ന്ത്യന്‍ നിയമജീവിതത്തില്‍ ജസ്റ്റിസ്  അജിത് നാഥ്  റേയ്ക്കു  ശേഷം ഏറ്റവുമധികം വിമര്‍ശനവിചാരണ നേരിട്ട ചീഫ് ജസ്റ്റിസായ ജസ്റ്റിസ്  ദീപക് മിശ്ര സുപ്രീം കോടതിയുടെ പടിയിറങ്ങുമ്പോള്‍, വിശകലനങ്ങള്‍ ജനാധിപത്യ നിയമ വ്യവസ്ഥയുടെ അനിവാര്യതയായി മാറുന്നു. പൊതുജീവിതത്തെയും വ്യക്തിജീവിതത്തെയും പുനര്‍ നിര്‍വചിച്ചുകൊണ്ടുള്ള ചരിത്രവിധികള്‍ സമ്മാനിച്ചുകൊണ്ട് അദ്ദേഹം  കളമൊഴിയുമ്പോള്‍ ഒരു ഭരണകര്‍ത്താവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരാജയങ്ങള്‍ വിസ്മരിക്കേണ്ടതായിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നുവരുന്നു.

ഭരണാധികാരി എന്ന നിലയില്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ഏറ്റവും സീനിയര്‍ ആകേണ്ടതില്ലെന്നും നേതൃഗുണം ആണ് ഏറ്റവും പ്രധാനമെന്നും  എം.സി. സെതല്‍വാദ്  ചെയര്‍മാന്‍ ആയിരുന്ന ഒന്നാം നിയമകമ്മിഷന്‍ 14-ാമത്തെ റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി. കോടതി ഭരണം ചീഫ് ജസ്റ്റിസിന്റെ ൈകയിലാണെന്നതാണ് ഇതിന് കാരണം. ജനുവരി 12-ന് നാല് മുതിര്‍ന്ന ന്യായാധിപര്‍ നടത്തിയ, ചരിത്രപരമെന്ന്  വിശേഷിക്കപ്പെട്ട പ്രതിഷേധ പത്രസമ്മേളനം സെതല്‍വാദ് പ്രതീക്ഷിച്ച നേതൃഗുണത്തിന്റെ പ്രകടമായ പരാജയമായിരുന്നു.

കോടതിയിലെ കേസുകളുടെ വിന്യാസവുമായി ബന്ധപ്പെട്ട അധികാരം ചീഫ് ജസ്റ്റിസ് ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി  ഉന്നയിക്കപ്പെട്ടപ്പോള്‍, അത് രാജ്യമെമ്പാടും ആശങ്ക പരത്തുന്ന ഒന്നായി മാറി. മെഡിക്കല്‍പ്രവേശനവുമായി ബന്ധപ്പെട്ട പ്രസാദ് എജുക്കേഷന്‍ ട്രസ്റ്റ് കേസ് കേള്‍ക്കാനുള്ള ബെഞ്ച് നിര്‍ണയിക്കാനുള്ള അവകാശം ജസ്റ്റിസ് ചെലമേശ്വരുടെ ബെഞ്ചിന്റെ ഉത്തരവിനെ അസാധുവാക്കിക്കൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര തന്നെ അധ്യക്ഷനായ ബെഞ്ച്  തിരിച്ചുപിടിച്ചപ്പോള്‍, അതിന്റെ ശരിതെറ്റുകള്‍ നമ്മള്‍ ചര്‍ച്ച ചെയ്തു. കേസുകള്‍ കേള്‍ക്കുന്നതിന് ഒരു സുതാര്യമായ റോസ്റ്റര്‍ സംവിധാനം മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊണ്ടുവന്ന റോസ്റ്റര്‍ വ്യവസ്ഥ പ്രകാരം പ്രധാനപ്പെട്ട വിഷയങ്ങള്‍ ഒട്ടുമിക്കതും ചീഫ് ജസ്റ്റിസിന്റെ പരിഗണനാ പരിധിയില്‍ വരുകയാണുണ്ടായത്. സ്വാഭാവികമായും പ്രതീക്ഷിച്ച മാറ്റം സംഭവിച്ചില്ല എന്നു മാത്രമല്ല ആ തീരുമാനം വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.

