1968 നവംബര്‍ 20-തലശ്ശേരി മെയിന്‍ റോഡില്‍ ആളൊഴിഞ്ഞ് നന്നേ ഇരുള്‍  പരക്കാന്‍ തുടങ്ങിയതോടെ അപരിചിതരായ യുവാക്കള്‍ വാധ്യാര്‍പീടിക ലക്ഷ്യമാക്കി എത്തിക്കൊണ്ടിരുന്നു. ബീഡിക്കമ്പനികള്‍ പൂട്ടിയതോടെ പണി നഷ്ടപ്പെട്ട തൊഴിലാളികള്‍, നെയ്ത്തു തൊഴിലാളികള്‍, അധ്യാപകര്‍... പാതിരാത്രിയാകുമ്പോഴേക്കും കേപ്പീസ് കോളേജിന്റെ മുറികള്‍ തിങ്ങിനിറഞ്ഞു. തലശ്ശേരിയില്‍ കമ്യൂണിസ്റ്റ് ചിന്തകളുടെ കേന്ദ്രമായി പാട്യം കുമാരന്‍ മാഷ് കെട്ടിപ്പടുത്ത പാട്യംസ് കോളേജാണ്, അദ്ദേഹം തത്കാലം വിട്ടുനിന്നപ്പോള്‍ കെ.പി. നാരായണന്‍ മാഷുടെ കേപ്പീസ് കോളേജായത്. നക്‌സല്‍ ആശയങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കേപ്പീസ് കോളേജ് അതിന്റെ കേന്ദ്രമായി. കുന്നിക്കലിന്റെ കോഴിക്കോട്ടെ റിബല്‍ പബ്ലിക്കേഷന്‍ പോലെ കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് കള്‍ച്ചറല്‍ ഫോറം... 

'പാര്‍ലമെന്ററി മാര്‍ഗത്തെ പുണര്‍ന്ന്, ചെയര്‍മാന്‍ മാവോയുടെ ചൈനീസ് പാത പിന്തുടരാന്‍ തയ്യാറാവാത്ത പുത്തന്‍ തിരുത്തല്‍വാദികളായ സി.പി.എമ്മിനകത്ത് കലാപം നടത്തി  പുറത്ത് വിപ്ലവം നടത്താനിറങ്ങുക'  എന്ന രഹസ്യ ആഹ്വാനം കേട്ട് എത്തിയവരാണവര്‍. ആകെ 315 പേര്‍. മിക്കവരുടെയും ആയുധം മോചനം എന്ന രാഷ്ട്രീയ വിശ്വാസം മാത്രം. ആക്ഷന്റെ  കമാന്‍ഡര്‍മാരായി കെ.പി. നാരായണന്‍, വി.കെ. ബാലന്‍, കാന്തലോട്ട് കരുണന്‍, പുന്നോല്‍ ബാലകൃഷ്ണന്‍ എന്നിവര്‍. ചീഫ് കമാന്‍ഡറായി കുന്നിക്കലും. ആക്ഷന്‍ നടത്തേണ്ട സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കാന്തലോട്ട് കരുണന്‍ നിയോഗിക്കപ്പെട്ടു. 'വിപ്ലവകാരികള്‍' ക്യാമ്പ് ചെയ്തിട്ടുള്ള കേന്ദ്രത്തിന് 200 മീറ്ററോളം മാത്രം അകലെയാണ് ആക്രമിക്കേണ്ട തലശ്ശേരി പോലീസ് സ്റ്റേഷന്‍. തിരിച്ചെത്തിയ കാന്തലോട്ട്, കുന്നിക്കലിനോട് പറഞ്ഞു: 'സംഗതി പന്തിയല്ല. വന്‍ പോലീസ് സന്നാഹമുണ്ട്.' കമാന്‍ഡര്‍മാര്‍ കൂടിയാലോചിച്ച് ഉടന്‍ തീരുമാനം വന്നു. ആക്ഷന്‍ നാളത്തേക്ക് മാറ്റുകയാണ്. പുലരുംമുമ്പ് അയ്യഞ്ചാളുള്ള സംഘമായി എങ്ങോട്ടെങ്കിലും പോവുക. ഇരുട്ടുപറ്റുമ്പോള്‍ എരഞ്ഞോളിയിലെ കുണ്ടുചിറയിലെത്തുക.

