ഹിമാചലിലെ മലഞ്ചെരുവില്‍നിന്ന് ആത്മവിശ്വാസത്തിന്റെ മാത്രം കരുത്തില്‍ ബോളിവുഡിലേക്ക് വണ്ടി കയറിയവള്‍. പിന്നീട് അപരിചിതമായിരുന്ന, കഴിവു തെളിയിച്ചിട്ടും കണ്ട ഭാവം പോലും കാണിക്കാന്‍ മടിച്ച ബോളിവുഡില്‍ കഠിനപ്രയത്‌നത്തിലൂടെ സ്വന്തം ഇരിപ്പിടം വലിച്ചിട്ടിരുന്ന പെണ്ണൊരുത്തി. ബോളിവുഡില്‍ സ്വജനപക്ഷപാതം ഉണ്ടെന്ന് അവസരം നഷ്ടപ്പെടുമോയെന്ന ഭയമേതുമില്ലാതെ വിളിച്ചുപറഞ്ഞവള്‍, ഫാഷനിലെയും ക്യൂനിലേയും അഭിനയം കൊണ്ട് കാണികളെ ത്രസിപ്പിച്ചു കങ്കണ റണാവത്ത്. കങ്കണയെന്ന താരത്തോടുളള ആരാധന അവരുടെ നിലപാടുകളോടും കൂടിയായിരുന്നുവെങ്കില്‍ ഇന്ന് താനെടുക്കുന്ന നിലപാടുകളിലൂടെ ഭൂരിപക്ഷത്തെയും വെറുപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ പദ്മ പുരസ്‌കാര ജേതാവ്. 

മൂത്ത പെണ്‍കുട്ടിക്ക് ശേഷം ഒരു ആണ്‍കുട്ടിയെ പ്രതീക്ഷിച്ച അമര്‍ദീപ്-ആശ ദമ്പതികളുടെ ജീവിതത്തിലേക്ക് അവരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് കങ്കണ പിറന്നു വീഴുന്നത്. കുടുംബത്തിലെ വിശേഷാവസരങ്ങളിലും വീട്ടില്‍ അതിഥികൾ എത്തുമ്പോഴുമെല്ലാം അവളൊരു 'അണ്‍വാണ്ടഡ് ചൈല്‍ഡ്'  ആയിരുന്നുവെന്ന കഥ കങ്കണയുടെ സാന്നിധ്യത്തില്‍ തന്നെ പിന്നീട് പല തവണ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. (പിന്നീട് ഇതേ അണ്‍വാണ്ടഡ് ഗേള്‍ ചൈല്‍ഡാണ് സ്വന്തം കുടുംബത്തിന്റെ താങ്ങും തണലുമായത്).

കങ്കണയ്ക്ക് ശേഷം മാതാപിതാക്കള്‍ ആഗ്രഹിച്ച പോലെ അവര്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്നു. അനിയന് തോക്കും തനിക്ക് പാവക്കുട്ടിയെയും വാങ്ങിത്തന്നതും തനിക്കുശേഷം അനിയന്‍ ജനിച്ചത് കങ്കണയുടെ ഭാഗ്യമാണെന്നും മാതാപിതാക്കളടക്കമുളളവര്‍ പറയുന്നതും കങ്കണയക്ക് ഉള്‍ക്കൊളളാനായിരുന്നില്ല. മകള്‍ ഒരു ഡോക്ടറാകണമെന്നും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം വിവാഹം കഴിപ്പിച്ചയക്കണമെന്നുമാണ് അവളുടെ മാതാപിതാക്കള്‍ സ്വപ്‌നം കണ്ടത്. അതുകൊണ്ടുതന്നെ കുസൃതിയും അനുസരണക്കേടുമായി നടന്നിരുന്ന കങ്കണയുടെ ഭാവിയെകുറിച്ച് അവര്‍ ആശങ്കാകുലരായിരുന്നു.

