'ച്ഛന്റെ പ്രായമുളളയാള്‍' ആദിത്യ പഞ്ചോളിക്കെതിരേ ആരോപണം ഉന്നയിക്കുമ്പോഴെല്ലാം കങ്കണ ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്ന വാക്ക്. വീട്ടുതടങ്കലിലാക്കി, തലയ്ക്കടിച്ചു, കാറില്‍വെച്ച് ബലാത്സംഗം ചെയ്തു, ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്തു, സഞ്ചരിച്ചിരുന്ന റിക്ഷയെ പിന്തുടര്‍ന്ന് പൊതുറോഡില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. മുംബൈ പോലീസില്‍ ആദിത്യ പഞ്ചോളിക്കെതിരായി കങ്കണ ഫയല്‍ ചെയ്ത പരാതിയില്‍ ആരോപണങ്ങള്‍ നിരവധിയായിരുന്നു. പരാതിക്ക് മറുപരാതിയുമായി ഭാര്യ സറീന വഹാബിനൊപ്പം എത്തിയ ആദിത്യ പഞ്ചോളി ഈ  ആരോപണങ്ങളെ പ്രതിരോധിച്ചത് കങ്കണ ഒരു ഭ്രാന്തിയാണെന്നും നുണച്ചിയാണെന്നും പ്രസ്താവിച്ചുകൊണ്ടാണ്.  

ഗോഡ് ഫാദറില്ലാതെ ബോളിവുഡില്‍ കാലു കുത്താനാവില്ലെന്ന തിരിച്ചറിവില്‍ ഓഡീഷനുകളില്‍നിന്ന് ഓഡീഷനുകളിലേക്ക് ദിവസങ്ങള്‍ തളളിനീക്കുന്നതിനിടയിലാണ് കങ്കണയെന്ന ടീനേജുകാരി തന്നേക്കാള്‍ 20 വയസ്സ് അധികമുളള ആദിത്യ പഞ്ചോളിയെ കണ്ടുമുട്ടുന്നത്. തീര്‍ത്തും സിനിമാറ്റിക്കായിരുന്നു ആ കൂടിക്കാഴ്ച. 

2004. മുംബൈയിലെ ഒരു മഴക്കാലം.. ജുഹു-താര റോഡില്‍ ഒരു കാറിലിരിക്കുകയായിരുന്നു ആദിത്യ. കോരിച്ചൊരിയുന്ന മഴയില്‍ അതേ റോഡിലുളള കെ.എഫ്.സി. ഷോപ്പിന് പുറത്ത് നനഞ്ഞൊട്ടി ഒരു സുഹൃത്തിന്റെ ബൈക്കിന് പിറകില്‍ ഇരിക്കുകയായിരുന്നു കങ്കണ. ആശ ചന്ദ്ര ആക്ടിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വരികയായിരുന്ന ഇരുവരും മഴ കാരണം യാത്ര തുടരാനാകാതെ കടയ്ക്ക് മുന്നിലെ ഷെല്‍റ്ററിനുളളിലേക്ക് കയറുകയായിരുന്നു.

ആദിത്യയെ കണ്ട് തിരിച്ചറിഞ്ഞ കങ്കണയുടെ സുഹൃത്ത് അവള്‍ക്ക് അദ്ദേഹത്തെ കാണിച്ചുകൊടുത്തു. വെളുത്ത് മെലിഞ്ഞ് ചുരുണ്ട മുടിയുളള ആ പെണ്‍കുട്ടി ഉടന്‍ അദ്ദേഹത്തിന് നേരെ നടന്നെത്തി, കങ്കണയെന്ന് സ്വയം പരിചയപ്പെടുത്തി. ഇരുവരുടെയും ഒരു പൊതുസുഹൃത്ത് കങ്കണ മുംബൈയിലേക്ക് വണ്ടി കയറുന്നുണ്ടെന്നും അവള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നും നേരത്തേ ആദിത്യയോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പേരു കേട്ടപ്പോള്‍തന്നെ ആദിത്യ അവളെ തിരിച്ചറിഞ്ഞു, ഫോണ്‍ നമ്പറുകള്‍ കൈമാറി.

