കരിയപ്പ മാത്രമെ ഫീല്‍ഡ് മാര്‍ഷലായുള്ളൂ.  ആദ്യ സൈനിക മേധാവിയായിരുന്ന കെ.എം. കരിയപ്പയ്ക്ക് പിന്നീട് 1986 ലാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചത്.

നീലഗിരി കുന്നുകളെ അത്രമേല്‍ പ്രണയിച്ച സാം  വിരമിച്ച ശേഷം  ഊട്ടിയിലാണ് സ്ഥിരവാസമാക്കിയത്.വെല്ലിങ്ടണ്‍ എന്നത് ഊട്ടിയിലെ പട്ടാളത്താവളമാണ്. അന്താരാഷ്ട്ര പ്രശസ്തമായ ഡിഫന്‍സ് കോളേജ്, മനോഹരമായ മിലിറ്ററി ഹോസ്പിറ്റല്‍, മദ്രാസ് റെജിമെന്റല്‍ സെന്റര്‍ എല്ലാം ഇവിടെയാണ്. വിരമിക്കുന്ന സൈനികോദ്യോഗസ്ഥര്‍ പലരും പിന്നീട് വെല്ലിങ്ടണ്‍ താവളമാക്കുകയാണ് പതിവ്. ജനറല്‍മാരും കേണല്‍മാരും ഗോള്‍ഫ് കളിക്കുന്ന വെല്ലിങ്ടണ്‍  തേയിലത്തോട്ടങ്ങളും മഞ്ഞണിഞ്ഞ കുന്നിന്‍നിരകളുമുള്ള മനോഹരമായ ഹില്‍ സ്‌റ്റേഷനാണ്.  ഊട്ടിയെ അടുത്തറിയുക, എഴുതുക എന്ന് ഉദ്ദേശത്തോടെയാണ് 1997 ഫെബ്രുവരിയില്‍  ഊട്ടിയിലേക്ക് മറ്റൊരു യാത്ര നടത്തിയത്. ഊട്ടിയില്‍   സ്ഥിരവാസമുറപ്പിച്ചവരെന്ന നിലയില്‍ ഫേണ്‍ ഹില്ലില്‍ ചെന്ന് ഗുരു നിത്യചൈതന്യയതിയെ കാണുക. കുനൂര്‍  പോയി ഇന്ത്യന്‍ കരസേനയുടെ ഐതിഹാസിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി ചരിത്രപുരുഷനായി മാറിയ സാം മനേക് ഷായെ കാണുക. ഇതായിരുന്നു ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്‌കുമാറുമൊത്ത് നടത്തിയ യാത്രയുടെ ഉദ്ദേശ്യം.

ഊട്ടിയിലെത്തിയ ശേഷം ഒരു വെളുപ്പാന്‍കാലത്താണ് കുനൂരേയ്ക്ക് ബസ് കയറിയത്. ഊട്ടിയില്‍ നിന്ന് 18  കിലോ മീറ്റര്‍  അകലെയുള്ള കുനൂരേക്കുള്ള ബസ് പിടിച്ച് വെല്ലിങ്ടണിലെത്തി. അതിനടുത്തായുള്ള 'സ്റ്റാവ്ക' എന്ന ബംഗ്ലാവിലാണ് സാം മനേക് ഷാ തന്റെ വിശ്രമജീവിതം നയിച്ചു വന്നിരുന്നത്. പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും വാങ്ങാൻ വെല്ലിങ്ടണിലൂടെ നടന്നു പോകുന്ന സാം മനേക് ഷാ നാട്ടുകാര്‍ക്കും സുപരിചിതന്‍.  'സ്റ്റാവ്ക' എന്ന ബംഗ്ലാവിന്റെ തുറന്നു കിടന്ന ഗേറ്റ് കടന്ന് വളഞ്ഞ് കയറിയ റോഡിലൂടെ ബംഗ്ലാവ് മുറ്റത്തെത്തിയപ്പോള്‍ നരച്ച മീശ ചുരുട്ടി വെച്ച്, ഹൃദ്യമായി ചിരിച്ച്, പ്രായത്തെ തോല്‍പ്പിക്കുന്ന ആകാരസൗഷ്ഠവുമായി മനേക് ഷാ മുന്നില്‍. വായിച്ചും കേട്ടും അറിഞ്ഞ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിനൊപ്പം നടന്ന സൈന്യാധിപന്‍ ഇതാ കണ്‍ മുന്നില്‍. പതിമൂന്ന് ദിവസം കൊണ്ട് ലോക ഭൂപടത്തില്‍ ബംഗ്ലാദേശ് എന്ന് ഒരു പുതിയ രാജ്യമുണ്ടാക്കിയ ജേതാവാണ്  മുന്നില്‍ നില്‍ക്കുന്നതെന്ന് വിശ്വസിക്കാനായില്ല. മനേക് ഷായുടെ വസതി തപ്പിപ്പിടിച്ചു ചെന്നപ്പോള്‍ അദ്ദേഹം ബാംഗ്ലൂരിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

D Pramesh Kumar with Sam Manekshaw
ലേഖകന്‍ മനേക് ഷായുമായി കൂടിക്കാഴ്ചക്കെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം

