രമ്പരാഗതവും അല്ലാത്തതുമായ ആധുനിക യുദ്ധതന്ത്രങ്ങളിൽ വ്യോമശേഷി ഏത് രാജ്യത്തിനും പരമപ്രധാനമാണ്. വടക്കുപടിഞ്ഞാറേ  അതിർത്തിയിൽനിന്ന് പാകിസ്താന്റെയും കിഴക്കുനിന്ന് ചൈനയുടെയും  ഒരേസമയമുള്ള ഭീഷണി യാഥാർഥ്യമായിരിക്കേ ഇന്ത്യയുടെ യുദ്ധ തന്ത്ര വിദഗ്‌ധർ നമ്മുടെ വ്യോമസേനയ്ക്ക് നിശ്ചയിച്ച ഉചിതമായ യുദ്ധവിമാന ശേഷി 42 സ്ക്വാഡ്രൺ എന്നാണ്.  നിലവിൽ 32 എന്ന നിലയിലേക്കായി അത് ചുരുങ്ങിയിരിക്കുന്നു.  ചൈനയിൽനിന്നും പാകിസ്താനിൽനിന്നും ഒരേസമയം  ഭീഷണി ഉയർന്നാൽ ഈ ചുരുങ്ങിയ വ്യോമശേഷികൊണ്ട് ഇന്ത്യയ്‌ക്ക് അത് നേരിടാനാകുമോ എന്ന ചോദ്യം സൈനിക നേതൃത്വത്തിൽനിന്ന് തന്നെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. പോർവിമാനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന വ്യോമസേനയുടെ ആവശ്യത്തിന് 18 വർഷത്തെ പഴക്കമുണ്ട്. 2000-ത്തിൽ വാജ്‌പേയി സർക്കാരിന് മുന്നിലാണ് ആദ്യം ഇക്കാര്യം ഉയർത്തിയത്. 2004 വരെയുള്ള വാജ്‌പേയി കാലഘട്ടവും പിന്നീട് 10 വർഷങ്ങൾ നീണ്ട മൻമോഹൻസിങ്ങിന്റെ യു.പി.എ. കാലഘട്ടവും നരേന്ദ്രമോദി സർക്കാരിന്റെ നാലരവർഷവും പിന്നിട്ടിട്ടും ഒരു പുതിയ യുദ്ധവിമാനം പോലും വ്യോമസേനയുടെ ആയുധശേഖരത്തിൽ ഇനിയും എത്തിയിട്ടില്ല. വ്യോമസേനയുടെ ആവശ്യങ്ങൾക്ക് താത്‌കാലികവും അടിയന്തരവുമായ പരിഹാരം എന്ന നിലയിൽ  അടുത്തവർഷം മുതൽ ഇന്ത്യക്ക് ലഭിച്ചുതുടങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫ്രഞ്ച് റഫാൽ വിമാനങ്ങളാണ് ഇപ്പോൾ വിവാദത്തിന്റെ ചിറകിലേറിയിരിക്കുന്നത്.

1996-ലാണ് ഇന്ത്യ അവസാനമായി യുദ്ധവിമാനങ്ങൾക്കുള്ള കരാറിൽ ഏർപ്പെടുന്നത്. അന്ന് റഷ്യയിൽനിന്ന് കരസ്ഥമാക്കിയ സുഖോയ് -30 എം.കെ.ഐ. വിമാനങ്ങൾ അഞ്ച് ബാച്ചുകളിലായി ഇന്ത്യയിലെത്തി.  146 കോടി അമേരിക്കൻ ഡോളറിന്റെ വൻ കരാറായിരുന്നു അത്. സുഖോയിക്കുശേഷം പിന്നീട് ഇതേവരെ പുതിയ യുദ്ധവിമാനങ്ങളൊന്നും ഇന്ത്യയിലെത്തിയിട്ടില്ല. 

റഫാൽ വന്ന വഴി

126 മീഡിയം മൾട്ടി റോൾ കോംബാറ്റ് എയർക്രാഫ്റ്റു(എം.എം. ആർ.സി.എ.) കൾക്കുള്ള ടെൻഡർ നടപടികൾക്ക് പ്രതിരോധമന്ത്രാലയം തുടക്കമിടുന്നത് യു.പി.എ. ഭരണകാലത്ത്‌ 2007-ലാണ് .  എല്ലാ മാനദണ്ഡങ്ങളും വ്യോമസേനയുടെ ആവശ്യങ്ങളും പരിഗണിച്ചുകഴിഞ്ഞപ്പോൾ രംഗത്ത് അവശേഷിച്ചത് റഫാലും യുറോഫൈറ്റർ ടൈഫൂണും. അഞ്ച് വർഷത്തിനുശേഷം ടെൻഡർ നടപടി പൂർത്തിയായപ്പോൾ ഫ്രഞ്ച് ദസൊ ഏവിയേഷൻ  ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാർ സ്വന്തമാക്കി. അങ്ങനെ റഫാൽ വിമാനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള പാത ഒരുങ്ങി. 18 വിമാനങ്ങൾ നേരിട്ട് (ഫ്ളൈ എവേ) ഇന്ത്യയിലെത്തിക്കാനും ബാക്കി 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ നിർമിക്കാനും ധാരണയായി. 
ടെൻഡർ ഉറപ്പിച്ചെങ്കിലും യു.പി.എ. കാലത്ത് ഇതിന്റെ നടപടി അന്തിമ ഘട്ടത്തിൽ മാത്രമേ എത്തിയിരുന്നുള്ളൂ. ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു.
2014-ൽ ഭരണമാറ്റമുണ്ടാകുകയും കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുകയും ചെയ്തു. റഫാൽ കരാറിന്റെ കാര്യത്തിൽ തുടർന്ന് അല്പകാലം അവ്യക്തത തുടർന്നു.  വിലയിൽ 20 ശതമാനം കുറവ് വാഗ്ദാനം ചെയ്ത് റഫാലിനൊപ്പം അവസാനംവരെ മത്സരരംഗത്തുണ്ടായിരുന്ന യൂറോഫൈറ്റർ ടൈഫൂൺ ഇതിനിടെ വീണ്ടും രംഗത്തെത്തിയിരുന്നു.

