കര്‍ണാടകയില്‍ പരാജയം വിജയമാക്കി മാറ്റിയ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയതന്ത്രം ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ പോന്നതാണ്. വോട്ടുപെട്ടിക്കകത്തെ ജനസമ്മതിയില്‍ ബി.ജെ.പിക്ക് താഴെ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ട കോണ്‍ഗ്രസ്സ് വോട്ടുപെട്ടിക്കു പുറത്തെ ചാണക്യനീക്കം കൊണ്ട് കര്‍ണാടക രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടിയിരിക്കുന്നു.
കോണ്‍ഗ്രസ്സ്-ജെ.ഡി.എസ്. സഖ്യം 2019 ലെ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് കര്‍ണാടകത്തിലെങ്കിലും ബി.ജെ.പിയുടെ സ്വപ്നങ്ങളെ അട്ടിമറിക്കാന്‍ പോന്നതാണ്. ഗവര്‍ണ്ണറുടെ വിവേചനാധികാരത്തിന്റെ ബലത്തില്‍ അധികാര കസേരയിലേറിയ യെദ്യൂരപ്പ മൂന്നു ദിവസങ്ങള്‍ക്കകം താഴെയിറക്കപ്പെട്ടു. ഗുജറാത്തില്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അവിടുത്തെ കോണ്‍ഗ്രസ്സ് നിയമസഭാംഗങ്ങളില്‍ നടത്തിയ ചാക്കിട്ടുപിടുത്തത്തെ അതിജീവിച്ച് അഹമ്മദ് പട്ടേലിനെ ജയിപ്പിച്ചെടുത്ത അതേ ആഹ്ലാദത്തിലും ആവേശത്തിലുമാണ് കോണ്ഗ്രസ്സിപ്പോള്.
കോണ്‍ഗ്രസ്സ്, ജെ.ഡി.എസ്. നിയമസഭാംഗങ്ങളെ ചാക്കിട്ടുകൊണ്ട് ഭൂരിപക്ഷം നേടാനുള്ള ബി.ജെ.പി.യുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ്സ് കാണിച്ച ജാഗ്രതയാണ് കര്‍ണാടകയിലെ രാഷ്ട്രീയഗതിയെ മാറ്റിമറിച്ചത്. കോടതിയില്‍ കോണ്‍ഗ്രസ്സിന്റെ മിടുക്കരായ നിയമപണ്ഡിതന്മാരും സംസ്ഥാനത്ത് ഡി.കെ. ശിവകുമാറിനെപ്പോലുള്ള നേതാക്കളും ഒരുപോലെ ജാഗ്രത കാണിച്ചു.
ബി.ജെ.പിക്ക് സമയം മതിയായില്ല
കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള നിയമസഭാ കക്ഷി എന്ന നിലയില്‍ ബി.ജെ.പിയെ ഗവണ്മെന്റുണ്ടാക്കാന് ക്ഷണിച്ചതില്‍ ഗവര്‍ണ്ണറെ കുറ്റപ്പെടുത്താനില്ല. പക്ഷേ ഭൂരിപക്ഷം തെളിയിക്കാന്‍ അവര്‍ക്കു 15 ദിവസത്തെ സമയം അനുവദിച്ച നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്. തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കപ്പെട്ടതാണെങ്കിലും കോണ്‍ഗ്രസ്സ്-ജെ.ഡി.എസ്. സഖ്യത്തിനു ഭൂരിപക്ഷമുണ്ടെന്ന് അറിയാമായിരുന്നിട്ടും ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ 15 ദിവസം ഭരിക്കാന്‍ വിട്ടതിന്റെ ഗൂഢോദ്ദേശ്യമാണ് ചോദ്യം ചെയ്യപ്പെട്ടത്. മറ്റു പാര്‍ട്ടികളില്‍നിന്ന് ചാക്കിടാനുള്ള ഗവര്‍ണ്ണറുടെ പച്ചക്കൊടിയായിട്ടാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.
കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും ചേര്‍ന്ന് ഗവണ്മെന്റുണ്ടാക്കാന് അവകാശമുന്നയിച്ചത് അവഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയായി വാഴിക്കപ്പെട്ട യെദ്യൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിച്ചത്. ഈ അനൗചിത്യത്തിനെതിരെ സുപ്രീം കോടതിയില്‍ ചെന്ന കോണ്‍ഗ്രസ്സിന്റെ ജാഗ്രതയാണ് മെയ് 19ന് നാലു മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന കോടതിയുടെ ഉത്തരവുണ്ടാക്കിയത്. അത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ കോണ്‍ഗ്രസ്സില്‍നിന്നോ ജെ.ഡി.എസ്സില്നിന്നോ നിയമസഭാംഗങ്ങളെ തട്ടിയെടുക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ല. എങ്കിലും രണ്ട് കോണ്‍ഗ്രസ്സ് എം.എല്‍.എ.മാരെ തങ്ങളുടെ താവളത്തിലൊളിപ്പിക്കാന് അതിനകം അവര്‍ക്കു കഴിഞ്ഞിരുന്നു. ആ നിലയ്ക്ക് 15 ദിവസം കിട്ടിയിരുന്നുവെങ്കില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ ബി.ജെ.പി.ക്കു കഴിഞ്ഞേക്കുമായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. പക്ഷേ സമര്‍ത്ഥമായി കോണ്‍ഗ്രസ്സ് ആ സാഹചര്യം അട്ടിമറിച്ചു.