ആദിത്യയുടെ തന്നെ ഭാഷയില്‍ പറയുകയാണെങ്കില്‍ കണ്ണില്‍ സ്വപ്‌നങ്ങള്‍ നിറച്ച, ഇംഗ്ലീഷ് അറിയാത്ത, ബോളിവുഡില്‍ ചാന്‍സ് തേടുന്ന ഗ്രാമത്തില്‍ നിന്നുളള പെണ്‍കുട്ടി..; ആദ്യകാഴ്ചയില്‍ തന്നെ അവള്‍ ആദിത്യയുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കണം. എന്നാല്‍ മൂന്നു മാസത്തോളം തുടര്‍ച്ചയായി വിളിച്ചതിന് ശേഷമാണ് താന്‍ കങ്കണയുടെ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായതെന്ന് പിന്നീട് ആദിത്യ പറഞ്ഞിട്ടുണ്ട്.  തുടര്‍ന്ന് അവര്‍ വീണ്ടും കണ്ടുമുട്ടി. ആ കൂടിക്കാഴ്ചയോടെ ഇടയ്ക്കിടെ കണ്ടുമുട്ടുന്നത് പതിവായി. 

ഒരു മാസത്തിനുളളില്‍ ആദിത്യയുടെ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് കങ്കണ താമസം മാറി. പിന്നീട് ഭാര്യയെയും മക്കളെയും വിട്ട് ആദിത്യയും ആ ഫ്‌ളാറ്റില്‍ കങ്കണയ്‌ക്കൊപ്പം താമസം തുടങ്ങി. ബോളിവുഡില്‍ ഗോഡ്ഫാദറില്ലാതെ മുന്നോട്ടുപോകാനാകില്ല എന്ന ധാരണയിലോ, ഹിമാചലിലെ ഒരു ഗ്രാമത്തില്‍ വളര്‍ന്ന് മുംബൈ പോലൊരു മായാനഗരിയിലെത്തിയ പകപ്പിലോ കങ്കണ ആദിത്യയില്‍ കണ്ടത് രക്ഷകനെയാണ്.

കങ്കണയില്‍ ഗേള്‍ഫ്രണ്ടിനെ കണ്ടെത്താന്‍ ആദിത്യക്കും ബുദ്ധിമുട്ടുണ്ടായില്ല. സിനിമയിലെ സുഹൃത്തുക്കള്‍ക്ക് ആദിത്യ കങ്കണയെ പരിചയപ്പെടുത്തി, ലഹരിയും ആഘോഷവും നിറയുന്ന ബിടൗണിലെ പാര്‍ട്ടികള്‍ക്ക് തനിക്കൊപ്പം കങ്കണയെയും കൂട്ടി. ഇതിനിടയിലാണ് കങ്കണയ്ക്ക് അനുരാഗ് ബസുവിന്റെ ചിത്രമായ ഗ്യാങ്‌സ്റ്ററില്‍ അവസരം ലഭിക്കുന്നത്. (ഗ്യാങ്‌സ്റ്ററില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ച് കങ്കണ പറയുന്ന കഥ തെറ്റാണെന്നും അവസരത്തിന് പിറകില്‍ താനാണെന്നും ആദിത്യ പിന്നീട് അവകാശപ്പെട്ടിരുന്നു.)

കങ്കണ റണാവത്

സ്വന്തം ജീവിതത്തിൽ രാജ്ഞി, വിവാദങ്ങളിൽ മുങ്ങിക്കുളിച്ചവൾ | കലഹിക്കുന്ന കങ്കണ | ഭാഗം 01

'ഒരു മനുഷ്യനെന്ന നിലയില്‍ അവള്‍ മാറിയിരുന്നു, ഒരു വ്യക്തിയെന്ന നിലയില്‍ അവള്‍ മാറിയിരുന്നു, ഗ്യാങ്സ്റ്ററിന് മുന്‍പ് അവള്‍ വളരെയധികം സ്‌നേഹമയിയായിരുന്നു. എത്ര പെട്ടെന്നാണ് അവള്‍ മാറിയത്.'  ആദ്യചിത്രത്തിനുശേഷം കങ്കണയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ആദിത്യ സംസാരിച്ചത് ഇപ്രകാരമാണ്. കങ്കണയുടെ കുടുംബത്തെ പിടിച്ചുലച്ച സംഭവം ഉണ്ടാകുന്നത് അതിനിടയിലാണ്. കങ്കണയുടെ സഹോദരി രംഗോലിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായി. രംഗോലിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നതിനിടയിലായിരുന്നു സംഭവം. ദെഹ്‌റാദൂണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ആസിഡ് ആക്രമണമായിരുന്നു അതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്ത് കങ്കണയുടെ കുടുംബത്തിന് താങ്ങും തണലുമായത് ആദിത്യ പഞ്ചോളിയാണ്. ആക്രമണം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്യിപ്പിക്കാനും രംഗോലിയുടെ ചികിത്സയ്ക്കാവശ്യമായ പണം മുടക്കാനും അദ്ദേഹം മുന്നില്‍ നിന്നു. 