റിലയൻസിന്റെ രംഗപ്രവേശം

2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഫ്രാൻസ് സന്ദർശനത്തോടെയാണ്  അതേവരെ ചർച്ചകളിലും വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങളിലും കുരുങ്ങി ഇഴഞ്ഞു നീങ്ങിയിരുന്ന കരാർ പ്രാവർത്തികമാകുന്നത്. എന്നാൽ, വ്യവസ്ഥകളിൽ വലിയ മാറ്റങ്ങളോടെയാണിത് സംഭവിച്ചത്. ഇന്ത്യ-ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള  ഇടപാടിൽ 36 വിമാനങ്ങൾ നേരിട്ട് വാങ്ങാനായിരുന്നു തീരുമാനം.  ഫ്രാൻസിൽ നിർമിക്കുന്ന വിമാനം പൂർണ സജ്ജമായി ഇന്ത്യയിലെത്തിക്കുക.  ഇതോടെ 126 വിമാനങ്ങൾക്കുള്ള പഴയ ഇടപാട് ഇല്ലാതായതായി അന്ന് പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ വ്യക്തമാക്കി. പ്രധാനമന്ത്രി ഫ്രാൻസിൽനിന്ന് മടങ്ങി മാസങ്ങൾക്കകം കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിജ്ഞാപനമിറക്കി.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാനചോദ്യങ്ങളിൽ ഒന്ന്  പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനവുമായി ബന്ധപ്പെട്ടാണ്. റഫാൽ കരാറോ, കരാറിലേ മാറ്റങ്ങളോ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിൽ അജൻഡയിലുണ്ടായിരുന്നോ എന്ന ചോദ്യം.  അന്ന് ഫ്രഞ്ച് പ്രസിഡന്റായിരുന്നു ഒളോന്ദുമായുള്ള മോദിയുടെ പാരീസിലെ കൂടിക്കാഴ്ചയ്ക്ക് രണ്ടുദിവസം മുമ്പ് വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കർ പറഞ്ഞ കാര്യങ്ങൾ സൂചിപ്പിക്കുന്നത് ഇത് അജൻഡയിൽ ഇല്ലായിരുന്നു എന്നാണ്. ജയശങ്കർ മാധ്യമപ്രവർത്തകരോട് അന്ന് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കോൺഗ്രസ് ഇപ്പോൾ ആയുധമാക്കുന്നത്‌.  പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ അന്ന് മോദിയെ പാരീസിലേക്ക് അനുഗമിച്ചിരുന്നില്ല.  അതിനാൽ സന്ദർശനത്തെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി പറഞ്ഞത് മുഖവിലയ്ക്കെടുക്കാനേ കഴിയൂ. മറ്റൊന്ന് യു.പി.എ. കാലത്തെ കരാറിന്റെ ഭാഗമായി എച്ച്.എ.എല്ലിന്റെ പങ്കാളിത്തകാര്യം മോദിയുടെ സന്ദർശനം വരെ സജീവമായിരുന്നു എന്നതാണ്. ദസൊയുടെ സി.ഇ.ഒ.ഏറിക് ട്രാപ്പർ ഇതേക്കുറിച്ച് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സർക്കാരിനെ അടിക്കാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്. മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് രണ്ടാഴ്ച മുമ്പ് 2015 മാർച്ച് 25-ന് ദസൊ സി.ഇ.ഒ. പറഞ്ഞത് എച്ച്.എ.എല്ലുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്, താമസിയാതെ ധാരണയിലേർപ്പെടാൻ കഴിയും എന്നാണ്. കരാറിന്റെ ഭാഗമായ ഓഫ്‌സെറ്റ് പങ്കാളിത്തത്തിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് അല്ലാതെ മറ്റൊരു ഇന്ത്യൻ സ്ഥാപനം ദസൊയുടെ  പരിഗണനയിൽ അതേവരെ ഇല്ല എന്ന സൂചനയാണ് ട്രാപ്പറുടെ വാക്കുകൾ നൽകുന്നത്.

