ഹിരാകാശ സഞ്ചാരത്തില്‍ പുതുചരിത്രമെഴുതിയിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഡ്രാഗണ്‍ ക്യാപ്‌സൂളിലേറി സഞ്ചാരികള്‍ ചരിത്രത്തിലേക്ക് കുതിച്ചിരിക്കുന്നു. 

നാളെ ഭൂമി വാസയോഗ്യമല്ലാതായാലും മനുഷ്യന് പാര്‍ക്കാന്‍ ഇടമില്ലാതാകരുത്. ബഹിരാകാശത്ത് മനുഷ്യകോളനി സ്ഥാപിക്കണമെന്നാണ് മസ്‌കിന്റെ ആലോചന. കാലിഫോര്‍ണിയയിലെ ഹോവിത്തോണില്‍ സ്‌പേസ് എക്‌സിന്റെ ആസ്ഥാന മന്ദിരത്തില്‍ സി.ഇ.ഒ.യുടെ ക്യുബിക്കിളിലേക്കുള്ള ഇടനാഴിക്ക് ഇരുവശവും ചൊവ്വയുടെ രണ്ട് ചിത്രങ്ങള്‍കാണാം, ഇടതുവശത്ത് ''ചൊവ്വ ഇന്ന്'' - പാറക്കെട്ടുകളുടെയും ഗര്‍ത്തങ്ങളുടെയും ഇടയില്‍ മൂകത തിങ്ങിയ അന്തരീക്ഷം. വലതുവശത്തെ ചിത്രം ഇലോണ്‍ മസ്‌കിന്റെ ഭാവനയാണ് - ഹരിതാഭമായ മനുഷ്യ വാസയോഗ്യമായ ''നാളത്തെ ചൊവ്വ'. വര്‍ത്തമാനത്തില്‍ ജീവിച്ച് ഭാവികാലത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകനാണ് ഇലോണ്‍ മസ്‌ക്. 

സ്വകാര്യ ബഹിരാകാശ സംരംഭമായ സ്‌പേസ് എക്‌സിന്റെ സാരഥി ഇലോണ്‍ മസ്‌ക് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ സംരംഭകനാണ്. ചൊവ്വയില്‍ സ്ഥിരതാമസം, ബഹിരാകാശത്തേക്ക് വിനോദയാത്ര, ഹൈപ്പര്‍ലൂപ്പ് ഗതാഗതം, ലോകം മുഴുവന്‍ വൈഫൈ എന്നിങ്ങനെ കേട്ടാല്‍ മൂക്കത്ത് വിരല്‍വെച്ചുപോകുന്ന ആശയങ്ങളാണ് അദ്ദേഹത്തിന്റേത് എന്നാല്‍ പരിശ്രമത്തിലൂടെ അസാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ സാധാരണക്കാര്‍ക്കും കഴിയുമെന്ന് തെളിയിക്കുകയാണ് ഇലോണ്‍ മസ്‌ക്.

പുതുതലമുറ ടെക്കികള്‍ക്കിടയില്‍ ഒരുവേദവാക്യം ഇങ്ങനെ കറങ്ങുന്നുണ്ട്: 'മസ്‌കിനെപ്പോലെയാവുക. കുറച്ചുകാലം മുന്‍പ് റോള്‍ മോഡലായി സ്റ്റീവ് ജോബ്‌സിനെ അവര്‍ എങ്ങനെ പ്രതിഷ്ഠിച്ചുവോ അങ്ങനെത്തന്നെ ഇപ്പോള്‍ ഇലോണ്‍ റീവ് മസ്‌കിനെയും. ചിന്തകളെ സ്വതന്ത്രമാക്കിവിടുക. അതിന്റെ ഉത്പന്നങ്ങളെ ഭ്രാന്തമായി വിശ്വസിക്കുക. അഹോരാത്രം പണിയെടുക്കുക - ഇലോണ്‍ മസ്‌കിന്റെ വിജയമന്ത്രങ്ങള്‍ ഇതൊക്കെയാണ്.

പദ്ധതികള്‍ക്ക് മുതല്‍മുടക്കുന്ന സ്വകാര്യ സ്ഥാപനമായ സ്‌പേസ് എക്‌സും പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ സാധ്യത ഉപയോഗപ്പെടുത്തുന്ന ടെസ്ല മോട്ടോഴ്‌സും ഇലോണ്‍ മസ്‌കിന്റെ ദീര്‍ഘവീക്ഷണങ്ങളാണ്.ചെയ്യുന്ന കാര്യത്തില്‍ നമ്മള്‍ അത്രമേല്‍ പ്രാധാന്യം കല്‍പിക്കുന്നുവെങ്കില്‍ എന്തൊക്കെ വെല്ലുവിളികളും എതിര്‍പ്പുകളും ഉണ്ടായാലും അതില്‍നിന്ന് പിന്മാറരുതെന്ന് മസ്‌ക് ഓര്‍മപ്പെടുത്തുന്നു.