ലോകയുദ്ധം കണ്ട നായകന്‍

ഏറെ വീരകഥകളുണ്ട് മനേക് ഷായെ കുറിച്ച്. ബ്രിട്ടീഷ്-ഇന്ത്യന്‍ പട്ടാളത്തിന് വേണ്ടി ബര്‍മ്മയില്‍ യുദ്ധം നയിച്ചത്.  രണ്ടാം ലോകയുദ്ധത്തില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ടത്.  ജാപ്പ് പട്ടാളത്തിന് മുന്നില്‍ റംഗൂണ്‍ വീഴുന്നതിന് മുമ്പ് ബര്‍മീസ് തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട അവസാന കപ്പലില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വിഭജനത്തിന് ശേഷം കശ്മീരിനെ ഇന്ത്യന്‍ യൂണിയനിലേക്ക് ലയിപ്പിക്കാന്‍ വി.പി.മേനോനൊടൊപ്പം നിയോഗിക്കപ്പെട്ടത്. ആദ്യ ഇന്ത്യ-പാക് യുദ്ധത്തില്‍ അന്നത്തെ സൈനിക ജനറലിനൊപ്പം വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്. ബംഗ്ലാദേശ് എന്ന് സ്വതന്ത്ര രാഷ്ട്രത്തിന്റെ പിറവിയിലേക്ക് നയിച്ചത്, ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യയെ വിജയകരമായി നയിച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍വല്ലഭായ് പട്ടേല്‍, ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കളോടെല്ലാം അടുപ്പം പുലര്‍ത്തിയ  സൈനികനായ സാം മനേക് ഷായ്ക്ക് ഇന്ത്യന്‍ സേനയില്‍ ഹീറോ പരിവേഷമായിരുന്നു, ഈ ചരിത്രസംഭവങ്ങള്‍ നല്‍കിയത്. മുംബൈയിലെ പാഴ്‌സി കുടുംബത്തിലാണ് വേരുകളെങ്കിലും അമൃത്‌സറില്‍ ജനിച്ച് നൈനിറ്റാളിലും അമൃത് സറിലും പഠിച്ച് ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയിലൂടെ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെത്തിയ  തമിഴ്‌നാട്ടിലെ ഊട്ടിയാണ് വിശ്രമജീവിതത്തിന് തിരഞ്ഞെടുത്തത്. മരിച്ചതും ഇവിടെ വച്ച് തന്നെ. നീലഗിരി കുന്നില്‍ അന്ത്യവിശ്രമം കൊള്ളുന്ന സാം മനേക് ഷായുടെ ഊട്ടി ബന്ധം തുടങ്ങുന്നത് 1950 കളിലാണ്, വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലെ കമാന്‍ഡർ ആയി വന്നത് മുതല്‍.Indira Gandhi congratulating the three chief of India's armed forces

''1958 മുതല്‍ 62 വരെ ഇവിടെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍ കമാന്‍ഡർ ആയി ജോലി നോക്കുകയായിരുന്നു ഞാന്‍. 1962 ലെ ചൈനീസ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നെഹ്‌റു നിര്‍ദേശിച്ചതനുസരിച്ചാണ് ഞാന്‍ പോയത്. ഞാന്‍ യുദ്ധത്തിനായി പോയപ്പോള്‍ എന്റെ ഭാര്യ ഇവിടെ തനിച്ചായി. അവരാണ് മൂന്നര ഏക്കര്‍  വരുന്ന ഈ സ്ഥലം വാങ്ങി അതിലൊരു വീടുവെച്ചത്. ശിഷ്ടജീവിതം ഇവിടെ തന്നെയാകാമെന്ന് വിചാരിച്ചു. ഇവിടെ പരമസുഖം. ഞങ്ങള്‍ക്ക് ഇവിടെ വിട്ട് മറ്റൊരിടവും പോകാനില്ല. അത്രമേല്‍ പ്രിയപ്പെട്ടതായി ഞങ്ങള്‍ക്ക് ഈ സ്ഥലം''. ഊട്ടിയുമായുണ്ടാക്കിയ  ആത്മബന്ധത്തെ കുറിച്ച് അദ്ദേഹം തന്നെ വിവരിക്കുകയായിരുന്നു അന്ന്. 1973 ല്‍ വിരമിച്ച ശേഷമാണ് മനേക് ഷാ സ്ഥിരമായി ഊട്ടിയിലെത്തുന്നതും വീടു പണിയുന്നതും. റഷ്യന്‍ പട്ടാളത്തിലെ വരേണ്യവിഭാഗമായ 'സ്റ്റാവ്ക'യുടെ പേരാണ് അദ്ദേഹം വസതിക്ക് നല്‍കിയിരിക്കുന്നത്.

Manekshaw in front of his house
മനേക് ഷാ ഊട്ടിയിലെ വസതിയ്ക്ക് മുന്നില്‍

കശ്മീരിലെ ദൗത്യം

സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ടതിന് ശേഷം  ബ്രിട്ടീഷ് ആര്‍മിയില്‍  ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഓപ്പറേഷന്‍സില്‍ കേണലായിരുന്ന സാം മനേക് ഷാ വി.പി. മേനോനോടൊപ്പം കശ്മീരില്‍ നിയോഗിക്കപ്പെട്ടു. ഇന്ത്യയിലോ പാകിസ്താനിലോ ചേരാതിരുന്ന കശ്മീരില്‍ ഗോത്ര പഠാന്‍വിഭാഗം പാക് സഹായത്തോടെ നടത്തിയ ആക്രമണം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. കശ്മീര്‍ രാജാവ് മഹാരാജാ ഹരിസിംഹും ജമ്മു കശ്മീരിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിസ് മെഹര്‍ചന്ദ് മഹാജനും വി.പി. മേനോനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള ഉടമ്പടിയില്‍ മഹാരാജാവ് ഒപ്പിട്ടു.