അന്ന് മോദിയെ ഫ്രാൻസിലേക്ക് അനുഗമിച്ച ഇന്ത്യൻ വ്യവസായ സംഘത്തിൽ അനിൽ അംബാനിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ റിലയൻസ് ഡിഫൻസാണ് ദസൊയുടെ ഓഫ്‌സെറ്റ് പങ്കാളി എന്ന നിലയിൽ ഇപ്പോൾ റഫാൽ വിവാദത്തിൽ ഇടം പിടിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്   സ്ഥാപനങ്ങളുടെ സി.ഇ.ഒ.മാരുടെ ഫോറത്തിന്റെ യോഗത്തിൽ പങ്കെടുക്കാനാണ് അനിൽ അംബാനി അന്ന് പാരീസിലെത്തിയതെന്നും എച്ച്. എ.എൽ.ചെയർമാൻ ഉൾപ്പെടെ 25 ഇന്ത്യൻ കമ്പനികളുടെ സി.ഇ.ഒ.മാർ സംഘത്തിലുണ്ടായിരുന്നുവെന്നുമാണ് റിലയൻസ് ഡിഫൻസ് ഇതിന് നൽകുന്ന ന്യായീകരണം. എന്തായാലും ആ സന്ദർശനത്തോടെയാണ് റിലയൻസ് ഡിഫൻസ് റഫാൽ കരാറുമായി ബന്ധപ്പെട്ട അനുബന്ധ ചർച്ചകളിൽ സ്ഥാനം പിടിക്കുന്നതും എച്ച്.എ.എൽ. ഒഴിവാക്കപ്പെടുന്നതും. റിലയൻസ് ഡിഫൻസ് ലിമിറ്റഡ് എന്ന കമ്പനി രൂപം കൊള്ളുന്നത് പ്രധാനമന്ത്രിയുടെ ഫ്രാൻസ് യാത്രയ്ക്കും 36 റഫാൽ വിമാനങ്ങൾ നേരിട്ട് വാങ്ങാനുമുള്ള തീരുമാനത്തിന് 12 ദിവസം മുമ്പാണെന്നതും ആരോപണങ്ങൾക്ക് മുർച്ച കൂട്ടുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിൽ എത്തുന്നതിന് മുമ്പുതന്നെ അനിൽ അംബാനി അവിടെയെത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ദസൊ അധികൃതരുമായി അനിൽ അംബാനി ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. എന്നാൽ, അവരുടെ പങ്കാളികളായി റിലയൻസ് ഡിഫൻസിനെ തീരുമാനിക്കുന്ന നിർണായക ശുപാർശ എവിടെനിന്ന് ഫ്രഞ്ച് സർക്കാരിനും ദസൊക്കും  ലഭിച്ചു എന്നതാണ്‌ ചോദ്യം. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളോന്ദിന്റെ വെളിപ്പെടുത്തൽ ഇന്ത്യയാണ് ഈ നിർദേശം മുന്നോട്ടുവെച്ചതെന്നും തങ്ങൾക്ക് മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നുമാണ്. പ്രതിരോധമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഒന്നും ഭാഗഭാക്കാകാതിരുന്ന ഒരു തീരുമാനത്തിൽ ആരോപണത്തിന്റെ കുന്തമുന പ്രധാനമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും എത്തുന്നത് സ്വാഭാവികം. വ്യോമസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉന്നതർക്കുപോലും കരാറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് സൂചനകൾ.  അതേസമയം ദസൊയുടെ ഓഫ്‌സെറ്റ് പങ്കാളികളാകാൻ  യു.പി.എ. ഭരണകാലത്തുതന്നെ ഇന്ത്യൻ കമ്പനികൾ രംഗത്തുണ്ടായിരുന്നു എന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.  റിലയൻസും അന്നുതന്നെ രംഗത്തുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.  ദസൊയും റിലയൻസ് ഡിഫൻസും തമ്മിൽ 2013-ൽ തന്നെ ധാരണയുണ്ടായിരുന്നുവെന്ന ബി.ജെ.പി.യുടെ പ്രത്യാരോപണത്തിന്റെ പശ്ചാത്തലം അതാണ്. പക്ഷേ, അനിൽ അംബാനിയുടെ ഗ്രൂപ്പായിരുന്നില്ല തുടക്കത്തിൽ രംഗത്തുണ്ടായിരുന്നത് എന്നാണ് രാഷ്ട്രീയ ഉപശാലകളിൽ കേൾക്കുന്നത്.  അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് അന്ന് രജിസ്റ്റർ ചെയ്തിരുന്നില്ല. എന്തായാലും കടക്കെണിയിലായിരുന്ന അനിൽ അംബാനിക്ക് മോദി നൽകിയ 30,000 കോടിയുടെ കരാർ എന്ന കോൺഗ്രസിന്റെ ആരോപണത്തിന്റെ മുനയൊടിക്കാൻ സർക്കാരിന് ഏറെ വിശദീകരിക്കേണ്ടി വരും. 

നാളെ: കമ്പനി രൂപവത്‌കരിച്ചത്‌ രണ്ടാഴ്ചമുമ്പ്‌; കിട്ടിയത്‌ വമ്പൻ കരാർ