സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ സമരമുഹൂര്‍ത്തമായിരുന്നു ഒരു വര്‍ഷമായി തുടരുന്ന കര്‍ഷകപ്രക്ഷോഭം. പ്രക്ഷോഭകരും അതിനെ പിന്തുണച്ചവരും ഒരേസ്വരത്തില്‍ 'ഐതിഹാസികം' എന്ന് വിശേഷിപ്പിച്ച സമരം. ഇരുപക്ഷവും വിട്ടുവീഴ്ചചെയ്യാതെ കൊമ്പുകോര്‍ത്ത ദിനരാത്രങ്ങള്‍ക്കൊടുവിലാണ് സമരക്കാരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ കാര്‍ഷികനിയമങ്ങളുടെ അനിവാര്യമായ അന്ത്യം.

2020 ജൂണ്‍ അഞ്ചിന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ കേന്ദ്രം കൊണ്ടുവരുമ്പോള്‍ കോവിഡിന്റെ കെടുതിയിലായിരുന്നു രാജ്യം. പഞ്ചാബടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉടന്‍തന്നെ പ്രതിഷേധം തുടങ്ങി. ജൂണ്‍ ആറിന് കിസാന്‍സഭ ഓര്‍ഡിനന്‍സ് കോപ്പികള്‍ കത്തിച്ച് പ്രതിഷേധിച്ചു. സെപ്റ്റംബറില്‍ ബില്ലുകള്‍ പാര്‍ലമെന്റ് പരിഗണിച്ചപ്പോള്‍ കിസാന്‍സഭ ഉള്‍പ്പെടെ 250 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധപരമ്പരകളുമായി രംഗത്തിറങ്ങി. രാജ്യസഭയില്‍ ബലപ്രയോഗത്തിലേക്കുനീങ്ങിയ രംഗങ്ങള്‍ക്കൊടുവില്‍ കാര്‍ഷികനിയമങ്ങള്‍ യാഥാര്‍ഥ്യമായപ്പോള്‍ കര്‍ഷകരോഷം തിളച്ചു. തുടര്‍ന്ന്, സമരരംഗത്തുള്ള എല്ലാ കര്‍ഷകസംഘടനകളും ഭിന്നതമറന്ന് ഒക്ടോബര്‍ 27-ന് ഡല്‍ഹിയിലെ റക്കബ്ഗഞ്ജ് ഗുരുദ്വാരയില്‍ കര്‍ഷകസമ്മേളനം വിളിച്ചുചേര്‍ത്തു. അന്നായിരുന്നു അഞ്ഞൂറ് കര്‍ഷകസംഘടനകളുമായി സംയുക്ത കിസാന്‍ മോര്‍ച്ച എന്ന സമരമുന്നണിയുടെ പിറവി. ഒരുമാസത്തെ തയ്യാറെടുപ്പിനുശേഷം നവംബര്‍ 26-ന് ഡല്‍ഹി ചലോ മാര്‍ച്ച് നടത്താന്‍ കിസാന്‍ മോര്‍ച്ച ആഹ്വാനംചെയ്തു.

ഡല്‍ഹിയിലേക്കുള്ള വഴികളിലെ ബാരിക്കേഡുകളും ജലപീരങ്കിയുമൊക്കെ തകര്‍ത്തെറിഞ്ഞും പോലീസ് അതിക്രമങ്ങള്‍ അതിജീവിച്ചും കര്‍ഷകര്‍ സിംഘുവിലും തിക്രിയിലുമായി തമ്പടിച്ചു. നഗരത്തിനുള്ളില്‍ ബുറാഡി മൈതാനത്തുവന്ന് സമരം നടത്താമെന്ന് ഡല്‍ഹി പോലീസ് വാഗ്ദാനംചെയ്‌തെങ്കിലും അതൊരു തുറന്ന ജയിലാവാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ഷകര്‍ അതിര്‍ത്തികളില്‍ത്തന്നെ നിലയുറപ്പിച്ചു. പിന്നീട്, കേന്ദ്രസര്‍ക്കാരുമായി 11 വട്ടംനടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോഴും റിപ്പബ്ലിക് ദിനത്തിലെ കിസാന്‍ പരേഡ് സംഘര്‍ഷത്തിലേക്ക് വഴിമാറിയതിന്റെ പഴി മുഴുവന്‍ കേട്ടിട്ടും സമരക്കാര്‍ അതിര്‍ത്തികളില്‍ തുടര്‍ന്നു. ഡിസംബര്‍ ആദ്യവാരത്തില്‍ ഗാസിപ്പുര്‍ അതിര്‍ത്തിയിലും പിന്നീട്, പല്‍വല്‍ അതിര്‍ത്തിയിലും രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പുരിലുമൊക്കെ സമരക്കാര്‍ ഉപരോധമാരംഭിച്ചു. എന്നാല്‍, കിസാന്‍ പരേഡിലെ സംഘര്‍ഷത്തിനുപിന്നാലെ, ഷാജഹാന്‍പുരിലെയും പല്‍വലിലെയും സമരകേന്ദ്രം ഒഴിവാക്കപ്പെട്ടു.