Hayley Arceneaux, Sian Proctor, Chris Sembroski and Jared Isaacman
Hayley Arceneaux, Sian Proctor, Chris Sembroski and Jared Isaacman

സ്‌പേസ് എക്സ്

ബഹിരാകാശ കുതുകികളുമായി ഇലോണ്‍ മസ്‌കിന് ആദ്യ ഇടപെടലുണ്ടായത് മാഴ്‌സ് സൊസൈറ്റി എന്ന കൂട്ടായ്മയിലൂടെയാണ്. ചുവന്ന ഗ്രഹമായ ചൊവ്വയില്‍ മനുഷ്യരെ എത്തിക്കുകയെന്ന സ്വപ്നംകണ്ട കുറച്ചുപേരായിരുന്നു അതിലെ അംഗങ്ങള്‍. ചൊവ്വയിലെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും അനുകരിച്ചുകൊണ്ട് ആര്‍ട്ടിക്കില്‍ മാഴ്‌സ് സൊസൈറ്റി ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ട്രാന്‍സ്ലൈഫ് മിഷന്‍ എന്ന സ്വപ്നപദ്ധതിക്കായി സൊസൈസ്റ്റിയിലെ അംഗങ്ങള്‍ സാമ്പത്തികസഹായങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു. ഈ സമയത്താണ് വലിയൊരു സംഭാവനയുമായി ഇലോണ്‍ മസ്‌ക് മാഴ്സ് സൊസൈറ്റിയുടെ ശ്രദ്ധയിലേക്കെത്തിയത്. കൂട്ടായ്മയുടെ തലവന്‍ റോബര്‍ട്ട് സുബിന്‍ മസ്‌കിനെ നേരിട്ട് കാണാന്‍ താത്പര്യം അറിയിച്ചു. ആ കൂടിക്കാഴ്ചയില്‍ മാഴ്സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചുവന്ന ഗ്രഹത്തിന്റെ സാധ്യതകളെക്കുറിച്ചും മസ്‌കിന് തിരിച്ചറിവുണ്ടായി. 

ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍, നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞന്‍ കാരോള്‍ സ്റ്റോക്കര്‍ തുടങ്ങിയ പ്രമുഖരും ആ വിരുന്നില്‍ അതിഥികളായിരുന്നു. അതിസമ്പന്നനായ ഒരു യുവാവ് സ്വയമേ താത്പര്യം പ്രകടിപ്പിച്ചെത്തിയത് ബഹിരാകാശപഠിതാക്കളെയും ആവേശത്തിലാക്കി. മസ്‌ക് മാസങ്ങളോളം ജ്യോതിശാസ്ത്രത്തിലെ വ്യാവസായിക സാധ്യതകളെക്കുറിച്ച് പഠനങ്ങള്‍ നടത്തി. ബഹിരാകാശദൗത്യങ്ങള്‍ പാഴ്‌ച്ചെലവുകളാണെന്ന് സാധാരണക്കാര്‍ വിശ്വസിച്ചിരുന്ന കാലത്താണ് ജ്യോതിശാസ്ത്ര പാരമ്പര്യമേതുമില്ലാതെ ഇലോണ്‍ മസ്‌ക് ആ മേഖലയില്‍ നിക്ഷേപത്തിനിറങ്ങിയത്. 

നാല് 'സാധാരണ യാത്രക്കാര്‍' ബഹിരാകാശത്തേക്ക്; ചരിത്രം തിരുത്തി സ്‌പേസ് എക്‌സ് 

2002 ജൂണില്‍ ഇലോണ്‍ മസ്‌കിന്റെ സ്വപ്നസാക്ഷാത്കാരത്തിലേക്ക് ആദ്യചുവടുവെച്ചു. പിന്നിട് സ്‌പേസ് എക്സ് എന്ന് ലോകം അദ്ഭുതത്തോടെ പ്രചരിപ്പിച്ച സ്‌പേസ് എക്‌സ്പ്ലൊറേഷന്‍ ടെക്‌നോളജി സ്ഥാപിതമായി. വളരെപ്പെട്ടെന്നുതന്നെ സ്‌പേസ് എക്സ് അതിന്റെ പ്രവര്‍ത്തനമേഖലയില്‍ മികവ് തെളിയിക്കുകയും വിശ്വാസ്യത ആര്‍ജിക്കുകയും ചെയ്തു. 2008-ല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള കാര്‍ഗോ ഗതാഗതത്തിന് നാസ സ് പേസ് എക്‌സുമായി കരാര്‍ ഒപ്പിട്ടു.