'നിങ്ങള്‍ നോക്കിക്കൊളളൂ ഞാനൊരു ദിവസം പ്രശസ്തയാകും' എന്നുപറഞ്ഞാണ് ഈ ആശങ്കളോടെല്ലാം കങ്കണ പ്രതികരിച്ചത്. അന്ന് കങ്കണയുടെ മനസ്സില്‍ അഭിനയമോഹം നാമ്പിട്ടില്ലിരുന്നെങ്കില്‍ പോലും. ഒരു പെണ്‍കുട്ടിയുടെ മേല്‍ കുടുംബം അടിച്ചേല്‍പ്പിക്കുന്ന സുരക്ഷിതത്വത്തിന്റെയും അച്ചടക്കത്തിന്റെയും പേരിലുളള ചങ്ങലപ്പൂട്ടുകളിലാണ് കങ്കണയും വളര്‍ന്നത്. പ്രതിഷേധിച്ചു കൊണ്ടുതന്നെ അവള്‍ മുന്നോട്ടുപോയി. പതിനഞ്ചാം വയസ്സില്‍ തന്നെ തല്ലിയ പിതാവിനെ നോക്കി ഇനിയെന്നെ തല്ലുകയാണെങ്കിൽ ഞാനും തിരിച്ചടിക്കുമെന്ന് പറഞ്ഞിട്ടുണ്ട് കങ്കണ. വളരുന്തോറും യാഥാസ്ഥിതിക ജീവിതത്തോടു കലഹിച്ചുകൊണ്ട് കങ്കണയിലെ വിപ്ലവകാരിയും ഒപ്പം വളര്‍ന്നു. 

പഠനം തുടരുന്നതിന് വേണ്ടിയാണ്  ഹിമാചലില്‍നിന്ന് ചണ്ഡീഗഢിലേക്ക് കങ്കണ പോകുന്നത്. അതുവരെ ലിപ്സ്റ്റിക് കണ്ടിട്ടു പോലുമില്ലാത്ത കങ്കണ നഗരജീവിതം അറിയുന്നത് അപ്പോഴാണ്. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന, ഇഷ്ടമുളള വസ്ത്രം ധരിക്കുന്ന, വാര്‍ഡന്റെ അനുവാദമില്ലാതെ പുകവലിക്കുന്ന ആ പെണ്‍കുട്ടികളെ നോക്കി ഇതാണ് എന്റെ ജീവിതത്തിലും ഞാന്‍ ആഗ്രഹിക്കുന്നതെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കങ്കണ ഒരിക്കല്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി. ഒരു പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാം എന്ന് മനസ്സിലാക്കുന്നത് കങ്കണ അവിടെ നിന്നാണ്. തനിക്കിഷ്ടമുളളതെല്ലാം കങ്കണ ചെയ്തു തുടങ്ങുന്നത് അവിടെ നിന്നാണ്. അപകടം പിടിച്ച വഴിയിലൂടെ തനിച്ച് പുലര്‍ച്ചെ മൂന്നു മണിക്ക് ഇറങ്ങി നടന്നിട്ടുണ്ടവള്‍, ഒരു പക്ഷേ താനെന്താണ് ചെയ്യുന്നതെന്ന് പൂര്‍ണമായി തനിക്കന്ന് മനസ്സിലായിരുന്നില്ലെന്നും മാതാപിതാക്കളോടുളള വിദ്വേഷം കൊണ്ടായിരിക്കാം അന്നങ്ങനെ ചെയ്തതെന്നും കങ്കണ ഓര്‍ക്കുന്നുണ്ട്. 

സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിറകേയാണ് 2003-ല്‍ ആയുര്‍ 'ഫേസ് ഓഫ് ദ ഇയറി'ല്‍ കങ്കണ മത്സരാര്‍ഥിയാകുന്നത്. പഞ്ചാബില്‍നിന്നും ഹിമാചലില്‍നിന്നും 19 മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത്. തന്റെ ചുരുണ്ടമുടിയുമായി അക്കൂട്ടത്തിലും വേറിട്ടു നിന്നു അവള്‍. ഫസ്റ്റ് റണ്ണറപ്പായതോടെ തനിക്ക് പറഞ്ഞിരിക്കുന്നത് മെഡിക്കല്‍ ഫീല്‍ഡല്ലെന്ന് കങ്കണയ്ക്ക് തോന്നി. സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കാന്‍ അവള്‍ ഡല്‍ഹിക്ക് തിരിച്ചു. വീട്ടുകാര്‍ക്ക് ഒട്ടും ഉള്‍ക്കൊളളാനാവുന്നതായിരുന്നില്ല കങ്കണയുടെ തീരുമാനങ്ങള്‍. രജ്പുത് കുടുംബത്തിലെ പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി ഒരു ഭ്രാന്തായി നാടും വീടും വിട്ടുവെന്നായിരുന്നു അടക്കം പറച്ചിലും. ഇതിന്റെ പേരില്‍ അച്ഛന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഒരിക്കലും മാപ്പു തരില്ലെന്ന അമ്മയുടെ വാക്കുകളും അവളെ പിന്‍വിളിച്ചില്ല. 