രാത്രി പത്ത്-പത്തരയോടെയാണ് കുണ്ടുചിറയില്‍നിന്ന് തലശ്ശേരി സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്. ഗ്രാമങ്ങള്‍ മോചിപ്പിച്ച് ലോങ് മാര്‍ച്ച് നടത്തി നഗരങ്ങളെ വളയുക-സായുധകലാപത്തിലൂടെ വിപ്ലവം വിജയിപ്പിച്ച് ജനകീയഭരണം സ്ഥാപിക്കുക. അതിന് ആയുധം സംഭരിക്കാനാണ് പോലീസ് സ്റ്റേഷന്‍ ആക്ഷന്‍. ബ്രണ്ണന്‍ കോളേജിലെയും മറ്റും എന്‍.സി.സി. കാഡറ്റുകള്‍ക്കായുള്ള മുപ്പതോളം തോക്കുകള്‍ കൂടി തലശ്ശേരി പോലീസ് സ്റ്റേഷനിലുണ്ട്. ത്രീ നോട്ട് ത്രീ റൈഫിളുകള്‍. അത് എടുക്കാന്‍ കഴിഞ്ഞാല്‍ വിജയമായി. പോലീസ് സ്റ്റേഷനിലേക്കുള്ള ടെലിഫോണ്‍ കമ്പികള്‍ മുറിച്ചുമാറ്റിയിരുന്നു. കേപ്പീസ് കോളേജില്‍ സൂക്ഷിച്ച വടികളും പടക്കവും മറ്റും എടുത്തുകൊണ്ടുവന്ന് അര്‍ധരാത്രി പിന്നിട്ട ശേഷമാണ് പോലീസ് സ്റ്റേഷന്‍ ഭാഗത്തേക്ക് നീങ്ങിയത്. മുന്‍നിര അവിടെ എത്തിയതും പെട്ടെന്ന് വലിയ ശബ്ദമുണ്ടായി. പാറാവുകാരനുനേരെ എറിഞ്ഞ പടക്കം  ലക്ഷ്യം തെറ്റി സ്റ്റേഷന്റെ നോട്ടീസ് ബോഡില്‍ തട്ടി താഴെ വീണിട്ടും പൊട്ടിയില്ല. എന്നാല്‍, ഒച്ചകേട്ട് പാറാവുകാരന്‍ ഒച്ചവെച്ചപ്പോള്‍ പോലീസുകാര്‍ മുകളിലത്തെ നിലയില്‍നിന്ന് ഓടി താഴെയിറങ്ങി. ആ അന്തരീക്ഷത്തില്‍ സ്റ്റേഷന് സമീപത്തായി ഉണ്ടായിരുന്ന കന്നുകാലികള്‍ വെപ്രാളത്തോടെ ഓടി. ആക്ഷനെത്തിയവരുടെ മുന്‍നിര പകച്ചുപോയതോടെ അത്   കലാപകാരികളുടെ ചിതറിയോട്ടത്തില്‍ കലാശിച്ചു.

പുല്‍പ്പള്ളിയില്‍ അപ്പോള്‍...

