ആരെയും എപ്പോഴും എവിടെവെച്ചും ഇഷ്ടാനുസരണം അറസ്റ്റുചെയ്യാനുള്ളതാണ് പോലീസിന്റെ അധികാരം എന്ന തെറ്റായ ധാരണയാണ് രാജ്യത്ത് നടക്കുന്ന എല്ലാ പോലീസ് അതിക്രമങ്ങളുടെയും അടിസ്ഥാന കാരണം. അറസ്റ്റുചെയ്യാനുള്ള പോലീസിന്റെ അധികാരം ദുരുപയോഗപ്പെടുത്തി നിരപരാധികളെ നിയമവിരുദ്ധമായി അറസ്റ്റുചെയ്ത് തടങ്കലിൽ പാർപ്പിച്ച് മർദിക്കുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവങ്ങൾ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനുച്ഛേദം 21-ഉം 22-ഉം വ്യക്തികൾക്ക് ഉറപ്പുനൽകിയിട്ടുള്ള ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണമാണ് നിയമവിരുദ്ധമായ പോലീസ് നടപടികൾ കൊണ്ട് ഇല്ലാതാകുന്നത്‌. 

മാറാത്ത അച്ചും നടപ്പാവാത്ത ആക്ടും

കൊളോണിയൽ വാഴ്ചയുടെ രക്ഷാകവചമായി വാർത്തെടുക്കേണ്ട സേനയായി പോലീസിനെ രൂപപ്പെടുത്താൻ ലക്ഷ്യംവെച്ച് ബ്രിട്ടീഷ് ഭരണാധികാരികൾ ഉണ്ടാക്കിയ നിയമമായിരുന്നു 1861-ലെ ഇന്ത്യൻ പോലീസ് ആക്ടും. ഭരണഘടന നിലവിൽ വരുകയും ക്രമസമാധാനപാലനം സംസ്ഥാന വിഷയമാവുകയും ചെയ്തതോടുകൂടി 1960-ലെ കേരള പോലീസ് ആക്ട്‌ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ പാസാക്കി നടപ്പാക്കിയ പോലീസ് നിയമങ്ങൾ മിക്കതും ഏതാണ്ട് 1861-ലെ പോലീസ് ആക്ടിന്റെ ശരിപ്പകർപ്പായിരുന്നു. 1861-ലെ ഇന്ത്യൻ പോലീസ് ആക്ടിനുശേഷം രാജ്യത്ത് ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടായിട്ടും രാജ്യത്തെ പോലീസ് ഘടനയിൽ അടിസ്ഥാനപരമായ ഒരു മാറ്റവും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലായിരുന്നു. 1977 നവംബർ 15-ന് അന്നത്തെ ജനതാ ഗവൺമെന്റ് നാഷണൽ പോലീസ് കമ്മിഷന് രൂപം നൽകിയിരുന്നത്. 1979 ഫെബ്രുവരിക്കും 1981 മേയ് മാസത്തിനുമിടയിലായി വിവിധ  റിപ്പോർട്ടുകൾ നാഷണൽ പോലീസ് കമ്മിഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടായിരുന്നു. ബാഹ്യ ഇടപെടലുകളില്ലാത്ത പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയാണ് അവയിലൊക്കെയും ഊന്നിപ്പറഞ്ഞിട്ടുണ്ടായിരുന്നത്. 

കേന്ദ്രത്തിൽ മാറിമാറി വന്ന വ്യത്യസ്ത സർക്കാരുകൾ നടപ്പാക്കാൻ കൂട്ടാക്കാതിരുന്ന പോലീസ് കമ്മിഷൻ ശുപാർശകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 1996-ൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ച ഒരു പൊതു താത്‌പര്യഹർജി 10 വർഷത്തെ നീണ്ട നിയമയുദ്ധങ്ങൾക്കുശേഷം 2006 സെപ്‌റ്റംബർ ആറിന് ഉണ്ടായ പ്രകാശ്‌സിങ് കേസ് എന്ന പേരിലറിയപ്പെടുന്ന സുപ്രീംകോടതിയുടെ വിധിയാണ് രാജ്യത്തെ പോലീസ് പരിഷ്കരണത്തിന്റെ ഏറ്റവും പ്രധാനമായ മാർഗരേഖ. പ്രസ്തുത വിധിയിലെ നിർദേശങ്ങൾക്കനുസരിച്ച് മറ്റ് പല സംസ്ഥാനങ്ങളും പാസാക്കിയ പോലീസ് നിയമങ്ങളിൽനിന്ന്‌ കുറേയൊക്കെ വ്യത്യസ്തമായി കേരള നിയമസഭ പാസാക്കി നടപ്പാക്കിയ 2011-ലെ കേരള പോലീസ് ആക്ട്‌ പലതുകൊണ്ടും സവിശേഷമാണ്. പുതിയ പോലീസ് ആക്ടിലെ പല വ്യവസ്ഥകളും ഇനിയും നടപ്പാക്കിയിട്ടില്ല. മറ്റ് പല വ്യവസ്ഥകളും സർക്കാർ നടപടിയിൽ കൂടി ലംഘിക്കപ്പെടുകയും ചെയ്യുന്നു. കേസന്വേഷണവും ക്രമസമാധാനപാലനവും വേർപെടുത്തണമെന്ന വ്യവസ്ഥ ഇനിയും നടപ്പാക്കാൻ സർക്കാരുകൾ കൂട്ടാക്കിയിട്ടില്ല. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഉയർന്ന പോലീസുദ്യോഗസ്ഥർക്കും രണ്ടു വർഷത്തേക്ക് സ്ഥലംമാറ്റം പാടില്ലെന്ന പുതിയ നിയമത്തിലെ വ്യവസ്ഥ പാടേ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. സെക്യൂരിറ്റി കമ്മിഷന്റെയും പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡിന്റെയും പ്രവർത്തനം ഫലത്തിൽ നിഷ്‌ക്രിയമാണ്. പോലീസ് ഉദ്യോഗസ്ഥർക്കെതിരേയുണ്ടാവുന്ന പരാതികൾക്ക് സങ്കടനിവൃത്തി വരുത്തിക്കാൻ അധികാരപ്പെട്ട പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവർത്തനവും സക്രിയമല്ല. പ്രകോപനമുണ്ടായാൽ പോലും പോലീസ് സമചിത്തത കൈവിടാൻ പാടില്ലെന്ന് പോലീസ് ആക്ട്‌ 29-ാം വകുപ്പിൽ വ്യവസ്ഥയുണ്ടായിട്ടും കാര്യമുണ്ടായില്ല.