Kangana

സൗന്ദര്യമത്സരത്തില്‍ വിജയിച്ച ആത്മവിശ്വാസത്തില്‍ ഡല്‍ഹിയിലെത്തിയ കങ്കണ എലൈറ്റ് പരസ്യ ഏജന്‍സിക്കായി ജോലി ചെയ്തു തുടങ്ങി. കങ്കണയുടെ പ്രത്യേകഭംഗി പരസ്യക്കമ്പനിക്ക് ഇഷ്ടപ്പെട്ടെങ്കിലും, അവരുടെ പരസ്യചിത്രങ്ങളില്‍ അവള്‍ ഭാഗമായെങ്കിലും സാമ്പത്തിക ഭദ്രതയില്ലാത്ത കങ്കണയ്ക്ക് ഡല്‍ഹിയില്‍ പിടിച്ചുനില്‍ക്കാന്‍ അത് മതിയാകുമായിരുന്നില്ല. അതിനിടയില്‍ പെയിന്റിങ് ഉള്‍പ്പടെ പല മേഖലകളിലും കങ്കണ ഒരു കൈ പരീക്ഷിച്ചു. കടുത്ത ബുദ്ധിമുട്ടുകളിലൂടെ മുന്നോട്ടുപോകുന്നതിനിടയിലാണ് അരവിന്ദ് ഗൗറിന്റെ അഭിനയ വര്‍ക്ക്‌ഷോപ്പിനെ കുറിച്ച് സുഹൃത്ത് പറഞ്ഞ് കങ്കണ അറിയുന്നതും അതില്‍ ഭാഗമാകുന്നതും.

അരവിന്ദിന്റെ ശ്രദ്ധ തനിക്ക് ലഭിച്ചതോടെ കങ്കണയില്‍ ആത്മവിശ്വാസമുയര്‍ന്നു. അഭിനയിക്കാനറിയുമെന്ന്, അഭിനയത്തെ കുറിച്ച് കങ്കണ ആദ്യമായി ചിന്തിച്ചു. അസ്മിത എന്ന നാടക അക്കാദമിയുടെ ഭാഗമായി മാറി. അരവിന്ദ് ഗൗര്‍ എന്ന ഗുരു കങ്കണയിലെ അഭിനേത്രിയെ വളര്‍ത്തിയെടുത്തു, പക്ഷേ, നാടകാഭിനയം ഒരു മുഴുനീള കരിയറായി തിരഞ്ഞെടുക്കുന്നത് വിഡ്ഢിത്തമാണെന്ന് സ്വന്തം ജീവിതാനുഭവത്തില്‍ കങ്കണയെ ഉപദേശിക്കുകയും ചെയ്തു. നാടകത്തില്‍ കങ്കണ ചെയ്ത കഥാപാത്രത്തിന് ലഭിച്ച അഭിനന്ദനങ്ങളുടെ ബലത്തില്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ച് കങ്കണ മുംബൈയിലേക്ക് വണ്ടി കയറി. സ്വപ്‌നങ്ങളുമായി മുംബൈയില്‍ വന്നിറങ്ങുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരുവളായി ചാന്‍സ് തേടി നിരന്തരം ഓഡീഷനുകളില്‍ പങ്കെടുത്തു. 

അനുരാഗ് ബസുവിന്റെ ചിത്രത്തിലേക്കുളള ഓഡീഷനില്‍ പരാജയപ്പെട്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട നായിക അവസാന നിമിഷം പിന്‍മാറിയതോടെയാണ് കങ്കണയുടെ ഭാഗ്യം തെളിയുന്നത്. ഷൂട്ടിങ്ങിനായി സിയോളിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ എങ്ങനെയൊക്കെയോ പാസ്‌പോര്‍ട്ടും സംഘടിപ്പിച്ച് കങ്കണ ആദ്യ സിനിമ ചെയ്തു, ഗ്യാങ്‌സറ്റര്‍. അതുവരെ ബോളിവുഡ് കണ്ടുശീലിച്ച സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഗ്യാങ്‌സ്റ്റര്‍ എന്ന സിനിമയും അതിലെ പതിനേഴുകാരി നായികയും, ആ നായിക അവതരിപ്പിച്ച ബാര്‍ ഡാന്‍സറായ സിമ്രനെന്ന കഥാപാത്രവും!!!