2012 മേയ് 22-നായിരുന്നു ആ ചരിത്രനിമിഷം - ലോകത്ത് ആദ്യമായി ഒരു സ്വകാര്യ കമ്പനി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സ്‌പേസ്രകാഫ്റ്റ് വിക്ഷേപിച്ചു. ഇലോണ്‍ മസ്‌കിനെ ലോകം ആരാധനയോടെ നോക്കിയ നിമി ഷം. ബഹിരാകാശനിലയത്തില്‍ കഴിഞ്ഞിരുന്ന ആസ്‌ട്രോനോട്ടുകള്‍ക്കായി 1000 പൗണ്ട് അവശ്യസാധനങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് കുതിച്ചു പൊങ്ങി.

2013-ലും 2015-ലും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഫാല്‍ക്കണ്‍-9 വീണ്ടും വാര്‍ത്ത സൃഷ്ടിച്ചു. 2007 മാര്‍ച്ചില്‍ സ്‌പേസ് എക്‌സിന്റെ സ്വപ്നപദ്ധതിയായ പുനരുപയോഗ സാധ്യതയുള്ള റോക്കറ്റ് വിക്ഷേപണവും വിജയം കണ്ടു. ഇത് ബഹിരാകാശയാത്രകളുടെ ഭീമമായ ചെലവുകള്‍ക്ക് ബദല്‍ ആശയമെന്ന നിലയ്ക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഫാല്‍ക്കണ്‍ ഹെവിയുടെ മറ്റൊരു ശ്രദ്ധേയ ബഹിരാകാശയാത്ര 2018 ഫ്രെബുവരി ആറിനായിരുന്നു. അമേരിക്കയില്‍ ഫ്‌ളോറിഡയിലുള്ള കെയ്പ് കാനവറിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ചെറിനിറത്തിലുള്ള ടെസ്ല കാറിനെയും അതില്‍ ഇരുത്തിയ സ്റ്റാര്‍മാന്‍ എന്ന പാവമനുഷ്യനെയും വഹിച്ചാണ് ഫാല്‍ക്കണ്‍ ഹെവി അന്ന് കുതിച്ചുപൊങ്ങിയത്, 63800 കിലോഗ്രാം ഭാരം ഒറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിക്കാനാകുമെന്ന് സ്‌പേസ്എക്‌സ് ലോകത്തോട് പറഞ്ഞു. അതോടെ ഫാല്‍ക്കണ്‍ ഹെവി ലോകത്തെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായി. 2004-ല്‍ വിക്ഷേപിച്ച ഡെല്‍റ്റ 1-നായിരുന്നു അതുവരെ റെക്കോഡ്. ബഹിരാകാശദൗത്യത്തിന്റെ ഭാഗമായി അന്നാദ്യമായാണ് മനുഷ്യന്‍ വാണിജ്യവാഹനത്തെ ഭൂമിയുടെ അതിര്‍ത്തി കടത്തിയതെന്നതും പ്രത്യേകത.

''ചൊവ്വയിലെ ജീവജാലങ്ങള്‍ പരിശ്രമിക്കേണ്ടതില്ല, ഇത് ഭൂമിയില്‍ മനുഷ്യര്‍ നിര്‍മിച്ചതാണ്' ചൊവ്വയിലേക്കയച്ച റോഡ്സ്റ്ററില്‍ പലയിടങ്ങളിലായി ഈ സന്ദേശം എഴുതിവെച്ചു. അചേതമായ സ്റ്റാര്‍മാന് ആസ്വദിക്കാനെന്നോണം ഡേവിഡ് ബോവിയുടെ സ്‌പെയിസ് ഒഡിറ്റി എന്ന ഗാനം, ഐസക് അസിമോവിന്റെ ഫണ്ടേഷന്‍ ട്രിലജി എന്ന പുസ്തകം. ഫാല്‍ക്കണ്‍-9ന്റെ ആ വിക്ഷേപണം അതിന്റെ സാങ്കേതികവിജയത്തേക്കാളപ്പുറം ഇലോണ്‍ മസ്‌കിന്റെ ചില കുറുമ്പുകളുടെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇലോണ്‍ മസ്‌കിന് വിമര്‍ശകര്‍ കുറവല്ല. ഭ്രമകല്പകള്‍കൊണ്ട് ആളുകളെ ഭയപ്പെടുത്തുന്നവന്‍, ബഹിരാകാശത്തെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുമെല്ലാം വിവേകശൂന്യമായ (പ്രസ്താവനകള്‍ നടത്തുന്നവന്‍ എന്നൊക്കെ മസ്‌ക് പഴി കേള്‍ക്കാറുണ്ട്. പക്ഷേ, മസ്‌കിനെ സംബന്ധിച്ച് മികച്ച ആശയങ്ങള്‍ എപ്പോഴും ഭ്രാന്തമായിരിക്കും. തന്റെതന്നെ അഹന്തയെയും ആത്മവിശ്വാസത്തെയും ശ്രമത്തെയും പ്രതിഭയെയും വളമാക്കി സാധാരണക്കാര്‍ക്കും അസാധാരണകാര്യങ്ങള്‍ സാധ്യമാണെന്ന് തെളിയിക്കുകയാണ് ഇലോണ്‍ മസ്‌ക്.