പിന്നീട് ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ട കാലവിളംബം മുതിര്‍ന്ന ജഡ്ജിമാര്‍ ജസ്റ്റിസിന് കത്ത് അയക്കുന്ന അവസ്ഥവരെ ഉണ്ടാക്കിയെങ്കിലും അവസാനം  ജസ്റ്റിസ് ജോസഫിന്റെ  സീനിയോറിറ്റി സംബന്ധിച്ച വിഷയത്തില്‍ ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരുമായി ഒരു സംഘര്‍ഷത്തിലേക്കു പോയില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രസ്തുത ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് അനുകൂല തീരുമാനമെടുക്കുകയുണ്ടായില്ല എന്ന് പറയപ്പെടുന്നു.

പരമോന്നത കോടതിയുടെ  ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും നല്ല തീരുമാനം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആയി നാമനിര്‍ദേശം ചെയ്തുവെന്നതായിരുന്നു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വിമര്‍ശിക്കപ്പെട്ട ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് എ.എന്‍. റേ,  ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട  ഹേബിയസ് കോര്‍പ്പസ് കേസിലെ  വിയോജനവിധിയുടെ രചയിതാവായ   ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയെ  ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് മൂപ്പവകാശം  പരിഗണിക്കാതെ ഒഴിവാക്കിയതുപോലെ, പ്രതിഷേധസംഘത്തിന്റെ ഭാഗമായിരുന്നു എന്ന കാരണം കാട്ടി ഒഴിവാക്കാതെ  കീഴ്വഴക്കം മാനിച്ച് ജസ്റ്റിസ് ഗൊഗോയിയെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയെന്നത് നീതിഭരണത്തില്‍  ഇരുള്‍വീണ  വര്‍ഷത്തിന്റെ രജതരേഖയായി കണക്കാക്കപ്പെടും .

നീതിബോധം പ്രകടിപ്പിച്ച ന്യായാധിപന്‍

'ന്യായാധിപന്മാര്‍ സീസറിന്റെ പത്‌നിയെപ്പോലെ സംശയത്തിന് അതീതരായിരിക്കണം' എന്ന് പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ന്യായാധിപനായിരുന്ന ചാള്‍സ് ബോവന്‍ പറയുകയുണ്ടായി. സംശയത്തിന് അതീതനാകാന്‍ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന പൊതുധാരണയായിരുന്നു ദീപക് മിശ്രയുടെ ഔദ്യോഗികജീവിതത്തിലെ പരാജയം.  ജനുവരി 12-ലെ പത്രസമ്മേളനത്തിന് ഒരു ബദല്‍ പത്രസമ്മേളനം ഒരുപക്ഷേ, സാഹചര്യത്തിന്റെ അനിവാര്യതയായി ചിത്രീകരിക്കാമായിരിന്നിട്ടു കൂടി അദ്ദേഹം വിളിച്ചു ചേര്‍ത്തില്ല എന്നത് ശ്രദ്ധേയമാണ്.  വിവാദങ്ങള്‍ ഉയരുമ്പോള്‍ ഒരു ന്യായാധിപന്‍ നിശ്ശബ്ദനായിരിക്കണമെന്നും വിധിന്യായങ്ങള്‍ സംസാരിക്കട്ടെയെന്നുമുള്ള പരമ്പരാഗത തത്ത്വം വിവേകപൂര്‍വം  തിരിച്ചറിഞ്ഞ ആളായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര എന്നതിനാലായിരിക്കാം പരസ്യപ്രതികരണത്തിനു മുതിരാതിരുന്നത്.

