സൊയുടെ ഇന്ത്യയിലെ പങ്കാളിസ്ഥാനം അനിൽ അംബാനിക്കും റിലയൻസ് ഡിഫൻസിനും കിട്ടിയത് അവർക്ക് ഏറെ നിർണായകമായ ഒരു ഘട്ടത്തിലാണ്. 45,000 കോടിയുടെ കടത്തിലായിരുന്നു അനിൽ അംബാനി എന്നാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ആരോപിക്കുന്നത്. കടത്തിന്റെ തോത് എന്തായാലും റഫാലിന്റെ ഓഫ്‌സെറ്റ് കരാർ വിമർശകരുടെ ഭാഷയിൽ ഒരു വിമാനംപോലും നിർമിച്ച് പരിചയമില്ലാത്ത അനിൽ അംബാനിക്കും റിലയൻസ് ഡിഫൻസിനും ഒരു വലിയ കൈത്താങ്ങുതന്നെയായിരുന്നു. 

36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള പ്രധാനമന്ത്രിയുടെ പാരീസ് പ്രഖ്യാപനത്തിന് 12 ദിവസം മുമ്പ് മാത്രമാണ് റിലയൻസ് ഡിഫൻസ് ലിമിറ്റഡ് എന്ന കമ്പനി രൂപംകൊള്ളുന്നത്. പ്രഖ്യാപനത്തിന് രണ്ടാഴ്ചയ്ക്കകം ദസൊയുമായുള്ള പങ്കാളിത്തത്തിൽ റിലയൻസ് ഏറോസ്ട്രക്ചർ ലിമിറ്റഡിനും തുടക്കമിടുന്നു.  പ്രതിരോധമേഖലയിൽ കാര്യമായ പരിചയമോ വൈഗ്ധ്യമോ ഒന്നും കമ്പനിപോലും അവകാശപ്പെടുന്നില്ല. 

യുദ്ധവിമാനങ്ങൾ ഉൾപ്പെടെ നിർമിക്കാനുള്ള ലൈസൻസ് 2016 ഫെബ്രുവരി 22-ന്‌ ഈ സ്ഥാപനത്തിന് ലഭിച്ചിരുന്നു. ലൈസൻസിനായി അപേക്ഷിക്കുമ്പോൾ സ്വന്തമായ കെട്ടിടംപോലും അവർക്കുണ്ടായിരുന്നില്ലെന്നാണ് കോൺഗ്രസിന്റെ കുറ്റപ്പെടുത്തൽ. ലൈസൻസിനുള്ള അപേക്ഷയിൽ ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ലുൻസാപ്പുർ ഗ്രാമത്തിലെ ഒരു സർവേ നമ്പറിലുള്ള വിലാസമാണ് നൽകിയിരുന്നത്. അന്ന് ഈ വിലാസത്തിലുള്ള സ്ഥലം റിലയൻസ് ഏറോസ്ട്രക്ചറിന്റെ അധീനതയിലായിരുന്നില്ല. ഓഫ്‌സെറ്റ് കരാർപ്രകാരമുള്ള ഇന്ത്യൻ പങ്കാളികൾ എന്ന നിലയിൽ കാര്യങ്ങൾ പിന്നീട് വേഗത്തിലാണ് പുരോഗമിച്ചത്. അനിൽ അംബാനിയുടെ റിലയൻസ് ഏറോസ്ട്രക്ചറും ദസൊയും ചേർന്ന് ദസൊ റിലയൻസ് ഏറോസ്പേസ് എന്ന സംയുക്തസംരംഭം തുടങ്ങുകയും നാഗ്പുരിനടുത്ത് മിഹാനിൽ ദസൊ റിലയൻസ് ഏറോ സ്പേസിന്റെ നിർമാണശാലയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.  തറക്കല്ലിടൽ ചടങ്ങ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഫ്രഞ്ച്  പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തുടങ്ങിയ പ്രമുഖരുടെ  സാന്നിധ്യത്തിലായിരുന്നു. 