പുല്പള്ളിയില്‍ അപ്പോള്‍ ആക്ഷന്റെ അന്തിമരൂപം തയ്യാറാക്കുകയായിരുന്നു വര്‍ഗീസും തേറ്റമല കൃഷ്ണന്‍കുട്ടിയും അജിതയും ഫിലിപ് എം. പ്രസാദുമെല്ലാം. കുന്നിക്കല്‍ തലശ്ശേരിയിലെ ആക്ഷന്‍ നയിക്കാന്‍ പോയപ്പോള്‍ ഭാര്യ മന്ദാകിനിയും മകള്‍ 16-കാരി അജിതയും വയനാട്ടില്‍ പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ നേരത്തേതന്നെ എത്തിയിരുന്നു. തലശ്ശേരിയില്‍ ആക്ഷന്‍ നടന്നതായറിഞ്ഞാല്‍ ഉടനെ പുല്പള്ളിയില്‍ ആക്ഷന്‍ നടത്തണം. വിവിധ കേന്ദ്രങ്ങളില്‍നിന്ന് വയനാട്ടിലെത്തിയ പ്രവര്‍ത്തകര്‍ മൈസൂരു വനത്തില്‍ വര്‍ഗീസിന്റെ താവളത്തിലെത്തിയ ശേഷമാണ് ഒരുക്കങ്ങളായത്. അവര്‍ 17 അംഗ സുപ്രീം കൗണ്‍സിലിന് രൂപം നല്‍കി. തലശ്ശേരിയില്‍ കലാപംചെയ്തു എന്നറിഞ്ഞാലുടന്‍ പുല്പള്ളിയില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധ സംഭരണം നടത്തുകയും നക്‌സല്‍ബാരി കലാപത്തിന്റെ വിളംബരം നടത്തുകയും ചെയ്യുക. എന്നിട്ട് ചേകാടിയിലേക്ക് പോയി ജന്മിമാരെ ഒരു പാഠം പഠിപ്പിച്ച് തിരുനെല്ലിയിലെത്തുക.  അപ്പോഴേക്കും തലശ്ശേരിയില്‍നിന്നുള്ള തോക്കുകളുമായി കുന്നിക്കലും കെ.പി. നാരായണനും വെള്ളത്തൂവല്‍ സ്റ്റീഫനുമെല്ലാം തിരുനെല്ലിയിലെത്തുക. അവിടെവെച്ച് ഇരുസംഘങ്ങളും ചേര്‍ന്ന് നാട്ടിലാകെ നക്‌സല്‍ബാരി കലാപത്തിന് നേതൃത്വം നല്‍കുന്ന ശക്തിയായി മാറുക.

22-ന് ഉച്ചയ്ക്ക് 12.30-ന്റെ വാര്‍ത്തയില്‍ തലശ്ശേരിയില്‍ കലാപം നടന്നതായി അറിഞ്ഞതോടെ വര്‍ഗീസും അജിതയും സംഘവും പുല്പള്ളിയിലേക്ക് നീങ്ങാന്‍ ഒരുങ്ങി. സ്ഥലത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് രഹസ്യാന്വേഷണവിവരം കിട്ടിയത് 23-ന് രാത്രി. പിന്നെ താമസിച്ചില്ല, അവര്‍ പോരാട്ടത്തിന് ഉത്സുകരായി മുന്നോട്ടുനീങ്ങി. അപ്പോള്‍ അര്‍ധരാത്രിയായിരുന്നു... പുല്പള്ളി പോലീസ് ക്യാമ്പ് അവിടത്തെ ക്ഷേത്രത്തിന്റെ ഊട്ടുപുരയാണ്. അവിടേക്ക് ഇരച്ചെത്തുകയും ആദ്യം വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ക്യാമ്പിനകത്തേക്ക് പ്രവേശിച്ച് ആക്രമണം നടത്തുകയുമായിരുന്നു. വയര്‍ലെസ് സംവിധാനം തകര്‍ക്കുകയും അതിന്റെ ഓപ്പറേറ്ററായ കൃഷ്ണന്‍ നായര്‍ എന്ന പോലീസുകാരനെ കുന്തംകൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തു. എസ്.ഐ.ക്കടക്കം പരിക്ക്... ചേകാടിയിലെ ചില ജന്മിമാരുടെ പത്തായങ്ങളും പണപ്പെട്ടിയും കുത്തിത്തുറക്കപ്പെട്ടു. പൊന്നും പണവും ധാരാളം പിടിച്ചെടുത്തു. ധാന്യം പിടിച്ചെടുത്ത് വിതരണം ചെയ്തു. തുടര്‍ന്ന് കബനീനദി കടന്ന് തിരുനെല്ലി ലക്ഷ്യമാക്കി അവര്‍ നടന്നു. 