ഗ്യാങ്സ്റ്ററിന്റെ വിജയം കങ്കണയെ താരമാക്കി, ആദിത്യക്ക് പുറമേ ബിടൗണില്‍ അവള്‍ക്ക് ബന്ധങ്ങളായി. പഞ്ചോളിക്കത് അംഗീകരിക്കാൻ ആവുന്നുണ്ടായിരുന്നില്ല, ഇരുവരും തമ്മിലുളള സ്വരച്ചേര്‍ച്ചയില്ലായ്മ വന്‍വഴക്കിലേക്കെത്തി. മാധ്യമങ്ങളില്‍  വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഷക്കലക്ക ബൂം ബൂം ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയതോടെ പ്രശ്‌നം മൂര്‍ച്ഛിച്ചു.

കങ്കണ ഉറങ്ങിക്കിടക്കുമ്പോള്‍ അവളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയെന്നും അപ്പോഴാണ് കങ്കണയെ താന്‍ ആദ്യമായി മര്‍ദിക്കുന്നതെന്നും ആദിത്യ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഭയപ്പെടുത്തി അവളെ കൂടെ നിര്‍ത്താനായിരുന്നു പഞ്ചോളിയുടെ ശ്രമം. ആദിത്യ വരുന്നത് മനസ്സിലാക്കി ഒരിക്കല്‍ ജനലിലൂടെ പുറത്തുചാടി രക്ഷപ്പെട്ടതിനെ കുറിച്ചും തലയ്ക്ക് അടിയേറ്റ് രക്തം വന്നതും അപ്പോള്‍ സ്വന്തം ചെരിപ്പെടുത്ത് ആദിത്യയുടെ തലയ്ക്കടിച്ചതിനെ കുറിച്ചും മറ്റൊരിക്കല്‍ റിക്ഷയില്‍ സഞ്ചരിക്കവേ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ കുറിച്ചുമെല്ലാം പിന്നീട് കങ്കണ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. 

Kangana

ആദിത്യയുടെ പിടിയില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സറീന വഹാബിനെ കങ്കണ കണ്ടിരുന്നു. ആദിത്യയും കങ്കണയും തമ്മിലുളള പ്രണയബന്ധത്തെ കുറിച്ച് അറിഞ്ഞിരുന്ന സറീനയില്‍നിന്ന് പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല കങ്കണയ്ക്ക് ലഭിച്ചത്. ആദിത്യ മോശം വ്യക്തിയാണെന്ന് മനസ്സിലാക്കിയിരുന്നുവെങ്കില്‍ എന്തിനാണ് നാലര വര്‍ഷത്തോളം ആദിത്യക്കൊപ്പം കഴിഞ്ഞതെന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് സറീന വഹാബിന്റെ പ്രതികരണം. സറീന സഹായിച്ചില്ലെന്ന കങ്കണയുടെ ആരോപണത്തെയും അവര്‍ തളളിയിരുന്നു.

'എന്റെ ഭര്‍ത്താവിനെ ഡേറ്റ് ചെയ്യുന്ന ഒരു പെണ്‍കുട്ടി എങ്ങനെയാണ് അദ്ദേഹത്തില്‍ നിന്ന് വിടുതല്‍ തേടി എന്റെ അടുത്തേക്ക് വരുന്നത്. കങ്കണയെ ഇടയ്ക്ക്‌ ഞാന്‍ കണ്ടിട്ടുണ്ട്. അവളെ സഞ്ജയ് ലീല ബന്‍സാലിക്ക് പരിചയപ്പെടുത്തി കൊടു​ക്കണമെന്ന് ആദിത്യ ആവശ്യപ്പെട്ടിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ അവളെ ഞാന്‍ കൊണ്ടുപോയിട്ടുണ്ട്. മകളെ പോലെയാണ് കങ്കണയെ ഞാന്‍ കണ്ടിരുന്നതെന്ന അവളുടെ അവകാശവാദവും തെറ്റാണ്.'

പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ കങ്കണ മാറിത്താമസിച്ചിരുന്നു. പക്ഷേ, പിന്തുടരാന്‍ തന്നെയായിരുന്നു ആദിത്യയുടെ ശ്രമം. ഫോണിലൂടെ നിരന്തരം കങ്കണയെ വിളിക്കുന്നതും വഴക്കിടുന്നതും പതിവായി. 'അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു, വളരെ കാഠിന്യമേറിയ ഒരു സമയം. ഞാന്‍ അകപ്പെട്ടുപോയതുപോലെ എനിക്ക് തോന്നി. ആളുകള്‍ നിങ്ങളെ സഹായിക്കുമെന്ന് തോന്നും, എന്നാല്‍ സൗജന്യ ഭക്ഷണം എന്നൊന്നില്ല എന്നുളളതാണ് യാഥാര്‍ഥ്യം.' കങ്കണ ഒരിക്കല്‍ പറഞ്ഞു.