എന്താണ് നിർമിക്കുന്നത്

നാഗ്‌പുരിനടുത്തുള്ള മിഹാൻ നിർമാണശാലയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമിക്കുമെന്ന പ്രതീതിയാണ് ദസൊ അധികൃതർ ആദ്യഘട്ടത്തിൽ നൽകിയിരുന്നത്.   തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കയച്ച കത്തിൽ അനിൽ അംബാനി പറയുന്ന കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. റഫാൽ വിമാനങ്ങളുടെ നിർമാണത്തിൽ തങ്ങളുടെ സ്ഥാപനത്തിന് ഒരു പങ്കുമില്ലെന്നും ഫ്രാൻസിൽനിന്ന് നേരിട്ട് എത്തുന്ന 36 റഫാൽ വിമാനങ്ങളുടെ ഒരു രൂപപോലും ചെലവുള്ള ഒരു സാമഗ്രിയും റിലയൻസ് നിർമിക്കുന്നില്ലെന്നും അംബാനി കത്തിൽ പറയുന്നു. റഫാൽ ഇടപാടിലൂടെ റിലയൻസിന് ആയിരക്കണക്കിന് കോടിയുടെ ലാഭമുണ്ടാകുമെന്നത് സ്ഥാപിത താത്പര്യക്കാരുടെ പ്രചാരണമാണെന്നും റഫാൽ വിമാനങ്ങൾ പൂർണമായും ഫ്രാൻസിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നതെന്നും അംബാനി പറയുന്നു. എച്ച്.എ.എൽ. ഒഴിവാക്കപ്പെട്ട 36 റഫാൽ വിമാനങ്ങളുടെ ഇറക്കുമതി കരാർ റിലയൻസ് ഡിഫൻസിന് ലാഭമൊന്നും ഉണ്ടാക്കുന്നതല്ലെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഉൾപ്പെടെ ഭരണനേതൃത്വത്തിന്റെ വാദവും അംബാനിയുടെ ഈ പരാമർശവുമായി ഒത്തുപോകുന്നതാണ്.

പക്ഷേ, കഴിഞ്ഞ ജൂലായ് 18-ന് ദസൊ സി.ഇ.ഒ. പറഞ്ഞ ചില കാര്യങ്ങൾ  ഇക്കാര്യത്തിൽ പുതിയ വിവരങ്ങൾ നൽകുന്നുണ്ട്. തങ്ങൾ നാഗ്‌പുരിൽ നിർമാണശാലയ്ക്ക് തുടക്കമിടുകയും റിലയൻസിനെ പങ്കാളികളാക്കുകയും ചെയ്തതായും ഭാവിയിൽ വിമാനഭാഗങ്ങൾ നിർമിക്കാൻ ആവശ്യമായ പരിശീലനം നൽകിത്തുടങ്ങിയെന്നും ഇത് റഫാലിന്റെയോ ഫാൽക്കണിന്റെയോ ഭാഗങ്ങളാകാമെന്നും ദസൊ സി.ഇ.ഒ. എറിക് ട്രാപ്പിയർ പറയുന്നു. ദസൊയുടെ ഭാവി നീക്കങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ട്രാപ്പിയറുടെ വാക്കുകൾ എന്ന് കരുതാം.

ദസൊയുടെ വലിയ ലക്ഷ്യങ്ങൾ 

ഇന്ത്യ  ഇപ്പോൾ നേരിട്ട് വാങ്ങാൻ ഉദ്ദേശിക്കുന്ന 36 റഫാൽ വിമാനങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല ദസൊ യുടെ ഇന്ത്യയിലെ ഭാവിലക്ഷ്യങ്ങൾ. നേരിട്ട് നൽകുന്നവയ്ക്ക് പുറമേ ഇന്ത്യയിൽനിന്ന് കൂടുതൽ യുദ്ധവിമാനങ്ങളുടെ ഓർഡർ ദസൊ പ്രതീക്ഷിക്കുന്നുണ്ട് എന്ന് വ്യക്തം. ഇന്ത്യയിൽ തന്നെ വിമാനങ്ങൾ നിർമിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടാവാം. റിലയൻസിനെ ഒരു പൂർണ പങ്കാളിയാക്കിക്കൊണ്ടുള്ള നീക്കമാണ് ദസൊ നടത്തുന്നത്. 
ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള യുദ്ധവിമാനങ്ങളുടെ ഭാഗങ്ങളും മിഹാൻ നിർമാണശാലയിൽ നിർമിക്കാൻ പദ്ധതിയുണ്ടാകാം. ഇന്ത്യ നേരിട്ട് വാങ്ങുന്ന 36 റഫാൽ വിമാനങ്ങളുടെ കാര്യത്തിൽ റിലയൻസിന് ഒരു കാര്യവുമില്ലെന്നും അവർ ദസൊയുടെ നിരവധി കരാറുകാരിൽ ഒന്നുമാത്രമാണെന്നും കേന്ദ്രസർക്കാർ ആവർത്തിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. റിലയൻസിനെ ഓഫ്‌സെറ്റ് പങ്കാളിയാക്കിയത് ദസൊയാണെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നുമുള്ള  കേന്ദ്രസർക്കാരിന്റെ നിലപാടും  ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. സാങ്കേതികതയിലൂന്നിയ ഈ രണ്ട് വാദഗതികളാണ് റഫാലിലെ ഓഫ്‌സെറ്റ് കരാറിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിരോധം.