പാര്‍ട്ടിയിലെ നിരാശയകറ്റാന്‍
കര്‍ണാടകയില്‍ ബി.ജെ.പിയോടു തോല്‍ക്കുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം 2019 ലേക്കുള്ള പ്രതീക്ഷയെ അട്ടിമറിക്കുന്നത് തന്നെയായിരുന്നു. ബി.ജെ.പിയും കര്‍ണാടക തിരഞ്ഞെടുപ്പിനെ 2019 ലേക്കുള്ള ക്വാളിഫയിങ്ങ് റൗണ്ട് ആയാണ് കണ്ടത്. ഇരുപാര്‍ട്ടികളും അവരവരുടെ എല്ലാ വിഭവങ്ങളും നിരത്തിയാണ് പൊരുതിയത്. കര്‍ണാടക ദേശീയത, ലിംഗായത്ത്, സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവം എന്നീ രാഷ്ട്രീയ തന്ത്രത്താല്‍ കെട്ടിപ്പൊക്കിയ കോണ്‍ഗ്രസ്സ് കോട്ടയെ ബി.ജെ.പി. സമര്‍ത്ഥമായി പൊളിച്ചടുക്കി.
കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും പ്രധാനകക്ഷികളായി നേരിട്ടു മത്സരിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിനെ ബലഹീനമാക്കാന്‍ അവര്‍ ജെ.ഡി.എസ്സിനു വോട്ടു ചെയ്തു. അതുകൊണ്ടാണ് സീറ്റുകള്‍ കൂടുതല്‍ കിട്ടിയിട്ടും വോട്ടുകള്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ബി.ജെ.പിക്ക് കുറഞ്ഞത്.
കര്‍ണാടക തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി കോണ്‍ഗ്രസ്സിലുണ്ടാക്കിയ നിരാശയെ അതിജീവിക്കാനെങ്കിലും ജെ.ഡി.എസ്സുമായുള്ള സഖ്യം പ്രയോജനപ്പെടുന്നുണ്ട്. ജെ.ഡി.എസ്സുമായി ചേര്‍ന്ന് ഭരണം നേടാനുള്ള തന്ത്രം കോണ്‍ഗ്രസ്സ് പ്രയോഗിച്ചിരുന്നില്ലെങ്കില്, ആ തന്ത്രം വിജയിച്ചിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സില്‍ എന്തുമാത്രം നിരാശയുണ്ടാകുമെന്ന് ഊഹിക്കാന്‍ പോലും പ്രയാസമാണ്. കോണ്‍ഗ്രസ്സ് താഴോട്ടു പോകുകയാണ് എന്ന ധാരണയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലരും പാര്‍ട്ടിവിട്ടുപോകുന്ന സാഹചര്യം ഉണ്ടായേക്കുമായിരുന്നു.
അധികാരമില്ലാതെ ഏറെക്കാലം രാഷ്ട്രീയത്തില്‍ നില്ക്കാന് പല നേതാക്കള്‍ക്കും കഴിയില്ല. നേതൃമാറ്റത്തിനെതിരെ ശബ്ദമുയര്‍ത്താന്‍പോലും ചില നേതാക്കള്‍ ധൈര്യം കാണിച്ചേനെ. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിച്ചുകൊണ്ട് പരാജയത്തെ വിജയമാക്കി മാറ്റിയ തന്ത്രം തല്ക്കാലം കോണ്‍ഗ്രസ്സിനെ രക്ഷപ്പെടുത്തിയിരിക്കുകയാണ്. തങ്ങളുടെ പകുതി സീറ്റുകള്‍ പോലുമില്ലാത്ത ജെ.ഡി.എസ്സിന് മുഖ്യമന്ത്രിസ്ഥാനം നല്കിയാലും ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താനായല്ലോ എന്നതാണ് കോണ്‍ഗ്രസ്സിലെ ആശ്വാസം. ബി.ജെ.പിയെ അകറ്റാന്‍ ചെറിയ പാര്‍ട്ടിക്കു കീഴില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള ത്യാഗം കാണിച്ചുവല്ലോ എന്നത് മതേതര, ബി.ജെ.പി. വിരുദ്ധ പക്ഷത്ത് കോണ്‍ഗ്രസ്സിന്റെ മതിപ്പ് കൂട്ടാന്‍ പോന്നതാണ്.