ജസ്റ്റിസ് മിശ്രയുടെ വിധിന്യായങ്ങളില്‍ എമ്പാടും കാണുന്ന നന്മ അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള സമീപനമാണ്. നിര്‍ഭയക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ അംഗീകരിച്ച ബെഞ്ചിനെ അദ്ദേഹം നയിച്ചു എന്നതും ശ്രദ്ധേയമാണ്. സ്ത്രീയുടെ ശരീരം അവളുടെ 'ദേവാലയം' ആണെന്നത് അദ്ദേഹത്തിന്റെ വിധിന്യായങ്ങളില്‍ പ്രതിഫലിക്കുന്ന ചിന്തയാണ്.  ഹാദിയ കേസിലെ അദ്ദേഹത്തിന്റെ തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഒരു നവപ്രഖ്യാപനമായി വിലയിരുത്തപ്പെടുന്നു. ആധാര്‍ കേസിലും സ്വവര്‍ഗരതിയെ സംബന്ധിച്ച കേസിലും അഡള്‍ട്ടറി വിധിന്യായത്തിലും എല്ലാം പ്രതിഫലിക്കുന്ന സന്ദേഹത്തിന്റെ നിയമചിന്ത ജോണ്‍ സ്റ്റുവാര്‍ട്ട് മിലിന്റെ 'സ്വന്തം ശരീരത്തിന്റെയും മനസ്സിനെയും പരമാധികാരി വ്യക്തി മാത്രമാകുന്നു.' എന്ന വാക്കുകളെ അനുസ്മരിപ്പിക്കുന്നു. ഒരു ലിബറല്‍ വ്യക്തിമാഹാത്മ്യവാദി എന്നാകും ജസ്റ്റിസ്  ദീപക് മിശ്രയെ നിയമചരിത്രം അടയാളപ്പെടുത്തുക.

അതിഭാവുകത്വം നിറഞ്ഞ വിധിഭാഷ  

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിധിരചനയില്‍ അദ്ദേഹത്തെ സ്വാധീനിച്ച അമേരിക്കന്‍ ചിന്തകനായ  റാല്‍ഫ് വാള്‍ഡോ എമേഴ്‌സണിന്റെ ശൈലി പ്രകടമായിരുന്നുവെങ്കില്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ച വില്യം  ഷേക്സ്പിയറിന്റെ ഉദ്ധരണികളില്‍ മാത്രം ഒതുങ്ങി. സരളമായ വാക്കുകള്‍ സ്വാഭാവികമായി ഇഴുകിച്ചേരുന്നിടത്തു കടുകട്ടിയുള്ള പദപ്രയോഗങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നിയമതീരുമാനങ്ങള്‍ക്കു  ശബ്ദകോശത്തിനെ ഇത്രയധികം ആശ്രയിക്കേണ്ടിയിരുന്നുവോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. വ്യവഹാരത്തിലെ വ്യക്തികള്‍ക്കും അഭിഭാഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയാണ് കോടതികള്‍ വിധിന്യായങ്ങള്‍  എഴുതേണ്ടതെന്നും വര്‍ത്തമാനകാലത്ത് ഭാഷയിലെ അവ്യക്തതയും വാചാലതയും നിയമത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതല്ലെന്നുമുള്ള തിരിച്ചറിവും ആവശ്യമാണ്.

അതേസമയംതന്നെ വളരെയധികം  ജനാധിപത്യപരമായിട്ടായിരുന്നു സ്വന്തം കോടതി ചീഫ് ജസ്റ്റിസ് നടത്തിയിരുന്നതെന്നു  പറയേണ്ടതായിട്ടുണ്ട്. എതിര്‍പ്പുകളുടെ സഹയാത്രികനായിരുന്ന അദ്ദേഹത്തിന് അഭിഭാഷകരില്‍ നിന്നുതന്നെ അതിരൂക്ഷമായ ഭാഷ കോടതിമുറിയില്‍ നിന്നു കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അഭിപ്രായവ്യതാസങ്ങളെ അടിച്ചമര്‍ത്താനായി കോടതിയലക്ഷ്യ നടപടികളെടുത്തിരുന്നില്ലെന്നത് പ്രത്യേകം പറയേണ്ടതായിട്ടുണ്ട്.  