ഓഫ്‌സെറ്റ് കരാർ പ്രതിരോധ ഇടപാടുകളിൽ ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. പ്രതിരോധ സാമഗ്രികൾ ഇറക്കുമതി ചെയ്യുമ്പോൾ അവ നൽകുന്ന വിദേശകമ്പനികൾ (സപ്ലയർ) കരാർത്തുകയുടെ നിശ്ചിതശതമാനം ഇന്ത്യയിൽ മുതൽമുടക്കണം. 59,000 കോടിയോളം വരുന്ന റഫാൽ കരാറിൽ ഫ്രഞ്ച് നിർമാതാക്കളായ ദസൊ കരാർത്തുകയുടെ 50 ശതമാനം അതായത് ഏകദേശം 30,000 കോടിക്കടുത്ത് ഇന്ത്യയിൽ നിക്ഷേപിക്കേണ്ടിവരും. ദസൊയുടെ പ്രധാന ഓഫ്‌സെറ്റ് പങ്കാളികൾ റിലയൻസ് ആയതിനാൽ ഇരുകൂട്ടരുടെയും സംയുക്തസംരംഭമായ ദസൊ റിലയൻസ് ഏറോസ്‌പേസിലൂടെ ആയിരിക്കും ഈ ഓഫ്‌സെറ്റ് മാനദണ്ഡം നടപ്പാക്കേണ്ടിവരുക. 30,000 കോടിയിൽ സിംഹഭാഗവും റിലയൻസിന് മുതൽമുടക്കാവുന്ന തരത്തിലാകും എന്ന് കരുതണം. എന്നാൽ ദസൊയുടെ ഓഫ്‌സെറ്റ് പങ്കാളിത്തത്തിൽ ഗണ്യമായ ശതമാനം തെയിൽസ്, സഫ്രാൻ എം.ബി.ഡി.എ. തുടങ്ങിയ സ്ഥാപനങ്ങൾക്ക് പോകുമെന്നും 30,000 കോടിയും റിലയൻസിനാണെന്നുമുള്ള പ്രചാരണം തെറ്റാണെന്നുമാണ് റിലയൻസ് ഡിഫൻസിന്റെ വാദം.  ഓഫ്‌സെറ്റ് നിബന്ധനകളുടെ ഭാഗമായി 72 ഇന്ത്യൻ സ്ഥാപനങ്ങളുമായി ദസൊ കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 

ഓഫ്‌സെറ്റ് മുതൽമുടക്ക് 2016-ൽ സർക്കാർ പുറത്തിറക്കിയിട്ടുള്ള പ്രതിരോധ സംഭരണപ്രക്രിയ ചട്ടങ്ങളിലെ ഓഫ്‌സെറ്റ് മാർഗരേഖയ്ക്ക് വിധേയമായിരിക്കും. ഇതുപ്രകാരം ഏത് ചെറിയ തുകയ്ക്കുള്ള ഓഫ്‌സെറ്റ് പദ്ധതികളും പ്രതിരോധമന്ത്രിയുടെ അറിവിനും അനുമതിക്കും വിധേയമായിട്ടായിരിക്കണം. റഫാൽ ഇടപാടിൽ ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതുമുതൽ ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് പ്രസക്തമായ കാര്യം. 

പങ്കാളിയെ തീരുമാനിക്കാൻ വിദേശ കമ്പനിക്ക് അധികാരമുണ്ടെങ്കിലും അങ്ങനെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ പങ്കാളിക്ക് ആവശ്യമായ പ്രവൃത്തിപരിചയമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിരോധമന്ത്രാലയം ഉറപ്പുവരുത്തണം.  പ്രതിരോധരംഗത്ത് പരിചയമില്ലാത്ത റിലയൻസ് ഡിഫൻസിനെ ഓഫ്‌സെറ്റ് പങ്കാളികളായി തിരഞ്ഞെടുത്തപ്പോൾ പ്രതിരോധമന്ത്രാലയം ഈ മാർഗരേഖകൾ പാലിച്ചിട്ടുണ്ടോ എന്നത് ചോദ്യങ്ങൾ ഉയർത്തുന്നു.  
ഇന്ത്യ, ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള റഫാൽ കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ച് ഏറെയൊന്നും വെളിപ്പെടുത്താൻ ഇതേവരെ എൻ.ഡി.എ. സർക്കാർ തയ്യാറായിട്ടില്ല.  കരാറിനെ പൊതിഞ്ഞുനിൽക്കുന്ന ഈ രഹസ്യാത്മകത ആരോപണങ്ങൾക്ക് ശക്തിപകരുകയാണ് ചെയ്യുന്നത്.
 

നാളെ: ഒളോന്ദ്, അംബാനി, സിനിമ, വദ്ര.....(രണ്ടാം ഭാഗം)   

Read More: ആരോപണങ്ങളുടെ ചിറകിലേറി റഫാല്‍ (ഒന്നാം ഭാഗം)