അത്തരമൊരു കോളിനെ തുടര്‍ന്നാണ് പഞ്ചോളി പ്രകോപിതനായി കങ്കണ സഞ്ചരിച്ചിരുന്ന ഓട്ടോ പിന്തുടരുന്നതും നടുറോഡില്‍ വെച്ച് കങ്കണയെ മര്‍ദിക്കുകയും ചെയ്യുന്നത്. അവിടെ വെച്ചാണ് കങ്കണ ആദ്യമായി പോലീസ് സഹായം തേടുന്നത്. അഡീഷണല്‍ കമ്മിഷണര്‍ ഓഫ് പോലീസ് ആയിരുന്ന ബിപിന്‍ ബിഹാരിയുടെ നിര്‍ദേശ പ്രകാരം വെര്‍സോവ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. തൊട്ടടുത്ത ദിവസം തന്നെ കങ്കണയ്‌ക്കെതിരേ പരാതിയുമായി ആദിത്യയും രംഗത്തെത്തി. ഇരുവരുടെയും പ്രണയവും പ്രണയത്തകര്‍ച്ചയും പ്രണയപ്രതികാരവും പരസ്പരമുളള സാമ്പത്തിക ഇടപാടുകളും മാധ്യമങ്ങള്‍ ആഘോഷിച്ചു. 

Aditya Pancholi
ആദിത്യ പഞ്ചോളിയും ഭാര്യ സറീന വഹാബും| Photo: PTI

കങ്കണ ആദിത്യക്കെതിരേ പരാതിയുമായി രംഗത്തെത്തിയതോടെ സറീന ആദിത്യയെ തിരികെ സ്വീകരിച്ചു. ഇത്രയേറെ വേദനകള്‍ സമ്മാനിച്ചിട്ടും ഇനിയുളള ഏഴു ജന്മങ്ങളില്‍ തന്റെ മാത്രം ഭാര്യയായിരിക്കണമെന്ന് പറയുന്ന സറീനയാണ് തന്റെ പിന്തുണയും കരുത്തുമെന്ന് ആദിത്യയും പ്രഖ്യാപിച്ചു. തന്റെ പ്രണയത്തെ നിഷേധിക്കാനും ആദിത്യ മിനക്കെട്ടില്ല.

''ഭാര്യാഭര്‍ത്താക്കന്മാരെ പോലെയായിരുന്നു ഞാനും കങ്കണയും കഴിഞ്ഞത്. യാരി റോഡില്‍ ഞങ്ങള്‍ക്കുവേണ്ടി ഒരു വീട് നിര്‍മിച്ചിരുന്നു. ഒരു സുഹൃത്തിന്റെ വീട്ടില്‍ ഞങ്ങള്‍ മൂന്നു വര്‍ഷം ഒരുമിച്ച് താമസിച്ചിരുന്നു. ഞാന്‍ അവള്‍ക്ക് ഒരുപാട് സിനിമകള്‍ കാണിച്ചു കൊടുക്കുമായിരുന്നു.അവള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പോലും എന്റേതായിരുന്നു. പ്രണയം മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന ഒന്നല്ല, അത് സംഭവിച്ചു പോകുന്നതാണ്. കങ്കണയെ കണ്ടതില്‍ പശ്ചാത്താപമില്ല. എനിക്ക് വേദനിച്ചു എന്നത് സത്യമാണ്. അവള്‍ എന്നോട് മാപ്പു ചോദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മാപ്പു നല്‍കും. അവള്‍ ഒരു നല്ല അഭിനേത്രിയാണ്. ദൈവം അവള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്, അതില്‍ അവള്‍ നന്ദിയുളളവളായിരിക്കണം. മറ്റുളളവരോട് സൗമ്യമായി പെരുമാറാന്‍ അവള്‍ ശീലക്കേണ്ടതുണ്ട്, അവളുടെ അഭിപ്രായത്തില്‍ ഈ ലോകം മുഴുവന്‍ അവള്‍ക്കെതിരേ അല്ലെങ്കില്‍ പ്രതിനായകനാണ്, അവള്‍ മാത്രം പാവവും.''

Content Highlights: Extraordinary life of Kangana Ranaut, Queen of her own life