റോഡില്‍ ഇരുമ്പാണി നിരത്തിവെച്ചും കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തിയും മാധ്യമങ്ങള്‍ക്കടക്കം പ്രവേശനം നിഷേധിച്ച് പോലീസ് സുരക്ഷയുടെ ഉരുക്കുകോട്ട കെട്ടിയിട്ടും സമരക്കാര്‍ സംയമനത്തോടെ നിലയുറപ്പിച്ചു. കര്‍ണാലില്‍ പോലീസ് ലാത്തിച്ചാര്‍ജില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ മിനി സെക്രട്ടേറിയറ്റ് വളയലുണ്ടായി. ഇതിനുപിന്നാലെയായിരുന്നു യു.പി.യില്‍ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ അക്രമം. ജനുവരി 22-ന് നടത്തിയ അവസാനവട്ട ചര്‍ച്ചയ്ക്കുശേഷം കേന്ദ്രം കര്‍ഷകരെ പൂര്‍ണമായും തഴഞ്ഞതും പ്രതിഷേധങ്ങളുയര്‍ത്തി.

പ്രതിപക്ഷം മുഴുവന്‍ പിന്തുണച്ചുവരുമ്പോഴും അവരെ വേദികളില്‍നിന്നകറ്റി സമരത്തിന് രാഷ്ട്രീയനിറം നല്‍കാതിരിക്കാനും കര്‍ഷകര്‍ ജാഗ്രതപുലര്‍ത്തി. എന്നാല്‍, പശ്ചിമബംഗാള്‍ അടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു.പി.യിലുംമറ്റും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.ക്കെതിരായ രാഷ്ട്രീയനിലപാട് പരസ്യമാക്കാനും അവര്‍ മറന്നില്ല.

PM Modi

സന്തോഷത്തികവില്‍ സമരഗ്രാമങ്ങള്‍

ഒരു വര്‍ഷത്തോളമായി ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയിലെ തിക്രിയിലെ സമരകേന്ദ്രത്തില്‍തന്നെയാണ് പ്രീതം സിങ്. ഈ ദിവസങ്ങളിലൊക്കെയും കണ്ണില്‍ പ്രതിഷേധത്തിന്റെ കനലായിരുന്നു. വെള്ളിയാഴ്ച പതിവുപോലെ സമരവേദിക്കു സമീപം ഇരിക്കുമ്പോള്‍ ആ കണ്ണുകളില്‍ വിജയത്തിന്റെ നക്ഷത്രത്തിളക്കം.

''ഒടുവില്‍ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് നല്ല കാര്യം. എന്നാല്‍, പ്രധാനമന്ത്രിയുടെ വാക്കുമാത്രം പോരാ, പാര്‍ലമെന്റില്‍ അതു ചെയ്യട്ടെ. എന്നിട്ടു മാത്രമേ ഞങ്ങള്‍ ഇവിടെ നിന്നു മടങ്ങൂ.'' - പഞ്ചാബിലെ നന്ദ്പുര്‍ സ്വദേശിയായ ഈ അറുപത്തഞ്ചുകാരന്‍ പ്രതികരിച്ചത് ഇങ്ങനെ. ഒരു വര്‍ഷമായി ഉപരോധം തുടരുന്ന തിക്രിയടക്കമുള്ള മൂന്നു സമരകേന്ദ്രങ്ങളിലും വെള്ളിയാഴ്ച ഉത്സവപ്രതീതിയായിരുന്നു. അതിശൈത്യവും കൊടുംവേനലും കാലവര്‍ഷവുമൊക്കെ അതിജീവിച്ച്, തളരാതെ നിന്ന സമരവീര്യം സാര്‍ഥകമായതിന്റെ ആഘോഷങ്ങള്‍.

ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഹരിയാണയിലേക്കുള്ള റോഡില്‍ പതിനാറ്് കിലോമീറ്റര്‍ നീളുന്നതാണ് തിക്രി സമരകേന്ദ്രം. ഇതിനകം നടുറോഡില്‍ ഉയര്‍ന്നത് ഒരെണ്ണത്തില്‍ നാലു പേര്‍ക്കുവീതം താമസിക്കാവുന്ന പതിനായിരത്തിലേറെ ടെന്റുകള്‍. കുഴല്‍ക്കിണറുകള്‍ കുഴിച്ചും കുടിലുകള്‍ നിര്‍മിച്ചും കര്‍ഷകസമരക്കാര്‍ ഒരു 'സമര ഗ്രാമം'തന്നെ സൃഷ്ടിച്ചു. വൈദ്യചികിത്സയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി. ഓരോ മൂന്നാം ദിവസവും പഞ്ചാബില്‍നിന്ന് പാല്‍വണ്ടികളെത്തി.

പ്രക്ഷോഭം അവര്‍ ദിനചര്യയാക്കി. പഞ്ചാബ്-ഹരിയാണ ശത്രുതപോലും ഇല്ലാതാക്കി പ്രക്ഷോഭം എല്ലാവരേയും ഒന്നിപ്പിച്ചതായി പ്രീതം സിങ് പറഞ്ഞു. സ്ത്രീകളും വിദ്യാര്‍ഥികളും യുവാക്കളും മുതിര്‍ന്നവരുമൊക്കെ ഒരുപോലെ അണിനിരന്നു. ''ഇതു കര്‍ഷകരുടെ വിജയമാണ്'' - ജസീന്തര്‍ സിങ് ലോംഗര്‍വാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. തിക്രിയിലെത്തിയവര്‍ക്കെല്ലാം ലഡു സമ്മാനിച്ച് സമരക്കാര്‍ സന്തോഷം പങ്കിട്ടു.

 

നൃത്തം ചെയ്തും മധുരം നല്‍കിയും ആഘോഷം

സിംഘു സമരകേന്ദ്രത്തില്‍, ട്രാക്ടറുകളിലും ട്രോളികളിലും ഘടിപ്പിച്ച സംഗീതോപകരണങ്ങള്‍ ആഘോഷപ്പകിട്ടേകി. മധുരം കഴിച്ചും നൃത്തം ചെയ്തും കര്‍ഷകര്‍ വിജയോത്സവം കൊണ്ടാടി. പാര്‍ലമെന്റില്‍ നിയമങ്ങള്‍ റദ്ദാക്കിയാലുടന്‍ വീടുകളിലേക്കു മടങ്ങുമെന്ന് കീര്‍ത്തി കിസാന്‍ യൂണിയന്‍ നേതാവ് ഹര്‍മേഷ് സിങ് ദേശി വ്യക്തമാക്കി. പ്രത്യേകം പൂജ നടത്തിയായിരുന്നു ഡല്‍ഹി-യു.പി. അതിര്‍ത്തിയിലെ ഗാസിപ്പുരിലെ ആഘോഷം.

ഇനി എല്ലാ കണ്ണുകളും 'റദ്ദാക്കല്‍ നിയമ'ത്തില്‍

രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങള്‍ക്ക് കാരണമായ ഒട്ടേറെ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ടെങ്കിലും പ്രതിഷേധവും സമ്മര്‍ദവുംകാരണം മൂന്നെണ്ണം റദ്ദാക്കാന്‍ പോകുന്നത് ആദ്യമായാണ്.