ആദ്യമായി കംപ്യൂട്ടര്‍ കാണുന്നത് പത്താംവയസ്സില്‍

പത്താം വയസ്സിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പാണ് ഇലോണ്‍ ആദ്യമായി കംപ്യൂട്ടര്‍ നേരിട്ട് കണ്ടത്. ജൊഹാനസ്ബര്‍ഗില്‍ സാന്‍ഡ്ടണ്‍ സിറ്റി മാളിലെ ഇലക്ട്രോണിക്‌സ് ഷോപ്പിനുള്ളില്‍,''സൗത്ത് ആഫ്രിക്കയിലെ ജനങ്ങള്‍ കംപ്യൂട്ടര്‍ സയന്‍സ് എന്ന വാക്ക് കേള്‍ക്കുന്നതിനു മുന്‍പുതന്നെ ഇലോണ്‍ ആ മേഖലയില്‍ അതീവതാത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്'' - ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഇറോള്‍ മസ്‌ക് സാക്ഷ്യ പ്പെടുത്തുന്നു. അധികം വൈകാതെ ഇലോണിന് സ്വന്തമായി കംപ്യൂട്ടര്‍ ലഭിച്ചു. 1980-ല്‍ വിപണിയിലെത്തിയ കൊമ്മഡോര്‍ വി.ഐ.സി. 20 മോഡല്‍. ആറുമാസമെടുത്താണ് ഇലോണ്‍ മനുഷ്യനെ അനുകരിക്കുന്ന യന്ത്രത്തെ മെരുക്കിയെടുത്തത്. ദിവസങ്ങളോളം ഊണും ഉറക്കവുമില്ലാതെ അവന്‍ കാംപ്യൂട്ടറിനുമുന്നില്‍ ചെലവഴിച്ചു.

പിതാവ് ഇടയ്ക്കിടെ ഉപദേശിച്ചു; ''ഇത് ഗെയിം കളിക്കാന്‍ മാത്രമേ ഉപകരിക്കൂ. സമയം പാഴാക്കരുത്.'1984-ലാണ് പൊതുജനം ഇലോണ്‍ റീവ് മസ്‌ക് എന്ന പ്രതിഭയെ പരിചയപ്പെടുന്നത്. പി.സി. ആന്‍ഡ് ഓഫീസ് ടെക്‌നോളജി എന്ന സത്ത് ആഫ്രിക്കന്‍ ട്രേഡ് പബ്ലിക്കേഷന്‍ മസ്‌ക് തയ്യാറാക്കിയ വിഡിയോ ഗെയിമിന്റെ സോഴ്സ് കോഡ് പ്രസിദ്ധീകരിച്ചു. ബ്ലാസ്റ്റര്‍ എന്ന് പേരുനല്‍കിയ ഗെയിം ബഹിരാകാശയാത്രയുടെ ആവേശം ഉള്‍ക്കൊണ്ട സയന്‍സ് ഫിക്ഷനായിരുന്നു. ഗെയിം എന്ന നിലയില്‍ ബ്ലാസ്റ്റര്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്നത്തെക്കാലത്ത് ഒരു പന്ത്രണ്ടുവയസ്സുകാരന്റെ കംപ്യൂട്ടര്‍ സൃഷ്ടി ആളുകളില്‍ ആവോളം മതിപ്പുണ്ടാക്കി, പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെട്ടില്ല. എന്നാല്‍ ശാസ്ത്ര-സാങ്കേതികമേഖലകളില്‍ മസ്‌കിനോളം അവഗാഹമുണ്ടായിരുന്ന സമപ്രായക്കാരായ മറ്റ് കൂട്ടികളെ കണ്ടെത്താന്‍ പ്രയാസമായിരുന്നു. 


(ഹരിശ്രീയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)