'കരാര്‍ ഒപ്പിടല്‍ ചര്‍ച്ചകള്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നില്ല.പക്ഷെ പുറത്തേക്ക് വന്ന വി.പി.മേനോന്‍ പുറത്ത് നിന്നിരുന്ന എന്നോട് പറഞ്ഞു സാം നമുക്ക് അക്‌സഷന്‍( കൂട്ടിച്ചേര്‍ക്കല്‍ ഉടമ്പടി ) കിട്ടിയിരിക്കുന്നു'. ചരിത്രം ഓര്‍ത്തെടുക്കുകയായിരുന്നു മനേക് ഷാ കരാറില്‍ ഒപ്പിട്ട ശേഷം  അന്നത്തെ വ്യോമസേനയുടെ ഡക്കോട്ട വിമാനത്തില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയ മനേക് ഷായെ അന്നത്തെ കാബിനറ്റ് സബ്കമ്മിറ്റിയോഗത്തിലേക്ക്  ബ്രിട്ടീഷുകാരനായ അവസാനത്തെ സൈനിക മേധാവി സര്‍ റോയ് ബുച്ചറിനൊപ്പം പ്രധാനമന്ത്രി നെഹ്‌റു വിളിപ്പിച്ചു. മൗണ്ട് ബാറ്റൻ ആയിരുന്നു അധ്യക്ഷത വഹിച്ചത്. നെഹ്‌റു, പട്ടേല്‍, പ്രതിരോധമന്ത്രി ബല്‍ദേവ്സിങ് എന്നിവരുണ്ടായിരുന്നു. വ്യോമമാര്‍ഗ്ഗം അടിയന്തരമായി ഇന്ത്യന്‍ പട്ടാളം കശ്മീരിൽ എത്തേണ്ട സാഹചര്യം മനേക് ഷാ വിശദീകരിച്ചു. അന്നുച്ചയ്ക്ക് തന്നെ ലെഫ്റ്റനന്റ് കേണല്‍ ഡെവാന്‍ രഞ്ജിത് റേയുടെ നേതൃത്വത്തില്‍ സിഖ് റെജിമെന്റ്  ശ്രീനഗറിലേക്ക് നീങ്ങി.

ആദ്യ ഇന്ത്യ-പാക് യുദ്ധം എന്നറിയപ്പെടുന്ന ഈ സൈനിക നീക്കത്തില്‍ ആക്രമണകാരികളെ തുരത്തിയെങ്കിലും ഡെറാഡൂണ്‍ മിലിട്ടറി അക്കാദമിയില്‍  മനേക് ഷായ്‌ക്കൊപ്പമുണ്ടായിരുന്ന രഞ്ജിത് റേ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. രാജ്യം പരമ വീരചക്ര നല്‍കി ആദരിച്ചു ആ യോദ്ധാവിനെ. 1949 ല്‍ പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് വേണ്ടിയുള്ള കറാച്ചിയില്‍ നടന്ന ചര്‍ച്ചകളില്‍ ഇന്ത്യന്‍ സേനാപ്രതിനിധി സംഘത്തില്‍ സാം മനേക് ഷായുമുണ്ടായിരുന്നു.

sam

ചൈനീസ് അതിര്‍ത്തിയിലേക്ക്

1962 ല്‍ ചൈനീസ് യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ സാം മനേക് ഷാ ഊട്ടി വെല്ലിങ്ടണിലായിരുന്നു. ഡിഫന്‍സ് സര്‍വീസസ് കോളേജില്‍. രാഷ്ട്രീയ നേതൃത്വവും അന്നത്തെ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോനോടും മറ്റൊരു സൈനിക മേധാവിയോടുമുള്ള ഭിന്നതകള്‍ തന്നെയായിരുന്നു  കാരണം. സൈനിക ഭരണത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനെ വിമര്‍ശിച്ച മനേക് ഷാ അച്ചടക്ക നടപടിയും മറ്റും നേരിട്ടു. ' അത്തരം കാര്യങ്ങളൊന്നും ഒരു ഫീല്‍ഡ് മാര്‍ഷലിന് പരസ്യപ്പെടുത്താനാവില്ല. ചൈനീസ് യുദ്ധം തുടങ്ങിയപ്പോള്‍ വെല്ലിങ്ടണിലായിരുന്നു. 1962 അവസാനം നെഹ്‌റു നിര്‍ദേശിച്ചതനുസരിച്ച് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഏജന്‍സി( ഇപ്പോഴത്തെ അരുണാചല്‍ പ്രദേശ് )യില്‍ നാലാം കോര്‍പ്‌സിന്റെ കമാന്‍ഡ് ഏറ്റെടുക്കാനെത്തി ' -മനേക് ഷാ പറഞ്ഞു. പിന്‍വാങ്ങിയ സേനയുടെ ആത്മവീര്യം വീണ്ടെടുക്കുകയായിരുന്നു പിന്നീട് മനേക്ഷായുടെ ദൗത്യം. 1967 ല്‍ സിക്കിമിലെ നാഥുലാ ചുരത്തില്‍ ചൈനീസ് സംഘര്‍ഷമുണ്ടായപ്പോള്‍ 1962 ലെ ആവര്‍ത്തനമായിരുന്നില്ല സംഭവിച്ചത്. 1969 ല്‍ രാജ്യത്തിന്റെ എട്ടാമത്തെ കരസേനാ  മേധാവിയായി  മനേക് ഷാ നിയമിക്കപ്പെട്ടു. കശ്മീരിലെ വെടിനിര്‍ത്തല്‍ രേഖാ ചര്‍ച്ചകളില്‍ പങ്കാളിയായത് പോലെ  സീസ് ഫയര്‍ ലൈന്‍ സിംലാ കരാറിനെ തുടര്‍ന്ന്  നിയന്ത്രണരേഖ( LoC )യായി നിശ്ചയിക്കപ്പെട്ടത് മനേക് ഷാ സൈനിക മേധാവിയായിരിക്കുമ്പോളാണ്.