കോളിളക്കമുണ്ടാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പാവാന്‍ ഇനി പാര്‍ലമെന്റിന്റെ ഇരുസഭകളിലും 'റദ്ദാക്കല്‍ ബില്‍'(റിപ്പീലിങ് ബില്‍) അവതരിപ്പിച്ച് പാസാക്കണം. നവംബര്‍ 29-ന് ചേരുന്ന ശൈത്യകാല സമ്മേളനത്തിന്റെ തുടക്കത്തില്‍തന്നെ ബില്‍ കൊണ്ടുവരും. ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് വേണമെങ്കില്‍ ഉടന്‍തന്നെ ഓര്‍ഡിനന്‍സ് ആയും അതു പ്രാബല്യത്തില്‍ വരുത്താം. എന്നാല്‍, അതിനു പകരമുള്ള ബില്ലും ഇരുസഭകളിലും പാസാക്കിയേ പറ്റൂ. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലാണെങ്കില്‍ സര്‍ക്കാരിന് എളുപ്പം പിന്‍വലിക്കാനാവും. സഭയുടെ അനുമതി വേണമെന്ന് മാത്രം. പാര്‍ലമെന്റ് പാസാക്കുന്ന ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെയാണ് അവ നിയമമാകുന്നത്. അങ്ങനെയുള്ള നിയമങ്ങള്‍ റദ്ദാക്കാനേ സാധിക്കൂ; പിന്‍വലിക്കാനാവില്ല. ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ദിവസം മുതലാണ് നിയമം പ്രാബല്യത്തിലാവുകയെന്ന് സാധാരണ എല്ലാ ബില്ലുകളിലും വ്യവസ്ഥ ചെയ്യും. കാര്‍ഷിക നിയമങ്ങളുടെ കാര്യത്തില്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഓര്‍ഡിനന്‍സായി ആദ്യംതന്നെ അത് പ്രാബല്യത്തില്‍ കൊണ്ടുവരികയാണ് ചെയ്തത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പാക്കേജ് പ്രഖ്യാപിക്കുമ്പോഴാണ് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. ഉടന്‍വിജ്ഞാപനം ഇറക്കുകയും പിന്നീട് പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു.

.

പഠനത്തിന് സമിതി

കാര്‍ഷികമേഖലയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനും താങ്ങുവില സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപംകൊടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

ചെലവുകുറഞ്ഞ കൃഷി രീതികള്‍(സീറോ ബജറ്റിങ്) പ്രോത്സാഹിപ്പിക്കുക, വിളരീതി മാറ്റുക, താങ്ങുവില സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുകയും സുതാര്യമാക്കുകയും ചെയ്യുക തുടങ്ങിയ വിഷയങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, കാര്‍ഷിക-സാമ്പത്തിക വിദഗ്ധര്‍ എന്നിവരുടെ പ്രതിനിധികളുണ്ടാകും. പാവപ്പെട്ട കര്‍ഷകരുടെ മികച്ച ഭാവി ഉറപ്പിക്കാന്‍ സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയുമാണ് കാര്‍ഷികനിയമങ്ങള്‍ തയ്യാറാക്കിയത്. വര്‍ഷങ്ങളായി കര്‍ഷകസംഘടനകളും കര്‍ഷകരും വിദഗ്ധരും ഇതിനായി ആവശ്യപ്പെട്ടിരുന്നു. ഇക്കുറിയും പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തശേഷമാണ് ബില്‍ പരിഗണിച്ചത്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഒട്ടേറെ കര്‍ഷകസംഘടനകള്‍ ഈ നിയമങ്ങളെ സ്വാഗതംചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്തു -മോദി പറഞ്ഞു.

മുട്ടുമടക്കലോ വീഴ്ചയോ? 

മുട്ടുമടക്കലായാലും വിട്ടുവീഴ്ചയായാലും കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ഒരു നാഴികക്കല്ലാണ്. അടുത്ത തിരഞ്ഞെടുപ്പും 2024-ലെ വിജയവുമാണ് തീരുമാനത്തിനുപിന്നിലെ ലക്ഷ്യമെങ്കിലും ഇനി അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ യാത്ര സുഗമമാവണമെന്നില്ല.