കുന്നിക്കലിന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍നിന്നുള്ള വിപ്ലവകാരികള്‍ വരുന്നത്, അവര്‍ പിടിച്ചെടുത്ത തോക്കുകള്‍...അതിനായി പ്രതീക്ഷയോടെ...     നീണ്ട കാത്തിരിപ്പും മരംകോച്ചുന്ന തണുപ്പും ക്ഷീണവും ഉറക്കമില്ലായ്മയും സംഘത്തില്‍ നൈരാശ്യത്തിനും തിരികൊളുത്തി. അതിനുപുറമേ മൂന്ന് സംഭവങ്ങള്‍ സംഘത്തെ വല്ലാതെ ഉലയ്ക്കാന്‍ പോന്നതായിരുന്നു. ആക്ഷന് ഇടയില്‍ ഗോപാലന്‍ എന്ന പ്രവര്‍ത്തകന്‍ കുഴിയില്‍ വീണ്, കൈയിലുള്ള ബോംബ് പൊട്ടി കൈ നഷ്ടപ്പെട്ടത്, ഉശിരനായ പ്രവര്‍ത്തകന്‍ കിസാന്‍ തൊമ്മന്റെ മരണം. വിശ്രമിക്കുന്ന സ്ഥലത്ത് തന്റെ കൈയിലുള്ള ബോംബ് സഞ്ചി ഒരു മരക്കൊമ്പില്‍ തൂക്കിയിടുന്നതിനിടെ അത് വീണുപൊട്ടിയാണ് തൊമ്മന് മാരകമായി പരിക്കേറ്റത്. രക്ഷപ്പെടുത്താനാവാത്ത വിധം പരിക്കുണ്ടെന്നതിനാല്‍ ഗത്യന്തരമില്ലാതെ സഖാക്കള്‍തന്നെ വെടിവെച്ചുകൊല്ലുകയായിരുന്നു, തൊമ്മനെ എന്നാണ് പിന്നീട് വ്യക്തമായത്. മൂന്നാമത്തെ തിരിച്ചടി, തേറ്റമല കൃഷ്ണന്‍കുട്ടി പിടിയിലായതാണ്. തലശ്ശേരിസംഘം വരുന്നുണ്ടോ എന്ന് നോക്കാന്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് അദ്ദേഹം പിടിയിലായത്. 

 ഇതെല്ലാമായപ്പോള്‍ വിപ്ലവസംഘത്തിലെ അംഗസംഖ്യ ചുരുങ്ങാന്‍ തുടങ്ങി. നിരാശരായവരെ പിരിഞ്ഞുപോകാന്‍ വര്‍ഗീസ് അനുവദിക്കുകയായിരുന്നു. ഒടുവില്‍ അവശേഷിച്ച പതിനഞ്ചോളം പേര്‍ ഡിസംബര്‍ രണ്ടിന് കൊട്ടിയൂര്‍ വനാന്തരങ്ങളിലേക്ക് പ്രയാണം തുടങ്ങി. വഴിതെറ്റി എത്തിയത് കേളകം അടക്കാത്തോടാണ്. അജിതയും ഫിലിപ്പ് എം. പ്രസാദുമടക്കമുള്ള ഒമ്പതുപേര്‍ അവിടെവെച്ച് പിടിയിലായി. വര്‍ഗീസ് അനിതരസാധാരണമായ ചങ്കൂറ്റത്തോടെ പോലീസിനെ വെട്ടിച്ച് വീണ്ടും ഒളിവിലേക്ക്...പറശ്ശിനിക്കടവിലും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും പഴയ സഖാക്കള്‍ വര്‍ഗീസിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു, ആശയപരമായി എതിര്‍പ്പുണ്ടായിട്ടും. ഒടുവില്‍ 1970 ഫെബ്രുവരി 18-ന് തിരുനെല്ലി കുമ്പാരക്കുനിയില്‍ പോലീസ് പിടിച്ച് കണ്ണ് ചൂഴ്ന്നെടുത്ത് നെഞ്ച് അടിച്ചുതകര്‍ത്ത് വെടിവെച്ചുകൊല്ലുകയായിരുന്നു...