നെഹ്‌റുവിന് ശേഷം ഇന്ദിരാഗാന്ധിയുമായി മികച്ച വ്യക്തിബന്ധമുണ്ടായിരുന്നു മനേക് ഷായ്ക്ക്. ' ഇന്ദിരയുമായി നല്ല ബന്ധമുണ്ടായിരുന്നു. അവര്‍ എന്നെ വിശ്വസിച്ചിരുന്നു. താനവരെയും. വിമര്‍ശനങ്ങള്‍ പോലും തുറന്നു പറയാവുന്ന ബന്ധം. ഞാന്‍ അവരെ കാണുമ്പോള്‍ സ്വീറ്റി എന്ന് വിളിക്കും അവര്‍ എന്നെ സാം എന്നും'. പക്ഷെ, അതേ ഇന്ദിരാ​ഗാന്ധി മനേക് ഷായുടെ നേതൃത്വത്തില്‍ പട്ടാള അട്ടിമറി നടക്കുമെന്ന് ഭയപ്പെട്ടിരുന്നു എന്നൊരു കഥയുണ്ട്. പല അഭിമുഖങ്ങളിലും മനേക് ഷാ നേരിടാറുള്ള ഒരു ചോദ്യമാണിത്. '1970 ലാണ്.അന്ന് പല രാജ്യങ്ങളിലും പട്ടാള അട്ടിമറികള്‍ നടക്കുന്ന കാലം . അത്തരമൊരു അട്ടിമറിക്കഥ ചിലര്‍ പറഞ്ഞു പരത്തിയത് ഇന്ദിരയുടെ ചെവിയിലുമെത്തി. പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ പലരും ഇത് തമാശയായി ചോദിച്ചു. അമരിക്കന്‍ നയതന്ത്ര പ്രതിനിധി ഒരിക്കല്‍ ചോദിച്ചു. താങ്കള്‍ എപ്പോഴാണ് ഭരണം പിടിച്ചെടുക്കുന്നത് എന്ന്.ഒരു ദിവസം വൈകിട്ട്  എന്നെ പ്രധാനമന്ത്രി വിളിപ്പിച്ചു. ഡല്‍ഹിയിലെ സൈനിക ആസ്ഥാനത്ത് ഹോട്ട് ലൈനില്‍ പ്രധാനമന്ത്രി ഇന്ദിരയുടെ  വിളിയെത്തി : സാം താന്‍ തിരക്കിലാണോ ? അങ്ങനെ  ചോദിക്കണമെങ്കില്‍ എന്തെങ്കിലും ഗൗരവമുള്ള വിഷയമാവണം. കാരണം ഇന്ദിരയെ മനേക് ഷയ്ക്ക് നന്നായി അറിയാം.

പാര്‍ലമെന്റ് മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചെന്നപ്പോള്‍ അവര്‍ താടിക്ക് കൈ കൊടുത്ത് ഇരിക്കുന്നു. ക്ഷീണിച്ചിരിക്കുന്നല്ലോ പ്രധാനമന്ത്രീ എന്താണ് പ്രശ്‌നം എന്ന് താന്‍ ചോദിച്ചു. സാം താനാണ് ഇപ്പോള്‍ എ‌ന്റെ പ്രശ്‌നം- ഇന്ദിരയുടെ മറുപടി. തന്റെ കണ്ണില്‍ ഉറ്റു നോക്കി അവര്‍ പറഞ്ഞു. താന്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുമെന്ന് എന്റെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. താങ്കള്‍ക്ക് എന്ത് തോന്നുന്നു ? ഞാന്‍ ചോദിച്ചു. തനിക്കതിന് കഴിയില്ല എന്നായിരുന്നു അവരുടെ മറുപടി. അതെന്താ എനിക്ക് അതിനുള്ള കഴിവില്ലേ എന്ന് ഞാനും അത് തന്നെ കൊണ്ട് ചെയ്യാനാവില്ല എന്ന് ഇന്ദിരയും പറഞ്ഞു. മാഡത്തിനറിയില്ലേ എനിക്ക് രാഷ്ട്രീയ മോഹങ്ങളില്ലെന്ന്.  താങ്കള്‍ താങ്കളുടെ ജോലി ചെയ്യുക ഞാന്‍ എന്റെയും. 'ആര്‍മിയുടെ കാര്യങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ഇടപെടാത്ത  കാലത്തോളം രാഷ്ട്രീയ കാര്യങ്ങളില്‍  താനും  ഇടപെടില്ല എന്നാണ് മനേക് ഷാ  അന്ന് ഇന്ദിരയോട് പറഞ്ഞത്. വി.കെ. കൃഷ്ണമേനോനുമായുള്ള അസ്വാരസ്യങ്ങളും തന്നെ മറികടന്ന് മുമ്പ് മറ്റുള്ളവര്‍ക്ക് സഥാനക്കയറ്റം ലഭിച്ചതും ഒക്കെ മനേക് ഷായുടെ മനസ്സിലൂടെ കടന്ന് പോയിരിക്കണം. നിയമനങ്ങളില്‍ രാഷ്ട്രീയനേതൃത്വം ഇടപെടുന്നത് സേനയുടെ പ്രഫഷണല്‍ അച്ചടക്കം ഇല്ലാതാക്കുമെന്ന  അഭിപ്രായം മനേക്ഷായ്ക്ക് ഉണ്ടായിരുന്നു.