ചിത്രത്തിലെ പാട്ടുകള്‍ വന്‍ഹിറ്റായി, നിരൂപക പ്രശംസയേറ്റു വാങ്ങിയ ചിത്രം മികച്ച പുതുമുഖ നായികയ്ക്കുളള ഫിലിം ഫെയര്‍ പുരസ്‌കാരവും കങ്കണയ്ക്ക് നേടിക്കൊടുത്തു. പക്ഷേ, ബോളിവുഡിന്റെ റൂള്‍ ബുക്കില്‍നിന്ന് വിഭിന്നമായ സൗന്ദര്യമായിരുന്നു കങ്കണയെന്ന ചുരുണ്ട മുടിക്കാരിക്കുണ്ടായിരുന്നത്. കങ്കണയുടെ ഉച്ചാരണം പരിഹസിക്കപ്പെട്ടു. മികച്ച ക്രാഫ്റ്റ് കൈയിലുണ്ടായിരുന്നിട്ടും 'ഔട്ട്‌സൈഡര്‍' എന്ന പേരിട്ട് അവളെ പുറത്തു നിര്‍ത്തി. (മാധ്യമപ്രവര്‍ത്തക അനുപമ ചോപ്രയുടെ പറയും പോലെ ബോളിവുഡ് എ-ലിസ്റ്റ് നടിമാര്‍ക്കാര്‍ക്കും കങ്കണയുടേത് പോലുളള ചുരുണ്ട മുടിയില്ല. എല്ലാവരും മാധുരി ദീക്ഷിതിന്റേതുപോലെ സൗന്ദര്യമുളളവരായിരിക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നായിരുന്നു കങ്കണയുടെ പ്രതികരണം.)

Kangana

തകര്‍ന്ന, ദുര്‍ബലയായ, 'കുത്തഴിഞ്ഞ ജീവിതം' നയിക്കുന്ന സ്ത്രീകളുടെ വേഷങ്ങളാണ് പിന്നീട് കങ്കണയെ തേടി വന്നതെല്ലാം. ടൈപ്പ് ചെയ്യപ്പെടുകയും, നായികയായി തുടങ്ങിയെങ്കിലും സഹതാര വേഷങ്ങളുടെ വേഷങ്ങള്‍ മാത്രം ഓഫര്‍ ചെയ്യപ്പെടാനും തുടങ്ങിയതോടെ പല അവസരങ്ങളോടും കങ്കണ നോ പറഞ്ഞു. നിരാശയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങുന്ന കങ്കണയ്ക്ക് മുന്നിലേക്കാണ് മധുര്‍ഭണ്ഡാര്‍ക്കര്‍ ഫാഷന്‍ എന്ന ചിത്രത്തിന്റെ ഓഫര്‍ വെയ്ക്കുന്നത്. ഉളളില്‍ നുരഞ്ഞുപൊന്തിയ നിരാശയുടെ ഭാരത്തെ കഥാപാത്രത്തിലൂടെ കുടഞ്ഞുകളഞ്ഞു കങ്കണ, സിനിമ കണ്ടവര്‍ക്കാര്‍ക്കും ഒരു നിമിഷം പോലും കങ്കണ അഭിനയിക്കുകയാണെന്ന് തോന്നിയിരിക്കാനിടയില്ല.

പ്രശസ്തിയുടെ ഔന്നിത്യത്തില്‍ നില്‍ക്കുന്ന ലഹരിക്കടിമയായ സൂപ്പര്‍മോഡല്‍ ഷൊണാലി ഗുജ്‌റാളായി നിറഞ്ഞാടി അവര്‍. നായിക കഥാപാത്രങ്ങള്‍ക്ക് ബോളിവുഡ് കല്‍പിച്ചിരുന്ന സല്‍ഗുണ സമ്പന്ന പരിവേഷം തകര്‍ത്ത നടിമാരില്‍ ഒരാള്‍ കങ്കണയാണ്. സ്‌ക്രീനില്‍ മദ്യപിക്കുകയും പുകവലിക്കുകയും അസന്മാര്‍ഗികമെന്ന് കരുതുന്ന വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തു കങ്കണയുടെ കഥാപാത്രങ്ങള്‍. 'Gutsy Heroine' എന്ന ലേബല്‍ കങ്കണയ്ക്ക് മേല്‍ ചാര്‍ത്തപ്പെട്ടു. 

(തുടരും)