തലശ്ശേരി-പുല്പള്ളി: നാള്‍വഴി
 

 • 1966 അവസാനം- സി.പി.എം. കോഴിക്കോട് 27-ാം ഡിവിഷന്‍ ഘടകം പാര്‍ട്ടിയുടെ അനുമതിയില്ലാതെ മാര്‍ക്സിസ്റ്റ് പബ്ലിക്കേഷന്‍ തുടങ്ങുന്നു
 •  1967 ജനുവരി-കുന്നിക്കല്‍ നാരായണനെ സി.പി.എം. പുറത്താക്കുന്നു
 •  1967 ജൂണ്‍-ജൂലായ് -നക്സല്‍ബാരിയിലെ കര്‍ഷക കലാപത്തെ വാഴ്ത്തിക്കൊണ്ടുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ -ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം- ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയിലിയില്‍  മുഖപ്രസംഗരൂപത്തില്‍ വന്ന ഈ വാഴ്ത്തല്‍ പെക്കിങ് റേഡിയോവില്‍ കേട്ട് കുന്നിക്കല്‍ തന്റെ പബ്ലിക്കേഷന്‍ കേന്ദ്രത്തില്‍ അത് അച്ചടിച്ച് വിതരണം ചെയ്യുന്നു. തുടര്‍ന്ന് നക്സല്‍ബാരി സമരസഹായ സമിതി രൂപവത്കരണം. കുന്നിക്കല്‍, വര്‍ഗീസ്, തേറ്റമല കൃഷ്ണന്‍കുട്ടി എന്നിവര്‍ അംഗങ്ങള്‍
 •  1968 -സി.പി.എമ്മിന്റെ യുവജനവിഭാഗമായ കെ.എസ്.വൈ.എഫിന്റെ ആദ്യ സമ്മേളനം കോഴിക്കോട്- കണ്ണൂരില്‍നിന്നുള്ള നേതാക്കള്‍ തീവ്രവാദനിലപാട് സ്വീകരിച്ച് ഇറങ്ങിപ്പോയി
 •  1968 -സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാകമ്മിറ്റി യോഗത്തില്‍നിന്ന് അരയാക്കണ്ടി അച്യുതന്‍, എ. ബാലകൃഷ്ണന്‍, കാന്തലോട്ട് കരുണന്‍, കെ.സി. നന്ദനന്‍ എന്നിവര്‍ തീവ്രവാദ നിലപാടിനൊപ്പം, ചൈനീസ് പാതയില്‍ നില്‍ക്കണമെന്നാവശ്യപ്പെട്ട് ഇറങ്ങിപ്പോയി. ഇവരില്‍ കാന്തലോട്ട് കരുണന്‍ നക്സല്‍ വിഭാഗത്തില്‍ എത്തി
 •  1967-68 -വയനാട്ടിലെ കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും ചൂഷണത്തിനെതിരേ സംഘടിപ്പിക്കാന്‍ എ. വര്‍ഗീസിനെ സി.പി.എം. കണ്ണൂര്‍ ജില്ലാകമ്മിറ്റി നിയോഗിക്കുന്നു. കണ്ണൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന വര്‍ഗീസ് എ.വി. ആര്യന്‍ പ്രസിഡന്റും വി.എസ്. അച്യുതാനന്ദന്‍ സെക്രട്ടറിയുമായി രൂപവത്കൃതമായ കെ.എസ്.കെ.ടി.യു.വിന്റെ ആദ്യത്തെ സംസ്ഥാനകമ്മിറ്റിയില്‍ കണ്ണൂരില്‍നിന്നുള്ള അംഗമായിരുന്നു. 