sam

സാമിന്റെ യുദ്ധങ്ങള്‍

1971 ലെ  ബംഗ്ലാദേശ് യുദ്ധത്തിന്  സൈന്യം സജ്ജമാണോ എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആരാഞ്ഞപ്പോള്‍ അനവസരത്തില്‍ ആക്രമിച്ചാല്‍ പരാജയമായിരിക്കും ഫലമെന്ന് ചൂണ്ടിക്കാട്ടി തയ്യാറെടുപ്പിന് സമയം ചോദിക്കുകയായിരുന്നു മനേക് ഷാ. കിഴക്കന്‍ പാ‌കിസ്താനിലെ ആഭ്യന്തര കലാപങ്ങള്‍ കാരണം ബംഗാളിലേക്കും  അസമിലേക്കും  ത്രിപുരയിലേക്കും അഭയാര്‍ത്ഥികളുടെ പ്രവാഹമായിരുന്നു. അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ടെലിഗ്രാം സന്ദേശങ്ങള്‍ മുന്നില്‍ വെച്ചാണ്  ഇന്ത്യന്‍ സൈന്യം കിഴക്കന്‍ പാകിസ്താനിലേക്ക് കടക്കണമെന്ന് ഇന്ദിരാഗാന്ധി മനേക് ഷായോട് നിര്‍ദേശിച്ചത്. പ്രധാനമന്ത്രി ഉദ്ദേശിച്ചത് യുദ്ധമാണോ? മനേക് ഷായുടെ ചോദ്യത്തിന് യുദ്ധമെങ്കില്‍ യുദ്ധം എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മറുപടി.

കാബിനറ്റ് മീറ്റിങ്ങിന് ശേഷം ഇന്ദിരാഗാന്ധിയോട് സാം മനേക് ഷാ പറഞ്ഞു.  'യുദ്ധം ചെയ്യുക എന്റെ ജോലിയാണ്. പക്ഷെ, യുദ്ധത്തിന് പോയാല്‍ വിജയിക്കണം. ചിരിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു . എനിക്ക് വേണ്ടത് തനിക്കറിയാമല്ലോ? അറിയാം പ്രധാനമന്ത്രിക്ക് വേണ്ടതെന്താണെന്ന് എനിക്കറിയാം...' പക്ഷെ, ഏപ്രില്‍ മാസങ്ങളില്‍ ഹിമാലയന്‍ചുരങ്ങള്‍ തുറക്കുന്ന സമയം ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. മാത്രമല്ല അക്കാലം കിഴക്കന്‍ ബംഗാളില്‍ മഴക്കാലമാണ്. നദികള്‍ കരകവിയും വൈള്ളപ്പൊക്കമാകും ഹിമാലന്‍ നദികളില്‍ മഞ്ഞുരുകിയുള്ള വെള്ളപ്പൊക്കം വേറെയും. സൈനിക നീക്കത്തിന് അനുയോജ്യമായ സമയമല്ലിത്. കാലാവസ്ഥ അനുകൂലമല്ലാത്തിനാല്‍ വ്യോമസേനയ്ക്കും സഹായമെത്തിക്കാന്‍ തടസ്സം നേരിടും. കാത്തിരിക്കണം. ഇതാണ് സാം മനേക്ഷാ പ്രധാനമന്ത്രിയോട് സമയമാവശ്യപ്പെടാനുള്ള കാരണം.  പ്രധാനമന്ത്രിയ്ക്ക് ആദ്യം അതുള്‍ക്കൊള്ളാന്‍ ആയില്ലെന്ന്  തോന്നിയപ്പോള്‍ മനേക് ഷാ പറഞ്ഞു.  'പ്രധാനമന്ത്രീ താങ്കള്‍ സംസാരിക്കാന്‍ വാ തുറക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ എന്റെ രാജി കത്ത് അയയ്ക്കട്ടെ... മാനസികമോ ശാരീരികമോ ആയ കാരണങ്ങളാല്‍ '. ഇതേ തുടര്‍ന്ന് തന്റെ നിര്‍ദേശം  ഇന്ദിരാഗാന്ധി അംഗീകരിച്ചെന്ന സാം മനേക് ഷാ പറയുന്നു. ഒമ്പത് മാസം കഴിഞ്ഞ് പ്രധാനമന്ത്രി വീണ്ടും ചോദിച്ചപ്പോഴായിരുന്നു മനേക് ഷായുടെ പ്രശസ്തമായ ആ മറുപടി : ഐ ആം ആള്‍വേയ്‌സ്  റെഡി സ്വീറ്റി...' യുദ്ധം ആരംഭിക്കേണ്ടതെന്ന് എപ്പോഴെന്ന് രാഷ്ട്രീയനേതൃത്വത്തോട് നിര്‍ദേശിക്കാനുള്ള പ്രഫഷണല്‍ നേതൃത്വമികവ് സാം മനേക് ഷായ്ക്കുണ്ടായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന  വി.കെ. കൃഷ്ണമേനോനുമായി മനേക് ഷായ്ക്കുണ്ടായിരുന്ന അകല്‍ച്ചയും വിവാദങ്ങളും എല്ലാം മനേക് ഷായുടെ ഈ തന്റേടത്തിന്റെ പ്രതിഫലനമായിരുന്നു..