നിയമവിരുദ്ധമായ അറസ്റ്റുകള്‍

അറസ്റ്റ് ചെയ്യാൻ അധികാരപ്പെട്ട പോലീസുദ്യോഗസ്ഥനെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കത്തക്കവിധം കൃത്യവും കാണാവുന്നതും വ്യക്തതയുള്ളതുമായ അയാളുടെ തിരിച്ചറിയൽ കാർഡ് ധരിക്കണം.  അറസ്റ്റുചെയ്താൽ, അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ ഒപ്പും അയാളുടെ കുടുംബത്തിലെ ഒരംഗമോ പരിസരത്തെ ബഹുമാന്യനായ ഒരംഗമോ ആയ ഒരു സാക്ഷിയെങ്കിലും അറസ്റ്റ് മെമ്മോവിൽ സാക്ഷിയായി ഒപ്പിടണം. ക്രിമിനൽ നടപടി സംഹിതയിൽ 2010-ൽ വരുത്തിയ ഭേദഗതി വഴി 41 ബി വകുപ്പ് പുതുതായി എഴുതിച്ചേർത്ത് വ്യവസ്ഥകളാണിത്‌. പോലീസുകാർ വേഷം മാറി പദവി മറച്ചുവെച്ചുകൊണ്ടുള്ള നിയമവിരുദ്ധമായ അറസ്റ്റുകൾ തടയാൻ ലക്ഷ്യംവെച്ചുള്ളതാണ് പ്രസ്തുത ഭേദഗതി. ഓരോ ജില്ലയിലും വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വെച്ച് അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തികളുടെ പേരുവിവരങ്ങൾ ജില്ലാതലത്തിൽ കൺട്രോൾ റൂം സ്ഥാപിച്ച് അതത് സന്ദർഭങ്ങളിൽ പ്രസിദ്ധം ചെയ്യണമെന്ന് 2009-ൽ ക്രിമിനൽ നടപടി സംഹിതയിൽ കൂട്ടിച്ചേർത്ത 41 സി വകുപ്പനുസരിച്ച് വ്യവസ്ഥ ചെയ്തതും അറസ്റ്റ് പരസ്യപ്പെടുത്തേണ്ട ആവശ്യകത കണക്കിലെടുത്താണ്.

അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിക്ക് പോലീസ് കസ്റ്റഡിയിൽ നിന്നുണ്ടായേക്കാവുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കെതിരേയുള്ള സുരക്ഷയെന്ന നിലയിലാണ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ തൊട്ടടുത്ത ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കണമെന്നും അറസ്റ്റ് ചെയ്ത വ്യക്തിയെ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കണമെന്നും അയാൾ ആവശ്യപ്പെടുന്ന അഭിഭാഷകന്റെ നിയമസഹായം ലഭ്യമാക്കി കൊടുക്കേണ്ടത്‌ പോലീസിന്റെ ഉത്തരവാദിത്വമാണെന്നും ഭരണഘടനയുടെ 22-ാം അനുച്ഛേദത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. അപൂർവം സന്ദർഭങ്ങളൊഴിച്ച്, അതും ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി മാത്രമേ വനിതാ പോലീസ്, സ്ത്രീകളെ സൂര്യാസ്തമനത്തിന് ശേഷവും സൂര്യോദയത്തിനുമുമ്പും അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്ന വ്യവസ്ഥയും ക്രിമിനൽ നടപടിസംഹിതയിൽ കൂട്ടിച്ചേർത്തത് 2005-ലെ മറ്റൊരു സുപ്രധാനമായ ഭേദഗതിയിൽ കൂടിയാണ്. 

അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ ബന്ധുവിനെയോ, സുഹൃത്തുകളെയോ അല്ലെങ്കിൽ വ്യക്തി നാമനിർദേശം ചെയ്യുന്നവരെയോ അറസ്റ്റിന്റെ കാര്യം ഉടൻ തന്നെ പോലീസ് അറിയിച്ചിരിക്കണമെന്നും പ്രതിയുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് എല്ലാ കരുതലുമെടുക്കുന്നത് പ്രതിയെ കസ്റ്റഡിയിൽ വെച്ചിരിക്കുന്ന പോലീസ് ഓഫീസറുടെ കടമയായിരിക്കുമെന്നും പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കേസന്വേഷണ ഉദ്യോഗസ്ഥന്റെ അറസ്റ്റിനുള്ള അധികാരം
പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥൻ നടത്തിക്കൊണ്ടിരിക്കുന്ന കൊഗ്‌നിസിബിൾ ഗണത്തിൽപ്പെട്ട ഏതെങ്കിലും കുറ്റം സംബന്ധിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയെയോ, പ്രതിയെന്ന് സംശയിക്കുന്നവരെയോ അറസ്റ്റുചെയ്യാൻ കീഴുദ്യോഗസ്ഥനെ അധികാരപ്പെടുത്തിക്കൊണ്ട് രേഖാമൂലമായ ഉത്തരവ് നൽകണമെന്ന്‌  ക്രിമിനൽ നടപടി സംഹിത 55-ാം വകുപ്പിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആ ഉത്തരവനുസരിച്ച് കീഴുദ്യോഗസ്ഥൻ ആരെയാണോ അറസ്റ്റുചെയ്യുന്നത് ആ വ്യക്തിയെ ഉത്തരവിന്റെ സാരാംശം അറിയിക്കണം.  ആവശ്യപ്പെടുന്നുവെങ്കിൽ ഉത്തരവു കാണിച്ചു കൊടുക്കുകയും വേണം. കീഴുദ്യോഗസ്ഥൻ നടത്തിക്കൊണ്ടിരിക്കുന്ന കേസന്വേഷണത്തിൽ മേലുദ്യോഗസ്ഥൻ ഇടപെടാനോ ആരെയെങ്കിലും അറസ്റ്റു ചെയ്യാൻ നിർദേശം നൽകാനോ അധികാരമില്ല. മേലുദ്യോഗസ്ഥന്മാരുടെ ഇത്തരം ഇടപെടലുകൾ സ്വതന്ത്രവും സത്യസന്ധവുമായ കേസന്വേഷണത്തെ തകിടംമറിക്കാനേ സഹായിക്കൂ.

 ശ്രീജിത്തിന്റെ കസ്റ്റഡിമരണം

എറണാകുളം വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ആലുവ റൂറൽ പോലീസ് സൂപ്രണ്ടിന്റെ കീഴിൽ പ്രവൃത്തിക്കുന്ന മൂന്നംഗ ടൈഗർ സ്ക്വാഡാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കൊല്ലപ്പെട്ട ശ്രീജിത്തിനെ സാധാരണ വേഷത്തിൽ വീട്ടിൽക്കയറി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റം അന്വേഷിക്കുന്നത് ആലുവ റൂറൽ പോലീസ് സൂപ്രണ്ടല്ല. അതിനാൽ തന്നെ പോലീസ് സൂപ്രണ്ടിന് തന്റെ കീഴിലുള്ള ടൈഗർ സ്ക്വാഡിനെ മറ്റൊരു കീഴുദ്യോഗസ്ഥൻ നടത്തുന്ന കേസന്വേഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റുചെയ്യാൻ വേണ്ടി നിയോഗിക്കാൻ പാടില്ല. ടൈഗർ സ്ക്വാഡ് അംഗങ്ങൾ അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിക്ക് തിരിച്ചറിയാനുള്ള പേരും സ്ഥാനപ്പേരും അറിയിക്കുന്നതിനുപകരം പോലീസ് വേഷംമാറ്റി കൈലി മുണ്ടുടുത്ത് പോലീസിന്റെ പദവി മറച്ചുവെച്ചുള്ള അറസ്റ്റ് തന്നെ നിയമവിരുദ്ധമാണ്. അറസ്റ്റുചെയ്യാൻ കീഴുദ്യോഗസ്ഥന്മാർക്ക് ലിഖിതമായ ഉത്തരവ് നൽകിയതായി അറിവില്ല. പോലീസ് പ്രതികളായ കേസിൽ സംസ്ഥാന പോലീസ് കേസന്വേഷണം നടത്തുന്നത് ശരിയല്ലായെന്നും അത്തരം കേസുകളുടെ അന്വേഷണം സി. ബി.ഐ.യെ ഏല്പിക്കേണ്ടതാണെന്നും വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പുരിലെ വ്യാജ ഏറ്റുമുട്ടൽ കേസുൾപ്പെടെ ഒട്ടേറെ കേസുകളിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ട്. 

(മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ്‌ ലേഖകൻ)