 •  1967 ഒക്ടോബര്‍- തലശ്ശേരിയിലെ കേപ്പീസ് പാരലല്‍ കോളേജ് ഉടമയും അധ്യാപകനും തൊഴിലാളി പ്രവര്‍ത്തകനുമായ കെ.പി. നാരായണന്‍ കോഴിക്കോട്ട് ചെന്ന് കുന്നിക്കലില്‍നിന്ന് ചൈനീസ്പാതാ സാഹിത്യം വാങ്ങിക്കൊണ്ടുവന്ന് അച്ചടിച്ച് രഹസ്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതിനായി മാര്‍ക്സിസ്റ്റ് കള്‍ച്ചറല്‍ ഫോറം കോളേജില്‍ ഉണ്ടാക്കി.
 •  1968 ഒക്ടോബര്‍ 30- കോഴിക്കോട്ട് കല്ലായി റോഡിലുള്ള കുന്നിക്കലിന്റെ വീട്ടില്‍ ആക്ഷന്‍ നടത്തുന്നതിനുള്ള ആദ്യ നേതൃയോഗം. കെ.പി. നാരായണന്‍, അജിത എന്നിവരടക്കം ഏഴുപേരാണ് പങ്കാളികള്‍. നവംബര്‍ 17-ന് തലശ്ശേരി കേപ്പീസ് കോളേജില്‍ സംസ്ഥാനത്തെ നക്സല്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടാന്‍ തീരുമാനിക്കുന്നു. വീട്ടിലേക്ക് തിരിച്ചുപോവുക എന്ന പ്രതീക്ഷയേ വേണ്ട, മരണം സംഭവിക്കാം എന്ന മുന്നറിയിപ്പോടെയാണ് ആഹ്വാനം.
 •  നവംബര്‍ 17 -തലശ്ശേരി കേപ്പീസ് കോളേജില്‍ നക്സല്‍ നേതാക്കളുടെ ഉന്നതതല യോഗം. 
 •  നവംബര്‍ 20 -സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നാനൂറോളംപേര്‍ തലശ്ശേരിയില്‍ സംഗമിച്ചു. തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ തീരുമാനം. സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം അന്ന് ആക്രമണം ശരിയാകില്ലെന്ന് തീരുമാനത്തില്‍ മാറ്റം. എല്ലാവരും പിരിഞ്ഞു.
 •  നവംബര്‍ 21-പുലര്‍ച്ചെ  പിരിഞ്ഞുപോയ വൊളന്റിയര്‍മാര്‍ രാത്രി കുണ്ടുചിറ അണക്കെട്ടിന് സമീപം സമ്മേളിച്ച് തലശ്ശേരി സ്റ്റേഡിയത്തിലേക്ക് നീങ്ങി.
 •  നവംബര്‍ 22-ന് പുലര്‍ച്ചെ സ്റ്റേഡിയത്തില്‍നിന്ന് പഴയ ബസ്സ്റ്റാന്‍ഡ് വഴി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്, പടക്കമേറും    ചിതറിയോട്ടവും. 
 •  നവംബര്‍ 18-20 -വയനാട് തോണിച്ചാലില്‍ തേറ്റമല കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം. തുടര്‍ന്ന് കൃഷ്ണന്‍കുട്ടി, അജിത എന്നിവരുടെ നേതൃത്വത്തില്‍ കമ്മന, ചെറുകാട്ടൂര്‍, ദേവര്‍ഗദ്ദ വഴി മൈസൂരു കാട്ടിലേക്ക്. അവിടെ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ചേര്‍ന്നു.