കൂടിക്കാഴ്ചയില്‍ മനേക് ഷായോട്  വായിച്ചറിഞ്ഞ  ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. 'സൈന്യം ഏര്‍പ്പെടേണ്ടത് യുദ്ധത്തിലാണെങ്കില്‍ അത് വിജയിക്കാനുള്ള യുദ്ധമായിരിക്കണം. പ്രധാനമന്ത്രിയോട് യുദ്ധ സന്നാഹങ്ങള്‍ക്കുള്ള സമയം ചോദിച്ചത് അത് കൊണ്ടാണ്. ശ്രീമതി ഇന്ദിര അതനുവദിക്കുകയും ചെയ്തു. 'മനേക്ഷയും വാക്കു പാലിച്ചു. 1971 ഡിസംബര്‍ നാലിന് ബംഗ്ലാദേശ് യുദ്ധം പുറപ്പെട്ടു. ഇന്ത്യയുടെ ധീരവും ചടുലവും അവിസ്മരണീയവുമായ യുദ്ധവിജയങ്ങളിലൊന്നായിരുന്നു അത്. യുദ്ധത്തിന്റെ പതിമൂന്നാം നാള്‍ ധാക്കയില്‍ ഇന്ത്യന്‍ പതാക പാറിപ്പറന്നു. പാകിസ്താനില്‍ നിന്ന് വേറിട്ട് ബംഗ്ലാദേശ് എന്നൊരു പുതുരാഷ്ട്രം പിറന്നു ഭൂപടത്തില്‍. കീഴടങ്ങാന്‍ നിര്‍ദേശിച്ച് പാകിസ്താന്‍ സൈനികരോടുള്ള മനേക്ഷായുടെ സന്ദേശവും ഇതായിരുന്നു- 'എന്തിന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുത്തണം.. നിങ്ങള്‍ക്ക് വീടുകളില്‍ തിരികെ പോയി നിങ്ങളുടെ കുട്ടികളെ കാണണ്ടേ...ഒരു ഭടന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുന്നതില്‍ ഒരഭിമാന പ്രശ്‌നവുമില്ല...ഒരു സൈനികന് യോജിച്ച എല്ലാ ആദരവും നിങ്ങള്‍ക്ക് ലഭിക്കും '

ഈ യുദ്ധത്തില്‍ ഇന്ത്യയോട് പരാജപ്പെടുമ്പോള്‍ പാകിസ്താന്‍ പ്രസിഡന്റായിരുന്ന യാഹ്യാ ഖാന്‍ മനേക് ഷായ്‌ക്കൊപ്പം ബ്രിട്ടീഷ് ഇന്ത്യന്‍ മിലിട്ടറിയിലുണ്ടായിരുന്നു. ഡെറാഡൂണ്‍ മിലിട്ടറി അക്കാദമിയിലെ സതീര്‍ത്ഥ്യന്‍. ആര്‍മി ജനറലായിരുന്ന യാഹ്യാ ഖാന്‍ പാകിസ്താന്റെ മൂന്നാമത്തെ പ്രസിഡന്റാവുകയായിരുന്നു. വിഭജന സമയത്ത്  പാകിസ്താനിലേക്ക് പോയ യാഹ്യാഖാന് മനേക് ഷാ തന്റെ മോട്ടോര്‍ ബൈക്ക് വിറ്റു. വിലയായ ആയിരം രൂപ യാഹ്യാ ഖാന്‍ അയച്ചു കൊടുക്കാമെന്നേറ്റുവെങ്കിലും മനേക് ഷായ്ക്ക് അത് ലഭിച്ചില്ല. ബംഗ്ലാദേശ് യുദ്ധത്തിലെ പരാജയത്തിന് ശേഷം അതെ പറ്റി മനേക് ഷായുടെ കമന്റ് ഇങ്ങനെയായിരുന്നു. 'എന്റെ മോട്ടോര്‍ ബൈക്കിന്റെ വിലയായ ആയിരം രൂപ ഇതുവരെ നല്‍കാത്ത യാഹ്യാ പകരം രാജ്യത്തിന്റെ പാതി ഇതാ പകുത്ത് നല്‍കിയിരിക്കുന്നു '. വിഭജനസമയത്ത്  മനേക് ഷാ അംഗമായിരുന്ന ബ്രിട്ടീഷ് ആര്‍മിയുടെ 12-ാം ഫ്രണ്ടിയര്‍ ഫോഴ്‌സ് റെജിമെന്റിന്റെ നാലാം ബറ്റാലിയന്‍ പൂര്‍ണമായും പാകിസ്താന്‍ പട്ടാളത്തിന്റെ ഭാഗമായി മാറി. പാകിസ്താന്‍ ആര്‍മിയില്‍  തുടരണമെന്ന് മുഹമ്മദാലി ജിന്ന മനേക് ഷായോട് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയിലെത്തി ഗൂര്‍ഖാ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറാവുകയാണ് ചെയ്തത്. പാകിസ്താന്‍ ആര്‍മിയിലാണ് പോയിരുന്നതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ഒരിക്കല്‍ മനേക് ഷായോട് ആരോ ചോദിച്ചു. എന്നാല്‍ എല്ലാ യുദ്ധങ്ങളും പാകിസ്താന്‍ ജയിക്കുമായിരുന്നു എന്നായിരുന്നു മനേക് ഷായുടെ മറുപടി.  