(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകന്‍)

ഒടുവില്‍ ചരിത്രംകുറിച്ച്
ഷൈന്‍ മോഹന്‍


തിമ്മൂന്നുമാസം എന്നത് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ വലിയൊരു സമയമല്ല. എന്നാല്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അത് ധാരാളമായിരുന്നു. ഇംപീച്ച്മെന്റ് നടപടിയുടെ വക്കോളമെത്തിയ ആരോപണങ്ങള്‍ക്കൊടുവില്‍ കാലം ചര്‍ച്ചചെയ്യുന്ന ഒരുപിടി ചരിത്രവിധികളുമായാണ് അദ്ദേഹത്തിന്റെ പടിയിറക്കം. മാധ്യമങ്ങള്‍ക്ക് ഇത്രയധികം തലക്കെട്ട് സമ്മാനിച്ച മറ്റൊരു ചീഫ് ജസ്റ്റിസ് ഇനിയുണ്ടാകുമോ?കേസുകള്‍ വിഭജിച്ചുനല്‍കുന്നതില്‍ അപാകമുണ്ടെന്നുകാട്ടി മുതിര്‍ന്ന നാല് ജഡ്ജിമാര്‍ നടത്തിയ പരസ്യമായ ആരോപണവും മെഡിക്കല്‍ കോഴക്കേസില്‍ പരോക്ഷമായ ആരോപണവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സമചിത്തതയോടെ നേരിട്ടു.
ജനുവരി 12-ന് നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ പത്രസമ്മേളനം നടത്തുമ്പോഴും പാര്‍ലമെന്റിനകത്തും പുറത്തും ഇംപീച്ച്മെന്റ് വിഷയം ചര്‍ച്ചയാകുമ്പോഴും ദീപക് മിശ്ര അചഞ്ചലനായി കോടതിബെഞ്ചില്‍ ജോലിതുടര്‍ന്നു.  

നേരിട്ടത് കടുത്ത ആരോപണങ്ങള്‍

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ദേഹത്തിന് താത്പര്യമുള്ള കേസുകള്‍ തന്റെ 'ഇഷ്ടക്കാരായ' ജഡ്ജിമാരുടെ ബെഞ്ചിലേക്ക് വിടുന്നുവെന്നായിരുന്നു മുതിര്‍ന്ന നാല് ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനത്തിന്റെ രത്‌നച്ചുരുക്കം. മെഡിക്കല്‍ കോഴക്കേസ്, ലോയ കേസ് എന്നിവ ചീഫ് ജസ്റ്റിസ് താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനാണ് വിട്ടിരുന്നത്. ലഖ്‌നൗവിലെ മെഡിക്കല്‍ കോളേജിന്റെ വിലക്ക് നീക്കിക്കൊടുക്കാന്‍ സുപ്രീംകോടതിയില്‍ ഇടപെടാമെന്നുപറഞ്ഞ് ഒഡിഷയിലെ മുന്‍ ജഡ്ജി കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് നവംബറില്‍ നാടകീയസംഭവങ്ങളുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ അന്ന് പരിഗണിച്ചിരുന്നത് ദീപക് മിശ്രയുടെ ബെഞ്ചായിരുന്നു.  

മെഡിക്കല്‍ കോഴക്കേസ് ഏറ്റവും മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങുന്ന അഞ്ചംഗ ബെഞ്ച് പരിഗണിക്കണമെന്നും അതില്‍ ചീഫ് ജസ്റ്റിസ് ഉണ്ടാവരുതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ഉത്തരവിട്ടത് സുപ്രീംകോടതിയില്‍ പൊട്ടിത്തെറിയുണ്ടാക്കി. ബെഞ്ച് നിശ്ചയിക്കാന്‍ തനിക്ക് മാത്രമാണ് അധികാരമെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. ചെലമേശ്വറിന്റെ ഉത്തരവ് മറികടക്കാന്‍ അഞ്ചംഗ ബെഞ്ച് വിളിച്ചുചേര്‍ത്തായിരുന്നു ചീഫ് ജസ്റ്റിസിന്റെ നടപടി. കേസ് പരിഗണിക്കാന്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ മൂന്നംഗ ബെഞ്ചുണ്ടാക്കുകയും ചെയ്തു.