തീരുമാനം മോദിയുടെ രാഷ്ട്രതന്ത്രജ്ഞതയും വിവേകവുമായിട്ടാണ് ബി.ജെ.പി. വാഴ്ത്തുന്നത്. എന്നാല്‍, ഏകാധിപത്യരീതിയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ശൈലിക്കേറ്റ ആദ്യ പ്രഹരമായിട്ടാണ് പ്രതിപക്ഷം ഈ പിന്മാറ്റത്തെ കാണുന്നത്. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കപ്പെട്ടാലും വരുന്ന തിരഞ്ഞെടുപ്പുകളില്‍ വിഷയം പുകഞ്ഞുകൊണ്ടിരിക്കും.

ഈ പിന്മാറ്റം പ്രധാനമന്ത്രി കുറച്ചുനേരത്തേ നടത്തേണ്ടതായിരുന്നു. പ്രക്ഷോഭങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും സര്‍ക്കാരുകള്‍ വഴങ്ങുന്നത് ആദ്യമായല്ല. അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ലോക്പാല്‍ നിയമം പാസാക്കിയത്. തലസ്ഥാനത്ത് ആ സമരം രണ്ടാഴ്ചയേ നീണ്ടുനിന്നുള്ളൂ. എന്നാല്‍, രാജ്യമൊട്ടുക്കും അതിനനുകൂലമായ വികാരമുണ്ടായി. യഥാര്‍ഥത്തില്‍ കര്‍ഷകര്‍ക്കും രാജ്യത്തിനുംമേല്‍ മോദി സര്‍ക്കാര്‍ അടിച്ചേല്പിച്ചതാണ് കാര്‍ഷികനിയമങ്ങള്‍. ഏറ്റവും സുപ്രധാന വിഷയത്തില്‍ കൂടിയാലോചന നടത്താതെ ഓര്‍ഡിനന്‍സായി നിയമം കൊണ്ടുവരുകയും ജനാധിപത്യമര്യാദകളും പാര്‍ലമെന്ററി കീഴ്വഴക്കങ്ങളും ലംഘിച്ച് പാസാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്‌ക്കോ സെലക്ട് കമ്മിറ്റിക്കോ ബില്ല് വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. രാജ്യസഭയില്‍ ബില്‍ പാസാക്കിയ രീതിയും വന്‍പ്രതിഷേധത്തിനും വിവാദത്തിനും കാരണമായി. ഭൂരിപക്ഷമുണ്ടെന്ന ഒറ്റക്കാരണത്താല്‍ ചെറിയൊരു വിട്ടുവീഴ്ചപോലും ചെയ്യാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ വലിയൊരു വിട്ടുവീഴ്ച ചെയ്യേണ്ടിവന്നത് ചരിത്രപരമായ അനിവാര്യതമാത്രം.

കണ്ണുകള്‍ പഞ്ചാബിലെയും പടിഞ്ഞാറന്‍ യു.പി.യിലെയും രാഷ്ട്രീയപ്പാടങ്ങളില്‍

വിവാദങ്ങളായി തഴച്ചുവളര്‍ന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ബി.ജെ.പി.യുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കണ്ണുകള്‍ പഞ്ചാബിലെയും പടിഞ്ഞാറന്‍ യു.പി.യിലെയും രാഷ്ട്രീയപ്പാടങ്ങളില്‍. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും, ഉപതിരഞ്ഞെടുപ്പുകളുടെയും ചുവരെഴുത്തുകള്‍ വായിച്ച ബി.ജെ.പി. താഴെത്തട്ടിലെ ജനവികാരം തിരിച്ചറിഞ്ഞ് നടത്തിയ നീക്കമാണ് റദ്ദാക്കല്‍ പ്രഖ്യാപനം. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് ആര്‍.എസ്.എസ്. നല്‍കിയ റിപ്പോര്‍ട്ടുകളും തീരുമാനത്തിന് പിന്നിലുണ്ട്.