മനേക് ഷാ കഥകള്‍

നര്‍മം കലര്‍ത്തിയുള്ള സരസഭാഷണമായിരുന്നുമനേക് ഷായുടെ പ്രത്യേകത. ബംഗ്ലാദേശ് യുദ്ധത്തില്‍ പരിക്കേറ്റ സൈനികനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മനേക് ഷാ പറഞ്ഞു. ' ഈ പ്രായത്തില്‍ താങ്കള്‍ക്ക് മൂന്ന് ബുള്ളറ്റുകളേ കിട്ടിയുള്ളൂ എനിക്ക് ഒമ്പത് ബുള്ളറ്റുകളും . എന്നിട്ട് ഇപ്പോള്‍ നോക്കൂ. ഞാന്‍ കരസേനാ മേധാവിയായി'. സൈനികരുടെ  യൂണിഫോം അലവന്‍സ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ശമ്പള കമ്മിഷന്‍ അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞുവത്രെ. ജെന്റില്‍മെന്‍, നിങ്ങള്‍ തന്നെ പറയൂ. ഒരു പഴയ കുര്‍ത്തയും ദോത്തിയും ധരിച്ച് ഞാന്‍ ഓര്‍ഡറുകള്‍ നല്‍കിയാല്‍ പട്ടാളത്തിലെ ആര് അനുസരിക്കും? .കുടുംബത്തില്‍ നിന്ന് അകന്ന് ജീവിക്കേണ്ടി വരുന്ന സൈനികര്‍ക്കുള്ള പ്രത്യേക അലവന്‍സ് തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സൂചിപ്പിക്കാന്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് ബര്‍മ്മയില്‍ കഴിയവെ മൂന്ന് വര്‍ഷം ഭാര്യയെ കാണാതെ കഴിയേണ്ട വന്ന കഥ അദ്ദേഹം പേ കമ്മിഷന്‍ അംഗങ്ങള്‍ക്ക് മുന്നില്‍ നിരത്തിയത്രെ. വിവാഹ ശേഷം അദ്ദേഹം പോയത് യുദ്ധത്തിലേക്കാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് ഭാര്യയെ കാണാന്‍ എത്തിയപ്പോള്‍ തനിക്ക് ഒരു ബ്രാന്‍ഡ് ന്യൂ പെണ്‍കുഞ്ഞിനെ മകളായി ലഭിച്ചിരുന്നു. കുട്ടി തന്റേതെന്ന് ഉറപ്പിക്കാനായത് കുട്ടി  കാഴ്ചയില്‍ തന്നെ പോലെ ആയിരുന്നത് കൊണ്ടാണത്രെ. ഈ കഥ കേട്ട് ശമ്പള കമ്മിഷന്‍ അംഗങ്ങള്‍ പൊട്ടിച്ചിരിച്ചു. അലവന്‍സ് തുടരാനും ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ ഗൂര്‍ഖാ റെജിമെന്റിനെ കുറിച്ച് മനേക് ഷാ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു.- 'ഭയമില്ല എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ അയാള്‍ ഒരു നുണയനായിരിക്കും. അല്ലെങ്കില്‍, ഗൂര്‍ഖാ ആയിരിക്കും.'  ലഗേജ് എടുക്കാന്‍ വിഷമിച്ച പുതുതായി വന്ന ഒരു സൈനിക ഓഫീസറെ മനേക് ഷാ സഹായിക്കുകയായിരുന്നു ഒരു ദിവസം. മനേക് ഷായെ തിരിച്ചറിയാത്ത  സൈനിക ഓഫീസര്‍ ചേദിച്ചു. താങ്കള്‍ എന്തു ചെയ്യുന്നു? മനേക് ഷായുടെ മറുപടി : ഞാന്‍ ഇവിടെ എല്ലാ ദിവസവും ഓഫീസര്‍മാരെ ലഗേജ് എടുക്കാന്‍ സഹായിക്കും. ഒഴിവു കിട്ടുമ്പോള്‍ ഈ ഇന്‍ഫന്‍ട്രി ഡിവിഷന്റെ കമാന്‍ഡന്റ് ആയി പ്രവര്‍ത്തിക്കും. സൈനിക ഓഫീസര്‍ സല്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം  വാ പൊളിച്ച് നിന്ന് പോയത്രെ. പട്ടാളക്കാരുടെ പട്ടാളക്കാരനെന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന് സഹപ്രവര്‍ത്തകരുടെ സ്‌നേഹം പിടിച്ചു പറ്റുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു. ഇത്തരം മുഹൂര്‍ത്തങ്ങള്‍ ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ.സിങ് ഉള്‍പ്പെടെയുള്ളവര്‍ ഏറെ എഴുതിയിട്ടുണ്ട് അവരുടെ സ്മരണകളില്‍.