ഗുജറാത്തിലെ സൊഹ്റാബുദ്ദിന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസ് കേട്ടിരുന്ന പ്രത്യേക സി.ബി.ഐ. ജഡ്ജി ബി.എച്ച്. ലോയ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് മറ്റൊന്ന്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ കേസില്‍ വിചാരണയ്ക്കിടെയാണ് ലോയ മരിച്ചത്. ഈ കേസും ജൂനിയറായ ജഡ്ജിമാര്‍ക്ക് നല്‍കിയത് ചീഫ് ജസ്റ്റിസിനെതിരേ വാളോങ്ങാന്‍ മുതിര്‍ന്ന ജഡ്ജിമാരെ പ്രേരിപ്പിച്ചു. ഒടുവില്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും രാജ്യസഭാ അധ്യക്ഷന്‍ തള്ളുന്നതുവരെയെത്തി കാര്യങ്ങള്‍.    

എന്നും സ്വാതന്ത്ര്യത്തിനൊപ്പം

വ്യക്തിസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയ്ക്കൊപ്പമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിലകൊണ്ടത്. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുനേരെ പ്രത്യക്ഷമായിവരെ അഭിഭാഷകര്‍ കോടതിയില്‍ ആരോപണങ്ങളുന്നയിച്ചു. എന്നാല്‍, ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. കോടതിനടപടികള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കാനും നടപടികളുണ്ടായി. ഹര്‍ജികള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ മുതിര്‍ന്ന അഭിഭാഷകരുടെ കുത്തക ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇല്ലാതാക്കി. ഇപ്പോള്‍ ജൂനിയറായ അഭിഭാഷകര്‍ക്ക് ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്താം. കോടതിനടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യണമെന്ന ഹര്‍ജി അനുവദിച്ചതും ദീപക് മിശ്രയാണ്.

 ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ദീപക് മിശ്ര അതിനൊപ്പം നില്‍ക്കുന്നതാണ് കണ്ടത്. പദ്മാവത് സിനിമയ്ക്കെതിരേ വന്‍ കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി.
ഒരു അഡാര്‍ ലവ് എന്ന മലയാളം സിനിമയിലെ ഗാനത്തിനെതിരായ കേസിലും
എസ്. ഹരീഷിന്റെ 'മീശ'യ്ക്കെതിരായ കേസിലും ഇതേ നിലപാടാണ് ദീപക് മിശ്ര സ്വീകരിച്ചത്.

ഒരുപിടി ചരിത്ര വിധികള്‍

കാലം ഓര്‍മിക്കുന്ന ഒരുപിടി ചരിത്ര വിധികളില്‍ ഒപ്പുവെച്ചുകൊണ്ടാണ് ദീപക് മിശ്രയുടെ പടിയിറക്കം. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കിയതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധികളിലൊന്ന്. വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ക്കുറ്റമായിക്കണ്ട് പുരുഷനെമാത്രം ശിക്ഷിക്കുന്ന 158 വര്‍ഷം പഴക്കമുള്ള വകുപ്പ് റദ്ദാക്കിയത് സുപ്രധാന ചുവടുവെപ്പായി.
ഹാദിയ കേസിലും വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഊന്നല്‍ നല്‍കിയത്. ഏറ്റവുമൊടുവില്‍ ശബരിമലയില്‍ സ്ത്രീപ്രവേശത്തിനും അനുമതി നല്‍കിയാണ് ദീപക് മിശ്രയുടെ പടിയിറക്കം.