 •  നവംബര്‍ 22 -തലശ്ശേരിയില്‍ പോലീസ്സ്റ്റേഷന്‍ ആക്രമണം നടന്നതായി റേഡിയോ വാര്‍ത്ത വര്‍ഗീസ്-തേറ്റമല സംഘം അറിയുന്നു
 •  നവംബര്‍ 23 -അര്‍ധരാത്രി വര്‍ഗീസും സംഘവും പുല്പള്ളി പോലീസ് സ്റ്റേഷനടുത്തേക്ക്  നീങ്ങുന്നു. എം.എസ്.പി. ക്യാമ്പിലെ വയര്‍ലെസ് സംവിധാനം ആക്രമിച്ച് വയര്‍ലെസ് ഓപ്പറേറ്ററെ കൊല ചെയ്തു. പോലീസിനെതിരായ ആക്ഷനിടയില്‍ വൊളന്റിയറായ ഗോപാലന്റെ കൈയില്‍നിന്ന് ബോംബ് പൊട്ടി കൈ ചിതറി  
 •  നവംബര്‍ 24 -പലര്‍ച്ചെ നടന്ന പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് ശേഷം വര്‍ഗീസും അജിതയും സംഘവും ചേകാടിയിലേക്ക്. അവിടെ ജന്മിമാരുടെ പണവും സ്വര്‍ണവും പിടിച്ചുവാങ്ങുകയും ധാന്യം പിടിച്ച് വിതരണവും.
 •  നവംബര്‍ 25- തിരുനെല്ലിയിലേക്ക് തലശ്ശേരിയില്‍നിന്നുള്ള സംഘത്തെയും പ്രതീക്ഷിച്ച്- അതിനിടെ തേറ്റമ്മല കൃഷ്ണന്‍കുട്ടി അറസ്റ്റില്‍ 
 •  നവംബര്‍ 26 -യാത്രയ്ക്കിടയില്‍ വിശ്രമസ്ഥലത്ത് ബോംബ് സഞ്ചി മരച്ചില്ലയില്‍ തൂക്കിയിടാനുള്ള ശ്രമത്തിനിടയില്‍ പൊട്ടിത്തെറിച്ച് കിസാന്‍ തൊമ്മന്റെ ശരീരം ചിതറി മരണം സംഭവിക്കുന്നു. തലശ്ശേരി സംഘത്തിന് എന്തോ പറ്റിയെന്ന സന്ദേഹവും യാത്രാക്ഷീണവും സംഘത്തിലെ പലരിലും നിരാശയുണ്ടാക്കി. അവര്‍ കൊട്ടിയൂര്‍ ലക്ഷ്യമാക്കി നടന്നു
 •  ഡിസംബര്‍ 2 -വര്‍ഗീസ്, ഫിലിപ്പ് എം. പ്രസാദ്, അജിത എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘം കേളകം അടക്കാത്തോട്ടില്‍ എത്തുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുന്നു. അജിതയും ഫിലിപ്പ് എം. പ്രസാദുമടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍. വര്‍ഗീസ് ഒളിവിലേക്കും.
 •  ഡിസംബര്‍ എട്ട് -തലശ്ശേരിയില്‍ ആക്ഷന്‍ നടത്തി ആയുധങ്ങളുമായി തിരുനെല്ലിയിലെത്താമെന്ന് പറഞ്ഞ കുന്നിക്കല്‍ ആക്ഷന്‍ പാളിയ നിരാശയില്‍ തൃശ്ശൂരിലേക്ക്. അവിടെവെച്ച് ഡിസംബര്‍ എട്ടിന് പോലീസിന് കീഴടങ്ങല്‍. 

content highlights: pulppally police station attack