അകാലിദള്‍ വിട്ടുപോയ ശേഷം പഞ്ചാബിലെ ഒറ്റപ്പെടല്‍, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായുള്ള സഖ്യ സാധ്യത, പടിഞ്ഞാറന്‍ യു.പി.യില്‍ കര്‍ഷക സമരം രൂപപ്പെടുത്തിയ ജാട്ട്-മുസ്‌ലിം ഐക്യത്തെക്കുറിച്ചുള്ള ആശങ്ക, ലഖിംപുര്‍ ഖേരി സംഭവമുണ്ടാക്കിയ രാഷ്ട്രീയക്ഷീണം തുടങ്ങിയ ഘടകങ്ങളാണ് റദ്ദാക്കല്‍ പ്രഖ്യാപനത്തിന് പിന്നിലെ രാഷ്ട്രീയകാരണങ്ങള്‍.

കഴിഞ്ഞമാസം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് കാരണം എണ്ണവില വര്‍ധനയും കര്‍ഷകസമരവുമാണെന്ന് ആര്‍.എസ്.എസും ബി.ജെ.പി. കേന്ദ്ര നേതൃത്വവും വിലയിരുത്തിയിരുന്നു. ഇതോടെ കര്‍ഷക സമരത്തിന്റെ കാര്യത്തില്‍ ധാരണ രൂപപ്പെട്ടിരുന്നു. എന്നാല്‍, ചില രാഷ്ട്രീയ നീക്കങ്ങള്‍ക്കും യുക്തമായ സമയത്തിനുമായി സര്‍ക്കാരും ബി.ജെ.പി.യും കാത്തിരിക്കുകയായിരുന്നു. സമരം ചെയ്യുന്ന കര്‍ഷകരേറെയും പഞ്ചാബില്‍നിന്നുള്ള സിഖ് വിഭാഗക്കാരായതിനാല്‍ ഗുരുനാനാക് ജയന്തി ദിവസമാണ് പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തത്.

ഉത്തര്‍പ്രദേശില്‍ കാര്‍ഷിക മേഖലയായ പടിഞ്ഞാറന്‍ യു.പി.യിലാണ് സമരത്തിന്റെ വേലിയേറ്റം ബി.ജെ.പി.യെ കുഴക്കുന്നത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി.യാണ് ഈ മേഖലയില്‍ നേട്ടമുണ്ടാക്കിയത്. 2013-ലെ മുസാഫര്‍നഗര്‍ കലാപമായിരുന്നു ഇതിനു കാരണം. കലാപകാലത്ത് മുസ്‌ലിം-ജാട്ട് സമുദായങ്ങള്‍ക്കിടയിലുണ്ടായ അകല്‍ച്ച ബി.ജെ.പി.ക്ക് രാഷ്ട്രീയഗുണമായി. ജാട്ട് സമുദായം ബി.ജെ.പി.യെ പിന്തുണച്ചു. ഈ മേഖലയില്‍നിന്നുള്ള കര്‍ഷക സമരനേതാവായ രാകേഷ് ടികായത്തും കുടുംബവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെയാണ് പിന്തുണച്ചത്.

സമരമുഖത്ത് മുസ്‌ലിം-ജാട്ട് സമുദായങ്ങള്‍ തമ്മില്‍ ഇണങ്ങിയതോടെ ബി.ജെ.പി.യുടെ രാഷ്ട്രീയ അടിത്തറ ഇടിഞ്ഞു. ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പില്ലെങ്കിലും ഹരിയാണയിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി-ജെ.ജെ.പി. സര്‍ക്കാര്‍ കര്‍ഷക സമരത്തില്‍ ആടിയുലയുന്ന സ്ഥിതിയിലാണ്.

.