2019 ലേക്കുള്ള തയ്യാറെടുപ്പില്‍ കര്‍ണാടക സംഭവം കോണ്‍ഗ്രസ്സിനു ഉര്‍വ്വശീ ശാപം ഉപകാരമായതുപോലെയാണ്. അവിടെ ബി.ജെ.പിക്ക് പകരം കോണ്‍ഗ്രസ്സ് ഒന്നാം കക്ഷിയാവുകയാണെങ്കില് (അങ്ങിനെയായിരുന്നു കോണ്‍ഗ്രസ്സിലുണ്ടായിരുന്ന പ്രതീക്ഷ) ജെ.ഡി.എസ്സുമായുള്ള സഖ്യം ഇത്ര എളുപ്പമായിരുന്നില്ല. ജെ.ഡി.എസ്സിന് മുഖ്യമന്ത്രി സ്ഥാനം സോണിയ ഗാന്ധി നേരിട്ട് ഓഫര്‍ ചെയ്യുകയായിരുന്നല്ലോ. അംഗസംഖ്യ പ്രയോജനപ്പെടുമെങ്കില്‍ ചിലപ്പോള്‍ ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കുന്നത് ബി.ജെ.പി. ആയേനെ. ജെ.ഡി.എസ്സ്. മുമ്പും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയവരാണല്ലോ.
മഹാമുന്നണി സന്ദേശം
ഈ കര്‍ണാടക നീക്കത്തിലൂടെ ബി.ജെ.പി. ഇതരകക്ഷികള്ക്കു മുമ്പില്‍ കോണ്‍ഗ്രസ്സ് നല്കുന്ന സന്ദേശമുണ്ട്. 2019 ല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്കു തങ്ങള്‍ തയ്യാറാണ് എന്നതാണതിന്റെ പൊരുള്‍. സഹകരിക്കുന്ന പാര്‍ട്ടികളുമായി ഒരു മഹാമുന്നണി കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നുണ്ട്.
കോണ്‍ഗ്രസ്സ്-ജെ.ഡി.എസ്സ്. സഖ്യമുണ്ടായതിലൂടെ 2019 ല്‍ അതുപോലുള്ള പ്രാദേശിക സഖ്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യങ്ങള്‍ക്കും ഇതു വഴി തുറക്കുന്നു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ എസ്.പിയും ബി.എസ്.പിയും ഒരുമിച്ചു നില്‍ക്കുമെന്ന് ഇതിനകം പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും ബംഗാളിലും ഒഡീഷയിലുമൊക്കെ കര്‍ണാടക തന്ത്രത്തിലുള്ള പ്രാദേശിക സഖ്യങ്ങള്‍ക്കു സാധ്യതയുണ്ട്. ജെ.ഡി.എസിന് തങ്ങളെക്കാള്‍ പകുതിയില്‍ താഴെ സീറ്റുകളേയുള്ളൂവെങ്കിലും അവര്‍ക്കു കീഴെയിരിക്കാന് തങ്ങള്‍ക്കു വിരോധമില്ല എന്ന സന്ദേശമാണ് ബി.ജെ.പി. വിരുദ്ധ മഹാമുന്നണി ആശയത്തിന് ബലം നല്‍കുന്നത്.
രാഹുല്‍ പ്രശ്നം
മോദി ഗവണ്മെന്റ് ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ സ്വാധീനത്തിനു വശംവദരാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായിരിക്കുന്ന അന്തരീക്ഷത്തില്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മമത ബാനര്‍ജിയെപ്പോലുള്ള രാഷ്ട്രീയശക്തികള്‍ കേന്ദ്രഭരണത്തില്‍ നിന്ന് ബി.ജെ.പിയെ നീക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. 2019 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ അതിനുള്ള അവസരമായാണ് അവര്‍ കണക്കാക്കുന്നത്.
ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ ബലഹീനമായ നേതൃത്വം തങ്ങളെ നിരാശപ്പെടുത്തുമോ എന്നാണ് അവരുടെ ആശങ്ക. ചില പ്രാദേശിക നേതാക്കള്‍ക്ക് തങ്ങള്‍ കേന്ദ്രനേതൃത്വത്തിനു സര്വ്വഥായോഗ്യരാണ് എന്ന നാട്യവുമുണ്ട്. കോണ്‍ഗ്രസ്സ് വലിയ പാര്‍ട്ടിയാണെങ്കിലും നേതാവു പോരാ എന്ന സാഹചര്യം മുതലെടുക്കാന്‍ അവര്‍ ശ്രമിച്ചേക്കും. 2019 ല്‍ ബി.ജെ.പിക്കെതിരെ ഒരു മഹാമുന്നണിയുണ്ടാവുകയാണെങ്കില് അതിന്റെ നേതൃസ്ഥാനത്തുനിന്നു രാഹുല്‍ ഗാന്ധി മാറിനില്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. അതിനെ നേരിടാന്‍ നേതാവിനെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാം എന്ന തന്ത്രം കോണ്‍ഗ്രസ്സ് സ്വീകരിച്ചേക്കാം.