അന്ത്യവിശ്രമം ഊട്ടിയില്‍

Manekshaw statue at Ooty
ഊട്ടിയിലെ മനേക് ഷായുടെ പ്രതിമ

1973 ല്‍ വിരമിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഫീല്‍ഡ് മാര്‍ഷലായി പ്രഖ്യാപിച്ചത്. മനേക് ഷായെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കാന്‍ ഇന്ദിരാഗാന്ധിയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. എതിര്‍പ്പുകള്‍ കാരണം നടന്നില്ല .ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ പദവി, ഗവര്‍ണര്‍ പദവി തുടങ്ങിയവയൊക്കെ, വിരമിക്കുമ്പോള്‍ മനേക് ഷായെ തേടിവന്നുവെങ്കിലും അതെല്ലാം അദ്ദേഹം നിരസിച്ചുവെന്ന് കേട്ടിട്ടുണ്ട്. 'ഒരു ഫീല്‍ഡ് മാര്‍ഷല്‍ മരിക്കുന്നത് വരെ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നില്ല'  എന്നാണ്  അതേ കുറിച്ച് ചോദിച്ചപ്പോള്‍ മനേക് ഷാ  മറുപടിയായി പറഞ്ഞത്. രാജ്യം മനേക് ഷായ്ക്ക് 1968 ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരവും 1972 ല്‍ പദ്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. മനേക് ഷാ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും മാറിമാറിവന്ന സര്‍ക്കാരുകള്‍ ആദ്യ ഫീല്‍ഡ് മാര്‍ഷലിനോട് നീതി പുലര്‍ത്തിയില്ലെന്ന പരാതി സേനയിലെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിരമിച്ച ശേഷമുള്ള 30 വര്‍ഷത്തെ ശമ്പളാനുകൂല്യങ്ങളുടെ കുടിശ്ശികയായ 1.3 കോടി രൂപയുടെ ചെക്ക് 2007 ല്‍ അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം നേരിട്ട് വെല്ലിങ്ടണിലെത്തി കൈമാറുമ്പോള്‍ മനേക് ഷാ ശയ്യാവലംബിയായിരുന്നു. ചെക്കില്‍ പണമുണ്ടാകുമോ എന്ന് നര്‍മം വിതറാനും മറക്കാത്ത അദ്ദേഹം പിറ്റേവര്‍ഷം  മരിക്കുകയും ചെയ്തു.  ഇക്കഴിഞ്ഞ ജൂണ്‍ 27 ന് മനേക് ഷാ മരിച്ചിട്ട് 12 വര്‍ഷം തികഞ്ഞു. 2008 ലാണ് മനേക്ഷാ ഊട്ടി വെല്ലിങ്ടണിലെ മിലിട്ടറി ഹോസ്പിറ്റലില്‍ 94-ാം വയസ്സില്‍ മരണമടഞ്ഞത്. ഊട്ടിയിലെ പാഴ്‌സി  സെമിത്തേരിയില്‍ മനേക് ഷാ അന്ത്യവിശ്രമം കൊള്ളുന്നു. 2001 ല്‍ മരിച്ച ഭാര്യയുടെ  അന്ത്യനിദ്രാസ്ഥലത്തിനരികെ. ഇന്ത്യയുടെ പ്രശസ്തനായ ആ യോദ്ധാവിന്റെ പൂര്‍ണകായ പ്രതിമയുണ്ട് ഊട്ടി-കുനൂര്‍ റോഡിലെ മനേക് ഷാ ബ്രിഡ്ജിന്റെ കവാടത്തിനരികെ. രാജ്യത്തോടൊപ്പം നീലഗിരിയിലെ മനോഹരമായ വെല്ലിങ്ടണും  മനേക് ഷായുടെ സ്മരണകള്‍ പേറുകയാണ്.

ബോളിവുഡില്‍ വരുന്നു 'സാം' 

രാജ്യം ജന്മം നല്‍കിയ ധീരയോദ്ധാക്കളിലൊരാളും സ്വതന്ത്ര ഇന്ത്യയുടെ ദേശീയ ഭാവന പിടിച്ചെടുത്ത സൈനിക മേധാവിയായിരുന്ന സാം മനേക് ഷായുടെ ജീവിതകഥ ആസ്പദമാക്കി  ജീവചരിത്ര സിനിമ വരുന്നു. 2019 ലെ മനേക് ഷായുടെ ചരമവാര്‍ഷികദിനത്തില്‍ പ്രഖ്യാപിച്ച ബോളിവുഡ് സിനിമ ഈ വര്‍ഷം ചിത്രീകരണം തുടങ്ങും. 'ഉറി - ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' എന്ന സിനിമയിലെ സൈനിക ഓഫീസറുടെ വേഷത്തിലെത്തി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വിക്കി കൗശലാണ്  സാം മനേക് ഷായായി വേഷമിടുന്നത്.  സംവിധായികയും തിരക്കഥാകൃത്തുമായ മേഘ്ന ഗുല്‍സാറാണ് സംവിധായിക. ചാരക്കഥ പറഞ്ഞ 'റാസി', ആസിഡ് ആക്രമണത്തിലെ ഇര ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറഞ്ഞ 'ചപാക് ' എന്നീ സിനിമകളുടെ സംവിധായികയാണ് കവി ഗുല്‍സാറിന്റെ മകളായ മേഘ്നാ ഗുല്‍സാര്‍. സാം മനേക് ഷായായുള്ള വിക്കി കൗശലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ സാമ്യവും ശ്രദ്ധേയമാണ്.Sam Manekshaw biopic

 

Content Highlights: Remembering Sam Manekshaw Chief of the Army Staff during Indo- Pak War 1971 and the first Indian Army officer to be promoted to the rank of field marshal.