പ്രതിപക്ഷത്തിന് ഊര്‍ജം

കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂലും അടക്കമുള്ള പ്രതിപക്ഷത്തിന് വന്‍ ഊര്‍ജംപകരുന്നതാണ് കാര്‍ഷികനിയമം റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം മുഴുവന്‍ സ്തംഭിപ്പിച്ചും ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ അന്തിയുറങ്ങിയും പ്രതിപക്ഷ എം.പി.മാര്‍ നടത്തിയ സമരത്തോട് മുഖംതിരിച്ച കേന്ദ്രസര്‍ക്കാരിന് ഒടുവില്‍ പിന്നാക്കംപോകേണ്ടിവന്നു. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരുമെന്ന് ആവര്‍ത്തിച്ചും പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ചും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതാണ് ഈ തിരിച്ചിറക്കം. ആദ്യ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ടുവന്നപ്പോഴാണ് സര്‍ക്കാരിന് ഇതിനുമുമ്പ് കൈ പൊള്ളിയത്. പ്രതിപക്ഷകക്ഷികളും കര്‍ഷകരും സംഘപരിവാറില്‍ ഒരു വിഭാഗംതന്നെയും ഇതിനെതിരേ രംഗത്തുവന്നപ്പോള്‍ ഓര്‍ഡിനന്‍സ് റദ്ദാക്കി. ഇന്ധനവിലവര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരേ സമരരംഗത്തുള്ള കോണ്‍ഗ്രസിനും മറ്റുപ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇത് ആവേശം പകരും. .

രാഹുലിന്റെ പ്രവചനം

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി രാഹുല്‍ഗാന്ധിയുടെ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ. ''എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ... ഈ (കാര്‍ഷിക) നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവും. ഞാന്‍ പറഞ്ഞത് ഓര്‍മിച്ചോളൂ'' - എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. മധുര വിമാനത്താവളത്തിലാണ് രാഹുല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ജനുവരി 14-ന് ഈ വീഡിയോ രാഹുല്‍ ട്വീറ്റും ചെയ്തു.

പുകയായി വ്യാജപ്രചാരണം 

കര്‍ഷകരുടെ പോരാട്ടവീര്യം കെടുത്താന്‍ ഒട്ടേറെ വ്യാജപ്രചാരണങ്ങളാണ് സമരകാലത്ത് ഉയര്‍ന്നുവന്നത്. ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച ഇവ വിശദപരിശോധനയില്‍ വ്യാജമാണെന്ന് തെളിഞ്ഞു. കര്‍ഷക സമരത്തിനിടെ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന സിഖുകാരന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, 2019-ല്‍ ബ്രിട്ടനില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താനെ പിന്തുണയ്ക്കുന്ന ആരാധകരുടെ ദൃശ്യങ്ങളായിരുന്നു ഇത്.

സമരത്തില്‍ സിഖുകാരനായി വേഷം മാറിയെത്തിയെ നാസിര്‍ മുഹമ്മദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു മറ്റൊരു പ്രചാരണം. എന്നാല്‍, 2011-ല്‍ പഞ്ചാബിലെ മൊഹാലിയില്‍ ഔഷധവ്യാപാരികള്‍ നടത്തിയ സമരത്തിനിടെ സിഖ് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തുകൊണ്ടു പോകുന്ന വീഡിയോ ആയിരുന്നു അത്.

ഖലിസ്താന്‍ വാദികളാണ് പിന്നിലെന്നായിരുന്നു മറ്റൊരു പ്രചാരണം. യു.എസില്‍ ഉള്‍പ്പെടെ ഖലിസ്താന്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചുകളുടെ ദൃശ്യങ്ങളാണ് കര്‍ഷകസമരത്തില്‍ നിന്നുള്ളത് എന്ന വ്യാജേന പ്രചരിപ്പിച്ചത്.

.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകസമരത്തിലുമെത്തിയെന്ന പേരില്‍ രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രചാരണം നടന്നു. ഇരു സമരങ്ങള്‍ക്കും പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ടു ചിത്രങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ നിന്നുള്ളതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

പ്രക്ഷോഭത്തിനിടെ കര്‍ഷകനായ സുഖ്ദേവ് സിങ്ങിനുനേരെ പോലീസ് ലാത്തിവീശുന്ന ചിത്രം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ചിത്രങ്ങള്‍ വ്യാജമാണെന്ന് ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. പിന്നാലെ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ മാളവ്യയുടെ ട്വീറ്റ് വ്യാജമാണെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തി.സമരത്തിനുപിന്നില്‍ ഇടതുതീവ്രവാദികളും മാവോ വാദികളും ആണെന്നും വ്യാജ പ്രചാരണം അഴിച്ചുവിട്ടിരുന്നു.

എഴുത്ത്:പി.കെ.മണികണ്ഠന്‍, പ്രകാശന്‍ പുതിയേട്ടി, എം.കെ.അജിത് കുമാര്‍